Monday, 28 October 2013

പഴുത്ത പ്ലാവിലകള്‍ ഞെട്ടറ്റു വീഴുമ്പോള്‍

പ്രായമായ അമ്മമാരെ മക്കള്‍ ഗുരുവായൂരില്‍ നടതള്ളുന്നു എന്ന വാര്‍ത്ത മാദ്ധ്യമങ്ങളില്‍ വന്നപ്പോള്‍ സത്യത്തില്‍ എനിക്കദ്ഭുതമൊന്നും തോന്നിയില്ല. നാട്ടില്‍ നടക്കുന്ന പല വാര്‍ത്തകളും കേട്ട് കേട്ട് ഒരുതരം നിസ്സംഗത എന്റെ മനസ്സിലും വേരുറപ്പിച്ചിരിക്കുന്നുവെന്ന് തോന്നുന്നു. പത്രമെടുത്താല്‍ കാണാവുന്നത് അഴിമതിയുടേയും, തട്ടിപ്പിന്റെയും വഞ്ചനയുടെയും മാത്രമല്ല, അതി ഭീകരമായ മനുഷ്യ മനസ്സിന്റെ ക്രൂരകഥകള്‍ കൂടിയാണ്. പലപ്പോഴും അവയെല്ലാം ഒന്നോടിച്ചു നോക്കുകയല്ലാതെ വായിക്കുവാന്‍ മുതിരാറില്ല. ഒരു ദിവസം തുടങ്ങുന്നത് തന്നെ കലുഷിതമായ മനസ്സോടെയാവണ്ടല്ലോ!

ഇന്നിപ്പോള്‍ യാദൃച്ഛികമായി ഒരു സുഹൃത്തിന്റെ ബ്ലോഗ്‌ വായിക്കാനിടയായി. സാമാന്യം നല്ല നിലയില്‍ ജീവിച്ച, എന്നാലിപ്പോള്‍ ഒരല്പം സമാധാനത്തോടെ ശേഷകാലം ജീവിച്ചു തീര്‍ക്കാനായി അനുയോജ്യമായ ഒരു വൃദ്ധസദനം അന്വേഷിച്ചു നടക്കുന്ന വൃദ്ധ ദമ്പതിമാരുടെ അനുഭവമാണ് അതില്‍ പ്രതിപ്രാദിച്ചിരിക്കുന്നത്.  (ഇവിടെ ക്ലിക്കിയാല്‍ ആ കഥ നിങ്ങള്‍ക്കും വായിക്കാം). വായിച്ചപ്പോള്‍ ആദ്യം തോന്നിയത്, ഇങ്ങനെ എത്ര പേര്‍ കാണും - ഞാന്‍ എന്ത് ചെയ്യാനാ എന്ന സങ്കുചിതമായ ചിന്ത തന്നെ! എന്നാല്‍ അല്പം കഴിഞ്ഞിട്ടും മനസ്സില്‍ നിന്നും ആ അച്ഛനമ്മമാരുടെ ചിത്രം മാഞ്ഞു പോകുന്നില്ല. ഒരു നൊമ്പരമായി അതെന്നെ നീറ്റിക്കൊണ്ടിരുന്നു. അപ്പോള്‍ എനിക്ക് കഴിയാമായിരുന്നത് അവരുടെ കഥ മറ്റുള്ളവരില്‍ എത്തിക്കുക എന്നതായിരുന്നു. ഉടനെ ആ ബ്ലോഗ്‌ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. ചില സമാനമനസ്കര്‍ അവരുടെ വാളിലും അത് പോസ്റ്റ്‌ ചെയ്ത് തങ്ങള്‍ക്കാവുന്ന പോലെ അവരെ സഹായിക്കുവാന്‍ ശ്രമിക്കുന്നുണ്ട് എന്നത് ഏറെ സന്തോഷം നല്കുന്നു. അധികം വൈകാതെ അവര്‍ക്ക് ഒരു തണല്‍ കിട്ടും എന്ന്‍ പ്രത്യാശിക്കുകയും ചെയ്യുന്നു.എങ്കിലും എന്നെ ചിന്തിപ്പിച്ച സംഗതി ഇതാണ് - സാമാന്യം നല്ല വിദ്യാഭ്യാസവും, പ്രാപ്തിയുമൊക്കെയുള്ള അച്ഛനമ്മമാരുടെ ഗതി ഇതാണെങ്കില്‍ ഇവയൊന്നും ഇല്ലാത്തവരുടെ കാര്യം എന്താവും?

എന്റെ സുഹൃത്ത് പറഞ്ഞ പോലെ ഇതൊരു കാന്‍സര്‍ ആണ്. സമൂഹത്തെ ആകമാനം ബാധിച്ച മാരകമായ കാന്‍സര്‍ ! പിറന്നു വീഴുമ്പോള്‍ കൈകാലിളക്കി അലറിക്കരയാന്‍ മാത്രം കഴിഞ്ഞിരുന്ന ഒരു കുഞ്ഞിനെ തങ്ങളുടെ സര്‍വസ്വവും നല്‍കി വളര്‍ത്തി വലുതാക്കി, അവരെ സ്വന്തം കാലില്‍ നില്കാനും പരസഹായമില്ലാതെ ജീവിക്കാനും പ്രാപ്തരാക്കുന്ന മാതാപിതാക്കള്‍ പിന്നീട് എന്തു കൊണ്ട് മക്കള്‍ക്ക് വെറുക്കപ്പെട്ടവരാകുന്നു? പലപ്പോഴും ഇല്ലായ്മകളും വല്ലായ്മകളും മറന്ന്‍, മക്കള്‍ക്ക് വേണ്ടി സകല ത്യാഗങ്ങളും ചെയ്യുന്ന മാതാപിതാക്കളെ, എന്തു കൊണ്ട് സമ്പന്നമായ ജീവിതം നയിക്കുമ്പോള്‍ മക്കള്‍ വിസ്മരിക്കുന്നു?

ഇന്നത്തെ തലമുറ തങ്ങളുടെ ചിന്തകളും പ്രവര്‍ത്തികളും ശരിയായ ദിശയിലേക്ക് നയിച്ചില്ലെങ്കില്‍ ഒരു പക്ഷേ നാളെ അവരെ കാത്തിരിക്കുന്നതും ഇതേ ദുരവസ്ഥയാവാം. ഇന്ന്‍ ഭാരമാണെന്ന് പറഞ്ഞു മാതാപിതാക്കളെ അനായാസം ഉപേക്ഷിച്ചു സുഖലോലുപരായി കഴിയുമ്പോള്‍ ഓര്‍ക്കുക - അത്ര വിദൂരമല്ലാത്ത ഒരു ഭാവിയില്‍ നമ്മുടെയും ഗതി ഇത് തന്നെയായിരിക്കാം എന്നത്! പഴുത്ത പ്ലാവില കൊഴിഞ്ഞു വീഴുമ്പോള്‍ ചിരിക്കുന്ന പച്ചപ്ലാവിലകള്‍ അറിയാതെ പോകുന്നതും ഈ നഗ്നസത്യം തന്നെ!

അപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം മനസ്സില്‍ കിടക്കുന്നു - എന്തേ നമ്മള്‍ ഇങ്ങനെയൊക്കെ ആവുന്നത്? ഏറെ കഷ്ടപ്പെട്ട് ജീവിതം കരുപ്പിടിപ്പിച്ചവരാണ് നമ്മുടെ മുന്നത്തെ തലമുറ. തുച്ഛമായ വരുമാനത്തില്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ അവര്‍ പാടുപെടുന്നത് എന്റെ സമപ്രായക്കാരായവരില്‍ ചിലരെങ്കിലും കണ്ടിരിക്കും. അപ്പോള്‍ ഒരു പക്ഷേ ബാല്യത്തിന്റെ നിഷ്കളങ്കതയില്‍ നിങ്ങളും ചിന്തിച്ചിരിക്കും -  "ഞാന്‍ വളര്‍ന്ന്‍ വലുതായി, നല്ല ജോലിയൊക്കെ നേടി അച്ഛനെയും അമ്മയെയും നന്നായി നോക്കും" എന്ന്‍! നാം വലുതാവും തോറും നമ്മിലെ നന്മകളോടൊപ്പം ആ ചിന്തകളും മൃതിയടയുകായിരുന്നുവോ??? അറിയില്ല....

ഇന്ന്‍ ആര്‍ക്കും ഒന്നിനും സമയമില്ല - ഭാര്യയും ഭര്‍ത്താവും ജോലിക്കാര്‍ . തങ്ങളനുഭവിച്ച വേദനകളും ഇല്ലായ്മകളും മക്കള്‍ അറിയരുതെന്ന് കരുതി അവരെ താഴത്തും തലയിലും വെക്കാതെ വളര്‍ത്തും (നമ്മള്‍ കുഞ്ഞായിരിക്കുമ്പോള്‍ നമ്മുടെ അച്ഛനമ്മമാര്‍ക്കും ഇതേ ചിന്ത തന്നെയായിരിക്കാം ഉണ്ടായിരുന്നത് എന്ന്‍ നമ്മള്‍ മറക്കുന്നു). അവര്‍ ചോദിക്കുന്നതും അല്ലാത്തതുമായ എല്ലാ സൗകര്യങ്ങളും അവര്‍ക്ക് കൊടുക്കുന്നു - അവര്‍ നല്ല നിലയിലെത്തിയാന്‍ തങ്ങളെ അവര്‍ പരിപാലിക്കുമെന്ന് വ്യാമോഹിക്കുന്നു. അതേസമയം, സ്വന്തം മാതാപിതാക്കളോട് തങ്ങള്‍ ചെയ്തത് എന്താണെന്ന് സൗകര്യപൂര്‍വ്വം മറക്കുന്നു....

ചിലരെയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട് - അവര്‍ പറയും: ഞങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ കാശ് മതി ഞങ്ങള്‍ക്ക് വയസ്സുകാലത്ത് സുഖമായി കഴിയാന്‍, ഞങ്ങള്‍ മക്കള്‍ക്ക് ഒരു ഭാരമാവില്ല, വയസ്സായാല്‍ വല്ല വൃദ്ധസദനത്തിലും പോകും എന്നൊക്കെ. സ്വന്തം മാതാപിതാക്കളെ വേണ്ടപോലെ പരിപാലിക്കാത്തത് കൊണ്ടാണോ അവര്‍ക്ക് ഈ ചിന്ത എന്നറിയില്ല. അതോ അങ്ങനെ ഒരു ഗതി വരുമെന്ന് മുന്‍കൂട്ടി കണ്ട് അതിനു മാനസികമായി തയ്യാറെടുക്കുകയാണോ? അറിയില്ല! എന്ത് തന്നെയായാലും ഈ പറയുന്നവരും ആ പ്രായം എത്തുമ്പോള്‍ ഒരു പക്ഷേ മക്കളുടെയും പേരക്കുട്ടികളുടെയും കൂടെയുള്ള ഒരു സന്തോഷഭരിതമായ ജീവിതമാവും ഇഷ്ടപ്പെടുക - അല്ലെന്ന് ആര്‍ക്ക് പറയാന്‍ കഴിയും?

എന്തായാലും ഒരു കാര്യം തീര്‍ച്ച - നാളെ എങ്ങനെയാവും എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. തല്‍ക്കാലം ഇന്നില്‍ ജീവിക്കുക. നാളത്തെ ജീവിതം സ്വസ്ഥമാക്കാനുള്ള തത്രപ്പാടില്‍ ഇന്നിനെ മറക്കാതിരിക്കുക. കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതിനൊപ്പം അല്പം സ്നേഹവും സമയവും കൂടി കൊടുക്കുക. ഒരു പക്ഷേ നാളെ നാം പഴുത്ത പ്ലാവിലയായി ഞെട്ടറ്റു വീഴാറാവുമ്പോള്‍ ഇന്ന് നമ്മള്‍ അവര്‍ക്ക് കൊടുത്ത സ്നേഹം ഒരു വടവൃക്ഷമായ് വളര്‍ന്ന് ഒരു ചെറു തണല്‍ നമുക്കായി കാത്തു വെക്കില്ലെന്നാരു കണ്ടു!

വാല്‍കഷ്ണം: അച്ഛനമ്മമാരുടെ സ്വത്തുക്കള്‍ തട്ടിയെടുത്ത് അവരെ ഉപേക്ഷിക്കുന്ന മക്കളെ കണ്ടു പിടിച്ച് അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും തയ്യാറാകണം. അത്തരം ആളുകളെ സമൂഹം പകര്‍ച്ചവ്യാധിയെ പോലെ അകറ്റി നിര്‍ത്തണം. മാതാപിതാക്കള്‍ക്ക്  നിയമ പരിരക്ഷ ലഭിക്കുമ്പോള്‍ , അവരെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കും എന്ന് വരുമ്പോള്‍ , ഈ ദുഷ്-പ്രവണതയ്ക്ക് ഒരല്പം കുറവുണ്ടാവും എന്നു കരുതാം. അങ്ങനെയെങ്കില്‍ ചില പാവം മാതാപിതാക്കളെങ്കിലും അവരുടെ അവസാനകാലം ഇത്തിരി സമാധാനത്തോടെ ജീവിച്ചു തീര്‍ക്കും...

ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ്

Friday, 25 October 2013

ബ്ലോഗിങ്ങ് ചിന്തകള്‍

പണ്ട് (അത്ര പണ്ടൊന്നുമല്ല കേട്ടോ!) ഏതൊരു ബ്ലൊഗ്ഗറേയും പോലെ ഞാനും ഇടയ്ക്കൊക്കെ എന്റെ ബ്ലോഗിലെ ഫോളോവേര്സിന്റെ എണ്ണവും സന്ദര്‍ശകരുടെ എണ്ണവും നോക്കി നിര്‍വൃതിയടയാറുണ്ടായിരുന്നു. ഇപ്പോള്‍ ഈ സംഖ്യകള്‍ക്ക് ഞാന്‍ കൊടുക്കുന്ന പ്രാധാന്യം മുന്‍പത്തേക്കാള്‍ വളരെക്കുറവാണ് എന്ന്‍ മാത്രം! കാരണം വേറെ ഒന്നുമല്ല - കണക്കുകള്‍ പലപ്പോഴും യാഥാര്‍ത്ഥ്യമാകണമെന്നില്ല എന്നത് തന്നെ!

എന്നാല്‍ ഇന്നിപ്പോള്‍ എന്നെ ചിന്തിപ്പിച്ച വിഷയം വേറെ ഒന്നാണ് - യാദൃച്ഛികമായി ഇന്നൊരു ബ്ലോഗില്‍ എത്തിപ്പെട്ടു. നല്ല എഴുത്ത് - വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു - പക്ഷേ ഫോളോവര്‍മാര്‍ കുറവാണ്. കമന്റുകളും കുറവ് - ഒരു പക്ഷേ ആ ബ്ലോഗര്‍ തന്റെ ബ്ലോഗ്‌ വേണ്ട പോലെ മാര്‍ക്കറ്റ് ചെയ്യാത്തത് കൊണ്ടാവാം... 

ബ്ലോഗിങ്ങ് രംഗത്ത് കുറച്ചൊക്കെ സജീവമായത് മുതല്‍ ഞാന്‍ നിരീക്ഷിച്ചു വരുന്ന ഒരു പ്രതിഭാസമാണിത്...  നല്ല ബ്ലോഗുകള്‍ വേണ്ട പോലെ ശ്രദ്ധിക്കപ്പെടുന്നില്ല എന്നൊരു തോന്നല്‍ . എന്നെക്കാള്‍ നന്നായി എഴുതുന്നവരും, വിവിധ വിഷയങ്ങള്‍ എഴുതുന്നവരുമൊക്കെ അറിയപ്പെടാതെ പോകുന്നതില്‍ വിഷമം തോന്നാറുണ്ട്. അത് പോലെ തന്നെ നിലവാരമില്ലാത്ത ചില ബ്ലോഗുകള്‍ കേമം എന്നുപറഞ്ഞു കൊട്ടിഘോഷിക്കപ്പെടുമ്പോഴും...

ബ്ലോഗ്‌ പ്രചരിപ്പിക്കാന്‍ ഫേസ്ബുക്ക്‌ ഏറെ സഹായകരമാണെങ്കിലും ഇപ്പോള്‍ പല പോസ്റ്റുകളും ഫേസ്ബുക്കിലെ ചര്‍ച്ചാ വിഷയങ്ങളായി മാത്രം ഒതുങ്ങുന്നുണ്ടോ എന്ന സംശയവും ഇല്ലാതില്ല. വളരെ സജീവമായി എഴുതിയിരുന്ന പലരും ഇപ്പോള്‍ ഇത്തരം ചര്‍ച്ചകളില്‍ മാത്രം പങ്കെടുത്ത് സന്തോഷിക്കുന്ന കാഴ്ച്ചയാണ് ചുറ്റിനും. ബ്ലോഗ്‌ ഒരല്പം പിന്തള്ളപ്പെട്ടോ എന്ന സംശയം സ്വാഭാവികമായും ഉയരുന്നു. ഒരു പക്ഷേ ഫേസ്ബുക്കില്‍ ഇടുന്ന സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്ക് ഉടന്‍ തന്നെ പ്രതികരണം കിട്ടുന്നുവെന്നും വായനക്കാരനും എഴുത്തുകാരനും തമ്മില്‍ ഉടന്‍ തന്നെ സംവദിക്കാനുള്ള അവസരം കൈവരുന്നു എന്നതും അതിന്റെ ഒരു മെച്ചമാണ്. എന്നാല്‍ പിന്നീടെപ്പോഴെങ്കിലും ഇവ കണ്ടെത്തണമെങ്കില്‍ വളരെ ബുദ്ധിമുട്ടാണെന്നത് ഏറ്റവും വലിയ ഒരു കുറവായാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ബ്ലോഗില്‍ എല്ലാം അടുക്കിലും ചിട്ടയിലും വെക്കാന്‍ കഴിയും. വായനക്കാരന് തന്റെ പ്രതികരണം എഴുത്തുകാരനെ അറിയിക്കാനും കഴിയും. പക്ഷേ അതിന് അപ്പപ്പോള്‍  മറുപടിയും, അതിന്മേല്‍ ഒരു ചര്‍ച്ചയും ബ്ലോഗില്‍ പൊതുവേ കാണാറില്ല. എന്നാല്‍ എത്ര ദിവസം കഴിഞ്ഞാലും ബ്ലോഗില്‍ നിന്നും ആ പോസ്റ്റ്‌ കണ്ടെടുക്കാന്‍ വലിയ വിഷമം ഒന്നുമില്ല എന്നത് ഒരു വലിയ മെച്ചം തന്നെ! സൗകര്യം പോലെയിരുന്നു വായിക്കാവുന്ന ഒരു പുസ്തകം പോലെയാണ് ബ്ലോഗ്‌.

പറഞ്ഞു വന്നത് ഇതൊന്നുമല്ല - നല്ല എഴുത്തുകാരെ എങ്ങനെ വായനക്കാരിലേക്ക് എത്തിക്കാം എന്നതാണ്. ചില ബ്ലോഗ്‌ കൂട്ടായ്മകളില്‍ അതിനുള്ള പരിശ്രമങ്ങള്‍ നിരന്തരം ഉണ്ടെങ്കിലും അവ കൂടുതല്‍ ഫലപ്രദമാവേണ്ടിയിരിക്കുന്നു എന്നാണ് എന്റെ അനുഭവം പറയുന്നത്. പലപ്പോഴും അറിയുന്നവരെ മാത്രം വായിച്ചും പ്രോത്സാഹിപ്പിച്ചും നാം സന്തോഷകരമായി മുന്നോട്ട് പോകുന്നു. അത് പോര എന്ന് തോന്നുന്നു.

നല്ല ഒരു പോസ്റ്റ്‌ കണ്ടാല്‍ അത് മറ്റുള്ളവരിലേക്കും എത്തിക്കണം എന്ന തോന്നലുണ്ടാവണം. ഇടയ്ക്കെങ്കിലും അവനവന്റെ മാത്രമല്ലാതെ മറ്റുള്ളവരുടെ ബ്ലോഗിനെയും നമ്മള്‍ പ്രോത്സാഹിപ്പിക്കണം - പ്രത്യേകിച്ചും അവ മികവുറ്റതാവുമ്പോള്‍ ! അതു പോലെ ആരെങ്കിലും ഒരു പോസ്റ്റ്‌ ഷെയര്‍ ചെയ്‌താല്‍ അവ വായിച്ചു നോക്കാനുള്ള സന്മനസ്സ് കാണിക്കണം. 

ഒരു നല്ല വായനക്കാരനേ ഒരു നല്ല എഴുത്തുകാരനാവാന്‍ കഴിയൂ എന്ന് കേട്ടിട്ടുണ്ട്. പല ബ്ലോഗുകളിലും പോയി നോക്കുമ്പോള്‍ അത് സത്യമാണെന്ന്‌ തോന്നിയിട്ടുണ്ട്. എത്ര വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളാണ് വായിക്കാന്‍ കഴിയുന്നത് - എത്ര വ്യത്യസ്തമായ കാഴ്ചപ്പാടുകളും! അവ വായിക്കുന്നവരിലും ഒരു പുതിയ ചിന്തയുടെ വിത്ത്‌ മുളപ്പിക്കില്ലെന്നു ആര്‍ക്ക് പറയാന്‍ കഴിയും?

കുറെ ദിവസങ്ങളായി മുടങ്ങിക്കിടന്ന ബ്ലോഗ്‌ വായന കൂടുതല്‍ ചിട്ടയോടെ തുടരുവാന്‍ ഉദ്ദേശിക്കുന്നു. എന്റെ കാഴ്ചയില്‍ വ്യത്യസ്തമെന്ന്‍ തോന്നുന്നവ ഞാന്‍ തീര്‍ച്ചയായും നിങ്ങളുമായി പങ്കുവെക്കും. നിങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവ വായിക്കാനും ശ്രമിക്കും - അത് നിങ്ങളുടെ സ്വന്തം ബ്ലോഗായാലും അല്ലെങ്കിലും. 

അങ്ങനെ ചിലരെങ്കിലും കൂടുതല്‍ അറിയപ്പെടാന്‍ ഒരു നിമിത്തമായെങ്കില്‍ ഏറ്റവും ചാരിതാര്‍ത്ഥ്യം പകരുന്ന ഒരനുഭാവമാകും അത്. 

ഞാന്‍ ഈയടുത്ത് എത്തിപ്പെട്ട, എനിക്ക് ശ്രദ്ധേയമായി തോന്നിയ ചില ബ്ലോഗുകള്‍ ഇവയാണ്

http://harshamohank.blogspot.in/
http://sahithyasamgamam.blogspot.in/
http://disorderedorder.blogspot.in/
http://swanthamsyama.blogspot.in/
http://spandanam-athira.blogspot.in
http://pukayunnakadhakal.blogspot.in/
http://praveen-sekhar.blogspot.in
http://worldofshivakami.blogspot.in/
http://www.vishnulokam.com/

ഇനിയും എത്രയോ നല്ല ബ്ലോഗുകളില്‍ എത്താനുണ്ട് എന്നറിയാം... ഇന്നല്ലെങ്കില്‍ നാളെ അവിടെ എത്തിച്ചേരുമെന്ന വിശ്വാസത്തില്‍ ഞാന്‍ വായന തുടരട്ടെ!

ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ ഇമേജ്

Thursday, 24 October 2013

പുനര്‍ജ്ജനി


നിങ്ങളില്‍ നിന്നെല്ലാം ദൂരെയായ് ഇന്നൊ-
രല്പനേരം ഞാനൊന്നു മാറിയിരിക്കട്ടെ
കണ്ണു തുറന്നാല്‍ കണ്മുന്നില്‍ കാണുന്ന
അക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കട്ടെ;
കാതോര്‍ത്താല്‍ കേള്‍ക്കുന്ന ഏങ്ങലടികള്‍
കേട്ടില്ലെന്നും നടിക്കട്ടെയൊരു മാത്ര നേരം...
ചുറ്റിനും പരക്കുന്ന ദുര്‍ഗന്ധത്തിന്‍ കുത്തലിന്നു-
നേരെയൊരു നിമിഷം മൂക്കു പൊത്തട്ടെ!
ആള്‍ക്കൂട്ടത്തില്‍ നിന്നുമറിയാത്തപോലെന്‍
നേരെ നീളുന്ന സ്പര്‍ശനമറിയാതെ പോട്ടെ
നാക്കിന്‍ തുമ്പത്ത് വിടരുന്ന വാക്കുകള്‍
കയ്പ്പോടെയെങ്കിലും കുടിച്ചിറക്കട്ടെ...

എന്നിട്ടുവേണം എനിക്കെന്നിലെ ശക്തിയെ
ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ - എന്നേയ്ക്കുമായ്...
അപ്പോഴെന്‍ കണ്ണില്‍ നിന്നു വമിക്കുമഗ്നിജ്വാല
നിന്നെ ദഹിപ്പിച്ചേക്കാമൊരു നിമിഷാര്‍ദ്ധത്തില്‍ ;
എന്നട്ടഹാസത്തില്‍ വിറച്ചു പോം നിന്നേങ്ങലടികള്‍
കേള്‍ക്കാതെ പോകുമീ ലോകമെല്ലാമെന്നോര്‍ക്കുക,
പനിനീരില്‍ കുളിച്ചാലും ദുര്‍ഗന്ധം വമിക്കുന്ന നിന്‍
ദേഹവും മനസ്സുമൊരു കൊടുങ്കാറ്റായ് പിഴുതെറിയും,
നിന്‍ ദുഷിച്ച കരങ്ങള്‍ കൊയ്തെറിയുവാന്‍  ഞാന്‍
ഇരുതല മൂര്‍ച്ചയേറുന്നൊരു ഖഡ്ഗമായ് മാറും...
എന്‍ നാക്കില്‍ നിന്നുയരും ശാപത്തിന്‍ തീയില്‍
നീ വെറും ചാരമായ് ഭൂമിയില്‍ ലയിച്ചു ചേരും...

ഓര്‍ക്കുക, എന്റെ മൌനമെന്‍ ദൗര്‍ബല്യമല്ലെന്നത്,
അതൊരിടവേളമാത്രം - സഹനത്തിന്‍ നീര്‍കുമിള;
ഒരു നാളത് പൊട്ടുമെന്നറികയിപ്പോള്‍ത്തന്നെ നീ,
കരുതിയിരിക്കുക - വിധിപറയും ദിനമിങ്ങെത്താറായി...
എപ്പോഴുമെന്നെ ചവിട്ടിക്കയറിയ നിന്‍ വഴികളില്‍
സത്യത്തിന്‍ ശക്തമാം കരങ്ങളേറി ഞാന്‍ നില്‍ക്കുന്നു
ഞാനൊന്ന് കണ്ണുതുറന്നു നോക്കിയാല്‍ നീ ചാമ്പല്‍ ...
ഒന്നുറക്കെയട്ടഹസിച്ചാല്‍ നീ ഞെട്ടിവിറച്ചിരിക്കും
എന്നെ ഞെരിച്ചമര്‍ത്തിയ നിന്‍ കൈകാലുകള്‍
പിഴുതെറിയാന്‍ ക്ഷണനേരം വേണ്ടെനിക്കിപ്പോള്‍
അമ്മയല്ല മകളല്ല പത്നിയല്ല സഖിയല്ല ഞാനിനി
അടിച്ചമര്‍ത്തലില്‍ നിന്നുത്ഭവിച്ച സംഹാരരുദ്രയല്ലോ!!Tuesday, 8 October 2013

മരണമെത്തുമ്പോള്‍


പാതിജീവന്‍ മിടിക്കുമെന്‍ ഹൃത്തിലുയരും
പുത്ര ദു:ഖമറിയാഞ്ഞതെന്തേ നീ?
മരണമെന്നരികില്‍ വന്നണഞ്ഞ വേളയില്‍
എന്തിനെന്നെ വിട്ടകന്നു പോയ്‌ നീ?
രോഗമെന്‍ മേനിയെ കാര്‍ന്നു തിന്നെങ്കിലും
നിനക്കായെന്‍ ഹൃദയം ഞാന്‍ കാത്തു വെച്ചു;
വേദനകളെന്നസ്ഥിയില്‍ തുളഞ്ഞിറങ്ങുമ്പോഴും
നിന്‍ മുഖമോര്‍ത്തു ഞാന്‍ പുഞ്ചിരിച്ചിരുന്നു....

ഇനിയെന്നെക്കാണാന്‍ നീ വരില്ലെന്നറികിലും,
നിന്നെയൊരു നോക്കു കണ്ടീടുവാന്‍ വ്യര്‍ത്ഥമാ-
യെന്‍ മനം കൊതിപ്പൂ; നിന്നെക്കാണാതിന്നു ഞാന്‍
മരിക്കിലെന്നാത്മാവിനു ശാന്തിയില്ലെന്നോതുന്നു ചിലര്‍ ...
എങ്കിലുമോമനേ നീ കരയേണ്ട; കുഞ്ഞിളം പൈതലായി
പുഞ്ചിരി തൂകി നില്‍പ്പൂ നീയെന്നുള്ളിലിപ്പോള്‍ ;
ആ ചിരിയെന്നുള്ളില്‍ നിറഞ്ഞിരിക്കും കാലമത്രയും
ഒരു ചിതയുമെന്നെ പൊള്ളിക്കുകയില്ല - ഞാന്‍ മരിച്ചാലും....

ജീവന്‍ നല്‍കി ഞാന്‍ നിനക്കെന്നാകിലും,
സ്വപ്നം കാണാന്‍ കരുത്തേകിയെന്നാകിലും
പിച്ച വെച്ചു നിന്നെ ഞാന്‍ നടത്തിയെന്നാകിലും
ഉച്ചിയില്‍ കൈവച്ചനുഗ്രഹിച്ചീടുമെന്നാളുമെങ്കിലും,
ഇനി ഞാന്‍ മരിച്ചെന്നു കേട്ടാലും നീ വന്നിടേണ്ട
കണ്ണീര്‍ക്കയങ്ങള്‍ തീര്‍ത്തതില്‍ മുങ്ങിടേണ്ട;
നിന്‍ മോഹന സ്വപ്നങ്ങളില്‍ അമ്മയൊരു
വേദനയായ് നിറഞ്ഞിടാതിരിക്കട്ടെയൊരിക്കലും

ഞാന്‍ മരിച്ചു മണ്ണടിയുമ്പോഴെനിക്കായ്
സ്മാരകമൊന്നും പണിയേണ്ടതില്ല നീ...
അഗ്നിയിലൊരുപിടി ചാരമായ് മാറിയോരെന്‍
ചിത്രത്തെ മുഖപുസ്തകത്താളുകളില്‍ പൂജിക്കേണ്ട;
സ്നേഹത്തോടെ നീയുരിയാടാത്ത വാക്കുകള്‍ -
ക്കൊണ്ടതിന്‍ മതിലുകള്‍ നീ നിറച്ചിടേണ്ടിനിയും;
മനസ്സിനൊരു ചെറു കോണില്‍ പോലുമെന്നെ നീ
നനുത്തോരോര്‍മ്മയായ് കാത്തിടേണ്ടിനിയൊരു നാളും!

Picture Courtesy: Google Images