Sunday, 24 November 2013

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

നേരംപോക്കിനു വേണ്ടി എഴുതിയിരുന്ന ഒരാളായിരുന്നു ഞാന്‍ - എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടെന്ന് സ്വയം ബോദ്ധ്യപ്പെടുത്തുവാനുള്ള, വിരസതയകറ്റാനായി വിഡ്ഢിപ്പെട്ടിയുടെ മുന്നിലിരുന്ന് ജീവിതം പാഴാക്കാതിരിക്കാനുള്ള, മന:പൂര്‍വമായ ശ്രമമാണ് എന്നെ വായനയും പഴയ പോലെ വല്ലതും കുത്തിക്കുറിക്കലുമൊക്കെ വീണ്ടും തുടങ്ങാന്‍ പ്രേരിപ്പിച്ചത്. എന്നിട്ടും കുറച്ചു കാലം അവയെല്ലാം എന്നില്‍ത്തന്നെ ഒതുക്കിവെച്ചു. എന്റെ രചനകള്‍ മറ്റുള്ളവര്‍ക്കുമുന്നില്‍ കാണിക്കാനുള്ള ചമ്മല്‍ തന്നെയായിരുന്നു പ്രധാന കാരണം. അവയ്ക്ക് പറയത്തക്ക പ്രത്യേകതകള്‍ ഒന്നുമില്ലെന്ന് എനിക്ക് തന്നെ ബോദ്ധ്യമായ സ്ഥിതിക്ക് മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ?

(ഒരു പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് എഴുതുന്നതിന് എന്തിനാണ് ഇങ്ങനെ കാടു കയറിപ്പറയുന്നത് എന്നാവും, അല്ലേ? ഒരല്പം ചരിത്രം പറയാതെ ഈ കുറിപ്പ് പൂര്‍ണ്ണമാവില്ല എന്നത് കൊണ്ടാണത്).

അങ്ങനെ തട്ടിയും മുട്ടിയും അല്പസ്വല്പം എഴുത്തും വായനയുമായി പോയ്ക്കൊണ്ടിരിക്കുന്ന സമയത്താണ് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ എത്തിപ്പെടുന്നത്. ബ്ലോഗ്ഗര്‍മാരുടെ ഈ കൂട്ടായ്മയില്‍ എത്തിയ അന്നു മുതല്‍ എന്റെ എഴുത്തിന് കൂടുതല്‍ ഊര്‍ജ്ജവും ഒരല്പം ലക്ഷ്യബോധവും കൈവന്നു. മുന്പ് നാലാള്‍ വായിച്ചിരുന്ന എന്റെ ബ്ലോഗ്‌ നാല്പത് ആളുകള്‍ വായിച്ചു തുടങ്ങി. വായിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങളൊന്നും നല്കാനായില്ലെങ്കിലും അവര്‍ എന്റെ ബ്ലോഗില്‍ ചെലവിടുന്ന സമയം ഒരു നഷ്ടമായി തോന്നരുത് എന്ന നിഷ്കര്‍ഷ എന്റെ എഴുത്തിനെ കൂടുതല്‍ മെച്ചപ്പെടുത്തുകയും, ഒരു ബ്ലോഗ്ഗര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ എഴുതണം എന്ന തോന്നല്‍ എന്നിലുണ്ടാക്കുകയും ചെയ്തു. തല്‍ഫലമായി ബ്ലോഗ്‌ പോസ്റ്റുകളുടെ എണ്ണം കുറയുകയും അവയുടെ നിലവാരം മെച്ചപ്പെടുകയും ഉണ്ടായി എന്നാണ് എന്റെ സ്വയം വിലയിരുത്തല്‍.

ഗ്രൂപ്പില്‍ എത്തിയതുകൊണ്ടുണ്ടായ ഏറ്റവും വലിയ മെച്ചം അതൊന്നുമായിരുന്നില്ല. കഴിവുറ്റ അനേകം എഴുത്തുകാരെ പരിചയപ്പെടാനും അവരുടെ രചനകള്‍ വായിക്കുവാനും സാധിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യമായി തോന്നുന്നത്. എന്തൊക്കെയോ അറിയാം എന്ന് ധരിച്ചു വെച്ചിരുന്ന എനിക്ക്,  ഗ്രൂപ്പിലെ സംവാദങ്ങളും ചര്‍ച്ചകളുമെല്ലാം, അത്രയൊന്നും അറിവില്ലെന്നുള്ള വലിയ തിരിച്ചറിവും നേടിത്തന്നു. അങ്ങനെയിരിക്കെയാണ് ഗ്രൂപ്പിലെ ചര്‍ച്ചകളിലും മറ്റും സജീവ സാന്നിദ്ധ്യമായി വിഡ്ഢിമാന്‍ എന്നൊരു ബ്ലോഗറെ കാണാനിടയായത്. എന്ത് കാര്യത്തിലും വ്യക്തമായ അഭിപ്രായം ഉള്ളയാള്‍, തന്റെ വാദങ്ങള്‍ക്ക് ശക്തിപകരാന്‍ അതിനെക്കുറിച്ച് അത്യാവശ്യം ചില ഗവേഷണ-നിരീക്ഷണങ്ങള്‍ ഒക്കെ നടത്തുന്നയാള്‍ എന്നൊക്കെയായിരുന്നു വിഡ്ഢിമാനെക്കുറിച്ചുള്ള എന്റെ നിരീക്ഷണം. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ബോദ്ധ്യമായി - വിഡ്ഢിമാന്‍ എന്നതിനേക്കാള്‍ ബുദ്ധിമാന്‍ എന്ന വിശേഷണമാണ് ചേരുക എന്ന്‍! വി ഡി മനോജ്‌ എന്ന തന്റെ പേരില്‍ നിന്നും വിഡ്ഢിമാന്‍ എന്ന തൂലികാനാമം കണ്ടെത്തിയ ആള്‍ എങ്ങനെ ബുദ്ധിമാന്‍ അല്ലാതിരിക്കും?

ഇതൊക്കെയാണെങ്കിലും വിഡ്ഢിമാന്‍ എന്ന ബുദ്ധിമാന്റെ ബ്ലോഗുകള്‍ അധികമൊന്നും വായിച്ചില്ല എന്നതാണ് സത്യം! അതിന്റെ കാരണം എന്തെന്ന് ചോദിച്ചാല്‍ വ്യക്തമായ ഒരുത്തരം ഇല്ല താനും... എന്തായാലും അങ്ങനെയിരിക്കവേയാണ് അദ്ദേഹത്തിന്‍റെ 'വെടിക്കഥകള്‍ ' പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു എന്നറിഞ്ഞത്. കൂട്ടത്തില്‍ ഒരാളുടെ പുസ്തം ഇറങ്ങുമ്പോള്‍ ചുരുങ്ങിയ പക്ഷം ഒരാശംസയെങ്കിലും പറഞ്ഞില്ലെങ്കില്‍ എന്ത് കൂട്ടായ്മ?? അങ്ങനെ ആശംസകള്‍ നേര്‍ന്ന വേളയിലാണ് കൊച്ചിയില്‍ വെച്ചാണ് പുസ്തക പ്രകാശനം, അതില്‍ പങ്കെടുക്കണം എന്ന് അദ്ദേഹം ക്ഷണിക്കുന്നത്. ഇല്ലെന്നു പറയാതെ, നോക്കാം എന്ന് പറഞ്ഞു - പോകില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ!

എന്നാല്‍ പുസ്തക പ്രകാശനത്തിന്റെ തലേന്ന് പരിപാടിക്ക് പോകാമെന്ന് തീരുമാനിക്കുകയും പ്രസ്തുത ദിനം അവിടെ സമയത്തിനു തന്നെ എത്തിച്ചേരുകയുമുണ്ടായി. ഇതുവരെ ഓണ്‍ലൈനില്‍ മാത്രം കണ്ടു പരിചയിച്ച ചില മുഖങ്ങളെ നേരില്‍ കണ്ടപ്പോഴും, അവരെ പരിചയപ്പെട്ടപ്പോഴും ഉണ്ടായ സന്തോഷം ചെറുതല്ല. എന്തായാലും പരിപാടി (ദേഹാന്തരയാത്രകള്‍, ആപ്പിള്‍, കഥമരം പി ഒ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും, കഥ ഗ്രൂപ്പ് നടത്തിയ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ആണ് അവിടെ നടന്നത്) കഴിഞ്ഞ്, പുസ്തകവും വാങ്ങി, എഴുത്തുകാരന്റെ ഒപ്പും വാങ്ങി, സസന്തോഷം തിരിച്ചെത്തി.

ഒരാഴ്ച്ചയോളം പുസ്തകങ്ങള്‍ എന്റെ മേശപ്പുറത്തിരുന്നു. പല പല തിരക്കുകള്‍ക്കിടയില്‍ വായന നടന്നില്ല. എന്നാല്‍ ഒരു ദിവസം വിഡ്ഢിമാന്‍ "പുസ്തകം വായിച്ചോ, എന്താണഭിപ്രായം?" എന്ന്‍ ചോദിച്ചപ്പോഴാണ് ഇത്ര ദിവസമായും അത് വായിക്കാത്തതിന്റെ കുറ്റബോധം ഉള്ളില്‍ തോന്നിയത്. അത്ര അത്യാവശ്യമല്ലാത്ത ചില പണികള്‍ മാറ്റി വെച്ച് പുസ്തകം കൈയിലെടുത്തു...

ഒറ്റയിരുപ്പിലാണ് ദേഹാന്തരയാത്രകള്‍ വായിച്ചു തീര്‍ത്തത്. കഥയുടെ ഒഴുക്കും, ഇനി എന്ത് സംഭവിക്കും എന്നറിയാനുള്ള ഉദ്വേഗവും തന്നെയാണ് ഈ വായന സുഖകരമാക്കിയത്. കഥാനായകന്‍ ആരാണെന്നോ അവന്റെ പശ്ചാത്തലം എന്താണെന്നോ യാത്രയുടെ തുടക്കത്തില്‍ പെട്ടെന്ന് വെളിപ്പെടുത്താതെ ഒരു ചെറിയ സസ്പെന്‍സ് വെച്ചുള്ള തുടക്കം. എന്നാല്‍ എന്തോ ഒരു മനോവിഷമം അയാളെ അലട്ടുന്നുണ്ടെന്ന് പകല്‍ പോലെ വ്യക്തം. അതെന്താണെന്ന് അറിയാന്‍ വായനക്കാരന് തിടുക്കമാകുന്നു. പിന്നീടുള്ള അദ്ധ്യായങ്ങളില്‍ രമേഷിനെ കൂടുതല്‍ അറിയുന്നു. അവന്റെ അമ്മയെയും, അവര്‍ അവനെ പോറ്റാന്‍ വേണ്ടി തിരഞ്ഞെടുത്ത വഴിയെയും അറിയുമ്പോള്‍ വായനക്കാരനും ഒരല്പം ആശങ്കയിലാവും - അമ്മയെ കുറ്റം പറയാനാവുമോ, ആ മകനെയും കുറ്റം പറയാനാവുമോ? ആരാണ് ശരി? ആരാണ് തെറ്റ് എന്ന്‍ തീര്‍ത്തു പറയാനാവില്ല...

എന്തായാലും രമേഷിന്റെ യാത്രയില്‍ ആദ്യന്തം വായനക്കാരനും ഭാഗഭാക്കായിത്തീരുന്നു - ദേശാന്തരങ്ങളിലൂടെ, അയാളുടെ വികാരങ്ങളിലൂടെ, വിചാരങ്ങളിലൂടെ, അയാള്‍ പരിചയപ്പെടുന്ന ആളുകളെ വായനക്കാരും പരിചയപ്പെടുന്നു... മാത്യൂസേട്ടനും, പ്രാന്തിപ്പപ്പിയുമൊക്കെ നനവൂറുന്ന ഓര്‍മകളായി വായനാനന്തരം നമ്മോടൊപ്പം ചേരുന്നു... ബിനീഷും നീനയും ലക്ഷ്മണനും കിഷന്‍ ലാലും റസിയയും എല്ലാം വെറും കഥാപാത്രങ്ങള്‍ മാത്രമല്ലാതെയാവുന്നു. വായനക്കാരില്‍ ഇത്തരമൊരു ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞത് എഴുത്തുകാരന്റെ മിടുക്ക് തന്നെ!

ഒന്നാലോചിച്ചു നോക്കിയാല്‍ വീടുവിട്ടിറങ്ങിപ്പോയ രമേഷിന്റെ തിരിച്ചു വരവ് അനിവാര്യമായിരുന്നു... കടലിലെ വെള്ളം നീരാവിയായി, മഴമുകിലായ്‌, പെയ്തിറങ്ങി, നദിയായൊഴുകി, കടലില്‍ തന്നെ തിരിച്ചെത്തണമല്ലോ! വേറെ എവിടെയും അതിനു സ്വസ്ഥതയില്ല - കടലിലെ നീര്‍ത്തുള്ളിയായിത്തീരുന്നത് വരെ! രമേഷിന്റെ ജീവിതവും അങ്ങനെ തന്നെ! തന്‍റെ അസ്തിത്വത്തില്‍നിന്നും അവന്‍ ഓടിയോടിപ്പോയെങ്കിലും അതൊരിക്കലും അവനെ വിട്ടു പിരിഞ്ഞില്ല. ഒടുവില്‍ അമ്മയുടെയടുക്കലേക്കുള്ള വരവ് സ്വയം തിരിച്ചറിയലിന്റെ പരിണാമസ്വരൂപമാണ്. തന്റെ ഭൂതകാലത്തെയും ചരിത്രത്തേയും അംഗീകരിക്കാതെ തനിക്ക് സമാധാനം ലഭിക്കുകയില്ല എന്ന തിരിച്ചറിവില്‍ രമേഷ് മാത്രമല്ല, വായനക്കാരനും സമാധാനം കൈവരിക്കുന്നു.

കഥയുടെ പശ്ചാത്തലം വളരെയധികം കൈയടക്കത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട് എന്നാണ് തോന്നിയത്. തുടക്കത്തില്‍ അമ്മയുടെ (പഴയ) 'തൊഴില്‍' മകനെ അസ്വസ്ഥനാക്കുന്നതും അവന്റെ പൌരുഷത്തെപ്പോലും നിഷ്ക്രിയമാക്കുന്നതുമായ ഘടകമാണ്. യാത്രയ്ക്കിടയില്‍ കണ്ടുമുട്ടുന്ന രാജദാസിയാണ് അവനെ ആ ശാപത്തില്‍ നിന്നും മുക്തനാക്കുന്നത്... ഒരുപക്ഷേ അവന്റെ മാനസാന്തരത്തിനുള്ള നാമ്പുകള്‍ മൊട്ടിട്ടു തുടങ്ങിയത് അവിടെ നിന്നാവാം... എന്തായാലും വളരെ സൂക്ഷ്മതയോടെ, സഭ്യവും അസഭ്യവും തമ്മിലുള്ള വേലിക്കെട്ടുകള്‍ തകരാതെ, എന്നാല്‍ കഥക്ക് ഒരു കോട്ടവും തട്ടാതെ ഈ യാത്രയെ മുന്നോട്ട് നയിക്കുവാന്‍ കഥാകാരന് കഴിഞ്ഞിരിക്കുന്നു എന്നുതന്നെ വേണം പറയാന്‍. (ബ്ലോഗില്‍ പ്രസിദ്ധീകരിച്ച വെടിക്കഥകളെ ഒരല്പം സെന്സറിംഗ് ചെയ്താണ് പുസ്തകത്തില്‍ കയറ്റിയിരിക്കുന്നതെന്ന് പിന്നീട് അറിഞ്ഞു.)

എന്നാല്‍ ഒരു കോട്ടവും ഇല്ലാത്തതാണോ ഈ യാത്ര? അല്ല... അതു കൂടി പറഞ്ഞില്ലെങ്കില്‍ തികച്ചും അന്യായമാവും. ഏറ്റവും ആദ്യം പറയേണ്ടത് അക്ഷരത്തെറ്റുകളെക്കുറിച്ചാണ്. പുറംചട്ടയിലെ 'വിഢിമാന്‍ '  "വിഡ്ഢിമാന്‍ " തന്നെയാവണമായിരുന്നു എന്ന പക്ഷക്കാരിയാണ് ഞാന്‍. കഥാകാരന്റെ ഐഡന്റിറ്റിക്ക് തന്നെയാണ് ഇവിടെ ഒരല്പം മങ്ങലേറ്റത്. വിഡ്ഢിമാന്‍ എന്ന പേരുളവാക്കുന്ന പ്രതീതിയും വിഢിമാന്‍ എന്ന്‍ വായിക്കുമ്പോള്‍ ഉളവാകുന്ന പ്രതീതിയും രണ്ടാണ് - പ്രത്യേകിച്ചും വിഡ്ഢിമാനെ അറിയുന്നവര്‍ക്ക്. എഴുത്തുകാരന്‍ എന്തു കൊണ്ട് വിഢിമാനായി എന്നറിയാന്‍ ഒരു കൌതുകമുണ്ട്.

അതു പോലെ പുസ്തകത്തിലുടനീളം സംസാര ഭാഷ കൂടിക്കലര്‍ന്ന പോലെ തോന്നി. കഥാനായകന്‍ തൃശ്ശൂര്‍ ഭാഷയില്‍ സംസാരിക്കുന്നതില്‍ തെറ്റില്ല, അയാള്‍ അവിടത്തുകാരനാണല്ലോ. എന്നാല്‍ ബാക്കിയുള്ള കഥാപാത്രങ്ങള്‍ ഇടയ്ക്ക് തൃശ്ശൂര്‍ ഭാഷയിലും, മറ്റു ചിലപ്പോള്‍ അല്ലാതെയും സംസാരിക്കുന്നു. അത് ഒരു പൊരുത്തക്കുറവായി തോന്നി.

മറുനാടന്‍ ഭാഷ (പ്രത്യേകിച്ചും ഹിന്ദി) മലയാളത്തിലാക്കിയപ്പോള്‍ ചില തെറ്റുകളൊക്കെ വന്നിട്ടുണ്ട്. ഉദാഹരണത്തിന് ഹിന്ദിക്കാര്‍ ഒരിക്കലും റമേഷ് എന്ന്‍ പറയില്ല. റ എന്ന അക്ഷരം അവര്‍ക്കില്ല - ര മാത്രമേയുള്ളൂ. അത് പോലെ തന്നെ 'ഭായ്' എന്നുള്ളത് അവര്‍ ഒരിക്കലും 'ബായ്' എന്ന്‍ പറയില്ല. കപ്പടാ ഉഥാരോ അല്ല, കപ്ടാ ഉതാരോ ആണ് ശരി. ഹമാരാ ബേട്ടി അല്ല, ഹമാരി ബേട്ടി... അങ്ങനെയങ്ങനെ കുറെ തെറ്റുകള്‍ കാണുകയുണ്ടായി. അതൊന്നും കഥയുടെ ഒഴുക്കിനെ ബാധിക്കുന്നില്ലെങ്കിലും, കഥയുടെ പശ്ചാത്തലത്തിനും മറ്റും കുറെയധികം ഗവേഷണങ്ങളും പ്രയത്നങ്ങളും എടുത്ത സ്ഥിതിക്ക് ഇവ കൂടി കുറ്റമറ്റതാക്കാമായിരുന്നു എന്ന തോന്നല്‍ കാരണം ചൂണ്ടിക്കാണിച്ചുവെന്നു മാത്രം!

അതുപോലെ ഒഴിവാക്കേണ്ടിയിരുന്ന ചില അക്ഷരത്തെറ്റുകളാണ് പക്ഷെ (പക്ഷേ), അനുഭവഖണ്ഢങ്ങള്‍ (അനുഭവഖണ്ഡങ്ങള്‍ ), പീഢം (പീഠം) എന്നിങ്ങനെയുള്ളവ (ഇനിയും ഉണ്ട് - എല്ലാം ഇവിടെ പറയുന്നത് പ്രായോഗികമല്ലാത്തതിനാല്‍ അതിനു മുതിരുന്നില്ല). അതു പോലെതന്നെ വാക്കുകള്‍ തമ്മിലുള്ള അകലവും സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാകേണ്ടിയിരിക്കുന്നു. പല വാക്കുകളും കൂടിച്ചേര്‍ന്ന് നില്‍ക്കുന്നു. ഒരു പുസ്തകത്തില്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്ന് ഞാന്‍ കരുതുന്നു. ബ്ലോഗിലെ തെറ്റുകള്‍ക്കു നേരേ വേണമെങ്കില്‍ കണ്ണടയ്ക്കാമെങ്കിലും, പുസ്തകത്തില്‍ വരുന്ന തെറ്റുകള്‍ അക്ഷന്തവ്യമാണ്‌. പൈസ കൊടുത്ത് വാങ്ങുന്ന ഒരുല്പന്നം കുറ്റമറ്റതാവണം എന്നാഗ്രഹിക്കുന്നതില്‍ തെറ്റ് പറയാനില്ലെന്ന് തോന്നുന്നു. പ്രൂഫിങ്ങും എഡിറ്റിങ്ങും കുറച്ചുകൂടി ശ്രദ്ധാപൂര്‍വ്വം നിര്‍വഹിക്കേണ്ടിയിരുന്നു എന്ന്‍ മാത്രം പറഞ്ഞ് നിര്‍ത്തട്ടെ!

ഇനി പറയാനുള്ളത് അക്ഷരങ്ങളുടെ വലുപ്പത്തെക്കുറിച്ചാണ്. ഫോണ്ട് സൈസ് ഒരല്പം കൂടി കൂട്ടിയിരുന്നുവെങ്കില്‍ കണ്ണുകള്‍ക്ക് ആയാസം കുറവാകുമായിരുന്നു (പ്രസാധകര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ!). കമ്പ്യൂട്ടര്‍ വായനയില്‍ ഓരോ വായനക്കാരനും അവന് ഇഷ്ടമുള്ള വലുപ്പത്തിലേക്ക് സൂം ചെയ്ത് വായിക്കാം - പുസ്തകത്തില്‍ ആ സൗകര്യമില്ലാത്തതിനാല്‍ ഫോണ്ട് സൈസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച പാടില്ലെന്ന് തോന്നുന്നു.

കവര്‍ ചിത്രം അനുയോജ്യമായി തോന്നിയെങ്കിലും പുസ്തകത്തിലെ മറ്റു ചിത്രങ്ങള്‍ തികച്ചും അനാവശ്യമായി തോന്നി. കഥാസന്ദര്‍ഭങ്ങള്‍ക്ക് ആ ചിത്രങ്ങള്‍ കൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും ഗുണമുള്ളതായി തോന്നിയില്ല. (ചിത്രകാരന്‍ എന്നോട് ക്ഷമിക്കട്ടെ!) ചിത്രങ്ങള്‍ക്കായി വിനിയോഗിച്ച പേജുകള്‍ കൂടി അക്ഷരങ്ങള്‍ക്ക് കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു.

എന്നിരുന്നാലും കൃതി ബുക്സിന് പ്രത്യേകം അഭിനന്ദനങ്ങള്‍ ! ഒരുപക്ഷേ വന്‍കിട പ്രസാധകര്‍, 'ബ്ലോഗര്‍' എന്ന ഒറ്റ വിശേഷണം കാരണം തഴയുമായിരുന്ന ഒരു നല്ല എഴുത്തുകാരനെ മുഖ്യധാരയിലേക്ക് കൊണ്ടു വന്നതിന്... ഇത് വിഡ്ഢിമാനെപ്പോലെയുള്ള അനേകം കഴിവുറ്റ ബ്ലോഗര്‍മാര്‍ക്ക് കൂടുതല്‍ എഴുതാനും താന്താങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കുവാനും ഒരു വലിയ പ്രചോദനമാവും എന്ന് ആശിക്കുന്നു!

മനോജ്‌ / വിഡ്ഢിമാന്‍
 ചിത്രത്തിന് കടപ്പാട് : കിരണ്‍ കണ്ണന്‍ 
ദേഹാന്തരയാത്രകള്‍ കഥാകൃത്തിനെ സംബന്ധിച്ചിടത്തോളവും ഒരു വലിയ കാല്‍വെപ്പാണ്‌. ഇത്രയും കാലം എഴുത്തിന്റെ ലോകത്ത് മുഖ്യമായും ഒരു ബ്ലോഗര്‍ (ഇ-എഴുത്തുകാരന്‍) എന്ന പേരില്‍ മാത്രം അറിയപ്പെട്ട അദ്ദേഹം ഇപ്പോള്‍ ഒരു (അ-) എഴുത്തുകാരന്‍ എന്ന നിലയിലേക്ക് അവരോധിക്കപ്പെട്ടിരിക്കുന്നു. സ്വാഭാവികമായും വായനക്കാരുടെ പ്രതീക്ഷകള്‍ വാനോളം ഉയരും... അത് നിലനിര്‍ത്തുക എന്നത് വിഡ്ഢിമാനെപ്പോലെയുള്ള ഒരു അനുഗൃഹീത എഴുത്തുകാരന് പ്രയാസകരമാണെന്ന് കരുതുന്നില്ല. എങ്കിലും, വായനക്കാരുടെ പ്രതീക്ഷകളുടെ ഭാരം അദ്ദേഹത്തെ തളര്‍ത്താതിരിക്കട്ടെ!  മറിച്ച് അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇനിയും ഏറെദൂരം യാത്ര ചെയ്യാന്‍ അദ്ദേഹത്തിനു കഴിയുമാറാകട്ടെ എന്ന്‍ ആശംസിക്കുന്നു!!!

ദേഹാന്തരയാത്രകള്‍ - വിഡ്ഢിമാന്‍
കൃതി ബുക്സ് പ്രസിദ്ധീകരണം
വില : 95/-

Saturday, 23 November 2013

പതിവ്...


നിന്നെയും കാത്തിരിക്കലൊരു പതിവായെനിക്ക്:
സന്ധ്യ മയങ്ങുന്ന നേരത്തെന്നുമെന്‍
പടിവാതിലില്‍ നിന്‍ നിഴല്‍ ഞാന്‍ തിരയും;
കേള്‍ക്കുന്ന സ്വനങ്ങളൊക്കെ നിന്റേതെന്നു
ഞാന്‍ വെറുതെയാശിച്ചിരിക്കും...
ഒടുവിലാ സൂര്യന്‍ മറയുന്നനേരമെത്തു-
മിരുട്ടെന്നെയും മൂടവേ, കഴയ്ക്കും കണ്ണുകള്‍
പതുക്കെയടച്ചു ഞാന്‍ നിന്നെയെന്നുള്ളില്‍ കാണും.. 

നനുത്തൊരോര്‍മ്മയായ് പടര്‍ന്നു നീ, 
നിനവായ്, കനവായ് എന്നുള്ളില്‍ നിറയവേ...
തപ്തമാമെന്‍ മനസ്സിന്‍ വിങ്ങലുകള്‍ 
കുളിര്‍തെന്നലേറ്റപോലകന്നൊടുങ്ങും;
ശാന്തമാം മാനസസരസ്സിന്‍ ഓളങ്ങളില്‍
നീഹാരബിന്ദു പോല്‍ നീ തിളങ്ങും...
ഇനി നീ വരില്ലെന്നു ഞാനറിയുന്നെങ്കിലും
സഖേ, നിനക്കായ് കാതോര്‍ത്തിരിക്കുന്നു നിത്യം! 


ചിത്രത്തിനു കടപ്പാട് - ഗൂഗിള്‍ ഇമേജ്

Wednesday, 20 November 2013

സ്മരണാഞ്ജലി !

ശങ്കരേട്ടന്‍
ഇന്നും പതിവ് പോലെ പത്രത്തിലെ ചരമ കോളത്തിലേക്ക് അലസമായി കണ്ണോടിച്ചതാണ് - അതില്‍ പരിചയമുള്ള ഒരു മുഖം കണ്ടപ്പോള്‍ ഉള്ളില്‍ ഒരാന്തല്‍ ! അവിശ്വസനീയതയോടെ വീണ്ടും നോക്കി - അതേ, അത് അദ്ദേഹം തന്നെ! എന്നാലും വിശ്വാസമായില്ല - അദ്ദേഹത്തിനു മരിക്കാനുള്ള പ്രായമൊന്നും ആയില്ലല്ലോ എന്നാണ് മനസ്സില്‍ തോന്നിയത്. (മരണത്തിനു പ്രായം ഒരു ഘടകമല്ലെന്ന് നന്നായി അറിയുന്ന ഞാന്‍ എന്ത് കൊണ്ടാണ് അങ്ങനെ ചിന്തിച്ചത് എന്നറിയില്ല). എന്തായാലും 'പത്രത്തിനു തെറ്റു പറ്റിയതാവും, ഫേസ് ബുക്ക് നോക്കിയാല്‍ അറിയാം ഇത് ശരിയായ വാര്‍ത്തയല്ലെന്ന്' എന്ന് മനസ്സില്‍ കരുതി ഫേസ് ബുക്കില്‍ അദ്ദേഹത്തെ പരിചയപ്പെട്ട ഗ്രൂപ്പില്‍ എത്തിയപ്പോള്‍ വാര്‍ത്ത ശരിയാണ് എന്ന് മനസ്സിലായി... ഒരു നിമിഷം തരിച്ചിരുന്നു പോയി! എപ്പോഴും സൗമ്യനായി, ശാന്തനായി മാത്രം കണ്ടിട്ടുള്ള ശങ്കരേട്ടന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നു... ഓര്‍മകളുടെ ഭാണ്ഡത്തില്‍ മായാത്ത ഒരു പുഞ്ചിരിയും ബാക്കിവെച്ചു കൊണ്ട്...
പത്രവാര്‍ത്ത

ശങ്കരേട്ടനെ ഞാന്‍ പരിചയപ്പെടുന്നത് ഫേസ് ബുക്കിലെ ഒരു കൂട്ടായ്മയിലൂടെയാണ്. ഇത്തരം കൂട്ടായ്മകളുടെ മുഖമുദ്രയായ ചര്ച്ചകളും അതിനോടനുബന്ധിച്ച അല്ലറ ചില്ലറ ബഹളങ്ങളുമൊക്കെ നടക്കുന്ന വേളയില്‍ തന്റെ വ്യതസ്തമായ വാക്കുകളിലൂടെയാണ് ശങ്കരേട്ടന്‍ ശ്രദ്ധേയനായത്. ഇത്തരം അവസരങ്ങളില്‍ അദ്ദേഹത്തിന്‍റെ കമന്റുകള്‍ വളരെയധികം പക്വവും സമീകൃതവുമായിരുന്നു - a sane voice in the midst of insanity - എന്ന്‍ പറയാം. മറ്റുള്ളവര്‍ക്ക് വേദനാജനകമായ വാക്കുകള്‍ ഒരിക്കലും തന്നില്‍ നിന്നും വരാതിരിക്കാന്‍ അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. എന്നാല്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹം ഒരിക്കലും പറയാതിരുന്നിട്ടുമില്ല. മറ്റുള്ളവരോട് യോജിക്കാന്‍ കഴിയാത്തപ്പോള്‍ പോലും അവരെ താഴ്ത്തിക്കെട്ടുന്ന രീതിയിലുള്ള ഒരു പരാമര്‍ശമോ, അവരെ മുറിപ്പെടുത്തുന്ന ഒരു വാക്കോ അദ്ദേഹത്തില്‍ നിന്നും വന്നതായി ഞാന്‍ കണ്ടിട്ടില്ല. ഗ്രൂപ്പില്‍ എല്ലാവര്ക്കും പ്രിയങ്കരനായിരുന്നു അദ്ദേഹം. 

ഞാന്‍ അറിഞ്ഞ ശങ്കരേട്ടന്‍ ഒരു നല്ല എഴുത്തുകാരനാണ്, സഞ്ചാരപ്രിയനാണ്, ആളുകളെ സഹായിക്കുന്നതില്‍ ഒരു മടിയും കാണിക്കാത്തയാളാണ്, തന്റെ അറിവ് മറ്റുള്ളവരുമായി പങ്കു വെക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തിയിരുന്ന ഒരാളാണ്. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം ഒരിക്കലും പിശുക്ക് കാണിച്ചിട്ടില്ല. എന്റെ ബ്ലോഗുകളും കുറിപ്പുകളും വായിച്ച് അദ്ദേഹം പല കാര്യങ്ങളും പറഞ്ഞു തന്നിട്ടുണ്ട് - എന്നോട് മാത്രമായല്ല, പൊതുവായി. (ഇത് പോലെ പലരെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നു ഇപ്പോള്‍ അറിയുന്നു) അവ എന്നില്‍ മാത്രം ഒതുങ്ങാതെ ഇനിയും ആളുകള്‍ കാണണം, മനസ്സിലാക്കണം എന്ന വലിയ ചിന്തയായിരുന്നു അതിനു പിന്നില്‍ എന്നെനിക്ക് തോന്നിയിട്ടുണ്ട്. എഴുത്തുകാരന്റെ ധര്‍മം എഴുതുന്നതോടെ അവസാനിക്കുന്നില്ല എന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. ബ്ലോഗ്‌ എഴുതിയാല്‍ മാത്രം പോരാ, അത് വായനക്കാരില്‍ എത്തിക്കാന്‍ ശ്രമിക്കുക കൂടി വേണം എന്നദ്ദേഹം പറഞ്ഞിരുന്നത് ഞാന്‍ മറക്കില്ല. 

കുറെ മാസങ്ങള്‍ക്ക് മുന്പ് അദ്ദേഹം നാട്ടില്‍ വരുന്നുണ്ട്, സമയവും സൗകര്യവും ഉള്ളവര്‍ക്ക് വിളിക്കാം / കാണാം എന്ന് പറഞ്ഞ് തന്റെ ഫോണ്‍ നമ്പര്‍ ഗ്രൂപ്പില്‍ ഇടുകയുണ്ടായി. പതിവിനു വിപരീതമായി ഞാന്‍ ആ നമ്പര്‍ സൂക്ഷിച്ചു വെക്കുകയും അദ്ദേഹം നാട്ടില്‍ ഉണ്ടാവുമെന്നു പറഞ്ഞ ദിവസങ്ങളിലൊന്നില്‍ അദ്ദേഹത്തെ വിളിക്കുകയും കുറച്ചു നേരം സംസാരിക്കുകയും ചെയ്തിരുന്നു. അധികമൊന്നും സംസാരിച്ചില്ലെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ഒരു സംഭാഷണമായിരുന്നു അത്. 
ബ്ലോഗ്‌ എഴുത്തിലും ബ്ലോഗിങ്ങ് ഗ്രൂപ്പുകളിലും സജീവമായപ്പോള്‍ മേല്‍പ്പറഞ്ഞ ഗ്രൂപ്പിലേക്ക് വല്ലപ്പോഴും മാത്രം എത്തിനോക്കുക എന്നതായി എന്റെ പതിവ്. അങ്ങനെ ഒരു ദിവസം അവിടെ ചെന്നപ്പോള്‍ ശങ്കരേട്ടനും പത്നിയും ഹരിദ്വാര്‍ തുടങ്ങിയ പുണ്യ സ്ഥലങ്ങളില്‍ തീര്‍ഥാടനത്തിലാണ് എന്നറിഞ്ഞു. അതിനു പിന്നാലെയാണ് ഉത്തരാഖണ്ഡില്‍ പ്രകൃതി ദുരന്തമുണ്ടായ വാര്‍ത്ത കേട്ടത്. സ്വാഭാവികമായും ആദ്യം അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ചാണ് ആശങ്ക തോന്നിയത്. കൈയ്യിലുള്ള നമ്പറില്‍ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. പിന്നീട് അദ്ദേഹത്തിന്‍റെ പോസ്റ്റ്‌ ഗ്രൂപ്പില്‍ വന്നു. അവര്‍ കുഴപ്പം കൂടാതെ തിരിച്ചെത്തിയെന്നു പറഞ്ഞ്. തന്നെക്കുറിച്ച് ആകുലരായവര്‍ പലരുമുണ്ടെന്നു മനസ്സിലാക്കി അവരെയൊക്കെ സമാധാനിപ്പിച്ചു കൊണ്ട് വന്ന ആ പോസ്റ്റ്‌ ഇപ്പോഴും ഓര്‍ക്കുന്നു. 

എന്നാല്‍ ഞാന്‍ ഇത് വരെ അറിയാത്ത ശങ്കരേട്ടന്‍ ഞാന്‍ അറിഞ്ഞ ശങ്കരേട്ടനെക്കാള്‍ എത്രയോ വലിയവനായിരുന്നു എന്ന്‍ ഈ വൈകിയ വേളയിലാണ് തിരിച്ചറിയുന്നത്. തന്റെ പ്രവര്‍ത്തന മേഖലയിലെ അത്യുന്നതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ നേട്ടങ്ങള്‍ ഒരുപാടാണ്‌ - ടെക്നോപാര്‍ക്കിലെ ആദ്യ ഐ ടി സംരഭമായ ബ്രഹ്മ സോഫ്ടെകിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം. ചെന്നൈയിലെ വെബ്ട്ര വിഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്-ന്റെ ഡയറക്ടര്‍ ആയ അദ്ദേഹം പല പ്രമുഖ ഐ ടി കമ്പനികളുടെയും ഉപദേഷ്ടാവ് കൂടിയായിരുന്നു. മംഗലാപുരത്തെ കോളേജ് ഫോര്‍ ലീഡര്ഷിപ് ആന്‍ഡ്‌ ഹ്യുമണ്‍ റിസോര്‍സ് ഡെവലപ്പ്മെന്റ്, കോയമ്പത്തൂരിലെ ഗുരുവായൂരപ്പന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്‌ എന്നിവയുടെ സ്ഥാപക ട്രസ്റ്റിയുമായിരുന്നു. അദ്ദേഹം മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുള്ള പുതു സംരംഭങ്ങള്‍ എണ്ണമറ്റവയത്രേ! ഇവയെല്ലാം കൂടാതെ തിരഞ്ഞെടുപ്പ് സംബന്ധമായ (വോട്ടര്‍സ് ലിസ്റ്റ് കമ്പ്യൂട്ടര്‍വല്കരിക്കുക, വോട്ടര്‍സ് ഐഡന്റിറ്റി കാര്‍ഡ്‌-ന്റെ കാര്യങ്ങള്‍ കമ്പ്യൂട്ടര്‍വല്കരിക്കുക തുടങ്ങി) അനേകം കാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണത്രേ നടപ്പാക്കിയിട്ടുള്ളത്. അദ്ദേഹത്തെക്കുറിച്ച് അറിയാന്‍ ഇനിയും ഒരു പാട് കാര്യങ്ങള്‍ ബാക്കിയുണ്ടാകാം...
ടെക്നോ പാര്‍ക്കിലെ ആദ്യ സംരംഭമായ ബ്രഹ്മ സോഫ്ടെകിന്റെ ഉദ്ഘാടനവേളയില്‍ 
ഇക്കഴിഞ്ഞ ആഴ്ച്ച കൊച്ചിയില്‍ വന്നു പോയതിന്റെ ഒരു ഫോട്ടോ അദ്ദേഹം തന്റെ ഫേസ്ബുക്ക് വാളില്‍ ഇട്ടിരുന്നു. ആ യാത്ര കഴിഞ്ഞു തിരിച്ചെത്തിയ ശേഷം ചില ദേഹാസ്വാസ്ഥ്യങ്ങള്‍ അദ്ദേഹത്തെ വലച്ചിരുന്നുവത്രേ! ചുരുക്കം ചിലരോട് മാത്രം തന്റെ രോഗ വിവരം പറഞ്ഞ അദ്ദേഹം അസുഖം ഭേദമായാല്‍ ഉടന്‍ തന്നെ ഗ്രൂപ്പില്‍ ആക്റ്റീവ് ആവും എന്നും പറഞ്ഞിരുന്നുവത്രേ! എന്നാല്‍ എല്ലാവരെയും ദു:ഖത്തില്‍ ആഴ്ത്തിക്കൊണ്ട് പൊടുന്നനെ അദ്ദേഹം യാത്രയായി...  

അദ്ദേഹത്തിന്‍റെ മരണം, അദ്ദേഹത്തെ ഒരിക്കല്‍ പോലും നേരില്‍ കാണാത്ത എന്നെ ഇത്രയധികം ഉലച്ചുവെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഈ അകാല വിയോഗം എത്രയധികം വേദനാജനകമായിരിക്കും!!! ഈ ദുഃഖം താങ്ങാനുള്ള ശക്തി ഈശ്വരന്‍ അവര്‍ക്ക് നല്‍കട്ടെ എന്ന്‍ പ്രാര്‍ഥിക്കുന്നു... ഒരുവന്‍ എങ്ങനെയായിരിക്കണം എന്ന്‍ പെരുമാറ്റത്തിലൂടെയും വാക്കുകളിലൂടെയും കാണിച്ചു തന്ന ശങ്കരേട്ടന്‍ പലരുടെയും മനസ്സില്‍ കാലങ്ങളോളം ജീവിച്ചിരിക്കും എന്നതിന് തര്‍ക്കമില്ല. ആ ബഹുമുഖ പ്രതിഭയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ നിറകണ്ണുകളോടെ പ്രണമിക്കുന്നു...

ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട്: നമ്പൂതിരീസ് ഗ്രൂപ്പ് (https://www.facebook.com/groups/namboodiri/)

Monday, 18 November 2013

പ്രണയ ശിശിരം

എന്നെയാണേറെയിഷ്ടമെന്നു നീയോതി
എക്കാലവും അങ്ങനെ തന്നെയെന്നു ഞാന്‍ കരുതി,
മുഖ പുസ്തകത്താളില്‍ തെളിഞ്ഞു കത്തും
പച്ച വെളിച്ചത്തില്‍ ഞാനെന്‍ ആനന്ദമൊതുക്കി...
രാവും പകലുമെന്നില്ലാതെ നിനക്കായ് കാതോര്‍ത്തു,
പച്ച വെളിച്ചത്തിന്‍ പ്രഭയിലാകെ മുഴുകി നിന്നു.

കാലം പോയപ്പോള്‍ മറവിയാം കയത്തിലെന്നെ
മുക്കിത്താഴ്ത്തി നീ; അതറിയാതെ ഞാന്‍ കാത്തിരുന്നു...
ചിരിക്കുടുക്കകള്‍ എന്നെ നോക്കി കോക്രി കാട്ടവേ
എന്‍ കണ്ണുകള്‍ തിരഞ്ഞിരുന്നു ആ സ്നേഹ ചിത്രത്തിനായ്
മാലാഖക്കുഞ്ഞുങ്ങളൊന്നും വന്നില്ല, എങ്കിലും നീയെനിക്ക്
നല്‍കി പുഞ്ചിരിക്കും പിശാചിന്‍ ചുവന്ന ചിത്രം!

വ്യര്‍ത്ഥമാം കാത്തിരിപ്പില്‍ നിമിഷങ്ങള്‍ പൊഴിയവേ
വ്യഗ്രത പൂണ്ടു ഞാനിരുന്നു, നിന്‍ ചെറു സന്ദേശത്തിനായ്
'ലൈക്കും പോക്കും' നീ കൊടുക്കുന്നെല്ലാര്‍ക്കും വാരിക്കോരി,
നല്‍കുന്നില്ലൊരു വക്രിച്ച മുഖം പോലുമെനിക്കായിപ്പോള്‍
കരളുരുകിയൊലിച്ച രക്തവര്‍ണ്ണത്തില്‍ മഞ്ഞച്ചു പോയൊരാ 
പച്ചയെന്‍ ജീവിതത്തെ ശിശിരകാല മരത്തിന്‍ നിഴലാക്കി...


ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ്

Tuesday, 12 November 2013

അവനെ തേടി...

എനിക്ക് പങ്കെടുക്കാനുള്ള ചടങ്ങ് അവന്റെ നാട്ടിലാണ് എന്നറിഞ്ഞതു മുതല്‍ ഒരു വെപ്രാളമായിരുന്നു മനസ്സില്‍ . 'പോകണോ വേണ്ടയോ' എന്ന ചോദ്യം ഒരു നൂറു തവണയെങ്കിലും തിരിച്ചും മറിച്ചും എന്നോട് തന്നെ ചോദിച്ചു. ഒടുവില്‍ ഉത്തരം കിട്ടാഞ്ഞപ്പോള്‍ കാന്തന്റെ അഭിപ്രായം തേടി - 'പോവുക തന്നെ വേണം' എന്ന അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോള്‍ മനസ്സ് തുടിച്ചത് സന്തോഷം കൊണ്ടായിരുന്നുവോ? ആവാം...

പോകാം എന്ന്‍ തീരുമാനിച്ചത് പോകേണ്ടുന്നതിന്റെ തലേ ദിവസം മാത്രമാണ്. അതിനാല്‍ കുറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടായിരുന്നു. അതെല്ലാം വേഗം ചെയ്തു തീര്‍ക്കുമ്പോഴും മനസ്സില്‍ ഒരുപാട് വികാരങ്ങള്‍ മിന്നി മറയുകയായിരുന്നു... അവനെ കാണാന്‍ പോകണോ? കാണാന്‍ പറ്റുമോ? അതോ ചടങ്ങില്‍ പങ്കെടുത്ത് ഒന്നും മിണ്ടാതെ തിരിച്ചു പോന്നാല്‍ മതിയോ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പടാപടാന്ന് മിടിക്കുന്ന നെഞ്ചിനെ ശാന്തമാക്കാന്‍ കഴിഞ്ഞതേയില്ല...

രാത്രി ഉറക്കം വരാതെ കിടക്കുമ്പോഴും ഓര്‍മ്മകള്‍ അവനില്‍ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു. അവനെ ആദ്യമായി കണ്ടത് എന്നാണെന്ന് ഓര്‍മയില്ല. എന്നാലും ഒരു കാര്യം തീര്‍ച്ച - ഓര്മ വെച്ച കാലം മുതല്‍ക്ക് അവന്റെ വീട്ടിലേക്കുള്ള യാത്ര ഒരാഘോഷമായിരുന്നു. പൊതുവേ എങ്ങോട്ടും പോകാനിഷ്ടമില്ലാതിരുന്ന കാലത്തും അവന്റെ വീട്ടിലേക്കുള്ള യാത്ര ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. മുടങ്ങാത്ത ഒരു പതിവായി ഈ സന്ദര്‍ശനങ്ങള്‍ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. എന്റെ ചെറിയ ചെറിയ പ്രശ്നങ്ങള്‍ മുതല്‍ കൌമാരത്തിലെ പൊട്ടത്തരങ്ങള്‍ വരെ അവനുമായി പങ്കുവെക്കുമായിരുന്നു. ഒരു പക്ഷേ അക്കാലത്ത് വീട്ടുകാരേക്കാള്‍ പ്രിയപ്പെട്ടവനായി അവന്‍ മാറി.

എന്നാല്‍ കാലം മുന്നോട്ട് നീങ്ങിയപ്പോള്‍ അവന്റെ വീട്ടിലേക്കുള്ള പോക്ക്  വളരെ കുറഞ്ഞു. എന്നാലും എന്നുമെന്ന പോലെ എന്റെയുള്ളിലും ജീവിതത്തിലും നിറ സാന്നിദ്ധ്യമായി അവനുണ്ടായിരുന്നു. എന്തുണ്ടെങ്കിലും ആദ്യം പറഞ്ഞിരുന്നത് അവനോട് തന്നെയാണ്. വിദ്യാലയം വിട്ട് കലായലത്തിലേക്ക്‌ ചേക്കേറിയപ്പോഴും അവന്‍ കൂടെയുണ്ടായിരുന്നു... എന്നാല്‍ തുടര്‍ വിദ്യാഭ്യാസത്തിനു നാട്ടില്‍ നിന്നും മറുനാട്ടിലെത്തിയപ്പോള്‍ അവനെ കാണാന്‍ പോകല്‍ ഏതാണ്ട് നിന്നത് പോലെയായി. പുതിയ ലോകവും സുഹൃത്തുക്കളും ഒക്കെ ആയപ്പോഴും അവനെ മറന്നില്ല. എന്നാലും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് വീട്ടില്‍ വരുമായിരുന്ന ഞാന്‍ എന്റെ പതിവ് സന്ദര്‍ശനത്തിനു വലിയ വില കല്പിച്ചില്ല. പതുക്കെ പതുക്കെ എന്റെ സന്ദര്‍ശനങ്ങള്‍ കുറഞ്ഞു വന്നു.

ഒടുവില്‍ വിവാഹം കഴിഞ്ഞു പുതിയ ജീവിതം കെട്ടിപ്പടുക്കാനായുള്ള നെട്ടോട്ടത്തിനിടയില്‍ സമയമില്ല എന്ന മുടന്തന്‍ ന്യായവും പറഞ്ഞ് അവനെ കാണാന്‍ പോകാതെയായി. എനിക്ക് പ്രിയപ്പെട്ട പലതും അവന്‍ എന്നില്‍ നിന്നും ഒരു ദാക്ഷിണ്യവുമില്ലാതെ തട്ടിയെടുത്തു എന്ന തോന്നല്‍ എന്നെ വീണ്ടും അവനില്‍ നിന്നും അകറ്റി. എന്നിരുന്നാലും എന്നും ഞാന്‍ അറിയാതെ തന്നെ എന്റെ ദിനങ്ങള്‍ തുടങ്ങിയിരുന്നതും അവസാനിച്ചിരുന്നതും അവനിലായിരുന്നു.

അതൊക്കെ കൊണ്ടാവും അവിടേക്ക് പോകുന്ന കാര്യം ആലോചിക്കുമ്പോള്‍ മനസ്സിന് ഒരു വിറയല്‍ ... എന്തായാലും രാവിലെ നേരത്തേ എഴുന്നേറ്റ് കുട്ടികള്‍ക്ക് സ്കൂളിലേക്ക് പോകാനുള്ള കാര്യങ്ങള്‍ ഒക്കെ ഒരുക്കി വെച്ചു. അവര്‍ തിരിച്ചെത്തുമ്പോള്‍ താന്‍ വീട്ടില്‍ ഉണ്ടാവും എന്ന്‍ പ്രിയതമന്‍ ഉറപ്പു പറഞ്ഞതിനാല്‍ ഒരല്പം സ്വസ്ഥമായ മനസ്സോടെ  യാത്ര തിരിച്ചു. ഏറെ കാലമായി തന്റെ പ്രിയനെ കാണാതെ വിഷമിച്ച പ്രേയസിയുടെ മനസ്സുമായി, ആദ്യം തീവണ്ടിയിലും പിന്നെ റോഡ്‌ മാര്‍ഗവും യാത്ര ചെയ്ത് ഒടുവില്‍ അവിടെയെത്തി.

അവന്റെ വീട്ടിലേക്കുള്ള വഴി ആകെ മാറിയിരിക്കുന്നു. ചുറ്റിനുമുള്ള വീടുകളും മറ്റും ഇല്ലാതായിരിക്കുന്നു. അവനെ കാണാന്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ളവര്‍ വരിവരിയായി നില്‍ക്കുന്നു - ക്ഷമാപൂര്‍വ്വം നില്‍ക്കുന്ന അവരുടെ പിന്നില്‍ ഏതോ ഒരാളെ പോലെ നില്‍ക്കാന്‍ മനസ്സ് വന്നില്ല. വീടിന്റെ ഒരു വശത്തുള്ള മറ്റൊരു കവാടത്തിലൂടെ അകത്തു കടന്നു. സുരക്ഷാപരിശോധനയും മറ്റും കഴിഞ്ഞു വേണം ഇപ്പോള്‍ അതിനകത്ത് കടക്കാന്‍. മുന്പ് യഥേഷ്ടം ഇവിടെ വന്നിരുന്നതും ഇഷ്ടം പോലെ സമയം ഇവിടെ ചെലവിട്ടതുമൊക്കെ ഓര്‍മയിലേക്ക് തള്ളിത്തിരക്കി വന്നു. ഒടുവില്‍ തിങ്ങിനിറഞ്ഞ ജനസമുദ്രത്തിലൊരു കണികയായി ഞാന്‍ അവന്റെ മുന്നിലെത്തി - ഒരു മിന്നായം പോലെ മാത്രമേ എനിക്ക് ആ മുഖം കാണാനായുള്ളൂ... ഏറെ ദൂരെ നിന്നും അര നിമിഷ നേരത്തിനു മാത്രം ആ മുഖം കണ്ട ഞാന്‍ കൃതാര്‍ത്ഥതയോടെ തിരിച്ചു നടന്നു... അവനോടു പറയാനുണ്ടായിരുന്ന പരിഭവങ്ങള്‍ എല്ലാം അലിഞ്ഞില്ലാതെയായി - "എന്റെ കണ്ണാ" എന്ന ഒരു വിളിയല്ലാതെ ഒന്നും എന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. എന്തെന്നറിയാത്ത ഒരു സന്തോഷം മനസ്സില്‍ നിറഞ്ഞ ആ വേളയില്‍ വേറെ എന്തു പറയാന്‍!

അപ്പോള്‍ മുതല്‍ ഇതാ ഈ നിമിഷം വരെ നിറ സാന്നിദ്ധ്യമായി അവന്‍ എന്നോടൊപ്പമുണ്ട് - (ഇനി എന്നും കൂടെയുണ്ടായിരിക്കും) - എന്നു ഞാന്‍ തിരിച്ചറിയുന്നു. ഈ ചെറുദര്‍ശനം എനിക്ക് വളരെ സന്തോഷം നല്‍കിയെങ്കിലും ഇനിയും അവിടേക്ക് തിരിച്ചു പോയി, കുറച്ചു കൂടി അടുത്തു നിന്ന് ഒരു മുഴു നിമിഷം ആ സന്നിധിയില്‍ ചിലവിടണം എന്ന ആഗ്രഹമാണ് ഇപ്പോള്‍ എന്റെയുള്ളില്‍ . മുടങ്ങിപ്പോയ സന്ദര്‍ശനം വീണ്ടും ഒരു പതിവാക്കണം എന്ന ചിന്തയും ശക്തമായിരിക്കുന്നു. അധികം വൈകാതെ തന്നെ ഞാന്‍ ഗുരുവായൂരപ്പ സന്നിധിയില്‍ തിരിച്ചെത്തിയേക്കാം...  എന്റെ ദിനരാത്രങ്ങള്‍ ആരിലാണോ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നത്, ആ കൂട്ടുകാരനെ കണ്‍കുളിര്‍ക്കെ കാണാന്‍ !


ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍ ഇമേജ് 

Friday, 8 November 2013

ഒരു കുത്ത് പഠിപ്പിച്ച പാഠം!

പണ്ടൊരിക്കല്‍ , സ്കൂളില്‍ പഠിക്കുമ്പോഴാണോ അതോ കോളേജില്‍ വെച്ചാണോ എന്നോര്‍മയില്ല, ഒരു പേഴ്സണാലിറ്റി ഡിവലപ്മെന്റ്റ് ക്ലാസ്സില്‍ പങ്കെടുക്കുകയുണ്ടായി. അതിന്റെ ഇന്സ്ട്രക്റ്റര്‍ ഒരു വലിയ, വെളുത്ത ചാര്‍ട്ട് പേപ്പര്‍ കൊണ്ടു വന്നു, ക്ലാസ്സിലെ കുട്ടികള്‍ക്ക് മുന്നില്‍ നിവര്‍ത്തിവെച്ചു. എന്നിട്ട് ചോദിച്ചു: "കുട്ടികളെ നിങ്ങള്‍ എന്താണ് കാണുന്നത്?"

ഞങ്ങള്‍ സസൂക്ഷ്മം നോക്കി - അതാ ആ പേപ്പറില്‍ ഒരു വശത്ത് ഒരു കറുത്ത കുത്ത്! അത്ര വലുതല്ലാത്ത, എന്നാല്‍ വളരെയെളുപ്പം ആരുടേയും കണ്ണില്‍ പെടുന്ന ഒരു കറുത്ത കുത്ത്! എന്തോ വലിയ കാര്യം ഉണ്ടാവുമെന്ന് കരുതി ആ പേപ്പറില്‍ നോക്കിയ ഞങ്ങളുടെ കണ്‍മുന്നില്‍ ഈ ഒരു കറുത്ത കുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്ലാസ്സിലുള്ളവരെല്ലാം പറഞ്ഞു - "ഞങ്ങള്‍ ഒരു കറുത്ത കുത്ത് കാണുന്നു" എന്ന്‍!

"അതല്ലാതെ നിങ്ങള്‍ വേറൊന്നും കാണുന്നില്ലേ?" അദ്ദേഹം ചോദിച്ചു.

ഇനിയും എന്തെങ്കിലും കാണാതെ പോയോ എന്ന് കരുതി ഞങ്ങള്‍ ആ പേപ്പര്‍ ഒന്നു കൂടി ശ്രദ്ധിച്ചു നോക്കി, എന്നിട്ടു പറഞ്ഞു: "ഇല്ലാ, വേറെ ഒന്നും ഞങ്ങള്‍ കാണുന്നില്ല"

അത് കേട്ടപ്പോള്‍ അദ്ദേഹം ഒന്ന് ചിരിച്ചു. എന്നിട്ട് ഒരു പേന കൊണ്ട് ആ കറുത്ത കുത്തിനു ചുറ്റും ഒരു വട്ടം വരച്ചു. എന്നിട്ട് പറഞ്ഞു: "എപ്പോഴും നമ്മള്‍ അങ്ങനെയാണ് - ഇത്ര വലിയ, വൃത്തിയുള്ള ഈ പേപ്പര്‍ മുഴുവനും ഉണ്ടായിട്ടും നാം കാണുന്നത് അതിലെ ഒരു ചെറിയ കറുത്ത കുത്ത് മാത്രമാണ്. അതിന്റെ ചുറ്റുമുള്ള വെണ്മ - അതെത്ര വലുതായാലും നാം കാണുന്നില്ല."

അന്ന് ആ വാക്കുകള്‍ കേട്ടപ്പോള്‍ ശരിയാണല്ലോ എന്ന തോന്നല്‍ ഉണ്ടായി - പിന്നെ അതങ്ങനെ മറന്നു പോയി. പിന്നെയും പല വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. അന്ന്‍ ആ അറിവ് എത്രത്തോളം ഞാന്‍ ഉള്‍ക്കൊണ്ടു എന്നെനിക്കറിയില്ല. പക്ഷേ, ഇപ്പോള്‍ ചിലപ്പോഴെങ്കിലും ഈ സംഭവം ഞാന്‍ ഓര്‍ക്കാറുണ്ട്. കാരണം മറ്റൊന്നുമല്ല. വെളുത്ത പ്രതലത്തിലെ 'കറുത്ത കുഞ്ഞന്‍  കുത്തിനെ' കാണാനാണ് ഏറ്റവും എളുപ്പം എന്ന്‍ തിരിച്ചറിയുന്നത് കൊണ്ടുതന്നെ! ആ പ്രതലത്തിന്റെ 99.99% വും വെളുത്ത, കുറ്റമറ്റതാണെന്ന് ഓര്‍ക്കാന്‍ എത്ര വിഷമമാണ്!

ഇപ്പോള്‍ ഇത് പറയാന്‍ എന്താണ് കാരണം? അങ്ങനെ പ്രത്യേകിച്ച് ഒരു കാരണമൊന്നും ഇല്ല. എന്നാലും എന്റെ നിരീക്ഷണങ്ങള്‍ പറയുന്നത് അന്നത്തെ പോലെ ഇന്നും ഒരു കൂട്ടം ആളുകളുടെ മുന്നില്‍ ആ സാറ് ഇതേ ചോദ്യം ആവര്‍ത്തിക്കുകയാണെങ്കില്‍ അന്ന്‍ ഞങ്ങള്‍ കുട്ടികള്‍ പറഞ്ഞ അതേ ഉത്തരമായിരിക്കും അദ്ദേഹത്തിനു ലഭിക്കുക എന്നാണ്!

ഏതൊരാളുടെയും കുറ്റം കാണാന്‍ നമുക്ക് കണ്ണുകള്‍ ഉണ്ട് - അവരുടെ നന്മ, അതെത്ര വലുതാണെങ്കിലും പലപ്പോഴും കാണാതെ പോകുന്നു - വെണ്മയേക്കാള്‍ ആ കറുത്ത കുത്ത് കണ്ണില്‍ തറഞ്ഞു കയറുന്നു. ചിലരുടെ സ്വഭാവം തന്നെ അങ്ങനെയാകുന്നു. എന്തിലും ഏതിലും അവര്‍ ആ ചെറിയ, കറുത്ത കുത്തിനെ മാത്രം തേടുന്നു. അത് കണ്ടെത്തുമ്പോള്‍ ഏറെ സന്തോഷിക്കുകയും ചെയ്യുന്നു. പക്ഷേ, അവര്‍ അറിയാതെ പോകുന്ന സത്യം ഇതാണ് - നന്മയുടെ ഒരു വലിയ ചിത്രം മുന്നില്‍ വ്യക്തമായി ഉണ്ടെങ്കിലും അവര്‍ക്ക് തിന്മയുടെ ഒരു ചെറിയ കടുകുമണി മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ എന്ന സത്യം! അവരുടെ കാഴ്ച്ച വല്ലാതെ സങ്കുചിതമായിരിക്കുന്നു എന്നവര്‍ അറിയാതെ പോകുന്നു.

ഇപ്പോഴും ഞാന്‍ ഇടക്കൊക്കെ എന്റെ കാഴ്ച്ച പരിശോധിക്കാറുണ്ട് - ഐ ക്ലിനിക്കില്‍ പോയിട്ടല്ല - ഒരു ആത്മപരിശോധന... കാണേണ്ടത് തന്നെയാണോ കാണുന്നത്? അതോ വല്ല കടുകുമണികളും മനസ്സിന്റെ കണ്ണില്‍ കയറിയിരുന്നു എന്റെ കാഴ്ച്ചയെ വികലമാക്കുന്നുണ്ടോ എന്നറിയാനുള്ള പരിശോധന. പലപ്പോഴും കറുത്ത കുത്തിനെ ഒഴിവാക്കി കാണേണ്ടതിനെ കാണാന്‍ എനിക്ക് അതുവഴി സാദ്ധ്യമാകുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം!  

ചിലപ്പോഴെങ്കിലും ആശിച്ചിട്ടുണ്ട് - എല്ലാവര്‍ക്കും ഈ അറിവുണ്ടായിരുന്നുവെങ്കില്‍ എന്ന്‍! എങ്കില്‍ ചിലപ്പോള്‍ നാം എതിരാളികള്‍ എന്ന് ധരിച്ചു വെച്ച ചിലരെങ്കിലും അങ്ങനയല്ല എന്ന സത്യം മനസ്സിലാക്കാന്‍ കഴിഞ്ഞേനേ! ഇത് വായിച്ച്  നിങ്ങളും ഒന്ന് ചിന്തിച്ചു നോക്കൂ - നിങ്ങളുടെ കാഴ്ച്ച എങ്ങനെയാണ് എന്ന്‍! ആ ചിന്തയില്‍ നിന്നും കിട്ടുന്ന ഉത്തരം ചിലപ്പോള്‍ നിങ്ങളുടെ കാഴ്ച്ചപ്പാടുകളെ തന്നെ മാറ്റിയേക്കാം...

ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ്