Thursday, 23 August 2012

തൂലിക


എഴുതുവാനായ് ഞാനെടുത്ത തൂലികത്തുമ്പില്‍  
വിരിയാത്തതെന്തേ അക്ഷരപ്പൂമൊട്ടുകള്‍ ?
നിണമണിഞ്ഞൊരു വാള്‍മുന പോലെയെന്‍
ഹൃത്തിനെയെന്തിനിന്നീ തൂലിക കീറി മുറിയ്ക്കുന്നു???

മധുരമാം സ്വപ്നങ്ങളൊരു കുന്നോളം വരച്ചുകാട്ടിയോ-
രെന്‍ തൂലികയെന്തേ കാട്ടാള വേഷമിന്നണിഞ്ഞിരിപ്പൂ?
സാന്ത്വനമായ് പെയ്തിറങ്ങേണ്ടുന്ന വാക്കുകളെന്തേ
കരാളഹസ്തം നീട്ടിയെന്നെ കെട്ടിവരിഞ്ഞിടുന്നു?

മനസ്സിന്‍ മുറിവുകളില്‍ നിന്നൊലിച്ച നിണകണങ്ങളാ-
ലെന്‍ ദേഹമിപ്പോള്‍ രക്തവര്‍ണ്ണമാകവേ, സ്നേഹമാമോരിറ്റു
വെള്ളത്തിന്‍ കൊച്ചു കണികയെന്നെ തേടി വന്നെങ്കിലെന്നു
വ്യഥിതമാമെന്‍ ഹൃദയത്തിന്‍ കേഴലുകള്‍ ഞാന്‍ കേള്‍പ്പൂ!

ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍ ഇമേജ്

Saturday, 18 August 2012

തൂതപ്പുഴ!!!

തൂതപ്പുഴ എന്നും ഒരു വ്യത്യസ്തമായ ഒരോര്‍മ്മയാണ്. മറ്റു പുഴകളിലെന്ന പോലെ പഞ്ചാര മണല്‍പ്പരപ്പും മണല്‍ ലോറികളും തൂതപ്പുഴയില്‍ കാണാറില്ല. പകരം ജലപ്പരപ്പുകളില്‍ അങ്ങിങ്ങ് തലയുയര്‍ത്തി നില്‍ക്കുന്ന പാറക്കൂട്ടങ്ങളാണ് തൂതപ്പുഴയുടെ മുഖമുദ്ര! ഏതു വേനലിലും തൂതപ്പുഴയില്‍ കളകളാരവം മുഴക്കിയൊഴുകുന്ന വെള്ളത്തിളക്കം കാണാം! അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്,  പഞ്ചാരമണലില്ലാത്ത നദീതടമാണ് തൂതപ്പുഴയുടെ ഭാഗ്യമെന്ന്... അല്ലെങ്കില്‍ മണല്‍ ഖനനം നടത്തി നാം അതിനെയും കൊന്നേനെ!!!

തൂത പാലത്തിലൂടെ എത്രയോ തവണ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചിരിയ്ക്കുന്നു. ഓരോ തവണയും ആ സവിധത്തിലെത്തുമ്പോള്‍ ഉള്ളു കുളിര്‍ക്കും. അതിവേഗം പായുന്ന വാഹനത്തിന്റെ ജാലകത്തിലൂടെ പുഴയുടെ മനോഹാരിത എന്റെയുള്ളിലേയ്ക്കാവാഹിച്ചു ഞാന്‍ നിര്‍വൃതിയണയും. പുഴവക്കത്തെ ആല്‍മരവും, ഭഗവതിക്കാവും ഏറെ തെളിമയോടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു ദേശത്തിന്റെ സ്പന്ദനവും പേറി പുഴയൊഴുകുമ്പോള്‍ നാടിന്നും നാട്ടാര്‍ക്കും ജീവന്‍ തന്നെയാണ് പ്രദാനം ചെയ്യുന്നത്! 
തൂതപ്പുഴയുടെ നന്മയില്‍ മുങ്ങിക്കുളിച്ച ഒരു സായം സന്ധ്യ എന്നും മനസ്സിന്റെ കോണില്‍ ഒരു മനോഹര സ്മരണയായ്‌ കുടി കൊള്ളുന്നു. കുട്ടിക്കാലത്ത് ഒരു ദിവസം നിനച്ചിരിയ്ക്കാതെ അച്ഛനും ഏട്ടന്മാരും പുഴയില്‍ നീന്തിക്കുളിയ്ക്കാന്‍ കൊണ്ടുപോയത് സുഖമുള്ള ഒരമ്പരപ്പായി ഇന്നും നില കൊള്ളുന്നു... തണുത്ത വെള്ളത്തില്‍ നീന്തിത്തിമര്‍ത്ത് മതി വന്നില്ല. അത്തരമൊരു സംഭവം അതിനു മുന്‍പും പിന്‍പും ഉണ്ടായിട്ടില്ല - അതിനാല്‍ തന്നെ ആ ദിനം നിറം മങ്ങാത്ത ഓര്‍മ്മയായ് ഇന്നും എന്നെ മോഹിപ്പിയ്ക്കുന്നുണ്ട്. വേനലവധിക്കാലത്ത് കുട്ടികളെ രാമഞ്ചാടിയില്‍ കൊണ്ടു പോവണമെന്ന ആഗ്രഹം മൊട്ടിട്ടതും ഈ ഓര്‍മകളുടെ ബലത്തിലാണെന്നു തോന്നുന്നു. പല പല കാരണങ്ങളാല്‍ അത് നടന്നില്ല. നീന്താന്‍ അറിയാത്ത നാലഞ്ചു കൊച്ചു കുട്ടികളെയും കൊണ്ടു പുഴയിലേയ്ക്ക് തനിയെ പോവാന്‍ അച്ഛനും ഒരു മടി. തിരക്കാര്‍ന്ന ജീവിത യാനത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് എന്തെല്ലാം നഷ്ടമാവുന്നു!!! ഒരേയൊരു ആശ്വാസം മുത്തച്ഛന്റെ കൂടെ ചിലവിട്ട സായാഹ്നങ്ങളില്‍ അമ്പലക്കുളത്തിലെ വിശാലതയില്‍ അവരെല്ലാം നീന്തല്‍ പഠിച്ചുവെന്നതാണ്.

എന്തായാലും ഒരിയ്ക്കല്‍ അവരെ ആ പുഴയോരത്തു കൊണ്ടു പോവണം. തെളിനീരും പേറിയൊഴുകുന്ന തൂതപ്പുഴയുടെ  ശീതളിമയില്‍ നീന്തിത്തുടിയ്ക്കാനുള്ള അവസരവും ഓര്‍ത്തു വെയ്ക്കുവാന്‍ സുന്ദരമായ ബാല്യകാല സ്മരണകളും അവര്‍ക്കും ഉണ്ടാകട്ടെ! കമ്പ്യുട്ടറും ടീവിയും വീഡിയോ ഗെയ്മുകളും മാത്രമല്ല, പ്രകൃതിയുടെ സ്നേഹമൊഴുകുന്ന കരസ്പര്‍ശനങ്ങളും അറിഞ്ഞു ആ കുരുന്നുകള്‍ വളരട്ടെ. നാളെയൊരിയ്ക്കല്‍  ബാല്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ കുളിര് കോരിയിടാന്‍ തൂതപ്പുഴ അവര്‍ക്കും അവസരമേകട്ടെ..

 ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ ഇമേജ് 

Sunday, 12 August 2012

മഹാകവി കൈതയ്ക്കല്‍ ജാതവേദന്‍ !


മലയാളത്തിനായ് നീക്കി വെച്ച ഈ താളുകളില്‍ ആദ്യമായ്  എഴുതുന്നത്‌ അമ്മാമനെ കുറിച്ച് തന്നെയാവട്ടെ... അക്ഷരങ്ങളുടെ ലോകത്ത് വിളറി നിന്ന എന്നെ ഒരു പുസ്തകപ്രേമിയാക്കുവാനും വായന ഒരു ശീലമാക്കുവാനും പ്രചോദനമായത് എന്റെ വല്യമ്മമനായിരുന്നു... കുട്ടിക്കാലത്ത് അമ്മയുടെ അനിയനെന്നതിലുപരി ഞാന്‍ അമ്മാമനെക്കുറിച്ച് ചിന്തിച്ചിരുന്നത് കര്‍ക്കശനായ ഒരദ്ധ്യാപകന്‍ എന്ന നിലയിലായിരുന്നുവെന്ന് ഇപ്പോള്‍ അറിയുന്നു... കട്ടിച്ചില്ലുള്ള കണ്ണടയിലൂടെയുള്ള നോട്ടത്തില്‍ ഒരു അമ്മാമന്റെ വാത്സല്യത്തെക്കാള്‍ ഞാന്‍ കണ്ടത് ഒരു മലയാള അദ്ധ്യാപകന്റെ നോട്ടമായിരുന്നു... അതില്‍ ഒളിച്ചിരുന്ന സ്നേഹം മനസ്സിലാക്കാന്‍ കുറച്ചു വലുതായിട്ടേ എനിയ്ക്ക് കഴിഞ്ഞുള്ളൂ എന്നതില്‍ ഞാന്‍ ലജ്ജിയ്ക്കുന്നു... തനി നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'ഒരു ബോധം വയ്ക്കുന്നത് വരെ' അദ്ദേഹത്തെ 'ഭയ-ബഹുമാന'ത്തോടെ മാത്രമേ ഞാന്‍ നോക്കിക്കണ്ടിട്ടുള്ളൂ! ശുദ്ധ മലയാളത്തില്‍ സംസാരിയ്ക്കാനും ഒരളവു വരെയെങ്കിലും ഭാഷയുടെ സംശുദ്ധി കാത്തു സൂക്ഷിയ്ക്കാനും എന്നെ പ്രേരിപ്പിച്ചതും ഈ വികാരങ്ങള്‍ തന്നെ..

ഒരിയ്ക്കല്‍ ചിത്രം വരച്ചു കണ്ടിരുന്ന എന്റെ അരുകിലെത്തി ഞാനും ഒരു ചിത്രം വരച്ചു തരട്ടെ എന്ന് ചോദിച്ചു... അത്ഭുതത്തോടെ ആയിക്കോട്ടെ എന്ന് തലകുലുക്കിയ എനിയ്ക്കായി അദ്ദേഹം വരച്ച ചിത്രം വാക്കുകളാലായിരുന്നു!!! അമ്മാമന്‍ അക്ഷര ശ്ലോകങ്ങള്‍ സ്ഫുടതയോടും ഈണത്തോടും ചൊല്ലി ഗംഭീരമാക്കിയ സദസ്സുകള്‍ അമ്മാത്ത് ചെല്ലുമ്പോഴത്തെ സാധാരണ കാഴ്ച്ചകളായിരുന്നു... എങ്കിലും എനിയ്ക്കേറ്റവും ഇഷ്ടം അമ്മാമന്റെ പുസ്തക ശേഖരം തന്നെ .. മലയാളം മാത്രമല്ല ഇംഗ്ലീഷ് പുസ്തകങ്ങളും, ശാസ്ത്രീയ പുസ്തകങ്ങളും ആ ശേഖരത്തിലുണ്ടായിരുന്നു! ഓറഞ്ച് കളറുള്ള പേപര്‍ കൊണ്ട് ഭംഗിയായി പൊതിഞ്ഞു വൃത്തിയില്‍ പേരെഴുതി വച്ചിട്ടുള്ള ആ പുസ്തകങ്ങള്‍ ഏറെ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. സിപ്പിപള്ളിപ്പുറത്തിന്റെ  ബാലസാഹിത്യവും പ്രൊഫ. എസ് ശിവദാസിന്റെ ശാസ്ത്ര പുസ്തകങ്ങളും എനിയ്ക്കെന്നും പ്രിയപ്പെട്ടവയായതും ആദ്യമായി ഷെര്‍ലോക്ക് ഹോംസ് കഥകളും മറ്റും വായിച്ചതും അമ്മാമന്റെ പുസ്തകങ്ങളിലൂടെയാണ്... അതുപോലെത്തന്നെ കൌതുകവും അത്ഭുതവും തോന്നിയിട്ടുള്ളത് അമ്മാമന്റെ സ്റ്റാമ്പ്‌ കളക്ഷന്‍ കണ്ടിട്ടായിരുന്നു!!! കട്ടിയേറിയ രണ്ടു വലിയ സ്റ്റാമ്പ്‌ ആല്‍ബത്തില്‍ വളരെ ചുരുക്കം ചിലത് ഞാനും സംഭാവന ചെയ്തവയാണ്.. അവയെല്ലാം കൃത്യമായ് അടയാളപ്പെടുത്തി വയ്ക്കുവാനും ചിലപ്പോള്‍ ഞാന്‍ കൂടിയിരുന്നു... കൈക്ഷരം നന്നെന്നു പറഞ്ഞു എന്നെ ആ പണി എല്പിയ്ക്കുമ്പോള്‍ ചിലപ്പോഴെങ്കിലും മടി തോന്നിയിട്ടുമുണ്ട്.. എന്നാലും വായനക്കൊതിയും ഭയവും കൂടുമ്പോള്‍ വയ്യെന്ന് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.. ഇന്ന് ആ കാലങ്ങളെല്ലാം ഒരു പിടി മധുര സ്മരണകള്‍ മാത്രം!

പിന്നീട് വലുതായപ്പോള്‍ കോളേജില്‍ നിന്നും വല്ലപ്പോഴും ഇല്ലത്തെത്തുവാന്‍ തുടങ്ങിയതോടെ അമ്മാത്തെയ്ക്കുള്ള പോക്കും കുറഞ്ഞു. എന്നാലും എപ്പോ അവിടെ പോയാലും ആദ്യം കണ്ണുകള്‍ പോവുക ആ പുസ്തക കൂട്ടിലേയ്ക്കാവും...

പറഞ്ഞു പറഞ്ഞു കാട് കയറിയപ്പോള്‍ പ്രസക്തമായ പല കാര്യങ്ങളും മറന്നു! ഒരു അദ്ധ്യാപകന്‍ എന്നതിലുപരി അതുല്യമായ ഭാഷാസമ്പത്തു കൈമുതലായുള്ള ഒരാളാണ് അമ്മാമന്‍! അദ്ദേഹം രചിച്ച് കവനകൈരളി, കവനകൌതുകം തുടങ്ങിയവയില്‍ പ്രസിദ്ധീകരിച്ച അക്ഷര ശ്ലോകങ്ങള്‍ മലയാള ഭാഷയ്ക്കു തന്നെ മുതല്‍ക്കൂട്ടാണ്! കൂടാതെ അദ്ദേഹം ഭര്‍തൃഹരിയുടെ 'ശതകത്രയം' തര്‍ജ്ജമ ചെയ്യുകയും, താന്‍സനെക്കുറിച്ച്
'ദിവ്യഗായകന്‍' എന്ന പേരില്‍ ഒരു കൃതിയും രചിച്ചിട്ടുണ്ട്. ഇപ്പോഴിതാ നീണ്ട മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം മലയാള സാഹിത്യത്തിനു ഒരു മഹാകാവ്യം അദ്ദേഹം സംഭാവന ചെയ്തിരിയ്ക്കുന്നു... 'വീരകേരളം' എന്ന ഈ കൃതി കേരള സിംഹമെന്നറിയപ്പെട്ട പഴശ്ശി രാജാവിന്റെ സമര ചരിതത്തെ ആസ്പദമാക്കിയാണ് രചിച്ചിട്ടുള്ളത്... ഏറെ കാലത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ഈ പുസ്തകം പുറത്തിറങ്ങുന്ന ഈ വേളയില്‍ അദ്ദേഹത്തിനുള്ള ആദരവാണ്  ഈ കുറിപ്പ്... 

കൈതയ്ക്കല്‍ ജാതവേദന്‍ എന്ന എന്റെ അമ്മാമന്‍ മലയാളത്തിന്റെ മഹാകവിയായി പ്രതിഷ്ഠിക്കപ്പെടുന്ന ഈ ശുഭ വേള എന്റെയും ഒരു സ്വകാര്യ അഹങ്കാരമാണ്... എങ്കിലും, അദ്ദേഹത്തിന്‍റെ ഭാഷാജ്ഞാനത്തിന്നു മുന്‍പില്‍ ഞാന്‍ കുത്തികുറിയ്ക്കുന്ന ഓരോ വരികളും വെറും 'വാക്കുകള്‍ ' മാത്രമാണെന്ന ബോദ്ധ്യം ഉള്ളിലുള്ളതിനാല്‍ ഞാനിനിയും ദീര്‍ഘിപ്പിയ്ക്കുന്നില്ല... അമ്മാമന്റെ തൂലികത്തുമ്പില്‍നിന്നും ഇനിയും അനേകായിരം കാവ്യങ്ങളും ശ്ലോകങ്ങളും വിരിയട്ടെ... അവയെല്ലാം നിറപ്പകിട്ടാര്‍ന്ന ഒരു പൂങ്കാവനമായി കൈരളിയുടെ അക്ഷരമുറ്റത്തു വിടര്‍ന്നു പരിലസിയ്ക്കട്ടെ! ഭാഷാസ്നേഹികള്‍ ആ പൂക്കള്‍ കണ്ടും ആസ്വദിച്ചും മലയാളത്തെ വീണ്ടും നെഞ്ചോടു ചേര്‍ക്കുമാറാകട്ടെ...

Saturday, 11 August 2012

ആമുഖം

കഴിഞ്ഞ കുറെ നാളുകളായി ഈ മോഹം മനസ്സില്‍ തോന്നിയിട്ട് ...രണ്ടു - മൂന്നു ഭാഷകള്‍ വലിയ തരക്കേടില്ലാതെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞപ്പോള്‍ തോന്നി, മലയാളത്തിന്നായി ഒരേട്‌ വേണമെന്ന്... ആ തോന്നല്‍ ശക്തമായപ്പോള്‍ ഈ താള്‍ രൂപമെടുത്തു... കഴിഞ്ഞ  കുറെ ദിവസങ്ങളായി കിട്ടാതിരുന്ന ഒഴിവു വേള ഇതിനായി ഉടന്‍ വിനിയോഗിച്ചു.

മലയാളത്തിന്റെ മാധുര്യം അതുല്യമാണ്. മാതൃഭാഷയെ നെഞ്ചോടു ചേര്‍ത്തു വളര്‍ന്ന ഒരു തനി മലയാളി എന്ന നിലയില്‍ ഈ എളിയ സംരംഭം മഹത്തായ  ഈ  ഭാഷയോടുള്ള ഒരു ആദര സൂചകവും ആണെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു...

സാഹിത്യ ലോകത്തിന്റെ പടി വാതിലില്‍ എത്തി നോക്കി പകച്ചു നില്‍ക്കുന്ന എനിയ്ക്കുള്ള യോഗ്യത മലയാള മണ്ണില്‍ പിറന്നുവെന്നും ആ മധുര ഭാഷ അല്പമെങ്കിലും നുകരുവാന്‍ കഴിഞ്ഞുവെന്നതും മാത്രമാണ് ... ഇവിടെ കുറിയ്ക്കുന്ന ഓരോ അക്ഷരങ്ങളും ഒരു സാധനയായ് ഞാന്‍ കൈരളിയാം അമ്മയ്ക്ക് സമര്‍പ്പിയ്ക്കട്ടെ! 

എന്റെ ഈ കൊച്ചു യാത്രയില്‍ എന്നെ പിന്താങ്ങിയ എല്ലാവര്‍ക്കും ഏറെ നന്ദി! തുടര്‍ന്നും എന്റെയീ യാത്രയില്‍ നിങ്ങളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എനിയ്ക്ക് തുണയേകുമെന്നു വിശ്വസിച്ചു ഞാന്‍ ഈ യാത്ര തുടരട്ടെ...