Thursday, 12 December 2013

ആപ്പിള്‍ - ആസ്വാദനക്കുറിപ്പ്

പുസ്തക പ്രകാശനവും (അതിനെക്കുറിച്ച് ഇവിടെ പറഞ്ഞിട്ടുള്ളതിനാല്‍ ആവര്‍ത്തിക്കുന്നില്ല) കഴിഞ്ഞ്, പുസ്തകത്താളില്‍ കഥാകാരന്റെ ഒപ്പും വാങ്ങി വിടപറഞ്ഞിറങ്ങിയപ്പോള്‍ സിയാഫ്ക്ക പറഞ്ഞ 'വായിച്ചു കഴിഞ്ഞ് ഒരവലോകനവും വേണം' എന്ന വാക്കുകള്‍ എന്നെ വിടാതെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു ഇത്രയും ദിവസം. വായന പല പല കാരണങ്ങളാല്‍ തട്ടിയും മുട്ടിയുമാണ് മുന്നോട്ട് നീങ്ങിയത്. വായന നടക്കാതെ പോയ ഓരോ ദിവസവും മനസ്സിനുള്ളില്‍ ഒരു ഭാരമായിരുന്നു... ഇന്നിപ്പോള്‍ 'ആപ്പിള്‍ ' വായിച്ചു കഴിഞ്ഞപ്പോള്‍ ഒരാശ്വാസം!


ആപ്പിളിനെ കുറച്ചു വാക്കുകളില്‍ വിവരിക്കുക അസാദ്ധ്യം തന്നെ! കഷ്ടി തൊണ്ണൂറോളം പേജുള്ള ഈ പുസ്തകത്തില്‍ വായനക്കാര്‍ക്കായുള്ളത് പതിനഞ്ചു വ്യത്യസ്ത കഥകളാണ്. എല്ലാം സ്വന്തമായി വ്യക്തിത്വമുള്ള കഥകള്‍ ! (കഥകള്‍ക്കും വ്യക്തിത്വമുണ്ടാവുമോ എന്ന് ചോദ്യമുണര്‍ന്നേക്കാം - ഉവ്വ് എന്നു തന്നെയാണ് ഉത്തരം). എല്ലാ കഥകളും വ്യത്യസ്തത കൊണ്ട് വേറിട്ടു നില്‍ക്കുന്നു. അവയെല്ലാം ഒരാള്‍ തന്നെയാണോ എഴുതിയത് എന്ന്‍ ഒരു വേള നാം ആശ്ചര്യപ്പെട്ടേയ്ക്കാം... അത്രയധികം വൈവിദ്ധ്യം അവ വായനക്കാരന് നല്‍കുന്നു.

'ആപ്പിള്‍ ' എന്ന കഥ നമ്മെ ഒരു പഴയ കാല റഷ്യന്‍ അല്ലെങ്കില്‍ ഇംഗ്ലീഷ് നാടോടി കഥകളെ ഓര്‍മിപ്പിക്കും... മിയ എന്ന പെണ്‍കുട്ടിയുടെ ചിന്തകളും ഭാവനകളുമൊക്കെ വളരെ നന്നായി നമുക്ക് കാണിച്ചു തരുന്നുണ്ട് കഥാകാരന്‍ - ഈ കഥയില്‍ പ്രത്യക്ഷപ്പെടുന്ന ഓരോ കഥാപാത്രങ്ങളുടെയും വ്യക്തമായ ചിത്രം വായനക്കാരില്‍ വരച്ചിടാന്‍ കഥാകാരന് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

'തവള' ചരിത്രം രസകരമായി പറഞ്ഞു പോകുന്നതിനിടയില്‍ അങ്ങോട്ടുമിങ്ങോട്ടും തവളച്ചാട്ടം നടത്തിയതിനാല്‍ അത്ര വായനാസുഖം കിട്ടിയില്ല. എങ്കിലും പഴയ തവളയുടെയും രാജകുമാരന്റെയും കഥ രണ്ടുമൂന്നു അപ്രതീക്ഷിത വഴിത്തിരിവിലൂടെ കടന്നു പോവുകയും ഇന്നത്തെ ലോകത്തിന്റെ പല വികൃതമുഖങ്ങളിലേക്കും ശ്രദ്ധ തിരിക്കുകയും ചെയ്തു... ഒരു പുനര്‍വായനയില്‍ ഈ കഥ പലതും പറയാതെ പറയുന്നുണ്ടെന്ന് മനസ്സിലാകും.

'വൈകിയോടുന്ന വണ്ടി' നമ്മെ പലതും ഓര്‍മിപ്പിക്കുന്നു. നിസ്സഹായരായ സഹജീവികളെ കരുണയോടെ നോക്കാനുള്ള കഴിവു പോലും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ഒരു കൊച്ചു കുട്ടിയുടെ മനസ്സില്‍ പോലും ചില വേഷവിധാനങ്ങള്‍ ഒരാളെപ്പറ്റി എന്തൊക്കെ അബദ്ധ ധാരണകള്‍ ഉണര്‍ത്തിയേക്കാം  എന്നും വൈകിയോടുന്ന വണ്ടിയിലെ യാത്ര നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

'ഭൂതം' എന്ന കഥ തുടക്കത്തില്‍ ഉദ്വേഗം ജനിപ്പിച്ചുവെങ്കില്‍ അവസാനിക്കുമ്പോഴേയ്ക്കും മനസ്സില്‍ ഒരു നൊമ്പരം തീര്‍ക്കുന്നു. സ്വന്തം ജീവന്‍ രക്ഷിച്ചവനെപ്പോലും പിന്നീട് പണത്തിനു വേണ്ടി നിഷ്കരുണം ആട്ടിയോടിക്കുന്ന ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ടെന്ന ദു:ഖ സത്യം ഈ കഥയിലൂടെ അനാവരണം ചെയ്യപ്പെടുന്നു. സ്വന്തം ജയത്തിനും പണത്തിനും വേണ്ടി എത്ര നീചനവാനും മനുഷ്യന് മടിയില്ല എന്നും ഈ കഥ ചൂണ്ടിക്കാണിക്കുന്നു.

'ആറാമന്റെ മൊഴി' എന്ന കഥ 'സാക്ഷിമൊഴികള്‍ '  എന്ന പേരില്‍ ഇ-മഷി വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ്. അതിനാല്‍ തന്നെ, ഈ പുസ്തകത്തിലെ ഞാന്‍ ഏറ്റവുമധികം തവണ വായിച്ച കഥയും ഇതുതന്നെയാണ്. പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ ദുരവസ്ഥ അതിലൂടെ പുറത്തു വരുന്നു. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ സാക്ഷിമൊഴികള്‍ തനിക്കെതിരായി മാറുമ്പോള്‍ മരണമാണ് ഏറ്റവും വലിയ രക്ഷാമാര്‍ഗ്ഗം എന്ന് ആ പെണ്‍കുട്ടിക്ക് തോന്നിപ്പോകുന്നതില്‍ അദ്ഭുതമില്ല - ഇന്ന് നമുക്ക് ചുറ്റും നടക്കുന്നതും ഒരുപക്ഷേ ഇരകളെ കുറ്റപ്പെടുത്തല്‍ തന്നെയാണെന്നും ഈ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

'കാസിനോ' എന്ന കഥ ഇന്നത്തെ ഏതൊരു നഗരത്തിലും നടക്കാവുന്ന / നടക്കുന്ന കാര്യങ്ങള്‍ പറയുന്നു. ആളുകള്‍ എന്തു കൊണ്ട് ഇങ്ങനെയൊക്കെയാവുന്നു എന്നൊരു ചോദ്യം ഉള്ളില്‍ ഉയര്‍ന്നു വന്നു, ആ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ .

'യൂത്തനേഷ്യ' പേര് സൂചിപ്പിക്കുനത് പോലെ തന്നെ ദയാവധം എന്ന വിഷയത്തെപ്പറ്റി പറയുന്നു. തന്‍റെ പരിചരണത്തിലുള്ള രോഗിയെ ദയാവധത്തിനു ഇരയാക്കണം എന്ന്‍ രോഗിയുടെ ബന്ധുക്കള്‍ തന്നെ ആവശ്യപ്പെടുമ്പോള്‍ , ആ ആവശ്യത്തിനു ആശുപത്രി അധികൃതരുടെ മൌനാനുവാദവും കിട്ടുമ്പോള്‍ ഒരു ഡോക്ടര്‍ക്കുണ്ടാവുന്ന ആശയക്കുഴപ്പം വായനക്കാരനിലേക്കും പകരുന്നു. ഇതിലെ ഡോക്ടറുടെ ചിത്രം വളരെ വ്യക്തമായി തന്നെ വാനക്കാരനുള്ളില്‍ വിരിയുന്നു.

'സുഷിരക്കാഴ്ചകള്‍ ' എന്ന കുറഞ്ഞ വരികളില്‍ പറഞ്ഞ കഥയുടെ അന്ത്യം ആരും പ്രതീക്ഷിക്കാത്ത രീതിയിലാവും. അവസാനം കാര്യം മനസ്സിലാവുമ്പോള്‍ ഒരു നെടുവീര്‍പ്പ് അറിയാതെ പുറത്തുചാടും...

'ദൈവത്തിന്റെ അമ്മ' മക്കളില്ലാത്ത അമ്മമാരുടെ വേദന വിളിച്ചോതുന്നു. ഈ കഥയും നിനച്ചിരിക്കാത്ത വഴികളിലൂടെ എന്നെ കൈ പിടിച്ചു നടത്തി... ഒടുവില്‍ കഥാന്ത്യത്തില്‍ സമ്മിശ്രവികാരങ്ങള്‍ ഉയര്‍ത്തിക്കൊണ്ട്, വായനക്ക് ശേഷവും ആ അമ്മ മനസ്സില്‍ മായാതെ നില്‍ക്കുന്നു ...

'തൃക്കാല്‍ വിശേഷം' രസകരമായി തോന്നി - ആക്ഷേപഹാസ്യം നന്നായി കൈകാര്യം ചെയ്തിരിക്കുന്നു ഇതില്‍ ..

'ഗൃഹപാഠങ്ങള്‍ ' മനസ്സില്‍ ആശങ്കയാണ് വിതച്ചത്. ഇന്നത്തെ കുട്ടികളെല്ലാവരും ഇങ്ങനെയാണ്  ചിന്തിക്കുന്നതെങ്കില്‍ കഷ്ടം തന്നെ എന്ന തോന്നലാണുണ്ടായത്. മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരായി നമ്മുടെ മക്കള്‍ വളരാതിരിക്കട്ടെ എന്ന്‍ ആശിക്കാനാണ് ഈ കഥ പ്രേരിപ്പിച്ചത്.

'അണയാത്ത തിരിനാളം' അവസാനം വരെ ഇന്നതാണ് സംഗതി എന്ന്‍ ഒരു സങ്കേതവും നല്‍കിയില്ല. അതുകൊണ്ട് തന്നെ കഥാന്ത്യത്തിലാണ് പല കാര്യങ്ങളും പിടികിട്ടിയത്.

'ഗുരു അത്ര തന്നെ ലഘു' കാലത്തിന്റെ മറ്റൊരേട്‌ തുറന്നു കാണിക്കുന്നു. പലപ്പോഴും നാം കണ്ടിട്ടുള്ള, എന്നാല്‍, ഒരുപക്ഷേ, ഒരിക്കല്‍പോലും ശ്രദ്ധിച്ചിട്ടില്ലാത്ത പല കാഴ്ച്ചകളും അതിലൂടെ കാണുന്നു. അതില്‍ നടക്കുന്ന കാര്യങ്ങള്‍ നമ്മുടെ കണ്‍മുന്നില്‍ നടക്കുകയാണ് എന്ന് തോന്നിയാലും അദ്ഭുതമില്ല.

'മനോരോഗിയുടെ ആല്‍ബം' ഒരല്പം സങ്കീര്‍ണ്ണമായ കഥയായി തോന്നി - അതിലെ പല കാര്യങ്ങളും ഇപ്പോഴും പിടി തരാതെ അലയുന്ന പോലെ... ഒരു പുനര്‍വായന ആവശ്യമാണെന്ന് തോന്നിയ കഥ.

'മറവിയിലേക്ക് ഒരു ടിക്കറ്റ് ' മുന്പ് വായിച്ചിട്ടുള്ളതിനാല്‍ ഇത്തവണ ഒന്നോടിച്ചു വായിച്ചതേയുള്ളൂ. മറവി മനുഷ്യന് ഒരനുഗ്രഹമാണ്‌ എന്ന് പറയുമ്പോഴും മറവി അനുഗ്രഹമല്ലാത്ത അവസ്ഥയും ഉണ്ടെന്നു നമ്മെ ഓര്‍മ്മപ്പെടുത്തുന്ന, നൊമ്പരമുണര്‍ത്തുന്ന കഥ!

സിയാഫ് അബ്ദുള്‍ഖാദിര്‍ 
അങ്ങനെ, മൊത്തത്തില്‍ ഒരു നല്ല വായനാനുഭവമാണ് ആപ്പിള്‍ നല്കുന്നത്. മധുരം മാത്രം പ്രതീക്ഷിച്ചുകൊണ്ട് ഈ ആപ്പിള്‍ കൈയ്യിലെടുത്താല്‍ നിരാശയായിരിക്കും ഫലം. കാരണം ഇതില്‍ മധുരം മാത്രമല്ല, അല്പം കയ്പ്പും ചവര്‍പ്പും എല്ലാമുണ്ട്. വായിച്ചവസാനിപ്പിച്ചാലും ചില കഥാപാത്രങ്ങള്‍ നമ്മെ വിട്ടുപിരിയാതെ എന്തൊക്കെയോ ഓര്‍മ്മിപ്പിച്ചുക്കൊണ്ടിരിക്കും. വായനാനന്തരവും അവര്‍ നമ്മോട് സംവദിക്കുന്നു. ഒരു കഥാകൃത്ത് തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു എന്നതിന് ഇതില്‍ പരം എന്ത് പ്രമാണമാണ്‌ ആവശ്യമായിട്ടുള്ളത്?

സിയാഫ് അബ്ദുള്‍ഖാദിര്‍ എന്ന കഥവണ്ടിക്കാരന്‍ ഈ കഥകളിലൂടെ നമ്മെ നയിച്ചു കൊണ്ടുപോകുമ്പോള്‍ നാം ഈ യാത്ര വളരെയധികം ആസ്വദിക്കുക തന്നെ ചെയ്യുന്നു. ഈ വണ്ടിയില്‍ യാത്ര ചെയ്തവരില്‍ അടുത്ത കഥവണ്ടിക്കായി ഇപ്പോള്‍ തന്നെ കാത്തിരിക്കുന്നവരും ധാരാളമുണ്ടാകും. കഥവണ്ടി ഒരിക്കലും നിലക്കാതിരിക്കട്ടെ - വ്യത്യസ്തമായ കഥകളിലൂടെ അതിന്റെ യാത്ര അനുസ്യൂതം തുടരട്ടെ!

പിന്കുറിപ്പ്:
ദേഹാന്തരയാത്രകളില്‍ എന്ന പോലെ ആപ്പിളിലും ചില അക്ഷരത്തെറ്റുകള്‍ കാണുകയുണ്ടായി. അവയെല്ലാം ഇവിടെ ആവര്‍ത്തിക്കുന്നില്ല...

ബ്ലോഗര്‍മാര്‍ക്കിടയിലെ സര്‍ഗപ്രതിഭകളെ പ്രോത്സാഹിപ്പിക്കുവാന്‍ കൃതി ബുക്സ് രംഗത്തെത്തിയത് കഴിവുറ്റ എഴുത്തുകാര്‍ക്ക് വലിയ പ്രചോദനമാവും എന്നതില്‍ തര്‍ക്കമില്ല. കൃതി ബുക്സിന്റെ അണിയറ ശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍ !!! ഇനിയും അനേകം നല്ല എഴുത്തുകാരും അവരുടെ കൃതികളും കൃതി ബുക്സിലൂടെ വായനക്കാരിലെത്തിച്ചേരട്ടെ എന്നാശംസിക്കുന്നു!

ആപ്പിള്‍ - സിയാഫ് അബ്ദുള്‍ഖാദിര്‍
കൃതി ബുക്സ് പ്രസിദ്ധീകരണം
വില 65/-

ചിത്രങ്ങള്‍ക്ക് കടപ്പാട്: കഥാകൃത്തിന്റെ ഫേസ്ബുക്ക് പേജ്

Tuesday, 3 December 2013

എണ്ണമറ്റ ചോദ്യങ്ങള്‍


രക്തത്തിന് കടുപ്പം വെള്ളത്തെക്കാള്‍ ഏറുമത്രേ
പിന്നെന്തേ രക്തബന്ധങ്ങള്‍ വെള്ളം പോലെയൊലിച്ചു പോയ്‌?

സത്യത്തിന് തിളക്കം  പൊന്നിനെക്കാള്‍ കൂടുമത്രേ
പിന്നെന്തേ നിത്യസത്യങ്ങള്‍ നിറം മങ്ങിയില്ലാതാവുന്നു?

പാരമ്പര്യത്തേക്കാള്‍ വലിയ സ്വത്തില്ലന്നത്രേ
പിന്നെന്തേ നല്ല പാരമ്പര്യങ്ങളൊന്നും കാത്തു സൂക്ഷിക്കാത്തൂ ?

സ്ത്രീയാണ് വീടിന്റെ വിളക്കെന്നുദ്ഘോഷിക്കുന്നത്രേ
പിന്നെന്തേ പെണ്ണ് പിറന്നാല്‍ മനസ്സിലിരുട്ടു കയറുന്നു?

സ്നേഹമാണഖില സാരമൂഴിയില്‍ എന്നത്രേ പ്രമാണം
പിന്നെന്തേ പണത്തിനു മീതെ പരുന്തും പറക്കാത്തൂ?

കുട്ടികള്‍ ദൈവത്തിന്‍ പ്രതിരൂപമാണെന്നത്രേ
പിന്നെന്തേ അവരെ കശക്കിയെറിയുന്നു ചിലര്‍ ?

ബാല്യകാല സഖ്യത്തിനേറും മധുരൊമായിരം മടങ്ങത്രേ
പിന്നെന്തേ പഴയ കൂട്ടുകാരിന്നു ശത്രുക്കളായി?

എന്നുമെന്റെ കൂടെയുണ്ടാവുമെന്നോതിയത് നീയത്രേ
പിന്നെന്തേ ഇന്നെന്നെ എകാകിനിയാക്കി നീ നടന്നകന്നൂ?

ഒന്നുമാശിക്കരുതെന്നു ഞാനെന്‍ മനസ്സിനെ പഠിപ്പിച്ചതത്രേ,
പിന്നെന്തേ ഇന്നറിയാതൊരാശാഭംഗമെന്നെ തളര്‍ത്തിടുന്നു?

ചോദ്യങ്ങളിങ്ങനെ ഇനിയുമിനിയുമനസ്സില്‍ പൊട്ടിവിടരുന്നതെത്ര
എന്നിട്ടുമെന്തേ ഉത്തരങ്ങള്‍ ഒരിക്കല്‍ പോലും പിടി തരാത്തൂ?