Sunday, 16 November 2014

നില്‍ക്കുകയാണിപ്പോഴും...

നാടു ഭരിക്കുമാലയത്തിനു മുന്നിലായ്
ന്യായമാം നീതി തന്‍  പ്രസാദത്തിന്നായ്
നില്‍ക്കുവാന്‍ തുടങ്ങിയിട്ടേറെ നാളായ്
നിസ്സഹായരാം പ്രാണന്മാര്‍ രാപ്പകലുകളായ്...

ദിനരാത്രങ്ങള്‍ മാറിമറിഞ്ഞു, ഋതുക്കളും
പതിവിന്‍ പടി മാറി വരുന്നുണ്ടിവിടെ
മാറ്റമില്ലാത്തതൊന്നു മാത്രമിന്നുമീയ-
ശരണരുടെ രോദനം കേള്‍ക്കാത്ത കാതുകള്‍

വേണ്ടയിവര്‍ക്കു മണി മന്ദിരങ്ങള്‍, വേണ്ട-
തില്ലയൊട്ടും പച്ച നോട്ടിന്‍ പടപടപ്പ്‌;
വേണ്ടതൊന്നുമാത്രം - അമ്മയാം ഭൂമിതന്‍
തണലില്‍ തലചായ്ക്കാനുള്ള സുകൃതം!

കാലുകള്‍ കഴയ്ക്കുന്നു, കുഴയുന്നു....
കൂട്ടത്തിലിണ്ടിവിടെ നില്‍ക്കുന്നു
പിഞ്ചു കാലുകള്‍, തളര്‍ന്നെങ്കിലും
വീര്യമൊട്ടും ചോര്‍ന്നിടാതെ...

ഈ നില്പു കാണുവാന്‍ കണ്ണില്ലാത്തവരേറെ
ഈ രോദനം കേള്‍പ്പാന്‍ ചെവിയില്ലാത്തവര്‍
നിന്നുനിന്നവര്‍ കുഴഞ്ഞു വീഴുമെന്ന വ്യാമോഹമോ
സപ്രമഞ്ചത്തില്‍ വാഴുന്നവര്‍ക്കുള്ളില്‍???

കാടിന്‍റെ മക്കളെന്നു പേരു നല്‍കിയെന്നാകിലും,
ഈ നാടിന്‍റെ മക്കള്‍ താന്‍  ഇവരുമെന്നു നാം മറക്കേ...
കഴയ്ക്കുന്ന കാലും തളരാത്ത മനസ്സും പേറി
ഇവര്‍ ഇപ്പോഴും നില്‍ക്കുന്നുണ്ടവിടെ, നീതിയ്ക്കായ്

സഹജീവികളെച്ചൊല്ലി പരിതപിക്കാനെങ്കിലും
സാഹസമോടെ വന്നണഞ്ഞു ചിലരെങ്കിലും...
എന്നിട്ടും തുറക്കുന്നില്ല വാതിലൊരിഞ്ചു പോലും
മനുഷ്യത്വത്തിന്‍ ഹൃത്തിലും നാടുവാഴും കോവിലിലും...

ഒരു പിടി ജന്മങ്ങള്‍ കാറ്റും വെയിലുമേറ്റിപ്പോഴും
നില്‍ക്കുന്നുണ്ടാ പടിവാതിലില്‍ നീതി തേടി;
ഓര്‍ക്കുക വല്ലപ്പോഴും ഹേ മനുഷ്യാ... ചെറു
ശ്വാസമൊന്നു നിലച്ചാല്‍ തീരും നിന്‍ ജീവനും

എന്നെയും നിന്നെയും പോലെയീ മണ്ണില്‍
സ്വതന്ത്രരായ് വാഴുവാനുണ്ടവര്‍ക്കുമവകാശം
കൈരളിയാം അമ്മതന്‍ മക്കളാണിവരും;
അതിനിയുമറിയില്ലെന്നു നടിച്ചിടാതെ നീ...

നിന്നുകുഴഞ്ഞു മരിച്ചു വീഴും ഈ സമര വീര്യമെന്ന
വ്യാമോഹം നിന്നിലെയഹങ്കാരത്തിനു തുണയായ്
നിന്‍ കാതുകളെയും കണ്‍കളേയുമെന്നെന്നേയ്ക്കും
കൊട്ടിയടയ്ക്കും മുന്‍പൊരിക്കല്‍ മാത്രമെങ്കിലും

അധികാരത്തിന്‍ മത്തു പിടിച്ച കണ്ണുകളാലല്ലാതെ
ബന്ധിതമാം ബുദ്ധിയോടെയല്ലാതെ, നിര്‍ജ്ജീവമാം
മനസ്സോടെയല്ലാതെയൊരു മാത്രയെങ്കിലുമീ
ആശരണര്‍ക്കു നേരെ സ്നേഹത്തിന്‍ കണ്‍ തുറക്കൂ...Wednesday, 18 June 2014

“അമ്മീമകഥകള്‍” - അമ്മ മധുരം പകരും നന്മയുടെ കഥകള്‍

(മലയാളം ബ്ലോഗേഴ്സ് പ്രസിദ്ധീകരണമായ ഇ-മഷി ഓണ്‍ലൈന്‍ മാസികയുടെ മേയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

എച്ച്മുക്കുട്ടിയെ പരിചയപ്പെടുന്നത് ഈയടുത്താണ് – ബ്ലോഗര്‍ കൂട്ടായ്മകളിലെ സജീവ സാന്നിദ്ധ്യമായ അവരുടെ എഴുത്ത് വളരെ കുറച്ചേ ഞാന്‍ വായിച്ചിട്ടുള്ളുവെങ്കിലും വേറിട്ടതാണ് എന്ന തോന്നലാണ് എന്നില്‍ ഉണ്ടായിട്ടുള്ളത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കുശലാന്വേഷണങ്ങള്‍ക്കിടയില്‍ 'അമ്മീമക്കഥകള്‍' എഴുത്തുകാരിയുടെ കൈയൊപ്പോടെ കിട്ടാന്‍ എന്താ വഴി എന്ന എന്‍റെ ചോദ്യത്തിനു മറുപടിയായി 'ഞാന്‍ അയച്ചു തരാം' എന്ന്‍ പറയുകയും, ഏറെ തിരക്കുകള്‍ക്കിടയിലും ഇക്കാര്യം ഓര്‍ത്തുവെച്ച്, എനിക്ക് പുസ്തകം അയച്ചു തരികയുമുണ്ടായി.

നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഇല്ലാത്ത സമയത്താണ് പുസ്തകം എന്റെ വിലാസത്തില്‍ എത്തിയത്. പിന്നീട് പുസ്തകം കൈയില്‍ക്കിട്ടിയപ്പോള്‍ പതിവില്ലാത്തവിധം ജോലിത്തിരക്കും! എന്നാലും അല്പാല്പമായി കിട്ടിയ (കണ്ടെത്തിയ) ഇടവേളകളില്‍ ഞാന്‍ അമ്മീമ കഥകള്‍ വായിച്ചു.

അമ്മീമക്കഥകളെ ഒറ്റവാക്കില്‍  നിര്‍വചിക്കാന്‍ ബുദ്ധിമുട്ടാണ്. ഒറ്റനോട്ടത്തില്‍ ഒരു ബാല്യകാലസ്മരണയാണെന്ന് തോന്നുമെങ്കിലും, അത് അതിലുമധികം എന്തൊക്കെയോ ആണ്.
അമ്മീമ മറ്റാരുമല്ല, കഥാകാരിയുടെ അമ്മയുടെ സഹോദരിയാണ്. തങ്ങളുടെ ബാല്യത്തിന്റെ വലിയൊരു പങ്ക് അവരും അനിയത്തിയും അമ്മീമയുടെ സംരക്ഷണയിലാണ് ചെലവിട്ടത്. അതിനാല്‍ത്തന്നെ അവര്‍ക്ക് അമ്മീമ വെറുമൊരു വല്യമ്മയായിരുന്നില്ല – അവരുടെ എല്ലാമെല്ലാമായിരുന്നു. അമ്മീമ കാണിച്ച വഴികളിലൂടെ, അവർ പകർന്നുകൊടുത്ത നന്മയും സ്നേഹവും മുതല്‍ക്കൂട്ടായി യാത്ര ആരംഭിച്ച കഥാകാരി ഇന്നും ആ വഴികളിലൂടെത്തന്നെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് അവരുമായുള്ള എന്‍റെ വളരെ പരിമിതമായ ഇടപഴകലില്‍നിന്നും എനിക്ക് മനസ്സിലാക്കാനായത്.

അമ്മീമ അനന്യസാധാരണമായ ഒരു വ്യക്തിത്വത്തിനുടമയായിരുന്നു. പന്ത്രണ്ടാം വയസ്സില്‍ വിവാഹിതയാവുകയും താമസിയാതെ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്ത ഒരു യാഥാസ്ഥിതിക ‘പട്ടത്തിക്കുട്ടി’യില്‍ നിന്നും അവര്‍ ഒരു വലിയ മനസ്സിന്റെ, നന്മയുടെ, കരുതലിന്റെ, അമലമായ സ്നേഹത്തിന്റെ ഉടമയായ അമ്മീമയായി മാറുന്ന ആ യാത്ര – അതാണ്‌ അമ്മീമ കഥകള്‍  പറയുന്നത്. വായനക്കാരെപ്പോലും സ്വാധീനിക്കാന്‍ അവരെക്കുറിച്ചുള്ള കഥകള്‍ക്ക് ശക്തിയുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ അവര്‍ എച്ച്മുവിനും അനിയത്തിക്കും ശരിക്കും എത്ര വലിയ സ്വാധീനമായിരുന്നിരിക്കാം എന്ന്‍ ഊഹിക്കാവുന്നതേയുള്ളൂ...

ഹൃദ്യമാണ് അമ്മീമക്കഥകള്‍ - ഹൃദയശുദ്ധിയും നന്മയും നിറഞ്ഞാടുന്ന ഒരാളെക്കുറിച്ചുള്ള കഥ മറിച്ചാവുന്നതെങ്ങനെ? ലളിതമായ ഭാഷയില്‍, ഇനിയും കൈമോശം വന്നിട്ടില്ലാത്ത നിഷ്കളങ്കതയോടെ എച്ച്മു അമ്മീമക്കഥകള്‍ പറയുമ്പോള്‍ നമ്മളും ആ വീട്ടില്‍ അവരോടൊപ്പം വളരുകയാണ് – ചിരട്ടക്കയിലുകളാവുന്നതും, ഘനമുള്ള പുസ്തകം വായനശാലയില്‍ നിന്നെടുത്ത് ഇളിഭ്യയാവുന്നതുമൊക്കെ നമ്മള്‍ തന്നെയാണ്. ഗോവിന്നനും പാറുക്കുട്ടിയുമൊക്കെ നമ്മുടെ തറവാടുകളില്‍ ഉള്ള കഥാപാത്രങ്ങള്‍ തന്നെയാണല്ലോ എന്ന് പലര്‍ക്കും തോന്നിയാല്‍ അദ്ഭുതമൊന്നുമില്ല. എന്നാല്‍ നമ്മുടെ വീട്ടില്‍ ഇല്ലാതെ പോയത് ഒരാള്‍ മാത്രമാണ് – അമ്മീമ. പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ വായനക്കാര്‍ അറിയാതെ ആഗ്രഹിച്ചു പോകും – അമ്മീമ എന്റെ അമ്മീമയായിരുന്നെങ്കില്‍ എന്ന്‍!

അമ്മീമ വ്യത്യസ്തയാവുന്നതെങ്ങനെയാണ്? കയ്പേറിയ ജീവിതാനുഭവങ്ങളും പ്രതികൂലമായ സാഹചര്യങ്ങളും ഒറ്റപ്പെടലുകളും ഒക്കെ അമ്മീമയെ ഹൃദയശൂന്യയാക്കുകയല്ല, മറിച്ച് മറ്റുള്ളവരുടെ ദു:ഖങ്ങള്‍ മനസ്സിലാക്കാനും അവര്‍ക്ക് ആശ്വാസം പകരാനുമുള്ള പ്രാപ്തി നല്‍കുകയാണ് ചെയ്തത്. അതാണ്‌ അവരെ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തയാക്കുന്നത്. അമ്മീമയുടെ നന്മ പുസ്തകത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നു. അവ എണ്ണിയെണ്ണി പറയാന്‍ നിന്നാല്‍ പുസ്തകം മുഴുവനും ഇവിടെ പകര്‍ത്തേണ്ടി വരും.
തനിക്കു ചുറ്റുമുള്ളവരെ വളരെയധികം സ്നേഹത്തോടെയും ദയയോടെയും മാത്രമേ അമ്മീമ കണ്ടിട്ടുള്ളു. അത് പണ്ട് തന്നെ ഉപദ്രവിച്ചവര്‍ ആയിരുന്നെങ്കില്‍പ്പോലും... അതുപോലെ താന്‍ വിഷമത്തിലായിരുന്ന അവസ്ഥയില്‍ തന്നെ സഹായിച്ചവരേയും അമ്മീമ ഒരിക്കലും മറന്നില്ല. ജാനകിയമ്മയെ എല്ലാവരും കളിയാക്കുമ്പോഴും അമ്മീമ അവരെ വേണ്ടവിധം മാനിച്ചിരുന്നത് തന്നെ ആപദ്ഘട്ടത്തില്‍ സഹായിക്കാന്‍ അവരേ ഉണ്ടായിരുന്നുള്ളൂ എന്ന ഓര്‍മ കൊണ്ടു കൂടിയാണ്.  

ജാതിമതവ്യവസ്ഥിതികള്‍ യാഥാസ്ഥിതികമായിരുന്ന ഒരു കാലഘട്ടത്തില്‍ വ്യത്യസ്ത ജാതികളില്‍ പെട്ട ആളുകള്‍ വിവാഹിതരായാല്‍ ഉണ്ടാകാവുന്ന പല പ്രശ്നങ്ങളും തങ്ങളുടെ കുടുംബത്തില്‍ ഉണ്ടായിരുന്നു എന്ന്‍ കഥാകാരി സൂചിപ്പിക്കുന്നുണ്ട് – അമ്മീമയുടെ തണലില്‍ അവര്‍ വളരാനുണ്ടായ ഒരു കാരണം ഈ കൊച്ചുകൊച്ച് അസ്വാരസ്യങ്ങള്‍ തന്നെയാണ് എന്നും വായനയില്‍ തെളിയുന്നു. എന്തായാലും അമ്മീമയും ആ രണ്ടു പെണ്‍കുട്ടികളും ഒന്നിച്ചു കൂടിയതോടെ രണ്ടു കൂട്ടരുടേയും ജീവിതം മാറിമറിഞ്ഞു എന്നതാണ് സത്യം – അത് പക്ഷേ ഗുണകരമായ ഒരു മാറ്റമായിരുന്നു എന്ന്‍ അനുമാനിക്കേണ്ടിയിരിക്കുന്നു.

ഏകാന്തമായ ജീവിതം നയിച്ചിരുന്ന അമ്മീമയുടെ ദിവസങ്ങള്‍ക്ക് ആ കുട്ടികള്‍ നിറവും മണവും പ്രദാനം ചെയ്തപ്പോള്‍ അവരുടെ ജീവിതത്തില്‍ ഉടനീളം ഉപകരിക്കുന്ന, ഒരു സ്കൂളില്‍ നിന്നോ കോളേജില്‍ നിന്നോ ഒരിക്കലും ലഭിക്കാനിടയില്ലാത്ത ജീവിതപാഠമാണ് അമ്മീമ അവര്‍ക്ക് പകര്‍ന്നു നല്‍കിയത്. ആ കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു അമ്മീമ. ഒരുപക്ഷേ ഇന്നു് വീടുകളിൽ ഇല്ലാതെ പോകുന്നതും ഇത്തരം അമ്മീമമാരാണ്. കുട്ടികള്‍ സ്വാര്‍ത്ഥരും സ്നേഹമില്ലാത്തവരും മറ്റുള്ളവരെക്കുറിച്ച് വിചാരമില്ലാത്തവരുമൊക്കെയായി തീരുന്നത്, ഒരു പരിധിവരെ, അവരുടെ ജീവിതത്തില്‍ അമ്മീമയെപ്പോലെ ഒരു നിലവിളക്ക് തെളിഞ്ഞു കത്താത്തതുകൊണ്ടാണ് എന്ന് തോന്നുന്നു.

അതിനാല്‍ അമ്മീമ കഥകള്‍ മുതിര്‍ന്നവര്‍ക്കുള്ള ഒരു ഓർമ്മപ്പെടുത്തല്‍കൂടിയാണ്. ഇങ്ങനെയാവണം അമ്മമാര്‍ - മക്കളെ നന്മയുടെ വഴിയിലേക്ക് വേണം നയിക്കാന്‍. സഹജീവി സ്നേഹവും, കരുതലും എല്ലാം അവര്‍ക്ക് നാം വേണം പകര്‍ന്നു നല്‍കാന്‍ എന്ന്‍ അമ്മീമക്കഥകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
അമ്മീമ കഥകള്‍ വായനക്കാര്‍ക്കായി പങ്കുവെച്ചതിന് എച്ച്മുക്കുട്ടിക്ക് ഒരായിരം നന്ദി. അമ്മീമക്കഥകള്‍  വ്യക്തിപരമായ ഒരു ഓര്‍മച്ചിത്രം മാത്രമായി മാറുമായിരുന്നു. അതങ്ങനെയല്ലാതെ ഒരു ഹൃദ്യമായ അനുഭൂതിയാക്കി മാറ്റിയത് അവരിലെ എഴുത്തുകാരിയുടെ മികവ് തന്നെ, സംശയമില്ല. ഇനിയത്തെ വായനയിലും അമ്മീമയില്‍ നിന്നും എന്തെങ്കിലും നന്മ പകര്‍ന്നു കിട്ടും എന്ന തോന്നല്‍ ഒരു പുനര്‍വായനയ്ക്ക് പ്രേരിപ്പിക്കുന്നു. എന്തുകൊണ്ടും വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണ് അമ്മീമകഥകള്‍ - പ്രത്യേകിച്ച് വീട്ടിൽ ചെറിയ കുട്ടികളുള്ളവര്‍.

കൂട്ടത്തില്‍ പറയട്ടെ – തുടക്കത്തില്‍ രണ്ട് അവതാരിക/ആസ്വാദനം വേണ്ടിയിരുന്നില്ല എന്നാണ് എനിക്ക് തോന്നിയത്. അതു പോലെ തന്നെ ദൈവം മരിച്ച നാള്‍ എന്ന കഥയോടെ പുസ്തകം അവസാനിപ്പിക്കാമായിരുന്നു. അതു കഴിഞ്ഞു വന്ന കഥ വായനയുടെ ഒഴുക്കിനെയും മനസ്സിലെ ചിന്തകളെയും പ്രതികൂലമായി ബാധിച്ചു.

ഇവ രണ്ടും ഒഴിച്ചുനിര്‍ത്തിയാല്‍ ഒറ്റയിരിപ്പിനു വായിച്ചു തീര്‍ക്കാന്‍ കഴിയുന്ന, ഹൃദയസ്പര്‍ശിയായ പുസ്തകമാണ് ‘അമ്മീമ കഥകള്‍’. സി എൽ എസ് ബുക്സ് (തളിപ്പറമ്പ) പ്രസിദ്ധീകരിച്ച  ഈ പുസ്തകത്തിന്‍റെ വില 90 രൂപയാണ്. പ്രസാധകരിൽ നിന്നു തപാൽ വഴിയും ഇന്ദുലേഖ ഓൺലൈൻ പോർട്ടൽ വഴിയും പുസ്തകം ലഭ്യമാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിനു പുറമേ തൃശ്ശൂര്‍ തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ചില കടകളിലും അമ്മീമ കഥകള്‍ ലഭ്യമാണ്. നന്മ നിറഞ്ഞ നമ്മുടെ ബാല്യകാലത്തേക്ക് ഒരു തിരിച്ചു പോക്ക് ആഗ്രഹിക്കുന്നുവെങ്കില്‍ ഈ പുസ്തകം തീര്‍ച്ചയായും വായിക്കുക.

എച്ച്മുക്കുട്ടിയുടെ കൂടുതല്‍ രചനകള്‍ ദാ ഇവിടെപ്പോയാല്‍ കാണാം.

Friday, 23 May 2014

സഫാരി വിശേഷങ്ങള്‍ (കാടിന്റെ കുളിര്‍മയിലേക്ക് ഒരു യാത്ര - രണ്ടാം ഭാഗം)

യാത്രയുടെ തുടക്കം ദാ ഇവിടെയുണ്ട്  കാടിന്റെ കുളിര്‍മയിലേക്ക് ഒരു യാത്ര


ഗവിയിലെ പ്രഭാതം 
രാപ്പാടികളുടെ പാട്ടുകേട്ട് ഏറെ സുഖകരമായ ഉറക്കത്തിലാണ്ടു പോയ ഞാന്‍ അലാറം അടിച്ചിട്ടെന്ന പോലെ കൃത്യം അഞ്ചു മണിക്കുതന്നെയുണര്‍ന്നു. നനുത്ത കാറ്റും അനേകം കിളികളുടെ കളകളനാദവുമായാണ് ആ പ്രഭാതം ഞങ്ങളെ വരവേറ്റത്. പ്രഭാതകര്‍മ്മങ്ങളും കുളിയുമൊക്കെ കഴിഞ്ഞ് ഞങ്ങള്‍ വേഗം തയ്യാറായി. ഒരല്പ നേരം ടെന്റിനു മുന്നില്‍ത്തന്നെ നിന്ന്, നിര്‍മ്മലമായ ആ പുലരിയുടെ അതുല്യ സൌന്ദര്യം മനസ്സിലേക്ക് ആവാഹിച്ചുകൊണ്ട് ഞങ്ങള്‍ റിസെപ്ഷന്‍ ലക്ഷ്യമാക്കി നടന്നു. ചെറിയ തോതില്‍ മഞ്ഞു മൂടി നില്‍ക്കുന്ന പ്രകൃതിയില്‍ അധികമെങ്ങും കാണാത്ത ഒരു നവത്വം തുളുമ്പി നില്‍ക്കുന്നത് പോലെ തോന്നി. ഒരു നിമിഷ നേരം പോലും നിശബ്ദമല്ലാത്ത കാട് - കുരുവികളും തേന്‍ കിളികളും കാട്ടുമൈനയും ബുള്‍ബുളുകളും എന്നുവേണ്ട, പേരറിയാത്ത അനേകം പക്ഷികള്‍ അവരവരുടെ മധുര സ്വരത്തില്‍ പാടിക്കൊണ്ട് പ്രഭാതത്തെ വരവേല്‍ക്കുകയായിരുന്നു.

പ്രകൃതി രാവിന്‍റെ കരവലയത്തില്‍ നിന്നും പുലരിയുടെ മടിത്തട്ടിലേക്കിറങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ഉദയത്തിനു മുന്‍പുള്ള നേര്‍ത്ത ഇരുട്ടില്‍ ചെറു കുളിരും ആസ്വദിച്ചു ഞങ്ങള്‍ നടന്നു. കാന്‍റീനില്‍ രാവിലെ അഞ്ചേ മുക്കാലോടെ കട്ടന്‍കാപ്പി കിട്ടുമെന്ന് തലേദിവസം തന്നെ പറഞ്ഞിരുന്നു. അഞ്ച് അമ്പതോടെ ഞങ്ങള്‍ റിസെപ്ഷന്‍റെ മുന്നിലെത്തിയപ്പോഴേക്കും സഫാരിക്കു പോകാനുള്ള ജീപ്പുകള്‍ നിരനിരയായി നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ രാമചന്ദ്രനെ അവിടെയൊന്നും കണ്ടില്ല. സഫാരിക്കുള്ള ആളുകള്‍ ഓരോ ടീം ആയി ജീപ്പില്‍ കയറി പൊയ്ക്കൊണ്ടിരുന്നു. രാമചന്ദ്രന്‍ എത്തുമ്പോഴേയ്ക്കും ഒരു കട്ടന്‍കാപ്പി കുടിച്ചു വരാമെന്ന് കരുതി ഞങ്ങള്‍ കാന്റീനില്‍ പോയി. വേഗം കാപ്പി കുടിച്ച് തിരിച്ചെത്തിയപ്പോഴും രാമചന്ദ്രന്‍ എത്തിയിട്ടില്ല. ഒന്നോ രണ്ടോ ജീപ്പോഴിച്ച് ബാക്കിയെല്ലാം ഇതിനോടകം സഫാരിക്ക് പോയിക്കഴിഞ്ഞിരുന്നു.
കാത്തിരിപ്പ്

എന്തു ചെയ്യേണ്ടൂ എന്നു കരുതി നില്‍ക്കുമ്പോഴേക്കും രാമചന്ദ്രന്‍ എത്തി. ആറു മണിക്കു മുന്‍പ് വരാമെന്ന് പറഞ്ഞ ആള്‍ എത്തിയത് ആറുമണിക്ക് ശേഷം! എന്നാലിനി സഫാരിക്ക്‌ പോവുകയല്ലേ എന്ന്‍ ചോദിച്ചപ്പോഴാണ് അടുത്ത പ്രശ്നം - ഞങ്ങള്‍ രണ്ടുപേര്‍ മാത്രമായതിനാല്‍ ഒറ്റക്കൊരു ജീപ്പ് അനുവദിക്കില്ല. കൂടെ വേറേയും ചിലര്‍ ഉണ്ടാകും. അങ്ങനെയെങ്കില്‍ അങ്ങനെ എന്നു കരുതി പുറപ്പെടാന്‍ തയ്യാറായി നിന്ന ഞങ്ങളെ നിരാശപ്പെടുത്തിക്കൊണ്ട് അടുത്ത വാര്‍ത്ത - ഞങ്ങളുടെ കൂടെ പോകാനുള്ള ഗ്രൂപ്പ് ഇത് വരെ എത്തിയിട്ടില്ല! അവരെക്കാത്ത് അഞ്ചു മിനിറ്റ് നിന്നു - അപ്പോഴേക്കും സമയം ആറേകാല്‍ ആയി- എന്നിട്ടും അവരുടെ ഒരു വിവരവും ഇല്ല. ഇതിനടയില്‍ ശേഷിച്ച രണ്ടു ജീപുകളില്‍ ഒരെണ്ണം കൂടി യാത്രയായി. ഒടുവില്‍ ഞങ്ങളുടെ അക്ഷമ കണ്ട അവരുടെ ഗൈഡ് അവരെത്തിരഞ്ഞു പോയി - ഒടുവിലത്തെ ജീപ്പില്‍...

ഏറെ ആശിച്ചും ഉത്സാഹിച്ചും കൃത്യ സമയത്തു തന്നെ എത്തിയ ഞങ്ങള്‍ക്ക് ഈ കാത്തിരിപ്പ് വളരെയധികം നിരാശയുണ്ടാക്കി. കാട്ടിലെ സഫാരിക്ക് എത്രയും നേരത്തെ പോകുന്നുവോ, മൃഗങ്ങളെയും മറ്റും കാണാനുള്ള സാദ്ധ്യത അത്രത്തോളം അധികമാണ് എന്നതാണ് കേട്ടറിവ്. ഓരോ മിനിറ്റു കഴിയുമ്പോഴും ഞങ്ങളുടെ അക്ഷമ കൂടി വരികയായിരുന്നു. മറ്റുള്ളവര്‍ കാരണം ഞങ്ങള്‍ എന്തിന് സഹിക്കണം? അവര്‍ സമയത്തിന് എത്തിയിട്ടില്ലെങ്കില്‍ അതവരുടെ കുറ്റം- അതിനു ഞങ്ങള്‍ എന്തിന് കഷ്ടപ്പെടണം എന്നൊക്കെ തോന്നിത്തുടങ്ങി. ആറരയായിട്ടും അവരെ കാണാതായപ്പോള്‍ രാമചന്ദ്രനും അവരെ തേടിപ്പോയി... (ഞങ്ങളില്‍ ഉയര്‍ന്നു വരുന്ന ധാര്‍മിക രോഷം അറിഞ്ഞിട്ടെന്നോണം) കുറച്ചു  നേരം നിരാശയോടെ മുഖത്തോടുമുഖം നോക്കിയിരുന്നു ഞങ്ങള്‍...

ഒടുവില്‍ ഏതാണ്ട് ആറേമുക്കാല്‍ ആയപ്പോഴേക്കും രാമചന്ദ്രനും ജഗനും (അവരുടെ ഗൈഡ്) അവരെയും കൂട്ടി വന്നു. മൂന്നാല് കുട്ടികളും ആറു മുതിര്‍ന്നവരും ഉള്‍പെട്ട ആ സംഘം ജീപ്പിലെ സ്ഥലം ഏതാണ്ട് മുഴുവനും കൈയടക്കിയിരുന്നു. തിക്കിത്തിരക്കി ഞെങ്ങിഞ്ഞെരിഞ്ഞു ഞങ്ങളും അതില്‍ കയറിപ്പറ്റി. എങ്ങനെയൊക്കെയോ അതില്‍ കയറി ഒരുവിധത്തില്‍ ഇരുപ്പുറപ്പിച്ച എന്നെ നോക്കി ആ സംഘത്തിലെ ഒരു സ്ത്രീ പുഞ്ചിരിച്ചു - എന്തോ വലിയ കാര്യം ചെയ്ത പോലെ അവര്‍ ചിരിച്ചപ്പോള്‍ അത് കാണാത്ത വിധം തല തിരിക്കാനാണ് എനിക്കപ്പോള്‍ തോന്നിയത്. ഒട്ടും മര്യാദയല്ല എന്നറിയാമായിരുന്നിട്ടും അതുതന്നെയാണ് ഞാന്‍ ചെയ്തതും. അതുവരെ തോന്നിയ ദേഷ്യം ആ രൂപത്തില്‍ പുറത്തു ചാടുകയായിരുന്നു.

വണ്ടിയെക്കുറിച്ചു പറഞ്ഞില്ലല്ലോ -  ഇടിവെട്ടേറ്റവന്റെ തലയില്‍ തേങ്ങ വീണെന്നു പറഞ്ഞ പോലെയായി - സാധാരണ ജംഗിള്‍ സഫാരിക്ക് തുറന്ന ജീപ്പുകളാണ് പതിവ്. പക്ഷിമൃഗാദികളെ നിരീക്ഷിക്കാനും അവയെ വളരെ വേഗം കാണാനും വണ്ടിയിലുള്ളവര്‍ക്കെല്ലാം കാഴ്ചകള്‍ കാണാനും അത്തരം ജീപ്പുകളാണ് അനുയോജ്യം. എന്നാല്‍ ഞങ്ങള്‍ സഫാരിക്ക് പോകുന്നത് ഒരു അടച്ച ജീപ്പിലാണ്. വാതിലിനടുത്താണ് ഇരിക്കുന്നതെങ്കില്‍ എന്തെങ്കിലുമൊക്കെ കാണാം... ഉള്ളില്‍ ഞെരുങ്ങിയിരിക്കുന്ന എനിക്ക് മുന്നിലിരിക്കുന്നവരുടെ തലയും പിന്നില്‍ ഓടിമറയുന്ന റോഡിന്‍റെ ഭാഗങ്ങളും മാത്രമേ കാണാനാകൂ... അങ്ങനെയിരിക്കുമ്പോള്‍ ചിരിക്കാന്‍ തോന്നുന്നതെങ്ങനെ??? ഇതൊക്കെ പോട്ടേന്ന് വെക്കാം... യാത്ര തുടങ്ങിയത് മുതല്‍ മറ്റേ സംഘത്തിലുള്ളവര്‍ സംസാരത്തിലാണ് - അതും ഉറക്കെയുറക്കെ. അവരുടെ സംസാരം കേട്ടപ്പോള്‍ സംസാരിക്കാന്‍ വേണ്ടിയാണ്, അല്ലാതെ കാടിന്‍റെ കാഴ്ചകള്‍ കാണാനല്ല അവര്‍ വന്നതെന്ന് തോന്നിപ്പോയി. അരിശവും ഈറയും എന്റെ മുഖത്ത് കാര്‍മേഘം പോലെ കനത്തു കണ്ടിട്ടായിരിക്കാം, അവരാരും പിന്നീട് എന്റെ നേരെ നോക്കിയതു പോലുമില്ല.

അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
കാട്ടില്‍ പോകുമ്പോള്‍ പാലിക്കേണ്ട പ്രധാനപ്പെട്ട ചില നിയമങ്ങളുണ്ട് - നമ്മില്‍ പലര്‍ക്കും അതറിയില്ല എന്നതാണ് സത്യം. ഒന്നാമതായി കാട്ടില്‍ സംസാരം പാടില്ല -ഇനി അഥവാ സംസാരിക്കണം എന്നുണ്ടെങ്കില്‍ വളരെ പതുക്കെ മാത്രം സംസാരിക്കണം. നമ്മുടെ സംസാരം എത്രയോ അകലെയുള്ള മൃഗങ്ങള്‍ക്ക് കേള്‍ക്കാം - നാം വരുന്നുണ്ടെന്ന് അറിഞ്ഞാല്‍ അവ ഒളിച്ചു നില്‍ക്കുകയേ ഉള്ളൂ. അതിനാല്‍ അവരെ അലോസരപ്പെടുത്താതെ, അവര്‍ക്ക് ശല്യമാകാത്ത രീതിയില്‍ വേണം നാം പെരുമാറാന്‍. കാടിന്‍റെ നിറങ്ങളുമായി ഒത്തുപോകുന്ന നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. വെള്ള, ചുവപ്പ്, കടും മഞ്ഞ തുടങ്ങിയ നിറങ്ങള്‍ ഒഴിവാക്കേണ്ടതാണ്. പച്ച, ബ്രൌണ്‍, ചാര നിറം തുടങ്ങിയവയാണ് അനുയോജ്യം - അതും മങ്ങിയ നിറങ്ങള്‍... വെള്ള നിറം കണ്ടാല്‍ കടന്നല്‍ ആക്രമിക്കാന്‍ വരുമെന്ന് കേട്ടിട്ടുണ്ട് (എത്രത്തോളം ശാസ്ത്രീയതയുണ്ട് ഇതിലെന്ന്‍ അറിയില്ല).

വഴിയും സഹയാത്രികരും 
എന്തായാലും അവര്‍ ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും കേട്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു - ഗവിയില്‍ നിന്നും പത്തനംതിട്ടയിലേക്കുള്ള റോഡ്‌ ആണ് റൂട്ട്. മൂന്നാലു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ റോഡ്‌ എന്നത് അവിടെയിവിടെ കിടക്കുന്ന ടാറിന്റെ കഷ്ണങ്ങള്‍ മാത്രമായി മാറി. വണ്ടി ആ വഴിയിലൂടെ ഉലഞ്ഞും തിരിഞ്ഞും ചാടിയും എങ്ങനെയൊക്കെയോ മുന്നോട്ട് പോകുന്നു. നടുവേദനയില്ലാത്തവര്‍ക്ക് നടുവേദന എപ്പോള്‍ തുടങ്ങിയെന്നു ചോദിച്ചാല്‍ മതി, ആ യാത്ര കഴിയുമ്പോഴേക്കും... കുറെ ദൂരം ആ വഴിയിലൂടെ സഞ്ചരിച്ചു - ഇടയ്ക്ക് ഒന്ന് രണ്ടു ഒഴിഞ്ഞ ജനവാസ കേന്ദ്രങ്ങള്‍ കണ്ടു - പണ്ട് ഡാം ഉണ്ടാക്കാന്‍ സായിപ്പ് വന്ന കാലത്ത് പണിയാളുകള്‍ താമസിച്ച സ്ഥലമാണത്രേ - ഇപ്പോഴും അവിടെയുള്ള ചില പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങള്‍ ക്വാര്‍ട്ടേര്‍സ് ആയി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തോന്നുന്നു.

എന്തായാലും കുറെ ദൂരം ആ വഴിയിലൂടെ പോയി - പൊതു ജനത്തിനു പോകാന്‍ അനുവാദമുള്ളയത്ര വരെ. വഴിയില്‍ ഒരിടത്തും ആന പോയിട്ട് ഒരു കുരങ്ങനെപ്പോലും കണ്ടില്ല എന്നതാണ് സത്യം. ഒടുവില്‍ വണ്ടി തിരിച്ചു ക്യാമ്പിലേക്ക് പോകാന്‍ ഒരുങ്ങി. വരുന്ന വഴിയില്‍നിന്നു കാണാവുന്ന ഒരു മലമുകളില്‍ കാട്ടുപോത്തുകള്‍ ഉണ്ടെന്ന്‍ അറിഞ്ഞു. വഴിയരുകില്‍ വണ്ടി നിര്‍ത്തി ഞങ്ങളെല്ലാം ആ കാഴ്ച്ച കൂടുതല്‍ നന്നായി ആസ്വദിക്കാനായി അടുത്തുള്ള കുന്നിന്റെ മണ്ടയിലെത്തി. (കുന്നു കയറുന്ന കാട്ടു വഴികളില്‍ അവിടവിടെ ആനപിണ്ഡം കാണാം - ആനയിറങ്ങുന്ന സ്ഥലമാണ് എന്നതിന് കൂടുതല്‍ തെളിവ് വല്ലതും വേണോ!) അവിടെയെത്തിയപ്പോള്‍ അതാ മുന്നിലെ മലയില്‍ കറുത്ത പാറക്കെട്ടുകള്‍ പോലെ കാട്ടുപോത്തുകള്‍... എല്ലാം കൂടി പത്തിരുപതെണ്ണം കാണും.. അവ മേഞ്ഞുനടക്കുന്ന കാഴ്ച്ച അല്‍പ നേരം നോക്കി നിന്നു. (ഒരിക്കല്‍ ചില സന്ദര്‍ശകര്‍ ഇതേ സ്ഥലത്ത് ഇത് പോലെ കാട്ടുപോത്തിനെ നോക്കി നിന്ന വേളയില്‍ ഒരു കടുവ അവറ്റയെ ആക്രമിക്കുന്നത് കണ്ടുവത്രേ! ഞങ്ങള്‍ക്ക് അത്തരം ഭാഗ്യമൊന്നും ഉണ്ടാവാന്‍ ഇടയില്ല...)
അവിടെ നിന്ന്‍ കുറച്ചു ഫോട്ടോകള്‍ എടുത്ത് തിരിച്ചു കുന്നിറങ്ങി വണ്ടിയുടെ അടുത്തെത്തി.

കുന്നുകളും കാട്ടുപോത്തുകളും പിന്നെ പാവം ഞാനും!
ഞങ്ങള്‍ നില്‍ക്കുന്ന റോഡിനു താഴെയായി ആനയുണ്ടെന്നു രാമചന്ദ്രന്‍. (ഞങ്ങളുടെ ഗൈഡ് രാമചന്ദ്രന്‍ ഒരു ആന സ്പെഷ്യലിസ്റ്റ് ആണത്രേ. ആനയെ കണ്ടു പിടിക്കാനും അവയുടെ നീക്കങ്ങള്‍ മനസ്സിലാക്കാനും അയാളെക്കഴിഞ്ഞേ മറ്റുള്ളവരുള്ളൂ എന്നാണ് പൊതുവേയുള്ള അഭിപ്രായം.) താഴെ മലയിടുക്കില്‍ ഒരു മരത്തിനു പിന്നില്‍ ആനയുണ്ടെന്നും അത് വൈകാതെ പുറത്തിറങ്ങും എന്നൊക്കെ രാമചന്ദ്രന്‍ പറഞ്ഞു. ഞങ്ങള്‍ കുറെ നേരം നോക്കി നിന്നെങ്കിലും ഒന്നും കാണാനായില്ല.  അപ്പോഴേയ്ക്കും കൂടെയുള്ള സംഘത്തിലെ ആളുകള്‍ ധൃതി കൂട്ടാന്‍ തുടങ്ങി. അവര്‍ക്ക് വിശക്കുന്നു പോലും. (നേരം വൈകി എത്തിയ കാരണം അവര്‍ക്ക് രാവിലെ കട്ടന്‍ കാപ്പി കുടിക്കാന്‍ പോലും സമയം കിട്ടിയില്ലായിരുന്നു) ഒടുവില്‍ മനസ്സില്ലാമനസ്സോടെ വീണ്ടും ജീപ്പില്‍ കയറി.

ചാടിയും കുലുങ്ങിയും പോയ്ക്കൊണ്ടിരിക്കുന്നതിനിടയില്‍ ഗൈഡ് പറയുന്നു അതാ ആ മരത്തില്‍ ഒരു മലയണ്ണാന്‍ എന്ന്! മൂടിയ ജീപ്പില്‍ ഇരുന്ന്‍ എന്ത് കാണാനാണ്! ഞങ്ങള്‍ പുറത്തിറങ്ങി - ഒപ്പം മറ്റേ സംഘത്തിലെ കുട്ടികളും. അതാ അതാ എന്നവര്‍ ഒച്ച വെച്ചതും മലയണ്ണാന്‍ അതിന്റെ പാട്ടിനു പോയി... ഞങ്ങള്‍ വീണ്ടും വണ്ടിയിലേക്ക്.
അതാ... അങ്ങു ദൂരെ ഒരു മ്ലാവ് ... അല്ല, ഒന്നല്ല, മൂന്നാലെണ്ണമുണ്ട്... 
കുറെ ദൂരം പോയപ്പോള്‍ ദൂരെയുള്ള ഒരു മലമുകളില്‍ വൈദ്യുതി കമ്പി ഉറപ്പിക്കാനായി ഉണ്ടാക്കിയ ഒരു തറയില്‍ മ്ലാവുകള്‍ ഉണ്ടെന്നു പറഞ്ഞു വണ്ടി നിര്‍ത്തി. നഗ്ന നേത്രങ്ങള്‍ കൊണ്ട്  അവയെ കാണാന്‍ വിഷമമാണ്. ബൈനോക്കുലര്‍ വെച്ച് നോക്കിയപ്പോള്‍ ശരിയാണ് - മൂന്ന്‍ മ്ലാവുകള്‍ വെയില്‍ കായുന്നു - ഒരാണും മൂന്ന് പെണ്ണുങ്ങളും. അതും കഴിഞ്ഞു വീണ്ടും യാത്ര തുടര്‍ന്നു. ഒരിക്കല്‍ കൂടി മലയണ്ണാനെ കണ്ടു. ഇത്തവണ കുട്ടികളെ നോക്കി പേടിപ്പിച്ച് മിണ്ടാതിരുത്തി, ഒപ്പം രക്ഷിതാക്കളോടും പറഞ്ഞു അവരോട് ഒച്ചയുണ്ടാക്കാതിരിക്കാന്‍ പറയാന്‍. അത് ഫലിച്ചു. ഇത്തവണ കുറച്ചു കൂടി വ്യക്തമായി മലയണ്ണാനെ കാണാന്‍ കഴിഞ്ഞു.

മലയണ്ണാന്‍ 

(അണ്ണാന്റെ വർഗത്തിൽ ഏറ്റവും വലിപ്പവും സൌന്ദര്യവുമുള്ള ജീവിയാണ് മലയണ്ണാൻ (ശാസ്ത്രീയനാമം:Ratufa indica) ഇന്ത്യയിലെ ഒരു തദ്ദേശീയ ജീവിയാണിത്. കേരളത്തിൽ പശ്ചിമഘട്ട വനങ്ങളിൽ കണ്ടുവരുന്നു. പൂർണ്ണമായും കാടുകളിൽ ജീവിക്കുന്ന മലയണ്ണാൻ പകൽ പുറത്തിറങ്ങുന്ന ഒരു ജീവിയാണ്‌. 
കേരളത്തിൽ കണ്ടുവരുന്ന മലയണ്ണാന്റെ ശരീരത്തിന്റെ പുറംഭാഗം ചുവപ്പു കലർന്ന തവിട്ടു നിറത്തോടു കൂടിയതായിരിക്കും. താടിമുതൽ പിൻകാലുകളുടെ ഇടയിൽ വരെ മഞ്ഞകലർന്ന ഓറഞ്ച് നിറത്തിലോ ഇളം തവിട്ടു നിറത്തിലോ ആണുണ്ടാവുക. ശരീരത്തിന് 45 സെ.മീ. നീളമുണ്ടാകാറുണ്ട്. വാൽ ഏകദേശം 70 സെ.മീ. നീളത്തിലുണ്ടായിരിക്കും. വാലിന്റെ അറ്റത്തായി ചെറിയ നിറവ്യത്യാസമുണ്ടാകാറുണ്ട്. രണ്ട് കിലോഗ്രാം ഭാരമാണ് ഏകദേശമുണ്ടാവുക. ഭക്ഷണസമ്പാദനവും ജീവിതവും പൂർണ്ണമായും മരങ്ങളിലാണ്. മരങ്ങളിൽ നിന്ന് മരങ്ങളിലേയ്ക്ക് മാറാനായി 7 മീറ്റർ ദൂരം വരെ ചാടാറുണ്ട്. വലിയ മരങ്ങളുടെ കവരങ്ങളിലാണ് കൂടുണ്ടാക്കുക. പഴങ്ങളും വൃക്ഷങ്ങളുടെ കൂമ്പുമാണ് പ്രധാന ഭക്ഷണം. അണ്ണാൻ വർഗ്ഗത്തിൽ പെട്ട മറ്റു ജീവികൾ അപകടഘട്ടങ്ങളിൽ ഓടി രക്ഷപെടുമെങ്കിൽ മലയണ്ണാൻ ചിലപ്പോൾ അനങ്ങാതെ നിൽക്കുന്ന പതിവുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബംഗാൾ-സത്പുരഭാഗം മുതൽ തെക്കോട്ടാണ് കണ്ടുവരുന്നത്. സമുദ്രനിരപ്പിൽ നിന്നും 200 മുതൽ 2300 വരെ മീറ്റർ ഉയരത്തിൽ മലയണ്ണാനെ കണ്ടുവരുന്നു.- കടപ്പാട് വിക്കിപീഡിയ)

മലയണ്ണാന്‍റെ കുറെ ഫോട്ടോകളും എടുത്ത് ഞങ്ങള്‍ വീണ്ടും യാത്രയായി. ഒടുവില്‍ ഒന്‍പതേക്കാലോടെ കാന്റീനില്‍ എത്തി. അല്പം വൈകിയത് കൊണ്ട് ഭക്ഷണമൊക്കെ ഏതാണ്ട് കഴിഞ്ഞ പോലെയായി. ബ്രെഡും മറ്റും കഴിച്ച് വിശപ്പടക്കിയപ്പോഴേക്കും ഇഡലിയും സാമ്പാറുമൊക്കെ വീണ്ടും തയ്യാറായിരുന്നു. (തേക്കടിയില്‍ നിന്നും മറ്റും ഡേ ടൂറിനു ഗവിയില്‍ വരുന്നവര്‍ക്കും ഇവിടെ തന്നെയാണ് പ്രാതല്‍.) ഇതു വരെയുള്ള അനുഭവം നിരാശയായിരുന്നുവെങ്കിലും സ്വാര്‍ത്ഥമായ ഒരാശ്വാസം തോന്നിയത് അന്ന്‍ സഫാരിക്ക് പോയ വേറെ ആരും മൃഗങ്ങളെയൊന്നിനെയും കണ്ടില്ല എന്നറിഞ്ഞപ്പോഴാണ്. എന്തായാലും വയറു നിറച്ചു ഭക്ഷണം കഴിച്ച് അടുത്തതായി പ്ലാന്‍ ചെയ്ത ട്രെക്കിങ്ങിനു പോകാന്‍ ഞങ്ങള്‍ തയ്യാറായി നിന്നു - ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് രാമചന്ദ്രന്‍ അപ്രത്യക്ഷനായി...

ഇനി ഈ കാത്തിരിപ്പ് എത്ര നീളുമോ ആവോ!

(തുടരും...

Wednesday, 21 May 2014

കാടിന്റെ കുളിര്‍മയിലേക്ക് ഒരു യാത്ര

ഏറെ കാലത്തിനു ശേഷമാണ് ഇത്തരമൊരു യാത്ര - കാട്ടിലേക്കുള്ള യാത്രകള്‍ എന്നും എന്റെ പ്രിയപ്പെട്ട യാത്രകളില്‍ പെടും. മിക്കവാറും യാത്രകളില്‍ കാട്ടിലെ അന്തേവാസികളെയൊന്നും കാണാന്‍ കിട്ടാറില്ലെങ്കിലും, ഇന്നെങ്കിലും കടുവയെ കാണാം, ആനയെ കാണാം എന്ന പ്രതീക്ഷയില്‍ ഇറങ്ങിത്തിരിക്കുന്ന കാനനയാത്രകള്‍ എന്നും എനിക്ക് ഹരമായിരുന്നു. ഇത്തവണത്തെ യാത്രയും ഏറെ പ്രതീക്ഷയോടെ തന്നെയാണ് തുടങ്ങിവെച്ചത്....

ഗവിയെക്കുറിച്ച് മുന്‍പും കേട്ടിട്ടുണ്ടായിരുന്നുവെങ്കിലും ആ സ്ഥലത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നത് ഏതോ മാസികയില്‍ ഒരു ലേഖനം വായിച്ചതിനെ തുടര്‍ന്നാണ്‌. എന്നാല്‍ പല തിരക്കിലും ആ സ്ഥലം വിസ്മൃതിയില്‍ ആണ്ടുപോയി. അങ്ങനെയിരിക്കെയാണ് യാദൃച്ഛികമായി ഓര്‍ഡിനറി എന്ന സിനിമ കാണുകയും, അതിലൂടെ ഗവി വീണ്ടും മനസ്സില്‍ ഒരു മോഹമായി മാറുകയും ചെയ്തത്. എന്നാലും പല പല കാരണങ്ങള്‍ കൊണ്ട് അവിടേക്ക് ഒരു യാത്ര നടത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈ അവധിക്കാലത്ത്‌ മൂന്ന് ദിവസം അടുപ്പിച്ച് അവധികിട്ടിയപ്പോള്‍ പതിവുള്ള ബന്ധുഗൃഹസന്ദര്‍ശനങ്ങള്‍ മാറ്റി വെച്ച്, ഗവിയിലേക്ക് യാത്ര പോകാന്‍ തീരുമാനിച്ചു...

എന്നാല്‍ എപ്പോഴും ആര്‍ക്കും എങ്ങനെയും കടന്നു ചെല്ലാവുന്ന ഒരു സ്ഥലമല്ല ഗവി. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായ ഗവി വനാന്തരങ്ങളിലേക്കുള്ള പ്രവേശനം വളരെ പരിമിതമാണ്. വളരെയധികം നിയന്ത്രിതമായേ ആ വനാന്തരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടൂ. ഗവിയില്‍ താമസസൗകര്യവും വളരെ കുറവാണ്. ഫോറെസ്റ്റ് ഡിപാര്‍ട്ട്മെന്റിന്റെ ഒരു ഗസ്റ്റ് ഹൌസ് അല്ലാതെ അവിടെ വേറെ താമസ സൌകര്യങ്ങള്‍ ഒന്നും തന്നെയില്ല. അവിടെയും വളരെ പരിമിതമായ മുറികള്‍ മാത്രമേയുള്ളൂ. എല്ലാം കൂടി പത്തോ പതിനാലോ മുറികള്‍. മുറി മുന്‍കൂട്ടി ബുക്ക് ചെയ്ത്, നാം പോകുന്ന വണ്ടിയുടെ നമ്പരും മറ്റും പ്രത്യേകം പറഞ്ഞ് പാസിനായി ഏര്‍പ്പാട് ചെയ്താലേ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ചെക്ക്പോസ്റിനപ്പുറം ഗവി കാടുകളിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. അതിനുള്ള എല്ലാ നടപടി ക്രമങ്ങളും മുന്‍കൂട്ടി നടത്തി, ഒരു ശനിയാഴ്ച്ച രാവിലെ ഞങ്ങള്‍ യാത്ര തിരിച്ചു. പോകുന്നത് കാട്ടിലേക്കാണ് എന്നതു കൊണ്ടും അവിടെ ട്രെക്കിംഗ് തുടങ്ങിയ സാഹസിക പരിപാടികളില്‍ ഏര്‍പ്പെടണം എന്നുള്ളതുകൊണ്ടും കുട്ടികളെ കൂടാതെയാണ് ഞങ്ങള്‍ യാത്ര തിരിച്ചത്. കാടുകളില്‍ പോകുമ്പോള്‍ പാലിക്കേണ്ടതായ നിയമങ്ങള്‍ പാലിക്കാന്‍ അവര്‍ക്ക് വിഷമമാകും എന്ന തിരിച്ചറിവും ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു (അത് നന്നായി എന്ന്‍ പിന്നീട് ബോദ്ധ്യമായി).

മൂവാറ്റുപുഴ, തൊടുപുഴ, ഏലപ്പാറ, വാഗമണ്‍ വഴി വള്ളക്കടവിലെത്തിയപ്പോഴേയ്ക്കും ഞാന്‍ ഛര്‍ദ്ദിച്ചു ഛര്‍ദ്ദിച്ച് ഒരു പരുവമായി. മലമുകളിലേക്കുള്ള യാത്രകളെ ഞാന്‍ ഒരല്പം ഇഷ്ടപ്പെടാതിരിക്കാന്‍ കാരണം ഈ പ്രശ്നമാണ്. വളവും തിരിവും പിന്നിടുമ്പോള്‍ വയറില്‍ ആകെ തിരയിളക്കമാകും - പിന്നെ വയറിലുള്ളതു മുഴുവന്‍ ഛര്‍ദ്ദിച്ചു പോകാതെ ഒരു രക്ഷയുമില്ല... യാത്രകളില്‍ എന്നെ ഏറ്റവും വിഷമിപ്പിക്കുന്ന സംഗതി ഇതുതന്നെ (മരുന്നു കഴിച്ചിറങ്ങാന്‍ എപ്പോഴും മറക്കും താനും).
ഗവിയിലേക്കുള്ള പ്രവേശന കവാടം 

എന്തായാലും ഈ വക ബുദ്ധിമുട്ടുകളെയൊക്കെ തരണം ചെയ്ത് 12 മണിയോടെ ഞങ്ങള്‍ വള്ളക്കടവിലെ ഫോറെസ്റ്റ് ചെക്ക് പോസ്റ്റില്‍ എത്തി. വണ്ടിയുടെ നമ്പരും മറ്റും പറഞ്ഞ് ഞങ്ങള്‍ക്ക് കാടിന്‍റെയകത്തു പ്രവേശിക്കാനുള്ള അനുവാദവും വാങ്ങി യാത്ര തുടര്‍ന്നു. വള്ളക്കടവ് ചെക്ക് പോസ്റ്റില്‍ നിന്നും ഏതാണ്ട് 20 കിലോമീറ്റര്‍ കാട്ടിലൂടെ സഞ്ചരിച്ചാലേ ഗവിയിലെത്തൂ. കൊടും കാട്ടിലൂടെയുള്ള യാത്ര എന്റെ നഷ്ടപ്പെട്ട ഉന്മേഷം കുറച്ചൊക്കെ തിരിച്ചു തന്നെങ്കിലും ഗവിയിലെത്തി ഒരല്പ നേരം വിശ്രമിച്ചാല്‍ മതി എന്നൊരവസ്ഥയില്‍ എത്തിയിരുന്നു ഞാന്‍. ക്ഷീണിതയായ ആ അവസ്ഥയില്‍ കാട്ടിനുള്ളിലെ കാഴ്ചകള്‍ കാണാന്‍ ഇടക്കൊക്കെ കണ്ണു തുറന്നു നോക്കിയെങ്കിലും ഒരു കരിങ്കുരങ്ങനെയല്ലാതെ വേറെ ഒരു ജീവിയേയും ഞങ്ങള്‍ കണ്ടില്ല. കാറ്റില്‍ പ്രവേശിച്ച നിമിഷം മുതല്‍ എന്നവണ്ണം കാതടപ്പിക്കുന്ന ചീവിടുകളുടെ കരച്ചിലാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. എന്തായാലും സാവധാനം വണ്ടിയോടിച്ച് ഞങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു.

അവിടെയെത്തിയ ഉടനെ ഞങ്ങളുടെ താമസ സൗകര്യത്തിന്റെ കാര്യങ്ങള്‍ ഉറപ്പിച്ചു. ആദ്യത്തെ ദിവസത്തേക്ക് ഒരു ടെന്റ് ആണ് ഞങ്ങള്‍ക്ക് കിട്ടിയത്. അതെങ്ങനെയിരിക്കും എന്ന ആശങ്കയിലായിരുന്നു ഞങ്ങള്‍. എന്തായാലും റിസപ്ഷനില്‍ വച്ചുതന്നെ ഞങ്ങള്‍ക്ക് ഒരു ഗൈഡിനെയും ഹോട്ടല്‍ മാനേജര്‍ ഏര്‍പ്പാടാക്കി തന്നു - ഞങ്ങള്‍ ഗവിയില്‍ നിന്നും പോകുന്നതു വരെ രാമചന്ദ്രന്‍ എന്ന ചെറുപ്പക്കാരനാവും ഞങ്ങളുടെ വഴികാട്ടി. ഏതാണ്ട് ഒരു മണി കഴിയും ഗവിയില്‍ എത്താന്‍ എന്നുള്ളതിനാല്‍ അന്നുച്ചയ്ക്കുള്ള ഭക്ഷണവും അവിടെ പറഞ്ഞേല്‍പ്പിച്ചിരുന്നു. ഒന്നരയോടെ അവിടുത്തെ ഭക്ഷണശാല അടക്കുമെന്നതിനാല്‍ ഞങ്ങള്‍ ആദ്യം തന്നെ ഉച്ചയൂണ് കഴിക്കാന്‍ പോയി. ചോറ് (വലിയ അരിയും ചെറിയ അരിയും), ചപ്പാത്തി, ഉരുളക്കിഴങ്ങ് കറി, ദാല്‍, പപ്പായത്തോരന്‍, അവിയല്‍, കാച്ചിയ മോര്, രസം, പപ്പടം, അച്ചാര്‍, മുളക് വറുത്തത് എന്നിവയാണ് അവിടെ എന്നും ഉച്ചയൂണിനുള്ള വിഭവങ്ങള്‍. വയര്‍ കാലിയായിരുന്നുവന്നതിനാലും വിശപ്പിന്റെ ആക്രമണം തുടങ്ങിയാതിനാലും ഞങ്ങള്‍ ഊണുകഴിക്കാന്‍ ഒട്ടും അമാന്തിച്ചില്ല. ഞങ്ങള്‍ ഊണിനായി അവിടെ എത്തിയതും മഴ ചാറാന്‍ തുടങ്ങിയതും ഏതാണ്ട് ഒപ്പമായിരുന്നു.

ഗവി - ടെന്റും പരിസരങ്ങളും 
ഊണു കഴിഞ്ഞതോടെ രാമചന്ദ്രന്‍ ഞങ്ങളെ  ഞങ്ങളുടെ ടെന്റിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയതോടെ ആശങ്കകള്‍ തെല്ലൊന്നൊഴിഞ്ഞു. അത്യാവശ്യം വലുപ്പമുള്ള ടെന്ടായിരുന്നു. രണ്ടു കട്ടില്‍, മൂന്നാല് കസേര, ഒരു മേശ, ഒരു ഫാന്‍, മച്ചില്‍ തൂക്കിയിട്ട ഒരു സി എഫ് എല്‍ എന്നിങ്ങനെ പരിമിതമായ സൌകര്യം. കാട്ടിലെ താമസത്തിന് അത് ധാരാളം. റെന്റിനു പിറകിലായി ഒരു കുളിമുറിയും കക്കൂസും. മുറിയോട് ചേര്‍ന്നല്ലെങ്കിലും ഒരു അറ്റാച്ച്ട് ബാത്ത്റൂമിന്റെ പോലെ തന്നെ! ടെന്റിന്റെ മുന്നിലെ കാഴ്ചയോ, ഏറെ ഹൃദ്യം! ടെന്റിന്റെ മുന്‍വശത്ത് കസേരയിട്ടിരുന്നാല്‍ നല്ല കുളിര്‍ കാറ്റുമാസ്വദിച്ച്, മുന്നില്‍ത്തന്നെയുള്ള തടാകവും അതിനപ്പുറത്ത് കനത്ത കാടും കാണാം. അവിടെയിരുന്നപ്പോള്‍ ഇതുവരെയുണ്ടായിരുന്ന ക്ഷീണമൊക്കെ പമ്പകടന്നു! സുഖകരമായ ഒരു മയക്കം കണ്ണില്‍ കനം വെച്ചപ്പോള്‍ അകത്തെ കട്ടിലില്‍ നിവര്‍ന്നു കിടന്ന്‍ യാത്രാക്ഷീണമകറ്റി... മനസ്സിന് സുഖം പകര്‍ന്നു കൊണ്ട് വിവിധതരം പക്ഷികളുടെ പാട്ടുകളും കലപിലകളും. സുഖകരമായ ഒരുറക്കം - ഏതാണ്ട് ഒരു മണിക്കൂറോളം.

ഗവിയില്‍ എത്തിയപ്പോള്‍ തന്നെ മനസ്സ് ശാന്തമായി. ഇത്രയും ദിവസം എന്നെ അലട്ടിയിരുന്ന ജോലിഭാരവും അതിനെ ചൊല്ലിയുള്ള വേവലാതികളും ഒക്കെ എവിടെയെന്നറിയാതെ പോയൊളിച്ചു. ഏറ്റവും സന്തോഷിപ്പിച്ചത് അവിടെ മൊബൈലും റൂമില്‍ ടി വിയും ഇല്ല എന്നതാണ്. (മൊബൈലിന് റേഞ്ച് ഇല്ല - വല്ലപ്പോഴും റേഞ്ച് വരും പോവും - ഞാന്‍ എന്റെ മൊബൈല്‍ സന്തോഷപൂര്‍വ്വം സ്വിച്ച് ഓഫ്‌ ചെയ്തു വെച്ചു).

പക്ഷിമൃഗാദികള്‍... 
അങ്ങനെ യാത്രാക്ഷീണമൊക്കെ അകറ്റി ഞങ്ങള്‍ മൂന്നരയോടെ വീണ്ടും റെസ്റൊരന്റിന്റെ അടുത്തെത്തി. ബോട്ടിംഗ് ആണ് അന്നത്തെ അജണ്ടയിലുണ്ടായിരുന്നത്. എന്നാല്‍ ഞങ്ങള്‍ അവിടെയെത്തിയതും മഴ ചാറാന്‍ തുടങ്ങിയതും ഒരുമിച്ചായിരുന്നു. മഴ നനഞ്ഞു ബോട്ടില്‍ പോകുന്നതിനോട് വലിയ താല്‍പര്യം തോന്നാതിരുന്നതിനാല്‍ വൈകീട്ടത്തെ ചായ കഴിയുന്നതു വരെ കാക്കാം എന്ന്‍ കരുതി. നാലു മണിക്ക് ചായ റെഡിയായതും മഴ കനത്തതും ഒരുമിച്ച്.... ഇന്നത്തെ ദിവസം ഇനിയൊന്നും നടക്കില്ലെന്ന് മനസ്സിലുറപ്പിച്ചു - എങ്കിലും ചായ കുടിച്ച് മഴ തോരാന്‍ കാത്തിരുന്നു. അതെന്തായാലും വെറുതെയായില്ല. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മഴ തോര്‍ന്നു. രാമചന്ദ്രന്‍ ഞങ്ങളെ ബോട്ടിങ്ങിനു കൊണ്ടുപോയി - എല്ലാവരോടും എന്നപോലെ പല സ്ഥിരം കഥകളും പറഞ്ഞു (ഏതാണ്ട് എല്ലാ ഗൈഡും ഒരേ കഥകള്‍ തന്നെയാണ് പറയുന്നതെന്ന് ഞങ്ങള്‍ക്ക് അവരുടെ വാക്കുകളില്‍ നിന്നും ചേഷ്ടകളില്‍ നിന്നും മനസ്സിലായി). എന്നാല്‍ ഞങ്ങള്‍ രാമചന്ദ്രനോട് പല പല കാര്യങ്ങള്‍ ചോദിക്കുകയും അവയ്ക്കൊക്കെ അയാള്‍ തൃപ്തികരമായ ഉത്തരങ്ങള്‍ നല്‍കുകയുമുണ്ടായി. നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പല്‍ ഈ കാടുകളില്‍ ഉണ്ടെന്നും എന്നും രാവിലെ അതിന്റെ ഒച്ച കേള്‍ക്കുകയും മിക്കപ്പോഴും അത് പറന്നു പോകുന്നത് കാണുകയും ചെയ്യാം എന്നൊക്കെ രാമചന്ദ്രന്‍ പറഞ്ഞു. മഴക്കാലത്ത് ആനയിറങ്ങുന്ന സ്ഥലങ്ങളും ആനക്കഥകളും അയാള്‍ പറയുകയുണ്ടായി. എന്നാല്‍ ബോട്ടിങ്ങില്‍ ഒന്ന് രണ്ടു കൊക്കുകളെയും, പൊന്മാനേയും, ഒരു ബുള്‍ ബുളിനെയും, ഒരു കൊറ്റിയേയുമല്ലാതെ വേറെ ഒരു മൃഗത്തേയും ഞങ്ങള്‍ കാണുകയുണ്ടായില്ല. എങ്കിലും തിരക്കില്ലാതെ, കൊച്ചു വര്‍ത്തമാനവും പറഞ്ഞ് ആ തടാകത്തിലൂടെ ബോട്ട് യാത്ര ചെയ്യാന്‍ നല്ല രസമായിരുന്നു. ആ യാത്ര അവസാനിച്ചതോടെ രാമചന്ദ്രനുമായി ചെറിയ ഒരു സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞു.

പുഷ്പഭംഗി
ബോട്ടിംഗ് കഴിഞ്ഞതോടെ വേറെ എന്തെങ്കിലും ചെയ്യാന്‍ അന്ന്‍ സമയമില്ലായിരുന്നു. അതിനാല്‍ ഞങ്ങള്‍ ആ പരിസരത്ത് കറങ്ങി നടന്നു - പക്ഷികളുടേയും പൂക്കളുടേയും ഞങ്ങളുടേയും ഫോട്ടോ എടുത്തും മറ്റും... അതിനോടൊപ്പം ഞങ്ങള്‍ ഒരു ചെറിയ ട്രെക്കിംഗ് (അങ്ങനെ പറയാന്‍ പറ്റില്ലെങ്കിലും) നടത്തി. മൂന്നാല് കരിങ്കുരങ്ങന്മാരെ കണ്ടു എന്നതൊഴിച്ചാല്‍ വേറെ ഒരു മൃഗത്തെയും ആ ചെറു നടത്തത്തില്‍ ഞങ്ങള്‍ കാണുകയുണ്ടായില്ല. ഞങ്ങള്‍ നടന്ന വഴികള്‍ ആനയുടെ വഴിത്താരയാണെന്നും സീസണില്‍ ആ വഴിയില്‍ ആനകളെ കാണാത്ത ദിവസങ്ങളിലെന്നുമൊക്കെ രാമചന്ദ്രന്‍ വാചാലനായി.

ഡാം പരിസരം
ഗവിയിലേക്ക് വരുന്ന മലയാളികള്‍ മറക്കാതെ ചോദിക്കുന്ന ഒരു ചോദ്യം ഞാനും ചോദിച്ചു- ഓര്‍ഡിനറി സിനിമയുടെ ഷൂട്ടിംഗ് നടന്ന സ്ഥലം ഏതെന്ന് ചോദിച്ചപ്പോള്‍ ആകെ കുറച്ചു സീനുകള്‍ മാത്രമേ ഗവിയില്‍ ഷൂട്ട്‌ ചെയ്തിട്ടുള്ളുവെന്നും അതില്‍ ഒരെണ്ണം ഷൂട്ട്‌ ചെയ്ത സ്ഥലത്തേയ്ക്ക്
സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലെന്നുമൊക്കെ അറിയാന്‍ കഴിഞ്ഞു. സിനിമയുടെ ക്ലൈമാക്സ് ഷൂട്ട്‌ ചെയ്തത് കക്കി ഡാമിലാണ്. അവിടെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. ഒരു സീനില്‍ ചെക്ക് ഡാം ഉണ്ടെന്നും, വേറെ ഒരു സീന്‍ ഗവിയിലേക്ക് വരുന്ന വഴിയിലാണെന്നും അറിഞ്ഞു - ആ സ്ഥലം വരുമ്പോള്‍ തന്നെ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ആ സ്ഥലം കണ്ടപ്പോള്‍തന്നെ അതു തന്നെയാണ് സിനിമയില്‍ ഉള്ളതെന്ന ഞങ്ങളുടെ നിഗമനം തെറ്റിയില്ല.

സന്ധ്യ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തിരിച്ചു ടെന്റില്‍ എത്തി. ഏഴരയോടെ ഞങ്ങള്‍ അത്താഴം കഴിക്കാന്‍ റെസ്റൊരന്റിലെത്തി - ഒപ്പം മഴയും! അത്താഴത്തിനു സൂപ്പ്, ഫ്രൈഡ് റൈസ്, ചപ്പാത്തി, ഒരു നോണ്‍ വെജ് കറി (കോഴിക്കറിയാണെന്ന് തോന്നുന്നു), ദാല്‍, സ്റ്റ്യൂ, സാലഡ്, അച്ചാര്‍, പൈനാപ്പിള്‍ കഷ്ണങ്ങള്‍ എന്നിവയായിരുന്നു വിഭവങ്ങള്‍. അത്താഴം കഴിച്ച്, എട്ടു മണിയോടെ ഞങ്ങള്‍ തിരിച്ചു ടെന്റിലേക്ക് യാത്രയായി - കാടിന്റെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ഏതൊക്കെയോ കിളികള്‍ പാടുന്നുണ്ടായിരുന്നു. ശാന്തമായ അന്തരീക്ഷത്തിന്റെ മാധുര്യം നുകര്‍ന്ന്‍ ഞങ്ങള്‍ കുറച്ചു നേരമിരുന്നു....

പിറ്റേന്ന് രാവിലെ ആറുമണിക്ക് ജീപ്പ് സഫാരിക്ക് പോകാനാണ് ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തിയത്. അതിനാല്‍ അധികം വൈകാതെ, അന്നത്തെ സംഭവങ്ങള്‍ എല്ലാം കുറിച്ചുവെച്ച് എട്ടരയോടെ ഉറങ്ങാന്‍ കിടന്നു - കാടിന്‍റെ താരാട്ടു കേട്ട്, നാളെ കാണാന്‍ പോകുന്ന വന്യജീവികളെ സ്വപ്നം കണ്ട്, അവയെ കാണുമ്പോള്‍ അനുഭവിക്കാന്‍ പോകുന്ന സന്തോഷത്തെ പ്രതീക്ഷിച്ച് - സുഖകരമായ ഉറക്കത്തിലേക്ക് ഞാന്‍ വഴുതി വീണു...

(തുടരും....


Tuesday, 18 February 2014

കാണാതെ കാണുമ്പോള്‍

ഏറെ നേരമായി ഈ നടത്തം തുടങ്ങിയിട്ട്... എവിടെയെങ്കിലും ഒന്നിരിക്കാനായെങ്കില്‍ ! – അയാള്‍ ചിന്തിച്ചു... തന്റെ കൈയ്ക്കുള്ളില്‍ , സാന്ത്വനസ്പര്‍ശമായ ഒരു കുഞ്ഞു കൈത്തണ്ട അയാള്‍ ചേര്‍ത്തു പിടിച്ചിരുന്നു. ആ കൈ അയാള്‍ക്ക് വെറുമൊരു വഴികാട്ടി മാത്രമല്ല, സ്വന്തം ജീവന്‍ തന്നെയായിരുന്നു. ഇരുള്‍ മൂടിയ ലോകത്ത് വെളിച്ചത്തിലേയ്ക്കു നയിക്കുന്ന വഴിവിളക്കായിരുന്നു ആ കൊച്ചു കൈ. അയാളുടെ അവശത മനസ്സിലാക്കിയെന്നോണം ആ കൈ അയാളെ നയിച്ചത് വഴിവക്കില്‍ കണ്ട പണിതീരാത്ത ഒരു അരമതിലിലേയ്ക്കായിരുന്നു. ക്ഷീണിച്ച കാലുകളും തളര്‍ന്ന മനസ്സുമായി അയാള്‍ അവിടെയിരുന്നു – ദൂരെ ആകാശത്തിലേയ്ക്ക് കണ്ണും നട്ട്!

കാഴ്ചയില്ലാത്ത അയാളുടെ കണ്ണുകള്‍ക്കു മുന്നില്‍ അപ്പോള്‍ ഒരായിരം കാഴ്ചകള്‍ മിന്നി മറഞ്ഞുവോ? കുഞ്ഞിന് താങ്ങായ് തന്‍റെ ചുമലുകള്‍ കൊടുത്ത്, മുഷിഞ്ഞ സഞ്ചി തോളിലിട്ട്‌, സന്തതസഹചാരിയായ വടിയും കുത്തിപ്പിടിച്ച് അയാളിരുന്നു – ജീവിതത്തിന്‍റെ കയ്പും മധുരവും അയവിറക്കിക്കൊണ്ട്! അകക്കണ്ണില്‍ അയാള്‍ കണ്ട കാഴ്ച്ച തെളിമയാര്‍ന്നതായിരുന്നു. ഒരു കുഞ്ഞിന്‍റെ  വാത്സല്യം തുളുമ്പുന്ന മുഖവും, തന്നെ കാണുമ്പോള്‍ ആ മുഖത്തു വിരിയുന്ന സന്തോഷവും തന്‍റെ അരികില്‍ വരുമ്പോള്‍ ആ മുഖത്തെ ആശ്വാസവും, അപരിചിതരെ കാണുമ്പോള്‍ പൊട്ടിമുളയ്ക്കുന്ന ആശങ്കയും ഒക്കെ അയാള്‍ വ്യക്തമായി തന്നെ കണ്ടു.അപ്പോള്‍ ആ മനസ്സില്‍ ഒരു നനുത്ത സ്നേഹത്തിന്‍റെ നറുമണം പടര്‍ന്നു... കാഴ്ചയില്ലാത്ത കണ്ണുകളിലും ആശയുടെ ഒരു സ്ഫുരണമുണ്ടായി; തന്‍റെ ദയനീയാവസ്ഥയില്‍ ഈ കുരുന്നിനെ കൂട്ട് തന്ന ദൈവത്തെ അയാള്‍ മനസ്സാ നമിച്ചു!

ആരോരുമില്ലാത്ത രണ്ടു ജീവിതങ്ങള്‍ പരസ്പര പൂരകങ്ങളായി. വഴികാട്ടിയും സംരക്ഷകനുമായി; ജന്മംകൊണ്ടല്ലെങ്കിലും കര്‍മ്മം കൊണ്ടു പിതാവും പുത്രിയുമായി – ഈ അനുഗ്രഹം കാഴ്ചയില്ലാത്ത കണ്ണുകളും കണ്ടു. അപ്പോള്‍ കുരുടന്മാരായി മാറിയത്, എല്ലാം കണ്ടിട്ടും കാണാതെ പോകുന്ന കാഴ്ച്ചക്കാരായിരുന്നു!

പിന്‍ കുറിപ്പ് - മുന്‍പെപ്പോഴോ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് നടത്തിയ മിനിക്കഥ മത്സരത്തിനു വേണ്ടി എഴുതിയത്. 
ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ ഇമേജ്

Monday, 3 February 2014

1983 - എന്റെ തോന്നലുകള്‍


ഒരു നല്ല പടം എന്ന് 'ഇ-ലോക'ത്ത് നിന്നും ചില അഭിപ്രായങ്ങള്‍ ഉയര്‍ന്നു തുടങ്ങിയ വേളയിലാണ് 1983 എന്ന സിനിമ കാണാന്‍ പോയത്. ക്രിക്കറ്റ് സംബന്ധിയായ സിനിമയാണ് എന്നറിയാവുന്നതിനാല്‍ ഇഷ്ടപ്പെടാനുള്ള സാദ്ധ്യതകള്‍ കൂടുതലാണ് എന്ന്‍ ഉള്ളിന്റെയുള്ളില്‍ ഞാനറിഞ്ഞിരുന്നുവോ ആവോ! (കുട്ടിക്കാലം മുതല്‍ക്കേ ഒരു 'ക്രിക്കറ്റ് പ്രാന്തി'യായിരുന്ന എനിക്ക് അങ്ങനെ തോന്നാതിരുന്നാലേ അദ്ഭുതമുള്ളൂ, അല്ലേ?)

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ പ്രസംഗവും, ഇന്ത്യയുടെ കന്നി ലോകകപ്പ് വിജയവുമെല്ലാം കൂട്ടിച്ചേര്‍ത്ത് തുടങ്ങിയ കഥ രമേശന്റെയും കൂട്ടുകാരുടേയും ജീവിതത്തിലൂടെ പുരോഗമിച്ചപ്പോള്‍ കാണികളും തങ്ങളുടെ ഭൂതകാലങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നിരിക്കണം. ഓലമടല്‍ ബാറ്റുകളും ചുള്ളിക്കമ്പുകൊണ്ടുള്ള സ്റ്റമ്പും റബര്‍ പന്തും കള്ളക്കളിയും പൊക്കിയടിച്ചാല്‍ ഔട്ടാവലും എല്‍ ബി ഇല്ല എന്ന പറച്ചിലുമെല്ലാം നമ്മുടേതല്ലേ എന്ന്‍ മിക്കവരും ഗൃഹാതുരതയോടെ ഓര്‍ത്തിരിക്കും... കളിക്കിറുക്കുമായി നടന്നതിനു കിഴുക്കു കിട്ടാത്ത തലകളും അക്കൂട്ടത്തില്‍ കുറവാകും. മകന്റെ ഭാവിയെക്കുറിച്ചുള്ള ആധി സിനിമയിലെ അച്ഛനെപ്പോലെ നമ്മുടെ അച്ഛനുണ്ടായിരുന്നതും ഓര്‍മ വന്നിരിക്കാം. എന്നിരിക്കേ, നായകന്‍റെ ദു:ഖവും നിരാശയും നമ്മുടേതായി മാറിയതില്‍ ആശ്ചര്യപ്പെടാന്‍ ഒന്നുമില്ല.

സിനിമയുടെ ആദ്യ പകുതി സുഖകരമായ ഗൃഹാതുരത്വമാണ് പകര്‍ന്നു തന്നതെങ്കില്‍ രണ്ടാം പകുതി ഒരു സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള വഴി (അതെത്ര കഠിനമാണെങ്കിലും) തുറന്നു കാണിക്കുന്നു. ഒരല്പം കൂടി ഒതുക്കിപ്പറയാം എന്ന്‍ തോന്നിപ്പിച്ചെങ്കിലും ഒഴുക്ക് നഷ്ടപ്പെടാതെ കഥ മുന്നേറിയത് കൊണ്ട് കാണികള്‍ക്ക് മുഷിപ്പനുഭവപ്പെട്ടിരിക്കില്ല. ഒരു ക്രിക്കറ്റ് പ്രേമിയെ ഈ സിനിമ തൃപ്തിപ്പെടുത്തും എന്നതില്‍ സംശയമില്ല - ഒരു സാധാരണ പ്രേക്ഷകനേയും ഈ സിനിമ നിരാശപ്പെടുത്താന്‍ ഇടയില്ല എന്നാണെനിക്ക് തോന്നിയത്.

നിവിന്‍ പോളി അവതരിപ്പിച്ച കേന്ദ്രകഥാപാത്രമായ രമേശന്‍ ഈ നടന്‍റെ മികച്ച വേഷങ്ങളില്‍ ഒന്നാണ്. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന നായക വേഷത്തെ നന്നായി അവതരിപ്പിക്കാന്‍ നിവിന് കഴിഞ്ഞിരിക്കുന്നു. ഈ നടന്റെ കരിയര്‍ ഗ്രാഫ് ഉയരത്തിലേക്കാണ് അനുദിനം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് പറയാതെ തരമില്ല.

കഥ എന്നത് പോലെ തന്നെ സിനിമയുടെ മികവായി എടുത്തുപറയാനുള്ളത് ഈ സിനിമയുടെ കാസ്റ്റിംഗ് ആണ്. ഓരോ കഥാപാത്രത്തിനും അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തുന്നതില്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വിജയിച്ചിരിക്കുന്നു. മുഴച്ചു നില്‍ക്കാത്ത പ്രകടനങ്ങളുമായി അവര്‍ ഓരോരുത്തരും തങ്ങളുടെ വേഷം ഭംഗിയായി അവതരിപ്പിച്ചു.

ഇതിലെ ഗാനങ്ങളും അനുയോജ്യമായവ തന്നെ. 'നെഞ്ചിലെ' എന്ന പാട്ട് കായികപ്രേമികള്‍ ഏറ്റുപിടിച്ചാല്‍ അദ്ഭുതപ്പെടാനില്ല. ഏറെക്കാലത്തിനു ശേഷം ജയചന്ദ്രനും വാണി ജയറാമും ഒരുമിച്ചു പാടിയ 'ഓലഞ്ഞാലിക്കുരുവി' എന്ന ഗാനം എല്ലാവരുടെയും ഇഷ്ടഗാനമായിക്കഴിഞ്ഞിരിക്കുന്നു.

നല്ലൊരു സിനിമ കണ്ടിറങ്ങിയ സംതൃപ്തി സഹപ്രേക്ഷകരുടെ മുഖത്തുനിന്നും വായിച്ചെടുക്കാന്‍ സാധിച്ചു. സിനിമ കഴിഞ്ഞപ്പോള്‍ തിയറ്ററില്‍ മുഴങ്ങിയ കയ്യടികള്‍ ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അര്‍ഹിക്കുന്നത് തന്നെയാണ്. അവസാന സീനില്‍ രമേശനും കണ്ണനും കൈ കോര്‍ത്ത് നീങ്ങുമ്പോള്‍ മുന്നില്‍ ഒറ്റയടിപ്പാതകള്‍ തെളിഞ്ഞു കാണുന്ന ഒരു മല കാണാം - തങ്ങള്‍ക്ക് കീഴടക്കാനുള്ള ഉയരം എന്താണെന്ന് അവര്‍ക്ക് ബോദ്ധ്യമുണ്ട് - അവിടെക്കുള്ള വഴി ദുഷ്കരമാവും എന്നുമവര്‍ തിരിച്ചറിയുന്നു. അച്ഛന്‍ മകന് പകര്‍ന്നു കൊടുക്കുന്നത് സച്ചിന്‍റെ അച്ഛന്‍ അദ്ദേഹത്തിന് പകര്‍ന്നു കൊടുത്ത വിവേകമാണ് - "നീ നിന്റെ സ്വപ്നങ്ങളെ പിന്തുടരൂ - കുറുക്കുവഴികള്‍ തേടാതെ തന്നെ. സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള വഴി ദുര്‍ഘടമാകാം, എങ്കിലും പിന്തിരിയരുത്. നല്ലൊരു കളിക്കാരനാവുന്നതിനേക്കാള്‍ പ്രധാനമാണ് നല്ലൊരു മനുഷ്യനാവുക എന്നത്... "

വീട്ടില്‍ തിരിച്ചെത്തിയിട്ടും കുറെ നേരം സിനിമ മനസ്സില്‍ നിന്നും മായാതെ നിന്നു. അപ്പോള്‍ ചില ചിന്തകള്‍ മനസ്സിലേക്ക് വന്നു:
  • തന്റെ ആഗ്രഹങ്ങള്‍ക്ക് പിന്തുണ നല്‍കാഞ്ഞിട്ടും രമേശന് തന്റെ അച്ഛനോട് പ്രത്യേകിച്ച് വിരോധമോ ദേഷ്യമോ തോന്നിയില്ല എന്നത് ശ്രദ്ധേയമായി തോന്നി. തന്‍റെ ജീവിതം ഇങ്ങനെയൊക്കെ ആയത് ഇഷ്ടപ്പെട്ട കാര്യം ചെയ്യാന്‍ അച്ഛന്‍ സമ്മതിക്കാത്തത് കൊണ്ടാണെന്ന് അയാള്‍ എവിടേയും പറയുന്നില്ല. ആരെയും പഴി ചാരാതെ അയാള്‍ ജീവിതവുമായി സമരസപ്പെട്ട് പോകുന്നത് അധികം കാണാത്ത കാഴ്ച്ചയാണ്. 
  • തനിക്ക് ലഭിക്കാതെ പോയ അവസരങ്ങള്‍ തന്റെ മകന് ലഭിക്കുന്നതിനു വേണ്ടി എന്ത് വിഷമവും സഹിക്കാന്‍ രമേശന്‍ തയ്യാറാവുന്നു. എന്നാല്‍ അതൊന്നും സ്വന്തം അച്ഛനോടുള്ള ഒരു വെല്ലുവിളിയാകുന്നില്ല. മകന്റെ താല്പര്യത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും  അച്ഛന്റെ മുന്നില്‍ അയാള്‍ ഇപ്പോഴും മകന്‍ തന്നെയാണ്.

    അതോടൊപ്പം ഒരു മറു ചിന്ത കൂടി ഉടലെടുത്തു:
  • കണ്ണന് ക്രിക്കറ്റിനോടല്ലാതെ മറ്റേതെങ്കിലും കളിയോടാണ്‌ താല്പര്യമുണ്ടായിരുന്നതെങ്കില്‍ രമേശന്‍ ഇത്രയും പിന്തുണ നല്കുമായിരുന്നുവോ? ഒരു പക്ഷേ ഉണ്ടാവുമായിരിക്കാം... ഏറ്റവും പ്രിയപ്പെട്ട ഒരു കാര്യം ചെയ്യുന്നതിനു വിലക്ക് ലഭിച്ച ഒരാള്‍ക്ക് മറ്റൊരാളെ അങ്ങനെ വിലക്കാന്‍ കഴിയുമോ? 
  • സിനിമ കണ്ടിറങ്ങുന്ന കുട്ടികള്‍ തങ്ങളുടെ അച്ഛന്മാരും രമേഷിനെപ്പോലെയായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരിക്കും. അച്ഛന്മാരാകട്ടെ, ഒരു നിമിഷമെങ്കിലും തങ്ങള്‍ രമേശനെപ്പോലെയുള്ള അച്ഛനാണോ അതോ അയാളുടെ അച്ഛന്‍ ഗോപിയുടെ പോലെയാണോ എന്നും ചിന്തിച്ചിരിക്കാം...

    എബ്രിഡ്‌ ഷൈന്‍ - സംവിധായകന്‍
    ഒരു നല്ല സിനിമ സമ്മാനിച്ചതിന്, ശേഷം അല്പം ചിന്തിപ്പിച്ചതിന്, എബ്രിഡ് ഷൈനിനും കൂട്ടര്‍ക്കും നന്ദി! ഇത്തരം നല്ല ചിത്രങ്ങളെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമാറാകട്ടെ! 

വാല്‍ കഷ്ണം: ഇതൊരു സിനിമാവലോകനമല്ല. ഒരു സാധാരണ പ്രേക്ഷകയുടെ ചില എളിയ തോന്നലുകള്‍ മാത്രം. അതുകൊണ്ടു തന്നെ സിനിമയുടെ (ഛായാഗ്രഹണം, ചിത്രസംയോജനം തുടങ്ങി) പല പ്രധാന മേഖലകളെയും ഇവിടെ പ്രതിപാദിച്ചിട്ടില്ല. വായനക്കാര്‍ സദയം ക്ഷമിക്കുമല്ലോ!

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍ ഇമേജ്

Sunday, 2 February 2014

ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി - ആസ്വാദനക്കുറിപ്പ്‌

പുസ്തകത്തിന്‍റെ മുന്‍ കവര്‍
'ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി' ബ്ലോഗില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഞാന്‍ വായിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പുസ്തകരൂപത്തില്‍ ഈ കഥ പുറത്തിറങ്ങിയപ്പോള്‍ ഒരു പുത്തന്‍ വായനാനുഭവമാണ് അത് പകര്‍ന്നു നല്‍കിയത്. പുസ്തകത്തെക്കുറിച്ച് വിശദമായി പറയുന്നതിനു മുന്‍പ് ഗ്രന്ഥകര്‍ത്താവിന് പ്രത്യേക നന്ദി രേഖപ്പെടുത്തട്ടെ - സ്വന്തം കയ്യൊപ്പോടെ ഈ പുസ്തകം എനിക്ക് സമ്മാനിച്ചതിന്!

പുസ്തകം കയ്യില്‍ കിട്ടിയതിനു ശേഷം പത്തു പന്ത്രണ്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് വായന തുടങ്ങിയത്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരേടിലെ വരികള്‍ വായിക്കുവാന്‍ പ്രത്യേക സമയം കണ്ടെത്തേണ്ടതുണ്ട് എന്നതിനാല്‍ വായന നീണ്ടു പോയി - അതിനിടയില്‍ പുസ്തകം ഒന്ന് മറിച്ചു നോക്കാനുള്ള അഭിനിവേശത്തെ മന:പൂര്‍വ്വം നിയന്ത്രിച്ചു - വായന തുടങ്ങിയാല്‍ അതവസാനിച്ചല്ലാതെ പുസ്തകം താഴെവെക്കാന്‍ കഴിയില്ല എന്നറിയാവുന്നതുകൊണ്ടുതന്നെ!

ഒടുവില്‍ അക്ഷമയോടെ കാത്തിരുന്ന ആ ദിനം വന്നെത്തി - മുന്‍പ് സൂചിപ്പിച്ച പോലെതന്നെ വായിക്കാന്‍ തുടങ്ങിയപ്പോള്‍ കഥയോടൊപ്പം സഞ്ചരിച്ചുകൊണ്ടേയിരുന്നു... അവസാന പേജും വായിച്ചവസാനിച്ചപ്പോള്‍ ഈ യാത്ര ഇത്രവേഗം കഴിഞ്ഞല്ലോ എന്ന സങ്കടം!

കഥാകാരന്റെ കയ്യൊപ്പോടെ
'ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി' - പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നാസി ഭരണത്തിനെതിരെ ജൂതന്‍മാര്‍ നടത്തിയ പോരാട്ടത്തിന്‍റെ കഥയിലെ ഒരു ചെറിയ അദ്ധ്യായം മാത്രമാണ് എന്ന് പറയാം. ഒരിക്കലും ആരും അറിയാതെ പോകുമായിരുന്ന ഒരു കഥ!

ഈ നോവലിന്‍റെ ജനനവും വളരെ അസാധാരണമായ ഒന്നാണ് എന്ന് പറയേണ്ടിയിരിക്കുന്നു. യാദൃച്ഛികമായി ഒരാള്‍ക്ക് ഒരു ഓര്‍മക്കുറിപ്പിന്‍റെ ചില ഭാഗങ്ങള്‍ കിട്ടുകയും ഇതുവരെയും പരിചയമില്ലാത്ത ഒരാളുമായി അത് പങ്കുവെക്കുകയും അയാളോട് അത് വെച്ച് ഒരു നോവല്‍ എഴുതാന്‍ പറയുകയും ആ എഴുത്തുകാരന്‍ അതിന് തയ്യാറാവുകയും ചെയ്യുക! എത്ര വിചിത്രമായ കാര്യമാണിത്! എന്നാല്‍ 'ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി' ജനിക്കുന്നത് ഇങ്ങനെത്തന്നെയാണ്.

ബ്ലോഗില്‍ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവലിന് വായനക്കാര്‍ ഏറെയായിരുന്നു. അവര്‍ ഓരോ ഭാഗത്തിനായി എത്ര അക്ഷമയോടെയായിരുന്നിരിക്കും കാത്തിരുന്നതെന്ന് ഈ പുസ്തകം വായിച്ചു കഴിഞ്ഞു ഞാന്‍ ആശ്ചര്യപ്പെട്ടു.

അരുണ്‍ ആര്‍ഷ എന്ന എഴുത്തുകാരന്‍ വലിയൊരു സാഹസമാണ് ഈ നോവലിന്‍റെ കാര്യത്തില്‍ ചെയ്തത് എന്നതില്‍ സംശയമില്ല. ചരിത്രവുമായി കൂടിക്കുഴഞ്ഞ ഒരു കഥാതന്തുവിനെ വികസിപ്പിച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് രണ്ടാം ലോകമഹായുദ്ധം, നാസി-ജൂത യുദ്ധങ്ങള്‍ എന്നിങ്ങനെയുള്ള സങ്കീര്‍ണ്ണ വിഷയങ്ങള്‍ കഥയുടെ കാതലായി മാറുമ്പോള്‍ . എന്നാല്‍ ഈ വിഷയം ഇത്ര കൈയടക്കത്തോടെ കൈകാര്യം ചെയ്യാം എന്ന് അരുണ്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു - ഈ നോവലിലൂടെ.

ജൂതന്മാരെ കൊന്നൊടുക്കിയാല്‍ മാത്രമേ ജര്‍മ്മനിക്ക് രക്ഷയുള്ളൂ എന്ന ഹിറ്റ്ലറുടെ പൈശാചികമായ ആജ്ഞ നടപ്പിലാക്കുന്ന നാസിപ്പട. ഈ അവസ്ഥയില്‍ സ്വന്തം നാട്ടില്‍ ജീവിക്കണമെങ്കില്‍ ഹിറ്റ്ലര്‍ മരിച്ചേ തീരൂ എന്ന സത്യം തിരിച്ചറിഞ്ഞ ചില ജൂത യുവാക്കള്‍ മഞ്ഞപ്പോരാളി എന്ന സംഘടനയില്‍ ചേര്‍ന്ന്‍ ഫ്യൂററെ വധിക്കാന്‍ പദ്ധതിയിടുന്നു. ഇന്നല്ലെങ്കില്‍ നാളെ ഗെസ്റ്റപ്പോയുടെ പിടിയിലാവുകയും ഓഷ്വിറ്റ്സിലെ തടങ്കല്‍ പാളയത്തില്‍ ജീവിതം അവസാനിക്കുകയും ചെയ്യും എന്ന യാഥാര്‍ത്ഥ്യത്തെ മറികടക്കുന്നതിന് അവര്‍ കണ്ടെത്തുന്ന വഴി ഹിറ്റ്ലറെ വധിക്കുക, ജൂതന്മാരെ രക്ഷിക്കുക എന്നതായിരുന്നു. എന്നാല്‍ അവര്‍ അതില്‍ പരാജയപ്പെടുകയും ചിലര്‍ കൊല്ലപ്പെടുകയും ചിലര്‍ പിടിക്കപ്പെടുകയും ചെയ്യുന്നു.

റെഡ്വിന്‍ എന്ന യുവാവും ഈ സംഘത്തിലെ അംഗമായിരുന്നു. കൂട്ടാളികളില്‍ ചിലര്‍ കൊല്ലപ്പെടുകയും ചിലര്‍ പിടിക്കപ്പെടുകയുമാണ് ഉണ്ടായതെങ്കിലും അയാള്‍ അവിടെ നിന്നും എങ്ങനെയോ രക്ഷപ്പെട്ട് സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്നു. പക്ഷേ, അയാളുടെ ബന്ധുക്കളെയും മറ്റും ഗെസ്റ്റപ്പോ അറസ്റ്റു ചെയ്യുമ്പോള്‍ അയാളും പിടിയിലാകുന്നു - ഓഷ്വിറ്റ്സിലേക്ക് അയക്കപ്പെടുന്നു. തുടര്‍ന്ന് റെഡ്വിന്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും മറ്റു ചിലരുമായി ചേര്‍ന്ന് അയാള്‍ നടത്തുന്ന വിപ്ലവവും അതിന്റെ പരാജയവും അയാളുടെ വീണ്ടുമുള്ള രക്ഷപ്പെടലുമൊക്കെ നമ്മുടെ മനസ്സില്‍ ഉദ്വേഗമുണര്‍ത്തുന്ന സന്ദര്‍ഭങ്ങളാണ്. പിന്നീട് വീണ്ടും പിടിക്കപ്പെടുമ്പോള്‍ ക്രൂര മര്‍ദ്ദനങ്ങള്‍ക്കും മറ്റും വിധേയനാക്കിയ ശേഷം അര്‍ദ്ധപ്രാണനാക്കി എക്സ്ടെര്‍മിനേഷന്‍ ചേംബറില്‍ അടക്കുകയും ചെയ്യുന്നു. ആയുസ്സിന്‍റെ ബലവും ഭാഗ്യവും കൊണ്ടുമാത്രം രക്ഷപ്പെടുന്ന അയാളുടെ ഓര്‍മക്കുറിപ്പിന്‍റെ രൂപത്തിലാണ് ഈ കഥ വികസിച്ചു വരുന്നത്.

ഓഷ്വിറ്റ്‌സ് - ബര്‍ക്ക്നൌ
എന്നാല്‍ കഥ വായിക്കുന്ന ആര്‍ക്കും ഇത് വെറും ഭാവനയില്‍ നിന്നും വിടര്‍ന്നു വന്ന ഒരു കഥയാണ് എന്ന്‍ തോന്നാത്തവിധം യാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിച്ചാണ് ചുവന്ന പോരാളി തന്റെ ഓര്‍മകള്‍ പങ്കു വെക്കുന്നത്. അക്കാലത്ത് യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന മോറിസ് ബൌഡ്, ആല ഗാര്‍ട്ടര്‍, റോസാ റോബോട്ട, എന്നിങ്ങനെയുള്ളവരുമായി ഈ കഥ ബന്ധിപ്പിച്ചു കൊണ്ടുപോകുന്ന വിധം അഭിനന്ദനീയം തന്നെ. അതുപോലെ തന്നെ ചരിത്ര സംഭവങ്ങളും മറ്റും ഇതില്‍ വളരെ ഇഴുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ഇതിനു വേണ്ടി കഥാകാരന്‍ വളരെയധികം ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തം! ഇതിനെല്ലാം പുറമേ, താന്‍ ജീവിച്ചിരിപ്പുണ്ടെന്നത് പോലും രഹസ്യമാക്കി വെച്ച റെഡ്വിന്‍ പിന്നീട് എന്തിനാണ് ആ രഹസ്യങ്ങളുടെ ചുരുളഴിച്ചതെന്നും എങ്ങനെയാണ് അയാളുടെ കുറിപ്പുകള്‍ നോവലിസ്റ്റിന്‍റെ സുഹൃത്തിന്റെ കൈയ്യില്‍ എത്തിപ്പെടുന്നതെന്നും പറയാതെ പറയുന്നുണ്ട് ഈ കഥയില്‍. ഒരു ചോദ്യത്തിന് മാത്രമേ ഇതില്‍ ഉത്തരം ലഭിക്കാതെ പോകുന്നുള്ളൂ. 'അത് വെളിപ്പെടുത്താന്‍ എനിക്ക് അനുവാദമില്ല' എന്ന് ഞാനും ആവര്‍ത്തിക്കട്ടെ! അതല്ലാതെ  ഒരറ്റവും പൂരിപ്പിക്കാതെ വിട്ടിട്ടില്ല എന്നത് വായനക്കാരെ സംബന്ധിച്ചിടത്തോളം ഹൃദ്യമായ ഒരനുഭവം തന്നെ!

കഥാസന്ദര്‍ഭത്തെക്കുറിച്ച് ചെറിയൊരു ധാരണയുണ്ടായിരുന്നതിനാല്‍ സ്വാഭാവികമായും നാസി ക്രൂരതയുടെ കഥകള്‍ വിശദമായി ഇതിലുണ്ടാവും എന്ന്‍ തോന്നിയിരുന്നു. എന്നാല്‍ കഥയില്‍ അവയെക്കുറിച്ച് വളരെ സൂക്ഷ്മമായി പറയുന്നില്ലെങ്കിലും, അത് വായനക്കാരുടെ കരളലിയിക്കുന്ന വിധത്തില്‍ തന്നെയാണ് പറഞ്ഞിട്ടുള്ളത്! അത്തരം സന്ദര്‍ഭങ്ങളില്‍ കഥാപാത്രത്തിന്‍റെ വേദനയും ആശങ്കയും നമ്മിലേക്കും പകരുന്നു. എന്നാല്‍ ഇവയൊന്നും വായനക്കാരില്‍ വല്ലാത്ത ഒരു അറപ്പോ, ഇത് വായിക്കേണ്ടിയിരുന്നില്ല എന്ന തോന്നലോ സൃഷ്ടിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഒരു നീറ്റലും വിങ്ങലും ഉള്ളില്‍ കുരുത്തുവരുമെങ്കിലും അവയൊന്നും കഥയുടെ ഒഴുക്കിനെ ബാധിക്കുന്നില്ല.

നാസി തടങ്കല്‍പ്പാളയമായ ബര്‍ക്ക്നൌവില്‍ 1944 ഒക്ടോബര്‍ 7 ന് നടന്ന കലാപത്തിന്‍റെ സൂത്രധാരന്മാര്‍ ആരെന്ന് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല - എന്നാല്‍ ഈ കഥ വായിച്ചാല്‍ ഇതില്‍ പറഞ്ഞപോലെതന്നെയാണ് കാര്യങ്ങള്‍ നടന്നതെന്ന് നമുക്ക് തോന്നും. അത്രത്തോളം വിശ്വാസ്യതയും യാഥാര്‍ത്ഥ്യവും ഈ കഥയില്‍ അനുഭവിച്ചറിയാം. അരുണ്‍ ആര്‍ഷ എന്ന കഥാകാരന്‍റെ കന്നി നോവലാണ്‌ ഇതെന്ന് വിശ്വസിക്കുവാന്‍ പ്രയാസമാണ് - തഴക്കവും പഴക്കവും വന്ന ഒരു എഴുത്തുകാരന്‍റെ കൈയടക്കവും മേന്മയും ഈ നോവലില്‍ ആകമാനം അനുഭവവേദ്യമാകുന്നു. മലയാള നോവലുകളില്‍ സാധാരണ എനിക്കനുഭവപ്പെടാത്ത ഒരു വ്യഗ്രത ഈ നോവല്‍ വായിക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്നുവന്നതും പ്രത്യേകം പറയാന്‍ ആഗ്രഹിക്കുന്നു. പുസ്തകം താഴെവെക്കാതെ ഓരോ താളുകളും മറിച്ച് കഥ മുഴുവനും ഒറ്റയിരിപ്പിനു വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്‍ ഈ കഥയിലുണ്ട്! 

അരുണ്‍ ആര്‍ഷ
ബ്ലോഗെഴുത്തില്‍ നിന്നും ഊർജ്ജമുള്‍ക്കൊണ്ട് മുഖ്യധാരയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് എന്തുകൊണ്ടും അരുണിനെ ഒരു മാതൃകയാക്കാവുന്നതാണ്. ഇത്രയും പ്രതിഭാധനനായ ഒരു എഴുത്തുകാരന്‍ ഒരു ബ്ലോഗര്‍ എന്ന ലേബലില്‍ മാത്രം ഒതുങ്ങിപ്പോവാതെ മലയാളികളുടെയെല്ലാം പ്രിയപ്പെട്ട, അറിയപ്പെടുന്ന ഒരു എഴുത്തുകാരനായി മാറട്ടെ എന്നാശംസിക്കുന്നു! 

ഒപ്പം തന്നെ, ഇത്രയും നല്ല ഒരു കൃതി മലയാളത്തില്‍ മാത്രം ഒതുങ്ങാതെ ഇംഗ്ലീഷ് പോലെയുള്ള ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും എന്നും പ്രത്യാശിക്കുന്നു.

ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച 'ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി'യുടെ വില 160/- രൂപയാണ്. പരമ്പരാഗതമായ രീതിയില്‍ ബുക്ക് സ്റ്റാളുകളില്‍ നിന്നും ലഭിക്കുന്ന ഈ പുസ്തകം, ഈ-ബേ പോലുള്ള ഓണ്‍ലൈന്‍ വിപണനകേന്ദ്രങ്ങളില്‍ നിന്നും വാങ്ങാവുന്നതാണ്. 184 പേജുള്ള ഈ പുസ്തകം തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകര്‍ന്നു നല്‍കും എന്ന്‍ നിസ്സംശയം പറയാം. തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണ്  'ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി' എന്നും അടിവരയിട്ടു പറയേണ്ടിയിരിക്കുന്നു.  

ചിത്രങ്ങള്‍ക്ക് കടപ്പാട് : അരുണ്‍ ആര്‍ഷ, ഗൂഗിള്‍ ഇമേജ്

Thursday, 9 January 2014

പിന്‍വിളിയില്ലാതെ....അകന്നു നീ പോകിലുമിപ്പോള്‍
ഓര്‍മയായ്‌ എന്നില്‍ നിറഞ്ഞിടും
ഒന്നിച്ചു നാം ചിരിച്ച ചിരികളും
ഒഴുക്കിയ കണ്ണീരിന്‍ നനവും
എന്നുള്ളില്‍ മങ്ങാതെ, മായാതെ-
യെന്നുമുണ്ടാം കാലം കഴിവോളം

സ്നേഹത്തിന്‍ ആഴമളന്നതില്ല ഞാന്‍
പകരമൊരു ചിരി പോലും ചോദിച്ചുമില്ല
മൌനത്തിന്‍ കനത്ത പുതപ്പും ചൂടി നീ
കാണാമറയത്ത് പോകവേ, നിനക്കായ്
വ്യര്‍ത്ഥമായ് മാറുമൊരു പിന്‍ വിളി
പോലുമെന്നില്‍ നിന്നുയര്‍ന്നതില്ല...

ദൂരെയൊരിടത്ത് നീയെത്തുമ്പോള്‍
പുതിയ കൂട്ടരുമൊത്തു നടക്കുമ്പോള്‍
എന്നെക്കുറിച്ചു നീയോര്‍ത്തില്ലെങ്കിലും
എന്‍റെയോര്‍മകളില്‍ നീയുണര്‍ന്നിരിക്കും
നീ വിട്ടുപോയൊരെന്‍ ഹൃദയവുമെന്തിനെ-
ന്നറിയാതെ തുടിച്ചു കൊണ്ടേയിരിക്കും...

Picture courtesy: Google Images