ഒരു കുത്ത് പഠിപ്പിച്ച പാഠം!

പണ്ടൊരിക്കല്‍ , സ്കൂളില്‍ പഠിക്കുമ്പോഴാണോ അതോ കോളേജില്‍ വെച്ചാണോ എന്നോര്‍മയില്ല, ഒരു പേഴ്സണാലിറ്റി ഡിവലപ്മെന്റ്റ് ക്ലാസ്സില്‍ പങ്കെടുക്കുകയുണ്ടായി. അതിന്റെ ഇന്സ്ട്രക്റ്റര്‍ ഒരു വലിയ, വെളുത്ത ചാര്‍ട്ട് പേപ്പര്‍ കൊണ്ടു വന്നു, ക്ലാസ്സിലെ കുട്ടികള്‍ക്ക് മുന്നില്‍ നിവര്‍ത്തിവെച്ചു. എന്നിട്ട് ചോദിച്ചു: "കുട്ടികളെ നിങ്ങള്‍ എന്താണ് കാണുന്നത്?"

ഞങ്ങള്‍ സസൂക്ഷ്മം നോക്കി - അതാ ആ പേപ്പറില്‍ ഒരു വശത്ത് ഒരു കറുത്ത കുത്ത്! അത്ര വലുതല്ലാത്ത, എന്നാല്‍ വളരെയെളുപ്പം ആരുടേയും കണ്ണില്‍ പെടുന്ന ഒരു കറുത്ത കുത്ത്! എന്തോ വലിയ കാര്യം ഉണ്ടാവുമെന്ന് കരുതി ആ പേപ്പറില്‍ നോക്കിയ ഞങ്ങളുടെ കണ്‍മുന്നില്‍ ഈ ഒരു കറുത്ത കുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്ലാസ്സിലുള്ളവരെല്ലാം പറഞ്ഞു - "ഞങ്ങള്‍ ഒരു കറുത്ത കുത്ത് കാണുന്നു" എന്ന്‍!

"അതല്ലാതെ നിങ്ങള്‍ വേറൊന്നും കാണുന്നില്ലേ?" അദ്ദേഹം ചോദിച്ചു.

ഇനിയും എന്തെങ്കിലും കാണാതെ പോയോ എന്ന് കരുതി ഞങ്ങള്‍ ആ പേപ്പര്‍ ഒന്നു കൂടി ശ്രദ്ധിച്ചു നോക്കി, എന്നിട്ടു പറഞ്ഞു: "ഇല്ലാ, വേറെ ഒന്നും ഞങ്ങള്‍ കാണുന്നില്ല"

അത് കേട്ടപ്പോള്‍ അദ്ദേഹം ഒന്ന് ചിരിച്ചു. എന്നിട്ട് ഒരു പേന കൊണ്ട് ആ കറുത്ത കുത്തിനു ചുറ്റും ഒരു വട്ടം വരച്ചു. എന്നിട്ട് പറഞ്ഞു: "എപ്പോഴും നമ്മള്‍ അങ്ങനെയാണ് - ഇത്ര വലിയ, വൃത്തിയുള്ള ഈ പേപ്പര്‍ മുഴുവനും ഉണ്ടായിട്ടും നാം കാണുന്നത് അതിലെ ഒരു ചെറിയ കറുത്ത കുത്ത് മാത്രമാണ്. അതിന്റെ ചുറ്റുമുള്ള വെണ്മ - അതെത്ര വലുതായാലും നാം കാണുന്നില്ല."

അന്ന് ആ വാക്കുകള്‍ കേട്ടപ്പോള്‍ ശരിയാണല്ലോ എന്ന തോന്നല്‍ ഉണ്ടായി - പിന്നെ അതങ്ങനെ മറന്നു പോയി. പിന്നെയും പല വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. അന്ന്‍ ആ അറിവ് എത്രത്തോളം ഞാന്‍ ഉള്‍ക്കൊണ്ടു എന്നെനിക്കറിയില്ല. പക്ഷേ, ഇപ്പോള്‍ ചിലപ്പോഴെങ്കിലും ഈ സംഭവം ഞാന്‍ ഓര്‍ക്കാറുണ്ട്. കാരണം മറ്റൊന്നുമല്ല. വെളുത്ത പ്രതലത്തിലെ 'കറുത്ത കുഞ്ഞന്‍  കുത്തിനെ' കാണാനാണ് ഏറ്റവും എളുപ്പം എന്ന്‍ തിരിച്ചറിയുന്നത് കൊണ്ടുതന്നെ! ആ പ്രതലത്തിന്റെ 99.99% വും വെളുത്ത, കുറ്റമറ്റതാണെന്ന് ഓര്‍ക്കാന്‍ എത്ര വിഷമമാണ്!

ഇപ്പോള്‍ ഇത് പറയാന്‍ എന്താണ് കാരണം? അങ്ങനെ പ്രത്യേകിച്ച് ഒരു കാരണമൊന്നും ഇല്ല. എന്നാലും എന്റെ നിരീക്ഷണങ്ങള്‍ പറയുന്നത് അന്നത്തെ പോലെ ഇന്നും ഒരു കൂട്ടം ആളുകളുടെ മുന്നില്‍ ആ സാറ് ഇതേ ചോദ്യം ആവര്‍ത്തിക്കുകയാണെങ്കില്‍ അന്ന്‍ ഞങ്ങള്‍ കുട്ടികള്‍ പറഞ്ഞ അതേ ഉത്തരമായിരിക്കും അദ്ദേഹത്തിനു ലഭിക്കുക എന്നാണ്!

ഏതൊരാളുടെയും കുറ്റം കാണാന്‍ നമുക്ക് കണ്ണുകള്‍ ഉണ്ട് - അവരുടെ നന്മ, അതെത്ര വലുതാണെങ്കിലും പലപ്പോഴും കാണാതെ പോകുന്നു - വെണ്മയേക്കാള്‍ ആ കറുത്ത കുത്ത് കണ്ണില്‍ തറഞ്ഞു കയറുന്നു. ചിലരുടെ സ്വഭാവം തന്നെ അങ്ങനെയാകുന്നു. എന്തിലും ഏതിലും അവര്‍ ആ ചെറിയ, കറുത്ത കുത്തിനെ മാത്രം തേടുന്നു. അത് കണ്ടെത്തുമ്പോള്‍ ഏറെ സന്തോഷിക്കുകയും ചെയ്യുന്നു. പക്ഷേ, അവര്‍ അറിയാതെ പോകുന്ന സത്യം ഇതാണ് - നന്മയുടെ ഒരു വലിയ ചിത്രം മുന്നില്‍ വ്യക്തമായി ഉണ്ടെങ്കിലും അവര്‍ക്ക് തിന്മയുടെ ഒരു ചെറിയ കടുകുമണി മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ എന്ന സത്യം! അവരുടെ കാഴ്ച്ച വല്ലാതെ സങ്കുചിതമായിരിക്കുന്നു എന്നവര്‍ അറിയാതെ പോകുന്നു.

ഇപ്പോഴും ഞാന്‍ ഇടക്കൊക്കെ എന്റെ കാഴ്ച്ച പരിശോധിക്കാറുണ്ട് - ഐ ക്ലിനിക്കില്‍ പോയിട്ടല്ല - ഒരു ആത്മപരിശോധന... കാണേണ്ടത് തന്നെയാണോ കാണുന്നത്? അതോ വല്ല കടുകുമണികളും മനസ്സിന്റെ കണ്ണില്‍ കയറിയിരുന്നു എന്റെ കാഴ്ച്ചയെ വികലമാക്കുന്നുണ്ടോ എന്നറിയാനുള്ള പരിശോധന. പലപ്പോഴും കറുത്ത കുത്തിനെ ഒഴിവാക്കി കാണേണ്ടതിനെ കാണാന്‍ എനിക്ക് അതുവഴി സാദ്ധ്യമാകുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം!  

ചിലപ്പോഴെങ്കിലും ആശിച്ചിട്ടുണ്ട് - എല്ലാവര്‍ക്കും ഈ അറിവുണ്ടായിരുന്നുവെങ്കില്‍ എന്ന്‍! എങ്കില്‍ ചിലപ്പോള്‍ നാം എതിരാളികള്‍ എന്ന് ധരിച്ചു വെച്ച ചിലരെങ്കിലും അങ്ങനയല്ല എന്ന സത്യം മനസ്സിലാക്കാന്‍ കഴിഞ്ഞേനേ! ഇത് വായിച്ച്  നിങ്ങളും ഒന്ന് ചിന്തിച്ചു നോക്കൂ - നിങ്ങളുടെ കാഴ്ച്ച എങ്ങനെയാണ് എന്ന്‍! ആ ചിന്തയില്‍ നിന്നും കിട്ടുന്ന ഉത്തരം ചിലപ്പോള്‍ നിങ്ങളുടെ കാഴ്ച്ചപ്പാടുകളെ തന്നെ മാറ്റിയേക്കാം...

ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ്

Comments

ഒരു ചെറിയ ഉദാഹരണത്തില്‍ കൂടി ആ ഗുരുനാഥന്‍ കാണിച്ചു തന്നത് എത്ര വലിയ ഒരു സാരാംശമുള്ള ഒരറിവാണ് അല്ലെ?. ഒരാളുടെ നന്മ കാണാന്‍ നാം പലപ്പോഴും മടികാണിക്കുന്നു എന്നാല്‍ ഒരു തെറ്റ് കാണാന് നാം കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്നു.ഇന്ന് വായിച്ച നല്ല ഒരു പോസ്റ്റ്‌
ഇതിനൊരു മറുവശം കൂടിയുണ്ട്. ഒരാള്‍ക്ക് ആയിരം നന്മകളുണ്ടായിട്ടും കാര്യമില്ല. ഒരൊറ്റ തിന്മ മതി, അയാളുടെ സകല നന്മകളുടെയും കടയ്ക്കല്‍ കത്തിവെയ്ക്കാന്‍ ...! അതുകൊണ്ടു കഴിവതും കറുത്തകുത്തു വീഴുന്നതിനെതിരെ ആത്മസമരം ചെയ്യുക. എപ്പോഴും പ്രതലം ധവളമാവാന്‍ ശ്രദ്ധിക്കുക എന്നു ചുരുക്കം. പിന്നെ മനുഷ്യസഹജമായ കറുപ്പുകള്‍ വരില്ലെന്നല്ല. എന്നാലും ഒരു ജാഗ്രതയൊക്കെ നല്ലതാണ്; എല്ലാ കാര്യത്തിലും. വെളുത്ത പ്രതലങ്ങളുണ്ടാവട്ടെ... കറുത്തപുള്ളികളേ വിട...! :)
എഴുത്ത് നല്ലൊരു സന്ദേശം വിളിച്ചറിയിക്കുന്നു. ഉള്‍ക്കൊള്ളാനുണ്ടൊരുപാട്...! അഭിനന്ദനങ്ങള്‍... സ്‌നേഹം...! :)
ഇതിനെക്കാളും നന്നായി ഞാന്‍ കുത്ത് വരക്കൂല്ലേ ...എന്തിനാണ് ഗൂഗിളിനു വെറുതെ കടപ്പാട് കൊടുത്തത് :/
Unknown said…
ഇതേ കുത്ത് മാർക്കറ്റിംഗ് ക്ളാസ്സിൽ എങ്ങനെ മാർക്കറ്റ്‌ ചെയ്യുമെന്നു ചോദിച്ചു ..ഞാനതിന്റെ കുറെ ദൂരെയായി വല്ല്യ ഒരു attam വരച്ചു .. എന്നിട്ട് പറഞ്ഞു ഈ വട്ടത്തിലുള്ള എല്ലാ activitiesum കമ്പനി ആയി കണക്കാക്കി കുത്താകുന്ന കസ്റ്റമർ satisfaction ഇൽ മീറ്റ്‌ ചെയ്യണമെന്നു ........ ആശംസകൾ നിഷേച്ചി
Aarsha Abhilash said…
ചില കറുത്ത കുത്തുകള്‍ കാരണം നമ്മള്‍ കാണാതെ പോകുന്ന വെളുത്ത പ്രതലങ്ങള്‍ അല്ലെ നിഷേച്ചീ? :). ഇപ്പോഴിപ്പോള്‍ കറുത്ത കുത്തുകള്‍ പാടെ ഔട്ട്‌ ഓഫ് ഫോക്കസ് ആക്കി വെളുപ്പ് മാത്രം കാണാന്‍ ശ്രമിക്കാറുണ്ട് ഞാനും ..അത് കൊണ്ട് ദോഷം ഇത് വരെ ഉണ്ടായില്ല - നന്മകള്‍ ഉണ്ടാവുകയും ചെയ്തു :)
ആ ചെറിയ കറുത്ത കുത്തിലൂടെ വലിയൊരു കാര്യം നിസ്സാരമായ് പറഞ്ഞു ..ആശംസകള്‍
വളരെ ശെരിയായ കാര്യം,പക്ഷെ അതു മനുഷ്യ സഹജമായി പോയി.എല്ലാവരും എപ്പോഴും അറിഞ്ഞോ അറിയാതെയോ ഈ കറുത്ത കുത്തിനെ മാത്രമേ കാണൂ.. വളരെ ലളിതമായി വലിയൊരു സന്ദേശം ..
RAGHU MENON said…
"പേര്‍സെപ്ക്ടീവ് വ്യൂ "
എഴുത്ത് , എഴുതാത്ത പലതിലേക്കും കൈ ചൂണ്ടുന്നു -
അഭിനന്ദനങ്ങള്‍

ഇതൊരു വല്ലാത്ത കുത്ത്! :)
മനുഷ്യരുടെ ഒരു ഹോബിതന്നെ അതാണ്, നന്മകൾ ഒന്നും കാണാതെ അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ച് നിന്മകളെ പർവതീകരിക്കൽ...
ഒരു നല്ല സന്ദേശം നൽകിയ ഈ കുറിപ്പിന് നന്ദി...
© Mubi said…
ഒരു കുഞ്ഞന്‍ കുത്ത് നല്‍ക്കുന്ന വലിയ സന്ദേശം...
roopeshvkm said…
കാര്യമൊക്കെ ശരി തന്നെ.ആളുകള്‍ക്ക് തെറ്റ് കണ്ടു പിടിക്കാനാണ് താല്പര്യം കൂടുതല്‍.

പക്ഷെ ഒരു വെളുത്ത ശൂന്യമായ കടലാസ് കാണിച്ചിട്ട് "ഇതില്‍ എന്ത് കാണുന്നു? " എന്ന് ചോദിച്ചാല്‍ സ്വാഭാവികമായും അതില്‍ നോക്കി ബദ്ധപ്പെട്ടു തിരഞ്ഞ് ഒരു ചെറിയ കുത്തെങ്കിലും എല്ലാവരും കണ്ടു പിടിക്കും.പക്ഷെ "ഇതെന്താണ്?" എന്ന് ചോദിച്ചാല്‍ വെളുത്ത ഒരു കടലാസ് എന്നല്ലേ ഉത്തരം കിട്ടുക?
ഒരു സംശയം.
ഒരു വലിയ സന്ദേശം മനസ്സില്‍ പതിയാനും എന്നും ഓര്‍ക്കാനും സഹായിക്കുന്ന മനശ്ശാസ്ത്ര വഴികള്‍ ..നന്നായിരിക്കുന്നു.
കുത്ത് വലുതായാലും ചെറുതായാലും കുത്താണ് .. നോട്ട് ദി പോയൻറ് ..!
Manoj Vellanad said…
നിസ്സാരമായ കാഴ്ചയുടെയും, അത്യധികം സാരമായ കാഴ്ചപ്പാടിന്റെയും ബന്ധം , സാരാംശം പറഞ്ഞു തരുന്ന പോസ്റ്റ്‌.. ആശംസകള്‍...
asrus irumbuzhi said…
പലതും മനസ്സിലാകാന്‍ ഒരു കുത്തിനു സാധിക്കുന്നു

ഗുഡ് ....അസ്രൂസാശംസകള്‍ :)
ഒരു ചെറിയ ഉദാഹരണം ഈ ഒരു കൊച്ചു കുത്ത് കൊണ്ട് എത്ര പേരെ കുത്താൻ കഴിഞ്ഞു
Cv Thankappan said…
കാഴചയില്‍ തെളിയുന്നത് കുത്താണ്.
ആശംസകള്‍
എന്റെ അമ്മ എപ്പോഴും പറയുന്ന ഒരു വാചകം ഓര്‍ത്തു പോയി.
ആയിരം കെട്ട് കെട്ടിയാലും ഒരൊറ്റ വെട്ടു മതി ആ ആയിരവും അറുത്തെറിയാന്‍...
ശരിയല്ലേ ?
ഒരു വെട്ടും വെട്ടാതെ കെട്ട് മാത്രം കെട്ടിയാല്‍ മതി നമുക്ക്.:)
കുത്ത് വലുതായി ആ വെളുത്ത കടലാസ് മുഴുവന്‍ നിറയുന്ന ഒരു വലിയ കുത്തായാലോ എന്ന പേടി കൊണ്ടായിരിക്കും ചെറുതെങ്കിലും അതിനെ കണ്ടു പിടിക്കുന്നത്.
കുത്തില്ലാത്ത വെളുത്ത പേപ്പര്‍ ആകട്ടെ എല്ലാം.
നന്നായി
ചെറിയൊരു കുത്ത് വലിയൊരു പാഠം പഠിപ്പിച്ചു
ajith said…
മനുഷ്യന്റെ കണ്ണും കാഴ്ച്ചയും അങ്ങനെയാണ് സംവിധാനിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. പറഞ്ഞുതന്ന ഇന്‍സ്ട്രക്റ്റര്‍ കാണുന്നതും വേറൊരു കാഴ്ച്ചയായിരിയ്ക്കില്ല തന്നെ! തെളിഞ്ഞ നീലാകാശത്തേയ്ക്ക് നോക്കുമ്പോള്‍ കറുത്ത പൊട്ട് പോലെ ദൂരെ കാണുന്ന കഴുകനെ നമ്മുടെ കണ്ണ് പെട്ടെന്ന് കണ്ടുപിടിയ്ക്കും. ആകാശത്തെന്ത് കാണുന്നു എന്ന് ചോദിച്ചാല്‍ നീലാകാശം കാണുന്നു എന്ന് ആരും പറയുകയില്ല, ഒരു കഴുകനെ കാണുന്നു എന്നേ പറയൂ. ഗുണപാഠമായിട്ട് പഠിപ്പിക്കാന്‍ മാത്രം കൊള്ളാവുന്ന, യുക്തിയധിഷ്ഠിതമല്ലാത്ത ഒരു കഥ. (ഒരു മതബോധന ക്ലാസില്‍ വച്ച് ഇക്കഥ കേട്ടിട്ടുണ്ട്.)
Anonymous said…
Yes lets always take notice of the big white space :)
വളരെ നല്ല ആശയം.. ആശംസകള്‍
സാധാരണം. അതങ്ങനെയേ സംഭവിക്കൂ. പിന്നെ പാഠത്തിലെ സന്മാര്‍ഗ്ഗം ഉള്‍ക്കൊണ്ടാല്‍ അങ്ങ്നനെയല്ലാത്ത കാഴ്ച്ചപ്പാട് ആര്‍ജ്ജിക്കാന്‍ കഴിയും.
viddiman said…
This comment has been removed by the author.
viddiman said…
രൂപേഷും അജിത്തേട്ടനും പറഞ്ഞ അപാകത, ഉദാഹരണമായി ചൂണ്ടി കാട്ടിയ കഥയ്ക്കുണ്ട് എന്നു തോന്നി. ആ വെളുത്ത പേപ്പർ ബോർഡിൽ പതിപ്പിച്ചിട്ട് ബോർഡിൽ എന്തു കാണുന്നു എന്ന് ചോദിച്ചിരുന്നെങ്കിൽ കൃത്യമായേനെ.

ഇഷ്ടപ്പെടേണ്ടതിൽ ഇഷ്ടപ്പെടാനെന്തൊക്കെയാണുള്ളതെന്ന് നാം അന്വേഷിച്ച് കണ്ടെത്തുന്നു; വെറുക്കാനുള്ളതിനെ അവഗണിക്കുന്നു. നേരെ തിരിച്ചും. നമ്മെ തന്നെ മാറി നിന്നു നിരീക്ഷിച്ചാൽ നമുക്ക് പലതും തിരുത്താനാവും.

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം