Posts

Showing posts from July, 2013

ഉണ്ണിയ്ക്കായ്

Image
ഉണ്ണീ നീയുണര്‍ന്നീടുക വേഗമിപ്പോള്‍  ഇന്നു നിന്റെയാട്ടപ്പിറന്നാളല്ലോ കര്‍ക്കിടകക്കാറുകള്‍ നീങ്ങിയാ മാനത്ത് അര്‍ക്കനിതായിപ്പോള്‍ പുഞ്ചിരിപ്പൂ... സ്നാനത്തിനാശു ഗമിച്ചീടുക നീയ്യെന്നിട്ടാ- ത്തേവരെയും പോയ്‌ വണങ്ങി വരൂ! നെറ്റിയില്‍ ചന്ദനക്കുറിയോടൊപ്പമമ്മ നല്കിടാം ഉമ്മകളായിരങ്ങള്‍ ; മാറോടുചേര്‍ത്തു പുണര്‍ന്നീടാം നിന്നെ ഞാന്‍ ഓമനയാമുണ്ണീ നീയോടിവായോ.. നിന്‍ കണ്ണില്‍ വിടരുന്നോരാനന്ദപ്പൂത്തിരി- യെന്നുള്ളില്‍ സ്നേഹക്കടലായ് മാറി, നെറുകയില്‍ കൈവെച്ചു ഞാനിതാ നേരുന്നു ആയൂരാരോഗ്യ സൗഭാഗ്യങ്ങളും നന്മതന്‍ നിറകുടമായ് വാഴുകയെന്നുടെ- യോമനക്കുട്ടാ നീയെന്നുമെന്നും പാരിലെ പീഡകള്‍ നിന്നെ വലയ്ക്കാതെ പാരം ഞാന്‍ കാത്തീടാമാവുവോളം... സദ്‌ബുദ്ധിയെന്നും നിന്‍ മതിയിലുണരുവാന്‍ സച്ചിതാനന്ദനെ വണങ്ങിടുന്നു... ഉണ്ണീ നീ വാഴ്കയാമോദമോടെന്നാളും ഉള്ളം നിറഞ്ഞു ഞാനനുഗ്രഹിപ്പൂ...

വ്യാഴവട്ടം

Image
ഞാനില്‍ നിന്നും നമ്മളിലേക്ക് നടന്നടുത്ത കാലം, സ്വപങ്ങള്‍ക്കനേകം ചിറകുകള്‍ മുളച്ച കാലം ഹൃദയം തുടിക്കുന്നത് നിനക്കു മാത്രമായ കാലം എന്നില്‍ നീയും നിന്നില്‍ ഞാനുമായ കാലം സ്നേഹത്തിന്‍ ഭാവങ്ങള്‍ തൊട്ടറിഞ്ഞ കാലം വിരഹത്തിന്‍ മുള്ളുകള്‍ പതിഞ്ഞ കാലം അമ്മതന്‍ ഉള്ളം പൊള്ളുമെന്നറിഞ്ഞ കാലം പിള്ള തന്‍ ചിരിയില്‍ മതി മറന്ന കാലം ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറാത്ത കാലം ചിന്തകളെല്ലാമൊന്നായ് ശക്തിയാര്‍ജ്ജിച്ച കാലം സമയരഥചക്രങ്ങള്‍ അതിവേഗമുരുണ്ട കാലം വെള്ളിയിഴകളും ചുളിവുകളും പതിഞ്ഞ കാലം മധുരമാം ഓര്‍മ്മകള്‍ സമ്മാനിച്ചതും ഈ കാലം മരണമാം സത്യത്തെ തുറന്നു കാട്ടിയതുമീ കാലം നീറുമെന്‍ മനസ്സിന് കൂട്ടായ് നീ മാറിയതുമീ കാലം പറയാതെ പറഞ്ഞതും, കൈമാറിയതുമീ കാലം എന്റെ കരളില്‍ നീയലിഞ്ഞു ചേര്‍ന്ന കാലം നീയില്ലാതെ ഞാനില്ലെന്നതറിഞ്ഞ കാലം... ലോകം പറയുന്നു ഒരു വ്യാഴവട്ടമാണീ കാലം ഞാന്‍ പറയുന്നുവെന്‍ മുഴു ജീവിതമാണീ കാലം...