Thursday, 12 December 2013

ആപ്പിള്‍ - ആസ്വാദനക്കുറിപ്പ്

പുസ്തക പ്രകാശനവും (അതിനെക്കുറിച്ച് ഇവിടെ പറഞ്ഞിട്ടുള്ളതിനാല്‍ ആവര്‍ത്തിക്കുന്നില്ല) കഴിഞ്ഞ്, പുസ്തകത്താളില്‍ കഥാകാരന്റെ ഒപ്പും വാങ്ങി വിടപറഞ്ഞിറങ്ങിയപ്പോള്‍ സിയാഫ്ക്ക പറഞ്ഞ 'വായിച്ചു കഴിഞ്ഞ് ഒരവലോകനവും വേണം' എന്ന വാക്കുകള്‍ എന്നെ വിടാതെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു ഇത്രയും ദിവസം. വായന പല പല കാരണങ്ങളാല്‍ തട്ടിയും മുട്ടിയുമാണ് മുന്നോട്ട് നീങ്ങിയത്. വായന നടക്കാതെ പോയ ഓരോ ദിവസവും മനസ്സിനുള്ളില്‍ ഒരു ഭാരമായിരുന്നു... ഇന്നിപ്പോള്‍ 'ആപ്പിള്‍ ' വായിച്ചു കഴിഞ്ഞപ്പോള്‍ ഒരാശ്വാസം!


ആപ്പിളിനെ കുറച്ചു വാക്കുകളില്‍ വിവരിക്കുക അസാദ്ധ്യം തന്നെ! കഷ്ടി തൊണ്ണൂറോളം പേജുള്ള ഈ പുസ്തകത്തില്‍ വായനക്കാര്‍ക്കായുള്ളത് പതിനഞ്ചു വ്യത്യസ്ത കഥകളാണ്. എല്ലാം സ്വന്തമായി വ്യക്തിത്വമുള്ള കഥകള്‍ ! (കഥകള്‍ക്കും വ്യക്തിത്വമുണ്ടാവുമോ എന്ന് ചോദ്യമുണര്‍ന്നേക്കാം - ഉവ്വ് എന്നു തന്നെയാണ് ഉത്തരം). എല്ലാ കഥകളും വ്യത്യസ്തത കൊണ്ട് വേറിട്ടു നില്‍ക്കുന്നു. അവയെല്ലാം ഒരാള്‍ തന്നെയാണോ എഴുതിയത് എന്ന്‍ ഒരു വേള നാം ആശ്ചര്യപ്പെട്ടേയ്ക്കാം... അത്രയധികം വൈവിദ്ധ്യം അവ വായനക്കാരന് നല്‍കുന്നു.

'ആപ്പിള്‍ ' എന്ന കഥ നമ്മെ ഒരു പഴയ കാല റഷ്യന്‍ അല്ലെങ്കില്‍ ഇംഗ്ലീഷ് നാടോടി കഥകളെ ഓര്‍മിപ്പിക്കും... മിയ എന്ന പെണ്‍കുട്ടിയുടെ ചിന്തകളും ഭാവനകളുമൊക്കെ വളരെ നന്നായി നമുക്ക് കാണിച്ചു തരുന്നുണ്ട് കഥാകാരന്‍ - ഈ കഥയില്‍ പ്രത്യക്ഷപ്പെടുന്ന ഓരോ കഥാപാത്രങ്ങളുടെയും വ്യക്തമായ ചിത്രം വായനക്കാരില്‍ വരച്ചിടാന്‍ കഥാകാരന് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

'തവള' ചരിത്രം രസകരമായി പറഞ്ഞു പോകുന്നതിനിടയില്‍ അങ്ങോട്ടുമിങ്ങോട്ടും തവളച്ചാട്ടം നടത്തിയതിനാല്‍ അത്ര വായനാസുഖം കിട്ടിയില്ല. എങ്കിലും പഴയ തവളയുടെയും രാജകുമാരന്റെയും കഥ രണ്ടുമൂന്നു അപ്രതീക്ഷിത വഴിത്തിരിവിലൂടെ കടന്നു പോവുകയും ഇന്നത്തെ ലോകത്തിന്റെ പല വികൃതമുഖങ്ങളിലേക്കും ശ്രദ്ധ തിരിക്കുകയും ചെയ്തു... ഒരു പുനര്‍വായനയില്‍ ഈ കഥ പലതും പറയാതെ പറയുന്നുണ്ടെന്ന് മനസ്സിലാകും.

'വൈകിയോടുന്ന വണ്ടി' നമ്മെ പലതും ഓര്‍മിപ്പിക്കുന്നു. നിസ്സഹായരായ സഹജീവികളെ കരുണയോടെ നോക്കാനുള്ള കഴിവു പോലും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ഒരു കൊച്ചു കുട്ടിയുടെ മനസ്സില്‍ പോലും ചില വേഷവിധാനങ്ങള്‍ ഒരാളെപ്പറ്റി എന്തൊക്കെ അബദ്ധ ധാരണകള്‍ ഉണര്‍ത്തിയേക്കാം  എന്നും വൈകിയോടുന്ന വണ്ടിയിലെ യാത്ര നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

'ഭൂതം' എന്ന കഥ തുടക്കത്തില്‍ ഉദ്വേഗം ജനിപ്പിച്ചുവെങ്കില്‍ അവസാനിക്കുമ്പോഴേയ്ക്കും മനസ്സില്‍ ഒരു നൊമ്പരം തീര്‍ക്കുന്നു. സ്വന്തം ജീവന്‍ രക്ഷിച്ചവനെപ്പോലും പിന്നീട് പണത്തിനു വേണ്ടി നിഷ്കരുണം ആട്ടിയോടിക്കുന്ന ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ടെന്ന ദു:ഖ സത്യം ഈ കഥയിലൂടെ അനാവരണം ചെയ്യപ്പെടുന്നു. സ്വന്തം ജയത്തിനും പണത്തിനും വേണ്ടി എത്ര നീചനവാനും മനുഷ്യന് മടിയില്ല എന്നും ഈ കഥ ചൂണ്ടിക്കാണിക്കുന്നു.

'ആറാമന്റെ മൊഴി' എന്ന കഥ 'സാക്ഷിമൊഴികള്‍ '  എന്ന പേരില്‍ ഇ-മഷി വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ്. അതിനാല്‍ തന്നെ, ഈ പുസ്തകത്തിലെ ഞാന്‍ ഏറ്റവുമധികം തവണ വായിച്ച കഥയും ഇതുതന്നെയാണ്. പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ ദുരവസ്ഥ അതിലൂടെ പുറത്തു വരുന്നു. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ സാക്ഷിമൊഴികള്‍ തനിക്കെതിരായി മാറുമ്പോള്‍ മരണമാണ് ഏറ്റവും വലിയ രക്ഷാമാര്‍ഗ്ഗം എന്ന് ആ പെണ്‍കുട്ടിക്ക് തോന്നിപ്പോകുന്നതില്‍ അദ്ഭുതമില്ല - ഇന്ന് നമുക്ക് ചുറ്റും നടക്കുന്നതും ഒരുപക്ഷേ ഇരകളെ കുറ്റപ്പെടുത്തല്‍ തന്നെയാണെന്നും ഈ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

'കാസിനോ' എന്ന കഥ ഇന്നത്തെ ഏതൊരു നഗരത്തിലും നടക്കാവുന്ന / നടക്കുന്ന കാര്യങ്ങള്‍ പറയുന്നു. ആളുകള്‍ എന്തു കൊണ്ട് ഇങ്ങനെയൊക്കെയാവുന്നു എന്നൊരു ചോദ്യം ഉള്ളില്‍ ഉയര്‍ന്നു വന്നു, ആ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ .

'യൂത്തനേഷ്യ' പേര് സൂചിപ്പിക്കുനത് പോലെ തന്നെ ദയാവധം എന്ന വിഷയത്തെപ്പറ്റി പറയുന്നു. തന്‍റെ പരിചരണത്തിലുള്ള രോഗിയെ ദയാവധത്തിനു ഇരയാക്കണം എന്ന്‍ രോഗിയുടെ ബന്ധുക്കള്‍ തന്നെ ആവശ്യപ്പെടുമ്പോള്‍ , ആ ആവശ്യത്തിനു ആശുപത്രി അധികൃതരുടെ മൌനാനുവാദവും കിട്ടുമ്പോള്‍ ഒരു ഡോക്ടര്‍ക്കുണ്ടാവുന്ന ആശയക്കുഴപ്പം വായനക്കാരനിലേക്കും പകരുന്നു. ഇതിലെ ഡോക്ടറുടെ ചിത്രം വളരെ വ്യക്തമായി തന്നെ വാനക്കാരനുള്ളില്‍ വിരിയുന്നു.

'സുഷിരക്കാഴ്ചകള്‍ ' എന്ന കുറഞ്ഞ വരികളില്‍ പറഞ്ഞ കഥയുടെ അന്ത്യം ആരും പ്രതീക്ഷിക്കാത്ത രീതിയിലാവും. അവസാനം കാര്യം മനസ്സിലാവുമ്പോള്‍ ഒരു നെടുവീര്‍പ്പ് അറിയാതെ പുറത്തുചാടും...

'ദൈവത്തിന്റെ അമ്മ' മക്കളില്ലാത്ത അമ്മമാരുടെ വേദന വിളിച്ചോതുന്നു. ഈ കഥയും നിനച്ചിരിക്കാത്ത വഴികളിലൂടെ എന്നെ കൈ പിടിച്ചു നടത്തി... ഒടുവില്‍ കഥാന്ത്യത്തില്‍ സമ്മിശ്രവികാരങ്ങള്‍ ഉയര്‍ത്തിക്കൊണ്ട്, വായനക്ക് ശേഷവും ആ അമ്മ മനസ്സില്‍ മായാതെ നില്‍ക്കുന്നു ...

'തൃക്കാല്‍ വിശേഷം' രസകരമായി തോന്നി - ആക്ഷേപഹാസ്യം നന്നായി കൈകാര്യം ചെയ്തിരിക്കുന്നു ഇതില്‍ ..

'ഗൃഹപാഠങ്ങള്‍ ' മനസ്സില്‍ ആശങ്കയാണ് വിതച്ചത്. ഇന്നത്തെ കുട്ടികളെല്ലാവരും ഇങ്ങനെയാണ്  ചിന്തിക്കുന്നതെങ്കില്‍ കഷ്ടം തന്നെ എന്ന തോന്നലാണുണ്ടായത്. മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരായി നമ്മുടെ മക്കള്‍ വളരാതിരിക്കട്ടെ എന്ന്‍ ആശിക്കാനാണ് ഈ കഥ പ്രേരിപ്പിച്ചത്.

'അണയാത്ത തിരിനാളം' അവസാനം വരെ ഇന്നതാണ് സംഗതി എന്ന്‍ ഒരു സങ്കേതവും നല്‍കിയില്ല. അതുകൊണ്ട് തന്നെ കഥാന്ത്യത്തിലാണ് പല കാര്യങ്ങളും പിടികിട്ടിയത്.

'ഗുരു അത്ര തന്നെ ലഘു' കാലത്തിന്റെ മറ്റൊരേട്‌ തുറന്നു കാണിക്കുന്നു. പലപ്പോഴും നാം കണ്ടിട്ടുള്ള, എന്നാല്‍, ഒരുപക്ഷേ, ഒരിക്കല്‍പോലും ശ്രദ്ധിച്ചിട്ടില്ലാത്ത പല കാഴ്ച്ചകളും അതിലൂടെ കാണുന്നു. അതില്‍ നടക്കുന്ന കാര്യങ്ങള്‍ നമ്മുടെ കണ്‍മുന്നില്‍ നടക്കുകയാണ് എന്ന് തോന്നിയാലും അദ്ഭുതമില്ല.

'മനോരോഗിയുടെ ആല്‍ബം' ഒരല്പം സങ്കീര്‍ണ്ണമായ കഥയായി തോന്നി - അതിലെ പല കാര്യങ്ങളും ഇപ്പോഴും പിടി തരാതെ അലയുന്ന പോലെ... ഒരു പുനര്‍വായന ആവശ്യമാണെന്ന് തോന്നിയ കഥ.

'മറവിയിലേക്ക് ഒരു ടിക്കറ്റ് ' മുന്പ് വായിച്ചിട്ടുള്ളതിനാല്‍ ഇത്തവണ ഒന്നോടിച്ചു വായിച്ചതേയുള്ളൂ. മറവി മനുഷ്യന് ഒരനുഗ്രഹമാണ്‌ എന്ന് പറയുമ്പോഴും മറവി അനുഗ്രഹമല്ലാത്ത അവസ്ഥയും ഉണ്ടെന്നു നമ്മെ ഓര്‍മ്മപ്പെടുത്തുന്ന, നൊമ്പരമുണര്‍ത്തുന്ന കഥ!

സിയാഫ് അബ്ദുള്‍ഖാദിര്‍ 
അങ്ങനെ, മൊത്തത്തില്‍ ഒരു നല്ല വായനാനുഭവമാണ് ആപ്പിള്‍ നല്കുന്നത്. മധുരം മാത്രം പ്രതീക്ഷിച്ചുകൊണ്ട് ഈ ആപ്പിള്‍ കൈയ്യിലെടുത്താല്‍ നിരാശയായിരിക്കും ഫലം. കാരണം ഇതില്‍ മധുരം മാത്രമല്ല, അല്പം കയ്പ്പും ചവര്‍പ്പും എല്ലാമുണ്ട്. വായിച്ചവസാനിപ്പിച്ചാലും ചില കഥാപാത്രങ്ങള്‍ നമ്മെ വിട്ടുപിരിയാതെ എന്തൊക്കെയോ ഓര്‍മ്മിപ്പിച്ചുക്കൊണ്ടിരിക്കും. വായനാനന്തരവും അവര്‍ നമ്മോട് സംവദിക്കുന്നു. ഒരു കഥാകൃത്ത് തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു എന്നതിന് ഇതില്‍ പരം എന്ത് പ്രമാണമാണ്‌ ആവശ്യമായിട്ടുള്ളത്?

സിയാഫ് അബ്ദുള്‍ഖാദിര്‍ എന്ന കഥവണ്ടിക്കാരന്‍ ഈ കഥകളിലൂടെ നമ്മെ നയിച്ചു കൊണ്ടുപോകുമ്പോള്‍ നാം ഈ യാത്ര വളരെയധികം ആസ്വദിക്കുക തന്നെ ചെയ്യുന്നു. ഈ വണ്ടിയില്‍ യാത്ര ചെയ്തവരില്‍ അടുത്ത കഥവണ്ടിക്കായി ഇപ്പോള്‍ തന്നെ കാത്തിരിക്കുന്നവരും ധാരാളമുണ്ടാകും. കഥവണ്ടി ഒരിക്കലും നിലക്കാതിരിക്കട്ടെ - വ്യത്യസ്തമായ കഥകളിലൂടെ അതിന്റെ യാത്ര അനുസ്യൂതം തുടരട്ടെ!

പിന്കുറിപ്പ്:
ദേഹാന്തരയാത്രകളില്‍ എന്ന പോലെ ആപ്പിളിലും ചില അക്ഷരത്തെറ്റുകള്‍ കാണുകയുണ്ടായി. അവയെല്ലാം ഇവിടെ ആവര്‍ത്തിക്കുന്നില്ല...

ബ്ലോഗര്‍മാര്‍ക്കിടയിലെ സര്‍ഗപ്രതിഭകളെ പ്രോത്സാഹിപ്പിക്കുവാന്‍ കൃതി ബുക്സ് രംഗത്തെത്തിയത് കഴിവുറ്റ എഴുത്തുകാര്‍ക്ക് വലിയ പ്രചോദനമാവും എന്നതില്‍ തര്‍ക്കമില്ല. കൃതി ബുക്സിന്റെ അണിയറ ശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍ !!! ഇനിയും അനേകം നല്ല എഴുത്തുകാരും അവരുടെ കൃതികളും കൃതി ബുക്സിലൂടെ വായനക്കാരിലെത്തിച്ചേരട്ടെ എന്നാശംസിക്കുന്നു!

ആപ്പിള്‍ - സിയാഫ് അബ്ദുള്‍ഖാദിര്‍
കൃതി ബുക്സ് പ്രസിദ്ധീകരണം
വില 65/-

ചിത്രങ്ങള്‍ക്ക് കടപ്പാട്: കഥാകൃത്തിന്റെ ഫേസ്ബുക്ക് പേജ്

Tuesday, 3 December 2013

എണ്ണമറ്റ ചോദ്യങ്ങള്‍


രക്തത്തിന് കടുപ്പം വെള്ളത്തെക്കാള്‍ ഏറുമത്രേ
പിന്നെന്തേ രക്തബന്ധങ്ങള്‍ വെള്ളം പോലെയൊലിച്ചു പോയ്‌?

സത്യത്തിന് തിളക്കം  പൊന്നിനെക്കാള്‍ കൂടുമത്രേ
പിന്നെന്തേ നിത്യസത്യങ്ങള്‍ നിറം മങ്ങിയില്ലാതാവുന്നു?

പാരമ്പര്യത്തേക്കാള്‍ വലിയ സ്വത്തില്ലന്നത്രേ
പിന്നെന്തേ നല്ല പാരമ്പര്യങ്ങളൊന്നും കാത്തു സൂക്ഷിക്കാത്തൂ ?

സ്ത്രീയാണ് വീടിന്റെ വിളക്കെന്നുദ്ഘോഷിക്കുന്നത്രേ
പിന്നെന്തേ പെണ്ണ് പിറന്നാല്‍ മനസ്സിലിരുട്ടു കയറുന്നു?

സ്നേഹമാണഖില സാരമൂഴിയില്‍ എന്നത്രേ പ്രമാണം
പിന്നെന്തേ പണത്തിനു മീതെ പരുന്തും പറക്കാത്തൂ?

കുട്ടികള്‍ ദൈവത്തിന്‍ പ്രതിരൂപമാണെന്നത്രേ
പിന്നെന്തേ അവരെ കശക്കിയെറിയുന്നു ചിലര്‍ ?

ബാല്യകാല സഖ്യത്തിനേറും മധുരൊമായിരം മടങ്ങത്രേ
പിന്നെന്തേ പഴയ കൂട്ടുകാരിന്നു ശത്രുക്കളായി?

എന്നുമെന്റെ കൂടെയുണ്ടാവുമെന്നോതിയത് നീയത്രേ
പിന്നെന്തേ ഇന്നെന്നെ എകാകിനിയാക്കി നീ നടന്നകന്നൂ?

ഒന്നുമാശിക്കരുതെന്നു ഞാനെന്‍ മനസ്സിനെ പഠിപ്പിച്ചതത്രേ,
പിന്നെന്തേ ഇന്നറിയാതൊരാശാഭംഗമെന്നെ തളര്‍ത്തിടുന്നു?

ചോദ്യങ്ങളിങ്ങനെ ഇനിയുമിനിയുമനസ്സില്‍ പൊട്ടിവിടരുന്നതെത്ര
എന്നിട്ടുമെന്തേ ഉത്തരങ്ങള്‍ ഒരിക്കല്‍ പോലും പിടി തരാത്തൂ?


Sunday, 24 November 2013

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

നേരംപോക്കിനു വേണ്ടി എഴുതിയിരുന്ന ഒരാളായിരുന്നു ഞാന്‍ - എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടെന്ന് സ്വയം ബോദ്ധ്യപ്പെടുത്തുവാനുള്ള, വിരസതയകറ്റാനായി വിഡ്ഢിപ്പെട്ടിയുടെ മുന്നിലിരുന്ന് ജീവിതം പാഴാക്കാതിരിക്കാനുള്ള, മന:പൂര്‍വമായ ശ്രമമാണ് എന്നെ വായനയും പഴയ പോലെ വല്ലതും കുത്തിക്കുറിക്കലുമൊക്കെ വീണ്ടും തുടങ്ങാന്‍ പ്രേരിപ്പിച്ചത്. എന്നിട്ടും കുറച്ചു കാലം അവയെല്ലാം എന്നില്‍ത്തന്നെ ഒതുക്കിവെച്ചു. എന്റെ രചനകള്‍ മറ്റുള്ളവര്‍ക്കുമുന്നില്‍ കാണിക്കാനുള്ള ചമ്മല്‍ തന്നെയായിരുന്നു പ്രധാന കാരണം. അവയ്ക്ക് പറയത്തക്ക പ്രത്യേകതകള്‍ ഒന്നുമില്ലെന്ന് എനിക്ക് തന്നെ ബോദ്ധ്യമായ സ്ഥിതിക്ക് മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ?

(ഒരു പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് എഴുതുന്നതിന് എന്തിനാണ് ഇങ്ങനെ കാടു കയറിപ്പറയുന്നത് എന്നാവും, അല്ലേ? ഒരല്പം ചരിത്രം പറയാതെ ഈ കുറിപ്പ് പൂര്‍ണ്ണമാവില്ല എന്നത് കൊണ്ടാണത്).

അങ്ങനെ തട്ടിയും മുട്ടിയും അല്പസ്വല്പം എഴുത്തും വായനയുമായി പോയ്ക്കൊണ്ടിരിക്കുന്ന സമയത്താണ് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ എത്തിപ്പെടുന്നത്. ബ്ലോഗ്ഗര്‍മാരുടെ ഈ കൂട്ടായ്മയില്‍ എത്തിയ അന്നു മുതല്‍ എന്റെ എഴുത്തിന് കൂടുതല്‍ ഊര്‍ജ്ജവും ഒരല്പം ലക്ഷ്യബോധവും കൈവന്നു. മുന്പ് നാലാള്‍ വായിച്ചിരുന്ന എന്റെ ബ്ലോഗ്‌ നാല്പത് ആളുകള്‍ വായിച്ചു തുടങ്ങി. വായിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങളൊന്നും നല്കാനായില്ലെങ്കിലും അവര്‍ എന്റെ ബ്ലോഗില്‍ ചെലവിടുന്ന സമയം ഒരു നഷ്ടമായി തോന്നരുത് എന്ന നിഷ്കര്‍ഷ എന്റെ എഴുത്തിനെ കൂടുതല്‍ മെച്ചപ്പെടുത്തുകയും, ഒരു ബ്ലോഗ്ഗര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ എഴുതണം എന്ന തോന്നല്‍ എന്നിലുണ്ടാക്കുകയും ചെയ്തു. തല്‍ഫലമായി ബ്ലോഗ്‌ പോസ്റ്റുകളുടെ എണ്ണം കുറയുകയും അവയുടെ നിലവാരം മെച്ചപ്പെടുകയും ഉണ്ടായി എന്നാണ് എന്റെ സ്വയം വിലയിരുത്തല്‍.

ഗ്രൂപ്പില്‍ എത്തിയതുകൊണ്ടുണ്ടായ ഏറ്റവും വലിയ മെച്ചം അതൊന്നുമായിരുന്നില്ല. കഴിവുറ്റ അനേകം എഴുത്തുകാരെ പരിചയപ്പെടാനും അവരുടെ രചനകള്‍ വായിക്കുവാനും സാധിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യമായി തോന്നുന്നത്. എന്തൊക്കെയോ അറിയാം എന്ന് ധരിച്ചു വെച്ചിരുന്ന എനിക്ക്,  ഗ്രൂപ്പിലെ സംവാദങ്ങളും ചര്‍ച്ചകളുമെല്ലാം, അത്രയൊന്നും അറിവില്ലെന്നുള്ള വലിയ തിരിച്ചറിവും നേടിത്തന്നു. അങ്ങനെയിരിക്കെയാണ് ഗ്രൂപ്പിലെ ചര്‍ച്ചകളിലും മറ്റും സജീവ സാന്നിദ്ധ്യമായി വിഡ്ഢിമാന്‍ എന്നൊരു ബ്ലോഗറെ കാണാനിടയായത്. എന്ത് കാര്യത്തിലും വ്യക്തമായ അഭിപ്രായം ഉള്ളയാള്‍, തന്റെ വാദങ്ങള്‍ക്ക് ശക്തിപകരാന്‍ അതിനെക്കുറിച്ച് അത്യാവശ്യം ചില ഗവേഷണ-നിരീക്ഷണങ്ങള്‍ ഒക്കെ നടത്തുന്നയാള്‍ എന്നൊക്കെയായിരുന്നു വിഡ്ഢിമാനെക്കുറിച്ചുള്ള എന്റെ നിരീക്ഷണം. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ബോദ്ധ്യമായി - വിഡ്ഢിമാന്‍ എന്നതിനേക്കാള്‍ ബുദ്ധിമാന്‍ എന്ന വിശേഷണമാണ് ചേരുക എന്ന്‍! വി ഡി മനോജ്‌ എന്ന തന്റെ പേരില്‍ നിന്നും വിഡ്ഢിമാന്‍ എന്ന തൂലികാനാമം കണ്ടെത്തിയ ആള്‍ എങ്ങനെ ബുദ്ധിമാന്‍ അല്ലാതിരിക്കും?

ഇതൊക്കെയാണെങ്കിലും വിഡ്ഢിമാന്‍ എന്ന ബുദ്ധിമാന്റെ ബ്ലോഗുകള്‍ അധികമൊന്നും വായിച്ചില്ല എന്നതാണ് സത്യം! അതിന്റെ കാരണം എന്തെന്ന് ചോദിച്ചാല്‍ വ്യക്തമായ ഒരുത്തരം ഇല്ല താനും... എന്തായാലും അങ്ങനെയിരിക്കവേയാണ് അദ്ദേഹത്തിന്‍റെ 'വെടിക്കഥകള്‍ ' പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു എന്നറിഞ്ഞത്. കൂട്ടത്തില്‍ ഒരാളുടെ പുസ്തം ഇറങ്ങുമ്പോള്‍ ചുരുങ്ങിയ പക്ഷം ഒരാശംസയെങ്കിലും പറഞ്ഞില്ലെങ്കില്‍ എന്ത് കൂട്ടായ്മ?? അങ്ങനെ ആശംസകള്‍ നേര്‍ന്ന വേളയിലാണ് കൊച്ചിയില്‍ വെച്ചാണ് പുസ്തക പ്രകാശനം, അതില്‍ പങ്കെടുക്കണം എന്ന് അദ്ദേഹം ക്ഷണിക്കുന്നത്. ഇല്ലെന്നു പറയാതെ, നോക്കാം എന്ന് പറഞ്ഞു - പോകില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ!

എന്നാല്‍ പുസ്തക പ്രകാശനത്തിന്റെ തലേന്ന് പരിപാടിക്ക് പോകാമെന്ന് തീരുമാനിക്കുകയും പ്രസ്തുത ദിനം അവിടെ സമയത്തിനു തന്നെ എത്തിച്ചേരുകയുമുണ്ടായി. ഇതുവരെ ഓണ്‍ലൈനില്‍ മാത്രം കണ്ടു പരിചയിച്ച ചില മുഖങ്ങളെ നേരില്‍ കണ്ടപ്പോഴും, അവരെ പരിചയപ്പെട്ടപ്പോഴും ഉണ്ടായ സന്തോഷം ചെറുതല്ല. എന്തായാലും പരിപാടി (ദേഹാന്തരയാത്രകള്‍, ആപ്പിള്‍, കഥമരം പി ഒ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും, കഥ ഗ്രൂപ്പ് നടത്തിയ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ആണ് അവിടെ നടന്നത്) കഴിഞ്ഞ്, പുസ്തകവും വാങ്ങി, എഴുത്തുകാരന്റെ ഒപ്പും വാങ്ങി, സസന്തോഷം തിരിച്ചെത്തി.

ഒരാഴ്ച്ചയോളം പുസ്തകങ്ങള്‍ എന്റെ മേശപ്പുറത്തിരുന്നു. പല പല തിരക്കുകള്‍ക്കിടയില്‍ വായന നടന്നില്ല. എന്നാല്‍ ഒരു ദിവസം വിഡ്ഢിമാന്‍ "പുസ്തകം വായിച്ചോ, എന്താണഭിപ്രായം?" എന്ന്‍ ചോദിച്ചപ്പോഴാണ് ഇത്ര ദിവസമായും അത് വായിക്കാത്തതിന്റെ കുറ്റബോധം ഉള്ളില്‍ തോന്നിയത്. അത്ര അത്യാവശ്യമല്ലാത്ത ചില പണികള്‍ മാറ്റി വെച്ച് പുസ്തകം കൈയിലെടുത്തു...

ഒറ്റയിരുപ്പിലാണ് ദേഹാന്തരയാത്രകള്‍ വായിച്ചു തീര്‍ത്തത്. കഥയുടെ ഒഴുക്കും, ഇനി എന്ത് സംഭവിക്കും എന്നറിയാനുള്ള ഉദ്വേഗവും തന്നെയാണ് ഈ വായന സുഖകരമാക്കിയത്. കഥാനായകന്‍ ആരാണെന്നോ അവന്റെ പശ്ചാത്തലം എന്താണെന്നോ യാത്രയുടെ തുടക്കത്തില്‍ പെട്ടെന്ന് വെളിപ്പെടുത്താതെ ഒരു ചെറിയ സസ്പെന്‍സ് വെച്ചുള്ള തുടക്കം. എന്നാല്‍ എന്തോ ഒരു മനോവിഷമം അയാളെ അലട്ടുന്നുണ്ടെന്ന് പകല്‍ പോലെ വ്യക്തം. അതെന്താണെന്ന് അറിയാന്‍ വായനക്കാരന് തിടുക്കമാകുന്നു. പിന്നീടുള്ള അദ്ധ്യായങ്ങളില്‍ രമേഷിനെ കൂടുതല്‍ അറിയുന്നു. അവന്റെ അമ്മയെയും, അവര്‍ അവനെ പോറ്റാന്‍ വേണ്ടി തിരഞ്ഞെടുത്ത വഴിയെയും അറിയുമ്പോള്‍ വായനക്കാരനും ഒരല്പം ആശങ്കയിലാവും - അമ്മയെ കുറ്റം പറയാനാവുമോ, ആ മകനെയും കുറ്റം പറയാനാവുമോ? ആരാണ് ശരി? ആരാണ് തെറ്റ് എന്ന്‍ തീര്‍ത്തു പറയാനാവില്ല...

എന്തായാലും രമേഷിന്റെ യാത്രയില്‍ ആദ്യന്തം വായനക്കാരനും ഭാഗഭാക്കായിത്തീരുന്നു - ദേശാന്തരങ്ങളിലൂടെ, അയാളുടെ വികാരങ്ങളിലൂടെ, വിചാരങ്ങളിലൂടെ, അയാള്‍ പരിചയപ്പെടുന്ന ആളുകളെ വായനക്കാരും പരിചയപ്പെടുന്നു... മാത്യൂസേട്ടനും, പ്രാന്തിപ്പപ്പിയുമൊക്കെ നനവൂറുന്ന ഓര്‍മകളായി വായനാനന്തരം നമ്മോടൊപ്പം ചേരുന്നു... ബിനീഷും നീനയും ലക്ഷ്മണനും കിഷന്‍ ലാലും റസിയയും എല്ലാം വെറും കഥാപാത്രങ്ങള്‍ മാത്രമല്ലാതെയാവുന്നു. വായനക്കാരില്‍ ഇത്തരമൊരു ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞത് എഴുത്തുകാരന്റെ മിടുക്ക് തന്നെ!

ഒന്നാലോചിച്ചു നോക്കിയാല്‍ വീടുവിട്ടിറങ്ങിപ്പോയ രമേഷിന്റെ തിരിച്ചു വരവ് അനിവാര്യമായിരുന്നു... കടലിലെ വെള്ളം നീരാവിയായി, മഴമുകിലായ്‌, പെയ്തിറങ്ങി, നദിയായൊഴുകി, കടലില്‍ തന്നെ തിരിച്ചെത്തണമല്ലോ! വേറെ എവിടെയും അതിനു സ്വസ്ഥതയില്ല - കടലിലെ നീര്‍ത്തുള്ളിയായിത്തീരുന്നത് വരെ! രമേഷിന്റെ ജീവിതവും അങ്ങനെ തന്നെ! തന്‍റെ അസ്തിത്വത്തില്‍നിന്നും അവന്‍ ഓടിയോടിപ്പോയെങ്കിലും അതൊരിക്കലും അവനെ വിട്ടു പിരിഞ്ഞില്ല. ഒടുവില്‍ അമ്മയുടെയടുക്കലേക്കുള്ള വരവ് സ്വയം തിരിച്ചറിയലിന്റെ പരിണാമസ്വരൂപമാണ്. തന്റെ ഭൂതകാലത്തെയും ചരിത്രത്തേയും അംഗീകരിക്കാതെ തനിക്ക് സമാധാനം ലഭിക്കുകയില്ല എന്ന തിരിച്ചറിവില്‍ രമേഷ് മാത്രമല്ല, വായനക്കാരനും സമാധാനം കൈവരിക്കുന്നു.

കഥയുടെ പശ്ചാത്തലം വളരെയധികം കൈയടക്കത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട് എന്നാണ് തോന്നിയത്. തുടക്കത്തില്‍ അമ്മയുടെ (പഴയ) 'തൊഴില്‍' മകനെ അസ്വസ്ഥനാക്കുന്നതും അവന്റെ പൌരുഷത്തെപ്പോലും നിഷ്ക്രിയമാക്കുന്നതുമായ ഘടകമാണ്. യാത്രയ്ക്കിടയില്‍ കണ്ടുമുട്ടുന്ന രാജദാസിയാണ് അവനെ ആ ശാപത്തില്‍ നിന്നും മുക്തനാക്കുന്നത്... ഒരുപക്ഷേ അവന്റെ മാനസാന്തരത്തിനുള്ള നാമ്പുകള്‍ മൊട്ടിട്ടു തുടങ്ങിയത് അവിടെ നിന്നാവാം... എന്തായാലും വളരെ സൂക്ഷ്മതയോടെ, സഭ്യവും അസഭ്യവും തമ്മിലുള്ള വേലിക്കെട്ടുകള്‍ തകരാതെ, എന്നാല്‍ കഥക്ക് ഒരു കോട്ടവും തട്ടാതെ ഈ യാത്രയെ മുന്നോട്ട് നയിക്കുവാന്‍ കഥാകാരന് കഴിഞ്ഞിരിക്കുന്നു എന്നുതന്നെ വേണം പറയാന്‍. (ബ്ലോഗില്‍ പ്രസിദ്ധീകരിച്ച വെടിക്കഥകളെ ഒരല്പം സെന്സറിംഗ് ചെയ്താണ് പുസ്തകത്തില്‍ കയറ്റിയിരിക്കുന്നതെന്ന് പിന്നീട് അറിഞ്ഞു.)

എന്നാല്‍ ഒരു കോട്ടവും ഇല്ലാത്തതാണോ ഈ യാത്ര? അല്ല... അതു കൂടി പറഞ്ഞില്ലെങ്കില്‍ തികച്ചും അന്യായമാവും. ഏറ്റവും ആദ്യം പറയേണ്ടത് അക്ഷരത്തെറ്റുകളെക്കുറിച്ചാണ്. പുറംചട്ടയിലെ 'വിഢിമാന്‍ '  "വിഡ്ഢിമാന്‍ " തന്നെയാവണമായിരുന്നു എന്ന പക്ഷക്കാരിയാണ് ഞാന്‍. കഥാകാരന്റെ ഐഡന്റിറ്റിക്ക് തന്നെയാണ് ഇവിടെ ഒരല്പം മങ്ങലേറ്റത്. വിഡ്ഢിമാന്‍ എന്ന പേരുളവാക്കുന്ന പ്രതീതിയും വിഢിമാന്‍ എന്ന്‍ വായിക്കുമ്പോള്‍ ഉളവാകുന്ന പ്രതീതിയും രണ്ടാണ് - പ്രത്യേകിച്ചും വിഡ്ഢിമാനെ അറിയുന്നവര്‍ക്ക്. എഴുത്തുകാരന്‍ എന്തു കൊണ്ട് വിഢിമാനായി എന്നറിയാന്‍ ഒരു കൌതുകമുണ്ട്.

അതു പോലെ പുസ്തകത്തിലുടനീളം സംസാര ഭാഷ കൂടിക്കലര്‍ന്ന പോലെ തോന്നി. കഥാനായകന്‍ തൃശ്ശൂര്‍ ഭാഷയില്‍ സംസാരിക്കുന്നതില്‍ തെറ്റില്ല, അയാള്‍ അവിടത്തുകാരനാണല്ലോ. എന്നാല്‍ ബാക്കിയുള്ള കഥാപാത്രങ്ങള്‍ ഇടയ്ക്ക് തൃശ്ശൂര്‍ ഭാഷയിലും, മറ്റു ചിലപ്പോള്‍ അല്ലാതെയും സംസാരിക്കുന്നു. അത് ഒരു പൊരുത്തക്കുറവായി തോന്നി.

മറുനാടന്‍ ഭാഷ (പ്രത്യേകിച്ചും ഹിന്ദി) മലയാളത്തിലാക്കിയപ്പോള്‍ ചില തെറ്റുകളൊക്കെ വന്നിട്ടുണ്ട്. ഉദാഹരണത്തിന് ഹിന്ദിക്കാര്‍ ഒരിക്കലും റമേഷ് എന്ന്‍ പറയില്ല. റ എന്ന അക്ഷരം അവര്‍ക്കില്ല - ര മാത്രമേയുള്ളൂ. അത് പോലെ തന്നെ 'ഭായ്' എന്നുള്ളത് അവര്‍ ഒരിക്കലും 'ബായ്' എന്ന്‍ പറയില്ല. കപ്പടാ ഉഥാരോ അല്ല, കപ്ടാ ഉതാരോ ആണ് ശരി. ഹമാരാ ബേട്ടി അല്ല, ഹമാരി ബേട്ടി... അങ്ങനെയങ്ങനെ കുറെ തെറ്റുകള്‍ കാണുകയുണ്ടായി. അതൊന്നും കഥയുടെ ഒഴുക്കിനെ ബാധിക്കുന്നില്ലെങ്കിലും, കഥയുടെ പശ്ചാത്തലത്തിനും മറ്റും കുറെയധികം ഗവേഷണങ്ങളും പ്രയത്നങ്ങളും എടുത്ത സ്ഥിതിക്ക് ഇവ കൂടി കുറ്റമറ്റതാക്കാമായിരുന്നു എന്ന തോന്നല്‍ കാരണം ചൂണ്ടിക്കാണിച്ചുവെന്നു മാത്രം!

അതുപോലെ ഒഴിവാക്കേണ്ടിയിരുന്ന ചില അക്ഷരത്തെറ്റുകളാണ് പക്ഷെ (പക്ഷേ), അനുഭവഖണ്ഢങ്ങള്‍ (അനുഭവഖണ്ഡങ്ങള്‍ ), പീഢം (പീഠം) എന്നിങ്ങനെയുള്ളവ (ഇനിയും ഉണ്ട് - എല്ലാം ഇവിടെ പറയുന്നത് പ്രായോഗികമല്ലാത്തതിനാല്‍ അതിനു മുതിരുന്നില്ല). അതു പോലെതന്നെ വാക്കുകള്‍ തമ്മിലുള്ള അകലവും സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാകേണ്ടിയിരിക്കുന്നു. പല വാക്കുകളും കൂടിച്ചേര്‍ന്ന് നില്‍ക്കുന്നു. ഒരു പുസ്തകത്തില്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്ന് ഞാന്‍ കരുതുന്നു. ബ്ലോഗിലെ തെറ്റുകള്‍ക്കു നേരേ വേണമെങ്കില്‍ കണ്ണടയ്ക്കാമെങ്കിലും, പുസ്തകത്തില്‍ വരുന്ന തെറ്റുകള്‍ അക്ഷന്തവ്യമാണ്‌. പൈസ കൊടുത്ത് വാങ്ങുന്ന ഒരുല്പന്നം കുറ്റമറ്റതാവണം എന്നാഗ്രഹിക്കുന്നതില്‍ തെറ്റ് പറയാനില്ലെന്ന് തോന്നുന്നു. പ്രൂഫിങ്ങും എഡിറ്റിങ്ങും കുറച്ചുകൂടി ശ്രദ്ധാപൂര്‍വ്വം നിര്‍വഹിക്കേണ്ടിയിരുന്നു എന്ന്‍ മാത്രം പറഞ്ഞ് നിര്‍ത്തട്ടെ!

ഇനി പറയാനുള്ളത് അക്ഷരങ്ങളുടെ വലുപ്പത്തെക്കുറിച്ചാണ്. ഫോണ്ട് സൈസ് ഒരല്പം കൂടി കൂട്ടിയിരുന്നുവെങ്കില്‍ കണ്ണുകള്‍ക്ക് ആയാസം കുറവാകുമായിരുന്നു (പ്രസാധകര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ!). കമ്പ്യൂട്ടര്‍ വായനയില്‍ ഓരോ വായനക്കാരനും അവന് ഇഷ്ടമുള്ള വലുപ്പത്തിലേക്ക് സൂം ചെയ്ത് വായിക്കാം - പുസ്തകത്തില്‍ ആ സൗകര്യമില്ലാത്തതിനാല്‍ ഫോണ്ട് സൈസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച പാടില്ലെന്ന് തോന്നുന്നു.

കവര്‍ ചിത്രം അനുയോജ്യമായി തോന്നിയെങ്കിലും പുസ്തകത്തിലെ മറ്റു ചിത്രങ്ങള്‍ തികച്ചും അനാവശ്യമായി തോന്നി. കഥാസന്ദര്‍ഭങ്ങള്‍ക്ക് ആ ചിത്രങ്ങള്‍ കൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും ഗുണമുള്ളതായി തോന്നിയില്ല. (ചിത്രകാരന്‍ എന്നോട് ക്ഷമിക്കട്ടെ!) ചിത്രങ്ങള്‍ക്കായി വിനിയോഗിച്ച പേജുകള്‍ കൂടി അക്ഷരങ്ങള്‍ക്ക് കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു.

എന്നിരുന്നാലും കൃതി ബുക്സിന് പ്രത്യേകം അഭിനന്ദനങ്ങള്‍ ! ഒരുപക്ഷേ വന്‍കിട പ്രസാധകര്‍, 'ബ്ലോഗര്‍' എന്ന ഒറ്റ വിശേഷണം കാരണം തഴയുമായിരുന്ന ഒരു നല്ല എഴുത്തുകാരനെ മുഖ്യധാരയിലേക്ക് കൊണ്ടു വന്നതിന്... ഇത് വിഡ്ഢിമാനെപ്പോലെയുള്ള അനേകം കഴിവുറ്റ ബ്ലോഗര്‍മാര്‍ക്ക് കൂടുതല്‍ എഴുതാനും താന്താങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കുവാനും ഒരു വലിയ പ്രചോദനമാവും എന്ന് ആശിക്കുന്നു!

മനോജ്‌ / വിഡ്ഢിമാന്‍
 ചിത്രത്തിന് കടപ്പാട് : കിരണ്‍ കണ്ണന്‍ 
ദേഹാന്തരയാത്രകള്‍ കഥാകൃത്തിനെ സംബന്ധിച്ചിടത്തോളവും ഒരു വലിയ കാല്‍വെപ്പാണ്‌. ഇത്രയും കാലം എഴുത്തിന്റെ ലോകത്ത് മുഖ്യമായും ഒരു ബ്ലോഗര്‍ (ഇ-എഴുത്തുകാരന്‍) എന്ന പേരില്‍ മാത്രം അറിയപ്പെട്ട അദ്ദേഹം ഇപ്പോള്‍ ഒരു (അ-) എഴുത്തുകാരന്‍ എന്ന നിലയിലേക്ക് അവരോധിക്കപ്പെട്ടിരിക്കുന്നു. സ്വാഭാവികമായും വായനക്കാരുടെ പ്രതീക്ഷകള്‍ വാനോളം ഉയരും... അത് നിലനിര്‍ത്തുക എന്നത് വിഡ്ഢിമാനെപ്പോലെയുള്ള ഒരു അനുഗൃഹീത എഴുത്തുകാരന് പ്രയാസകരമാണെന്ന് കരുതുന്നില്ല. എങ്കിലും, വായനക്കാരുടെ പ്രതീക്ഷകളുടെ ഭാരം അദ്ദേഹത്തെ തളര്‍ത്താതിരിക്കട്ടെ!  മറിച്ച് അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇനിയും ഏറെദൂരം യാത്ര ചെയ്യാന്‍ അദ്ദേഹത്തിനു കഴിയുമാറാകട്ടെ എന്ന്‍ ആശംസിക്കുന്നു!!!

ദേഹാന്തരയാത്രകള്‍ - വിഡ്ഢിമാന്‍
കൃതി ബുക്സ് പ്രസിദ്ധീകരണം
വില : 95/-

Saturday, 23 November 2013

പതിവ്...


നിന്നെയും കാത്തിരിക്കലൊരു പതിവായെനിക്ക്:
സന്ധ്യ മയങ്ങുന്ന നേരത്തെന്നുമെന്‍
പടിവാതിലില്‍ നിന്‍ നിഴല്‍ ഞാന്‍ തിരയും;
കേള്‍ക്കുന്ന സ്വനങ്ങളൊക്കെ നിന്റേതെന്നു
ഞാന്‍ വെറുതെയാശിച്ചിരിക്കും...
ഒടുവിലാ സൂര്യന്‍ മറയുന്നനേരമെത്തു-
മിരുട്ടെന്നെയും മൂടവേ, കഴയ്ക്കും കണ്ണുകള്‍
പതുക്കെയടച്ചു ഞാന്‍ നിന്നെയെന്നുള്ളില്‍ കാണും.. 

നനുത്തൊരോര്‍മ്മയായ് പടര്‍ന്നു നീ, 
നിനവായ്, കനവായ് എന്നുള്ളില്‍ നിറയവേ...
തപ്തമാമെന്‍ മനസ്സിന്‍ വിങ്ങലുകള്‍ 
കുളിര്‍തെന്നലേറ്റപോലകന്നൊടുങ്ങും;
ശാന്തമാം മാനസസരസ്സിന്‍ ഓളങ്ങളില്‍
നീഹാരബിന്ദു പോല്‍ നീ തിളങ്ങും...
ഇനി നീ വരില്ലെന്നു ഞാനറിയുന്നെങ്കിലും
സഖേ, നിനക്കായ് കാതോര്‍ത്തിരിക്കുന്നു നിത്യം! 


ചിത്രത്തിനു കടപ്പാട് - ഗൂഗിള്‍ ഇമേജ്

Wednesday, 20 November 2013

സ്മരണാഞ്ജലി !

ശങ്കരേട്ടന്‍
ഇന്നും പതിവ് പോലെ പത്രത്തിലെ ചരമ കോളത്തിലേക്ക് അലസമായി കണ്ണോടിച്ചതാണ് - അതില്‍ പരിചയമുള്ള ഒരു മുഖം കണ്ടപ്പോള്‍ ഉള്ളില്‍ ഒരാന്തല്‍ ! അവിശ്വസനീയതയോടെ വീണ്ടും നോക്കി - അതേ, അത് അദ്ദേഹം തന്നെ! എന്നാലും വിശ്വാസമായില്ല - അദ്ദേഹത്തിനു മരിക്കാനുള്ള പ്രായമൊന്നും ആയില്ലല്ലോ എന്നാണ് മനസ്സില്‍ തോന്നിയത്. (മരണത്തിനു പ്രായം ഒരു ഘടകമല്ലെന്ന് നന്നായി അറിയുന്ന ഞാന്‍ എന്ത് കൊണ്ടാണ് അങ്ങനെ ചിന്തിച്ചത് എന്നറിയില്ല). എന്തായാലും 'പത്രത്തിനു തെറ്റു പറ്റിയതാവും, ഫേസ് ബുക്ക് നോക്കിയാല്‍ അറിയാം ഇത് ശരിയായ വാര്‍ത്തയല്ലെന്ന്' എന്ന് മനസ്സില്‍ കരുതി ഫേസ് ബുക്കില്‍ അദ്ദേഹത്തെ പരിചയപ്പെട്ട ഗ്രൂപ്പില്‍ എത്തിയപ്പോള്‍ വാര്‍ത്ത ശരിയാണ് എന്ന് മനസ്സിലായി... ഒരു നിമിഷം തരിച്ചിരുന്നു പോയി! എപ്പോഴും സൗമ്യനായി, ശാന്തനായി മാത്രം കണ്ടിട്ടുള്ള ശങ്കരേട്ടന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നു... ഓര്‍മകളുടെ ഭാണ്ഡത്തില്‍ മായാത്ത ഒരു പുഞ്ചിരിയും ബാക്കിവെച്ചു കൊണ്ട്...
പത്രവാര്‍ത്ത

ശങ്കരേട്ടനെ ഞാന്‍ പരിചയപ്പെടുന്നത് ഫേസ് ബുക്കിലെ ഒരു കൂട്ടായ്മയിലൂടെയാണ്. ഇത്തരം കൂട്ടായ്മകളുടെ മുഖമുദ്രയായ ചര്ച്ചകളും അതിനോടനുബന്ധിച്ച അല്ലറ ചില്ലറ ബഹളങ്ങളുമൊക്കെ നടക്കുന്ന വേളയില്‍ തന്റെ വ്യതസ്തമായ വാക്കുകളിലൂടെയാണ് ശങ്കരേട്ടന്‍ ശ്രദ്ധേയനായത്. ഇത്തരം അവസരങ്ങളില്‍ അദ്ദേഹത്തിന്‍റെ കമന്റുകള്‍ വളരെയധികം പക്വവും സമീകൃതവുമായിരുന്നു - a sane voice in the midst of insanity - എന്ന്‍ പറയാം. മറ്റുള്ളവര്‍ക്ക് വേദനാജനകമായ വാക്കുകള്‍ ഒരിക്കലും തന്നില്‍ നിന്നും വരാതിരിക്കാന്‍ അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. എന്നാല്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹം ഒരിക്കലും പറയാതിരുന്നിട്ടുമില്ല. മറ്റുള്ളവരോട് യോജിക്കാന്‍ കഴിയാത്തപ്പോള്‍ പോലും അവരെ താഴ്ത്തിക്കെട്ടുന്ന രീതിയിലുള്ള ഒരു പരാമര്‍ശമോ, അവരെ മുറിപ്പെടുത്തുന്ന ഒരു വാക്കോ അദ്ദേഹത്തില്‍ നിന്നും വന്നതായി ഞാന്‍ കണ്ടിട്ടില്ല. ഗ്രൂപ്പില്‍ എല്ലാവര്ക്കും പ്രിയങ്കരനായിരുന്നു അദ്ദേഹം. 

ഞാന്‍ അറിഞ്ഞ ശങ്കരേട്ടന്‍ ഒരു നല്ല എഴുത്തുകാരനാണ്, സഞ്ചാരപ്രിയനാണ്, ആളുകളെ സഹായിക്കുന്നതില്‍ ഒരു മടിയും കാണിക്കാത്തയാളാണ്, തന്റെ അറിവ് മറ്റുള്ളവരുമായി പങ്കു വെക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തിയിരുന്ന ഒരാളാണ്. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം ഒരിക്കലും പിശുക്ക് കാണിച്ചിട്ടില്ല. എന്റെ ബ്ലോഗുകളും കുറിപ്പുകളും വായിച്ച് അദ്ദേഹം പല കാര്യങ്ങളും പറഞ്ഞു തന്നിട്ടുണ്ട് - എന്നോട് മാത്രമായല്ല, പൊതുവായി. (ഇത് പോലെ പലരെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നു ഇപ്പോള്‍ അറിയുന്നു) അവ എന്നില്‍ മാത്രം ഒതുങ്ങാതെ ഇനിയും ആളുകള്‍ കാണണം, മനസ്സിലാക്കണം എന്ന വലിയ ചിന്തയായിരുന്നു അതിനു പിന്നില്‍ എന്നെനിക്ക് തോന്നിയിട്ടുണ്ട്. എഴുത്തുകാരന്റെ ധര്‍മം എഴുതുന്നതോടെ അവസാനിക്കുന്നില്ല എന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. ബ്ലോഗ്‌ എഴുതിയാല്‍ മാത്രം പോരാ, അത് വായനക്കാരില്‍ എത്തിക്കാന്‍ ശ്രമിക്കുക കൂടി വേണം എന്നദ്ദേഹം പറഞ്ഞിരുന്നത് ഞാന്‍ മറക്കില്ല. 

കുറെ മാസങ്ങള്‍ക്ക് മുന്പ് അദ്ദേഹം നാട്ടില്‍ വരുന്നുണ്ട്, സമയവും സൗകര്യവും ഉള്ളവര്‍ക്ക് വിളിക്കാം / കാണാം എന്ന് പറഞ്ഞ് തന്റെ ഫോണ്‍ നമ്പര്‍ ഗ്രൂപ്പില്‍ ഇടുകയുണ്ടായി. പതിവിനു വിപരീതമായി ഞാന്‍ ആ നമ്പര്‍ സൂക്ഷിച്ചു വെക്കുകയും അദ്ദേഹം നാട്ടില്‍ ഉണ്ടാവുമെന്നു പറഞ്ഞ ദിവസങ്ങളിലൊന്നില്‍ അദ്ദേഹത്തെ വിളിക്കുകയും കുറച്ചു നേരം സംസാരിക്കുകയും ചെയ്തിരുന്നു. അധികമൊന്നും സംസാരിച്ചില്ലെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ഒരു സംഭാഷണമായിരുന്നു അത്. 
ബ്ലോഗ്‌ എഴുത്തിലും ബ്ലോഗിങ്ങ് ഗ്രൂപ്പുകളിലും സജീവമായപ്പോള്‍ മേല്‍പ്പറഞ്ഞ ഗ്രൂപ്പിലേക്ക് വല്ലപ്പോഴും മാത്രം എത്തിനോക്കുക എന്നതായി എന്റെ പതിവ്. അങ്ങനെ ഒരു ദിവസം അവിടെ ചെന്നപ്പോള്‍ ശങ്കരേട്ടനും പത്നിയും ഹരിദ്വാര്‍ തുടങ്ങിയ പുണ്യ സ്ഥലങ്ങളില്‍ തീര്‍ഥാടനത്തിലാണ് എന്നറിഞ്ഞു. അതിനു പിന്നാലെയാണ് ഉത്തരാഖണ്ഡില്‍ പ്രകൃതി ദുരന്തമുണ്ടായ വാര്‍ത്ത കേട്ടത്. സ്വാഭാവികമായും ആദ്യം അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ചാണ് ആശങ്ക തോന്നിയത്. കൈയ്യിലുള്ള നമ്പറില്‍ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. പിന്നീട് അദ്ദേഹത്തിന്‍റെ പോസ്റ്റ്‌ ഗ്രൂപ്പില്‍ വന്നു. അവര്‍ കുഴപ്പം കൂടാതെ തിരിച്ചെത്തിയെന്നു പറഞ്ഞ്. തന്നെക്കുറിച്ച് ആകുലരായവര്‍ പലരുമുണ്ടെന്നു മനസ്സിലാക്കി അവരെയൊക്കെ സമാധാനിപ്പിച്ചു കൊണ്ട് വന്ന ആ പോസ്റ്റ്‌ ഇപ്പോഴും ഓര്‍ക്കുന്നു. 

എന്നാല്‍ ഞാന്‍ ഇത് വരെ അറിയാത്ത ശങ്കരേട്ടന്‍ ഞാന്‍ അറിഞ്ഞ ശങ്കരേട്ടനെക്കാള്‍ എത്രയോ വലിയവനായിരുന്നു എന്ന്‍ ഈ വൈകിയ വേളയിലാണ് തിരിച്ചറിയുന്നത്. തന്റെ പ്രവര്‍ത്തന മേഖലയിലെ അത്യുന്നതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ നേട്ടങ്ങള്‍ ഒരുപാടാണ്‌ - ടെക്നോപാര്‍ക്കിലെ ആദ്യ ഐ ടി സംരഭമായ ബ്രഹ്മ സോഫ്ടെകിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം. ചെന്നൈയിലെ വെബ്ട്ര വിഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്-ന്റെ ഡയറക്ടര്‍ ആയ അദ്ദേഹം പല പ്രമുഖ ഐ ടി കമ്പനികളുടെയും ഉപദേഷ്ടാവ് കൂടിയായിരുന്നു. മംഗലാപുരത്തെ കോളേജ് ഫോര്‍ ലീഡര്ഷിപ് ആന്‍ഡ്‌ ഹ്യുമണ്‍ റിസോര്‍സ് ഡെവലപ്പ്മെന്റ്, കോയമ്പത്തൂരിലെ ഗുരുവായൂരപ്പന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്‌ എന്നിവയുടെ സ്ഥാപക ട്രസ്റ്റിയുമായിരുന്നു. അദ്ദേഹം മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുള്ള പുതു സംരംഭങ്ങള്‍ എണ്ണമറ്റവയത്രേ! ഇവയെല്ലാം കൂടാതെ തിരഞ്ഞെടുപ്പ് സംബന്ധമായ (വോട്ടര്‍സ് ലിസ്റ്റ് കമ്പ്യൂട്ടര്‍വല്കരിക്കുക, വോട്ടര്‍സ് ഐഡന്റിറ്റി കാര്‍ഡ്‌-ന്റെ കാര്യങ്ങള്‍ കമ്പ്യൂട്ടര്‍വല്കരിക്കുക തുടങ്ങി) അനേകം കാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണത്രേ നടപ്പാക്കിയിട്ടുള്ളത്. അദ്ദേഹത്തെക്കുറിച്ച് അറിയാന്‍ ഇനിയും ഒരു പാട് കാര്യങ്ങള്‍ ബാക്കിയുണ്ടാകാം...
ടെക്നോ പാര്‍ക്കിലെ ആദ്യ സംരംഭമായ ബ്രഹ്മ സോഫ്ടെകിന്റെ ഉദ്ഘാടനവേളയില്‍ 
ഇക്കഴിഞ്ഞ ആഴ്ച്ച കൊച്ചിയില്‍ വന്നു പോയതിന്റെ ഒരു ഫോട്ടോ അദ്ദേഹം തന്റെ ഫേസ്ബുക്ക് വാളില്‍ ഇട്ടിരുന്നു. ആ യാത്ര കഴിഞ്ഞു തിരിച്ചെത്തിയ ശേഷം ചില ദേഹാസ്വാസ്ഥ്യങ്ങള്‍ അദ്ദേഹത്തെ വലച്ചിരുന്നുവത്രേ! ചുരുക്കം ചിലരോട് മാത്രം തന്റെ രോഗ വിവരം പറഞ്ഞ അദ്ദേഹം അസുഖം ഭേദമായാല്‍ ഉടന്‍ തന്നെ ഗ്രൂപ്പില്‍ ആക്റ്റീവ് ആവും എന്നും പറഞ്ഞിരുന്നുവത്രേ! എന്നാല്‍ എല്ലാവരെയും ദു:ഖത്തില്‍ ആഴ്ത്തിക്കൊണ്ട് പൊടുന്നനെ അദ്ദേഹം യാത്രയായി...  

അദ്ദേഹത്തിന്‍റെ മരണം, അദ്ദേഹത്തെ ഒരിക്കല്‍ പോലും നേരില്‍ കാണാത്ത എന്നെ ഇത്രയധികം ഉലച്ചുവെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഈ അകാല വിയോഗം എത്രയധികം വേദനാജനകമായിരിക്കും!!! ഈ ദുഃഖം താങ്ങാനുള്ള ശക്തി ഈശ്വരന്‍ അവര്‍ക്ക് നല്‍കട്ടെ എന്ന്‍ പ്രാര്‍ഥിക്കുന്നു... ഒരുവന്‍ എങ്ങനെയായിരിക്കണം എന്ന്‍ പെരുമാറ്റത്തിലൂടെയും വാക്കുകളിലൂടെയും കാണിച്ചു തന്ന ശങ്കരേട്ടന്‍ പലരുടെയും മനസ്സില്‍ കാലങ്ങളോളം ജീവിച്ചിരിക്കും എന്നതിന് തര്‍ക്കമില്ല. ആ ബഹുമുഖ പ്രതിഭയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ നിറകണ്ണുകളോടെ പ്രണമിക്കുന്നു...

ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട്: നമ്പൂതിരീസ് ഗ്രൂപ്പ് (https://www.facebook.com/groups/namboodiri/)

Monday, 18 November 2013

പ്രണയ ശിശിരം

എന്നെയാണേറെയിഷ്ടമെന്നു നീയോതി
എക്കാലവും അങ്ങനെ തന്നെയെന്നു ഞാന്‍ കരുതി,
മുഖ പുസ്തകത്താളില്‍ തെളിഞ്ഞു കത്തും
പച്ച വെളിച്ചത്തില്‍ ഞാനെന്‍ ആനന്ദമൊതുക്കി...
രാവും പകലുമെന്നില്ലാതെ നിനക്കായ് കാതോര്‍ത്തു,
പച്ച വെളിച്ചത്തിന്‍ പ്രഭയിലാകെ മുഴുകി നിന്നു.

കാലം പോയപ്പോള്‍ മറവിയാം കയത്തിലെന്നെ
മുക്കിത്താഴ്ത്തി നീ; അതറിയാതെ ഞാന്‍ കാത്തിരുന്നു...
ചിരിക്കുടുക്കകള്‍ എന്നെ നോക്കി കോക്രി കാട്ടവേ
എന്‍ കണ്ണുകള്‍ തിരഞ്ഞിരുന്നു ആ സ്നേഹ ചിത്രത്തിനായ്
മാലാഖക്കുഞ്ഞുങ്ങളൊന്നും വന്നില്ല, എങ്കിലും നീയെനിക്ക്
നല്‍കി പുഞ്ചിരിക്കും പിശാചിന്‍ ചുവന്ന ചിത്രം!

വ്യര്‍ത്ഥമാം കാത്തിരിപ്പില്‍ നിമിഷങ്ങള്‍ പൊഴിയവേ
വ്യഗ്രത പൂണ്ടു ഞാനിരുന്നു, നിന്‍ ചെറു സന്ദേശത്തിനായ്
'ലൈക്കും പോക്കും' നീ കൊടുക്കുന്നെല്ലാര്‍ക്കും വാരിക്കോരി,
നല്‍കുന്നില്ലൊരു വക്രിച്ച മുഖം പോലുമെനിക്കായിപ്പോള്‍
കരളുരുകിയൊലിച്ച രക്തവര്‍ണ്ണത്തില്‍ മഞ്ഞച്ചു പോയൊരാ 
പച്ചയെന്‍ ജീവിതത്തെ ശിശിരകാല മരത്തിന്‍ നിഴലാക്കി...


ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ്

Tuesday, 12 November 2013

അവനെ തേടി...

എനിക്ക് പങ്കെടുക്കാനുള്ള ചടങ്ങ് അവന്റെ നാട്ടിലാണ് എന്നറിഞ്ഞതു മുതല്‍ ഒരു വെപ്രാളമായിരുന്നു മനസ്സില്‍ . 'പോകണോ വേണ്ടയോ' എന്ന ചോദ്യം ഒരു നൂറു തവണയെങ്കിലും തിരിച്ചും മറിച്ചും എന്നോട് തന്നെ ചോദിച്ചു. ഒടുവില്‍ ഉത്തരം കിട്ടാഞ്ഞപ്പോള്‍ കാന്തന്റെ അഭിപ്രായം തേടി - 'പോവുക തന്നെ വേണം' എന്ന അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോള്‍ മനസ്സ് തുടിച്ചത് സന്തോഷം കൊണ്ടായിരുന്നുവോ? ആവാം...

പോകാം എന്ന്‍ തീരുമാനിച്ചത് പോകേണ്ടുന്നതിന്റെ തലേ ദിവസം മാത്രമാണ്. അതിനാല്‍ കുറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടായിരുന്നു. അതെല്ലാം വേഗം ചെയ്തു തീര്‍ക്കുമ്പോഴും മനസ്സില്‍ ഒരുപാട് വികാരങ്ങള്‍ മിന്നി മറയുകയായിരുന്നു... അവനെ കാണാന്‍ പോകണോ? കാണാന്‍ പറ്റുമോ? അതോ ചടങ്ങില്‍ പങ്കെടുത്ത് ഒന്നും മിണ്ടാതെ തിരിച്ചു പോന്നാല്‍ മതിയോ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പടാപടാന്ന് മിടിക്കുന്ന നെഞ്ചിനെ ശാന്തമാക്കാന്‍ കഴിഞ്ഞതേയില്ല...

രാത്രി ഉറക്കം വരാതെ കിടക്കുമ്പോഴും ഓര്‍മ്മകള്‍ അവനില്‍ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു. അവനെ ആദ്യമായി കണ്ടത് എന്നാണെന്ന് ഓര്‍മയില്ല. എന്നാലും ഒരു കാര്യം തീര്‍ച്ച - ഓര്മ വെച്ച കാലം മുതല്‍ക്ക് അവന്റെ വീട്ടിലേക്കുള്ള യാത്ര ഒരാഘോഷമായിരുന്നു. പൊതുവേ എങ്ങോട്ടും പോകാനിഷ്ടമില്ലാതിരുന്ന കാലത്തും അവന്റെ വീട്ടിലേക്കുള്ള യാത്ര ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. മുടങ്ങാത്ത ഒരു പതിവായി ഈ സന്ദര്‍ശനങ്ങള്‍ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. എന്റെ ചെറിയ ചെറിയ പ്രശ്നങ്ങള്‍ മുതല്‍ കൌമാരത്തിലെ പൊട്ടത്തരങ്ങള്‍ വരെ അവനുമായി പങ്കുവെക്കുമായിരുന്നു. ഒരു പക്ഷേ അക്കാലത്ത് വീട്ടുകാരേക്കാള്‍ പ്രിയപ്പെട്ടവനായി അവന്‍ മാറി.

എന്നാല്‍ കാലം മുന്നോട്ട് നീങ്ങിയപ്പോള്‍ അവന്റെ വീട്ടിലേക്കുള്ള പോക്ക്  വളരെ കുറഞ്ഞു. എന്നാലും എന്നുമെന്ന പോലെ എന്റെയുള്ളിലും ജീവിതത്തിലും നിറ സാന്നിദ്ധ്യമായി അവനുണ്ടായിരുന്നു. എന്തുണ്ടെങ്കിലും ആദ്യം പറഞ്ഞിരുന്നത് അവനോട് തന്നെയാണ്. വിദ്യാലയം വിട്ട് കലായലത്തിലേക്ക്‌ ചേക്കേറിയപ്പോഴും അവന്‍ കൂടെയുണ്ടായിരുന്നു... എന്നാല്‍ തുടര്‍ വിദ്യാഭ്യാസത്തിനു നാട്ടില്‍ നിന്നും മറുനാട്ടിലെത്തിയപ്പോള്‍ അവനെ കാണാന്‍ പോകല്‍ ഏതാണ്ട് നിന്നത് പോലെയായി. പുതിയ ലോകവും സുഹൃത്തുക്കളും ഒക്കെ ആയപ്പോഴും അവനെ മറന്നില്ല. എന്നാലും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് വീട്ടില്‍ വരുമായിരുന്ന ഞാന്‍ എന്റെ പതിവ് സന്ദര്‍ശനത്തിനു വലിയ വില കല്പിച്ചില്ല. പതുക്കെ പതുക്കെ എന്റെ സന്ദര്‍ശനങ്ങള്‍ കുറഞ്ഞു വന്നു.

ഒടുവില്‍ വിവാഹം കഴിഞ്ഞു പുതിയ ജീവിതം കെട്ടിപ്പടുക്കാനായുള്ള നെട്ടോട്ടത്തിനിടയില്‍ സമയമില്ല എന്ന മുടന്തന്‍ ന്യായവും പറഞ്ഞ് അവനെ കാണാന്‍ പോകാതെയായി. എനിക്ക് പ്രിയപ്പെട്ട പലതും അവന്‍ എന്നില്‍ നിന്നും ഒരു ദാക്ഷിണ്യവുമില്ലാതെ തട്ടിയെടുത്തു എന്ന തോന്നല്‍ എന്നെ വീണ്ടും അവനില്‍ നിന്നും അകറ്റി. എന്നിരുന്നാലും എന്നും ഞാന്‍ അറിയാതെ തന്നെ എന്റെ ദിനങ്ങള്‍ തുടങ്ങിയിരുന്നതും അവസാനിച്ചിരുന്നതും അവനിലായിരുന്നു.

അതൊക്കെ കൊണ്ടാവും അവിടേക്ക് പോകുന്ന കാര്യം ആലോചിക്കുമ്പോള്‍ മനസ്സിന് ഒരു വിറയല്‍ ... എന്തായാലും രാവിലെ നേരത്തേ എഴുന്നേറ്റ് കുട്ടികള്‍ക്ക് സ്കൂളിലേക്ക് പോകാനുള്ള കാര്യങ്ങള്‍ ഒക്കെ ഒരുക്കി വെച്ചു. അവര്‍ തിരിച്ചെത്തുമ്പോള്‍ താന്‍ വീട്ടില്‍ ഉണ്ടാവും എന്ന്‍ പ്രിയതമന്‍ ഉറപ്പു പറഞ്ഞതിനാല്‍ ഒരല്പം സ്വസ്ഥമായ മനസ്സോടെ  യാത്ര തിരിച്ചു. ഏറെ കാലമായി തന്റെ പ്രിയനെ കാണാതെ വിഷമിച്ച പ്രേയസിയുടെ മനസ്സുമായി, ആദ്യം തീവണ്ടിയിലും പിന്നെ റോഡ്‌ മാര്‍ഗവും യാത്ര ചെയ്ത് ഒടുവില്‍ അവിടെയെത്തി.

അവന്റെ വീട്ടിലേക്കുള്ള വഴി ആകെ മാറിയിരിക്കുന്നു. ചുറ്റിനുമുള്ള വീടുകളും മറ്റും ഇല്ലാതായിരിക്കുന്നു. അവനെ കാണാന്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ളവര്‍ വരിവരിയായി നില്‍ക്കുന്നു - ക്ഷമാപൂര്‍വ്വം നില്‍ക്കുന്ന അവരുടെ പിന്നില്‍ ഏതോ ഒരാളെ പോലെ നില്‍ക്കാന്‍ മനസ്സ് വന്നില്ല. വീടിന്റെ ഒരു വശത്തുള്ള മറ്റൊരു കവാടത്തിലൂടെ അകത്തു കടന്നു. സുരക്ഷാപരിശോധനയും മറ്റും കഴിഞ്ഞു വേണം ഇപ്പോള്‍ അതിനകത്ത് കടക്കാന്‍. മുന്പ് യഥേഷ്ടം ഇവിടെ വന്നിരുന്നതും ഇഷ്ടം പോലെ സമയം ഇവിടെ ചെലവിട്ടതുമൊക്കെ ഓര്‍മയിലേക്ക് തള്ളിത്തിരക്കി വന്നു. ഒടുവില്‍ തിങ്ങിനിറഞ്ഞ ജനസമുദ്രത്തിലൊരു കണികയായി ഞാന്‍ അവന്റെ മുന്നിലെത്തി - ഒരു മിന്നായം പോലെ മാത്രമേ എനിക്ക് ആ മുഖം കാണാനായുള്ളൂ... ഏറെ ദൂരെ നിന്നും അര നിമിഷ നേരത്തിനു മാത്രം ആ മുഖം കണ്ട ഞാന്‍ കൃതാര്‍ത്ഥതയോടെ തിരിച്ചു നടന്നു... അവനോടു പറയാനുണ്ടായിരുന്ന പരിഭവങ്ങള്‍ എല്ലാം അലിഞ്ഞില്ലാതെയായി - "എന്റെ കണ്ണാ" എന്ന ഒരു വിളിയല്ലാതെ ഒന്നും എന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. എന്തെന്നറിയാത്ത ഒരു സന്തോഷം മനസ്സില്‍ നിറഞ്ഞ ആ വേളയില്‍ വേറെ എന്തു പറയാന്‍!

അപ്പോള്‍ മുതല്‍ ഇതാ ഈ നിമിഷം വരെ നിറ സാന്നിദ്ധ്യമായി അവന്‍ എന്നോടൊപ്പമുണ്ട് - (ഇനി എന്നും കൂടെയുണ്ടായിരിക്കും) - എന്നു ഞാന്‍ തിരിച്ചറിയുന്നു. ഈ ചെറുദര്‍ശനം എനിക്ക് വളരെ സന്തോഷം നല്‍കിയെങ്കിലും ഇനിയും അവിടേക്ക് തിരിച്ചു പോയി, കുറച്ചു കൂടി അടുത്തു നിന്ന് ഒരു മുഴു നിമിഷം ആ സന്നിധിയില്‍ ചിലവിടണം എന്ന ആഗ്രഹമാണ് ഇപ്പോള്‍ എന്റെയുള്ളില്‍ . മുടങ്ങിപ്പോയ സന്ദര്‍ശനം വീണ്ടും ഒരു പതിവാക്കണം എന്ന ചിന്തയും ശക്തമായിരിക്കുന്നു. അധികം വൈകാതെ തന്നെ ഞാന്‍ ഗുരുവായൂരപ്പ സന്നിധിയില്‍ തിരിച്ചെത്തിയേക്കാം...  എന്റെ ദിനരാത്രങ്ങള്‍ ആരിലാണോ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നത്, ആ കൂട്ടുകാരനെ കണ്‍കുളിര്‍ക്കെ കാണാന്‍ !


ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍ ഇമേജ് 

Friday, 8 November 2013

ഒരു കുത്ത് പഠിപ്പിച്ച പാഠം!

പണ്ടൊരിക്കല്‍ , സ്കൂളില്‍ പഠിക്കുമ്പോഴാണോ അതോ കോളേജില്‍ വെച്ചാണോ എന്നോര്‍മയില്ല, ഒരു പേഴ്സണാലിറ്റി ഡിവലപ്മെന്റ്റ് ക്ലാസ്സില്‍ പങ്കെടുക്കുകയുണ്ടായി. അതിന്റെ ഇന്സ്ട്രക്റ്റര്‍ ഒരു വലിയ, വെളുത്ത ചാര്‍ട്ട് പേപ്പര്‍ കൊണ്ടു വന്നു, ക്ലാസ്സിലെ കുട്ടികള്‍ക്ക് മുന്നില്‍ നിവര്‍ത്തിവെച്ചു. എന്നിട്ട് ചോദിച്ചു: "കുട്ടികളെ നിങ്ങള്‍ എന്താണ് കാണുന്നത്?"

ഞങ്ങള്‍ സസൂക്ഷ്മം നോക്കി - അതാ ആ പേപ്പറില്‍ ഒരു വശത്ത് ഒരു കറുത്ത കുത്ത്! അത്ര വലുതല്ലാത്ത, എന്നാല്‍ വളരെയെളുപ്പം ആരുടേയും കണ്ണില്‍ പെടുന്ന ഒരു കറുത്ത കുത്ത്! എന്തോ വലിയ കാര്യം ഉണ്ടാവുമെന്ന് കരുതി ആ പേപ്പറില്‍ നോക്കിയ ഞങ്ങളുടെ കണ്‍മുന്നില്‍ ഈ ഒരു കറുത്ത കുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്ലാസ്സിലുള്ളവരെല്ലാം പറഞ്ഞു - "ഞങ്ങള്‍ ഒരു കറുത്ത കുത്ത് കാണുന്നു" എന്ന്‍!

"അതല്ലാതെ നിങ്ങള്‍ വേറൊന്നും കാണുന്നില്ലേ?" അദ്ദേഹം ചോദിച്ചു.

ഇനിയും എന്തെങ്കിലും കാണാതെ പോയോ എന്ന് കരുതി ഞങ്ങള്‍ ആ പേപ്പര്‍ ഒന്നു കൂടി ശ്രദ്ധിച്ചു നോക്കി, എന്നിട്ടു പറഞ്ഞു: "ഇല്ലാ, വേറെ ഒന്നും ഞങ്ങള്‍ കാണുന്നില്ല"

അത് കേട്ടപ്പോള്‍ അദ്ദേഹം ഒന്ന് ചിരിച്ചു. എന്നിട്ട് ഒരു പേന കൊണ്ട് ആ കറുത്ത കുത്തിനു ചുറ്റും ഒരു വട്ടം വരച്ചു. എന്നിട്ട് പറഞ്ഞു: "എപ്പോഴും നമ്മള്‍ അങ്ങനെയാണ് - ഇത്ര വലിയ, വൃത്തിയുള്ള ഈ പേപ്പര്‍ മുഴുവനും ഉണ്ടായിട്ടും നാം കാണുന്നത് അതിലെ ഒരു ചെറിയ കറുത്ത കുത്ത് മാത്രമാണ്. അതിന്റെ ചുറ്റുമുള്ള വെണ്മ - അതെത്ര വലുതായാലും നാം കാണുന്നില്ല."

അന്ന് ആ വാക്കുകള്‍ കേട്ടപ്പോള്‍ ശരിയാണല്ലോ എന്ന തോന്നല്‍ ഉണ്ടായി - പിന്നെ അതങ്ങനെ മറന്നു പോയി. പിന്നെയും പല വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. അന്ന്‍ ആ അറിവ് എത്രത്തോളം ഞാന്‍ ഉള്‍ക്കൊണ്ടു എന്നെനിക്കറിയില്ല. പക്ഷേ, ഇപ്പോള്‍ ചിലപ്പോഴെങ്കിലും ഈ സംഭവം ഞാന്‍ ഓര്‍ക്കാറുണ്ട്. കാരണം മറ്റൊന്നുമല്ല. വെളുത്ത പ്രതലത്തിലെ 'കറുത്ത കുഞ്ഞന്‍  കുത്തിനെ' കാണാനാണ് ഏറ്റവും എളുപ്പം എന്ന്‍ തിരിച്ചറിയുന്നത് കൊണ്ടുതന്നെ! ആ പ്രതലത്തിന്റെ 99.99% വും വെളുത്ത, കുറ്റമറ്റതാണെന്ന് ഓര്‍ക്കാന്‍ എത്ര വിഷമമാണ്!

ഇപ്പോള്‍ ഇത് പറയാന്‍ എന്താണ് കാരണം? അങ്ങനെ പ്രത്യേകിച്ച് ഒരു കാരണമൊന്നും ഇല്ല. എന്നാലും എന്റെ നിരീക്ഷണങ്ങള്‍ പറയുന്നത് അന്നത്തെ പോലെ ഇന്നും ഒരു കൂട്ടം ആളുകളുടെ മുന്നില്‍ ആ സാറ് ഇതേ ചോദ്യം ആവര്‍ത്തിക്കുകയാണെങ്കില്‍ അന്ന്‍ ഞങ്ങള്‍ കുട്ടികള്‍ പറഞ്ഞ അതേ ഉത്തരമായിരിക്കും അദ്ദേഹത്തിനു ലഭിക്കുക എന്നാണ്!

ഏതൊരാളുടെയും കുറ്റം കാണാന്‍ നമുക്ക് കണ്ണുകള്‍ ഉണ്ട് - അവരുടെ നന്മ, അതെത്ര വലുതാണെങ്കിലും പലപ്പോഴും കാണാതെ പോകുന്നു - വെണ്മയേക്കാള്‍ ആ കറുത്ത കുത്ത് കണ്ണില്‍ തറഞ്ഞു കയറുന്നു. ചിലരുടെ സ്വഭാവം തന്നെ അങ്ങനെയാകുന്നു. എന്തിലും ഏതിലും അവര്‍ ആ ചെറിയ, കറുത്ത കുത്തിനെ മാത്രം തേടുന്നു. അത് കണ്ടെത്തുമ്പോള്‍ ഏറെ സന്തോഷിക്കുകയും ചെയ്യുന്നു. പക്ഷേ, അവര്‍ അറിയാതെ പോകുന്ന സത്യം ഇതാണ് - നന്മയുടെ ഒരു വലിയ ചിത്രം മുന്നില്‍ വ്യക്തമായി ഉണ്ടെങ്കിലും അവര്‍ക്ക് തിന്മയുടെ ഒരു ചെറിയ കടുകുമണി മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ എന്ന സത്യം! അവരുടെ കാഴ്ച്ച വല്ലാതെ സങ്കുചിതമായിരിക്കുന്നു എന്നവര്‍ അറിയാതെ പോകുന്നു.

ഇപ്പോഴും ഞാന്‍ ഇടക്കൊക്കെ എന്റെ കാഴ്ച്ച പരിശോധിക്കാറുണ്ട് - ഐ ക്ലിനിക്കില്‍ പോയിട്ടല്ല - ഒരു ആത്മപരിശോധന... കാണേണ്ടത് തന്നെയാണോ കാണുന്നത്? അതോ വല്ല കടുകുമണികളും മനസ്സിന്റെ കണ്ണില്‍ കയറിയിരുന്നു എന്റെ കാഴ്ച്ചയെ വികലമാക്കുന്നുണ്ടോ എന്നറിയാനുള്ള പരിശോധന. പലപ്പോഴും കറുത്ത കുത്തിനെ ഒഴിവാക്കി കാണേണ്ടതിനെ കാണാന്‍ എനിക്ക് അതുവഴി സാദ്ധ്യമാകുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം!  

ചിലപ്പോഴെങ്കിലും ആശിച്ചിട്ടുണ്ട് - എല്ലാവര്‍ക്കും ഈ അറിവുണ്ടായിരുന്നുവെങ്കില്‍ എന്ന്‍! എങ്കില്‍ ചിലപ്പോള്‍ നാം എതിരാളികള്‍ എന്ന് ധരിച്ചു വെച്ച ചിലരെങ്കിലും അങ്ങനയല്ല എന്ന സത്യം മനസ്സിലാക്കാന്‍ കഴിഞ്ഞേനേ! ഇത് വായിച്ച്  നിങ്ങളും ഒന്ന് ചിന്തിച്ചു നോക്കൂ - നിങ്ങളുടെ കാഴ്ച്ച എങ്ങനെയാണ് എന്ന്‍! ആ ചിന്തയില്‍ നിന്നും കിട്ടുന്ന ഉത്തരം ചിലപ്പോള്‍ നിങ്ങളുടെ കാഴ്ച്ചപ്പാടുകളെ തന്നെ മാറ്റിയേക്കാം...

ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ്

Monday, 28 October 2013

പഴുത്ത പ്ലാവിലകള്‍ ഞെട്ടറ്റു വീഴുമ്പോള്‍

പ്രായമായ അമ്മമാരെ മക്കള്‍ ഗുരുവായൂരില്‍ നടതള്ളുന്നു എന്ന വാര്‍ത്ത മാദ്ധ്യമങ്ങളില്‍ വന്നപ്പോള്‍ സത്യത്തില്‍ എനിക്കദ്ഭുതമൊന്നും തോന്നിയില്ല. നാട്ടില്‍ നടക്കുന്ന പല വാര്‍ത്തകളും കേട്ട് കേട്ട് ഒരുതരം നിസ്സംഗത എന്റെ മനസ്സിലും വേരുറപ്പിച്ചിരിക്കുന്നുവെന്ന് തോന്നുന്നു. പത്രമെടുത്താല്‍ കാണാവുന്നത് അഴിമതിയുടേയും, തട്ടിപ്പിന്റെയും വഞ്ചനയുടെയും മാത്രമല്ല, അതി ഭീകരമായ മനുഷ്യ മനസ്സിന്റെ ക്രൂരകഥകള്‍ കൂടിയാണ്. പലപ്പോഴും അവയെല്ലാം ഒന്നോടിച്ചു നോക്കുകയല്ലാതെ വായിക്കുവാന്‍ മുതിരാറില്ല. ഒരു ദിവസം തുടങ്ങുന്നത് തന്നെ കലുഷിതമായ മനസ്സോടെയാവണ്ടല്ലോ!

ഇന്നിപ്പോള്‍ യാദൃച്ഛികമായി ഒരു സുഹൃത്തിന്റെ ബ്ലോഗ്‌ വായിക്കാനിടയായി. സാമാന്യം നല്ല നിലയില്‍ ജീവിച്ച, എന്നാലിപ്പോള്‍ ഒരല്പം സമാധാനത്തോടെ ശേഷകാലം ജീവിച്ചു തീര്‍ക്കാനായി അനുയോജ്യമായ ഒരു വൃദ്ധസദനം അന്വേഷിച്ചു നടക്കുന്ന വൃദ്ധ ദമ്പതിമാരുടെ അനുഭവമാണ് അതില്‍ പ്രതിപ്രാദിച്ചിരിക്കുന്നത്.  (ഇവിടെ ക്ലിക്കിയാല്‍ ആ കഥ നിങ്ങള്‍ക്കും വായിക്കാം). വായിച്ചപ്പോള്‍ ആദ്യം തോന്നിയത്, ഇങ്ങനെ എത്ര പേര്‍ കാണും - ഞാന്‍ എന്ത് ചെയ്യാനാ എന്ന സങ്കുചിതമായ ചിന്ത തന്നെ! എന്നാല്‍ അല്പം കഴിഞ്ഞിട്ടും മനസ്സില്‍ നിന്നും ആ അച്ഛനമ്മമാരുടെ ചിത്രം മാഞ്ഞു പോകുന്നില്ല. ഒരു നൊമ്പരമായി അതെന്നെ നീറ്റിക്കൊണ്ടിരുന്നു. അപ്പോള്‍ എനിക്ക് കഴിയാമായിരുന്നത് അവരുടെ കഥ മറ്റുള്ളവരില്‍ എത്തിക്കുക എന്നതായിരുന്നു. ഉടനെ ആ ബ്ലോഗ്‌ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. ചില സമാനമനസ്കര്‍ അവരുടെ വാളിലും അത് പോസ്റ്റ്‌ ചെയ്ത് തങ്ങള്‍ക്കാവുന്ന പോലെ അവരെ സഹായിക്കുവാന്‍ ശ്രമിക്കുന്നുണ്ട് എന്നത് ഏറെ സന്തോഷം നല്കുന്നു. അധികം വൈകാതെ അവര്‍ക്ക് ഒരു തണല്‍ കിട്ടും എന്ന്‍ പ്രത്യാശിക്കുകയും ചെയ്യുന്നു.എങ്കിലും എന്നെ ചിന്തിപ്പിച്ച സംഗതി ഇതാണ് - സാമാന്യം നല്ല വിദ്യാഭ്യാസവും, പ്രാപ്തിയുമൊക്കെയുള്ള അച്ഛനമ്മമാരുടെ ഗതി ഇതാണെങ്കില്‍ ഇവയൊന്നും ഇല്ലാത്തവരുടെ കാര്യം എന്താവും?

എന്റെ സുഹൃത്ത് പറഞ്ഞ പോലെ ഇതൊരു കാന്‍സര്‍ ആണ്. സമൂഹത്തെ ആകമാനം ബാധിച്ച മാരകമായ കാന്‍സര്‍ ! പിറന്നു വീഴുമ്പോള്‍ കൈകാലിളക്കി അലറിക്കരയാന്‍ മാത്രം കഴിഞ്ഞിരുന്ന ഒരു കുഞ്ഞിനെ തങ്ങളുടെ സര്‍വസ്വവും നല്‍കി വളര്‍ത്തി വലുതാക്കി, അവരെ സ്വന്തം കാലില്‍ നില്കാനും പരസഹായമില്ലാതെ ജീവിക്കാനും പ്രാപ്തരാക്കുന്ന മാതാപിതാക്കള്‍ പിന്നീട് എന്തു കൊണ്ട് മക്കള്‍ക്ക് വെറുക്കപ്പെട്ടവരാകുന്നു? പലപ്പോഴും ഇല്ലായ്മകളും വല്ലായ്മകളും മറന്ന്‍, മക്കള്‍ക്ക് വേണ്ടി സകല ത്യാഗങ്ങളും ചെയ്യുന്ന മാതാപിതാക്കളെ, എന്തു കൊണ്ട് സമ്പന്നമായ ജീവിതം നയിക്കുമ്പോള്‍ മക്കള്‍ വിസ്മരിക്കുന്നു?

ഇന്നത്തെ തലമുറ തങ്ങളുടെ ചിന്തകളും പ്രവര്‍ത്തികളും ശരിയായ ദിശയിലേക്ക് നയിച്ചില്ലെങ്കില്‍ ഒരു പക്ഷേ നാളെ അവരെ കാത്തിരിക്കുന്നതും ഇതേ ദുരവസ്ഥയാവാം. ഇന്ന്‍ ഭാരമാണെന്ന് പറഞ്ഞു മാതാപിതാക്കളെ അനായാസം ഉപേക്ഷിച്ചു സുഖലോലുപരായി കഴിയുമ്പോള്‍ ഓര്‍ക്കുക - അത്ര വിദൂരമല്ലാത്ത ഒരു ഭാവിയില്‍ നമ്മുടെയും ഗതി ഇത് തന്നെയായിരിക്കാം എന്നത്! പഴുത്ത പ്ലാവില കൊഴിഞ്ഞു വീഴുമ്പോള്‍ ചിരിക്കുന്ന പച്ചപ്ലാവിലകള്‍ അറിയാതെ പോകുന്നതും ഈ നഗ്നസത്യം തന്നെ!

അപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം മനസ്സില്‍ കിടക്കുന്നു - എന്തേ നമ്മള്‍ ഇങ്ങനെയൊക്കെ ആവുന്നത്? ഏറെ കഷ്ടപ്പെട്ട് ജീവിതം കരുപ്പിടിപ്പിച്ചവരാണ് നമ്മുടെ മുന്നത്തെ തലമുറ. തുച്ഛമായ വരുമാനത്തില്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ അവര്‍ പാടുപെടുന്നത് എന്റെ സമപ്രായക്കാരായവരില്‍ ചിലരെങ്കിലും കണ്ടിരിക്കും. അപ്പോള്‍ ഒരു പക്ഷേ ബാല്യത്തിന്റെ നിഷ്കളങ്കതയില്‍ നിങ്ങളും ചിന്തിച്ചിരിക്കും -  "ഞാന്‍ വളര്‍ന്ന്‍ വലുതായി, നല്ല ജോലിയൊക്കെ നേടി അച്ഛനെയും അമ്മയെയും നന്നായി നോക്കും" എന്ന്‍! നാം വലുതാവും തോറും നമ്മിലെ നന്മകളോടൊപ്പം ആ ചിന്തകളും മൃതിയടയുകായിരുന്നുവോ??? അറിയില്ല....

ഇന്ന്‍ ആര്‍ക്കും ഒന്നിനും സമയമില്ല - ഭാര്യയും ഭര്‍ത്താവും ജോലിക്കാര്‍ . തങ്ങളനുഭവിച്ച വേദനകളും ഇല്ലായ്മകളും മക്കള്‍ അറിയരുതെന്ന് കരുതി അവരെ താഴത്തും തലയിലും വെക്കാതെ വളര്‍ത്തും (നമ്മള്‍ കുഞ്ഞായിരിക്കുമ്പോള്‍ നമ്മുടെ അച്ഛനമ്മമാര്‍ക്കും ഇതേ ചിന്ത തന്നെയായിരിക്കാം ഉണ്ടായിരുന്നത് എന്ന്‍ നമ്മള്‍ മറക്കുന്നു). അവര്‍ ചോദിക്കുന്നതും അല്ലാത്തതുമായ എല്ലാ സൗകര്യങ്ങളും അവര്‍ക്ക് കൊടുക്കുന്നു - അവര്‍ നല്ല നിലയിലെത്തിയാന്‍ തങ്ങളെ അവര്‍ പരിപാലിക്കുമെന്ന് വ്യാമോഹിക്കുന്നു. അതേസമയം, സ്വന്തം മാതാപിതാക്കളോട് തങ്ങള്‍ ചെയ്തത് എന്താണെന്ന് സൗകര്യപൂര്‍വ്വം മറക്കുന്നു....

ചിലരെയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട് - അവര്‍ പറയും: ഞങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ കാശ് മതി ഞങ്ങള്‍ക്ക് വയസ്സുകാലത്ത് സുഖമായി കഴിയാന്‍, ഞങ്ങള്‍ മക്കള്‍ക്ക് ഒരു ഭാരമാവില്ല, വയസ്സായാല്‍ വല്ല വൃദ്ധസദനത്തിലും പോകും എന്നൊക്കെ. സ്വന്തം മാതാപിതാക്കളെ വേണ്ടപോലെ പരിപാലിക്കാത്തത് കൊണ്ടാണോ അവര്‍ക്ക് ഈ ചിന്ത എന്നറിയില്ല. അതോ അങ്ങനെ ഒരു ഗതി വരുമെന്ന് മുന്‍കൂട്ടി കണ്ട് അതിനു മാനസികമായി തയ്യാറെടുക്കുകയാണോ? അറിയില്ല! എന്ത് തന്നെയായാലും ഈ പറയുന്നവരും ആ പ്രായം എത്തുമ്പോള്‍ ഒരു പക്ഷേ മക്കളുടെയും പേരക്കുട്ടികളുടെയും കൂടെയുള്ള ഒരു സന്തോഷഭരിതമായ ജീവിതമാവും ഇഷ്ടപ്പെടുക - അല്ലെന്ന് ആര്‍ക്ക് പറയാന്‍ കഴിയും?

എന്തായാലും ഒരു കാര്യം തീര്‍ച്ച - നാളെ എങ്ങനെയാവും എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. തല്‍ക്കാലം ഇന്നില്‍ ജീവിക്കുക. നാളത്തെ ജീവിതം സ്വസ്ഥമാക്കാനുള്ള തത്രപ്പാടില്‍ ഇന്നിനെ മറക്കാതിരിക്കുക. കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതിനൊപ്പം അല്പം സ്നേഹവും സമയവും കൂടി കൊടുക്കുക. ഒരു പക്ഷേ നാളെ നാം പഴുത്ത പ്ലാവിലയായി ഞെട്ടറ്റു വീഴാറാവുമ്പോള്‍ ഇന്ന് നമ്മള്‍ അവര്‍ക്ക് കൊടുത്ത സ്നേഹം ഒരു വടവൃക്ഷമായ് വളര്‍ന്ന് ഒരു ചെറു തണല്‍ നമുക്കായി കാത്തു വെക്കില്ലെന്നാരു കണ്ടു!

വാല്‍കഷ്ണം: അച്ഛനമ്മമാരുടെ സ്വത്തുക്കള്‍ തട്ടിയെടുത്ത് അവരെ ഉപേക്ഷിക്കുന്ന മക്കളെ കണ്ടു പിടിച്ച് അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും തയ്യാറാകണം. അത്തരം ആളുകളെ സമൂഹം പകര്‍ച്ചവ്യാധിയെ പോലെ അകറ്റി നിര്‍ത്തണം. മാതാപിതാക്കള്‍ക്ക്  നിയമ പരിരക്ഷ ലഭിക്കുമ്പോള്‍ , അവരെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കും എന്ന് വരുമ്പോള്‍ , ഈ ദുഷ്-പ്രവണതയ്ക്ക് ഒരല്പം കുറവുണ്ടാവും എന്നു കരുതാം. അങ്ങനെയെങ്കില്‍ ചില പാവം മാതാപിതാക്കളെങ്കിലും അവരുടെ അവസാനകാലം ഇത്തിരി സമാധാനത്തോടെ ജീവിച്ചു തീര്‍ക്കും...

ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ്

Friday, 25 October 2013

ബ്ലോഗിങ്ങ് ചിന്തകള്‍

പണ്ട് (അത്ര പണ്ടൊന്നുമല്ല കേട്ടോ!) ഏതൊരു ബ്ലൊഗ്ഗറേയും പോലെ ഞാനും ഇടയ്ക്കൊക്കെ എന്റെ ബ്ലോഗിലെ ഫോളോവേര്സിന്റെ എണ്ണവും സന്ദര്‍ശകരുടെ എണ്ണവും നോക്കി നിര്‍വൃതിയടയാറുണ്ടായിരുന്നു. ഇപ്പോള്‍ ഈ സംഖ്യകള്‍ക്ക് ഞാന്‍ കൊടുക്കുന്ന പ്രാധാന്യം മുന്‍പത്തേക്കാള്‍ വളരെക്കുറവാണ് എന്ന്‍ മാത്രം! കാരണം വേറെ ഒന്നുമല്ല - കണക്കുകള്‍ പലപ്പോഴും യാഥാര്‍ത്ഥ്യമാകണമെന്നില്ല എന്നത് തന്നെ!

എന്നാല്‍ ഇന്നിപ്പോള്‍ എന്നെ ചിന്തിപ്പിച്ച വിഷയം വേറെ ഒന്നാണ് - യാദൃച്ഛികമായി ഇന്നൊരു ബ്ലോഗില്‍ എത്തിപ്പെട്ടു. നല്ല എഴുത്ത് - വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു - പക്ഷേ ഫോളോവര്‍മാര്‍ കുറവാണ്. കമന്റുകളും കുറവ് - ഒരു പക്ഷേ ആ ബ്ലോഗര്‍ തന്റെ ബ്ലോഗ്‌ വേണ്ട പോലെ മാര്‍ക്കറ്റ് ചെയ്യാത്തത് കൊണ്ടാവാം... 

ബ്ലോഗിങ്ങ് രംഗത്ത് കുറച്ചൊക്കെ സജീവമായത് മുതല്‍ ഞാന്‍ നിരീക്ഷിച്ചു വരുന്ന ഒരു പ്രതിഭാസമാണിത്...  നല്ല ബ്ലോഗുകള്‍ വേണ്ട പോലെ ശ്രദ്ധിക്കപ്പെടുന്നില്ല എന്നൊരു തോന്നല്‍ . എന്നെക്കാള്‍ നന്നായി എഴുതുന്നവരും, വിവിധ വിഷയങ്ങള്‍ എഴുതുന്നവരുമൊക്കെ അറിയപ്പെടാതെ പോകുന്നതില്‍ വിഷമം തോന്നാറുണ്ട്. അത് പോലെ തന്നെ നിലവാരമില്ലാത്ത ചില ബ്ലോഗുകള്‍ കേമം എന്നുപറഞ്ഞു കൊട്ടിഘോഷിക്കപ്പെടുമ്പോഴും...

ബ്ലോഗ്‌ പ്രചരിപ്പിക്കാന്‍ ഫേസ്ബുക്ക്‌ ഏറെ സഹായകരമാണെങ്കിലും ഇപ്പോള്‍ പല പോസ്റ്റുകളും ഫേസ്ബുക്കിലെ ചര്‍ച്ചാ വിഷയങ്ങളായി മാത്രം ഒതുങ്ങുന്നുണ്ടോ എന്ന സംശയവും ഇല്ലാതില്ല. വളരെ സജീവമായി എഴുതിയിരുന്ന പലരും ഇപ്പോള്‍ ഇത്തരം ചര്‍ച്ചകളില്‍ മാത്രം പങ്കെടുത്ത് സന്തോഷിക്കുന്ന കാഴ്ച്ചയാണ് ചുറ്റിനും. ബ്ലോഗ്‌ ഒരല്പം പിന്തള്ളപ്പെട്ടോ എന്ന സംശയം സ്വാഭാവികമായും ഉയരുന്നു. ഒരു പക്ഷേ ഫേസ്ബുക്കില്‍ ഇടുന്ന സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്ക് ഉടന്‍ തന്നെ പ്രതികരണം കിട്ടുന്നുവെന്നും വായനക്കാരനും എഴുത്തുകാരനും തമ്മില്‍ ഉടന്‍ തന്നെ സംവദിക്കാനുള്ള അവസരം കൈവരുന്നു എന്നതും അതിന്റെ ഒരു മെച്ചമാണ്. എന്നാല്‍ പിന്നീടെപ്പോഴെങ്കിലും ഇവ കണ്ടെത്തണമെങ്കില്‍ വളരെ ബുദ്ധിമുട്ടാണെന്നത് ഏറ്റവും വലിയ ഒരു കുറവായാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ബ്ലോഗില്‍ എല്ലാം അടുക്കിലും ചിട്ടയിലും വെക്കാന്‍ കഴിയും. വായനക്കാരന് തന്റെ പ്രതികരണം എഴുത്തുകാരനെ അറിയിക്കാനും കഴിയും. പക്ഷേ അതിന് അപ്പപ്പോള്‍  മറുപടിയും, അതിന്മേല്‍ ഒരു ചര്‍ച്ചയും ബ്ലോഗില്‍ പൊതുവേ കാണാറില്ല. എന്നാല്‍ എത്ര ദിവസം കഴിഞ്ഞാലും ബ്ലോഗില്‍ നിന്നും ആ പോസ്റ്റ്‌ കണ്ടെടുക്കാന്‍ വലിയ വിഷമം ഒന്നുമില്ല എന്നത് ഒരു വലിയ മെച്ചം തന്നെ! സൗകര്യം പോലെയിരുന്നു വായിക്കാവുന്ന ഒരു പുസ്തകം പോലെയാണ് ബ്ലോഗ്‌.

പറഞ്ഞു വന്നത് ഇതൊന്നുമല്ല - നല്ല എഴുത്തുകാരെ എങ്ങനെ വായനക്കാരിലേക്ക് എത്തിക്കാം എന്നതാണ്. ചില ബ്ലോഗ്‌ കൂട്ടായ്മകളില്‍ അതിനുള്ള പരിശ്രമങ്ങള്‍ നിരന്തരം ഉണ്ടെങ്കിലും അവ കൂടുതല്‍ ഫലപ്രദമാവേണ്ടിയിരിക്കുന്നു എന്നാണ് എന്റെ അനുഭവം പറയുന്നത്. പലപ്പോഴും അറിയുന്നവരെ മാത്രം വായിച്ചും പ്രോത്സാഹിപ്പിച്ചും നാം സന്തോഷകരമായി മുന്നോട്ട് പോകുന്നു. അത് പോര എന്ന് തോന്നുന്നു.

നല്ല ഒരു പോസ്റ്റ്‌ കണ്ടാല്‍ അത് മറ്റുള്ളവരിലേക്കും എത്തിക്കണം എന്ന തോന്നലുണ്ടാവണം. ഇടയ്ക്കെങ്കിലും അവനവന്റെ മാത്രമല്ലാതെ മറ്റുള്ളവരുടെ ബ്ലോഗിനെയും നമ്മള്‍ പ്രോത്സാഹിപ്പിക്കണം - പ്രത്യേകിച്ചും അവ മികവുറ്റതാവുമ്പോള്‍ ! അതു പോലെ ആരെങ്കിലും ഒരു പോസ്റ്റ്‌ ഷെയര്‍ ചെയ്‌താല്‍ അവ വായിച്ചു നോക്കാനുള്ള സന്മനസ്സ് കാണിക്കണം. 

ഒരു നല്ല വായനക്കാരനേ ഒരു നല്ല എഴുത്തുകാരനാവാന്‍ കഴിയൂ എന്ന് കേട്ടിട്ടുണ്ട്. പല ബ്ലോഗുകളിലും പോയി നോക്കുമ്പോള്‍ അത് സത്യമാണെന്ന്‌ തോന്നിയിട്ടുണ്ട്. എത്ര വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളാണ് വായിക്കാന്‍ കഴിയുന്നത് - എത്ര വ്യത്യസ്തമായ കാഴ്ചപ്പാടുകളും! അവ വായിക്കുന്നവരിലും ഒരു പുതിയ ചിന്തയുടെ വിത്ത്‌ മുളപ്പിക്കില്ലെന്നു ആര്‍ക്ക് പറയാന്‍ കഴിയും?

കുറെ ദിവസങ്ങളായി മുടങ്ങിക്കിടന്ന ബ്ലോഗ്‌ വായന കൂടുതല്‍ ചിട്ടയോടെ തുടരുവാന്‍ ഉദ്ദേശിക്കുന്നു. എന്റെ കാഴ്ചയില്‍ വ്യത്യസ്തമെന്ന്‍ തോന്നുന്നവ ഞാന്‍ തീര്‍ച്ചയായും നിങ്ങളുമായി പങ്കുവെക്കും. നിങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവ വായിക്കാനും ശ്രമിക്കും - അത് നിങ്ങളുടെ സ്വന്തം ബ്ലോഗായാലും അല്ലെങ്കിലും. 

അങ്ങനെ ചിലരെങ്കിലും കൂടുതല്‍ അറിയപ്പെടാന്‍ ഒരു നിമിത്തമായെങ്കില്‍ ഏറ്റവും ചാരിതാര്‍ത്ഥ്യം പകരുന്ന ഒരനുഭാവമാകും അത്. 

ഞാന്‍ ഈയടുത്ത് എത്തിപ്പെട്ട, എനിക്ക് ശ്രദ്ധേയമായി തോന്നിയ ചില ബ്ലോഗുകള്‍ ഇവയാണ്

http://harshamohank.blogspot.in/
http://sahithyasamgamam.blogspot.in/
http://disorderedorder.blogspot.in/
http://swanthamsyama.blogspot.in/
http://spandanam-athira.blogspot.in
http://pukayunnakadhakal.blogspot.in/
http://praveen-sekhar.blogspot.in
http://worldofshivakami.blogspot.in/
http://www.vishnulokam.com/

ഇനിയും എത്രയോ നല്ല ബ്ലോഗുകളില്‍ എത്താനുണ്ട് എന്നറിയാം... ഇന്നല്ലെങ്കില്‍ നാളെ അവിടെ എത്തിച്ചേരുമെന്ന വിശ്വാസത്തില്‍ ഞാന്‍ വായന തുടരട്ടെ!

ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ ഇമേജ്

Thursday, 24 October 2013

പുനര്‍ജ്ജനി


നിങ്ങളില്‍ നിന്നെല്ലാം ദൂരെയായ് ഇന്നൊ-
രല്പനേരം ഞാനൊന്നു മാറിയിരിക്കട്ടെ
കണ്ണു തുറന്നാല്‍ കണ്മുന്നില്‍ കാണുന്ന
അക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കട്ടെ;
കാതോര്‍ത്താല്‍ കേള്‍ക്കുന്ന ഏങ്ങലടികള്‍
കേട്ടില്ലെന്നും നടിക്കട്ടെയൊരു മാത്ര നേരം...
ചുറ്റിനും പരക്കുന്ന ദുര്‍ഗന്ധത്തിന്‍ കുത്തലിന്നു-
നേരെയൊരു നിമിഷം മൂക്കു പൊത്തട്ടെ!
ആള്‍ക്കൂട്ടത്തില്‍ നിന്നുമറിയാത്തപോലെന്‍
നേരെ നീളുന്ന സ്പര്‍ശനമറിയാതെ പോട്ടെ
നാക്കിന്‍ തുമ്പത്ത് വിടരുന്ന വാക്കുകള്‍
കയ്പ്പോടെയെങ്കിലും കുടിച്ചിറക്കട്ടെ...

എന്നിട്ടുവേണം എനിക്കെന്നിലെ ശക്തിയെ
ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ - എന്നേയ്ക്കുമായ്...
അപ്പോഴെന്‍ കണ്ണില്‍ നിന്നു വമിക്കുമഗ്നിജ്വാല
നിന്നെ ദഹിപ്പിച്ചേക്കാമൊരു നിമിഷാര്‍ദ്ധത്തില്‍ ;
എന്നട്ടഹാസത്തില്‍ വിറച്ചു പോം നിന്നേങ്ങലടികള്‍
കേള്‍ക്കാതെ പോകുമീ ലോകമെല്ലാമെന്നോര്‍ക്കുക,
പനിനീരില്‍ കുളിച്ചാലും ദുര്‍ഗന്ധം വമിക്കുന്ന നിന്‍
ദേഹവും മനസ്സുമൊരു കൊടുങ്കാറ്റായ് പിഴുതെറിയും,
നിന്‍ ദുഷിച്ച കരങ്ങള്‍ കൊയ്തെറിയുവാന്‍  ഞാന്‍
ഇരുതല മൂര്‍ച്ചയേറുന്നൊരു ഖഡ്ഗമായ് മാറും...
എന്‍ നാക്കില്‍ നിന്നുയരും ശാപത്തിന്‍ തീയില്‍
നീ വെറും ചാരമായ് ഭൂമിയില്‍ ലയിച്ചു ചേരും...

ഓര്‍ക്കുക, എന്റെ മൌനമെന്‍ ദൗര്‍ബല്യമല്ലെന്നത്,
അതൊരിടവേളമാത്രം - സഹനത്തിന്‍ നീര്‍കുമിള;
ഒരു നാളത് പൊട്ടുമെന്നറികയിപ്പോള്‍ത്തന്നെ നീ,
കരുതിയിരിക്കുക - വിധിപറയും ദിനമിങ്ങെത്താറായി...
എപ്പോഴുമെന്നെ ചവിട്ടിക്കയറിയ നിന്‍ വഴികളില്‍
സത്യത്തിന്‍ ശക്തമാം കരങ്ങളേറി ഞാന്‍ നില്‍ക്കുന്നു
ഞാനൊന്ന് കണ്ണുതുറന്നു നോക്കിയാല്‍ നീ ചാമ്പല്‍ ...
ഒന്നുറക്കെയട്ടഹസിച്ചാല്‍ നീ ഞെട്ടിവിറച്ചിരിക്കും
എന്നെ ഞെരിച്ചമര്‍ത്തിയ നിന്‍ കൈകാലുകള്‍
പിഴുതെറിയാന്‍ ക്ഷണനേരം വേണ്ടെനിക്കിപ്പോള്‍
അമ്മയല്ല മകളല്ല പത്നിയല്ല സഖിയല്ല ഞാനിനി
അടിച്ചമര്‍ത്തലില്‍ നിന്നുത്ഭവിച്ച സംഹാരരുദ്രയല്ലോ!!Tuesday, 8 October 2013

മരണമെത്തുമ്പോള്‍


പാതിജീവന്‍ മിടിക്കുമെന്‍ ഹൃത്തിലുയരും
പുത്ര ദു:ഖമറിയാഞ്ഞതെന്തേ നീ?
മരണമെന്നരികില്‍ വന്നണഞ്ഞ വേളയില്‍
എന്തിനെന്നെ വിട്ടകന്നു പോയ്‌ നീ?
രോഗമെന്‍ മേനിയെ കാര്‍ന്നു തിന്നെങ്കിലും
നിനക്കായെന്‍ ഹൃദയം ഞാന്‍ കാത്തു വെച്ചു;
വേദനകളെന്നസ്ഥിയില്‍ തുളഞ്ഞിറങ്ങുമ്പോഴും
നിന്‍ മുഖമോര്‍ത്തു ഞാന്‍ പുഞ്ചിരിച്ചിരുന്നു....

ഇനിയെന്നെക്കാണാന്‍ നീ വരില്ലെന്നറികിലും,
നിന്നെയൊരു നോക്കു കണ്ടീടുവാന്‍ വ്യര്‍ത്ഥമാ-
യെന്‍ മനം കൊതിപ്പൂ; നിന്നെക്കാണാതിന്നു ഞാന്‍
മരിക്കിലെന്നാത്മാവിനു ശാന്തിയില്ലെന്നോതുന്നു ചിലര്‍ ...
എങ്കിലുമോമനേ നീ കരയേണ്ട; കുഞ്ഞിളം പൈതലായി
പുഞ്ചിരി തൂകി നില്‍പ്പൂ നീയെന്നുള്ളിലിപ്പോള്‍ ;
ആ ചിരിയെന്നുള്ളില്‍ നിറഞ്ഞിരിക്കും കാലമത്രയും
ഒരു ചിതയുമെന്നെ പൊള്ളിക്കുകയില്ല - ഞാന്‍ മരിച്ചാലും....

ജീവന്‍ നല്‍കി ഞാന്‍ നിനക്കെന്നാകിലും,
സ്വപ്നം കാണാന്‍ കരുത്തേകിയെന്നാകിലും
പിച്ച വെച്ചു നിന്നെ ഞാന്‍ നടത്തിയെന്നാകിലും
ഉച്ചിയില്‍ കൈവച്ചനുഗ്രഹിച്ചീടുമെന്നാളുമെങ്കിലും,
ഇനി ഞാന്‍ മരിച്ചെന്നു കേട്ടാലും നീ വന്നിടേണ്ട
കണ്ണീര്‍ക്കയങ്ങള്‍ തീര്‍ത്തതില്‍ മുങ്ങിടേണ്ട;
നിന്‍ മോഹന സ്വപ്നങ്ങളില്‍ അമ്മയൊരു
വേദനയായ് നിറഞ്ഞിടാതിരിക്കട്ടെയൊരിക്കലും

ഞാന്‍ മരിച്ചു മണ്ണടിയുമ്പോഴെനിക്കായ്
സ്മാരകമൊന്നും പണിയേണ്ടതില്ല നീ...
അഗ്നിയിലൊരുപിടി ചാരമായ് മാറിയോരെന്‍
ചിത്രത്തെ മുഖപുസ്തകത്താളുകളില്‍ പൂജിക്കേണ്ട;
സ്നേഹത്തോടെ നീയുരിയാടാത്ത വാക്കുകള്‍ -
ക്കൊണ്ടതിന്‍ മതിലുകള്‍ നീ നിറച്ചിടേണ്ടിനിയും;
മനസ്സിനൊരു ചെറു കോണില്‍ പോലുമെന്നെ നീ
നനുത്തോരോര്‍മ്മയായ് കാത്തിടേണ്ടിനിയൊരു നാളും!

Picture Courtesy: Google Images

Wednesday, 11 September 2013

ഇനിയൊന്നുറങ്ങണം...

ഇനിയൊന്നുറങ്ങണമെനി-
ക്കൊരിക്കലും ഉണരാതിരിക്കാന്‍.....
പൊട്ടിവിടരും പുലരിയുടെ
നിശ്ശബ്ദത കവരും ഘടികാര-
ത്തിന്നലര്‍ച്ച കേട്ടിനിയെനിക്ക്
ഉണരേണ്ടൊരു പുലരിയിലും...

രാവും പകലുമില്ലാതെയോടി-
ത്തളര്‍ന്നോരെന്‍ മനസ്സും ദേഹവും
നിത്യമാമുറക്കത്തിലേക്കൊന്നു
വഴുതി വീണീടുന്ന നേരം,
വിളിച്ചുണര്‍ത്തരുതെന്നെ നിങ്ങള്‍
വീണ്ടുമീയവനിയില്‍ കിടന്നുഴറുവാന്‍.... ...
വ്യാകുല ചിന്തകളേതുമില്ലാതെ,
വ്യസനം പകരും സ്വപ്നങ്ങളില്ലാതെ,
ഇനിയൊന്നുറങ്ങണമെനി-
ക്കൊരിക്കലും ഉണരാതിരിക്കാന്‍.........

എന്നെയുണര്‍ത്താതിരിക്കൂ നീയുണ്ണീ
നിന്‍ കിളിക്കൊഞ്ചലാല്‍;
വേണ്ട പ്രിയനേ, നീയിനിയെന്‍
മൂര്‍ദ്ധാവില്‍ ചുംബിച്ചുണര്‍ത്തീടേണ്ടാ...
ഇനി ഞാനൊന്നുറങ്ങീടട്ടെ
നിന്‍ ബലിഷ്ഠമാം കരങ്ങളിലൊതുങ്ങി
സീമന്തരേഖയില്‍ മായാതുറങ്ങുന്ന
സിന്ദൂരപ്പൊട്ടുപോലെ ഞാനുറങ്ങട്ടെ...

ഇനിയും ഉണരാതിരിക്കാന്‍
ഒരിക്കല്‍ ഞാനുറങ്ങിടട്ടെ!!!

ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ ഇമേജ് 

Sunday, 8 September 2013

ഓര്‍മ്മകള്‍
ദു:ഖത്തിന്‍ കരിമുകിലുകള്‍
പേമാരിയായ് പെയ്തിറങ്ങി;
നേരത്തോടുനേരമിരമ്പിയലറി,
പെയ്തിട്ടും പെയ്തിട്ടുമൊഴിയുന്നില്ല...

കൊള്ളിയാന്‍ മിന്നിയതാ-
കാശത്തോപ്പിലല്ലീ മനസ്സില്‍ ;
ഇടിയല്ലത് നിങ്ങള്‍ കേട്ടതീ
നെഞ്ചിന്‍ വിങ്ങലുകളത്രേ!

കാലമെത്ര കഴിഞ്ഞാലും 
മാരിയെത്ര പൊഴിഞ്ഞാലും
അണയാത്ത ജ്വാലയായ്
കാറ്റിലുലയാതെ നില്‍ക്കും

ദഹിപ്പിക്കാനാവില്ലയീയോര്‍മ്മകളെ
അഗ്നിപര്‍വ്വതത്തോളം വളര്‍ന്ന,
വിസ്മൃതിയില്‍ കരിഞ്ഞുണങ്ങാത്ത,
കാരിരുമ്പ് പോലുള്ളോര്‍മകളെ...

നേര്‍ത്തുപോകുമെന്‍ ശ്വാസ-
ഗതികളൊരുന്നാളെങ്കിലും
പേര്‍ത്തു പോകില്ലയുള്ളില്‍
നിന്നുടെ സൗരഭ്യം പരത്തും ഓര്‍മ്മകള്‍ ....

ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ് 

Sunday, 18 August 2013

കൂട്ടുകാരെയോര്‍ത്ത്അറിയാത്തൊരു നൊമ്പരത്തില്‍ നെഞ്ചകം നുറുങ്ങുന്നു,
ഇതു വരെ കാണാത്തൊരു കൂട്ടിനെയോര്‍ത്ത്...

മനസ്സിലൊരു മഴവില്‍ വിരിയുന്നു, മാംഗല്യത്തിന്‍ മധുരം
നുകരുവാനൊരുങ്ങുമിരു ജീവനെയോര്‍ത്ത്...

ആശങ്ക തന്‍ ചിറകടിയൊച്ചകള്‍ മുഴങ്ങുന്നുവെന്നുള്ളില്‍
നിനച്ച സന്ദേശം കിട്ടാത്തതോര്‍ത്ത്...

കരളില്‍ കദനം നിറയുന്നു, അകലെ നിന്നെത്തിയൊരു
സ്നേഹത്തിന്റെ സൗഖ്യമറിയാത്തതോര്‍ത്ത്...

കണ്ണുകള്‍ നിറയുന്നു, കൂട്ടത്തില്‍ കളിപറഞ്ഞു നടന്നവര്‍
തിണ്ണം കൊമ്പുകള്‍ കോര്‍ത്തതോര്‍ത്ത്...

ഹൃദയം നിറയുന്നു ചുറ്റിലും സ്നേഹത്തിന്‍ പാലാഴി
വിതറും മനസ്സുകളെയോര്‍ത്ത്...

മോദത്താല്‍ തുടിക്കുന്നെന്‍ ഹൃദന്തം സ്നേഹാദരങ്ങള്‍
നല്കിയൊരീ കൂട്ടിന്‍ ഭാഗമെന്നോര്‍ത്ത്...

ആഹ്ലാദിക്കുന്നു ഞാന്‍ ഒരമ്മതന്‍ മക്കളായ്‌ പിറന്നില്ലെങ്കിലും
എന്റേതായി മാറിയവരെയോര്‍ത്ത്...

നമിക്കുന്നു ശിരസ്സാദരാല്‍ ഞാനെന്‍ജീവനഴകേകിയ
സര്‍വ്വശക്തി തന്‍ കാരുണ്യമോര്‍ത്ത്...

Monday, 5 August 2013

സൗഹൃദം

കേട്ടുമറന്നോരീണമെന്‍ മനസ്സാം
തംബുരുവില്‍ നിന്നു താനെയുയരവേ, 
എന്തിനെന്നറിയാതെയെന്‍ മിഴി-
കളൊരുമാത്ര സജലങ്ങളായ്!

കാലരഥമേറി ഞാനേറെ ദൂരം പോയ്‌
കാണാകാഴ്ചകള്‍ തന്‍ മാധുര്യവുമായ്;
ഒടുവിലൊരു പന്ഥാവിന്‍ മുന്നിലെത്തിയന്തിച്ചു- 
നില്‍ക്കേ കേട്ടു,ഞാനായീണം വീണ്ടും.

നിന്നോര്‍മ്മകളെന്നില്‍ നിറഞ്ഞ നേരം
നിന്‍ പുഞ്ചിരിയെന്നില്‍ വിടര്‍ന്ന നേരം
കൌമാരത്തിന്‍ കൈപിടിച്ചിന്നു ഞാന്‍
കാലത്തിന്‍ വഴികളിലൂടൊന്ന്‍ തിരിഞ്ഞു നടന്നു...

ഇല്ലില്ല കോലാഹലമൊന്നുപോലുമവിടെ,
വീണില്ല സൌഹൃദത്തേന്‍മരത്തിന്‍ ചില്ല
ആയിരം കൈനീട്ടി വിടര്‍ന്നു നില്‍പ്പൂണ്ടിപ്പോഴും
സ്നേഹാമൃതം തൂകി സുഹൃത്താമൊരരയാല്‍ !!!


ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ ഇമേജ്

Tuesday, 23 July 2013

ഉണ്ണിയ്ക്കായ്ഉണ്ണീ നീയുണര്‍ന്നീടുക വേഗമിപ്പോള്‍ 
ഇന്നു നിന്റെയാട്ടപ്പിറന്നാളല്ലോ

കര്‍ക്കിടകക്കാറുകള്‍ നീങ്ങിയാ മാനത്ത്
അര്‍ക്കനിതായിപ്പോള്‍ പുഞ്ചിരിപ്പൂ...

സ്നാനത്തിനാശു ഗമിച്ചീടുക നീയ്യെന്നിട്ടാ-
ത്തേവരെയും പോയ്‌ വണങ്ങി വരൂ!

നെറ്റിയില്‍ ചന്ദനക്കുറിയോടൊപ്പമമ്മ
നല്കിടാം ഉമ്മകളായിരങ്ങള്‍ ;

മാറോടുചേര്‍ത്തു പുണര്‍ന്നീടാം നിന്നെ ഞാന്‍
ഓമനയാമുണ്ണീ നീയോടിവായോ..

നിന്‍ കണ്ണില്‍ വിടരുന്നോരാനന്ദപ്പൂത്തിരി-
യെന്നുള്ളില്‍ സ്നേഹക്കടലായ് മാറി,

നെറുകയില്‍ കൈവെച്ചു ഞാനിതാ നേരുന്നു
ആയൂരാരോഗ്യ സൗഭാഗ്യങ്ങളും

നന്മതന്‍ നിറകുടമായ് വാഴുകയെന്നുടെ-
യോമനക്കുട്ടാ നീയെന്നുമെന്നും

പാരിലെ പീഡകള്‍ നിന്നെ വലയ്ക്കാതെ
പാരം ഞാന്‍ കാത്തീടാമാവുവോളം...

സദ്‌ബുദ്ധിയെന്നും നിന്‍ മതിയിലുണരുവാന്‍
സച്ചിതാനന്ദനെ വണങ്ങിടുന്നു...

ഉണ്ണീ നീ വാഴ്കയാമോദമോടെന്നാളും
ഉള്ളം നിറഞ്ഞു ഞാനനുഗ്രഹിപ്പൂ...Monday, 8 July 2013

വ്യാഴവട്ടംഞാനില്‍ നിന്നും നമ്മളിലേക്ക് നടന്നടുത്ത കാലം,
സ്വപങ്ങള്‍ക്കനേകം ചിറകുകള്‍ മുളച്ച കാലം
ഹൃദയം തുടിക്കുന്നത് നിനക്കു മാത്രമായ കാലം
എന്നില്‍ നീയും നിന്നില്‍ ഞാനുമായ കാലം

സ്നേഹത്തിന്‍ ഭാവങ്ങള്‍ തൊട്ടറിഞ്ഞ കാലം
വിരഹത്തിന്‍ മുള്ളുകള്‍ പതിഞ്ഞ കാലം
അമ്മതന്‍ ഉള്ളം പൊള്ളുമെന്നറിഞ്ഞ കാലം
പിള്ള തന്‍ ചിരിയില്‍ മതി മറന്ന കാലം

ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറാത്ത കാലം
ചിന്തകളെല്ലാമൊന്നായ് ശക്തിയാര്‍ജ്ജിച്ച കാലം
സമയരഥചക്രങ്ങള്‍ അതിവേഗമുരുണ്ട കാലം
വെള്ളിയിഴകളും ചുളിവുകളും പതിഞ്ഞ കാലം

മധുരമാം ഓര്‍മ്മകള്‍ സമ്മാനിച്ചതും ഈ കാലം
മരണമാം സത്യത്തെ തുറന്നു കാട്ടിയതുമീ കാലം
നീറുമെന്‍ മനസ്സിന് കൂട്ടായ് നീ മാറിയതുമീ കാലം
പറയാതെ പറഞ്ഞതും, കൈമാറിയതുമീ കാലം

എന്റെ കരളില്‍ നീയലിഞ്ഞു ചേര്‍ന്ന കാലം
നീയില്ലാതെ ഞാനില്ലെന്നതറിഞ്ഞ കാലം...
ലോകം പറയുന്നു ഒരു വ്യാഴവട്ടമാണീ കാലം
ഞാന്‍ പറയുന്നുവെന്‍ മുഴു ജീവിതമാണീ കാലം...

Friday, 21 June 2013

കഥയും കളിയും

വള്ളുവനാട്ടിലെ ഒരു സാദാ ഗ്രാമത്തിലായിരുന്നു ഞാന്‍ എന്‍റെ ബാല്യം ചെലവിട്ടത്. കേരളത്തിലെ ഏതൊരു ഗ്രാമം പോലെയും അവിടെയും നിറയെ പാടങ്ങളും, കുന്നുകളും, അങ്ങിങ്ങായി വീടുകളും, ഒരു സ്കൂളും, മദ്റസയും, കുറെ മൈതാനങ്ങളും, ചില കൊച്ചു കടകളും പിന്നെ ഗ്രാമത്തിന്‍റെ ഹൃദയ ഭാഗത്ത് ഒരമ്പലവും ഉണ്ടായിരുന്നു - അവയില്‍ പാടങ്ങളും മൈതാനങ്ങളും ഇപ്പോള്‍ മിക്കവാറും ഇല്ലാതായിരിക്കുന്നു; കുന്നുകളും അംഗഭംഗം വന്ന നിലയിലാണ്.  സ്കൂള്‍, മദ്റസ, വീടുകള്‍ എന്നിവ പൂര്‍വ്വാധികം തലയെടുപ്പോടെ ഇപ്പോഴും നില്‍ക്കുന്നു. അമ്പലവും അമ്പലക്കുളവുമൊക്കെ പഴയപടി തന്നെ - കാലത്തിനനുസരിച്ച് ചെറിയ ചെറിയ മാറ്റങ്ങള്‍ ഉണ്ടെന്നതൊഴിച്ചാല്‍ അവിടെ പറയത്തക്ക മാറ്റങ്ങള്‍ ഒന്നും കാണില്ല. എങ്കില്‍ പോലും ഏറ്റവും അധികം മാറ്റം വന്നിട്ടുള്ളത് ആ പരിസരത്തിനാണ് എന്നെനിക്ക് തോന്നുന്നു...


ചിത്രത്തിനു കടപ്പാട്: മാനസി മുണ്ടേക്കാട്
അന്നൊക്കെ അമ്പലത്തിന് കഷ്ടകാലമായിരുന്നു (അതേ, ദൈവങ്ങള്‍ക്കും ചിലപ്പോള്‍ കഷ്ടകാലം വരുമത്രേ!!!). മുന്‍ തലമുറ പകര്‍ന്നു നല്‍കിയ വിശ്വാസങ്ങളും ആചാരങ്ങളും വലിച്ചെറിഞ്ഞ് വിപ്ലവത്തിന്‍റെയും മാറ്റത്തിന്റെയും പുറകെ ഒരു തലമുറ പോയപ്പോള്‍ അനാഥമായത് വീടുകള്‍ മാത്രമല്ല; അരിഷ്ടിച്ച് നീങ്ങുന്ന ഇത്തരം ദേവാലയങ്ങളും അവിടുത്തെ ദൈവങ്ങളുമായിരുന്നു! നിറഞ്ഞു കത്തി നില്‍ക്കേണ്ട ഭദ്ര ദീപങ്ങള്‍ക്ക് പകരം അവിടെ ചെറു വിളക്കുകള്‍ ഇത്തിരി വെട്ടം പകര്‍ന്ന്‍ പൊലിയാതെ നിന്നു - തങ്ങള്‍ക്കാവോളം... മുനിഞ്ഞു കത്തുന്ന വിളക്കിന്‍റെ പ്രഭയില്‍ ഭഗവാന്‍റെ രൂപം ഏറെ തെളിഞ്ഞു കണ്ടത് ഭക്തര്‍ മാത്രം. കൊല്ലത്തില്‍ രണ്ടുമൂന്നു തവണ നടക്കുന്ന ഉത്സവ ദിനങ്ങളില്‍ മാത്രമായിരുന്നു ആ പരിസരം ശരിക്കും സ്വര്‍ണപ്രഭ  ചൂടിയിരുന്നത്...

അത്തരം ദിവസങ്ങളില്‍ ഗ്രാമവാസികളെല്ലാം അമ്പലത്തിലെത്തും. പുണ്യ ദിനങ്ങളിലുള്ള ഭഗവദ് ദര്‍ശനം ഏറെ പുണ്യകരം എന്ന്‍ വിശ്വസിച്ചിരുന്ന പഴയ തലമുറയും, അതിനൊന്നും വലിയ വില കല്പിക്കാത്ത പുത്തന്‍ തലമുറയും, ഇതിനിടയില്‍ ഏത് പാത തിരഞ്ഞെടുക്കണം എന്നറിയാതെ ഉഴറുന്ന പുതുപുത്തന്‍ തലമുറയും അന്നേ ദിവസങ്ങളില്‍ അമ്പലത്തിലും അമ്പലപ്പറമ്പിലുമൊക്കെയായി ഒത്തുകൂടും. ഭക്തര്‍ക്ക് അമ്പലത്തില്‍ പ്രത്യേക പൂജകളും വഴിപാടുകളും സമര്‍പ്പിക്കാം. നാസ്തികര്‍ക്ക് കൂട്ടം കൂടി വെടിപറഞ്ഞും പൊതുകാര്യങ്ങള്‍ പറഞ്ഞും സമയം കളയാം. കുട്ടികളാകട്ടെ, അമ്പലപ്പറമ്പില്‍ താല്‍ക്കാലികമായി തുടങ്ങിയ കൊച്ചു കടകളില്‍ നിന്നും പല വിധം കളിപ്പാട്ടങ്ങളും മറ്റും വാങ്ങുന്ന തിരക്കിലാവും. 

രാവണന്‍
പറഞ്ഞു വന്നത് ഇതൊന്നുമല്ല - അമ്പലത്തിലെ ഇത്തരം ഉത്സവ ദിനങ്ങളില്‍ രാത്രിയിലെ സ്ഥിരം കലാപരിപാടിയാണ് കഥകളി. കലാമണ്ഡലം മേജര്‍ സെറ്റ്, മൈനര്‍ സെറ്റ്, അല്ലെങ്കില്‍ എല്ലാവരും കൂടി - സദനം, കലാമണ്ഡലം, കോട്ടക്കല്‍ എന്നിങ്ങനെയുള്ള കഥകളി സംഘങ്ങളിലെ കലാകാരന്മാരാവും മിക്കപ്പോഴും കളിയരങ്ങുകളില്‍ നിറഞ്ഞാടുക. മിക്കപ്പോഴും രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന കളിയാവും. അത്താഴം കഴിഞ്ഞ് അമ്പലപ്പറമ്പിലേക്ക് എല്ലാവരും കൂടി ഒരു പോക്കുണ്ട് - കളികാണാന്‍ മോഹമില്ലാത്ത ചില അരസികര്‍ മാത്രം വീട്ടില്‍ തന്നെയിരിക്കും, പ്രായാധിക്യം മൂലമോ, അസുഖം മൂലമോ ഉറക്കമൊഴിക്കാന്‍ സാധിക്കാത്തവരും വീട്ടില്‍ തന്നെയിരിക്കാന്‍ നിര്‍ബന്ധിതരാവും!

കളി തുടങ്ങുന്നതിനു വളരെ മുന്‍പ് തന്നെ അമ്പലപ്പറമ്പില്‍ എത്തിയിട്ടില്ലെങ്കില്‍ സുഖമായിരുന്ന്‍ കളി കാണാം എന്ന്‍ കരുതേണ്ട - നല്ല സ്ഥലമൊക്കെ മറ്റുള്ളവര്‍ കൈയ്യടക്കിയിട്ടുണ്ടാവും. എന്നാലും ചില പരിചയക്കാരും മറ്റും കാണികളുടെ മുന്‍പില്‍ തന്നെ സ്ഥലം ഒപ്പിച്ചു തരാറുണ്ട് മിക്കപ്പോഴും. കൈയ്യില്‍ കരുതിയ പത്രക്കടലാസോ, പഴയ വിരിപ്പോ ഒക്കെ മണ്ണില്‍ വിരിച്ച് കളി കാണാനുള്ള കാത്തിരിപ്പ് തുടങ്ങുകയായി... അതിനിടയില്‍ നാട്ടുകാരുടെ കുശാലാന്വേഷണവും മറ്റും ഉണ്ടാകാതിരിക്കില്ല - പഴയ ആശ്രിതരുടെ പിന്‍ തലമുറക്കാര്‍ അമ്പലപ്പറമ്പിലെ കച്ചവടക്കാരില്‍ നിന്നും പൊരിയോ, മുറുക്കോ ഒക്കെ വാങ്ങിത്തരും. അതവരുടെ സ്നേഹത്തിന്‍റെയും ആദരവിന്റെയും സൂചകമായി കരുതി വാങ്ങിക്കോളാന്‍ അമ്മ മൗന സമ്മതം നല്‍കും. പിന്നെ എല്ലാവരും കൂടി അത് പങ്കിട്ടെടുക്കും - അവിടെ ഉയര്‍ന്നവനെന്നോ താഴ്ന്നവനെന്നോ ഒന്നുമില്ല...

ഇതിനിടയില്‍ ചിലര്‍ കള്ളും കുടിച്ചു വന്ന്‍ വല്ലതുമൊക്കെ വേണ്ടാതീനം വിളിച്ചു പറയും. അത്തരക്കാരെ വളരെ നയത്തില്‍ കൈകാര്യം ചെയ്യാന്‍ ചില ചെറുപ്പക്കാര്‍ സദാസന്നദ്ധരായി നില്‍ക്കുന്നുണ്ടാകും. പെണ്മണികളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ യുവാക്കളും അവരുടെ കണ്ണില്‍പ്പെടാന്‍ യുവതികളും അണിഞ്ഞൊരുങ്ങി വന്നിട്ടുണ്ടാവും! അപൂര്‍വ്വം ചില കണ്ണേറുകളും പുഞ്ചിരി കൈമാറലുകളുമൊക്കെ ഇരുട്ടിന്‍റെ മറവില്‍ നടന്നിരിക്കാം... കൂടെയുള്ളവരുടെ കണ്ണ് വെട്ടിച്ചു ചില പുഞ്ചിരികളും ആംഗ്യങ്ങളും കൈമാറി യുവതീയുവാക്കള്‍ കോള്‍മയിര്‍ക്കൊണ്ടുവെന്നതിനു സാക്ഷി ഇരുണ്ട ആകാശം മാത്രം!
കൃഷ്ണന്‍ - കുചേലവൃത്തം

അങ്ങനെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ കളി തുടങ്ങുകയായി - കേളി, തോടയം, വന്ദന ശ്ലോകം എന്നിവയ്ക്ക് ശേഷം പുറപ്പാട് (കളിയുടെ കഥയെക്കുറിച്ച് ഒരു ആമുഖം എന്ന്‍ പറയാം പുറപ്പാടിനെ). അത് കഴിഞ്ഞാല്‍ കളി തുടങ്ങും -  ഏതാണ്ട് നൂറ്റിയൊന്നോളം ആട്ടക്കഥകളാണത്രേ ഉള്ളത്. പക്ഷേ ഇപ്പോള്‍ അതിന്‍റെ മൂന്നിലൊന്നോളമേ സാധാരണയായി അരങ്ങത്ത് അവതരിപ്പിക്കാറുള്ളുവത്രേ!!!

ഇവയില്‍ തന്നെ നളചരിതം, ദുര്യോധനവധം,കല്യാണസൗഗന്ധികം, കീചകവധം, കര്‍ണശാപം, കിരാതം, കര്‍ണശപഥം, കുചേലവൃത്തം, സന്താനഗോപാലം, ബാലിവിജയം, ദക്ഷയാഗം, രുഗ്മിണീസ്വയംവരം, കിര്‍മീരവധം, സുഭദ്രാഹരണം, ബാലിവിജയം, രുഗ്മാംഗദചരിതം, രാവാണോല്ഭവം, ബകവധം, പൂതനാമോക്ഷം, നരകാസുരവധം, ഉത്തരാസ്വയംവരം, കംസവധം, ഹരിശ്ചന്ദ്രചരിതം, കച-ദേവയാനി എന്നിവയാണ് ഏറെ പ്രസിദ്ധം. ഇവയൊക്കെയും തന്നെ, രാമായണം, മഹാഭാരതം തുടങ്ങിയ പുരാണേതിഹാസങ്ങളിലെ കഥകളാണല്ലോ. എന്നാല്‍ ഈ അടുത്ത കാലത്ത് ദിവ്യകാരുണ്യ ചരിതം, മുടിയനായ പുത്രന്‍ എന്നിങ്ങനെ ബൈബിള്‍ കഥകളെ ആസ്പദമാക്കിയും ആട്ടക്കഥകള്‍ രൂപപ്പെട്ടിട്ടുണ്ട്. 

അങ്ങനെ പച്ചയും, കത്തിയും, മിനുക്കും, കരിയും ചുവന്നാടിയുമൊക്കെ അരങ്ങു തകര്‍ത്താടുമ്പോള്‍ സാകൂതം വീക്ഷിച്ചിരിക്കുന്ന പ്രേക്ഷകരുടെ എണ്ണം ക്രമേണ കുറഞ്ഞു വരും. അടഞ്ഞു പോകുന്ന കണ്ണുകളെ വിഷമിച്ചു തുറന്നു പിടിച്ച് കളി കാണുമ്പോള്‍ എന്തൊക്കെയോ നേടിയെടുത്ത ഭാവമാണ്... മുദ്രകള്‍ പലതും മനസ്സിലാവില്ലെങ്കിലും പദങ്ങള്‍ രക്ഷയ്ക്കെത്തും. കഥകള്‍ മിക്കതും മുന്‍പേ കേട്ടു പരിചയമുള്ളവയായത് കൊണ്ടും ഒരു വിധം നന്നായി തന്നെ കളി ആസ്വദിച്ചു കാണാന്‍ കഴിഞ്ഞിരുന്നു അന്നൊക്കെ. കളിക്കമ്പം കൂടിയ കാലത്ത് ബന്ധുക്കളുടെ കൂടെ പല പല സ്ഥലങ്ങളിലും കളി കാണാന്‍ പോയിരുന്നു -  രാത്രിയുടെ വൈകിയ യാമങ്ങളില്‍ (അതോ പുലരിയുടെ ആദ്യ യാമങ്ങളിലോ) ഉറക്കച്ചടവോടെ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഉള്ളില്‍ അരങ്ങു നിറഞ്ഞാടുന്ന വേഷങ്ങള്‍ മാത്രം!!!
അര്‍ജ്ജുനന്‍ - സന്താനഗോപാലം

ഇപ്പോള്‍ ഈ ഓര്‍മകളൊക്കെ തികട്ടി വരാനുണ്ടായ കാരണം കഴിഞ്ഞ കഴിഞ്ഞ മാസം, പത്തു ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് തവണ കളി കാണാന്‍ തരപ്പെട്ടു എന്നതാണ്. അതിനുള്ള പ്രധാന കാരണം വീട്ടില്‍ തന്നെ ഒരു കഥകളി കലാകാരി ഉണ്ടെന്നതാണ്. അനുഗൃഹീതയായ ഒരു കലാകാരി  കുടുംബത്തില്‍ തന്നെയുണ്ടാവുക എന്നത് ഒരു ഭാഗ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതും കഥകളി പോലെ, സ്വായത്തമാക്കുവാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു കലാരൂപമാവുമ്പോള്‍ പ്രത്യേകിച്ചും! ഏതാണ്ട് മുന്നൂറില്‍ പരം അരങ്ങുകളില്‍ വിവിധ വേഷത്തില്‍ എത്തിയിട്ടുള്ള ഒരനുഗൃഹീത കലാകാരിയാണ് പ്രിയ (അനിയന്‍റെ പത്നി). കേരളത്തിനു പുറത്ത് ജനിച്ചുവളര്‍ന്ന ഒരാള്‍ക്ക് കഥകളിയില്‍ താല്പര്യം തോന്നാനുള്ള സാദ്ധ്യത വളരെ കുറവാണെന്നിരിക്കെ ആ കല സ്വായത്തമാക്കുവാനും ഇത്രയധികം വേദികളില്‍ അവതരിപ്പിക്കുവാനും അവര്‍ക്ക് കഴിഞ്ഞുവെന്നത് വലിയ നേട്ടം തന്നെ.  ശ്രീകൃഷ്ണപുരത്തെ അമ്പല സന്നിധിയില്‍  രാവാണോല്‍ഭവത്തിലെ രാവണനായ് അരങ്ങില്‍ നിറഞ്ഞാടിയ പ്രിയ, മൂന്ന്‍ മണിക്കൂറോളം നീണ്ട ആട്ടത്തിന് ശേഷവും തികഞ്ഞ ഉത്സാഹവതിയായി കണ്ടു എന്നതും അവരിലെ കലാകാരിയെ വേറിട്ട്‌ നിര്‍ത്തുന്നു.
ബ്രാഹ്മണപത്നിയും ഉണ്ണികളും

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പൂര്‍ണ്ണത്രയീശ്വര സന്നിധിയില്‍ അരങ്ങേറിയ സന്താനഗോപാലം കളിയും വേറിട്ട അനുഭവം തന്നെ. ഇവിടെ ആശാന്‍ ഗോപാലകൃഷ്ണന്‍ ബ്രാഹ്മണനായും, പ്രദീപ്‌ കോട്ടക്കല്‍ കൃഷ്ണനായും വേഷമിട്ടപ്പോള്‍ അര്‍ജ്ജുനനായി അരങ്ങത്തു വന്ന പ്രിയയോടൊപ്പം വീട്ടിലെ കുട്ടികളും ഉണ്ണികളായി രംഗത്തെത്തി. എന്‍റെ കൂടെയിരുന്ന് കളി കണ്ടിരുന്ന മകന് കഥാസന്ദര്‍ഭം വിവരിച്ചു കൊടുക്കുമ്പോള്‍ ഓര്‍മ്മകള്‍ പിന്നോട്ട് പായുകയായിരുന്നു - ദൂരെ ഒരു ഗ്രാമ ക്ഷേത്ര പരിസരത്ത് കളി നടക്കുമ്പോള്‍ മനസ്സിലാകാത്ത ഭാഗങ്ങള്‍ മകള്‍ക്ക് പറഞ്ഞു കൊടുക്കുന്ന ഒരമ്മയുടെ ചിത്രമാണ് ആ ഓര്‍മകളില്‍ തെളിഞ്ഞു കണ്ടത്. കാല ചക്രത്തിന്റെ അനന്തമായ തിരിച്ചിലില്‍ ഇങ്ങനെ എന്തൊക്കെ രംഗങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു, എന്ന്‍ ഞാന്‍ ആശ്ചര്യത്തോടെ ഓര്‍ത്ത നിമിഷങ്ങള്‍ കൂടിയായിരുന്നു അവ!

എന്തായാലും ആ കളിയരങ്ങുകള്‍ എനിക്ക് സമ്മാനിച്ചത് ആസ്വാദനത്തിന്റെ നിറനിമിഷങ്ങള്‍ മാത്രമല്ല; എന്‍റെ ബാല്യത്തിന്‍റെ വര്‍ണ്ണപ്പകിട്ടാര്‍ന്ന ഒരേട്‌ കൂടിയാണ് -എനിക്ക് കൈമോശം വന്നുവെന്ന് ഞാന്‍ കരുതിയിരുന്ന, മനോഹരമായ ഒരേട്! ഒരിക്കല്‍ കൂടി ഞാന്‍ പഴയ പാവാടക്കാരിയാവട്ടെ; കൃഷ്ണാര്‍ജ്ജുനന്മാരും, നള-ദമയന്തിമാരും, കുചേലനും, ഹനുമാനും, ബാലിയും സുഗ്രീവനും, ദുര്യോധനനും എന്ന്‍ വേണ്ട, എല്ലാ കഥാപാത്രങ്ങളും ജീവന്‍ തുളുമ്പി നിന്ന ആ പഴയ അമ്പലപ്പറമ്പിലേക്ക് ഞാന്‍ ഒരിക്കല്‍ കൂടി പോയി വരട്ടെ! അമ്പലപ്പറമ്പിന്‍റെ മൂലയില്‍ നില്‍ക്കുന്ന അരയാലുകള്‍ എന്‍റെ വരവും കാത്ത്,  അക്ഷമയോടെ പലതും മന്ത്രിക്കുന്നത് എനിക്ക് കേള്‍ക്കാനുണ്ട്... കറുത്ത രാത്രിയില്‍ ഇരുണ്ട ആകാശത്ത്, എനിക്ക് വഴികാട്ടിയായി ഒരൊറ്റ നക്ഷത്രം മങ്ങാതെ തിളങ്ങിക്കൊണ്ടേയിരിക്കുന്നു - എന്‍റെയുള്ളിലെ മധുര സ്മരണകള്‍ പോലെ!

Tuesday, 11 June 2013

നമ്മള്‍നീയൊന്നു ചിരിച്ചാലെന്‍
മനസ്സിലും നിറയുന്നു മോദം;
നിന്നാര്‍ത്തികളെന്നിലും
നിറപ്പൂ വേദന തന്‍ മുള്ളുകള്‍ ...

ജന്മം കൊണ്ടു നീയെനിക്കന്യ-
നെന്നാകിലും, കര്‍മ്മം കൊണ്ടു
നീയെന്‍ സോദരനായ് മാറിയ-
തെന്നെന്നു ഞാനറിഞ്ഞീല...

ആത്മ ബന്ധത്തിന്‍ തീച്ചൂളയില്‍
വെന്തുറച്ച സ്നേഹമാമിഷ്ടിക
കൊണ്ടു നമ്മള്‍ പടുതുയര്‍ത്തീ
നിസ്വാര്‍ത്ഥ സ്നേഹത്തിന്‍ സാമ്രാജ്യം

ഭൂമിയിലൊരു സ്പന്ദനം ബാക്കി-
യുണ്ടാകും കാലമതു വരേയ്ക്കും
നമ്മുടെ സാഹോദര്യത്തിന്‍ മാനങ്ങള്‍
തിളങ്ങി നില്‍ക്കട്ടേ അവനീ തലത്തില്‍

പുതു തലമുറയീ അതുല്യ സ്നേഹത്തിന്‍
അലയടികളാല്‍ മുഖരിതമായിടട്ടെ;
സ്നേഹമാണഖിലസാരമൂഴിയിലെ-
ന്നൊരിക്കല്‍ കൂടി മാലോകരോതിടട്ടെ!!!

ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ്

Thursday, 30 May 2013

താങ്ക് യു!

ജീവിതത്തില്‍ മറക്കാനാവാത്ത പല അനുഭവങ്ങളും നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കും. ചില വിഷമ സന്ധികളില്‍ പെട്ടുഴലുമ്പോള്‍ , എവിടെന്നിന്നെന്നറിയാതെ, ദൈവത്തെപ്പോലെ പ്രത്യക്ഷപ്പെട്ട്, നമ്മുടെ വിഷമങ്ങള്‍ തരണം ചെയ്യാന്‍ നമ്മെ സഹായിച്ച്, യാതൊരു ഫലേച്ഛയും ഇല്ലാതെ, വന്നത് പോലെ തന്നെ തിരിച്ചു പോകുന്ന പുണ്യാത്മാക്കള്‍ നമ്മില്‍ ചിലരുടെയെങ്കിലും മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ടാവാം - അവരുടെ ചിത്രം ദൈവത്തിന്‍റെ ചിത്രത്തിനൊപ്പം തന്നെ നമ്മുടെ മനസ്സുകളില്‍ സ്ഥാനം നേടിയിട്ടുമുണ്ടാകാം. കൃതാര്‍ത്ഥയോടെയല്ലാതെ അവരെ നമുക്ക് ഓര്‍ക്കാനും കഴിയില്ല. മനസ്സു കൊണ്ടെങ്കിലും നാം അവരോട് നിത്യവും 'താങ്ക് യു' എന്ന്‍ പറയുന്നുണ്ടാവും, അല്ലെ?

എന്‍റെ ജീവിതത്തിലും പല വിഷമ ഘട്ടങ്ങളുണ്ടായിട്ടുണ്ട് - അവയെല്ലാം തരണം ചെയ്യാന്‍ എന്നെ പലരും സഹായിച്ചിട്ടുമുണ്ട്. പക്ഷേ ഇന്നിപ്പോള്‍ ഞാനിവിടെ പറയാനുദ്ദേശിക്കുന്നത് അവരെ കുറിച്ചൊന്നുമല്ല - മറിച്ച് നിത്യ ജീവിതത്തില്‍ ഞാന്‍ കണ്ടു മുട്ടാറുള്ള ചില മുഖങ്ങളെക്കുറിച്ചാണ്.

കടയില്‍ പച്ചക്കറിയും സാമാനങ്ങളും എടുത്ത് തരുന്നവര്‍, ഓട്ടോ ഡ്രൈവര്‍, പരിചയമില്ലാത്ത സ്ഥലത്ത് വഴി അറിയാതെ സംശയിച്ചു നില്‍ക്കുന്ന നേരത്ത് ശരിയായ വഴി പറഞ്ഞു തന്നിട്ടുള്ള ആളുകള്‍, വീട്ടിലെ വേസ്റ്റ് എടുക്കാന്‍ വരുന്ന ചേച്ചിമാര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, ഹോസ്പിറ്റലിലെ നേഴ്സ്മാര്‍, ഹോട്ടലിലെ വൈറ്റര്‍, എന്ന് വേണ്ട, എനിക്ക് ചെറിയ എന്തെങ്കിലും സഹായം നല്കുന്നവരോട് ഞാന്‍ എപ്പോഴും പറയാറുള്ള വാക്കാണ്‌ 'താങ്ക് യു' എന്നത്. തീരെ പ്രതീക്ഷിക്കാത്ത ഈ നന്ദി പ്രകടനം കേള്‍ക്കുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന അദ്ഭുതവും ആനന്ദവും കാണുമ്പോള്‍ എനിക്ക് സന്തോഷമാണ് തോന്നാറ്. യാന്ത്രികമായി ചെയ്തു കൊണ്ടിരുന്ന ജോലിയില്‍ നിന്നും അവര്‍ ഒരു നിമിഷം തലയുയര്‍ത്തി നോക്കി, തിരിച്ചു നല്‍ക്കുന്ന ആ മന്ദസ്മിതത്തിന് പൊന്നിനേക്കാള്‍ വിലയുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

സമൂഹത്തിലെ താഴെക്കിടയില്‍ എന്ന്‍ നാം കരുതിപ്പോരുന്ന ആളുകളോടാണ് ഈ 'താങ്ക് യു' പറഞ്ഞതെങ്കില്‍ അവരുടെ മുഖത്ത് ആദ്യം മിന്നിമറയുന്ന വികാരം അവിശ്വസനീയതയാണ്. ചെറിയൊരു നടുക്കത്തോടെ എന്‍റെ മുഖത്തേയ്ക്ക് നീളുന്ന മൌനമായ ചോദ്യങ്ങള്‍ എന്‍റെ മുഖത്തെ പുഞ്ചിരി കാണുന്നതോടെ ഇല്ലാതാവുന്നതും ഞാനറിയാറുണ്ട്‌..; അവരെ അംഗീകരിക്കുമ്പോള്‍, അവരുടെ ചെറിയ ചെറിയ സഹായങ്ങള്‍ എനിക്ക് എത്ര വലുതാണെന്ന് ഞാന്‍ മനസ്സിലാക്കുമ്പോള്‍ അതിനു പകരം നല്‍കുന്ന 'താങ്ക് യു' എന്ന വാക്കിന് എത്ര മൂല്യമാണുള്ളതെന്ന് ഞാന്‍ അറിയുന്നു.

ജീവിതത്തിലെ വലിയ വലിയ കാര്യങ്ങള്‍ നാം ഒരിക്കലും മറക്കില്ലായിരിക്കാം - നമുക്ക് വല്യ സഹായം ചെയ്ത് തന്നവരേയും നാം മറക്കില്ല. എന്നാല്‍ ചെറിയ ചെറിയ കാര്യങ്ങള്‍ ദിനം പ്രതി നമുക്കായി ചെയ്യുന്നവര്‍ക്കും ചിലപ്പോഴെങ്കിലും ഒരു 'താങ്ക് യു' പറഞ്ഞു നോക്കു - അത് അവര്‍ക്ക് മാത്രമല്ല, നമുക്കും ഏറെ സന്തോഷം പകരും. അത്രയധികം ശക്തിയുണ്ട് ഈ പദങ്ങള്‍ക്ക് !!! ഞാന്‍ അതിന്‍റെ സുഖവും സന്തോഷവും അറിയുന്നു - നിങ്ങള്‍ക്കും അതറിയണം എന്നുണ്ടോ? എങ്കില്‍ സാധാരണ നാം കണ്ടില്ലെന്നു നടിക്കാറുള്ള, നമുക്ക് ചെറിയ ചെറിയ സഹായം ചെയ്ത ആളിനോട് ഒരിക്കലെങ്കിലും മനസ്സ് തുറന്നു പറഞ്ഞു നോക്കു - 'താങ്ക് യു' എന്ന്‍ !!! ആ സന്തോഷം നേരിട്ടനുഭവിച്ചറിയാം.PS: മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പും നീലക്കുയില്‍ മീഡിയ, ജയസൂര്യ ഓണ്‍ലൈന്‍ എന്നിവയും സംയുക്തമായി 'താങ്ക് യു' എന്ന സിനിമയുടെ പ്രചാരണാര്‍ത്ഥം നടത്തുന്ന മത്സരത്തിനു വേണ്ടി എഴുതിയത്. ഈ ഗ്രൂപ്പിനേയും സിനിമയേയും പറ്റി കൂടുതല്‍ അറിയാന്‍ ഈ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക. 

മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് - https://www.facebook.com/groups/malayalamblogwriters

Thank You - https://www.facebook.com/ThankYouMMovie

Friday, 24 May 2013

നല്ല മലയാളം 4 - വര്‍ണവികാരം

ആമുഖം: മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ ഓണ്‍ലൈന്‍ മാസികയായ e-മഷിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന നല്ല മലയാളം എന്ന പംക്തിയിലെ നാലാം ഭാഗമാണിത്. ആദ്യ ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. രണ്ടാമത്തെ ഭാഗം, ദാ, ഇവിടെയും, മൂന്നാം ഭാഗം ഇവിടെയും ഉണ്ട്. ഈ പംക്തി വേണ്ട വിധം തയ്യാറാക്കുന്നതില്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ എന്‍റെ സഹപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് ചെറുതല്ല; അതിനാല്‍ ഈ പോസ്റ്റില്‍ അവരുടെ സംഭാവന കൃതജ്ഞതയോടെ സ്വീകരിക്കുന്നു - പ്രത്യേകിച്ചും നാസ്സര്‍ അമ്പഴേക്കല്‍, അരുണ്‍ ചാത്തംപൊന്നത്ത് എന്നിവരുടെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ എനിക്ക് ഏറെ സഹായകരമായിട്ടുണ്ട്. അവരോടുള്ള അകമഴിഞ്ഞ നന്ദിയും ഈ അവസരത്തില്‍ രേഖപ്പെടുത്തിക്കൊള്ളുന്നു..
കഴിഞ്ഞ ലക്കത്തില്‍ വര്‍ണവിഭാഗങ്ങളെക്കുറിച്ചും, സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍ എന്നിവയെക്കുറിച്ചും അവയുടെ ഉച്ചാരണം, എഴുത്ത് തുടങ്ങിയവയെക്കുറിച്ചും പറഞ്ഞുവല്ലോ.  ഇത്തവണ വര്‍ണവികാരത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.


വംശപാരമ്പര്യം, ഉച്ചാരണശുദ്ധിയിലുള്ള അശ്രദ്ധ, അജ്ഞത എന്നിവ മൂലം വര്‍ണങ്ങള്‍ക്ക് സംഭാഷണത്തില്‍ മാറ്റം വരാറുണ്ട്. ഇത്തരം മാറ്റങ്ങളെയാണ് 'വര്‍ണവികാരം' എന്നു പറയുന്നത്.  കുത്തിയിരിക്കുക എന്നതിനു പകരം കുത്തൃക്കുക, വിമ്മിട്ടം എന്നതിനു പകരം വിമ്മിഷ്ടം എന്നും, പട്ടിണി എന്നതിനു പകരം പഷ്ണി എന്നൊക്കെ പറയുന്നത്  തെറ്റായ ഉച്ചാരണമാകുന്നു. ഇവ വര്‍ണങ്ങളെ ദുഷിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ അജ്ഞത കൊണ്ടുണ്ടാകുന്ന വര്‍ണവികാരങ്ങള്‍ക്ക് വ്യാകരണത്തില്‍ സ്ഥാനമില്ല എന്നാണ് വിദഗ്ദ്ധന്മാര്‍ പറയുന്നത്.

എന്നാല്‍ ചില ഉച്ചാരണ വ്യത്യാസങ്ങള്‍ വ്യാകരണം അംഗീകരിച്ചവയാണ്. ഉച്ചാരണത്തിലുള്ള മാറ്റങ്ങള്‍ക്ക് ചില നിയമങ്ങളും വ്യാകരണം നിര്‍ദേശിക്കുന്നു. അവയാണ് ഇനി പറയാന്‍ പോകുന്നത്. 

ഉച്ചരിക്കാന്‍ പ്രയാസമുള്ള ചില ശബ്ദങ്ങളെ ക്രമേണ ലഘൂകരിച്ച് ഉച്ചരിക്കുന്നതിന് ഔദാസീന്യ ന്യായം എന്ന് പറയുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഉദാസീനതയില്‍ നിന്നുമാണ് ഈ വികാരം ഉടലെടുക്കുന്നത്. ഉച്ചാരണസുഖമാണ് ഈ മാറ്റത്തിനു പിന്നില്‍. ഉദാ: ഇല - എല; രവി -രെവി

ഇനി വര്‍ണവികാരങ്ങള്‍ ഏതൊക്കെ വിധത്തില്‍ ഉണ്ടാവുമെന്ന് നോക്കാം...

 1)      കാരത്തെ ഉച്ചാരണസുഖത്തിനായി കാരമാക്കി മാറ്റാറുണ്ട്. മൃദുക്കളും (, , , , ) പദാദിയില്‍ വരുന്ന മധ്യമങ്ങളും (, , , ) ഉച്ചരിക്കാന്‍ താരതമ്യേന പ്രയാസമുള്ളതിനാല്‍ അവയോട് ചേരുമ്പോഴാണ്കാരത്തില്‍ നിന്നും കാരത്തിലെക്കുള്ള മാറ്റം ഏറെ പ്രകടമാവുക.

ഗമ
ഗെമ
ബലം
ബെലം
രമ
രെമ
ജലം
ജെലം
യക്ഷന്‍
യെക്ഷന്‍
ലങ്ക
ലെങ്ക

(‘കാരത്തിന് പദാദിയില്‍ കാരോച്ചാരണം പതിവില്ല. എന്നാല്‍ ദേവകള്‍ എന്നിങ്ങനെയുള്ള പദങ്ങളില്‍ വെകാരോച്ചാരണം കണ്ടുവരുന്നു).

അത് പോലെ മൃദുക്കളുടേയും മധ്യമങ്ങളുടെയും പിന്നില്‍ വരുന്ന കാരം കാരമായാണ് ഉച്ചരിക്കുന്നതെങ്കിലും എഴുതുമ്പോള്‍ അവ കാണാറില്ല. ഇങ്ങനെ ദുഷിക്കുന്ന കാരത്തെ താലവ്യ കാരം എന്ന്‍ പറയുന്നു. ശരിയായ കാരം ശുദ്ധം. അകാരത്തിന്‍റെ സ്വഭാവമനുസരിച്ച് ധാതുവിന് ചിലപ്പോള്‍ അര്‍ത്ഥവ്യത്യാസം സംഭവിക്കാറുണ്ട്.

ശുദ്ധം
താലവ്യം
മറക്കുക (ഓര്‍മയില്ലാതാവുക)
മറയ്ക്കുക (ഒളിപ്പിച്ചു വയ്ക്കുക)
കിടക്കുക (ശയിക്കുക)
കിടയ്ക്കുക (ലഭിക്കുക)
ഇരക്കുക (യാചിക്കുക)
ഇരയ്ക്കുക (മുഴങ്ങുക)
കലക്ക് (കലക്കിയത്)
കലയ്ക്ക് (കലയ്ക്കു വേണ്ടി)
 
  2)      താലവ്യമായ അകാരത്തില്‍ അവസാനിക്കുന്ന നാമങ്ങളിലും കൃതികളിലും സ്വരമോ, ഇരട്ടിച്ച പ്രത്യയമായ തകാരമോ ചേര്‍ന്നാല്‍ കാരം ആഗമിക്കും.
ലേഖ
ലേഖയുടെ
ലേഖയ്ക്ക്
ചിത
ചിതയുടെ
ചിതയ്ക്ക്
ചമ
ചമയുക
ചമയ്ക്കുക
കുറ
കുറയുക
കുറയ്ക്കുക

  3)     സംസ്കൃത പദങ്ങളുടെ അവസാനത്തില്‍ വരുന്ന കാരം മലയാളത്തില്‍ വരുമ്പോള്‍ ഹ്രസ്വവും താലവ്യവും ആയി മാറുന്നു.
സംസ്കൃതം
മലയാളം
ആശാ
ആശ
പ്രഭാ
പ്രഭ
കലാ
കല
രേഖാ
രേഖ

ഇവയോട് വിഭക്തി പ്രത്യയം ചേര്‍ക്കുമ്പോള്‍ മാത്രമേ ''കാരത്തിന്‍റെ താലവ്യച്ഛായ പ്രകടമാകൂ - രേഖയില്‍, രേഖയ്ക്ക്, രേഖയോട് എന്നിപ്രകാരം. 

  4)      പാദാദിയില്‍ ‘ഇ’കാരം തനിച്ചു നിന്നാലും വ്യഞ്ജനം ചേര്‍ന്നു നിന്നാലും അവ ദുഷിച്ച് ‘എ’കാരമാവുന്നു. എന്നിരുന്നാലും ചിലപ്പോള്‍ ‘ഇ’കാരം തന്നെ ഉപയോഗിക്കുകയും ചെയ്യുന്നു.
ഇല
എല
പിട
പെട
വിറക്
വെറക്
നിലം
നെലം

  5)      ചിലപ്പോള്‍ ഭ്രമമൂലകമായി ‘എ’കാരത്തെ ‘ഇ’കാരമായും, ‘ഇ’കാരത്തെ ‘ഉ’കാരമായും ഉച്ചരിക്കാറുണ്ട്.

ചെലവ്
ചിലവ്
എനിക്ക്
ഇനിക്ക്
പിരളുക
പുരളുക
പിറകെ
പുറകെ
   
  6)      പാദാദിയിലുള്ള ‘ഉ’കാരം ‘ഒ’കാരമാക്കി പറയുന്നു.

പുക
പൊക
ഉണ്ട്
ഒണ്ട്
കുല
കൊല
കുരങ്ങന്‍
കൊരങ്ങന്‍

  7)      സംസ്കൃതത്തിലെ ‘ഋ’കാരം മലയാളത്തില്‍ ‘അ’കാരമായോ, ‘ഇ’കാരമായോ മാറുന്നു. ഉദാ: കൃഷ്ണന്‍- കണ്ണന്‍; വൃഷഭം - ഇടവം.


  8)      ചിലരാകട്ടെ, അജ്ഞത മൂലം ‘ഋ’കാരത്തെ ‘അര്‍’ എന്നാക്കുന്നു.

പ്രവൃത്തി
പ്രവര്‍ത്തി
നിവൃത്തി
നിവര്‍ത്തി

  9)      ‘ഐ’കാരം ഉച്ചരിക്കുമ്പോള്‍ ‘അയ്‌’ എന്നാക്കി മാറ്റുന്നു. ഉദാ: കൈയ്യില്‍ - കയ്യില്‍; വൈയാകരണന്‍ - വയ്യാകരണന്‍

  10)   ധാതുക്കളില്‍ ഓഷ്ഠ്യസ്വരങ്ങള്‍ക്ക് ശേഷം സന്ധികാര്യമായി ആഗമിക്കുന്ന ‘വ’കാരം ‘ക’കാരമായി മാറുന്നു. ഉദാ: തടവുന്നു–തടകുന്നു; പോവുന്നു–പോകുന്നു; വേവുന്നു–വേകുന്നു; ചാവുന്നു-ചാകുന്നു.

 11)   പദങ്ങളുടെ നടുവിലെ ‘ക’കാരം പലപ്പോഴും ലോപിക്കുകയും, അതിനു പകരം മുന്‍സ്വരം ഹ്രസ്വമാണെങ്കില്‍ നീളുകയും ചെയ്യുന്നു. ഉദാ: ചെയ്തുകൊള്ളുന്നു – ചെയ്തോളുന്നു; പകുതി – പാതി.

 12)   പാദാദിയിലല്ലാതെ വരുന്ന ‘ക’കാരം ‘ഹ’കാരമായി ചിലപ്പോള്‍ രൂപാന്തരപ്പെടും. ഉദാ: പുക-പൊഹ; വക-വഹ; മകന്‍- - മഹന്‍; തുക-തൊഹ.

 13)   ‘ങ’കാരം ഇരട്ടിച്ചോ സ്വവര്‍ഗഖരമായ ‘ക’കാരത്തിനു മുമ്പിലോ മാത്രമേ നില്ക്കൂ. അനുനാസികാതിപ്രസരനിയമമനുസരിച്ച് ദിത്വം വരുമ്പോള്‍ ചിലയിടങ്ങളില്‍ മുന്‍സ്വരം താലവ്യമാണെങ്കില്‍ ഒരു താലവ്യച്ഛായകൂടിയുണ്ടാകും. ഉദാ: വഴുതനങ്ങ-വഴുതനയ്ങ്ങ; ഒതളങ്ങ-ഒതളയ്ങ്ങ.

 14)   തമിഴിലെ ‘ന’കാരത്തിനു പല മലയാള ശബ്ദങ്ങളിലും ‘ഞ’കാരം കാണാം. ഉദാ: നണ്ട്-ഞണ്ട്; നാന്‍ -ഞാന്‍; ന്യായം-ഞായം

 15)   സംസ്കൃതത്തിലെ ‘ഡ’കാരം മലയാളത്തിലെത്തുമ്പോള്‍ ‘ഴ’കാരവും ‘ള’കാരവും ആകാറുണ്ട്. ഉദാ: നാഡിക – നാഴിക; സമ്രാഡ്-സമ്രാള്‍

 16)   ഇരട്ടിച്ച റ(റ്റ)കാരത്തിനു പകരം ഇരട്ടിച്ച ‘ത’കാരവും, നേരെ മറിച്ചും ചിലയിടത്ത് കാണാറുണ്ട്‌. ഉദാ: വില്തു – വിറ്റു; അകറ്റുക – അകത്തുക; എല്ലാറ്റിലും – എല്ലാത്തിലും.

 17)   സംസ്കൃതത്തിലെ ‘ത’വര്‍ഗസ്ഥാനത്ത് ചിലപ്പോള്‍ മലയാളത്തിലെ ‘ട’വര്‍ഗം കാണാറുണ്ട്. ഉദാ: പത്തനം-പട്ടണം; വൈദൂര്യം-വൈടൂര്യം (വൈഡൂര്യം)

 18)   സ്വരമോ മാധ്യമമോ പരമായാല്‍ മാത്രമേ ‘ത’കാരത്തിനു മലയാളത്തില്‍ സ്വന്തം ധനിയുണ്ടാകൂ. തനിയെ നില്‍ക്കുകയോ, പൂര്‍ണ വ്യഞ്ജനം പരമാകുകയോ ചെയ്‌താല്‍ ‘ല’കാര ധ്വനിയോടെയാണ് ഉച്ചരിക്കുക. ഉദാ: വശാദ്-വശാല്‍; ഉത്‌സവം-ഉല്സവം.

 19)   ‘ത’വര്‍ഗം താലവ്യാദേശം കൊണ്ട് പൊരുത്തപ്രകാരം ‘ച’വര്‍ഗമായി മാറും. ഉദാ: പിടിഞ്ഞു-പിടിച്ചു; ചീന്തു-ചീഞ്ഞു.

 20)   കാരിതധാതുക്കളിലെ ‘ക’കാരാഗമാത്തിനു പകരം ചിലപ്പോള്‍ ‘പ’കാരം വരും. ഉദാ: കേള്‍ക്കാന്‍- കേള്‍പ്പാന്‍; കേള്‍ക്കൂ-കേള്‍പ്പൂ.

 21)   സന്ധിയില്‍ തമിഴിലെ ‘മ’കാരം മലയാളത്തില്‍ ‘വ’കാരമാകും. എന്നാല്‍ പ്രകൃതിയില്‍ നേരെ മറിച്ചാകും – തമിഴിലെ ‘വ’കാരം മലയാളത്തില്‍ ‘മ’കാരമാകും. ഉദാ: ധനമ്+ഉം=ധനവും; ചൊല്ലുമ്+ആന്‍=+ = ചൊല്ലുവാന്‍; വണ്ണാന്‍ -മണ്ണാന്‍; വിഴുങ്ങുക-മിഴുങ്ങുക.

 22)   ‘യ’കാരത്തിനു പകരം പലയിടത്തും ‘ന’കാരം ഉപയോഗിക്കാറുണ്ട്. ഉദാ: ആയ-ആന; വിലസിയ-വിലസിന; യാന്‍ -നാന്‍( (ഞാന്‍); യുഗം-നുകം.

 23)   ‘ശ’കാരത്തിന് ബലം കുറച്ചാല്‍ അത് ‘യ’കാരമാവും. അതുപോലെതന്നെ ‘യ’കാരത്തിന് ബലം കൂട്ടിയാല്‍ അത് ‘ശ’കാരവുമാകും. ഉദാ: പശു-പയു; കശം-കയം; വിയര്‍പ്പ്-വിശര്‍പ്പ്; വായല്‍-വാശല്‍( (വാതല്‍)

 24)   രേഫം അവസാനം വരുമ്പോള്‍ പലയിടത്തും ‘റ’കാരമാകും. ഉദാ: തേര്- തേര്‍; അവര്-അവര്‍; നേര്-നേര്‍

 25)   ‘ഴ’കാരം പലയിടത്തും ‘ള’കാരമാക്കാറുണ്ട്. ഉദാ: അപ്പോഴ്-അപ്പോള്‍; കിഴവന്‍-- കിളവന്‍.

 26)   ‘ല’കാരങ്ങള്‍ക്കും ‘ള’കാരങ്ങള്‍ക്കും അനുനാസികയോഗത്തില്‍ പൊരുത്തമോപ്പിച്ച് യഥാക്രമം ‘ന’കാരവും, ‘ണ’കാരവും ആദേശമായി വരും. ഉദാ: നെല്+മണി=നെന്മണി; നല്+നൂല്‍=നന്നൂല്‍; വെള്+മ=വെണ്മ; ഉള്+മ=ഉണ്മ.

 27)   രേഫം, ‘ല’കാരം എന്നിവകൊണ്ട് ആരംഭിക്കുന്ന ശബ്ദങ്ങള്‍ സംസ്കൃതത്തില്‍ നിന്നെടുത്താല്‍ അവയ്ക്കുമുന്നില്‍ അ, ഇ, ഉ, ഈ എന്നീ സ്വരങ്ങളിലൊന്നു ചേര്‍ക്കുന്നു.

രാജാവ്
അരചന്‍
ലവങ്ഗം
ഇലവര്‍ങം
ലോകം
ഉലക്
രൂപം
ഉരുവം
ലങ്ക
ഇലങ്ക
ലാക്ഷാ
അരക്ക്

    28)   ശ, ഷ, സ, ഹ എന്നീ അക്ഷരങ്ങള്‍ പാദാദിയില്‍ വരുമ്പോള്‍ വിട്ടുകളയുകയും, പദമധ്യത്തില്‍ വന്നാല്‍ പൊരുത്തപ്രകാരം ച, ട, ത, ക, എന്നീ ഖരങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്നു.

ശ്രാവണം - ഓണം
ശ്രവിഷ്ഠം – അവിട്ടം
ഈശ്വരന്‍ - ഈച്ചരന്‍
ശുഷ്കം – ചുക്ക്
കൃഷ്ണന്‍ - കണ്ണന്‍
സാക്ഷി – ചാട്ചി
സന്ധ്യ – അന്തി
മാസം – മാതം
മനസ് - മനത്
ഹിതം – ഇതം
ഹിരണ്യം – ഇരണ്യം
മോഹം – മോകം

നാം സംസാരിക്കുന്ന വാക്കുകള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ. ‘വര്‍ണവികാര’ത്തോടുള്ള എത്ര വാക്കുകള്‍ നാം നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നു – അവ എങ്ങനെ ഉരുത്തിരിഞ്ഞു വന്നുവെന്നറിയാതെത്തന്നെ!!! ഇനിയും ഇത്തരം രസകരമായ കാര്യങ്ങള്‍ മലയാള ഭാഷയെ അടുത്തറിയുമ്പോള്‍ നമുക്ക് ലഭിക്കും. അത്തരം അറിവുകളുമായി അടുത്തലക്കം വീണ്ടും കാണാം – അതുവരെ മലയാളത്തിന്‍റെ മാധുര്യം ആവോളം നുകരാം...   

PS: ഭാഷാ വിദഗ്ദ്ധയല്ലാത്ത എനിക്ക് ഈ സംരഭത്തിന് താങ്ങായി വര്‍ത്തിക്കുന്നത് മലയാള വ്യാകരണ പുസ്തകങ്ങളാണ്. ഇതില്‍ പറഞ്ഞിരിക്കുന്ന ഉദാഹരണങ്ങള്‍ മിക്കതും അവയില്‍ നിന്ന് അതേപടി പകര്‍ത്തിയതും ആണ്. അതിനാല്‍ ഈ പംക്തിക്ക് ശക്തി പകര്‍ന്നു തരുന്ന   ഭാഷാ പണ്ഡിതന്‍മാരോടുള്ള അകമഴിഞ്ഞ നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു.