Sunday, 10 March 2013

നല്ല മലയാളം 2 - വാക്കുകള്‍ വന്ന വഴി

ആമുഖം: മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ ഓണ്‍ലൈന്‍ മാസികയായ e-മഷിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന നല്ല മലയാളം എന്ന പംക്തിയിലെ രണ്ടാം  ഭാഗമാണിത്. ആദ്യ ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഈ പംക്തി വേണ്ട വിധം തയ്യാറാക്കുന്നതില്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ എന്‍റെ സഹപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് ചെറുതല്ല; അതിനാല്‍ ഈ പോസ്റ്റില്‍ അവരുടെ സംഭാവന കൃതജ്ഞതയോടെ സ്വീകരിക്കുന്നു - പ്രത്യേകിച്ചും നാസ്സര്‍ അമ്പഴേക്കല്‍, അരുണ്‍ ചാത്തംപൊന്നത്ത് എന്നിവരുടെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ എനിക്ക് ഏറെ സഹായകരമായിട്ടുണ്ട്. അവരോടുള്ള അകമഴിഞ്ഞ നന്ദിയും ഈ അവസരത്തില്‍ രേഖപ്പെടുത്തിക്കൊള്ളുന്നു...
കഴിഞ്ഞ ലക്കത്തില്‍ ഭാഷയെക്കുറിച്ചും നമ്മുടെ മലയാള ഭാഷ വന്ന വഴികളെക്കുറിച്ചും പറഞ്ഞുവല്ലോ. ഇത്തവണ നാം ഉപയോഗിക്കുന്ന വാക്കുകളെയും അവയുടെ ഉല്പത്തിയേയും പറ്റിയാവാം പറയുന്നത്.

ലോകത്തുള്ള ഏതൊരു ഭാഷയേയും പോലെ മലയാളവും തന്‍റെ വളര്‍ച്ചയ്ക്കായി മറ്റു ഭാഷകളില്‍ നിന്ന് വാക്കുകള്‍ കടം കൊണ്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ മലയാളത്തിന്‍റെ രൂപ-ഭാവങ്ങള്‍ അതിന്‍റെ ആരംഭദശയില്‍ നിന്നും വളരെയധികം മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് ഭാഷാവിദഗ്ദ്ധന്മാരുടെ കണ്ടെത്തല്‍; സംസ്കൃതം, തമിഴ്, ഇംഗ്ലീഷ് തുടങ്ങി ഒട്ടനേകം ഭാഷകളില്‍ നിന്നും നമ്മുടെ മലയാളം പല പദങ്ങളും കൈക്കൊണ്ടിരിക്കുന്നു. ഈ പദങ്ങളെ ആഭ്യന്തരങ്ങള്‍, ബാഹ്യങ്ങള്‍ എന്നിങ്ങനെ തരം തിരിക്കാം.

ആഭ്യന്തരങ്ങള്‍:
ദ്രാവിഡ ഭാഷകളായ തമിഴ്, കന്നഡ, തെലുങ്ക്, തുളു എന്നിവയില്‍ നിന്നും മലയാളത്തിലേക്ക് എടുത്ത വാക്കുകളും ഇവയ്ക്ക് തുല്യമായി മലയാളത്തില്‍ത്തന്നെയുള്ള വാക്കുകളും ആഭ്യന്തരങ്ങള്‍ എന്ന് അറിയപ്പെടുന്നു. ആഭ്യന്തരങ്ങളെ മൂന്നായി തരം തിരിക്കാം - സ്വന്തം, സാധാരണം, ദേശ്യം, എന്നിങ്ങനെ. മറ്റുദ്രാവിഡ ഭാഷകളില്‍ നിന്നും കടമെടുക്കാത്ത, മലയാളത്തില്‍ മാത്രം ഉപയോഗിക്കുന്ന പദങ്ങളെയാണ് സ്വന്തം എന്ന് പറയുന്നത് - അവ മലയാളത്തിന്‍റെ മാത്രം ശബ്ദങ്ങളാണ് (പനി, മുണ്ട് തുടങ്ങിയവ). ദ്രാവിഡഭാഷകളിലെല്ലാം പൊതുവായി ഉപയോഗിച്ചു വരുന്നവ സാധാരണം (വടി, പണം). മലയാളത്തില്‍ തന്നെ ചില ദേശങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന പദങ്ങളെയാണ് ദേശ്യം എന്ന് പറയുന്നത് (കീയുക, മണ്ടുക). ചുരുക്കി പറഞ്ഞാല്‍ ആഭ്യന്തരങ്ങള്‍ ദ്രാവിഡ ഭാഷകളില്‍ നിന്നുത്ഭവിക്കുന്ന പദങ്ങളാണ്.

ബാഹ്യങ്ങള്‍:
ദ്രാവിഡ ഭാഷകളില്‍ നിന്നല്ലാതെ മലയാളത്തില്‍ വന്നിട്ടുള്ള പദങ്ങളാണ് ബാഹ്യങ്ങള്‍. അവ സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, അറബി, പോര്‍ത്തുഗീസ്, പേര്‍ഷ്യന്‍ തുടങ്ങിയ ദ്രാവിഡേതര ഭാഷകളില്‍ നിന്നും വന്നവയാണ്.

ബാഹ്യങ്ങളെ വീണ്ടും രണ്ടായി തിരിയ്ക്കാം - തത്സമം, തദ്ഭവം. വര്‍ണ്ണങ്ങള്‍ക്ക് യാതൊരു മാറ്റങ്ങളും കൂടാതെ മലയാളത്തിലേക്ക് വാക്കുകളെ അതേപടി സ്വീകരിക്കുന്നത് തത്സമം എന്നു പറയപ്പെടുന്നു. എന്നാല്‍ അക്ഷരങ്ങള്‍ക്ക് മാറ്റം വരുത്തി (സ്വല്പം മലയാളീകരിച്ച്) ഉപയോഗിക്കുന്നവ തദ്ഭവം എന്നും അറിയപ്പെടുന്നു.

ഉദാഹരണം: 
തത്സമം 
തദ്ഭവം

രാജാവ്
അരചന്‍
അംബ
അമ്മ
സന്ധ്യ
അന്തി
ഹോസ്പിറ്റല്‍
ആശുപത്രി
ജഡ്ജ്
ജഡ്ജി

ഒരു ഭാഷയുടെ വളര്‍ച്ച കണക്കാക്കുന്ന മാനദണ്ഡങ്ങളില്‍ ഒന്ന്‍ അതിലെ പദസമ്പത്താണ്‌ എന്നിരിക്കേ മലയാള ഭാഷയുടെ വളര്‍ച്ചയില്‍ മറ്റുള്ള ഭാഷകള്‍ വഹിച്ചിട്ടുള്ള സ്ഥാനം തള്ളിക്കളയാനാവില്ല. ലോകത്തെമ്പാടുമുള്ള ഭാഷകള്‍ പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്നതും ഇത്തരത്തിലുള്ള അന്യഭാഷാ പദങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന ഉപയോഗം തന്നെയാണ്. മലയാളവും ഇതില്‍ നിന്നും വ്യത്യസ്തമല്ല. പല പല ഭാഷകളില്‍ നിന്നും കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയാണ് മലയാളം ഇന്നത്തെ രൂപം കൈക്കൊണ്ടിട്ടുള്ളത്. ലോകമാകെ വിരല്‍ത്തുമ്പില്‍ വരുന്ന ആശയവിനിമയ സംവിധാനങ്ങള്‍ നിലവിലുള്ള ഇക്കാലത്ത് ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ അധികരിച്ചാല്‍ അതില്‍ അതിശയമൊന്നും ഇല്ല താനും; ഇങ്ങനെ അപരഭാഷകളില്‍ നിന്ന്‍ മലയാളം കൈക്കൊണ്ട വാക്കുകള്‍ പലതുണ്ട്. അവയില്‍ ചിലത് മാത്രം ഇവിടെ കൊടുക്കുന്നു...


സംസ്കൃതം
ഇംഗ്ലീഷ്
അറബി
പേർഷ്യൻ
ഹിന്ദി
പോർത്തുഗീസ്
ഫ്രഞ്ച്
മുഖം
കോളേജ്
കടലാസ്
ഇസ്തിരി
കീശ
അലമാരി
ടാബ്ലോ
ഹിതം
ബസ്സ്
കാലി
കമ്മി
ജോടി
കസേര
കഫേ
യുഗം
ഓഫീസ്
ബാക്കി
ബസാർ
സാരി
കൊന്ത
ബൂർഷ്വാ
കേന്ദ്രം
ഡോക്ടർ
ജില്ല
സുമാർ
ബടായി
മേസ്തിരി
ഡീലക്സ്

അത് പോലെ തന്നെ നമ്മുടെ മലയാള പദങ്ങള്‍ കൊണ്ട് സമ്പന്നമായ അന്യ ഭാഷകളും കുറവല്ല. മറ്റു ഭാഷകള്‍ നമ്മില്‍ നിന്ന് കൈക്കൊണ്ട ചില വാക്കുകള്‍ ഇവയെല്ലാമാണ്: 


ഇംഗ്ലീഷ്
പോർത്തുഗീസ്
Mango (മാങ്ങ)
Chunamb (ചുണ്ണാമ്പ്)
Teak (തേക്ക്)
Conjee (കഞ്ഞി)
Curry (കറി)
Ola (ഓല)
Copra (കൊപ്ര)
Aguile (അകില്‍)
Betal (വെറ്റില)
Mainate (മണ്ണാത്തി)

ഇങ്ങനെ പല വാക്കുകളും എടുത്തും കൊടുത്തും വളര്‍ന്നു വന്ന മലയാളം ഇന്ന് പദസമ്പത്തിന്‍റെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ്. വരും കാലങ്ങളില്‍ ഈ പട്ടികയുടെ നീളം വളരെ കൂടുവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. 

മലയാള പദങ്ങളുടെ ചരിത്രത്തെക്കുറിച്ച് തത്കാലം ഇത്ര മാത്രം! വരും ദിനങ്ങളില്‍ അക്ഷരങ്ങളെയും മറ്റും കൂടുതല്‍ അടുത്തറിയാന്‍ നമുക്ക് ശ്രമിക്കാം... 

PS: ഭാഷാ വിദഗ്ദ്ധയല്ലാത്ത എനിക്ക് ഈ സംരഭത്തിന് താങ്ങായി വര്‍ത്തിക്കുന്നത് മലയാള വ്യാകരണ പുസ്തകങ്ങളാണ്. ഇതില്‍ പറഞ്ഞിരിക്കുന്ന ഉദാഹരണങ്ങള്‍ മിക്കതും അവയില്‍ നിന്ന് അതേപടി പകര്‍ത്തിയതും ആണ്. അതിനാല്‍ ഈ പംക്തിക്ക് ശക്തി പകര്‍ന്നു തരുന്ന   ഭാഷാ പണ്ഡിതന്‍മാരോടുള്ള അകമഴിഞ്ഞ നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു. Wednesday, 6 March 2013

മാറേണ്ടത് നീ...ഞാനല്ല!ഞാനുടുക്കും ചേലകളാണുനിന്‍
കാമത്തിന്നുദ്ദീപനമെന്നു നീയോതി;
ദേഹമൊരായിരം തുണികളില്‍
മൂടിപ്പുതച്ചു ഞാനൊളിച്ചു വച്ചു...

വഴികളില്‍ ഞാനിറങ്ങി നടക്കുന്നതാണു
നിന്നാസക്തിയേറ്റുന്നതെന്നു നീയോതി-
യന്നേരം, വീടിന്‍ ചുമരുകള്‍ക്കുള്ളില്‍ 
അടച്ചു ഞാനൊരു ജന്മം തീര്‍ത്തു...

എന്‍റെ ചിരികളാണു നിന്നെ മൃഗ-
മാക്കുന്നതെന്നു നീയോതി വീണ്ടും,
ചിരിയെന്‍ മനസ്സിന്‍ കാണാക്കയത്തി-
ന്നടിത്തട്ടില്‍ ഞാന്‍ കുഴിച്ചുമൂടി...

എന്‍റെ നോട്ടമാണ്‌ നീയെന്നെ ധ്വംസി-
ക്കുവാന്‍ കാരണമെന്നോതി നീ,
ഉടനെയെന്‍ കണ്ണുകളടച്ചു ഞാനെന്‍
ലോകത്തെയാകെ ഇരുട്ടിലാക്കി...

എന്‍റെ വാക്കുകള്‍ നിന്നെ മദോന്മത്ത-
നാക്കുന്നുവെന്നു നീയോതിയപ്പോള്‍, 
ഞാനെന്‍  വായ മൂടി,യൊരു മൂളല്‍
പോലുമില്ലാതെ മൌനിയായിരുന്നു...

എന്നിട്ടിപ്പോഴെന്തേ അമ്മതന്‍ മടി-
ത്തട്ടില്‍ സ്വസ്ഥമായുറങ്ങുമൊരു
കുഞ്ഞിളം പൈതലെ നീ ഞരിച്ചമര്‍ത്തി,
നിമിഷ സുഖത്തിന്നവളെ കുരുതിയാക്കി???   

അവളുടുത്ത ചേലയോ, പിച്ചവെയ്ക്കും
വഴികളോ, കളങ്കമില്ലാ ചിരികളോ,
നിര്‍മ്മലമാം നോട്ടമോ, കൊഞ്ചിമൊഴിയും
വരികളോ, നിന്നിലെ മൃഗത്തെയുണര്‍ത്തി???

അറിയുന്നു ഞാനിപ്പോള്‍, കുറ്റമെന്‍ ചേല-
യിലല്ല, ഞാന്‍ നടക്കും വഴികളോ,
എന്‍ മൊഴികളോ, ചെറു ചിരികളോ 
മിഴികളോ ഒന്നുമേയല്ലെന്ന നഗ്ന സത്യം... 

കുറ്റത്തിന്‍ മാറാക്കറ പുരണ്ടിരിക്കുന്നത്
സ്ത്രീയെ അമ്മയായ്, പെങ്ങളായ് മകളായ്
കാണാന്‍ കഴിയാത്ത, വികൃതമാം  നിന്‍ മനസ്സി-
ലാണെന്നുള്ള ഘോര സത്യമിന്നറിക നീയും....

കാമത്തില്‍ നീലിച്ച നിന്‍ കണ്‍കള്‍ മൂടുക, 
നഗ്നത തേടും മനസ്സിനെ കുഴിച്ചു മൂടുക നീ;
കാമാര്‍ത്തി പൂണ്ടു നീയൊരു മൃഗമായി-
നിയും മാറീടുമെന്നാകില്‍ അറിക ...

വഴിയിലിറങ്ങാതെ, മിണ്ടാതെ, ചിരിക്കാതെ,
ഒന്നും കാണാതിനിയിരിക്കേണ്ടത് ഞാനല്ല,
വികൃതമാം മനസ്സും പേറി, മനുഷ്യരൂപം
ധരിച്ച നീയാം രാക്ഷസന്‍  മാത്രമല്ലോ! 

Tuesday, 5 March 2013

വരിയും വരയും - റിയാസ് ടി അലിയുടെ തൂലികയിലൂടെ

പലതും, പലരേയും വരയ്ക്കുവാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും, ആദ്യമായാണ്‌ ഒരാള്‍ എന്‍റെ ചിത്രം വരച്ചു കാണുന്നത്. റിയാസ് ഭായ്-ക്ക് ഹൃദയം നിറഞ്ഞ നന്ദി!!!

|വരിയും വരയും| : ശ്രീമതി. നിഷ ദിലീപ്


Monday, 4 March 2013

വ്യര്‍ത്ഥം


ഒരു കുടമെനിക്കിന്നു കിട്ടി;

വെള്ളം കോരിയൊഴിച്ചതു

നിറയ്ക്കുവാന്‍ ശ്രമിച്ചു,

നിറയാതെ വന്നപ്പോള്‍ 

ഞാന്‍ തളര്‍ന്നിരുന്നു; എന്തി-

ങ്ങനെ,യെന്നു ചിന്തിക്കവേ

കമഴ്ന്നു കിടക്കുമാ കുടമെന്നെ-

നോക്കി പല്ലിളിച്ചു കാട്ടി!!!!

Friday, 1 March 2013

നല്ല മലയാളം


ആമുഖം: മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ ഓണ്‍ലൈന്‍ മാസികയായ e-മഷിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന നല്ല മലയാളം എന്ന പംക്തിയിലെ ആദ്യ ഭാഗമാണിത്. ഈ പംക്തി വേണ്ട വിധം തയ്യാറാക്കുന്നതില്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ എന്‍റെ സഹപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് ചെറുതല്ല; അതിനാല്‍ ഈ പോസ്റ്റില്‍ അവരുടെ സംഭാവന കൃതജ്ഞതയോടെ സ്വീകരിക്കുന്നു - പ്രത്യേകിച്ചും നാസ്സര്‍ അമ്പഴേക്കല്‍, അരുണ്‍ ചാത്തംപൊന്നത്ത് എന്നിവരുടെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ എനിക്ക് ഏറെ സഹായകരമായിട്ടുണ്ട്. അവരോടുള്ള അകമഴിഞ്ഞ നന്ദിയും ഈ അവസരത്തില്‍ രേഖപ്പെടുത്തിക്കൊള്ളുന്നു...

ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ ഇമേജ്

ഇത്തവണ e-മഷിയില്‍ പുതിയൊരു സംരംഭം കൂടി തുടങ്ങുകയാണ്. നമ്മുടെ മാതൃഭാഷയെ കൂടുതല്‍ അറിയാനും, പഠിക്കാനും അതിലൂടെ ഉന്നതിയിലേക്ക് നയിക്കാനും നമുക്ക് കഴിയുമാറാകട്ടെ. ഇത്തരമൊരു സംരംഭം തുടങ്ങാനുള്ള ഒരു കാരണം ബ്ലോഗെഴുത്തുകളില്‍ വ്യാപകമായി കാണുന്ന അക്ഷരത്തെറ്റുകളും വികലമായ ഭാഷാ പ്രയോഗങ്ങളുമാണ്.  പല പല കാരണങ്ങള്‍ കൊണ്ടും നമ്മുടെ ഭാഷ ഇന്ന് വികലമാക്കപ്പെടുകയും അതിന്റെ് സംശുദ്ധി നഷ്ടപ്പെടുകയും ചെയ്യുന്നു.  ഈ അവസരത്തില്, ഭാഷയെ കൂടുതല്‍ അറിയാന്‍ ഒരു എളിയ ശ്രമം എന്ന നിലയിലാണ് e-മഷി ഈ സംരംഭത്തിന് മുതിരുന്നത്. വളരെ വലിയ ഒരു ഉത്തരവാദിത്വമാണ് ഏറ്റെടുക്കുന്നത് എന്നാലോചിക്കുമ്പോള്‍ ഒരല്പം ആശങ്ക ഇല്ലാതില്ല. എങ്കിലും നിങ്ങളുടെയെല്ലാം ശക്തമായ പിന്തുണയും പ്രോത്സാഹനവും കൂട്ടിനുള്ളപ്പോള്‍ ആശങ്കപ്പെടേണ്ടതില്ല എന്ന വിശ്വാസം ഒന്നു മാത്രമാണ് ഈ സംരംഭത്തിന് ഞങ്ങളെ പ്രേരിപ്പിച്ചത്. 

ആമുഖമായി ഇതും കൂടി പറയട്ടെ, ഭാഷാസ്നേഹികള്‍ എന്ന ഒരേയൊരു യോഗ്യതയുടെ പിന്‍ബലത്തിലാണ് ഈ സംരഭം തുടങ്ങുന്നത്. അതിന് ശക്തിയും വെളിച്ചവും പകരാന്‍ നിങ്ങളുടെ പിന്തുണ കൂടിയേ കഴിയൂ. അമ്മമലയാളത്തെ സ്വന്തം അമ്മയെപ്പോലെ കരുതാനും കൈരളിയാം അമ്മയ്ക്ക് പുത്തനുണര്‍വ്വു. നല്കാനും നമുക്കാകട്ടെ എന്നാശിക്കുന്നു.  ഇന്നിവിടെ കൊളുത്തുന്ന ഇത്തിരിവെട്ടം ഒരു വലിയ ജ്ഞാനാഗ്നിയായി നമ്മുടെയെല്ലാം ജീവിതത്തെ പ്രകാശപൂരിതമാക്കട്ടെ എന്നുമാശിക്കുന്നു.

മലയാളം ഒരു ആമുഖം

ആശയവിനിമയത്തിന് ഭാഷ കൂടിയേ കഴിയൂ. അത് വാക്കുകളാവാം, ചേഷ്ടകളാവാം, എഴുത്താവാം; ചില സന്ദര്‍ഭങ്ങളിലെങ്കിലും മൗനവും ഏറെ കാര്യങ്ങള്‍ പറയുന്ന ഭാഷ തന്നെ! എങ്കിലും ഏറ്റവുമധികം കാലം നിലനില്ക്കുന്ന ആശയവിനിമയ ഉപാധി വരമൊഴി അഥവാ എഴുത്താണ്. വാമൊഴിയുടെ വ്യാപ്തി പരിമിതമാണ്. അതിലൂടെയുള്ള ആശയവിനിമയം നിമിഷങ്ങള്‍ക്കകം ഇല്ലാതാവുകയും ചെയ്യും. ഒരാള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുന്നയാള്‍  സശ്രദ്ധം ശ്രവിച്ചില്ലെങ്കിലും പ്രതികരിച്ചില്ലെങ്കിലും വാമൊഴിയിലൂടെയുള്ള ആശയ വിനിമയം പരാജയപ്പെടും. 

വരമൊഴി പലപ്പോഴും കൂടുതല്‍ വ്യക്തവും ഏറെക്കാലം നിലനിര്‍ത്താവുന്നതുമാണെങ്കിലും അതിന് അക്ഷരങ്ങള്‍, അവ രേഖപ്പെടുത്താനുള്ള സാമഗ്രികള്‍, അക്ഷരജ്ഞാനം തുടങ്ങി പല ഘടകങ്ങളും ആവശ്യമായുണ്ട്. അതുകൊണ്ട് തന്നെ പൊതുവേ വാമൊഴി അനായാസമായി കൈകാര്യം ചെയ്യാവുന്നതും, വരമൊഴി ഒരല്പം പരിശീലനത്തിലൂടെ മാത്രം സ്വായത്തമാക്കാവുന്നതുമാകുന്നു.

ഭാഷ ആശയവിനിമയത്തിനുള്ള ഉപാധിയാണെങ്കില്‍ വ്യാകരണം ഭാഷ തെറ്റ് കൂടാതെ ഉപയോഗിക്കുന്നതിനുള്ള നിയമമാകുന്നു. രണ്ടിനേയും വേര്‍പ്പെടുത്താനാവില്ല. അതുകൊണ്ട് തന്നെ വ്യാകരണ ശുദ്ധിയില്ലാത്ത ഭാഷ പലപ്പോഴും വികലമാക്കപ്പെടും. എഴുത്തുകാര്‍ വ്യാകരണം അല്പമെങ്കിലും അറിഞ്ഞിരിക്കുന്നത് അത്യാവശ്യമാണു താനും.

മലയാള ഭാഷ വന്ന വഴി:

ആശയവിനിമയത്തിനുള്ള ഉപാധിയായ ഭാഷയെക്കുറിച്ച് പറഞ്ഞല്ലോ; ഇനി നമ്മുടെ മാതൃഭാഷയെക്കുറിച്ച് ഒരല്പം പറയാം. മലയാളം പണ്ട് ദേശനാമത്തെ സൂചിപ്പിക്കുന്ന പദമായിരുന്നത്രേ! അന്ന് നമ്മുടെ ഭാഷയെ മലയാണ്മ എന്നും മലയായ്മ എന്നുമാണ് പറഞ്ഞിരുന്നത്. മലയാളം എന്ന്‍ ഭാഷയ്ക്ക് പേര് കിട്ടിയിട്ട് അധികകാലം ആയിട്ടില്ല എന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

ദ്രാവിഡഗോത്രത്തില്‍പ്പെട്ട ഭാഷയാണ്‌ മലയാളം. തമിഴ്, തെലുങ്ക്, കന്നഡ, തുടങ്ങിയവയും ഈ കുടുംബത്തില്‍പ്പെടും. മലയാളം ഉരുത്തിരിഞ്ഞു വന്നത് ഇപ്രകാരമാണത്രേ:  


മലയാളം ഉരുത്തിരിഞ്ഞു വന്ന വഴികളെക്കുറിച്ച് ഒരു ധാരണയായല്ലോ! ഇനിയും പല കാര്യങ്ങളും പറയാനുണ്ട്. അത് അടുത്ത തവണയാവട്ടെ, അല്ലേ?
(തുടരും...)


PS: ഭാഷാ വിദഗ്ദ്ധയല്ലാത്ത എനിക്ക് ഈ സംരഭത്തിന് താങ്ങായി വര്‍ത്തിക്കുന്നത് മലയാള വ്യാകരണ പുസ്തകങ്ങളാണ്. ഇതില്‍ പറഞ്ഞിരിക്കുന്ന ഉദാഹരണങ്ങള്‍ മിക്കതും അവയില്‍ നിന്ന് അതേപടി പകര്‍ത്തിയതും ആണ്. അതിനാല്‍ ഈ പംക്തിക്ക് ശക്തി പകര്‍ന്നു തരുന്ന   ഭാഷാ പണ്ഡിതന്‍മാരോടുള്ള അകമഴിഞ്ഞ നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു.