Saturday, 20 October 2012

മയില്‍പ്പീലി


മനസ്സിന്‍ മച്ചകത്തു നിന്നു ഞാനൊരു മഴവില്‍
വര്‍ണ്ണമേന്തും കുഞ്ഞു  മയില്‍പ്പീലി തിരഞ്ഞെടുത്തു
സപ്ത വര്‍ണ്ണമേന്തുമാ പീലിയിലെന്‍ ജീവന്‍റെ
സുന്ദരവര്‍ണ്ണങ്ങള്‍ മിന്നിത്തെളിഞ്ഞു നില്പൂ...

സ്നേഹത്തിന്‍ കടുംനീലയില്‍ ഞാന്‍ കുളിര്‍ന്നു
നില്‍ക്കെ, ഹരിതാഭമാം കൈയ്യാലെന്നെ തഴുകും
പ്രകൃതിയാമമ്മ പോല്‍, ആനന്ദത്തിന്‍ പൊന്‍ നിഴല്‍--
ത്തൂകികൊണ്ടതാ സുവര്‍ണ്ണവും പുഞ്ചിരിപ്പൂ...

മയില്‍‌പ്പീലിക്കണ്ണില്‍ കാണാവതായ് ഇതുവരെ-
യറിയാത്തൊരു വികാരവായ്പ്പിന്‍ തിളക്കം;
സ്വയമറിയാതെ ഞാനൊരു മയൂരമായ് മാറി-
യോരാനന്ദ നൃത്തത്തിന്‍ ചുവടു വെച്ചിടുന്നു...

ചിത്രത്തിനു  കടപ്പാട് - ഗൂഗിള്‍  ഇമേജ്

Wednesday, 17 October 2012

ഒരു മരണം ഉയര്‍ത്തിയ ചോദ്യങ്ങള്‍!


'മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഋജുമതിയാവലാണെന്നും 18 വയസ് തികയേണ്ടതില്ലെന്നും 2012 മെയ് മാസം ഡല്‍ഹി ഹൈക്കോടതി വിധി പ്രസ്താവിച്ചു. ശുമൈല(15 വയസ്) എന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തെ സംബന്ധിച്ചുള്ള കേസില്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് രവീന്ദ്രഭട്ട്, ജസ്റ്റിസ് എസ്.പി.ഗാഗ് എന്നിവരാണ് സുപ്രധാനമായ ഈ വിധി പുറപ്പെട്ടുവിച്ചത്.

18 വയസ് തികയാതെ വിവാഹം കഴിക്കുന്നതും കഴിച്ചുകൊടുക്കുന്നതും ക്രിമനല്‍ കുറ്റമായി കണക്കാക്കി പ്രൊസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയരാവുന്ന അവസ്ഥക്കാണറുതിവരുന്നത്. മഹല്ല് കമ്മിറ്റികള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ ഋജുമതിയായ പെണ്‍കുട്ടികളുടെ വിവാഹത്തിന് ഇനി പ്രയാസമില്ല. ഖതീബ്, മാതാപിതാക്കള്‍, സാക്ഷികള്‍ ഇവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവില്ല. ഇപ്പോള്‍ വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് ഡല്‍ഹി കോടതി വിധി ആശ്വാസകരമാവും.'


അബസ്വരങ്ങള്‍  എന്ന ബ്ലോഗിലൂടെ പലര്‍ക്കും പരിചിതനായ സഹബ്ലോഗ്ഗര്‍ അബ്സാര്‍ മുഹമ്മദ്‌ ഫേസ് ബുക്കിലെ മലയാളം ബ്ലോഗേഴ്സ്  കൂട്ടായ്മയില്‍ ഒരു കമന്റിനു മറുപടിയായി എഴുതിയതാണ് മുകളില്‍ കണ്ട വാക്കുകള്‍!!! അതില്‍ തെറ്റൊന്നുമില്ലായിരിയ്ക്കാം; പക്ഷേ അതെന്നെ ചിന്തിപ്പിച്ചു: പെണ്‍കുട്ടികളെ ഇളം പ്രായത്തില്‍ വിവാഹം കഴിച്ചു കൊടുക്കുന്നതിനെതിരെ അവബോധങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുന്ന ഈ കാലത്ത് (ഹരിയാനയിലെ വിവാദപരമായ പരാമര്‍ശങ്ങള്‍ ഇവിടെ തത്കാലം പരിഗണിയ്ക്കുന്നില്ല; വിഷയം മാറിപ്പോകുമെന്ന് തോന്നുന്നത് കൊണ്ട് മാത്രം) എന്തു കൊണ്ട് ഒരു പ്രത്യേക സമുദായത്തിലെ പെണ്‍കുട്ടികളെ മാത്രം വേര്‍തിരിച്ചു നിര്‍ത്തുന്നു? 

പെണ്‍കുട്ടികളുടെ വിവാഹപ്രായം നിയമപരമായി 18 ആണെങ്കിലും ഒരു 20-21 വയസ്സെങ്കിലും ആവാതെ അവരെ വിവാഹം കഴിപ്പിയ്ക്കരുതെന്ന പക്ഷക്കാരിയാണ് ഞാന്‍...!!...; വേറൊന്നും കൊണ്ടല്ല, സാമാന്യ വിദ്യാഭ്യാസം, ശാരീരികവും മാനസികവുമായ പക്വത, ജീവിതത്തെക്കുറിച്ച് ഒരു ധാരണ, എന്നിങ്ങനെ കുറെയേറെ കാര്യങ്ങള്‍ ഒരു 18-കാരിയെക്കാള്‍ ഒരു 21-കാരിയ്ക്കുണ്ടാവും. എന്തുകൊണ്ടും ഒരു വിവാഹജീവിതത്തെ കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാന്‍ അവള്‍ക്കാവും കഴിയുക!

ഈ അടുത്ത കാലങ്ങളില്‍, ചെറിയ പ്രായത്തില്‍ കുട്ടികളെ വിവാഹം കഴിപ്പിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിയ്ക്കാന്‍ ടിവിയിലും മറ്റും പല സ്കിറ്റുകളും സംപ്രേക്ഷണം ചെയ്തിരുന്നു... അതില്‍ പറഞ്ഞത് ചെറു പ്രായത്തില്‍ അമ്മയാകുന്ന സ്ത്രീകള്‍ക്കും  (പെണ്‍കുട്ടികള്‍ എന്ന് പറയുകയാവും ശരി) അവരുടെ കുട്ടികള്‍ക്കും പല ശാരീരിക പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ് എന്നാണ്. (ഞാന്‍ ഒരു മെഡിക്കല്‍ പ്രൊഫഷണല്‍ അല്ലാത്തതിനാല്‍ ഇതിന്‍റെ ആധികാരികതയെക്കുറിച്ച് ഉറപ്പ് പറയാന്‍ പറ്റില്ല. എങ്കിലും,) സാമാന്യ ബുദ്ധികൊണ്ടാലോചിച്ചാല്‍ അത് ശരിയാണെന്ന് തന്നെ വേണം കരുതാന്‍.......!

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെന്നിരിയ്ക്കെ, മുകളില്‍ കൊടുത്തിട്ടുള്ള കോടതി വിധി എത്ര പരിതാപകരമാണ്? നിങ്ങള്‍ ഒരു പ്രത്യേക സമുദായത്തില്‍ ജനിച്ചത്‌ കൊണ്ട് നിങ്ങളുടെ ജീവനും സ്വാതന്ത്ര്യത്തിനും ഇത്രയൊക്കെയേ വിലയുള്ളൂ എന്ന് പറയാതെ പറയുകയല്ലേ ആ വരികള്‍!!! ചെയ്യുന്നത്? അഥവാ അങ്ങിനെ ഒരു സംശയം ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റുണ്ടോ?

കൂട്ടത്തില്‍ പറയട്ടെ, മുകളിലെ കമന്റിനു ആധാരമായ വാര്‍ത്തയും ഏറെ ഖേദകരമായതാണ് - പ്ലസ്‌ ടൂ-വിന് പഠിയ്ക്കുന്ന കുട്ടി തന്‍റെ വിവാഹത്തിനു സ്കൂളിലുള്ളവരെ ക്ഷണിയ്ക്കാന്‍ പോയ അവസരത്തില്‍ സ്കൂള്‍ ബസിടിച്ച് മരിയ്ക്കുകയായിരുന്നുവത്രേ! അതേക്കുറിച്ച് അബ്സാര്‍ എഴുതിയപ്പോഴാണ് അറിഞ്ഞത്:

'വളാഞ്ചേരിക്ക് അടുത്ത മാവണ്ടിയൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി റാഷിദ അവളുടെ വിവാഹത്തിനു കൂട്ടുകാരെ വിളിക്കാന്‍ സ്കൂളിലേക്ക് വന്നപ്പോള്‍ പുറകിലേക്ക് എടുത്ത സ്കൂള്‍ ബസ് ഇടിച്ചു മരിച്ചു.....

വിവാഹ സ്വപ്നങ്ങളിലേക്ക് കൂട്ടുകാരെ ക്ഷണിക്കാന്‍ വന്നപ്പോള്‍ അത് തന്റെ മരണത്തിലേക്ക് ഉള്ള ക്ഷണം ആയിരിക്കും എന്ന് ആ പാവം അറിഞ്ഞിരിക്കില്ലല്ലോ...

അശ്രദ്ധയുടെ മറ്റൊരു ഇരകൂടി...

അവളുടെ ചലനമറ്റ ശരീരം വെള്ളതുണിയില്‍ പൊതിഞ്ഞു കൊണ്ട് പോകുന്നത് കണ്ടപ്പോള്‍ അറിയാതെ കണ്ണുകള്‍ നനഞ്ഞു....

സഹോദരീ.... 
സര്‍വ്വശക്തന്‍ സ്വര്‍ഗ്ഗപ്രവേശനം നല്‍കട്ടെ... '

ഈ വാക്കുകള്‍ കണ്ടപ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം വന്ന ചോദ്യവും പ്ലസ്‌ ടൂവിനു പഠിയ്ക്കുന്ന കുട്ടിയുടെ കല്യാണമോ (അതില്‍ വലിയ പുതുമയൊന്നും ഇല്ലെന്നറിയാം, എങ്കിലും!) എന്നാണ്... പിന്നെ ഇത്രയും ദാരുണമായ ഒരു വാര്‍ത്ത കേട്ടപ്പോള്‍ ഈ ചോദ്യത്തിന് പ്രസക്തിയില്ലെന്ന് തോന്നി. മനപ്പൂര്‍വ്വം അത് ചോദിയ്ക്കാതെ ആ ആത്മാവിനു വേണ്ടി ഒരു നിമിഷം മൌനമായി പ്രാര്‍ത്ഥിച്ചു. പിന്നെടെപ്പോഴോ കണ്ടു, എന്‍റെ മനസ്സില്‍ വന്ന അതേ ചോദ്യം ആരോ ചോദിച്ചിരിയ്ക്കുന്നു (റോബിന്‍) ആണെന്ന് തോന്നുന്നു). അതിനുള്ള ഉത്തരമാണ് മുകളില്‍ ഉദ്ധരിച്ച കോടതി വിധി.


ആ മരണവാര്‍ത്ത പോലെ തന്നെ മനസ്സില്‍ കനലുകള്‍ നിറച്ചു ഈ കോടതിവിധിയും. എത്രയെത്ര കുരുന്നു സ്വപ്നങ്ങളാവും ഈ വിധിയിലൂടെ മണ്ണടിഞ്ഞു പോവുക! ഇത്രയും കാലം നിയമത്തിന്‍റെ പരിരക്ഷ (പേരിനെങ്കിലും) അവര്‍ക്കുണ്ടായിരുന്നു; ഇപ്പോള്‍ അതുമില്ല. എന്നെ അതിലും വിഷമിപ്പിയ്ക്കുന്ന കാര്യം അവരെ മാത്രം വേര്‍ത്തിരിച്ച്‌ കാണിച്ചതാണ്. പൊതുവേ തന്നെ മുസ്ലിം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭിപ്രായ സ്വാതനന്ത്ര്യം ഇല്ല, അവര്‍ ഒരു രണ്ടാം കിട പൌരന്മാരാണ് എന്ന ധാരണയാണ് സമൂഹത്തിലുള്ളത്. ഇത്തരം നിയമങ്ങളും മറ്റും ആ ധാരണ ശക്തിപ്പെടുത്തുകയല്ലേ ചെയ്യുക???

കൂട്ടത്തില്‍ ഒന്നു കൂടി പറയട്ടെ, ഒരു പെണ്‍കുട്ടിയ്ക്ക് നല്ല വിവരവും വിദ്യാഭ്യാസവും ആരോഗ്യവും പ്രദാനം ചെയ്യുന്നതിലൂടെ നാം ഒരു നല്ല ഭാവി തലമുറയെ ആണ് സൃഷ്ടിയ്ക്കുന്നത്... കാരണം അമ്മയാണ് ഒരാളുടെ അറിവിന്‍റെ ആദ്യ ശ്രോതസ്സ്! 

നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയ ഈ വീഡിയോ കൂടി നിങ്ങളുടെ സമക്ഷം വെയ്ക്കുന്നു...http://www.youtube.com/watch?v=mnfURSTeHO8


PS: ശൈശവ വിവാഹം മുസ്ലിം സമുദായത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല; വേറെ പല സമുദായങ്ങളിലും (കേരളത്തിനു പുറത്ത് പ്രത്യേകിച്ചും)  ഇത് ഇന്നും ഉണ്ടെന്നറിയാം. അതുകൊണ്ട് മുകളിലെ വാക്കുകള്‍ മുസ്ലിങ്ങളെ മാത്രം ഉദ്ദേശിച്ചല്ല; മുസ്ലിം സമുദായത്തെക്കുറിച്ചു ഒരല്പം ഊന്നിപറഞ്ഞത്‌ ആ കോടതി വിധി അടിസ്ഥാനമാക്കിയാണ്. എന്നിരിയ്ക്കിലും ആരുടെയെങ്കിലും മതവികാരങ്ങളെ നോവിച്ചുവെങ്കില്‍ ആദ്യം തന്നെ ക്ഷമചോദിയ്ക്കുന്നു ... കൂടാതെ, റാഷിദയുടെ  വിയോഗം നല്‍കിയ ദുഖത്തില്‍ നിന്നും കരേറാന്‍ ആ കുടുംബത്തിന് ഈശ്വരന്‍ ശക്തി നല്‍കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു. അകാലത്തില്‍ പൊഴിഞ്ഞ ആ കുരുന്നു ജീവന് അന്ത്യാഞ്ജലികള്‍! !!

Friday, 12 October 2012

ഒരു ഫുട്ബോള്‍ കഥ!


പൊതുവേ ഫുട്ബോള്‍ ഇഷ്ടമാണെങ്കിലും പലരുടെയും പോലെ ക്ലബ് കളികളും മറ്റും ഞാന്‍ കാണാറില്ല. ഒരു സാധാരണ സ്പോര്‍ട്സ് പ്രേമിയായ എനിയ്ക്ക് ഫുട്ബോള്‍ ലോകത്തെ പ്രസ്തമായ ചില പേരുകള്‍ മാത്രമേ അറിയൂ താനും... എന്നാലും ഫുട്ബോളിനെ കുറിച്ചുള്ള ചില വാര്‍ത്തകള്‍ എന്‍റെ മനസ്സില്‍ സന്തോഷം നിറയ്ക്കുന്നു. നിങ്ങളിലെ ഫുട്ബോള്‍ പ്രേമികള്‍ ആശ്ചര്യപ്പെടേണ്ട; കേരള ഫുട്ബോളിന്‍റെ ഇപ്പോഴത്തെ ദയനീയ സ്ഥിതി എനിയ്ക്കറിയാം; ഞാനിവിടെ കളിക്കാരെക്കുറിച്ചല്ല പറയുവാന്‍ പോകുന്നത്, മറിച്ച് ഒരു റഫറിയെക്കുറിച്ചാണ്! ആരാണെന്നാവും, അല്ലെ? പറയാം. 

കഴിഞ്ഞ കൊല്ലം ഫിഫയുടെ എലീറ്റ് പാനല്‍ റഫറിയായി തിരഞ്ഞെടുക്കപെട്ട   മലയാളിയായ എം ബി സന്തോഷ്കുമാര്‍ ആണ് ആ റഫറി! ഫുട്ബോളിന്‍റെ എ ബി സി ഡി മാത്രമറിയാവുന്ന ഞാന്‍ ഒരു റഫറിയെ കുറിച്ച് എന്തു പറയാന്‍, അല്ലേ? പക്ഷേ ഞാന്‍ പറയാന്‍ പോകുന്ന ആളെ വ്യക്തിപരമായി അറിയാം എന്നത് കൊണ്ടു തന്നെയാണ് ഇതിവിടെ പറയുന്നതും...

പരിചയപെട്ടു കുറെ നാളുകള്‍ കഴിഞ്ഞ ശേഷമാണ് സന്തോഷ്‌ ഒരു റഫറിയാണെന്നു ഞാന്‍ അറിഞ്ഞത്.. സത്യത്തില്‍ സന്തോഷ്‌ ഒരു ഫുട്ബോളര്‍ ആണെന്ന് തന്നെ അറിഞ്ഞത് കുറെ കഴിഞ്ഞാണ്. ഞങ്ങള്‍ താമസിച്ചിരുന്ന ഫ്ലാറ്റിന്‍റെ കെയര്‍ ടേക്കര്‍ എന്നതിലുപരി എനിയ്ക്കയാളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ഇടയ്ക്കിടെ മൂന്നാല് ദിവസങ്ങള്‍ക്കോ ഒരാഴ്ചയ്ക്കോ ഒക്കെ അയാളെ കാണാതാവും. അതിനെക്കുറിച്ചൊന്നും  ഞാന്‍ അന്വേഷിച്ചിരുന്നില്ല. വെറുതെ ഒരാളുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നത് ഇഷ്ടമല്ലാത്തതിനാല്‍ പലപ്പോഴും സന്തോഷ്‌ ലീവിലാണെന്നു കേട്ടാലും എന്തിനാവും ലീവെടുത്തതെന്നൊന്നും അന്വേഷിക്കാറില്ല. 

അങ്ങിനെയിരിക്കേ യാദൃശ്ചികമായാണ് സന്തോഷ്‌ ഒരു ഫുട്ബോളര്‍ ആണെന്ന് അറിഞ്ഞത്. ഒരു ദിവസം അവിടത്തെ സെക്ക്യൂരിറ്റിയാണ് അത് പറഞ്ഞത്- സന്തോഷ്‌ കളിയ്ക്കാന്‍ പോയിരിയ്ക്കുകയാണ് എന്ന്. ചോദിച്ചപ്പോള്‍ 'കളി' ഫുട്ബോള്‍ ആണെന്ന് മനസ്സിലായി. പിന്നെയും കുറെ ദിവസം കഴിഞ്ഞാണ് സന്തോഷ്‌ ഒരു റഫറി ആണെന്ന് ഞാനറിഞ്ഞത്.  എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യാന്‍ അതി രാവിലെ സ്റ്റേഡിയത്തില്‍ മുടങ്ങാതെ പോകും; അത് കഴിഞ്ഞ് ഫ്ലാറ്റിലെ കാര്യങ്ങള്‍ നോക്കും, ചിലപ്പോള്‍ ഓട്ടോ ഓടിക്കലുമുണ്ട്. എപ്പോഴും എന്തെങ്കിലും ജോലിയില്‍ വ്യാപ്തനായിരിയ്ക്കും...  

കോട്ടയം ഭാഗത്ത്‌ നടക്കുന്ന ഒരു വിധം എല്ലാ ഫുട്ബോള്‍ മത്സരങ്ങളിലും (കോളേജ് മത്സരങ്ങളില്‍ പോലും) റഫറിയാവാന്‍ സന്തോഷിനെ തേടി ആളുകള്‍ വന്നിരുന്നു. സ്ഥലത്തുണ്ടെങ്കില്‍ പലപ്പോഴും ഫ്ലാറ്റിലെ ജോലി കഴിഞ്ഞ് മാച്ചുകളില്‍ റഫറിയായുള്ള തന്‍റെ പണി കഴിഞ്ഞേ സന്തോഷ്‌ വീട്ടിലേയ്ക്ക് പോകാറുള്ളൂ... അത് കൂടാതെ സന്തോഷ്‌ ട്രോഫി തുടങ്ങിയ ദേശീയ തല മത്സരങ്ങളിലും സന്തോഷ്‌ റഫറിയുടെ കുപ്പായമിട്ടിട്ടുണ്ട്.  സംസ്ഥാന തല റഫറിയില്‍ നിന്നും ഫിഫ റഫറിയാവാന്‍ ഏതാണ്ട്  രണ്ടു ദശാബ്ദത്തോളമെടുത്തുവത്രേ! എങ്കിലും കഠിനാധ്വാനിയായ ഈ ചെറുപ്പക്കാരന്‍ തന്‍റെ സ്വപ്നം സാക്ഷാത്കരിച്ചു എന്ന് തന്നെ പറയാം. ഇക്കഴിഞ്ഞ ജനുവരിയില്‍ Bayern Munich ഇന്ത്യയില്‍ കളിച്ചപ്പോള്‍ ആ കളി നിയന്ത്രിച്ചത് സന്തോഷായിരുന്നു. 

ഒരു സാധാരണ കുടുംബത്തിലെ അംഗമായ സന്തോഷിന് ഈ മത്സരങ്ങള്‍ പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കി കൊടുത്തിട്ടില്ല എന്നാണു ഞാന്‍ മനസ്സിലാക്കിയത്. കളിയോടുള്ള സ്നേഹവും അര്‍പ്പണബോധവുമാണ് പലപ്പോഴും അയാളെ ഈ പ്രാരാബ്ധങ്ങള്‍ക്കിടയിലും കളിയ്ക്കാന്‍ പ്രേരിപ്പിച്ചിരുന്നത് എന്നാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്. ഇതൊക്കെയാണെങ്കിലും സന്തോഷത്തോടെയല്ലാതെ ഞാന്‍ ആ മനുഷ്യനെ കണ്ടിട്ടില്ല. ഞങ്ങള്‍ അവിടെയുണ്ടായിരുന്ന രണ്ടു കൊല്ലക്കാലം സദാ പുഞ്ചിരിയ്ക്കുന്ന മുഖവും, എന്തു കാര്യം പറഞ്ഞാലും ചെയ്തു തരാനുള്ള മനസ്സും, തടസ്സങ്ങള്‍ വന്നാല്‍ ക്രിയാത്മകമായി അതിനുള്ള പരിഹാരം കാണാനുള്ള കഴിവും ഞാന്‍ അയാളില്‍ കണ്ടിരുന്നു. അതാണ്‌ സന്തോഷില്‍ ഞാന്‍ കണ്ട പ്രത്യേകതയും!

ഞങ്ങള്‍ കോട്ടയം വിട്ട് വേറെ സ്ഥലങ്ങളില്‍ പോയപ്പോഴും സന്തോഷ്‌ ഇടയ്ക്ക് വിളിച്ചിരുന്നു  - കളി കഴിഞ്ഞു വരികയാണ്; നിങ്ങളുടെ നാട്ടിലൂടെ പോയിക്കൊണ്ടിരിയ്ക്കുകയാണ്, അത് കൊണ്ടു വിളിച്ചതാണ് എന്ന് പറഞ്ഞ്... ചിലപ്പോള്‍ ഞങ്ങളും വിളിയ്ക്കും, കുശലാന്വേഷണം നടത്തും.

ഇക്കഴിഞ്ഞ ദിവസം റഫറിമാര്‍ക്കു ശമ്പളം കൊടുക്കുമെന്ന വാര്‍ത്ത‍ കേട്ടപ്പോള്‍, ആ ലിസ്റ്റില്‍ സന്തോഷിന്‍റെ പേര് കണ്ടപ്പോള്‍, അതിയായ ആഹ്ലാദം തോന്നി. പലവക ജോലികള്‍ ചെയ്തും, ഓട്ടോ ഓടിച്ചും ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ പാട് പെടുന്ന, അദ്ധ്വാനിയായ ആ ചെറുപ്പക്കാരന്‍റെ ജീവിത ഭാരം തെല്ലൊന്നു കുറയ്ക്കാന്‍ ഈ വരുമാനം ഉതകുമെന്നതില്‍ സംശയമില്ല. 

അത് മാത്രമല്ല, തരക്കേടില്ലാത്ത വരുമാനം ഉണ്ടാവുമെന്ന സ്ഥിതി വന്നാല്‍ ഒരു പക്ഷേ ഇനിയുമിനിയും കഴിവുറ്റ ആളുകള്‍ ഈ രംഗത്തേയ്ക്ക് വരാനും സാദ്ധ്യതയുണ്ട്!  ഇത് പോലെ അനേകം ആളുകള്‍ ഉണ്ടായിരിയ്ക്കാം. നല്ല നാളെകള്‍ സ്വപ്നം കാണുന്ന അവരുടെ മോഹങ്ങളും ഒരിയ്ക്കല്‍ പൂവണിയും എന്ന സന്ദേശമാണ് സന്തോഷിന്‍റെ ജീവിതം നമ്മെ പഠിപ്പിയ്ക്കുന്നത്... തങ്ങളുടെ ലക്‌ഷ്യം ഉറപ്പിച്ചു അതിനായി പ്രയത്നിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇന്നല്ലെങ്കില്‍ നാളെ നാം അത് നേടിയിരിയ്ക്കുമെന്നും!!!

picture courtesy: Google 

Saturday, 6 October 2012

നഷ്ടപെടുന്ന പൊതുസ്ഥലങ്ങള്‍!. ..

ആദ്യമേ തന്നെ പറയട്ടെ - സഹ ബ്ലോഗര്‍  (ഒട്ടും നിസ്സാരനല്ലെങ്കില്‍ കൂടിയും) നിസാരന്‍   എന്ന പേരില്‍ എഴുതുന്ന നിസാറിന്‍റെ പൊതു ഇടം നഷ്ടപെടുന്ന കുട്ടികള്‍ എന്ന ലേഖനവും ഈ എഴുത്തിനു പ്രചോദനമായി.

മലയാളക്കര ആകെ മാറിയിരിയ്ക്കുകയാണ്... പച്ചപ്പു വിരിച്ച നെല്‍ പാടങ്ങളും അവയ്ക്കു നെടുകെയും കുറുകെയും ഓടുന്ന വരമ്പുകളും, തലയുയര്‍ത്തി നില്‍ക്കുന്ന കേരവൃക്ഷങ്ങളും, കാറ്റിലാടുന്ന തെങ്ങോലകളും, തെളിഞ്ഞ വെള്ളം നിറഞ്ഞു നില്‍ക്കുന്ന കുളങ്ങളും, ഗൃഹാതുരത്വം ഉണര്‍ത്തുന്ന തുടിയൊച്ച കേള്‍ക്കാറുള്ള കിണര്‍ വക്കുകളും, അങ്ങു ദൂരെ വരെ ഓടിയോടിക്കളിയ്ക്കാനുള്ള മുറ്റങ്ങളും, അലസമായ് പ്രകൃതിയോടു ചേര്‍ന്നു നടക്കാനുതകുന്ന തൊടി(പറമ്പു)കളും ഇന്ന് കാണാനേയില്ല...

എന്‍റെ കുട്ടിക്കാലത്ത് പറമ്പിലും കുളത്തിലും പാടത്തും തോട്ടിലും മേട്ടിലുമൊക്കെ ഞങ്ങള്‍ ശങ്കയില്ലാതെ ഓടിക്കളിയ്ക്കുമായിരുന്നു... പൊരിവെയിലത്തും കോരിച്ചൊരിയുന്ന മഴയിലും കുട്ടികള്‍ വീടിന്നകത്ത്‌ കുത്തിയിരിയ്ക്കാറില്ല ... മഴവെള്ളത്തില്‍ കളിച്ചും, ഉച്ചവെയിലില്‍ വാടിയും, കുട്ടിക്കാലം ഏറെ രസകരമായ ഒരാഘോഷമായി കൊണ്ടാടി. സ്കൂളുകളിലും വിശാലമായ മുറ്റമുണ്ടായിരുന്നു - ഓടിയും ചാടിയും ബാല്യങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് വളര്‍ന്നു വന്നിരുന്നത്...

ഇപ്പോള്‍ സ്ഥിതിയാകെ മാറി! ഗ്രാമങ്ങള്‍ നഗരങ്ങളായി, വയലുകള്‍ നിന്നിരുന്ന സ്ഥലത്ത് കെട്ടിടങ്ങള്‍ ഉയര്‍ന്നു പൊങ്ങി....വിശാലമായ പറമ്പുകള്‍ കഷ്ണങ്ങളാക്കി മുറിച്ചു വിറ്റ കൂട്ടത്തില്‍ പുരയിടങ്ങളിലെ കുളങ്ങളും കിണറുകളും നികത്തി അവിടെയും മാളികകള്‍ പണിയാന്‍ നാമോരുരുത്തരും മത്സരിയ്ക്കുന്നു... ഇനി വല്ല പൊതു കുളങ്ങളും നികത്താതെയുണ്ടെങ്കില്‍ അവയെല്ലാം പല വിധത്തില്‍ മലിനമായി ആര്‍ക്കും വേണ്ടാതെ ശോച്യാവസ്ഥയില്‍ കിടന്ന് പതുക്കെ മരിച്ചു കൊണ്ടിരിയ്ക്കുന്നു...

നഗരത്തിലെ സൗകര്യങ്ങളെ കരുതി അവിടേയ്ക്കു കൂടുമാറിയ നമ്മുടെ മക്കളാകട്ടെ,കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലെ ചുവരുകള്‍ക്കുള്ളില്‍ ബന്ധിതരാക്കപ്പെടുന്നു.വലിയ വലിയ ഫ്ലാറ്റുകളില്‍ അധികമാരും ഉപയോഗിയ്ക്കാത്ത നീന്തല്‍ക്കുളങ്ങളുണ്ട്, ജിംനേഷ്യമുണ്ട്, പാര്‍ട്ടി ഹാളുകളുമുണ്ട് - ഇല്ലാത്തത് കുട്ടികള്‍ക്ക് ഓടിക്കളിച്ചു വളരാനുള്ള മുറ്റവും കളിസ്ഥലങ്ങളും!!! ഉള്ള സ്ഥലത്ത് അവരെന്തെങ്കിലും കളിച്ചാല്‍ ഉടനെ വരികയായി പരാതി - കാറ് കേടാക്കി, ചില്ലുടച്ചു എന്നിങ്ങനെ! ഫലമോ? മണ്ണും വെയിലും വെള്ളവും തൊടാതെ വീടിന്‍റെ നാലു ചുവരുകള്‍ക്കുള്ളില്‍ ബാല്യം തടവിലാക്കപ്പെടുന്നു... ടി വി യും കംപ്യുട്ടറുകളും വീഡിയോ ഗെയ്മുകളും മാത്രമായി അവരുടെ ജീവിതം ചുരുങ്ങുന്നു. കൂട്ടുകൂടാനും രസിയ്ക്കാനും അവര്‍ക്കറിയാതെയാവുന്നു...

സ്കൂളുകളിലും ഇപ്പോള്‍ മുറ്റങ്ങള്‍ കുറഞ്ഞു വരുന്നു. കൂടുതല്‍ കുട്ടികളെ ഉള്‍ക്കൊള്ളിയ്ക്കാനും വേണ്ടി അവിടെയും കെട്ടിട സമുച്ചയങ്ങള്‍ ഉയരുന്നു... ഈ വ്യഗ്രതയില്‍ പലപ്പോഴും മുറ്റങ്ങളാണ് ഇല്ലാതാവുന്നത്. കുട്ടികള്‍ക്ക് കളിച്ചു വളരാന്‍ മുറ്റമില്ലാത്ത സ്കൂളുകള്‍ വിദ്യാര്‍ഥികളുടെ ശാരീരിക-മാനസിക വികാസങ്ങള്‍ക്ക്‌ തടസ്സമാണെന്നു ഞാന്‍ വിശ്വസിയ്ക്കുന്നു.

നാടിന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല - കുളങ്ങളും കിണറുകളും അപ്രത്യക്ഷമായതോടെ ജീവ ജലം പോലും പലര്‍ക്കും ചോദ്യ ചിഹ്നമാണ്... മഴപെയ്യുമ്പോള്‍ വെള്ളപ്പൊക്കം; മഴ നിന്നാല്‍ വരള്‍ച്ച എന്നൊരു സ്ഥിതിയിലാണ് കേരളമിപ്പോള്‍!..!..! മഴപെയ്യുമ്പോള്‍ ഭൂഗര്‍ഭജലത്തിന്‍റെ അളവ് കൂടേണ്ടതാണ് - പക്ഷെ വെള്ളത്തിനു ഭൂമിക്കടിയിലേയ്ക്ക് പോകാന്‍ വഴിയെവിടെ? അതെല്ലാം നാം കോണ്‍ക്രീറ്റ് ചെയ്തടച്ചില്ലേ? ജല സംഭരണികളായ കുളം, കിണര്‍, കായല്‍, തോട്, പുഴ എന്നിവയെല്ലാം നാം നികത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നു... പിന്നെ  എങ്ങിനെ വരള്‍ച്ചയുണ്ടാവാതിരിയ്ക്കും???

പണ്ടത്തെ ഗ്രാമങ്ങളുടെ അവിഭാജ്യഘടകമായിരുന്നു അമ്പലങ്ങളും അമ്പലപ്പറമ്പുകളും... ആ പറമ്പുകള്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ സ്വകാര്യ സ്വത്തായിരുന്നില്ല... ആ ഗ്രാമത്തിലെ മുഴുവന്‍ കുട്ടികളുടേയും കളിസ്ഥലവും സാമ്രാജ്യവുമായിരുന്നു... അവിടെ ആര്‍ക്കും കളിക്കാം കൂട്ടുകാരൊത്ത് കളിപറഞ്ഞ് ഉല്ലസിയ്ക്കാം; പക്ഷെ ഇന്നോ? ആ പറമ്പുകളും പലപ്പോഴും കുട്ടികള്‍ക്ക് അന്യമായി മാറുന്നു - സമൂഹത്തില്‍ ഇന്ന് പടര്‍ന്നു പിടിച്ചിട്ടുള്ള വിഭാഗീയ ചിന്തയും സങ്കുചിത ചിന്തകളും നമ്മുടെ സാമൂഹ്യ ജീവിതത്തിനെയാകെ മാറ്റി മറിച്ചിരിയ്ക്കുന്നു - കാലം പോവും തോറും വിശാലമാവേണ്ട മനസ്സുകള്‍ ഓരോനാളുകള്‍ കഴിയും തോറും തന്നിലേയ്ക്കു ചുരുങ്ങി സ്വാര്‍ത്ഥതയില്‍ ലയിച്ചു തീരുന്നു...


ഇതിനൊക്കെ എന്താണ് പരിഹാരം? ആദ്യമായി വേണ്ടത് അവബോധമാണ്. കുറച്ചു നേരത്തെ സുഖത്തിനും സൗകര്യത്തിനും വേണ്ടി നാം ഇല്ലാതാക്കുന്നത് കാലാകാലമായി നമുക്ക് നന്മകള്‍ നല്‍കിയ പലതുമാണെന്ന ബോധം! നമ്മുടെ ചുറ്റുപാടുകളില്‍, നമ്മുടെ പരിധിയില്‍ വരുന്നവയെങ്കിലും നശിപ്പിയ്ക്കാതെയും പറ്റുമെങ്കില്‍ സംരക്ഷിച്ചും നമുക്ക് മുന്നേറാം... വീട് വെയ്ക്കുമ്പോള്‍ കിണര്‍, കുളങ്ങള്‍, പാടം തുടങ്ങിയവ നശിപ്പിയ്ക്കാതിരിയ്ക്കുക ... പറ്റുമെങ്കില്‍ വീട് വയ്ക്കുമ്പോള്‍ കിണറും അതിന്‍റെ ഭാഗമാക്കുക; മഴക്കാലത്ത് വെള്ളം ഭൂമിയിലേയ്ക്കിറങ്ങിപ്പോകാന്‍ വഴിയൊരുക്കുക.. മഴവെള്ള സംഭരണികള്‍ സംരക്ഷിയ്ക്കുക; ജലം, മണ്ണ്, വായു എന്നിവ നമ്മളായി മലിനമാക്കാതിരിക്കാന്‍ ശ്രമിയ്ക്കുക എന്നിങ്ങനെ ചെറിയ ചെറിയ കാര്യങ്ങള്‍ നാം ചെയ്താല്‍ ഒരുപക്ഷേ അത് നാളേയ്ക്കു ഒരു മുതല്‍ക്കൂട്ടാകും.

അതോടൊപ്പം തന്നെ നാമെല്ലാം ഒന്നാണ് എന്ന വിശാല ചിന്തയും പരിപോഷിപ്പിയ്ക്കേണ്ടിയിരിയ്ക്കുന്നു. ജാതി, മതം എന്നിവയുടെ ചട്ടക്കൂടുകള്‍ മാനവ സമൂഹത്തിന്‍റെ മൊത്തമായ നന്മയ്ക്കെതിരാണെങ്കില്‍ അവയ്ക്കപ്പുറമുള്ള  പൊതു നന്മയെക്കുറിച്ചു ചിന്തിയ്ക്കാനുള്ള മനസ്സ് നാം ഉണ്ടാക്കിയെടുക്കണം. ചിലര്‍ക്കെങ്കിലും അത് സാദ്ധ്യമായാല്‍ നമ്മുടെ ജീവിതവും നാടും മെച്ചപ്പെടും എന്ന ശുഭാപ്തി വിശ്വാസം എന്നിലുണ്ട്!