Tuesday, 20 November 2012

എന്താ ആരും പറഞ്ഞ് മനസ്സിലാക്കി കൊടുക്കാത്തത്?

നവംബര്‍ ലക്കം e-മഷിയില്‍ ഉള്‍പെടുത്തിയിട്ടുള്ളതാണ് എന്‍റെ ഈ ലേഖനം. ഫേസ്ബുക്കിലെ  മലയാളം ബ്ലോഗേഴ്സ് കൂട്ടായ്മയുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ e-മഷി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പൊതുവേ പത്രം വായിക്കാന്‍ മടിയുള്ള പത്തുവസ്സുകാരന്‍ മകനെകൊണ്ട് അല്പം നിര്‍ബന്ധിച്ചു തന്നെ പത്രം വായിപ്പിയ്ക്കുകയായിരുന്നു... അപ്പോഴാണ്‌ കൂടംകുളത്തെ കുറിച്ചുള്ള ഒരു വാര്‍ത്ത അവന്‍ വായിക്കാനിടയായത്. അതെതാണ് എന്നവനു സംശയം. ('അച്ഛനുമമ്മയും നിര്‍ബന്ധിയ്ക്കുമ്പോള്‍ മാത്രമല്ല എന്നും പത്രം വായിക്കണം, എന്നാല്‍ മനസ്സിലായേനെ' എന്ന് തെല്ലൊരു നീരസത്തോടെ പറഞ്ഞ് ഞാന്‍ അവന് അതേ കുറിച്ച് പറഞ്ഞ് കൊടുക്കാന്‍ ശ്രമിച്ചു).

ഞങ്ങളുടെ സംസാരം ഏതാണ്ട് ഇങ്ങിനെയായിരുന്നു....

'അമ്മേ, എന്താ ഈ കൂടംകുളം?' 'അതൊരു സ്ഥലമാണ്'. 'കേരളത്തിലാണോ?' 'അല്ല കേരളത്തിനടുത്താണ്, തമിഴ്‌നാട്ടില്‍'. 'അവിടെ എന്താ പ്രശ്നം?' 'അവിടെ ഒരു ന്യൂക്ലിയര്‍ പവര്‍ പ്ലാന്‍റ് വരുന്നു. അത് അവിടത്തെ ആള്‍ക്കാര്‍ക്ക് സമ്മതമല്ല'.

'അതെന്താ കാരണം?' 'അത് സുരക്ഷിതമല്ല എന്നാണു അവര്‍ പറയുന്നത്' 'എന്താ കാരണം?' ഇത് കുറച്ച് സമയമെടുത്ത് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടി വരും എന്നെനിയ്ക്കു ഉറപ്പായി. എന്നാല്‍ പിന്നെ അങ്ങനെ തന്നെ എന്ന് കരുതി ഞാന്‍ തുടര്‍ന്നു:

'പറയാം, അതിനു മുന്‍പ്, ഇത് പറയൂ: നാം വൈദ്യുതി ഉണ്ടാക്കുന്നത് എന്തില്‍ നിന്നന്നാണെന്നറിയാമോ?' ഞാന്‍ ചോദിച്ചു. '

'വെള്ളത്തില്‍ നിന്ന്‌!!!' - ഇതൊക്കെ എത്രയോ മുന്‍പ് ഞാന്‍ മനസ്സിലാക്കിയ കാര്യമാണല്ലോ എന്ന മട്ടില്‍ അവന്‍ പറഞ്ഞു.

'വളരെ ശരിയാണ്, എന്നാല്‍ വെള്ളം മാത്രമല്ല വൈദ്യുതി ഉണ്ടാക്കാനുള്ള വഴി' എന്ന് ഞാന്‍...

'പിന്നെ?'

'ന്യൂക്ലിയര്‍ എനര്‍ജി എന്ന് കേട്ടിട്ടുണ്ടോ?'. ഉവ്വെന്ന മട്ടില്‍ അവന്‍ തല കുലുക്കി. 'എവിടെ കേട്ടിടുണ്ട്?' എവിടെയോ കേട്ടിട്ടുണ്ടെന്ന് അവന്‍ പറഞ്ഞപ്പോള്‍ ഇനിയെങ്ങിനെ കാര്യങ്ങള്‍ പറയണം എന്ന് ഒരു നിമിഷം ആലോചിച്ച് ഞാന്‍ തുടര്‍ന്നു:

'ആറ്റംബോംബ് എന്ന് കേട്ടിട്ടുണ്ടോ?' 'അയ്യോ, അതു ഭയങ്കര 'dangerous' അല്ലെ അമ്മേ?' എന്നായി അവന്‍!!

 'അതേ, പണ്ട് യുദ്ധത്തില്‍ അമേരിയ്ക്ക ജപ്പാനില്‍ ആറ്റംബോംബ് ഇടുകയുണ്ടായി; വളരെയേറെ പേര്‍ മരിക്കുകയും പലരും ഇപ്പോഴും അതിന്‍റെ ദുരിതങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു. അത് ന്യൂക്ലിയര്‍ എനര്‍ജിയുടെ ചീത്ത ഉപയോഗമാണ്. ന്യൂക്ലിയര്‍ എനര്‍ജി നല്ല കാര്യങ്ങള്‍ക്കും ഉപയോഗിയ്ക്കാം'.

'എങ്ങിനെ?'

'പ്രധാനമായും കറന്റുണ്ടാക്കാനാണ് അത് ഉപയോഗിയ്ക്കുന്നത്. അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളൊക്കെ ന്യുക്ലിയര്‍ പവര്‍ കൊണ്ടാണ് പല കാര്യങ്ങളും ചെയ്യുന്നത് - ലൈറ്റ് കത്തിക്കുക, ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിയ്ക്കുക, തുടങ്ങിയവ. പല രാജ്യങ്ങളിലും വെള്ളം ഉപയോഗിച്ച് കറന്റുണ്ടാക്കാന്‍ പറ്റാത്തതിനാല്‍ അവര്‍ തെര്‍മല്‍, ന്യൂക്ലിയര്‍, സോളാര്‍ പവര്‍ തുടങ്ങിയവയാണ് ഉപയോഗിയ്ക്കുന്നത്. നമ്മുടെ നാട്ടിലും അതുപയോഗിക്കുന്നു - പ്രത്യേകിച്ചും വെള്ളം കുറവുള്ള സ്ഥലങ്ങളില്‍ കരന്റ്ടുണ്ടാക്കാന്‍ ഈ വിദ്യ ഉപയോഗിക്കുന്നു.'

'പക്ഷേ, ന്യുക്ലിയര്‍ എനര്‍ജി ബോംബ് പോലെ എല്ലാവരെയും കൊല്ലില്ലേ? അപ്പോള്‍ എങ്ങിനെയാണ് അത് നല്ലതാവുക? അതില്‍ നിന്നും എനര്‍ജി കിട്ടുക?'

'ഹോ! കുഴക്കുന്ന ചോദ്യം തന്നെ' എന്ന് മനസ്സിലോര്‍ത്തു ഞാന്‍ തുടര്‍ന്നു: 'ന്യൂക്ലിയര്‍ എനര്‍ജി അങ്ങിനെ നിയന്ത്രണമില്ലാതെ ബോംബ് പോലെ എറിഞ്ഞു പൊട്ടിക്കുകയല്ല; ശരിയായ രീതിയില്‍ എല്ലാ കാര്യങ്ങളും നോക്കി, നിയന്ത്രിതമായ രീതിയിലാണ് എനര്‍ജി ഉണ്ടാക്കുക. വളരെ ശക്തിയുള്ളതാണ് ഈ വിദ്യ. ചൂടും മറ്റും നിയന്ത്രിയ്ക്കാനുള്ള സംവിധാനങ്ങളും മറ്റും ന്യൂക്ലിയര്‍ പ്ലാന്റുകളില്‍ ഉണ്ടാവും.  അല്ലാതെ തോന്നുന്ന പോലെയൊന്നും അത് ചെയ്യാന്‍ പറ്റില്ല'

'അപ്പൊ പിന്നെയെങ്ങിനെയാണ്' എന്നായി അവന്‍...

'അതിന്‍റെ രീതിയൊന്നും അമ്മയ്ക്കറിയില്ല; ചില ചിട്ടകളും മറ്റുമുണ്ട്. അത് ശാസ്ത്രജ്ഞന്‍മാര്‍ക്കേ അറിയൂ. അവരാണത് നോക്കുക.'

'ശരി, കൂടംകുളത്ത് എന്താ പ്രശ്നം?' അവന്‍ അക്ഷമനായിത്തുടങ്ങിയെന്നു തോന്നുന്നു....

'ഞാന്‍ പറഞ്ഞില്ലേ, അവിടത്തുകാര്‍ക്ക് ആ ന്യൂക്ലിയര്‍ പ്ലാന്‍റ് വരുന്നതിനോട് യോജിപ്പില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ കറന്റ് ഉണ്ടാക്കുന്നതിനു മുന്നോടിയായി ചില പരീക്ഷണങ്ങള്‍ നടത്തും. അതോടെ പതുക്കെ പതുക്കെ അവിടത്തെ പ്രവര്‍ത്തനമാരംഭിയ്ക്കുകയും ചെയ്യും. അതോടെ കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന തമിഴ്നാട്ടിലെ ആള്‍ക്കാര്‍ക്ക് ആശ്വാസം കിട്ടും എന്നാണു അധികൃതര്‍ പറയുന്നത്'

'അതിനെന്താ കുഴപ്പം?'

'ഈ പവര്‍ പ്ലാന്‍റ് സുരക്ഷിതമല്ലെന്നും എന്തെങ്കിലും പ്രശ്നം (ഭൂമികുലുക്കം, തീവ്രവാദി ആക്രമണം തുടങ്ങി) വന്നാല്‍, അതില്‍ നിന്നുള്ള അണുവികരണം അവിടുത്തെ ജനങ്ങളെ ദോഷമായി ബാധിയ്ക്കും എന്നാണു ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. കൂടാതെ, എന്തെങ്കിലും അപകടമുണ്ടായാല്‍ അവിടെയുള്ള ആയിരക്കണക്കിനാളുകളെ മാറ്റി പാര്‍പ്പിയ്ക്കാനും മറ്റും സജ്ജീകരണങ്ങള്‍ ഇല്ല എന്നും കേള്‍ക്കുന്നു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ് അവിടെ താമസിക്കുന്നത്. അവര്‍ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമാണിത്. പിന്നെ, കേരളത്തിന്‍റെ അടുത്തുള്ള സ്ഥലമായതിനാല്‍ നമുക്കും ചിലപ്പോള്‍ അതിന്‍റെ ദൂഷ്യ ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും എന്നും പറയുന്നുണ്ട്.'

(ഇത് കേട്ടപ്പോള്‍ ഭയത്തിന്‍റെ ഒരു ചെറു കണിക ആ കുഞ്ഞു കണ്ണുകളില്‍ കാണാനായോ?)

'അവിടെ ശരിയ്ക്കും അങ്ങനത്തെ പ്രശ്നങ്ങളുണ്ടോ അമ്മേ?' - മകന്‍റെ ചോദ്യത്തിലും ഒരാശങ്ക നിരഞ്ഞിരിയ്ക്കുന്നത് പോലെ തോന്നി...

'അതെനിയ്ക്കറിയില്ല കുട്ടാ; എ പി ജെ അബ്ദുള്‍കലാമിനെ പോലുള്ളവര്‍ പറയുന്നു ഒരാശങ്കയും വേണ്ട; ഈ പ്ലാന്‍റ് സുരക്ഷിതമാണ് എന്ന്'

'എന്നാല്‍ പിന്നെ എനിയ്ക്കും പേടിയില്ല അമ്മേ, ഡോ. കലാം പറഞ്ഞില്ലേ! അദ്ദേഹം വലിയ അറിവുള്ള ആളല്ലേ! ' മകന്‍റെ വാക്കുകളില്‍ ആശ്വാസത്തിന്‍റെ തിരയടികള്‍....

'അദ്ദേഹം റോക്കറ്റ് സയിന്റിസ്റ്റ് ആണെന്നും ന്യൂക്ലിയര്‍ സൈന്‍സിനെക്കുറിച്ച് ആധികാരികമായി പറയാന്‍ കഴിയില്ലെന്നും ചിലര്‍ പറയുന്നുണ്ട്'.

'അപ്പോള്‍ പിന്നെ ആരാ അതിനെക്കുറിച്ച് പറഞ്ഞു തരിക?' മകന്‍റെ സംശയം വീണ്ടും മുളപൊട്ടി...

'ശരിയ്ക്കും പറഞ്ഞാല്‍ ഗവണ്മെന്‍റ് ആണ് ഇതിന്‍റെ കാര്യങ്ങള്‍ പറയേണ്ടത്.  ഈ പവര്‍ പ്ലാന്റിന്റെ പണി തുടങ്ങിയപ്പോഴൊന്നും ആരും പ്രതിഷേധിച്ചിരുന്നില്ല. ഇപ്പോള്‍ ആള്‍ക്കാര്‍ക്ക് പല കാരണങ്ങള്‍ കൊണ്ടും ഇതിനോട് എതിര്‍പ്പാണ്. ജപ്പാനില്‍ ഭൂമികുലുക്കമുണ്ടായപ്പോള്‍ സുനാമി വന്ന്‍ ഫുകുഷിമയിലെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്‍റ് തകരാറില്‍ ആയതോടെയാണ് ഈ പ്രതിഷേധം ശക്തമായതത്രേ. എന്നാല്‍ ഇത്തരം പ്ലാന്‍റുകള്‍ അതീവ സുരക്ഷിതമാണ് എന്നാണു ഇതിനെ അനുകൂലിയ്ക്കുന്നവര്‍ പറയുന്നത്. അതിന്‍റെ ഉദാഹരണമായി അവര്‍ പറയുന്നത് മുംബെയിലെ താരാപുര്‍ അടൊമിക് പവര്‍ സ്റ്റേഷനാണ്. ആളുകള്‍ തിങ്ങി പാര്‍ക്കുന്ന അവിടെ ഒരു പവര്‍ പ്ലാന്‍റ് ആവാമെങ്കില്‍ താരതമ്യേന ആള്‍ത്താമസം കുറഞ്ഞ കൂടംകുളത്ത് എന്ത് കൊണ്ട് ആയിക്കൂടാ എന്നാണവരുടെ വാദം.'

 'എന്നാല്‍ പിന്നെ എന്താ ഗവണ്മെന്‍റ് ഒന്നും ആള്‍ക്കാര്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാത്തത്?'

ഈ ചോദ്യം കേട്ട ഞാന്‍ ഒരു നിമിഷം മൌനിയായി... എത്ര ലളിതമായ, അര്‍ത്ഥവത്തായ ചോദ്യം!!!! എന്തുത്തരം പറയുമെന്നറിയാതെ ഞാന്‍ ഇരുന്നു...

ഒടുവില്‍ പറഞ്ഞു: 'അതെനിയ്ക്കറിയില്ല, സാധാരണ ജനങ്ങളുടെ നന്മയ്ക്കും ജനങ്ങള്‍ക്കും വേണ്ടിയാണ് ഗവണ്മെന്റ് നില കൊള്ളേണ്ടത്‌. അവരുടെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുകയും ചെയ്യണം. പക്ഷേ ഇവിടെ അവര്‍ ജനങ്ങളെ ശത്രുക്കളെ പോലെയാണ് നേരിടുന്നത്. കാര്യങ്ങള്‍ ശരിയായ രീതിയില്‍ പറയാന്‍ ആരും ഇല്ല. അത് കൊണ്ട് തന്നെയാണ് ഈ പ്രശ്നം ഇത്ര വഷളായതും..'

അപ്പോഴേയ്ക്കും ഇളയ മകന്‍ രംഗത്തെത്തി; കൂടംകുളത്തെ കുറിച്ചുള്ള സംഭാഷണം അവിടെ നിന്നു. മകന്‍റെ ഉള്ളില്‍ ആശങ്കയാണോ, അറിവാണോ ഞാന്‍ പകര്‍ന്നു കൊടുത്തതെന്ന് ഒന്നാലോചിച്ച് ഞാനും എന്‍റെ പതിവു ജോലികളില്‍ മുഴുകി. എന്നാലും മനസ്സില്‍ അപ്പോഴും നിഷ്കളങ്കമായ ഒരു ചോദ്യം മുഴങ്ങിക്കൊണ്ടേയിരുന്നു - 'എന്താ ആരും പറഞ്ഞു മനസ്സിലാക്കി കൊടുക്കാത്തത്' എന്ന കാമ്പുള്ള ചോദ്യം!!!