Sunday, 16 December 2012

സ്വപ്‌നങ്ങള്‍ പൂവണിയുമ്പോള്‍...

ഏറെ കാലങ്ങളായി കൊണ്ടു നടന്ന ഒരു സ്വപ്നം; അത് യാഥാര്‍ത്ഥ്യമാക്കാന്‍ രാപ്പകില്ലാതെ പ്രവര്‍ത്തിക്കുക - തടസ്സങ്ങളും സംഘര്‍ഷങ്ങളും നിരാശകളും നിറഞ്ഞു നിന്ന വഴികളിലൂടെ അവയെല്ലാം അതി ജീവിച്ച് സ്വപ്നം യാഥാര്‍ത്ഥ്യമാവുന്ന ആ സുന്ദര വേള, അതാണിപ്പോള്‍ ഞാന്‍ എന്‍റെ ചുറ്റിനും കാണുന്നത്.

ഇക്കഥയുടെ ഒരു പ്രധാന അദ്ധ്യായം തുടങ്ങുന്നത്  21 കൊല്ലങ്ങള്‍ക്ക് മുന്‍പ് ഒരു പാലക്കാടന്‍ ഗ്രാമത്തിലെ എഞ്ചിനിയറിങ്ങ് കോളേജിലെ ക്യാമ്പസ്സില്‍ നിന്നാണ്... സഹൃദരും കലാകാരന്മാരുമായ ഒരു പറ്റം കൂട്ടുകാരുടെ പ്രിയ വേദിയായ ക്യാമ്പസ് തിയറ്റര്‍ അവരെ ഒരു വലിയ കൂട്ടായ്മയിലേക്ക് കൈ പിടിച്ചു നടത്തി! കലാലയ ജീവിതം കഴിഞ്ഞ് ജീവിതയാത്രയില്‍ പലവഴിക്ക് പിരിഞ്ഞെങ്കിലും ഈ കൂട്ടുകാര്‍ എന്നും പരസ്പരം ബന്ധപ്പെട്ടിരുന്നു. അവരുടെ ദൃഢമായ സൌഹൃദത്തില്‍ നിന്നും ഒരു പുതിയ സംരംഭം ഉരുത്തിരിഞ്ഞു വരികയും ഉണ്ടായി.

മറ്റൊരദ്ധ്യായം കേരളത്തിന്‍റെ തെക്കേ അറ്റത്തും നടക്കുന്നു... ഏതൊരു കലാസ്നേഹിയെയും പോലെ സിനിമ എന്ന മായാലോകത്തെ സ്വപ്നം കണ്ട് ഒരു ചെറുപ്പക്കാരന്‍!; പരസ്യചിത്രങ്ങളുടെ വര്‍ണ്ണശബളമായ രംഗത്ത് നിറഞ്ഞു നില്‍ക്കുമ്പോഴും സിനിമ അയാളുടെ സ്വപ്നമായിരുന്നു...

വിധിയുടെ വിധാനം പോലെ ഈ രണ്ടു കൂട്ടരും ഒത്തുചേരുന്നു; പരിചയ സമ്പന്നനായ ഒരു നിര്‍മാതാവിന്‍റെ പിന്തുണ കൂടി കിട്ടിയപ്പോള്‍ ഈ കൂട്ടായ്മ ഒരു സിനിമയുടെ പിന്നണിക്കാരായി... സിനിമ എന്ന മായികപ്രപഞ്ചത്തില്‍ അവര്‍ സധൈര്യം കാലെടുത്തു വെച്ചു - ഫലമോ, ഒരു നല്ല ചിത്രം മലയാളത്തില്‍ പിറന്നു.

അതെ, ചാപ്റ്റെര്സ് എന്ന സിനിമ മലയാളക്കരയിലെ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു പറ്റം ആള്‍ക്കാരുടെ ദിനരാത്രങ്ങളിലെ നിരന്തരമായ ശ്രമങ്ങള്‍ ഉണ്ട്! സിനിമ എന്ന പേരില്‍ എന്തെകിലും ചിലത് തട്ടിക്കൂട്ടി പ്രേക്ഷകരുടെ മുന്നിലേക്ക്‌ തള്ളി വിടുകയല്ല ഈ സിനിമയിലൂടെ ഇതിന്‍റെ പിന്നിലുള്ളവര്‍ ചെയ്തിരിക്കുന്നത്..വ്യതസ്തമായ രീതിയില്‍ ഒരു കഥ പറഞ്ഞിരിക്കുന്നു; അതില്‍ കുറെ ന്യൂനതകളും കണ്ടേക്കാം... ഇതൊരു പരിപൂര്‍ണ്ണമായ സിനിമയാണ് എന്നൊന്നും പറയാന്‍ പറ്റില്ല; ഒരു നിരൂപകന് ഇതില്‍ ഒരുപാട് കുറവുകളും കുറ്റങ്ങളും കണ്ടെത്താനായെക്കാം... എങ്കിലും ഒരു സാധാരണ സിനിമാ പ്രേക്ഷകന്‍റെ മനസ്സില്‍ ഇടം കണ്ടെത്താന്‍ ഈ സിനിമയ്ക്ക് കഴിയും എന്നതില്‍ ഒരു തര്‍ക്കമില്ല.

അതിലുമൊക്കെ ഉപരിയായി ഈ സിനിമയിലൂടെ നമുക്കു ലഭിക്കുന്ന സന്ദേശം ഏറെ പ്രധാനപ്പെട്ട താണ്. വ്യക്തമായ ലക്ഷ്യവും ആത്മവിശ്വാസവും ഉണ്ടെകില്‍ ഏതു ലക്ഷ്യവും അപ്രാപ്യമല്ല എന്ന സന്ദേശം! സാധാരണക്കാരന് ഒന്നെത്തി നോക്കാന്‍ പോലും പറ്റാത്ത ഒരു മേഖലയില്‍ ഇവര്‍ കാഴ്ച വെച്ച പ്രകടനത്തിന് അത് കൊണ്ട് തന്നെ പത്തരമാറ്റ് പൊന്നിന്‍റെ തിളക്കമുണ്ട്. സിനിമാ മേഖലയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന ചിലര്‍ക്കെങ്കിലും ഇവരുടെ കഥ പ്രചോദനം ആയിക്കൂടെന്നില്ല...

ഈ പോസ്റ്റ്‌ ഒരു വലിയ സംഭവമൊന്നുമല്ല എന്നറിയാം. എങ്കിലും ഈ പോസ്റ്റ്‌ ചാപ്റ്റെര്സിന്‍റെ എല്ലാ അണിയറ ശില്പികള്‍ക്കും, ക്യാമ്പസ് ഓക്സ് എന്ന കൂട്ടായ്മയ്ക്കും സമര്‍പ്പിക്കുന്നു... ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സ്വപ്നങ്ങള്‍ ഇടക്കെപ്പോഴോ എന്‍റെയും സ്വപ്‌നങ്ങളായി മാറി... അതുകൊണ്ടാവാം ഇന്നവരുടെ വിജയം എന്നിലും ആനന്ദത്തിന്‍റെ അലകള്‍ നിറയ്ക്കുന്നത്. എല്ലാ ഭാവുകങ്ങളും നേരുന്നു...

ഈ കൂട്ടുകാരെ കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹമുള്ളവര്‍ http://campusoaks.in സന്ദര്‍ശിക്കുക... 

Saturday, 15 December 2012

e-മഷി ലക്കം 4 - വിശകലനം


നിരൂപണം ഒരു കലയാണ്‌..; എനിക്കത് വലിയ വശമൊന്നുമില്ല. എങ്കിലും e-മഷിയെക്കുറിച്ച് ഒരു വിശകലനം വേണം എന്ന നിരന്തരമായ ആവശ്യം വന്നത് കൊണ്ട് മാത്രം അതിനു മുതിരുകയാണ്. ഇത് പൂര്‍ണ്ണമല്ലെങ്കില്‍, പക്വമല്ലെങ്കില്‍ ക്ഷമിക്കുക. ഈ കല ഞാന്‍ സ്വായത്തമാക്കി വരുന്നതേയുള്ളൂ...

ഇനി കാര്യത്തിലേക്ക് കടക്കാം...

ഓരോ ലക്കം പിന്നിടുമ്പോഴും e-മഷി കൂടുതല്‍ നന്നാവുകയാണ് എന്നതില്‍ തര്‍ക്കമില്ല. പ്രത്യേകിച്ചും ഇതിലെ രചനകള്‍ നമ്മുടെ ഇടയിലെ സാധാരണ ബ്ലോഗ്ഗര്‍മാരുടേതാണ് എന്ന യാഥാര്‍ത്ഥ്യം പരിഗണിക്കുമ്പോള്‍!.; ഇത് പറയാന്‍ കാരണം e-മഷിയിലെ  രചനകള്‍ സാഹിത്യലോകത്തെ പ്രഗത്ഭരായ വ്യക്തികള്‍ എഴുതിയവയല്ല; ഇവ എന്നെയും നിങ്ങളെയും പോലെ ബ്ലോഗിനെയും എഴുത്തിനേയും സ്നേഹിക്കുന്ന ഒരു പറ്റം സുഹൃത്തുക്കളുടെ രചനകളാണ്. ഇക്കാര്യം മനസ്സില്‍ വെച്ചുകൊണ്ട് തന്നെയാണ് ഈ വിലയിരുത്തല്‍...... എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... അപ്പോള്‍ തുടങ്ങട്ടെ?

എഡിറ്റോറിയലില്‍ വിവര സാങ്കേതിക വിദ്യയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് വായിച്ചപ്പോള്‍ അതിനെക്കുറിച്ച് എന്തെകിലും ഒരു ലേഖനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. അതുണ്ടായില്ല... എങ്കിലും പ്രസക്തമായ ഒരു വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ കഴിഞ്ഞുവെന്നു പറയാം.

കുമാരന്‍റെ 'new media new fans' എന്ന രചന ഒരേ പോലെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്... ആസ്ഥാന ബ്ലോഗ്ഗര്‍ എന്ന് സ്വയം വിശ്വസിക്കുന്ന ഒരാളുടെ ആശാഭംഗവും അയാള്‍ക്ക് കിട്ടുന്ന തിരിച്ചടിയും നന്നായി പറഞ്ഞിരിക്കുന്നു...ഇതില്‍ പറഞ്ഞ പോലെ കമന്റുകളും ലൈക്കുകളും കിട്ടാന്‍ വേണ്ടി ചിലര്‍ കാണിക്കുന്ന അഭ്യാസങ്ങളില്‍ പലതും ശരിയാണെന്ന് സമ്മതിക്കാതെ തരമില്ല...

ഷാജഹാന്‍ നന്മണ്ടയുടെ 'പ്രിയ നഗരത്തിലേക്കുള്ള യാത്ര'യിലെ പ്രമേയം നന്ന്. എന്നിരുന്നാലും വായനാസുഖം പലയിടത്തും നഷ്ടപ്പെട്ട പോലെ. നഗരത്തെ കുറിച്ചും ഭൂമിയെക്കുറിച്ചും വിവരിച്ചത് പലയിടത്തും  അനാവശ്യമായി തോന്നി. നാദിറിന്‍റെ കഥ എന്തിനു പറഞ്ഞു, അതില്‍ ഒരപൂര്‍ണ്ണത തോന്നി. ജസിന്ത എന്ന കഥാപാത്രം പെട്ടന്ന് എവിടെ നിന്ന് പ്രത്യക്ഷപ്പെട്ടു? 'നഗരത്തെ വീര്‍പ്പു മുട്ടല്‍ അനുഭവപ്പെടുത്തുമെങ്കിലും'  എന്നിങ്ങനെ പറയേണ്ട ആവശ്യമുണ്ടോ എന്നും തോന്നി. വളരെ നല്ല ഒരു കഥ ആവശ്യമില്ലാതെ വലിച്ചു നീട്ടിയ പോലെയൊരു തോന്നല്‍ ഉളവാക്കി. അക്ഷരത്തെറ്റുകള്‍ ഒന്നും കണ്ടില്ല എന്നത് വളരെ ശ്രദ്ധേയമായി. നല്ല കഥകള്‍ പറയാന്‍ കഴിവുള്ള ഒരെഴുത്തുകാരന്‍ തന്നെയാണ് എന്ന് പറയേണ്ടിരിക്കുന്നു.

അനിതാ കാപ്പാടന്‍ ഗോവിന്ദന്റെ കഥ 'കാത്തിരുന്നൊരാള്‍' തികച്ചും പ്രതീക്ഷിക്കാത്ത ഒരു പ്രമേയമാണ് തുറന്നു തരുന്നത്. അത് അഭിനന്ദനീയം തന്നെ. എങ്കിലും ആ കഥ എവിടെയും എത്താതെ നിറുത്തിയപ്പോള്‍ ഈ കഥ പറഞ്ഞതെന്തിന് എന്നൊരു ചോദ്യം ഉള്ളില്‍ നിന്നും വന്നു. തുടക്കം വളരെ നന്നായി, പിന്നെ കഥ അവസാനിപ്പിക്കാന്‍ ധൃതിയായിട്ട് അതിനെ എങ്ങിനെയെങ്കിലും അവസാനിപ്പിച്ചിരിക്കുകയാണ് എഴുത്തുകാരി. അത് ആസ്വാദനത്തേയും ബാധിച്ചു.

സജിത രമണന്‍റെ 'മടക്കയാത്ര' വായിച്ചപ്പോള്‍ ഒരു അത്യന്താധുനിക പെയിന്റിംഗ് കണ്ട പോലെയാണ് തോന്നിയത്. ആശാനെക്കുറിച്ചു കഥാകാരിക്ക് ഒന്നും അറിയില്ല എന്ന തോന്നലാണ് ആദ്യം ഉണ്ടായത്. പക്ഷെ, ആശാന്‍റെ മനോവികാരങ്ങള്‍ പലയിടത്തും വിശദീകരിച്ചിരിക്കുന്നു... എന്തൊക്കെയോ പറയണമെന്നുണ്ട്, പക്ഷെ ചിന്തകള്‍ അവിടവിടെയായി  ചിതറിപ്പോയിരിക്കുന്നു. സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെ തുറന്നു കാണിക്കാന്‍ ആശാന്‍ ഒരുപാധിയാകും എന്ന് കരുതിയെങ്കിലും അതുണ്ടായില്ല..വായിച്ചു തീര്‍ന്നപ്പോള്‍ കൂടുതല്‍ ആശയക്കുഴപ്പമായി. ചിലയിടങ്ങളില്‍ അക്ഷരത്തെറ്റുകളും കാണുകയുണ്ടായി. ആശാന്‍റെ വ്യക്തമായ ചിത്രം മാത്രം വായനക്കാരില്‍ ശേഷിക്കുന്നു...

ഫാഇസ് കിഴക്കേതിലിന്‍റെ 'എന്‍റെ വിരുന്നുകാരന്‍' എന്ന കവിത നഷ്ട പ്രണയത്തെ കുറിച്ച് പറയുന്നു. കേട്ടു പഴകിച്ച ഈ പ്രമേയത്തില്‍ നിന്ന് വായനക്കാരന് കൂടുതലൊന്നും കിട്ടിയില്ലെങ്കില്‍ അത്ഭുതമൊന്നുമില്ല... വ്യര്‍ഥമായ കാത്തിരിപ്പിന്‍റെ ലാഞ്ഛന അതില്‍ കണ്ടു.

ശ്രീനന്ദന്‍റെ 'ഓര്‍മ്മപ്പൂക്കള്‍' വീണ്ടും പ്രണയത്തെക്കുറിച്ച് തന്നെയാണ് പ്രതിപാദിക്കുന്നത്. കൌമാര പ്രണയവും നഷ്ടങ്ങളും, പുതു പ്രണയം നാമ്പിട്ടതുമെല്ലാമാണ് പ്രമേയം.  ഒരിക്കലും വാടാത്ത സൂര്യകാന്തിപ്പൂക്കള്‍ പോലെ ആദ്യ പ്രണയം മനസ്സില്‍ കൊഴിയാതെ നില്‍ക്കുമെങ്കിലും സഹധര്‍മിണിയാകുന്ന ചെമ്പനീര്‍പ്പൂ തന്നെയാണ് ജീവിതത്തിന് മാറ്റ് കൂട്ടുന്നത് എന്നൊരു ധ്വനി ഈ കഥയില്‍ കണ്ടു.

'ഭൂമി വിധിക്കുന്ന നേരം' എന്ന പ്രവീണ്‍ കാരോത്തിന്‍റെ കവിത ഒരു ഗദ്യ കാവ്യം ആണെന്ന് വേണം പറയാന്‍!; വിതയ്ക്കുന്നതേ കൊയ്യൂ എന്ന സന്ദേശം പകരുന്ന ഈ കവിത ഇന്ന് വ്യാപകമായി നടക്കുന്ന ചൂഷണങ്ങളെക്കുറിച്ച് പറയുന്നു. ചുറ്റും നടക്കുന്ന ഒരു വിധം എല്ലാ തിന്മകളെയും തുറന്നു കാണിക്കുന്ന ഈ കാവ്യം സമൂഹത്തിന്‍റെ നേരെ കാണിക്കുന്ന ഒരു കണ്ണാടിയാണ്.

മുഹമ്മദ്‌ സാലിഹ് രചിച്ച 'മരണ സര്‍ട്ടിഫിക്കറ്റ്' വ്യത്യസ്തമായ ഒരു കഥയാണ്. എങ്കിലും ദുരന്തത്തില്‍ അവസാനിച്ച ഈ കഥ വായിച്ചു കഴിയുമ്പോള്‍ നഷ്ടങ്ങളും കോട്ടങ്ങളും മാത്രമാണോ ജീവിതം എന്ന് ചോദിച്ചു പോകുന്നു... ക്ഷണികമായ ഈ ജീവിതത്തില്‍ പലതിനു വേണ്ടിയുമുള്ള നെട്ടോട്ടത്തില്‍ നമുക്ക് നഷ്ടമാവുന്നത് നമ്മെ തന്നെയാണെന്ന് ഓരോര്മ്മിപ്പിക്കല്‍ കൂടിയാണ് ഈ കഥ എന്നും പറയാം.

'മലാല യുസുഫ് സായി' എന്ന ലേഖനത്തിലൂടെ മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ ലോക ജനതയുടെ മുഴുവന്‍ കണ്ണിലുണ്ണിയായി മാറിയ മലാലയെ കൂടുതല്‍ പരിചയപ്പെടുത്തുന്നു. ലോകത്ത് നടക്കുന്ന ഭീകര പ്രവര്‍ത്തങ്ങളില്‍ നിന്നും പിഞ്ചു കുട്ടികള്‍ക്ക് പോലും രക്ഷയില്ലെന്ന നഗ്ന സത്യം നാം കൂടുതല്‍ ശക്തമായി തിരിച്ചറിയുന്നു...

ഷിറാസ് കാദറിന്‍റെ മൂന്ന് കവിതകള്‍ - നിനവ്, കനവ്,  അറിവ് - പതിവ് രീതിയില്‍ അല്ലാതെ ഒരു വ്യത്യസ്ത രീതിയില്‍ പറയുന്നതും പ്രണയത്തെ ക്കുറിച്ചും പ്രണയിനിയെക്കുറിച്ചുമാണ്... നീട്ടി വലിച്ചെഴുതാതെ ചുരുങ്ങിയ വരികളില്‍ ഒതുക്കി എന്നതാണ് ഇവയുടെ പ്രത്യേകത.

ഡോ. അബ്സാര്‍ മുഹമ്മദിന്‍റെ ആരോഗ്യ പംക്തി എന്നത്തെയും പോലെ വിജ്ഞാനപ്രദമാണ്. ആയുര്‍വേദത്തിലും കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ക്ക് പ്രതിവിധി ഉണ്ടെന്ന അറിവ് പലര്‍ക്കും പുതുമയാകും...

രാജേഷ് ചന്നാറിന്‍റെ 'ഒറ്റ മരം' വിഷയത്തിന്‍റെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. നാം പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയും ഇതിലൂടെ കാണാം...

ജോമി അബ്രഹാമിന്‍റെ 'ക്ഷീരം' എന്ന ലേഖനം കര്‍ഷകന്‍റെ ലോകം എന്ന വിഭാഗത്തിലാണ്. കാലി വളര്‍ത്തലിനെക്കുറിച്ച് വളരെ വിശദമായി പറഞ്ഞ ഈ ലേഖനം പാലുല്പാദന-വിതരണങ്ങളെക്കുറിച്ച് അധികം പ്രതിപാദിച്ചു കണ്ടില്ല. അവിടവിടെയായി കുറച്ചു അക്ഷരപ്പിശകുകളും ഈ ലേഖനത്തില്‍ കണ്ടു.

എന്‍റെ കവിത എന്ന തലക്കെട്ടില്‍ മാത്യൂസ് ഡേവിഡ്‌ എഴുതിയ കവിത സത്യത്തില്‍ എന്തിനെക്കുറിച്ചാണ് എന്ന് മനസ്സിലായില്ല. അതിലെ പല പ്രയോഗങ്ങളും പരസ്പര വിരുദ്ധങ്ങളും അര്‍ത്ഥശൂന്യവുമായി തോന്നി - പ്രത്യേകിച്ചും 'എന്‍റെ ബീജങ്ങളുടെ പൂര്‍വരോധനം
പലിശപടികാരന്‍റെ പേനത്തുമ്പിലും
നദികളൊക്കെ വരണ്ടു പോകട്ടെ
പ്രളയമിങ്ങനെ കവിഞ്ഞു പോരട്ടെ' എന്നീ വരികള്‍!....!; അക്ഷരത്തെറ്റുകളും കടന്നു കൂടിയിരിക്കുന്നു.

പ്രവീണ്‍ ശേഖറിന്‍റെ ചലിക്കുന്ന ചിത്രങ്ങള്‍ പ്രശസ്ത കഥ 'ബ്ലാക്ക് ബ്യൂട്ടി'യെ ആസ്പദമാക്കി എടുത്ത സിനിമയെക്കുറിച്ചാണ്. ഇതില്‍ സിനിമയുടെ കഥയും ചില സന്ദര്‍ഭങ്ങളെയും കുറിച്ച് പറഞ്ഞതൊഴിച്ചാല്‍ സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് ലേഖകന്‍ കാര്യമായൊന്നും പ്രതിപാദിച്ചു കണ്ടില്ല. സിനിമയെകുറിച്ചാണോ നോവലിനെ കുറിച്ചാണോ പറയുന്നത് എന്ന് ഒരു സന്ദര്‍ഭത്തില്‍ സംശയവും തോന്നി! ഈ കഥയുടെ പ്രത്യേകത മൂലമാവാം അത്!

അങ്ങിനെ ആകെ മൊത്തം എടുത്താല്‍ വലിയ തരക്കേടില്ലാത്ത രചനകളാണ് e-മഷിയില്‍.; പ്രമേയങ്ങള്‍ വ്യത്യസ്തമായാല്‍ നന്ന് എന്നൊരു അഭിപ്രായം ഉണ്ട്. വെറും പ്രണയവും, നഷ്ടസ്വപ്നങ്ങളും മാത്രമല്ലാത്ത ചില വിഷയങ്ങളും ഉള്‍ക്കൊള്ളിച്ചാല്‍ നല്ലതെന്ന് തോന്നുന്നു.

ലേ ഔട്ടും ചിത്രങ്ങളും മൊത്തത്തില്‍ നന്നായിരിക്കുന്നു. മുന്‍ ലക്കങ്ങളെ അപേക്ഷിച്ച് അക്ഷരത്തെറ്റുകള്‍ വളരെ കുറവാണ് എന്നത് നല്ലൊരു ലക്ഷണമായി കരുതുന്നു. ചില സ്ഥിരം പംക്തികള്‍ - ബ്ലോഗ്‌ പരിചയം, പ്രശസ്തരായ എഴുത്തുകാരെ പരിചയപ്പെടുത്തുക, ടെക്നോളജി സംബന്ധിച്ച സംശയ നിവാരണം (ചോദ്യോത്തരങ്ങള്‍)) ; അല്ലെങ്കില്‍ ഒറ്റ പേജ് ലേഖനം), പുസ്തക പരിചയം, നല്ല മലയാളം തുടങ്ങിയവ ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ അറിവും വായനക്കാര്‍ക്ക് പകര്‍ന്നു കിട്ടും എന്ന ഒരു നിര്‍ദ്ദേശവും കൂടി എഡിറ്റോറിയല്‍ ബോര്‍ഡ്‌ മുന്‍പാകെ സമര്‍പ്പിക്കുന്നു...

PS: കഴിയുന്നത്ര നിഷ്പക്ഷമായി അവലോകനം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നിരിക്കിലും ഈ എഴുത്തില്‍ എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടെങ്കില്‍ അതെന്‍റെ അറിവില്ലായ്മയായി കരുതി ക്ഷമിക്കുമല്ലോ. എഴുത്തിനെ മാത്രമാണ് അവലോകനം ചെയ്യുന്നത്, എഴുത്തുകാരനെ/കാരിയെ അല്ല എന്ന് പ്രത്യേകം ഓര്‍ക്കുമല്ലോ! 

Thursday, 6 December 2012

സ്നേഹം

സ്നിഗ്ദ്ധമാം സ്നേഹത്തിന്‍ മണിവീണ മീട്ടിയെന്‍
ഹൃത്തില്‍ വന്നു നീ പുഞ്ചിരിപ്പൂ...
ആലോലമാം കൈകളാലെന്നെ തഴുകുമൊരു സാനുവിന്‍
മൃദു സപ്ര്‍ശമെന്ന പോലെ...

എന്‍ മനസ്സിന്‍ വീണക്കമ്പികളില്‍നിന്നുയര്‍--
ന്നൊരു ദേവഗാനത്തിന്‍ ശീലുകള്‍ ...
മരുഭൂമിയാം മനസ്സിന്‍ മണിമുറ്റത്തൂടൊഴുകി,
മരതകനിറമാര്‍ന്നൊരു നീരൊലി!

സ്നേഹമൊരു നിറമലരായെന്‍ മനസ്സില്‍ വിരിയവേ
വരണ്ടുപോയൊരെന്‍ ജീവനുമുണര്‍ന്നു;
അതുല്യ സ്നേഹത്തിന്‍ സുന്ദരനിമിഷങ്ങളി,ലെല്ലാം
മറന്നു നിന്‍ തണലില്‍ ഞാനിരുന്നു...

കാലമെന്‍ കരളില്‍ വരയ്ക്കും വരകള്‍, കൊഴിയും
പൂക്കളായ് മാറീടവേ; നിന്‍ സ്നേഹഗാനമെന്‍
പൂങ്കാവനത്തില്‍ നിറച്ചു നല്കുന്നിതായിരം വസന്ത-
ത്തിന്‍ നിറങ്ങളേന്തും പൂക്കാലത്തിന്‍ ഹേമഭംഗി!

ഒരു കൈത്തിരി നാളമായെന്‍ ജീവന്നു വെളിച്ചം
പകര്‍ന്നു നിന്‍ സ്നേഹമെന്നന്തികത്തു മേയവേ,
കൂരിരുള്‍ പടര്‍ത്തുമാ ഘോരാന്ധകാരമൊരു
പകലൊളിതന്‍ സ്പര്‍ശനത്താലെന്നപോലില്ലാതായ്....


ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ ഇമേജ്

Tuesday, 20 November 2012

എന്താ ആരും പറഞ്ഞ് മനസ്സിലാക്കി കൊടുക്കാത്തത്?

നവംബര്‍ ലക്കം e-മഷിയില്‍ ഉള്‍പെടുത്തിയിട്ടുള്ളതാണ് എന്‍റെ ഈ ലേഖനം. ഫേസ്ബുക്കിലെ  മലയാളം ബ്ലോഗേഴ്സ് കൂട്ടായ്മയുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ e-മഷി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പൊതുവേ പത്രം വായിക്കാന്‍ മടിയുള്ള പത്തുവസ്സുകാരന്‍ മകനെകൊണ്ട് അല്പം നിര്‍ബന്ധിച്ചു തന്നെ പത്രം വായിപ്പിയ്ക്കുകയായിരുന്നു... അപ്പോഴാണ്‌ കൂടംകുളത്തെ കുറിച്ചുള്ള ഒരു വാര്‍ത്ത അവന്‍ വായിക്കാനിടയായത്. അതെതാണ് എന്നവനു സംശയം. ('അച്ഛനുമമ്മയും നിര്‍ബന്ധിയ്ക്കുമ്പോള്‍ മാത്രമല്ല എന്നും പത്രം വായിക്കണം, എന്നാല്‍ മനസ്സിലായേനെ' എന്ന് തെല്ലൊരു നീരസത്തോടെ പറഞ്ഞ് ഞാന്‍ അവന് അതേ കുറിച്ച് പറഞ്ഞ് കൊടുക്കാന്‍ ശ്രമിച്ചു).

ഞങ്ങളുടെ സംസാരം ഏതാണ്ട് ഇങ്ങിനെയായിരുന്നു....

'അമ്മേ, എന്താ ഈ കൂടംകുളം?' 'അതൊരു സ്ഥലമാണ്'. 'കേരളത്തിലാണോ?' 'അല്ല കേരളത്തിനടുത്താണ്, തമിഴ്‌നാട്ടില്‍'. 'അവിടെ എന്താ പ്രശ്നം?' 'അവിടെ ഒരു ന്യൂക്ലിയര്‍ പവര്‍ പ്ലാന്‍റ് വരുന്നു. അത് അവിടത്തെ ആള്‍ക്കാര്‍ക്ക് സമ്മതമല്ല'.

'അതെന്താ കാരണം?' 'അത് സുരക്ഷിതമല്ല എന്നാണു അവര്‍ പറയുന്നത്' 'എന്താ കാരണം?' ഇത് കുറച്ച് സമയമെടുത്ത് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടി വരും എന്നെനിയ്ക്കു ഉറപ്പായി. എന്നാല്‍ പിന്നെ അങ്ങനെ തന്നെ എന്ന് കരുതി ഞാന്‍ തുടര്‍ന്നു:

'പറയാം, അതിനു മുന്‍പ്, ഇത് പറയൂ: നാം വൈദ്യുതി ഉണ്ടാക്കുന്നത് എന്തില്‍ നിന്നന്നാണെന്നറിയാമോ?' ഞാന്‍ ചോദിച്ചു. '

'വെള്ളത്തില്‍ നിന്ന്‌!!!' - ഇതൊക്കെ എത്രയോ മുന്‍പ് ഞാന്‍ മനസ്സിലാക്കിയ കാര്യമാണല്ലോ എന്ന മട്ടില്‍ അവന്‍ പറഞ്ഞു.

'വളരെ ശരിയാണ്, എന്നാല്‍ വെള്ളം മാത്രമല്ല വൈദ്യുതി ഉണ്ടാക്കാനുള്ള വഴി' എന്ന് ഞാന്‍...

'പിന്നെ?'

'ന്യൂക്ലിയര്‍ എനര്‍ജി എന്ന് കേട്ടിട്ടുണ്ടോ?'. ഉവ്വെന്ന മട്ടില്‍ അവന്‍ തല കുലുക്കി. 'എവിടെ കേട്ടിടുണ്ട്?' എവിടെയോ കേട്ടിട്ടുണ്ടെന്ന് അവന്‍ പറഞ്ഞപ്പോള്‍ ഇനിയെങ്ങിനെ കാര്യങ്ങള്‍ പറയണം എന്ന് ഒരു നിമിഷം ആലോചിച്ച് ഞാന്‍ തുടര്‍ന്നു:

'ആറ്റംബോംബ് എന്ന് കേട്ടിട്ടുണ്ടോ?' 'അയ്യോ, അതു ഭയങ്കര 'dangerous' അല്ലെ അമ്മേ?' എന്നായി അവന്‍!!

 'അതേ, പണ്ട് യുദ്ധത്തില്‍ അമേരിയ്ക്ക ജപ്പാനില്‍ ആറ്റംബോംബ് ഇടുകയുണ്ടായി; വളരെയേറെ പേര്‍ മരിക്കുകയും പലരും ഇപ്പോഴും അതിന്‍റെ ദുരിതങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു. അത് ന്യൂക്ലിയര്‍ എനര്‍ജിയുടെ ചീത്ത ഉപയോഗമാണ്. ന്യൂക്ലിയര്‍ എനര്‍ജി നല്ല കാര്യങ്ങള്‍ക്കും ഉപയോഗിയ്ക്കാം'.

'എങ്ങിനെ?'

'പ്രധാനമായും കറന്റുണ്ടാക്കാനാണ് അത് ഉപയോഗിയ്ക്കുന്നത്. അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളൊക്കെ ന്യുക്ലിയര്‍ പവര്‍ കൊണ്ടാണ് പല കാര്യങ്ങളും ചെയ്യുന്നത് - ലൈറ്റ് കത്തിക്കുക, ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിയ്ക്കുക, തുടങ്ങിയവ. പല രാജ്യങ്ങളിലും വെള്ളം ഉപയോഗിച്ച് കറന്റുണ്ടാക്കാന്‍ പറ്റാത്തതിനാല്‍ അവര്‍ തെര്‍മല്‍, ന്യൂക്ലിയര്‍, സോളാര്‍ പവര്‍ തുടങ്ങിയവയാണ് ഉപയോഗിയ്ക്കുന്നത്. നമ്മുടെ നാട്ടിലും അതുപയോഗിക്കുന്നു - പ്രത്യേകിച്ചും വെള്ളം കുറവുള്ള സ്ഥലങ്ങളില്‍ കരന്റ്ടുണ്ടാക്കാന്‍ ഈ വിദ്യ ഉപയോഗിക്കുന്നു.'

'പക്ഷേ, ന്യുക്ലിയര്‍ എനര്‍ജി ബോംബ് പോലെ എല്ലാവരെയും കൊല്ലില്ലേ? അപ്പോള്‍ എങ്ങിനെയാണ് അത് നല്ലതാവുക? അതില്‍ നിന്നും എനര്‍ജി കിട്ടുക?'

'ഹോ! കുഴക്കുന്ന ചോദ്യം തന്നെ' എന്ന് മനസ്സിലോര്‍ത്തു ഞാന്‍ തുടര്‍ന്നു: 'ന്യൂക്ലിയര്‍ എനര്‍ജി അങ്ങിനെ നിയന്ത്രണമില്ലാതെ ബോംബ് പോലെ എറിഞ്ഞു പൊട്ടിക്കുകയല്ല; ശരിയായ രീതിയില്‍ എല്ലാ കാര്യങ്ങളും നോക്കി, നിയന്ത്രിതമായ രീതിയിലാണ് എനര്‍ജി ഉണ്ടാക്കുക. വളരെ ശക്തിയുള്ളതാണ് ഈ വിദ്യ. ചൂടും മറ്റും നിയന്ത്രിയ്ക്കാനുള്ള സംവിധാനങ്ങളും മറ്റും ന്യൂക്ലിയര്‍ പ്ലാന്റുകളില്‍ ഉണ്ടാവും.  അല്ലാതെ തോന്നുന്ന പോലെയൊന്നും അത് ചെയ്യാന്‍ പറ്റില്ല'

'അപ്പൊ പിന്നെയെങ്ങിനെയാണ്' എന്നായി അവന്‍...

'അതിന്‍റെ രീതിയൊന്നും അമ്മയ്ക്കറിയില്ല; ചില ചിട്ടകളും മറ്റുമുണ്ട്. അത് ശാസ്ത്രജ്ഞന്‍മാര്‍ക്കേ അറിയൂ. അവരാണത് നോക്കുക.'

'ശരി, കൂടംകുളത്ത് എന്താ പ്രശ്നം?' അവന്‍ അക്ഷമനായിത്തുടങ്ങിയെന്നു തോന്നുന്നു....

'ഞാന്‍ പറഞ്ഞില്ലേ, അവിടത്തുകാര്‍ക്ക് ആ ന്യൂക്ലിയര്‍ പ്ലാന്‍റ് വരുന്നതിനോട് യോജിപ്പില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ കറന്റ് ഉണ്ടാക്കുന്നതിനു മുന്നോടിയായി ചില പരീക്ഷണങ്ങള്‍ നടത്തും. അതോടെ പതുക്കെ പതുക്കെ അവിടത്തെ പ്രവര്‍ത്തനമാരംഭിയ്ക്കുകയും ചെയ്യും. അതോടെ കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന തമിഴ്നാട്ടിലെ ആള്‍ക്കാര്‍ക്ക് ആശ്വാസം കിട്ടും എന്നാണു അധികൃതര്‍ പറയുന്നത്'

'അതിനെന്താ കുഴപ്പം?'

'ഈ പവര്‍ പ്ലാന്‍റ് സുരക്ഷിതമല്ലെന്നും എന്തെങ്കിലും പ്രശ്നം (ഭൂമികുലുക്കം, തീവ്രവാദി ആക്രമണം തുടങ്ങി) വന്നാല്‍, അതില്‍ നിന്നുള്ള അണുവികരണം അവിടുത്തെ ജനങ്ങളെ ദോഷമായി ബാധിയ്ക്കും എന്നാണു ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. കൂടാതെ, എന്തെങ്കിലും അപകടമുണ്ടായാല്‍ അവിടെയുള്ള ആയിരക്കണക്കിനാളുകളെ മാറ്റി പാര്‍പ്പിയ്ക്കാനും മറ്റും സജ്ജീകരണങ്ങള്‍ ഇല്ല എന്നും കേള്‍ക്കുന്നു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ് അവിടെ താമസിക്കുന്നത്. അവര്‍ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമാണിത്. പിന്നെ, കേരളത്തിന്‍റെ അടുത്തുള്ള സ്ഥലമായതിനാല്‍ നമുക്കും ചിലപ്പോള്‍ അതിന്‍റെ ദൂഷ്യ ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും എന്നും പറയുന്നുണ്ട്.'

(ഇത് കേട്ടപ്പോള്‍ ഭയത്തിന്‍റെ ഒരു ചെറു കണിക ആ കുഞ്ഞു കണ്ണുകളില്‍ കാണാനായോ?)

'അവിടെ ശരിയ്ക്കും അങ്ങനത്തെ പ്രശ്നങ്ങളുണ്ടോ അമ്മേ?' - മകന്‍റെ ചോദ്യത്തിലും ഒരാശങ്ക നിരഞ്ഞിരിയ്ക്കുന്നത് പോലെ തോന്നി...

'അതെനിയ്ക്കറിയില്ല കുട്ടാ; എ പി ജെ അബ്ദുള്‍കലാമിനെ പോലുള്ളവര്‍ പറയുന്നു ഒരാശങ്കയും വേണ്ട; ഈ പ്ലാന്‍റ് സുരക്ഷിതമാണ് എന്ന്'

'എന്നാല്‍ പിന്നെ എനിയ്ക്കും പേടിയില്ല അമ്മേ, ഡോ. കലാം പറഞ്ഞില്ലേ! അദ്ദേഹം വലിയ അറിവുള്ള ആളല്ലേ! ' മകന്‍റെ വാക്കുകളില്‍ ആശ്വാസത്തിന്‍റെ തിരയടികള്‍....

'അദ്ദേഹം റോക്കറ്റ് സയിന്റിസ്റ്റ് ആണെന്നും ന്യൂക്ലിയര്‍ സൈന്‍സിനെക്കുറിച്ച് ആധികാരികമായി പറയാന്‍ കഴിയില്ലെന്നും ചിലര്‍ പറയുന്നുണ്ട്'.

'അപ്പോള്‍ പിന്നെ ആരാ അതിനെക്കുറിച്ച് പറഞ്ഞു തരിക?' മകന്‍റെ സംശയം വീണ്ടും മുളപൊട്ടി...

'ശരിയ്ക്കും പറഞ്ഞാല്‍ ഗവണ്മെന്‍റ് ആണ് ഇതിന്‍റെ കാര്യങ്ങള്‍ പറയേണ്ടത്.  ഈ പവര്‍ പ്ലാന്റിന്റെ പണി തുടങ്ങിയപ്പോഴൊന്നും ആരും പ്രതിഷേധിച്ചിരുന്നില്ല. ഇപ്പോള്‍ ആള്‍ക്കാര്‍ക്ക് പല കാരണങ്ങള്‍ കൊണ്ടും ഇതിനോട് എതിര്‍പ്പാണ്. ജപ്പാനില്‍ ഭൂമികുലുക്കമുണ്ടായപ്പോള്‍ സുനാമി വന്ന്‍ ഫുകുഷിമയിലെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്‍റ് തകരാറില്‍ ആയതോടെയാണ് ഈ പ്രതിഷേധം ശക്തമായതത്രേ. എന്നാല്‍ ഇത്തരം പ്ലാന്‍റുകള്‍ അതീവ സുരക്ഷിതമാണ് എന്നാണു ഇതിനെ അനുകൂലിയ്ക്കുന്നവര്‍ പറയുന്നത്. അതിന്‍റെ ഉദാഹരണമായി അവര്‍ പറയുന്നത് മുംബെയിലെ താരാപുര്‍ അടൊമിക് പവര്‍ സ്റ്റേഷനാണ്. ആളുകള്‍ തിങ്ങി പാര്‍ക്കുന്ന അവിടെ ഒരു പവര്‍ പ്ലാന്‍റ് ആവാമെങ്കില്‍ താരതമ്യേന ആള്‍ത്താമസം കുറഞ്ഞ കൂടംകുളത്ത് എന്ത് കൊണ്ട് ആയിക്കൂടാ എന്നാണവരുടെ വാദം.'

 'എന്നാല്‍ പിന്നെ എന്താ ഗവണ്മെന്‍റ് ഒന്നും ആള്‍ക്കാര്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാത്തത്?'

ഈ ചോദ്യം കേട്ട ഞാന്‍ ഒരു നിമിഷം മൌനിയായി... എത്ര ലളിതമായ, അര്‍ത്ഥവത്തായ ചോദ്യം!!!! എന്തുത്തരം പറയുമെന്നറിയാതെ ഞാന്‍ ഇരുന്നു...

ഒടുവില്‍ പറഞ്ഞു: 'അതെനിയ്ക്കറിയില്ല, സാധാരണ ജനങ്ങളുടെ നന്മയ്ക്കും ജനങ്ങള്‍ക്കും വേണ്ടിയാണ് ഗവണ്മെന്റ് നില കൊള്ളേണ്ടത്‌. അവരുടെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുകയും ചെയ്യണം. പക്ഷേ ഇവിടെ അവര്‍ ജനങ്ങളെ ശത്രുക്കളെ പോലെയാണ് നേരിടുന്നത്. കാര്യങ്ങള്‍ ശരിയായ രീതിയില്‍ പറയാന്‍ ആരും ഇല്ല. അത് കൊണ്ട് തന്നെയാണ് ഈ പ്രശ്നം ഇത്ര വഷളായതും..'

അപ്പോഴേയ്ക്കും ഇളയ മകന്‍ രംഗത്തെത്തി; കൂടംകുളത്തെ കുറിച്ചുള്ള സംഭാഷണം അവിടെ നിന്നു. മകന്‍റെ ഉള്ളില്‍ ആശങ്കയാണോ, അറിവാണോ ഞാന്‍ പകര്‍ന്നു കൊടുത്തതെന്ന് ഒന്നാലോചിച്ച് ഞാനും എന്‍റെ പതിവു ജോലികളില്‍ മുഴുകി. എന്നാലും മനസ്സില്‍ അപ്പോഴും നിഷ്കളങ്കമായ ഒരു ചോദ്യം മുഴങ്ങിക്കൊണ്ടേയിരുന്നു - 'എന്താ ആരും പറഞ്ഞു മനസ്സിലാക്കി കൊടുക്കാത്തത്' എന്ന കാമ്പുള്ള ചോദ്യം!!!

Saturday, 20 October 2012

മയില്‍പ്പീലി


മനസ്സിന്‍ മച്ചകത്തു നിന്നു ഞാനൊരു മഴവില്‍
വര്‍ണ്ണമേന്തും കുഞ്ഞു  മയില്‍പ്പീലി തിരഞ്ഞെടുത്തു
സപ്ത വര്‍ണ്ണമേന്തുമാ പീലിയിലെന്‍ ജീവന്‍റെ
സുന്ദരവര്‍ണ്ണങ്ങള്‍ മിന്നിത്തെളിഞ്ഞു നില്പൂ...

സ്നേഹത്തിന്‍ കടുംനീലയില്‍ ഞാന്‍ കുളിര്‍ന്നു
നില്‍ക്കെ, ഹരിതാഭമാം കൈയ്യാലെന്നെ തഴുകും
പ്രകൃതിയാമമ്മ പോല്‍, ആനന്ദത്തിന്‍ പൊന്‍ നിഴല്‍--
ത്തൂകികൊണ്ടതാ സുവര്‍ണ്ണവും പുഞ്ചിരിപ്പൂ...

മയില്‍‌പ്പീലിക്കണ്ണില്‍ കാണാവതായ് ഇതുവരെ-
യറിയാത്തൊരു വികാരവായ്പ്പിന്‍ തിളക്കം;
സ്വയമറിയാതെ ഞാനൊരു മയൂരമായ് മാറി-
യോരാനന്ദ നൃത്തത്തിന്‍ ചുവടു വെച്ചിടുന്നു...

ചിത്രത്തിനു  കടപ്പാട് - ഗൂഗിള്‍  ഇമേജ്

Wednesday, 17 October 2012

ഒരു മരണം ഉയര്‍ത്തിയ ചോദ്യങ്ങള്‍!


'മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഋജുമതിയാവലാണെന്നും 18 വയസ് തികയേണ്ടതില്ലെന്നും 2012 മെയ് മാസം ഡല്‍ഹി ഹൈക്കോടതി വിധി പ്രസ്താവിച്ചു. ശുമൈല(15 വയസ്) എന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തെ സംബന്ധിച്ചുള്ള കേസില്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് രവീന്ദ്രഭട്ട്, ജസ്റ്റിസ് എസ്.പി.ഗാഗ് എന്നിവരാണ് സുപ്രധാനമായ ഈ വിധി പുറപ്പെട്ടുവിച്ചത്.

18 വയസ് തികയാതെ വിവാഹം കഴിക്കുന്നതും കഴിച്ചുകൊടുക്കുന്നതും ക്രിമനല്‍ കുറ്റമായി കണക്കാക്കി പ്രൊസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയരാവുന്ന അവസ്ഥക്കാണറുതിവരുന്നത്. മഹല്ല് കമ്മിറ്റികള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ ഋജുമതിയായ പെണ്‍കുട്ടികളുടെ വിവാഹത്തിന് ഇനി പ്രയാസമില്ല. ഖതീബ്, മാതാപിതാക്കള്‍, സാക്ഷികള്‍ ഇവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവില്ല. ഇപ്പോള്‍ വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് ഡല്‍ഹി കോടതി വിധി ആശ്വാസകരമാവും.'


അബസ്വരങ്ങള്‍  എന്ന ബ്ലോഗിലൂടെ പലര്‍ക്കും പരിചിതനായ സഹബ്ലോഗ്ഗര്‍ അബ്സാര്‍ മുഹമ്മദ്‌ ഫേസ് ബുക്കിലെ മലയാളം ബ്ലോഗേഴ്സ്  കൂട്ടായ്മയില്‍ ഒരു കമന്റിനു മറുപടിയായി എഴുതിയതാണ് മുകളില്‍ കണ്ട വാക്കുകള്‍!!! അതില്‍ തെറ്റൊന്നുമില്ലായിരിയ്ക്കാം; പക്ഷേ അതെന്നെ ചിന്തിപ്പിച്ചു: പെണ്‍കുട്ടികളെ ഇളം പ്രായത്തില്‍ വിവാഹം കഴിച്ചു കൊടുക്കുന്നതിനെതിരെ അവബോധങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുന്ന ഈ കാലത്ത് (ഹരിയാനയിലെ വിവാദപരമായ പരാമര്‍ശങ്ങള്‍ ഇവിടെ തത്കാലം പരിഗണിയ്ക്കുന്നില്ല; വിഷയം മാറിപ്പോകുമെന്ന് തോന്നുന്നത് കൊണ്ട് മാത്രം) എന്തു കൊണ്ട് ഒരു പ്രത്യേക സമുദായത്തിലെ പെണ്‍കുട്ടികളെ മാത്രം വേര്‍തിരിച്ചു നിര്‍ത്തുന്നു? 

പെണ്‍കുട്ടികളുടെ വിവാഹപ്രായം നിയമപരമായി 18 ആണെങ്കിലും ഒരു 20-21 വയസ്സെങ്കിലും ആവാതെ അവരെ വിവാഹം കഴിപ്പിയ്ക്കരുതെന്ന പക്ഷക്കാരിയാണ് ഞാന്‍...!!...; വേറൊന്നും കൊണ്ടല്ല, സാമാന്യ വിദ്യാഭ്യാസം, ശാരീരികവും മാനസികവുമായ പക്വത, ജീവിതത്തെക്കുറിച്ച് ഒരു ധാരണ, എന്നിങ്ങനെ കുറെയേറെ കാര്യങ്ങള്‍ ഒരു 18-കാരിയെക്കാള്‍ ഒരു 21-കാരിയ്ക്കുണ്ടാവും. എന്തുകൊണ്ടും ഒരു വിവാഹജീവിതത്തെ കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാന്‍ അവള്‍ക്കാവും കഴിയുക!

ഈ അടുത്ത കാലങ്ങളില്‍, ചെറിയ പ്രായത്തില്‍ കുട്ടികളെ വിവാഹം കഴിപ്പിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിയ്ക്കാന്‍ ടിവിയിലും മറ്റും പല സ്കിറ്റുകളും സംപ്രേക്ഷണം ചെയ്തിരുന്നു... അതില്‍ പറഞ്ഞത് ചെറു പ്രായത്തില്‍ അമ്മയാകുന്ന സ്ത്രീകള്‍ക്കും  (പെണ്‍കുട്ടികള്‍ എന്ന് പറയുകയാവും ശരി) അവരുടെ കുട്ടികള്‍ക്കും പല ശാരീരിക പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ് എന്നാണ്. (ഞാന്‍ ഒരു മെഡിക്കല്‍ പ്രൊഫഷണല്‍ അല്ലാത്തതിനാല്‍ ഇതിന്‍റെ ആധികാരികതയെക്കുറിച്ച് ഉറപ്പ് പറയാന്‍ പറ്റില്ല. എങ്കിലും,) സാമാന്യ ബുദ്ധികൊണ്ടാലോചിച്ചാല്‍ അത് ശരിയാണെന്ന് തന്നെ വേണം കരുതാന്‍.......!

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെന്നിരിയ്ക്കെ, മുകളില്‍ കൊടുത്തിട്ടുള്ള കോടതി വിധി എത്ര പരിതാപകരമാണ്? നിങ്ങള്‍ ഒരു പ്രത്യേക സമുദായത്തില്‍ ജനിച്ചത്‌ കൊണ്ട് നിങ്ങളുടെ ജീവനും സ്വാതന്ത്ര്യത്തിനും ഇത്രയൊക്കെയേ വിലയുള്ളൂ എന്ന് പറയാതെ പറയുകയല്ലേ ആ വരികള്‍!!! ചെയ്യുന്നത്? അഥവാ അങ്ങിനെ ഒരു സംശയം ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റുണ്ടോ?

കൂട്ടത്തില്‍ പറയട്ടെ, മുകളിലെ കമന്റിനു ആധാരമായ വാര്‍ത്തയും ഏറെ ഖേദകരമായതാണ് - പ്ലസ്‌ ടൂ-വിന് പഠിയ്ക്കുന്ന കുട്ടി തന്‍റെ വിവാഹത്തിനു സ്കൂളിലുള്ളവരെ ക്ഷണിയ്ക്കാന്‍ പോയ അവസരത്തില്‍ സ്കൂള്‍ ബസിടിച്ച് മരിയ്ക്കുകയായിരുന്നുവത്രേ! അതേക്കുറിച്ച് അബ്സാര്‍ എഴുതിയപ്പോഴാണ് അറിഞ്ഞത്:

'വളാഞ്ചേരിക്ക് അടുത്ത മാവണ്ടിയൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി റാഷിദ അവളുടെ വിവാഹത്തിനു കൂട്ടുകാരെ വിളിക്കാന്‍ സ്കൂളിലേക്ക് വന്നപ്പോള്‍ പുറകിലേക്ക് എടുത്ത സ്കൂള്‍ ബസ് ഇടിച്ചു മരിച്ചു.....

വിവാഹ സ്വപ്നങ്ങളിലേക്ക് കൂട്ടുകാരെ ക്ഷണിക്കാന്‍ വന്നപ്പോള്‍ അത് തന്റെ മരണത്തിലേക്ക് ഉള്ള ക്ഷണം ആയിരിക്കും എന്ന് ആ പാവം അറിഞ്ഞിരിക്കില്ലല്ലോ...

അശ്രദ്ധയുടെ മറ്റൊരു ഇരകൂടി...

അവളുടെ ചലനമറ്റ ശരീരം വെള്ളതുണിയില്‍ പൊതിഞ്ഞു കൊണ്ട് പോകുന്നത് കണ്ടപ്പോള്‍ അറിയാതെ കണ്ണുകള്‍ നനഞ്ഞു....

സഹോദരീ.... 
സര്‍വ്വശക്തന്‍ സ്വര്‍ഗ്ഗപ്രവേശനം നല്‍കട്ടെ... '

ഈ വാക്കുകള്‍ കണ്ടപ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം വന്ന ചോദ്യവും പ്ലസ്‌ ടൂവിനു പഠിയ്ക്കുന്ന കുട്ടിയുടെ കല്യാണമോ (അതില്‍ വലിയ പുതുമയൊന്നും ഇല്ലെന്നറിയാം, എങ്കിലും!) എന്നാണ്... പിന്നെ ഇത്രയും ദാരുണമായ ഒരു വാര്‍ത്ത കേട്ടപ്പോള്‍ ഈ ചോദ്യത്തിന് പ്രസക്തിയില്ലെന്ന് തോന്നി. മനപ്പൂര്‍വ്വം അത് ചോദിയ്ക്കാതെ ആ ആത്മാവിനു വേണ്ടി ഒരു നിമിഷം മൌനമായി പ്രാര്‍ത്ഥിച്ചു. പിന്നെടെപ്പോഴോ കണ്ടു, എന്‍റെ മനസ്സില്‍ വന്ന അതേ ചോദ്യം ആരോ ചോദിച്ചിരിയ്ക്കുന്നു (റോബിന്‍) ആണെന്ന് തോന്നുന്നു). അതിനുള്ള ഉത്തരമാണ് മുകളില്‍ ഉദ്ധരിച്ച കോടതി വിധി.


ആ മരണവാര്‍ത്ത പോലെ തന്നെ മനസ്സില്‍ കനലുകള്‍ നിറച്ചു ഈ കോടതിവിധിയും. എത്രയെത്ര കുരുന്നു സ്വപ്നങ്ങളാവും ഈ വിധിയിലൂടെ മണ്ണടിഞ്ഞു പോവുക! ഇത്രയും കാലം നിയമത്തിന്‍റെ പരിരക്ഷ (പേരിനെങ്കിലും) അവര്‍ക്കുണ്ടായിരുന്നു; ഇപ്പോള്‍ അതുമില്ല. എന്നെ അതിലും വിഷമിപ്പിയ്ക്കുന്ന കാര്യം അവരെ മാത്രം വേര്‍ത്തിരിച്ച്‌ കാണിച്ചതാണ്. പൊതുവേ തന്നെ മുസ്ലിം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭിപ്രായ സ്വാതനന്ത്ര്യം ഇല്ല, അവര്‍ ഒരു രണ്ടാം കിട പൌരന്മാരാണ് എന്ന ധാരണയാണ് സമൂഹത്തിലുള്ളത്. ഇത്തരം നിയമങ്ങളും മറ്റും ആ ധാരണ ശക്തിപ്പെടുത്തുകയല്ലേ ചെയ്യുക???

കൂട്ടത്തില്‍ ഒന്നു കൂടി പറയട്ടെ, ഒരു പെണ്‍കുട്ടിയ്ക്ക് നല്ല വിവരവും വിദ്യാഭ്യാസവും ആരോഗ്യവും പ്രദാനം ചെയ്യുന്നതിലൂടെ നാം ഒരു നല്ല ഭാവി തലമുറയെ ആണ് സൃഷ്ടിയ്ക്കുന്നത്... കാരണം അമ്മയാണ് ഒരാളുടെ അറിവിന്‍റെ ആദ്യ ശ്രോതസ്സ്! 

നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയ ഈ വീഡിയോ കൂടി നിങ്ങളുടെ സമക്ഷം വെയ്ക്കുന്നു...http://www.youtube.com/watch?v=mnfURSTeHO8


PS: ശൈശവ വിവാഹം മുസ്ലിം സമുദായത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല; വേറെ പല സമുദായങ്ങളിലും (കേരളത്തിനു പുറത്ത് പ്രത്യേകിച്ചും)  ഇത് ഇന്നും ഉണ്ടെന്നറിയാം. അതുകൊണ്ട് മുകളിലെ വാക്കുകള്‍ മുസ്ലിങ്ങളെ മാത്രം ഉദ്ദേശിച്ചല്ല; മുസ്ലിം സമുദായത്തെക്കുറിച്ചു ഒരല്പം ഊന്നിപറഞ്ഞത്‌ ആ കോടതി വിധി അടിസ്ഥാനമാക്കിയാണ്. എന്നിരിയ്ക്കിലും ആരുടെയെങ്കിലും മതവികാരങ്ങളെ നോവിച്ചുവെങ്കില്‍ ആദ്യം തന്നെ ക്ഷമചോദിയ്ക്കുന്നു ... കൂടാതെ, റാഷിദയുടെ  വിയോഗം നല്‍കിയ ദുഖത്തില്‍ നിന്നും കരേറാന്‍ ആ കുടുംബത്തിന് ഈശ്വരന്‍ ശക്തി നല്‍കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു. അകാലത്തില്‍ പൊഴിഞ്ഞ ആ കുരുന്നു ജീവന് അന്ത്യാഞ്ജലികള്‍! !!

Friday, 12 October 2012

ഒരു ഫുട്ബോള്‍ കഥ!


പൊതുവേ ഫുട്ബോള്‍ ഇഷ്ടമാണെങ്കിലും പലരുടെയും പോലെ ക്ലബ് കളികളും മറ്റും ഞാന്‍ കാണാറില്ല. ഒരു സാധാരണ സ്പോര്‍ട്സ് പ്രേമിയായ എനിയ്ക്ക് ഫുട്ബോള്‍ ലോകത്തെ പ്രസ്തമായ ചില പേരുകള്‍ മാത്രമേ അറിയൂ താനും... എന്നാലും ഫുട്ബോളിനെ കുറിച്ചുള്ള ചില വാര്‍ത്തകള്‍ എന്‍റെ മനസ്സില്‍ സന്തോഷം നിറയ്ക്കുന്നു. നിങ്ങളിലെ ഫുട്ബോള്‍ പ്രേമികള്‍ ആശ്ചര്യപ്പെടേണ്ട; കേരള ഫുട്ബോളിന്‍റെ ഇപ്പോഴത്തെ ദയനീയ സ്ഥിതി എനിയ്ക്കറിയാം; ഞാനിവിടെ കളിക്കാരെക്കുറിച്ചല്ല പറയുവാന്‍ പോകുന്നത്, മറിച്ച് ഒരു റഫറിയെക്കുറിച്ചാണ്! ആരാണെന്നാവും, അല്ലെ? പറയാം. 

കഴിഞ്ഞ കൊല്ലം ഫിഫയുടെ എലീറ്റ് പാനല്‍ റഫറിയായി തിരഞ്ഞെടുക്കപെട്ട   മലയാളിയായ എം ബി സന്തോഷ്കുമാര്‍ ആണ് ആ റഫറി! ഫുട്ബോളിന്‍റെ എ ബി സി ഡി മാത്രമറിയാവുന്ന ഞാന്‍ ഒരു റഫറിയെ കുറിച്ച് എന്തു പറയാന്‍, അല്ലേ? പക്ഷേ ഞാന്‍ പറയാന്‍ പോകുന്ന ആളെ വ്യക്തിപരമായി അറിയാം എന്നത് കൊണ്ടു തന്നെയാണ് ഇതിവിടെ പറയുന്നതും...

പരിചയപെട്ടു കുറെ നാളുകള്‍ കഴിഞ്ഞ ശേഷമാണ് സന്തോഷ്‌ ഒരു റഫറിയാണെന്നു ഞാന്‍ അറിഞ്ഞത്.. സത്യത്തില്‍ സന്തോഷ്‌ ഒരു ഫുട്ബോളര്‍ ആണെന്ന് തന്നെ അറിഞ്ഞത് കുറെ കഴിഞ്ഞാണ്. ഞങ്ങള്‍ താമസിച്ചിരുന്ന ഫ്ലാറ്റിന്‍റെ കെയര്‍ ടേക്കര്‍ എന്നതിലുപരി എനിയ്ക്കയാളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ഇടയ്ക്കിടെ മൂന്നാല് ദിവസങ്ങള്‍ക്കോ ഒരാഴ്ചയ്ക്കോ ഒക്കെ അയാളെ കാണാതാവും. അതിനെക്കുറിച്ചൊന്നും  ഞാന്‍ അന്വേഷിച്ചിരുന്നില്ല. വെറുതെ ഒരാളുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നത് ഇഷ്ടമല്ലാത്തതിനാല്‍ പലപ്പോഴും സന്തോഷ്‌ ലീവിലാണെന്നു കേട്ടാലും എന്തിനാവും ലീവെടുത്തതെന്നൊന്നും അന്വേഷിക്കാറില്ല. 

അങ്ങിനെയിരിക്കേ യാദൃശ്ചികമായാണ് സന്തോഷ്‌ ഒരു ഫുട്ബോളര്‍ ആണെന്ന് അറിഞ്ഞത്. ഒരു ദിവസം അവിടത്തെ സെക്ക്യൂരിറ്റിയാണ് അത് പറഞ്ഞത്- സന്തോഷ്‌ കളിയ്ക്കാന്‍ പോയിരിയ്ക്കുകയാണ് എന്ന്. ചോദിച്ചപ്പോള്‍ 'കളി' ഫുട്ബോള്‍ ആണെന്ന് മനസ്സിലായി. പിന്നെയും കുറെ ദിവസം കഴിഞ്ഞാണ് സന്തോഷ്‌ ഒരു റഫറി ആണെന്ന് ഞാനറിഞ്ഞത്.  എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യാന്‍ അതി രാവിലെ സ്റ്റേഡിയത്തില്‍ മുടങ്ങാതെ പോകും; അത് കഴിഞ്ഞ് ഫ്ലാറ്റിലെ കാര്യങ്ങള്‍ നോക്കും, ചിലപ്പോള്‍ ഓട്ടോ ഓടിക്കലുമുണ്ട്. എപ്പോഴും എന്തെങ്കിലും ജോലിയില്‍ വ്യാപ്തനായിരിയ്ക്കും...  

കോട്ടയം ഭാഗത്ത്‌ നടക്കുന്ന ഒരു വിധം എല്ലാ ഫുട്ബോള്‍ മത്സരങ്ങളിലും (കോളേജ് മത്സരങ്ങളില്‍ പോലും) റഫറിയാവാന്‍ സന്തോഷിനെ തേടി ആളുകള്‍ വന്നിരുന്നു. സ്ഥലത്തുണ്ടെങ്കില്‍ പലപ്പോഴും ഫ്ലാറ്റിലെ ജോലി കഴിഞ്ഞ് മാച്ചുകളില്‍ റഫറിയായുള്ള തന്‍റെ പണി കഴിഞ്ഞേ സന്തോഷ്‌ വീട്ടിലേയ്ക്ക് പോകാറുള്ളൂ... അത് കൂടാതെ സന്തോഷ്‌ ട്രോഫി തുടങ്ങിയ ദേശീയ തല മത്സരങ്ങളിലും സന്തോഷ്‌ റഫറിയുടെ കുപ്പായമിട്ടിട്ടുണ്ട്.  സംസ്ഥാന തല റഫറിയില്‍ നിന്നും ഫിഫ റഫറിയാവാന്‍ ഏതാണ്ട്  രണ്ടു ദശാബ്ദത്തോളമെടുത്തുവത്രേ! എങ്കിലും കഠിനാധ്വാനിയായ ഈ ചെറുപ്പക്കാരന്‍ തന്‍റെ സ്വപ്നം സാക്ഷാത്കരിച്ചു എന്ന് തന്നെ പറയാം. ഇക്കഴിഞ്ഞ ജനുവരിയില്‍ Bayern Munich ഇന്ത്യയില്‍ കളിച്ചപ്പോള്‍ ആ കളി നിയന്ത്രിച്ചത് സന്തോഷായിരുന്നു. 

ഒരു സാധാരണ കുടുംബത്തിലെ അംഗമായ സന്തോഷിന് ഈ മത്സരങ്ങള്‍ പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കി കൊടുത്തിട്ടില്ല എന്നാണു ഞാന്‍ മനസ്സിലാക്കിയത്. കളിയോടുള്ള സ്നേഹവും അര്‍പ്പണബോധവുമാണ് പലപ്പോഴും അയാളെ ഈ പ്രാരാബ്ധങ്ങള്‍ക്കിടയിലും കളിയ്ക്കാന്‍ പ്രേരിപ്പിച്ചിരുന്നത് എന്നാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്. ഇതൊക്കെയാണെങ്കിലും സന്തോഷത്തോടെയല്ലാതെ ഞാന്‍ ആ മനുഷ്യനെ കണ്ടിട്ടില്ല. ഞങ്ങള്‍ അവിടെയുണ്ടായിരുന്ന രണ്ടു കൊല്ലക്കാലം സദാ പുഞ്ചിരിയ്ക്കുന്ന മുഖവും, എന്തു കാര്യം പറഞ്ഞാലും ചെയ്തു തരാനുള്ള മനസ്സും, തടസ്സങ്ങള്‍ വന്നാല്‍ ക്രിയാത്മകമായി അതിനുള്ള പരിഹാരം കാണാനുള്ള കഴിവും ഞാന്‍ അയാളില്‍ കണ്ടിരുന്നു. അതാണ്‌ സന്തോഷില്‍ ഞാന്‍ കണ്ട പ്രത്യേകതയും!

ഞങ്ങള്‍ കോട്ടയം വിട്ട് വേറെ സ്ഥലങ്ങളില്‍ പോയപ്പോഴും സന്തോഷ്‌ ഇടയ്ക്ക് വിളിച്ചിരുന്നു  - കളി കഴിഞ്ഞു വരികയാണ്; നിങ്ങളുടെ നാട്ടിലൂടെ പോയിക്കൊണ്ടിരിയ്ക്കുകയാണ്, അത് കൊണ്ടു വിളിച്ചതാണ് എന്ന് പറഞ്ഞ്... ചിലപ്പോള്‍ ഞങ്ങളും വിളിയ്ക്കും, കുശലാന്വേഷണം നടത്തും.

ഇക്കഴിഞ്ഞ ദിവസം റഫറിമാര്‍ക്കു ശമ്പളം കൊടുക്കുമെന്ന വാര്‍ത്ത‍ കേട്ടപ്പോള്‍, ആ ലിസ്റ്റില്‍ സന്തോഷിന്‍റെ പേര് കണ്ടപ്പോള്‍, അതിയായ ആഹ്ലാദം തോന്നി. പലവക ജോലികള്‍ ചെയ്തും, ഓട്ടോ ഓടിച്ചും ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ പാട് പെടുന്ന, അദ്ധ്വാനിയായ ആ ചെറുപ്പക്കാരന്‍റെ ജീവിത ഭാരം തെല്ലൊന്നു കുറയ്ക്കാന്‍ ഈ വരുമാനം ഉതകുമെന്നതില്‍ സംശയമില്ല. 

അത് മാത്രമല്ല, തരക്കേടില്ലാത്ത വരുമാനം ഉണ്ടാവുമെന്ന സ്ഥിതി വന്നാല്‍ ഒരു പക്ഷേ ഇനിയുമിനിയും കഴിവുറ്റ ആളുകള്‍ ഈ രംഗത്തേയ്ക്ക് വരാനും സാദ്ധ്യതയുണ്ട്!  ഇത് പോലെ അനേകം ആളുകള്‍ ഉണ്ടായിരിയ്ക്കാം. നല്ല നാളെകള്‍ സ്വപ്നം കാണുന്ന അവരുടെ മോഹങ്ങളും ഒരിയ്ക്കല്‍ പൂവണിയും എന്ന സന്ദേശമാണ് സന്തോഷിന്‍റെ ജീവിതം നമ്മെ പഠിപ്പിയ്ക്കുന്നത്... തങ്ങളുടെ ലക്‌ഷ്യം ഉറപ്പിച്ചു അതിനായി പ്രയത്നിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇന്നല്ലെങ്കില്‍ നാളെ നാം അത് നേടിയിരിയ്ക്കുമെന്നും!!!

picture courtesy: Google 

Saturday, 6 October 2012

നഷ്ടപെടുന്ന പൊതുസ്ഥലങ്ങള്‍!. ..

ആദ്യമേ തന്നെ പറയട്ടെ - സഹ ബ്ലോഗര്‍  (ഒട്ടും നിസ്സാരനല്ലെങ്കില്‍ കൂടിയും) നിസാരന്‍   എന്ന പേരില്‍ എഴുതുന്ന നിസാറിന്‍റെ പൊതു ഇടം നഷ്ടപെടുന്ന കുട്ടികള്‍ എന്ന ലേഖനവും ഈ എഴുത്തിനു പ്രചോദനമായി.

മലയാളക്കര ആകെ മാറിയിരിയ്ക്കുകയാണ്... പച്ചപ്പു വിരിച്ച നെല്‍ പാടങ്ങളും അവയ്ക്കു നെടുകെയും കുറുകെയും ഓടുന്ന വരമ്പുകളും, തലയുയര്‍ത്തി നില്‍ക്കുന്ന കേരവൃക്ഷങ്ങളും, കാറ്റിലാടുന്ന തെങ്ങോലകളും, തെളിഞ്ഞ വെള്ളം നിറഞ്ഞു നില്‍ക്കുന്ന കുളങ്ങളും, ഗൃഹാതുരത്വം ഉണര്‍ത്തുന്ന തുടിയൊച്ച കേള്‍ക്കാറുള്ള കിണര്‍ വക്കുകളും, അങ്ങു ദൂരെ വരെ ഓടിയോടിക്കളിയ്ക്കാനുള്ള മുറ്റങ്ങളും, അലസമായ് പ്രകൃതിയോടു ചേര്‍ന്നു നടക്കാനുതകുന്ന തൊടി(പറമ്പു)കളും ഇന്ന് കാണാനേയില്ല...

എന്‍റെ കുട്ടിക്കാലത്ത് പറമ്പിലും കുളത്തിലും പാടത്തും തോട്ടിലും മേട്ടിലുമൊക്കെ ഞങ്ങള്‍ ശങ്കയില്ലാതെ ഓടിക്കളിയ്ക്കുമായിരുന്നു... പൊരിവെയിലത്തും കോരിച്ചൊരിയുന്ന മഴയിലും കുട്ടികള്‍ വീടിന്നകത്ത്‌ കുത്തിയിരിയ്ക്കാറില്ല ... മഴവെള്ളത്തില്‍ കളിച്ചും, ഉച്ചവെയിലില്‍ വാടിയും, കുട്ടിക്കാലം ഏറെ രസകരമായ ഒരാഘോഷമായി കൊണ്ടാടി. സ്കൂളുകളിലും വിശാലമായ മുറ്റമുണ്ടായിരുന്നു - ഓടിയും ചാടിയും ബാല്യങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് വളര്‍ന്നു വന്നിരുന്നത്...

ഇപ്പോള്‍ സ്ഥിതിയാകെ മാറി! ഗ്രാമങ്ങള്‍ നഗരങ്ങളായി, വയലുകള്‍ നിന്നിരുന്ന സ്ഥലത്ത് കെട്ടിടങ്ങള്‍ ഉയര്‍ന്നു പൊങ്ങി....വിശാലമായ പറമ്പുകള്‍ കഷ്ണങ്ങളാക്കി മുറിച്ചു വിറ്റ കൂട്ടത്തില്‍ പുരയിടങ്ങളിലെ കുളങ്ങളും കിണറുകളും നികത്തി അവിടെയും മാളികകള്‍ പണിയാന്‍ നാമോരുരുത്തരും മത്സരിയ്ക്കുന്നു... ഇനി വല്ല പൊതു കുളങ്ങളും നികത്താതെയുണ്ടെങ്കില്‍ അവയെല്ലാം പല വിധത്തില്‍ മലിനമായി ആര്‍ക്കും വേണ്ടാതെ ശോച്യാവസ്ഥയില്‍ കിടന്ന് പതുക്കെ മരിച്ചു കൊണ്ടിരിയ്ക്കുന്നു...

നഗരത്തിലെ സൗകര്യങ്ങളെ കരുതി അവിടേയ്ക്കു കൂടുമാറിയ നമ്മുടെ മക്കളാകട്ടെ,കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലെ ചുവരുകള്‍ക്കുള്ളില്‍ ബന്ധിതരാക്കപ്പെടുന്നു.വലിയ വലിയ ഫ്ലാറ്റുകളില്‍ അധികമാരും ഉപയോഗിയ്ക്കാത്ത നീന്തല്‍ക്കുളങ്ങളുണ്ട്, ജിംനേഷ്യമുണ്ട്, പാര്‍ട്ടി ഹാളുകളുമുണ്ട് - ഇല്ലാത്തത് കുട്ടികള്‍ക്ക് ഓടിക്കളിച്ചു വളരാനുള്ള മുറ്റവും കളിസ്ഥലങ്ങളും!!! ഉള്ള സ്ഥലത്ത് അവരെന്തെങ്കിലും കളിച്ചാല്‍ ഉടനെ വരികയായി പരാതി - കാറ് കേടാക്കി, ചില്ലുടച്ചു എന്നിങ്ങനെ! ഫലമോ? മണ്ണും വെയിലും വെള്ളവും തൊടാതെ വീടിന്‍റെ നാലു ചുവരുകള്‍ക്കുള്ളില്‍ ബാല്യം തടവിലാക്കപ്പെടുന്നു... ടി വി യും കംപ്യുട്ടറുകളും വീഡിയോ ഗെയ്മുകളും മാത്രമായി അവരുടെ ജീവിതം ചുരുങ്ങുന്നു. കൂട്ടുകൂടാനും രസിയ്ക്കാനും അവര്‍ക്കറിയാതെയാവുന്നു...

സ്കൂളുകളിലും ഇപ്പോള്‍ മുറ്റങ്ങള്‍ കുറഞ്ഞു വരുന്നു. കൂടുതല്‍ കുട്ടികളെ ഉള്‍ക്കൊള്ളിയ്ക്കാനും വേണ്ടി അവിടെയും കെട്ടിട സമുച്ചയങ്ങള്‍ ഉയരുന്നു... ഈ വ്യഗ്രതയില്‍ പലപ്പോഴും മുറ്റങ്ങളാണ് ഇല്ലാതാവുന്നത്. കുട്ടികള്‍ക്ക് കളിച്ചു വളരാന്‍ മുറ്റമില്ലാത്ത സ്കൂളുകള്‍ വിദ്യാര്‍ഥികളുടെ ശാരീരിക-മാനസിക വികാസങ്ങള്‍ക്ക്‌ തടസ്സമാണെന്നു ഞാന്‍ വിശ്വസിയ്ക്കുന്നു.

നാടിന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല - കുളങ്ങളും കിണറുകളും അപ്രത്യക്ഷമായതോടെ ജീവ ജലം പോലും പലര്‍ക്കും ചോദ്യ ചിഹ്നമാണ്... മഴപെയ്യുമ്പോള്‍ വെള്ളപ്പൊക്കം; മഴ നിന്നാല്‍ വരള്‍ച്ച എന്നൊരു സ്ഥിതിയിലാണ് കേരളമിപ്പോള്‍!..!..! മഴപെയ്യുമ്പോള്‍ ഭൂഗര്‍ഭജലത്തിന്‍റെ അളവ് കൂടേണ്ടതാണ് - പക്ഷെ വെള്ളത്തിനു ഭൂമിക്കടിയിലേയ്ക്ക് പോകാന്‍ വഴിയെവിടെ? അതെല്ലാം നാം കോണ്‍ക്രീറ്റ് ചെയ്തടച്ചില്ലേ? ജല സംഭരണികളായ കുളം, കിണര്‍, കായല്‍, തോട്, പുഴ എന്നിവയെല്ലാം നാം നികത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നു... പിന്നെ  എങ്ങിനെ വരള്‍ച്ചയുണ്ടാവാതിരിയ്ക്കും???

പണ്ടത്തെ ഗ്രാമങ്ങളുടെ അവിഭാജ്യഘടകമായിരുന്നു അമ്പലങ്ങളും അമ്പലപ്പറമ്പുകളും... ആ പറമ്പുകള്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ സ്വകാര്യ സ്വത്തായിരുന്നില്ല... ആ ഗ്രാമത്തിലെ മുഴുവന്‍ കുട്ടികളുടേയും കളിസ്ഥലവും സാമ്രാജ്യവുമായിരുന്നു... അവിടെ ആര്‍ക്കും കളിക്കാം കൂട്ടുകാരൊത്ത് കളിപറഞ്ഞ് ഉല്ലസിയ്ക്കാം; പക്ഷെ ഇന്നോ? ആ പറമ്പുകളും പലപ്പോഴും കുട്ടികള്‍ക്ക് അന്യമായി മാറുന്നു - സമൂഹത്തില്‍ ഇന്ന് പടര്‍ന്നു പിടിച്ചിട്ടുള്ള വിഭാഗീയ ചിന്തയും സങ്കുചിത ചിന്തകളും നമ്മുടെ സാമൂഹ്യ ജീവിതത്തിനെയാകെ മാറ്റി മറിച്ചിരിയ്ക്കുന്നു - കാലം പോവും തോറും വിശാലമാവേണ്ട മനസ്സുകള്‍ ഓരോനാളുകള്‍ കഴിയും തോറും തന്നിലേയ്ക്കു ചുരുങ്ങി സ്വാര്‍ത്ഥതയില്‍ ലയിച്ചു തീരുന്നു...


ഇതിനൊക്കെ എന്താണ് പരിഹാരം? ആദ്യമായി വേണ്ടത് അവബോധമാണ്. കുറച്ചു നേരത്തെ സുഖത്തിനും സൗകര്യത്തിനും വേണ്ടി നാം ഇല്ലാതാക്കുന്നത് കാലാകാലമായി നമുക്ക് നന്മകള്‍ നല്‍കിയ പലതുമാണെന്ന ബോധം! നമ്മുടെ ചുറ്റുപാടുകളില്‍, നമ്മുടെ പരിധിയില്‍ വരുന്നവയെങ്കിലും നശിപ്പിയ്ക്കാതെയും പറ്റുമെങ്കില്‍ സംരക്ഷിച്ചും നമുക്ക് മുന്നേറാം... വീട് വെയ്ക്കുമ്പോള്‍ കിണര്‍, കുളങ്ങള്‍, പാടം തുടങ്ങിയവ നശിപ്പിയ്ക്കാതിരിയ്ക്കുക ... പറ്റുമെങ്കില്‍ വീട് വയ്ക്കുമ്പോള്‍ കിണറും അതിന്‍റെ ഭാഗമാക്കുക; മഴക്കാലത്ത് വെള്ളം ഭൂമിയിലേയ്ക്കിറങ്ങിപ്പോകാന്‍ വഴിയൊരുക്കുക.. മഴവെള്ള സംഭരണികള്‍ സംരക്ഷിയ്ക്കുക; ജലം, മണ്ണ്, വായു എന്നിവ നമ്മളായി മലിനമാക്കാതിരിക്കാന്‍ ശ്രമിയ്ക്കുക എന്നിങ്ങനെ ചെറിയ ചെറിയ കാര്യങ്ങള്‍ നാം ചെയ്താല്‍ ഒരുപക്ഷേ അത് നാളേയ്ക്കു ഒരു മുതല്‍ക്കൂട്ടാകും.

അതോടൊപ്പം തന്നെ നാമെല്ലാം ഒന്നാണ് എന്ന വിശാല ചിന്തയും പരിപോഷിപ്പിയ്ക്കേണ്ടിയിരിയ്ക്കുന്നു. ജാതി, മതം എന്നിവയുടെ ചട്ടക്കൂടുകള്‍ മാനവ സമൂഹത്തിന്‍റെ മൊത്തമായ നന്മയ്ക്കെതിരാണെങ്കില്‍ അവയ്ക്കപ്പുറമുള്ള  പൊതു നന്മയെക്കുറിച്ചു ചിന്തിയ്ക്കാനുള്ള മനസ്സ് നാം ഉണ്ടാക്കിയെടുക്കണം. ചിലര്‍ക്കെങ്കിലും അത് സാദ്ധ്യമായാല്‍ നമ്മുടെ ജീവിതവും നാടും മെച്ചപ്പെടും എന്ന ശുഭാപ്തി വിശ്വാസം എന്നിലുണ്ട്!

Thursday, 13 September 2012

അദ്ധ്യാപക ദിനം !

ഒരദ്ധ്യാപക ദിനം കൂടി കടന്നു പോയിരിയ്ക്കുന്നു... ഫേസ് ബുക്കിലും മറ്റും എല്ലാവരും തങ്ങളുടെ അധ്യാപകരെക്കുറിച്ച് ഏറെ സ്നേഹത്തോടെയും ആദരവോടെയും ഓര്‍മ്മിച്ചത് കണ്ടു. ഞാനും എന്‍റെ അദ്ധ്യാപകരേയും ഗുരുസ്ഥാനീയരെയും ആ ദിനത്തില്‍ പ്രത്യേകം ഓര്‍ത്തിരുന്നുവെന്നത് സത്യം തന്നെ. അവരില്‍ പലരെയും ഞാന്‍ അന്ന് മാത്രമല്ല, ഒരു വിധം എല്ലാ ദിവസങ്ങളിലും ഓര്‍ക്കാറുണ്ട് എന്നത് വേറെ ഒരു സത്യം!!!

എന്നെ പഠിപ്പിച്ച എല്ലാവരെയും ഞാന്‍ തികഞ്ഞ ആദരവോടെയാണ് ഓര്‍ക്കാറുള്ളത് . രണ്ടു പതിറ്റാണ്ടു നീണ്ട പഠന കാലയളവില്‍ എത്രയോ അദ്ധ്യാപകരുടെ ശിഷ്യയായിരുന്നു ഞാന്‍?!!!  അവരില്‍ പലരും വിസ്മൃതിയിലാണ്ടു പോയെങ്കിലും ഒരിയ്ക്കലും മറക്കാത്ത ചില നക്ഷത്രങ്ങളും അവരിലുണ്ട്... ഒന്നാം ക്ലാസ്സിലെ സൌമിനി ടീച്ചര്‍ , ചെറിയ ക്ലാസ്സുകളില്‍ പഠിപ്പിച്ച ജയാ മിസ്സ്‌, ഉഷാ മിസ്സ്‌ എന്നിവരെ കൂടാതെ സിസ്റ്റര്‍ സോഫിയ തുടങ്ങിയവര്‍ എന്‍റെ ജീവിതത്തിന്റെ തന്നെ അടിത്തറ പാകുകയായിരുന്നുവെന്ന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല... പൊതുവേ നാണം കുണുങ്ങിയായിരുന്ന എന്‍റെ മേലും അവരുടെ കണ്ണുകള്‍ ഉണ്ടായിരുന്നുവെന്നത് ഇപ്പോള്‍ ഒരത്ഭുതമായി തോന്നുന്നു...സി. റോസ് മേരി
രാധാകൃഷ്ണന്‍  സാര്‍ / പി ടി സാര്‍
ഉയര്‍ന്ന ക്ലാസ്സുകളില്‍ എത്തിയപ്പോഴും അദ്ധ്യാപകര്‍ എല്ലാവരും ഏറെ സ്നേഹത്തോടെയും കാരുണ്യത്തോടെയും മാത്രമേ പെരുമാറിയിരുന്നുള്ളൂ. അതിനൊരപവാദം സോഷ്യല്‍ പഠിപ്പിച്ച സന്തോഷ്‌ സാര്‍ ഒരിയ്ക്കല്‍ തീര്‍ത്തും അപ്രതീക്ഷിതമായി കയര്‍ത്ത വേള മാത്രമാണ് (അത് സുഖകരമുള്ള ഒരോര്‍മ്മയല്ലാത്തതിനാല്‍ ഇവിടെ പറയുന്നില്ല)!!! പി. ടി. സാറാണ് മറക്കാന്‍ പറ്റാത്ത വേറൊരു അദ്ധ്യാപകന്‍ ; അദ്ദേഹമില്ലാത്ത സ്കൂള്‍ ആത്മാവില്ലാത്ത ശരീരം മാത്രമാണെന്ന് തോന്നിയിട്ടുണ്ട്, പലപ്പോഴും! വരയുടെ മാസ്മര ലോകത്തേയ്ക്കു എന്നെ കൊണ്ട് പോയ ബാബു സാര്‍ , മലയാള വ്യാകരണം രസകരമായി പകര്‍ന്നു തന്ന ഗിരിജ മിസ്സ്‌, പല പല നല്ല കാര്യങ്ങളും പറഞ്ഞു തന്നിരുന്ന സിസ്റ്റര്‍ റോസ് മേരി, എന്നിങ്ങനെ എത്രയോ അദ്ധ്യാപകര്‍ ഇന്നത്തെ എന്നെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിരിയ്ക്കുന്നു!!! കോളേജ് ജീവിതത്തിലും ഇങ്ങനെയുള്ള അദ്ധ്യാപകര്‍ എന്‍റെ ജീവിതത്തെ ഏറെ സ്വാധീനിച്ചിരിയ്ക്കുന്നു; അവരെയെല്ലാം സ്നേഹാദരവോടെയല്ലാതെ എനിക്ക് സ്മരിയ്ക്കാന്‍ കഴിയില്ല തന്നെ!!! 
അജോയ് സാര്‍


ഇവരെല്ലാവരും ഇപ്പോഴും ഇപ്പോഴും എന്‍റെ മനസ്സിലുണ്ടെങ്കിലും ഇവര്‍ ആരുമായും ഇപ്പോള്‍ സമ്പര്‍ക്കം ഇല്ലെന്നു തന്നെ പറയാം... പക്ഷേ അജോയ് സാറിന്റെ കാര്യം അങ്ങനെയല്ല! അദ്ദേഹവുമായി ഇന്നും ഞാന്‍ സംസാരിക്കുന്നു, ഫേസ് ബുക്കിലൂടെ പരസ്പരം വിവരങ്ങള്‍ കൈമാറുന്നു... എം ബി എ-ക്ക് ചേര്‍ന്നപ്പോള്‍ അജോയ് സാര്‍ എന്ന ഫിനാന്‍സ്  അദ്ധ്യാപകന്‍ ഞങ്ങളെ ധനകാര്യം പഠിപ്പിച്ചത് എത്ര രസകരമായിട്ടായിരുന്നു!!! ഞങ്ങള്‍ മൂന്നു മലയാളികളുണ്ടായിരുന്നു ക്ലാസ്സില്‍ - സാറും മലയാളിയാണെന്ന് അറിഞ്ഞത് അല്പം കഴിഞ്ഞായിരുന്നു...അവിടെയുണ്ടായിരുന്ന രണ്ടു കൊല്ലക്കാലം ഒരു ജ്യേഷ്ഠസഹോദര സ്ഥാനത്തായിരുന്നു അദ്ദേഹത്തെ കണ്ടിരുന്നത്‌.; എന്ന് കരുതി ഞങ്ങളോട് ഒട്ടും പക്ഷപാതം അദ്ദേഹം കാണിച്ചിരുന്നില്ല താനും! അത് കൊണ്ട് തന്നെ ഞങ്ങളുടെ ബാച്ചിലെ എല്ലാവര്‍ക്കും സാര്‍ പ്രിയങ്കരനായി മാറി. ഫിനാന്‍സിനെക്കുറിച്ച് ഒന്നുമറിയാതിരുന്ന പലരും അതിനെ അറിയാനും ഇഷ്ടപ്പെടാനും തുടങ്ങി. എല്ലാവരെയും ഒരേപോലെ കാണാനും ഉത്സാഹഭരിതരാക്കാനുമുള്ള സാറിന്‍റെ കഴിവ് ഒന്ന് വേറെത്തന്നെയാണ്‌.!!.!... അതുകൊണ്ടാവാം പഠിച്ചിറങ്ങി ഒരു ദശകം കഴിഞ്ഞിട്ടും അദ്ദേഹം ഇപ്പോഴും ഞങ്ങളില്‍ പലര്‍ക്കും പ്രിയങ്കരനായിരിയ്ക്കുന്നത്!!!


ഇന്നും അദ്ദേഹത്തിന്‍റെ മെസ്സേജ് ഉണ്ടായിരുന്നു - എന്‍റെ ബ്ലോഗിനെ കുറിച്ചും, അതിന് സഹായകരമാവുന്ന വിവരങ്ങളെക്കുറിച്ചും പറയാന്‍;ഇത്തരം നല്ല അദ്ധ്യാപകരുടെ ശിഷ്യയാവാനുള്ള ഭാഗ്യമെനിയ്ക്ക് സിദ്ധിച്ചതില്‍ ഞാന്‍ കൃതാര്‍ത്ഥയാണ്! ആ സൌഭാഗ്യത്തില്‍ ഞാന്‍ ഏറെ ആനന്ദിയ്ക്കുകയും ചെയ്യുന്നു... ഒരിയ്ക്കല്‍ എന്നെക്കുറിച്ചോര്‍ത്ത് അവര്‍ക്കും അഭിമാനിയ്ക്കാനുള്ള അവസരമുണ്ടാവുമെങ്കില്‍ അതിലും വലിയ ഗുരുദക്ഷിണ വേറെയൊന്നില്ലെന്നു ഞാന്‍ വിശ്വസിയ്ക്കുന്നു!!!!

ചിത്രങ്ങള്‍ക്ക് കടപ്പാട്: സുധീര്‍ മോഹന്‍, പ്രവീണ്‍ കുമാര്‍ , അജോയ് കുമാര്‍ - നിങ്ങളുടെ പ്രത്യക്ഷമായ സമ്മതം കൂടാതെയാണ് ഈ ചിത്രങ്ങള്‍ ഇവിടെ ഉപയോഗിച്ചതെങ്കിലും, ഒരു നല്ല കാര്യത്തിനായതിനാല്‍ അപ്രിയമൊന്നും ഉണ്ടാവില്ല എന്ന് വിശ്വസിയ്ക്കുന്നു!!!

Monday, 10 September 2012

ചില തോന്നലുകള്‍ !


ഒരു നീണ്ട യാത്രയ്ക്കിടയിലാണിത് എഴുതുന്നത്. കുറെയധികം നാളുകളായി  ഞാന്‍ എന്റെ ആദ്യത്തെ കണ്മണി 10000  പേജ് വ്യൂ  തികയ്ക്കുന്ന ദിനവും കാത്തിരിയ്ക്കാന്‍ തുടങ്ങിയിട്ട് ! ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ എന്റെ വളര്‍ച്ച എനിയ്ക്കു തന്നെ അത്ഭുതമാണ്... വെറുമൊരു നേരമ്പോക്കിന് വേണ്ടി ഞാന്‍ കുത്തിക്കുറിച്ച വരികള്‍ എത്രയോ ആളുകള്‍ വായിക്കുന്നു!!! മാത്രമല്ല,  അവരുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗദര്‍ശനങ്ങളും നല്‍കി എന്നെ മുന്നേറാന്‍ പ്രേരിപ്പിയ്ക്കുന്നു... ഒരെളിയ എഴുത്തുകാരിയ്ക്ക് പ്രചോദനമാകാന്‍ ഇതില്‍ കൂടുതലായൊന്നും വേണ്ടെന്നു തോന്നുന്നു!!!

എന്നിരുന്നാലും ഒരു സംശയം മനസ്സില്‍ ഉയര്‍ന്നു വന്നു.. എന്തെ എന്റെ ബ്ലോഗിന്റെ സന്ദര്‍ശകരുടെ എണ്ണം ഇത്ര കുറവ്??? ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ മറ്റു ബ്ലോഗുകള്‍ വായിക്കുകയും എന്റെ അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യാറുണ്ടല്ലോ !!! പിന്നെയാണ് കാര്യം പിടി കിട്ടിയത് -പേജ് വ്യു പലപ്പോഴും വെറുമൊരു പറ്റിക്കല്‍ പണിയാണ് - നമുക്ക് തന്നെ നമ്മുടെ പേജ് വ്യു-ന്റെ എണ്ണം കൂട്ടാം. അത് കൊണ്ട് തന്നെ അത് ഒരു ശരിയായ കണക്കല്ല...ഇക്കാര്യം മനസ്സിലായ ഉടനെ ഞാന്‍ എന്റെ ഐ പി അഡ്രസ്‌ ഉള്‍ക്കൊള്ളിയ്ക്കാത്ത വിധം പേജ് വ്യു സെറ്റ് ചെയ്തു. ഇപ്പോള്‍ അത് ശരിയായ കണക്കുകള്‍ കാണിയ്ക്കുന്നു എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു!

അത് കൊണ്ട് തന്നെ എന്റെ ബ്ലോഗ്‌ 10000 പേജ് വ്യു തികച്ച ദിവസം മനസ്സില്‍ ആഹ്ലാദം അലയടിച്ചു... കൂടാതെ, 60-ല്‍ പരം ആളുകള്‍ ഞാന്‍ എഴുതുന്നത്‌ വായിക്കുവാന്‍ താത്പര്യപ്പെടുന്നു താനും! ഈ അറിവ് വീണ്ടും എഴുതുവാന്‍ എനിയ്ക്ക് വളരെയധികം പ്രോത്സാഹനം നല്‍കുന്നു!!!

അതിലേറേ എനിയ്ക്ക് സന്തോഷം തോന്നുന്നത് എന്റെ വായനക്കാരുടെ അഭിപ്രായങ്ങള്‍ അറിയുമ്പോഴാണ്... എത്ര വൈകിയാണെങ്കിലും അവര്‍ എനിക്ക് നല്‍കുന്ന ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഞാന്‍ നന്ദി പ്രകടിപ്പിയ്ക്കാറുണ്ട്. മാത്രമല്ല, ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ അത് ഒരു വലിയ ആവശ്യമാണെന്നും ഞാന്‍ കരുതുന്നു...

അത് പോലെ ഞാന്‍ സ്വയം നിഷ്കര്‍ഷിയ്ക്കുന്ന ഒരു കാര്യമാണ് വേറെ ബ്ലോഗ്‌ വായിച്ചാല്‍ (ഇപ്പോള്‍ വളരെ തിരക്കുകള്‍ നിറഞ്ഞ ജീവിതമാകയാല്‍ വായന വളരെ കുറവാണെന്ന് ഖേദിയ്ക്കുന്നു) അതിനെക്കുറിച്ചുള്ള എന്റെ അഭിപ്രായം പറയുക എന്നത്. ഇതും ഒരു കണക്കിന് പറഞ്ഞാല്‍ ബ്ലോഗര്‍ എന്ന നിലയില്‍ എന്റെ കര്‍ത്തവ്യമാണെന്നു ഞാന്‍ കരുതുന്നു...

എന്തായാലും ബ്ലോഗിങ് ലോകത്ത് പിച്ചവെയ്ക്കുവാനുള്ള ധൈര്യം കിട്ടിയിരിയ്ക്കുന്നു. മലയാളം ബ്ലോഗേഴ്സ് എന്ന കൂട്ടായ്മയുടെ ഭാഗമായതില്‍ പിന്നെ കുറെ നല്ല മലയാളം ബ്ലോഗുകളും എഴുത്തും ആസ്വദിയ്ക്കാനായി - അതൊരു മികച്ച നേട്ടമായി ഞാന്‍ കരുതുന്നു. എന്നെ പോലെയുള്ള ചിലര്‍ക്കെങ്കിലും എന്റെ ഈ കൊച്ചു കാല്‍ വെയ്പ്പ് ഒരു പ്രചോദനമായെങ്കിലോ എന്ന് കരുതിയാണ് ഇതെഴുതുന്നത്...

കഴിവുള്ള പലരും ഒരല്പം പ്രചോദനം കിട്ടാതെ മുരടിച്ചു പോകാറുണ്ട്... എന്നാല്‍ ഇത്തരം കൂട്ടായ്മകള്‍ അവര്‍ക്കൊക്കെ ഒരാശ്വാസവും പ്രചോദനവുമാണ്. അതിനാല്‍ ഇത്തരം കൂട്ടായ്മകള്‍ ഏറെ ശക്തമായി നില കൊള്ളട്ടേ എന്നും ഇനിയുമിനിയും എഴുത്തുകാര്‍ ചേര്‍ന്ന് ഈ തണല്‍ മരം ഒരു വന്‍ വൃക്ഷമായ് മാറട്ടെ എന്നും ഞാന്‍ ആശിയ്ക്കുന്നു...

എല്ലാ സഹൃദയര്‍ക്കും നന്ദി!

Thursday, 23 August 2012

തൂലിക


എഴുതുവാനായ് ഞാനെടുത്ത തൂലികത്തുമ്പില്‍  
വിരിയാത്തതെന്തേ അക്ഷരപ്പൂമൊട്ടുകള്‍ ?
നിണമണിഞ്ഞൊരു വാള്‍മുന പോലെയെന്‍
ഹൃത്തിനെയെന്തിനിന്നീ തൂലിക കീറി മുറിയ്ക്കുന്നു???

മധുരമാം സ്വപ്നങ്ങളൊരു കുന്നോളം വരച്ചുകാട്ടിയോ-
രെന്‍ തൂലികയെന്തേ കാട്ടാള വേഷമിന്നണിഞ്ഞിരിപ്പൂ?
സാന്ത്വനമായ് പെയ്തിറങ്ങേണ്ടുന്ന വാക്കുകളെന്തേ
കരാളഹസ്തം നീട്ടിയെന്നെ കെട്ടിവരിഞ്ഞിടുന്നു?

മനസ്സിന്‍ മുറിവുകളില്‍ നിന്നൊലിച്ച നിണകണങ്ങളാ-
ലെന്‍ ദേഹമിപ്പോള്‍ രക്തവര്‍ണ്ണമാകവേ, സ്നേഹമാമോരിറ്റു
വെള്ളത്തിന്‍ കൊച്ചു കണികയെന്നെ തേടി വന്നെങ്കിലെന്നു
വ്യഥിതമാമെന്‍ ഹൃദയത്തിന്‍ കേഴലുകള്‍ ഞാന്‍ കേള്‍പ്പൂ!

ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍ ഇമേജ്

Saturday, 18 August 2012

തൂതപ്പുഴ!!!

തൂതപ്പുഴ എന്നും ഒരു വ്യത്യസ്തമായ ഒരോര്‍മ്മയാണ്. മറ്റു പുഴകളിലെന്ന പോലെ പഞ്ചാര മണല്‍പ്പരപ്പും മണല്‍ ലോറികളും തൂതപ്പുഴയില്‍ കാണാറില്ല. പകരം ജലപ്പരപ്പുകളില്‍ അങ്ങിങ്ങ് തലയുയര്‍ത്തി നില്‍ക്കുന്ന പാറക്കൂട്ടങ്ങളാണ് തൂതപ്പുഴയുടെ മുഖമുദ്ര! ഏതു വേനലിലും തൂതപ്പുഴയില്‍ കളകളാരവം മുഴക്കിയൊഴുകുന്ന വെള്ളത്തിളക്കം കാണാം! അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്,  പഞ്ചാരമണലില്ലാത്ത നദീതടമാണ് തൂതപ്പുഴയുടെ ഭാഗ്യമെന്ന്... അല്ലെങ്കില്‍ മണല്‍ ഖനനം നടത്തി നാം അതിനെയും കൊന്നേനെ!!!

തൂത പാലത്തിലൂടെ എത്രയോ തവണ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചിരിയ്ക്കുന്നു. ഓരോ തവണയും ആ സവിധത്തിലെത്തുമ്പോള്‍ ഉള്ളു കുളിര്‍ക്കും. അതിവേഗം പായുന്ന വാഹനത്തിന്റെ ജാലകത്തിലൂടെ പുഴയുടെ മനോഹാരിത എന്റെയുള്ളിലേയ്ക്കാവാഹിച്ചു ഞാന്‍ നിര്‍വൃതിയണയും. പുഴവക്കത്തെ ആല്‍മരവും, ഭഗവതിക്കാവും ഏറെ തെളിമയോടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു ദേശത്തിന്റെ സ്പന്ദനവും പേറി പുഴയൊഴുകുമ്പോള്‍ നാടിന്നും നാട്ടാര്‍ക്കും ജീവന്‍ തന്നെയാണ് പ്രദാനം ചെയ്യുന്നത്! 
തൂതപ്പുഴയുടെ നന്മയില്‍ മുങ്ങിക്കുളിച്ച ഒരു സായം സന്ധ്യ എന്നും മനസ്സിന്റെ കോണില്‍ ഒരു മനോഹര സ്മരണയായ്‌ കുടി കൊള്ളുന്നു. കുട്ടിക്കാലത്ത് ഒരു ദിവസം നിനച്ചിരിയ്ക്കാതെ അച്ഛനും ഏട്ടന്മാരും പുഴയില്‍ നീന്തിക്കുളിയ്ക്കാന്‍ കൊണ്ടുപോയത് സുഖമുള്ള ഒരമ്പരപ്പായി ഇന്നും നില കൊള്ളുന്നു... തണുത്ത വെള്ളത്തില്‍ നീന്തിത്തിമര്‍ത്ത് മതി വന്നില്ല. അത്തരമൊരു സംഭവം അതിനു മുന്‍പും പിന്‍പും ഉണ്ടായിട്ടില്ല - അതിനാല്‍ തന്നെ ആ ദിനം നിറം മങ്ങാത്ത ഓര്‍മ്മയായ് ഇന്നും എന്നെ മോഹിപ്പിയ്ക്കുന്നുണ്ട്. വേനലവധിക്കാലത്ത് കുട്ടികളെ രാമഞ്ചാടിയില്‍ കൊണ്ടു പോവണമെന്ന ആഗ്രഹം മൊട്ടിട്ടതും ഈ ഓര്‍മകളുടെ ബലത്തിലാണെന്നു തോന്നുന്നു. പല പല കാരണങ്ങളാല്‍ അത് നടന്നില്ല. നീന്താന്‍ അറിയാത്ത നാലഞ്ചു കൊച്ചു കുട്ടികളെയും കൊണ്ടു പുഴയിലേയ്ക്ക് തനിയെ പോവാന്‍ അച്ഛനും ഒരു മടി. തിരക്കാര്‍ന്ന ജീവിത യാനത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് എന്തെല്ലാം നഷ്ടമാവുന്നു!!! ഒരേയൊരു ആശ്വാസം മുത്തച്ഛന്റെ കൂടെ ചിലവിട്ട സായാഹ്നങ്ങളില്‍ അമ്പലക്കുളത്തിലെ വിശാലതയില്‍ അവരെല്ലാം നീന്തല്‍ പഠിച്ചുവെന്നതാണ്.

എന്തായാലും ഒരിയ്ക്കല്‍ അവരെ ആ പുഴയോരത്തു കൊണ്ടു പോവണം. തെളിനീരും പേറിയൊഴുകുന്ന തൂതപ്പുഴയുടെ  ശീതളിമയില്‍ നീന്തിത്തുടിയ്ക്കാനുള്ള അവസരവും ഓര്‍ത്തു വെയ്ക്കുവാന്‍ സുന്ദരമായ ബാല്യകാല സ്മരണകളും അവര്‍ക്കും ഉണ്ടാകട്ടെ! കമ്പ്യുട്ടറും ടീവിയും വീഡിയോ ഗെയ്മുകളും മാത്രമല്ല, പ്രകൃതിയുടെ സ്നേഹമൊഴുകുന്ന കരസ്പര്‍ശനങ്ങളും അറിഞ്ഞു ആ കുരുന്നുകള്‍ വളരട്ടെ. നാളെയൊരിയ്ക്കല്‍  ബാല്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ കുളിര് കോരിയിടാന്‍ തൂതപ്പുഴ അവര്‍ക്കും അവസരമേകട്ടെ..

 ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ ഇമേജ് 

Sunday, 12 August 2012

മഹാകവി കൈതയ്ക്കല്‍ ജാതവേദന്‍ !


മലയാളത്തിനായ് നീക്കി വെച്ച ഈ താളുകളില്‍ ആദ്യമായ്  എഴുതുന്നത്‌ അമ്മാമനെ കുറിച്ച് തന്നെയാവട്ടെ... അക്ഷരങ്ങളുടെ ലോകത്ത് വിളറി നിന്ന എന്നെ ഒരു പുസ്തകപ്രേമിയാക്കുവാനും വായന ഒരു ശീലമാക്കുവാനും പ്രചോദനമായത് എന്റെ വല്യമ്മമനായിരുന്നു... കുട്ടിക്കാലത്ത് അമ്മയുടെ അനിയനെന്നതിലുപരി ഞാന്‍ അമ്മാമനെക്കുറിച്ച് ചിന്തിച്ചിരുന്നത് കര്‍ക്കശനായ ഒരദ്ധ്യാപകന്‍ എന്ന നിലയിലായിരുന്നുവെന്ന് ഇപ്പോള്‍ അറിയുന്നു... കട്ടിച്ചില്ലുള്ള കണ്ണടയിലൂടെയുള്ള നോട്ടത്തില്‍ ഒരു അമ്മാമന്റെ വാത്സല്യത്തെക്കാള്‍ ഞാന്‍ കണ്ടത് ഒരു മലയാള അദ്ധ്യാപകന്റെ നോട്ടമായിരുന്നു... അതില്‍ ഒളിച്ചിരുന്ന സ്നേഹം മനസ്സിലാക്കാന്‍ കുറച്ചു വലുതായിട്ടേ എനിയ്ക്ക് കഴിഞ്ഞുള്ളൂ എന്നതില്‍ ഞാന്‍ ലജ്ജിയ്ക്കുന്നു... തനി നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'ഒരു ബോധം വയ്ക്കുന്നത് വരെ' അദ്ദേഹത്തെ 'ഭയ-ബഹുമാന'ത്തോടെ മാത്രമേ ഞാന്‍ നോക്കിക്കണ്ടിട്ടുള്ളൂ! ശുദ്ധ മലയാളത്തില്‍ സംസാരിയ്ക്കാനും ഒരളവു വരെയെങ്കിലും ഭാഷയുടെ സംശുദ്ധി കാത്തു സൂക്ഷിയ്ക്കാനും എന്നെ പ്രേരിപ്പിച്ചതും ഈ വികാരങ്ങള്‍ തന്നെ..

ഒരിയ്ക്കല്‍ ചിത്രം വരച്ചു കണ്ടിരുന്ന എന്റെ അരുകിലെത്തി ഞാനും ഒരു ചിത്രം വരച്ചു തരട്ടെ എന്ന് ചോദിച്ചു... അത്ഭുതത്തോടെ ആയിക്കോട്ടെ എന്ന് തലകുലുക്കിയ എനിയ്ക്കായി അദ്ദേഹം വരച്ച ചിത്രം വാക്കുകളാലായിരുന്നു!!! അമ്മാമന്‍ അക്ഷര ശ്ലോകങ്ങള്‍ സ്ഫുടതയോടും ഈണത്തോടും ചൊല്ലി ഗംഭീരമാക്കിയ സദസ്സുകള്‍ അമ്മാത്ത് ചെല്ലുമ്പോഴത്തെ സാധാരണ കാഴ്ച്ചകളായിരുന്നു... എങ്കിലും എനിയ്ക്കേറ്റവും ഇഷ്ടം അമ്മാമന്റെ പുസ്തക ശേഖരം തന്നെ .. മലയാളം മാത്രമല്ല ഇംഗ്ലീഷ് പുസ്തകങ്ങളും, ശാസ്ത്രീയ പുസ്തകങ്ങളും ആ ശേഖരത്തിലുണ്ടായിരുന്നു! ഓറഞ്ച് കളറുള്ള പേപര്‍ കൊണ്ട് ഭംഗിയായി പൊതിഞ്ഞു വൃത്തിയില്‍ പേരെഴുതി വച്ചിട്ടുള്ള ആ പുസ്തകങ്ങള്‍ ഏറെ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. സിപ്പിപള്ളിപ്പുറത്തിന്റെ  ബാലസാഹിത്യവും പ്രൊഫ. എസ് ശിവദാസിന്റെ ശാസ്ത്ര പുസ്തകങ്ങളും എനിയ്ക്കെന്നും പ്രിയപ്പെട്ടവയായതും ആദ്യമായി ഷെര്‍ലോക്ക് ഹോംസ് കഥകളും മറ്റും വായിച്ചതും അമ്മാമന്റെ പുസ്തകങ്ങളിലൂടെയാണ്... അതുപോലെത്തന്നെ കൌതുകവും അത്ഭുതവും തോന്നിയിട്ടുള്ളത് അമ്മാമന്റെ സ്റ്റാമ്പ്‌ കളക്ഷന്‍ കണ്ടിട്ടായിരുന്നു!!! കട്ടിയേറിയ രണ്ടു വലിയ സ്റ്റാമ്പ്‌ ആല്‍ബത്തില്‍ വളരെ ചുരുക്കം ചിലത് ഞാനും സംഭാവന ചെയ്തവയാണ്.. അവയെല്ലാം കൃത്യമായ് അടയാളപ്പെടുത്തി വയ്ക്കുവാനും ചിലപ്പോള്‍ ഞാന്‍ കൂടിയിരുന്നു... കൈക്ഷരം നന്നെന്നു പറഞ്ഞു എന്നെ ആ പണി എല്പിയ്ക്കുമ്പോള്‍ ചിലപ്പോഴെങ്കിലും മടി തോന്നിയിട്ടുമുണ്ട്.. എന്നാലും വായനക്കൊതിയും ഭയവും കൂടുമ്പോള്‍ വയ്യെന്ന് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.. ഇന്ന് ആ കാലങ്ങളെല്ലാം ഒരു പിടി മധുര സ്മരണകള്‍ മാത്രം!

പിന്നീട് വലുതായപ്പോള്‍ കോളേജില്‍ നിന്നും വല്ലപ്പോഴും ഇല്ലത്തെത്തുവാന്‍ തുടങ്ങിയതോടെ അമ്മാത്തെയ്ക്കുള്ള പോക്കും കുറഞ്ഞു. എന്നാലും എപ്പോ അവിടെ പോയാലും ആദ്യം കണ്ണുകള്‍ പോവുക ആ പുസ്തക കൂട്ടിലേയ്ക്കാവും...

പറഞ്ഞു പറഞ്ഞു കാട് കയറിയപ്പോള്‍ പ്രസക്തമായ പല കാര്യങ്ങളും മറന്നു! ഒരു അദ്ധ്യാപകന്‍ എന്നതിലുപരി അതുല്യമായ ഭാഷാസമ്പത്തു കൈമുതലായുള്ള ഒരാളാണ് അമ്മാമന്‍! അദ്ദേഹം രചിച്ച് കവനകൈരളി, കവനകൌതുകം തുടങ്ങിയവയില്‍ പ്രസിദ്ധീകരിച്ച അക്ഷര ശ്ലോകങ്ങള്‍ മലയാള ഭാഷയ്ക്കു തന്നെ മുതല്‍ക്കൂട്ടാണ്! കൂടാതെ അദ്ദേഹം ഭര്‍തൃഹരിയുടെ 'ശതകത്രയം' തര്‍ജ്ജമ ചെയ്യുകയും, താന്‍സനെക്കുറിച്ച്
'ദിവ്യഗായകന്‍' എന്ന പേരില്‍ ഒരു കൃതിയും രചിച്ചിട്ടുണ്ട്. ഇപ്പോഴിതാ നീണ്ട മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം മലയാള സാഹിത്യത്തിനു ഒരു മഹാകാവ്യം അദ്ദേഹം സംഭാവന ചെയ്തിരിയ്ക്കുന്നു... 'വീരകേരളം' എന്ന ഈ കൃതി കേരള സിംഹമെന്നറിയപ്പെട്ട പഴശ്ശി രാജാവിന്റെ സമര ചരിതത്തെ ആസ്പദമാക്കിയാണ് രചിച്ചിട്ടുള്ളത്... ഏറെ കാലത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ഈ പുസ്തകം പുറത്തിറങ്ങുന്ന ഈ വേളയില്‍ അദ്ദേഹത്തിനുള്ള ആദരവാണ്  ഈ കുറിപ്പ്... 

കൈതയ്ക്കല്‍ ജാതവേദന്‍ എന്ന എന്റെ അമ്മാമന്‍ മലയാളത്തിന്റെ മഹാകവിയായി പ്രതിഷ്ഠിക്കപ്പെടുന്ന ഈ ശുഭ വേള എന്റെയും ഒരു സ്വകാര്യ അഹങ്കാരമാണ്... എങ്കിലും, അദ്ദേഹത്തിന്‍റെ ഭാഷാജ്ഞാനത്തിന്നു മുന്‍പില്‍ ഞാന്‍ കുത്തികുറിയ്ക്കുന്ന ഓരോ വരികളും വെറും 'വാക്കുകള്‍ ' മാത്രമാണെന്ന ബോദ്ധ്യം ഉള്ളിലുള്ളതിനാല്‍ ഞാനിനിയും ദീര്‍ഘിപ്പിയ്ക്കുന്നില്ല... അമ്മാമന്റെ തൂലികത്തുമ്പില്‍നിന്നും ഇനിയും അനേകായിരം കാവ്യങ്ങളും ശ്ലോകങ്ങളും വിരിയട്ടെ... അവയെല്ലാം നിറപ്പകിട്ടാര്‍ന്ന ഒരു പൂങ്കാവനമായി കൈരളിയുടെ അക്ഷരമുറ്റത്തു വിടര്‍ന്നു പരിലസിയ്ക്കട്ടെ! ഭാഷാസ്നേഹികള്‍ ആ പൂക്കള്‍ കണ്ടും ആസ്വദിച്ചും മലയാളത്തെ വീണ്ടും നെഞ്ചോടു ചേര്‍ക്കുമാറാകട്ടെ...

Saturday, 11 August 2012

ആമുഖം

കഴിഞ്ഞ കുറെ നാളുകളായി ഈ മോഹം മനസ്സില്‍ തോന്നിയിട്ട് ...രണ്ടു - മൂന്നു ഭാഷകള്‍ വലിയ തരക്കേടില്ലാതെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞപ്പോള്‍ തോന്നി, മലയാളത്തിന്നായി ഒരേട്‌ വേണമെന്ന്... ആ തോന്നല്‍ ശക്തമായപ്പോള്‍ ഈ താള്‍ രൂപമെടുത്തു... കഴിഞ്ഞ  കുറെ ദിവസങ്ങളായി കിട്ടാതിരുന്ന ഒഴിവു വേള ഇതിനായി ഉടന്‍ വിനിയോഗിച്ചു.

മലയാളത്തിന്റെ മാധുര്യം അതുല്യമാണ്. മാതൃഭാഷയെ നെഞ്ചോടു ചേര്‍ത്തു വളര്‍ന്ന ഒരു തനി മലയാളി എന്ന നിലയില്‍ ഈ എളിയ സംരംഭം മഹത്തായ  ഈ  ഭാഷയോടുള്ള ഒരു ആദര സൂചകവും ആണെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു...

സാഹിത്യ ലോകത്തിന്റെ പടി വാതിലില്‍ എത്തി നോക്കി പകച്ചു നില്‍ക്കുന്ന എനിയ്ക്കുള്ള യോഗ്യത മലയാള മണ്ണില്‍ പിറന്നുവെന്നും ആ മധുര ഭാഷ അല്പമെങ്കിലും നുകരുവാന്‍ കഴിഞ്ഞുവെന്നതും മാത്രമാണ് ... ഇവിടെ കുറിയ്ക്കുന്ന ഓരോ അക്ഷരങ്ങളും ഒരു സാധനയായ് ഞാന്‍ കൈരളിയാം അമ്മയ്ക്ക് സമര്‍പ്പിയ്ക്കട്ടെ! 

എന്റെ ഈ കൊച്ചു യാത്രയില്‍ എന്നെ പിന്താങ്ങിയ എല്ലാവര്‍ക്കും ഏറെ നന്ദി! തുടര്‍ന്നും എന്റെയീ യാത്രയില്‍ നിങ്ങളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എനിയ്ക്ക് തുണയേകുമെന്നു വിശ്വസിച്ചു ഞാന്‍ ഈ യാത്ര തുടരട്ടെ...