Friday, 21 June 2013

കഥയും കളിയും

വള്ളുവനാട്ടിലെ ഒരു സാദാ ഗ്രാമത്തിലായിരുന്നു ഞാന്‍ എന്‍റെ ബാല്യം ചെലവിട്ടത്. കേരളത്തിലെ ഏതൊരു ഗ്രാമം പോലെയും അവിടെയും നിറയെ പാടങ്ങളും, കുന്നുകളും, അങ്ങിങ്ങായി വീടുകളും, ഒരു സ്കൂളും, മദ്റസയും, കുറെ മൈതാനങ്ങളും, ചില കൊച്ചു കടകളും പിന്നെ ഗ്രാമത്തിന്‍റെ ഹൃദയ ഭാഗത്ത് ഒരമ്പലവും ഉണ്ടായിരുന്നു - അവയില്‍ പാടങ്ങളും മൈതാനങ്ങളും ഇപ്പോള്‍ മിക്കവാറും ഇല്ലാതായിരിക്കുന്നു; കുന്നുകളും അംഗഭംഗം വന്ന നിലയിലാണ്.  സ്കൂള്‍, മദ്റസ, വീടുകള്‍ എന്നിവ പൂര്‍വ്വാധികം തലയെടുപ്പോടെ ഇപ്പോഴും നില്‍ക്കുന്നു. അമ്പലവും അമ്പലക്കുളവുമൊക്കെ പഴയപടി തന്നെ - കാലത്തിനനുസരിച്ച് ചെറിയ ചെറിയ മാറ്റങ്ങള്‍ ഉണ്ടെന്നതൊഴിച്ചാല്‍ അവിടെ പറയത്തക്ക മാറ്റങ്ങള്‍ ഒന്നും കാണില്ല. എങ്കില്‍ പോലും ഏറ്റവും അധികം മാറ്റം വന്നിട്ടുള്ളത് ആ പരിസരത്തിനാണ് എന്നെനിക്ക് തോന്നുന്നു...


ചിത്രത്തിനു കടപ്പാട്: മാനസി മുണ്ടേക്കാട്
അന്നൊക്കെ അമ്പലത്തിന് കഷ്ടകാലമായിരുന്നു (അതേ, ദൈവങ്ങള്‍ക്കും ചിലപ്പോള്‍ കഷ്ടകാലം വരുമത്രേ!!!). മുന്‍ തലമുറ പകര്‍ന്നു നല്‍കിയ വിശ്വാസങ്ങളും ആചാരങ്ങളും വലിച്ചെറിഞ്ഞ് വിപ്ലവത്തിന്‍റെയും മാറ്റത്തിന്റെയും പുറകെ ഒരു തലമുറ പോയപ്പോള്‍ അനാഥമായത് വീടുകള്‍ മാത്രമല്ല; അരിഷ്ടിച്ച് നീങ്ങുന്ന ഇത്തരം ദേവാലയങ്ങളും അവിടുത്തെ ദൈവങ്ങളുമായിരുന്നു! നിറഞ്ഞു കത്തി നില്‍ക്കേണ്ട ഭദ്ര ദീപങ്ങള്‍ക്ക് പകരം അവിടെ ചെറു വിളക്കുകള്‍ ഇത്തിരി വെട്ടം പകര്‍ന്ന്‍ പൊലിയാതെ നിന്നു - തങ്ങള്‍ക്കാവോളം... മുനിഞ്ഞു കത്തുന്ന വിളക്കിന്‍റെ പ്രഭയില്‍ ഭഗവാന്‍റെ രൂപം ഏറെ തെളിഞ്ഞു കണ്ടത് ഭക്തര്‍ മാത്രം. കൊല്ലത്തില്‍ രണ്ടുമൂന്നു തവണ നടക്കുന്ന ഉത്സവ ദിനങ്ങളില്‍ മാത്രമായിരുന്നു ആ പരിസരം ശരിക്കും സ്വര്‍ണപ്രഭ  ചൂടിയിരുന്നത്...

അത്തരം ദിവസങ്ങളില്‍ ഗ്രാമവാസികളെല്ലാം അമ്പലത്തിലെത്തും. പുണ്യ ദിനങ്ങളിലുള്ള ഭഗവദ് ദര്‍ശനം ഏറെ പുണ്യകരം എന്ന്‍ വിശ്വസിച്ചിരുന്ന പഴയ തലമുറയും, അതിനൊന്നും വലിയ വില കല്പിക്കാത്ത പുത്തന്‍ തലമുറയും, ഇതിനിടയില്‍ ഏത് പാത തിരഞ്ഞെടുക്കണം എന്നറിയാതെ ഉഴറുന്ന പുതുപുത്തന്‍ തലമുറയും അന്നേ ദിവസങ്ങളില്‍ അമ്പലത്തിലും അമ്പലപ്പറമ്പിലുമൊക്കെയായി ഒത്തുകൂടും. ഭക്തര്‍ക്ക് അമ്പലത്തില്‍ പ്രത്യേക പൂജകളും വഴിപാടുകളും സമര്‍പ്പിക്കാം. നാസ്തികര്‍ക്ക് കൂട്ടം കൂടി വെടിപറഞ്ഞും പൊതുകാര്യങ്ങള്‍ പറഞ്ഞും സമയം കളയാം. കുട്ടികളാകട്ടെ, അമ്പലപ്പറമ്പില്‍ താല്‍ക്കാലികമായി തുടങ്ങിയ കൊച്ചു കടകളില്‍ നിന്നും പല വിധം കളിപ്പാട്ടങ്ങളും മറ്റും വാങ്ങുന്ന തിരക്കിലാവും. 

രാവണന്‍
പറഞ്ഞു വന്നത് ഇതൊന്നുമല്ല - അമ്പലത്തിലെ ഇത്തരം ഉത്സവ ദിനങ്ങളില്‍ രാത്രിയിലെ സ്ഥിരം കലാപരിപാടിയാണ് കഥകളി. കലാമണ്ഡലം മേജര്‍ സെറ്റ്, മൈനര്‍ സെറ്റ്, അല്ലെങ്കില്‍ എല്ലാവരും കൂടി - സദനം, കലാമണ്ഡലം, കോട്ടക്കല്‍ എന്നിങ്ങനെയുള്ള കഥകളി സംഘങ്ങളിലെ കലാകാരന്മാരാവും മിക്കപ്പോഴും കളിയരങ്ങുകളില്‍ നിറഞ്ഞാടുക. മിക്കപ്പോഴും രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന കളിയാവും. അത്താഴം കഴിഞ്ഞ് അമ്പലപ്പറമ്പിലേക്ക് എല്ലാവരും കൂടി ഒരു പോക്കുണ്ട് - കളികാണാന്‍ മോഹമില്ലാത്ത ചില അരസികര്‍ മാത്രം വീട്ടില്‍ തന്നെയിരിക്കും, പ്രായാധിക്യം മൂലമോ, അസുഖം മൂലമോ ഉറക്കമൊഴിക്കാന്‍ സാധിക്കാത്തവരും വീട്ടില്‍ തന്നെയിരിക്കാന്‍ നിര്‍ബന്ധിതരാവും!

കളി തുടങ്ങുന്നതിനു വളരെ മുന്‍പ് തന്നെ അമ്പലപ്പറമ്പില്‍ എത്തിയിട്ടില്ലെങ്കില്‍ സുഖമായിരുന്ന്‍ കളി കാണാം എന്ന്‍ കരുതേണ്ട - നല്ല സ്ഥലമൊക്കെ മറ്റുള്ളവര്‍ കൈയ്യടക്കിയിട്ടുണ്ടാവും. എന്നാലും ചില പരിചയക്കാരും മറ്റും കാണികളുടെ മുന്‍പില്‍ തന്നെ സ്ഥലം ഒപ്പിച്ചു തരാറുണ്ട് മിക്കപ്പോഴും. കൈയ്യില്‍ കരുതിയ പത്രക്കടലാസോ, പഴയ വിരിപ്പോ ഒക്കെ മണ്ണില്‍ വിരിച്ച് കളി കാണാനുള്ള കാത്തിരിപ്പ് തുടങ്ങുകയായി... അതിനിടയില്‍ നാട്ടുകാരുടെ കുശാലാന്വേഷണവും മറ്റും ഉണ്ടാകാതിരിക്കില്ല - പഴയ ആശ്രിതരുടെ പിന്‍ തലമുറക്കാര്‍ അമ്പലപ്പറമ്പിലെ കച്ചവടക്കാരില്‍ നിന്നും പൊരിയോ, മുറുക്കോ ഒക്കെ വാങ്ങിത്തരും. അതവരുടെ സ്നേഹത്തിന്‍റെയും ആദരവിന്റെയും സൂചകമായി കരുതി വാങ്ങിക്കോളാന്‍ അമ്മ മൗന സമ്മതം നല്‍കും. പിന്നെ എല്ലാവരും കൂടി അത് പങ്കിട്ടെടുക്കും - അവിടെ ഉയര്‍ന്നവനെന്നോ താഴ്ന്നവനെന്നോ ഒന്നുമില്ല...

ഇതിനിടയില്‍ ചിലര്‍ കള്ളും കുടിച്ചു വന്ന്‍ വല്ലതുമൊക്കെ വേണ്ടാതീനം വിളിച്ചു പറയും. അത്തരക്കാരെ വളരെ നയത്തില്‍ കൈകാര്യം ചെയ്യാന്‍ ചില ചെറുപ്പക്കാര്‍ സദാസന്നദ്ധരായി നില്‍ക്കുന്നുണ്ടാകും. പെണ്മണികളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ യുവാക്കളും അവരുടെ കണ്ണില്‍പ്പെടാന്‍ യുവതികളും അണിഞ്ഞൊരുങ്ങി വന്നിട്ടുണ്ടാവും! അപൂര്‍വ്വം ചില കണ്ണേറുകളും പുഞ്ചിരി കൈമാറലുകളുമൊക്കെ ഇരുട്ടിന്‍റെ മറവില്‍ നടന്നിരിക്കാം... കൂടെയുള്ളവരുടെ കണ്ണ് വെട്ടിച്ചു ചില പുഞ്ചിരികളും ആംഗ്യങ്ങളും കൈമാറി യുവതീയുവാക്കള്‍ കോള്‍മയിര്‍ക്കൊണ്ടുവെന്നതിനു സാക്ഷി ഇരുണ്ട ആകാശം മാത്രം!
കൃഷ്ണന്‍ - കുചേലവൃത്തം

അങ്ങനെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ കളി തുടങ്ങുകയായി - കേളി, തോടയം, വന്ദന ശ്ലോകം എന്നിവയ്ക്ക് ശേഷം പുറപ്പാട് (കളിയുടെ കഥയെക്കുറിച്ച് ഒരു ആമുഖം എന്ന്‍ പറയാം പുറപ്പാടിനെ). അത് കഴിഞ്ഞാല്‍ കളി തുടങ്ങും -  ഏതാണ്ട് നൂറ്റിയൊന്നോളം ആട്ടക്കഥകളാണത്രേ ഉള്ളത്. പക്ഷേ ഇപ്പോള്‍ അതിന്‍റെ മൂന്നിലൊന്നോളമേ സാധാരണയായി അരങ്ങത്ത് അവതരിപ്പിക്കാറുള്ളുവത്രേ!!!

ഇവയില്‍ തന്നെ നളചരിതം, ദുര്യോധനവധം,കല്യാണസൗഗന്ധികം, കീചകവധം, കര്‍ണശാപം, കിരാതം, കര്‍ണശപഥം, കുചേലവൃത്തം, സന്താനഗോപാലം, ബാലിവിജയം, ദക്ഷയാഗം, രുഗ്മിണീസ്വയംവരം, കിര്‍മീരവധം, സുഭദ്രാഹരണം, ബാലിവിജയം, രുഗ്മാംഗദചരിതം, രാവാണോല്ഭവം, ബകവധം, പൂതനാമോക്ഷം, നരകാസുരവധം, ഉത്തരാസ്വയംവരം, കംസവധം, ഹരിശ്ചന്ദ്രചരിതം, കച-ദേവയാനി എന്നിവയാണ് ഏറെ പ്രസിദ്ധം. ഇവയൊക്കെയും തന്നെ, രാമായണം, മഹാഭാരതം തുടങ്ങിയ പുരാണേതിഹാസങ്ങളിലെ കഥകളാണല്ലോ. എന്നാല്‍ ഈ അടുത്ത കാലത്ത് ദിവ്യകാരുണ്യ ചരിതം, മുടിയനായ പുത്രന്‍ എന്നിങ്ങനെ ബൈബിള്‍ കഥകളെ ആസ്പദമാക്കിയും ആട്ടക്കഥകള്‍ രൂപപ്പെട്ടിട്ടുണ്ട്. 

അങ്ങനെ പച്ചയും, കത്തിയും, മിനുക്കും, കരിയും ചുവന്നാടിയുമൊക്കെ അരങ്ങു തകര്‍ത്താടുമ്പോള്‍ സാകൂതം വീക്ഷിച്ചിരിക്കുന്ന പ്രേക്ഷകരുടെ എണ്ണം ക്രമേണ കുറഞ്ഞു വരും. അടഞ്ഞു പോകുന്ന കണ്ണുകളെ വിഷമിച്ചു തുറന്നു പിടിച്ച് കളി കാണുമ്പോള്‍ എന്തൊക്കെയോ നേടിയെടുത്ത ഭാവമാണ്... മുദ്രകള്‍ പലതും മനസ്സിലാവില്ലെങ്കിലും പദങ്ങള്‍ രക്ഷയ്ക്കെത്തും. കഥകള്‍ മിക്കതും മുന്‍പേ കേട്ടു പരിചയമുള്ളവയായത് കൊണ്ടും ഒരു വിധം നന്നായി തന്നെ കളി ആസ്വദിച്ചു കാണാന്‍ കഴിഞ്ഞിരുന്നു അന്നൊക്കെ. കളിക്കമ്പം കൂടിയ കാലത്ത് ബന്ധുക്കളുടെ കൂടെ പല പല സ്ഥലങ്ങളിലും കളി കാണാന്‍ പോയിരുന്നു -  രാത്രിയുടെ വൈകിയ യാമങ്ങളില്‍ (അതോ പുലരിയുടെ ആദ്യ യാമങ്ങളിലോ) ഉറക്കച്ചടവോടെ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഉള്ളില്‍ അരങ്ങു നിറഞ്ഞാടുന്ന വേഷങ്ങള്‍ മാത്രം!!!
അര്‍ജ്ജുനന്‍ - സന്താനഗോപാലം

ഇപ്പോള്‍ ഈ ഓര്‍മകളൊക്കെ തികട്ടി വരാനുണ്ടായ കാരണം കഴിഞ്ഞ കഴിഞ്ഞ മാസം, പത്തു ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് തവണ കളി കാണാന്‍ തരപ്പെട്ടു എന്നതാണ്. അതിനുള്ള പ്രധാന കാരണം വീട്ടില്‍ തന്നെ ഒരു കഥകളി കലാകാരി ഉണ്ടെന്നതാണ്. അനുഗൃഹീതയായ ഒരു കലാകാരി  കുടുംബത്തില്‍ തന്നെയുണ്ടാവുക എന്നത് ഒരു ഭാഗ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതും കഥകളി പോലെ, സ്വായത്തമാക്കുവാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു കലാരൂപമാവുമ്പോള്‍ പ്രത്യേകിച്ചും! ഏതാണ്ട് മുന്നൂറില്‍ പരം അരങ്ങുകളില്‍ വിവിധ വേഷത്തില്‍ എത്തിയിട്ടുള്ള ഒരനുഗൃഹീത കലാകാരിയാണ് പ്രിയ (അനിയന്‍റെ പത്നി). കേരളത്തിനു പുറത്ത് ജനിച്ചുവളര്‍ന്ന ഒരാള്‍ക്ക് കഥകളിയില്‍ താല്പര്യം തോന്നാനുള്ള സാദ്ധ്യത വളരെ കുറവാണെന്നിരിക്കെ ആ കല സ്വായത്തമാക്കുവാനും ഇത്രയധികം വേദികളില്‍ അവതരിപ്പിക്കുവാനും അവര്‍ക്ക് കഴിഞ്ഞുവെന്നത് വലിയ നേട്ടം തന്നെ.  ശ്രീകൃഷ്ണപുരത്തെ അമ്പല സന്നിധിയില്‍  രാവാണോല്‍ഭവത്തിലെ രാവണനായ് അരങ്ങില്‍ നിറഞ്ഞാടിയ പ്രിയ, മൂന്ന്‍ മണിക്കൂറോളം നീണ്ട ആട്ടത്തിന് ശേഷവും തികഞ്ഞ ഉത്സാഹവതിയായി കണ്ടു എന്നതും അവരിലെ കലാകാരിയെ വേറിട്ട്‌ നിര്‍ത്തുന്നു.
ബ്രാഹ്മണപത്നിയും ഉണ്ണികളും

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പൂര്‍ണ്ണത്രയീശ്വര സന്നിധിയില്‍ അരങ്ങേറിയ സന്താനഗോപാലം കളിയും വേറിട്ട അനുഭവം തന്നെ. ഇവിടെ ആശാന്‍ ഗോപാലകൃഷ്ണന്‍ ബ്രാഹ്മണനായും, പ്രദീപ്‌ കോട്ടക്കല്‍ കൃഷ്ണനായും വേഷമിട്ടപ്പോള്‍ അര്‍ജ്ജുനനായി അരങ്ങത്തു വന്ന പ്രിയയോടൊപ്പം വീട്ടിലെ കുട്ടികളും ഉണ്ണികളായി രംഗത്തെത്തി. എന്‍റെ കൂടെയിരുന്ന് കളി കണ്ടിരുന്ന മകന് കഥാസന്ദര്‍ഭം വിവരിച്ചു കൊടുക്കുമ്പോള്‍ ഓര്‍മ്മകള്‍ പിന്നോട്ട് പായുകയായിരുന്നു - ദൂരെ ഒരു ഗ്രാമ ക്ഷേത്ര പരിസരത്ത് കളി നടക്കുമ്പോള്‍ മനസ്സിലാകാത്ത ഭാഗങ്ങള്‍ മകള്‍ക്ക് പറഞ്ഞു കൊടുക്കുന്ന ഒരമ്മയുടെ ചിത്രമാണ് ആ ഓര്‍മകളില്‍ തെളിഞ്ഞു കണ്ടത്. കാല ചക്രത്തിന്റെ അനന്തമായ തിരിച്ചിലില്‍ ഇങ്ങനെ എന്തൊക്കെ രംഗങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു, എന്ന്‍ ഞാന്‍ ആശ്ചര്യത്തോടെ ഓര്‍ത്ത നിമിഷങ്ങള്‍ കൂടിയായിരുന്നു അവ!

എന്തായാലും ആ കളിയരങ്ങുകള്‍ എനിക്ക് സമ്മാനിച്ചത് ആസ്വാദനത്തിന്റെ നിറനിമിഷങ്ങള്‍ മാത്രമല്ല; എന്‍റെ ബാല്യത്തിന്‍റെ വര്‍ണ്ണപ്പകിട്ടാര്‍ന്ന ഒരേട്‌ കൂടിയാണ് -എനിക്ക് കൈമോശം വന്നുവെന്ന് ഞാന്‍ കരുതിയിരുന്ന, മനോഹരമായ ഒരേട്! ഒരിക്കല്‍ കൂടി ഞാന്‍ പഴയ പാവാടക്കാരിയാവട്ടെ; കൃഷ്ണാര്‍ജ്ജുനന്മാരും, നള-ദമയന്തിമാരും, കുചേലനും, ഹനുമാനും, ബാലിയും സുഗ്രീവനും, ദുര്യോധനനും എന്ന്‍ വേണ്ട, എല്ലാ കഥാപാത്രങ്ങളും ജീവന്‍ തുളുമ്പി നിന്ന ആ പഴയ അമ്പലപ്പറമ്പിലേക്ക് ഞാന്‍ ഒരിക്കല്‍ കൂടി പോയി വരട്ടെ! അമ്പലപ്പറമ്പിന്‍റെ മൂലയില്‍ നില്‍ക്കുന്ന അരയാലുകള്‍ എന്‍റെ വരവും കാത്ത്,  അക്ഷമയോടെ പലതും മന്ത്രിക്കുന്നത് എനിക്ക് കേള്‍ക്കാനുണ്ട്... കറുത്ത രാത്രിയില്‍ ഇരുണ്ട ആകാശത്ത്, എനിക്ക് വഴികാട്ടിയായി ഒരൊറ്റ നക്ഷത്രം മങ്ങാതെ തിളങ്ങിക്കൊണ്ടേയിരിക്കുന്നു - എന്‍റെയുള്ളിലെ മധുര സ്മരണകള്‍ പോലെ!

Tuesday, 11 June 2013

നമ്മള്‍നീയൊന്നു ചിരിച്ചാലെന്‍
മനസ്സിലും നിറയുന്നു മോദം;
നിന്നാര്‍ത്തികളെന്നിലും
നിറപ്പൂ വേദന തന്‍ മുള്ളുകള്‍ ...

ജന്മം കൊണ്ടു നീയെനിക്കന്യ-
നെന്നാകിലും, കര്‍മ്മം കൊണ്ടു
നീയെന്‍ സോദരനായ് മാറിയ-
തെന്നെന്നു ഞാനറിഞ്ഞീല...

ആത്മ ബന്ധത്തിന്‍ തീച്ചൂളയില്‍
വെന്തുറച്ച സ്നേഹമാമിഷ്ടിക
കൊണ്ടു നമ്മള്‍ പടുതുയര്‍ത്തീ
നിസ്വാര്‍ത്ഥ സ്നേഹത്തിന്‍ സാമ്രാജ്യം

ഭൂമിയിലൊരു സ്പന്ദനം ബാക്കി-
യുണ്ടാകും കാലമതു വരേയ്ക്കും
നമ്മുടെ സാഹോദര്യത്തിന്‍ മാനങ്ങള്‍
തിളങ്ങി നില്‍ക്കട്ടേ അവനീ തലത്തില്‍

പുതു തലമുറയീ അതുല്യ സ്നേഹത്തിന്‍
അലയടികളാല്‍ മുഖരിതമായിടട്ടെ;
സ്നേഹമാണഖിലസാരമൂഴിയിലെ-
ന്നൊരിക്കല്‍ കൂടി മാലോകരോതിടട്ടെ!!!

ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ്