Tuesday, 18 February 2014

കാണാതെ കാണുമ്പോള്‍

ഏറെ നേരമായി ഈ നടത്തം തുടങ്ങിയിട്ട്... എവിടെയെങ്കിലും ഒന്നിരിക്കാനായെങ്കില്‍ ! – അയാള്‍ ചിന്തിച്ചു... തന്റെ കൈയ്ക്കുള്ളില്‍ , സാന്ത്വനസ്പര്‍ശമായ ഒരു കുഞ്ഞു കൈത്തണ്ട അയാള്‍ ചേര്‍ത്തു പിടിച്ചിരുന്നു. ആ കൈ അയാള്‍ക്ക് വെറുമൊരു വഴികാട്ടി മാത്രമല്ല, സ്വന്തം ജീവന്‍ തന്നെയായിരുന്നു. ഇരുള്‍ മൂടിയ ലോകത്ത് വെളിച്ചത്തിലേയ്ക്കു നയിക്കുന്ന വഴിവിളക്കായിരുന്നു ആ കൊച്ചു കൈ. അയാളുടെ അവശത മനസ്സിലാക്കിയെന്നോണം ആ കൈ അയാളെ നയിച്ചത് വഴിവക്കില്‍ കണ്ട പണിതീരാത്ത ഒരു അരമതിലിലേയ്ക്കായിരുന്നു. ക്ഷീണിച്ച കാലുകളും തളര്‍ന്ന മനസ്സുമായി അയാള്‍ അവിടെയിരുന്നു – ദൂരെ ആകാശത്തിലേയ്ക്ക് കണ്ണും നട്ട്!

കാഴ്ചയില്ലാത്ത അയാളുടെ കണ്ണുകള്‍ക്കു മുന്നില്‍ അപ്പോള്‍ ഒരായിരം കാഴ്ചകള്‍ മിന്നി മറഞ്ഞുവോ? കുഞ്ഞിന് താങ്ങായ് തന്‍റെ ചുമലുകള്‍ കൊടുത്ത്, മുഷിഞ്ഞ സഞ്ചി തോളിലിട്ട്‌, സന്തതസഹചാരിയായ വടിയും കുത്തിപ്പിടിച്ച് അയാളിരുന്നു – ജീവിതത്തിന്‍റെ കയ്പും മധുരവും അയവിറക്കിക്കൊണ്ട്! അകക്കണ്ണില്‍ അയാള്‍ കണ്ട കാഴ്ച്ച തെളിമയാര്‍ന്നതായിരുന്നു. ഒരു കുഞ്ഞിന്‍റെ  വാത്സല്യം തുളുമ്പുന്ന മുഖവും, തന്നെ കാണുമ്പോള്‍ ആ മുഖത്തു വിരിയുന്ന സന്തോഷവും തന്‍റെ അരികില്‍ വരുമ്പോള്‍ ആ മുഖത്തെ ആശ്വാസവും, അപരിചിതരെ കാണുമ്പോള്‍ പൊട്ടിമുളയ്ക്കുന്ന ആശങ്കയും ഒക്കെ അയാള്‍ വ്യക്തമായി തന്നെ കണ്ടു.അപ്പോള്‍ ആ മനസ്സില്‍ ഒരു നനുത്ത സ്നേഹത്തിന്‍റെ നറുമണം പടര്‍ന്നു... കാഴ്ചയില്ലാത്ത കണ്ണുകളിലും ആശയുടെ ഒരു സ്ഫുരണമുണ്ടായി; തന്‍റെ ദയനീയാവസ്ഥയില്‍ ഈ കുരുന്നിനെ കൂട്ട് തന്ന ദൈവത്തെ അയാള്‍ മനസ്സാ നമിച്ചു!

ആരോരുമില്ലാത്ത രണ്ടു ജീവിതങ്ങള്‍ പരസ്പര പൂരകങ്ങളായി. വഴികാട്ടിയും സംരക്ഷകനുമായി; ജന്മംകൊണ്ടല്ലെങ്കിലും കര്‍മ്മം കൊണ്ടു പിതാവും പുത്രിയുമായി – ഈ അനുഗ്രഹം കാഴ്ചയില്ലാത്ത കണ്ണുകളും കണ്ടു. അപ്പോള്‍ കുരുടന്മാരായി മാറിയത്, എല്ലാം കണ്ടിട്ടും കാണാതെ പോകുന്ന കാഴ്ച്ചക്കാരായിരുന്നു!

പിന്‍ കുറിപ്പ് - മുന്‍പെപ്പോഴോ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് നടത്തിയ മിനിക്കഥ മത്സരത്തിനു വേണ്ടി എഴുതിയത്. 
ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ ഇമേജ്

Monday, 3 February 2014

1983 - എന്റെ തോന്നലുകള്‍


ഒരു നല്ല പടം എന്ന് 'ഇ-ലോക'ത്ത് നിന്നും ചില അഭിപ്രായങ്ങള്‍ ഉയര്‍ന്നു തുടങ്ങിയ വേളയിലാണ് 1983 എന്ന സിനിമ കാണാന്‍ പോയത്. ക്രിക്കറ്റ് സംബന്ധിയായ സിനിമയാണ് എന്നറിയാവുന്നതിനാല്‍ ഇഷ്ടപ്പെടാനുള്ള സാദ്ധ്യതകള്‍ കൂടുതലാണ് എന്ന്‍ ഉള്ളിന്റെയുള്ളില്‍ ഞാനറിഞ്ഞിരുന്നുവോ ആവോ! (കുട്ടിക്കാലം മുതല്‍ക്കേ ഒരു 'ക്രിക്കറ്റ് പ്രാന്തി'യായിരുന്ന എനിക്ക് അങ്ങനെ തോന്നാതിരുന്നാലേ അദ്ഭുതമുള്ളൂ, അല്ലേ?)

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ പ്രസംഗവും, ഇന്ത്യയുടെ കന്നി ലോകകപ്പ് വിജയവുമെല്ലാം കൂട്ടിച്ചേര്‍ത്ത് തുടങ്ങിയ കഥ രമേശന്റെയും കൂട്ടുകാരുടേയും ജീവിതത്തിലൂടെ പുരോഗമിച്ചപ്പോള്‍ കാണികളും തങ്ങളുടെ ഭൂതകാലങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നിരിക്കണം. ഓലമടല്‍ ബാറ്റുകളും ചുള്ളിക്കമ്പുകൊണ്ടുള്ള സ്റ്റമ്പും റബര്‍ പന്തും കള്ളക്കളിയും പൊക്കിയടിച്ചാല്‍ ഔട്ടാവലും എല്‍ ബി ഇല്ല എന്ന പറച്ചിലുമെല്ലാം നമ്മുടേതല്ലേ എന്ന്‍ മിക്കവരും ഗൃഹാതുരതയോടെ ഓര്‍ത്തിരിക്കും... കളിക്കിറുക്കുമായി നടന്നതിനു കിഴുക്കു കിട്ടാത്ത തലകളും അക്കൂട്ടത്തില്‍ കുറവാകും. മകന്റെ ഭാവിയെക്കുറിച്ചുള്ള ആധി സിനിമയിലെ അച്ഛനെപ്പോലെ നമ്മുടെ അച്ഛനുണ്ടായിരുന്നതും ഓര്‍മ വന്നിരിക്കാം. എന്നിരിക്കേ, നായകന്‍റെ ദു:ഖവും നിരാശയും നമ്മുടേതായി മാറിയതില്‍ ആശ്ചര്യപ്പെടാന്‍ ഒന്നുമില്ല.

സിനിമയുടെ ആദ്യ പകുതി സുഖകരമായ ഗൃഹാതുരത്വമാണ് പകര്‍ന്നു തന്നതെങ്കില്‍ രണ്ടാം പകുതി ഒരു സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള വഴി (അതെത്ര കഠിനമാണെങ്കിലും) തുറന്നു കാണിക്കുന്നു. ഒരല്പം കൂടി ഒതുക്കിപ്പറയാം എന്ന്‍ തോന്നിപ്പിച്ചെങ്കിലും ഒഴുക്ക് നഷ്ടപ്പെടാതെ കഥ മുന്നേറിയത് കൊണ്ട് കാണികള്‍ക്ക് മുഷിപ്പനുഭവപ്പെട്ടിരിക്കില്ല. ഒരു ക്രിക്കറ്റ് പ്രേമിയെ ഈ സിനിമ തൃപ്തിപ്പെടുത്തും എന്നതില്‍ സംശയമില്ല - ഒരു സാധാരണ പ്രേക്ഷകനേയും ഈ സിനിമ നിരാശപ്പെടുത്താന്‍ ഇടയില്ല എന്നാണെനിക്ക് തോന്നിയത്.

നിവിന്‍ പോളി അവതരിപ്പിച്ച കേന്ദ്രകഥാപാത്രമായ രമേശന്‍ ഈ നടന്‍റെ മികച്ച വേഷങ്ങളില്‍ ഒന്നാണ്. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന നായക വേഷത്തെ നന്നായി അവതരിപ്പിക്കാന്‍ നിവിന് കഴിഞ്ഞിരിക്കുന്നു. ഈ നടന്റെ കരിയര്‍ ഗ്രാഫ് ഉയരത്തിലേക്കാണ് അനുദിനം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് പറയാതെ തരമില്ല.

കഥ എന്നത് പോലെ തന്നെ സിനിമയുടെ മികവായി എടുത്തുപറയാനുള്ളത് ഈ സിനിമയുടെ കാസ്റ്റിംഗ് ആണ്. ഓരോ കഥാപാത്രത്തിനും അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തുന്നതില്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വിജയിച്ചിരിക്കുന്നു. മുഴച്ചു നില്‍ക്കാത്ത പ്രകടനങ്ങളുമായി അവര്‍ ഓരോരുത്തരും തങ്ങളുടെ വേഷം ഭംഗിയായി അവതരിപ്പിച്ചു.

ഇതിലെ ഗാനങ്ങളും അനുയോജ്യമായവ തന്നെ. 'നെഞ്ചിലെ' എന്ന പാട്ട് കായികപ്രേമികള്‍ ഏറ്റുപിടിച്ചാല്‍ അദ്ഭുതപ്പെടാനില്ല. ഏറെക്കാലത്തിനു ശേഷം ജയചന്ദ്രനും വാണി ജയറാമും ഒരുമിച്ചു പാടിയ 'ഓലഞ്ഞാലിക്കുരുവി' എന്ന ഗാനം എല്ലാവരുടെയും ഇഷ്ടഗാനമായിക്കഴിഞ്ഞിരിക്കുന്നു.

നല്ലൊരു സിനിമ കണ്ടിറങ്ങിയ സംതൃപ്തി സഹപ്രേക്ഷകരുടെ മുഖത്തുനിന്നും വായിച്ചെടുക്കാന്‍ സാധിച്ചു. സിനിമ കഴിഞ്ഞപ്പോള്‍ തിയറ്ററില്‍ മുഴങ്ങിയ കയ്യടികള്‍ ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അര്‍ഹിക്കുന്നത് തന്നെയാണ്. അവസാന സീനില്‍ രമേശനും കണ്ണനും കൈ കോര്‍ത്ത് നീങ്ങുമ്പോള്‍ മുന്നില്‍ ഒറ്റയടിപ്പാതകള്‍ തെളിഞ്ഞു കാണുന്ന ഒരു മല കാണാം - തങ്ങള്‍ക്ക് കീഴടക്കാനുള്ള ഉയരം എന്താണെന്ന് അവര്‍ക്ക് ബോദ്ധ്യമുണ്ട് - അവിടെക്കുള്ള വഴി ദുഷ്കരമാവും എന്നുമവര്‍ തിരിച്ചറിയുന്നു. അച്ഛന്‍ മകന് പകര്‍ന്നു കൊടുക്കുന്നത് സച്ചിന്‍റെ അച്ഛന്‍ അദ്ദേഹത്തിന് പകര്‍ന്നു കൊടുത്ത വിവേകമാണ് - "നീ നിന്റെ സ്വപ്നങ്ങളെ പിന്തുടരൂ - കുറുക്കുവഴികള്‍ തേടാതെ തന്നെ. സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള വഴി ദുര്‍ഘടമാകാം, എങ്കിലും പിന്തിരിയരുത്. നല്ലൊരു കളിക്കാരനാവുന്നതിനേക്കാള്‍ പ്രധാനമാണ് നല്ലൊരു മനുഷ്യനാവുക എന്നത്... "

വീട്ടില്‍ തിരിച്ചെത്തിയിട്ടും കുറെ നേരം സിനിമ മനസ്സില്‍ നിന്നും മായാതെ നിന്നു. അപ്പോള്‍ ചില ചിന്തകള്‍ മനസ്സിലേക്ക് വന്നു:
  • തന്റെ ആഗ്രഹങ്ങള്‍ക്ക് പിന്തുണ നല്‍കാഞ്ഞിട്ടും രമേശന് തന്റെ അച്ഛനോട് പ്രത്യേകിച്ച് വിരോധമോ ദേഷ്യമോ തോന്നിയില്ല എന്നത് ശ്രദ്ധേയമായി തോന്നി. തന്‍റെ ജീവിതം ഇങ്ങനെയൊക്കെ ആയത് ഇഷ്ടപ്പെട്ട കാര്യം ചെയ്യാന്‍ അച്ഛന്‍ സമ്മതിക്കാത്തത് കൊണ്ടാണെന്ന് അയാള്‍ എവിടേയും പറയുന്നില്ല. ആരെയും പഴി ചാരാതെ അയാള്‍ ജീവിതവുമായി സമരസപ്പെട്ട് പോകുന്നത് അധികം കാണാത്ത കാഴ്ച്ചയാണ്. 
  • തനിക്ക് ലഭിക്കാതെ പോയ അവസരങ്ങള്‍ തന്റെ മകന് ലഭിക്കുന്നതിനു വേണ്ടി എന്ത് വിഷമവും സഹിക്കാന്‍ രമേശന്‍ തയ്യാറാവുന്നു. എന്നാല്‍ അതൊന്നും സ്വന്തം അച്ഛനോടുള്ള ഒരു വെല്ലുവിളിയാകുന്നില്ല. മകന്റെ താല്പര്യത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും  അച്ഛന്റെ മുന്നില്‍ അയാള്‍ ഇപ്പോഴും മകന്‍ തന്നെയാണ്.

    അതോടൊപ്പം ഒരു മറു ചിന്ത കൂടി ഉടലെടുത്തു:
  • കണ്ണന് ക്രിക്കറ്റിനോടല്ലാതെ മറ്റേതെങ്കിലും കളിയോടാണ്‌ താല്പര്യമുണ്ടായിരുന്നതെങ്കില്‍ രമേശന്‍ ഇത്രയും പിന്തുണ നല്കുമായിരുന്നുവോ? ഒരു പക്ഷേ ഉണ്ടാവുമായിരിക്കാം... ഏറ്റവും പ്രിയപ്പെട്ട ഒരു കാര്യം ചെയ്യുന്നതിനു വിലക്ക് ലഭിച്ച ഒരാള്‍ക്ക് മറ്റൊരാളെ അങ്ങനെ വിലക്കാന്‍ കഴിയുമോ? 
  • സിനിമ കണ്ടിറങ്ങുന്ന കുട്ടികള്‍ തങ്ങളുടെ അച്ഛന്മാരും രമേഷിനെപ്പോലെയായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരിക്കും. അച്ഛന്മാരാകട്ടെ, ഒരു നിമിഷമെങ്കിലും തങ്ങള്‍ രമേശനെപ്പോലെയുള്ള അച്ഛനാണോ അതോ അയാളുടെ അച്ഛന്‍ ഗോപിയുടെ പോലെയാണോ എന്നും ചിന്തിച്ചിരിക്കാം...

    എബ്രിഡ്‌ ഷൈന്‍ - സംവിധായകന്‍
    ഒരു നല്ല സിനിമ സമ്മാനിച്ചതിന്, ശേഷം അല്പം ചിന്തിപ്പിച്ചതിന്, എബ്രിഡ് ഷൈനിനും കൂട്ടര്‍ക്കും നന്ദി! ഇത്തരം നല്ല ചിത്രങ്ങളെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമാറാകട്ടെ! 

വാല്‍ കഷ്ണം: ഇതൊരു സിനിമാവലോകനമല്ല. ഒരു സാധാരണ പ്രേക്ഷകയുടെ ചില എളിയ തോന്നലുകള്‍ മാത്രം. അതുകൊണ്ടു തന്നെ സിനിമയുടെ (ഛായാഗ്രഹണം, ചിത്രസംയോജനം തുടങ്ങി) പല പ്രധാന മേഖലകളെയും ഇവിടെ പ്രതിപാദിച്ചിട്ടില്ല. വായനക്കാര്‍ സദയം ക്ഷമിക്കുമല്ലോ!

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍ ഇമേജ്

Sunday, 2 February 2014

ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി - ആസ്വാദനക്കുറിപ്പ്‌

പുസ്തകത്തിന്‍റെ മുന്‍ കവര്‍
'ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി' ബ്ലോഗില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഞാന്‍ വായിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പുസ്തകരൂപത്തില്‍ ഈ കഥ പുറത്തിറങ്ങിയപ്പോള്‍ ഒരു പുത്തന്‍ വായനാനുഭവമാണ് അത് പകര്‍ന്നു നല്‍കിയത്. പുസ്തകത്തെക്കുറിച്ച് വിശദമായി പറയുന്നതിനു മുന്‍പ് ഗ്രന്ഥകര്‍ത്താവിന് പ്രത്യേക നന്ദി രേഖപ്പെടുത്തട്ടെ - സ്വന്തം കയ്യൊപ്പോടെ ഈ പുസ്തകം എനിക്ക് സമ്മാനിച്ചതിന്!

പുസ്തകം കയ്യില്‍ കിട്ടിയതിനു ശേഷം പത്തു പന്ത്രണ്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് വായന തുടങ്ങിയത്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരേടിലെ വരികള്‍ വായിക്കുവാന്‍ പ്രത്യേക സമയം കണ്ടെത്തേണ്ടതുണ്ട് എന്നതിനാല്‍ വായന നീണ്ടു പോയി - അതിനിടയില്‍ പുസ്തകം ഒന്ന് മറിച്ചു നോക്കാനുള്ള അഭിനിവേശത്തെ മന:പൂര്‍വ്വം നിയന്ത്രിച്ചു - വായന തുടങ്ങിയാല്‍ അതവസാനിച്ചല്ലാതെ പുസ്തകം താഴെവെക്കാന്‍ കഴിയില്ല എന്നറിയാവുന്നതുകൊണ്ടുതന്നെ!

ഒടുവില്‍ അക്ഷമയോടെ കാത്തിരുന്ന ആ ദിനം വന്നെത്തി - മുന്‍പ് സൂചിപ്പിച്ച പോലെതന്നെ വായിക്കാന്‍ തുടങ്ങിയപ്പോള്‍ കഥയോടൊപ്പം സഞ്ചരിച്ചുകൊണ്ടേയിരുന്നു... അവസാന പേജും വായിച്ചവസാനിച്ചപ്പോള്‍ ഈ യാത്ര ഇത്രവേഗം കഴിഞ്ഞല്ലോ എന്ന സങ്കടം!

കഥാകാരന്റെ കയ്യൊപ്പോടെ
'ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി' - പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നാസി ഭരണത്തിനെതിരെ ജൂതന്‍മാര്‍ നടത്തിയ പോരാട്ടത്തിന്‍റെ കഥയിലെ ഒരു ചെറിയ അദ്ധ്യായം മാത്രമാണ് എന്ന് പറയാം. ഒരിക്കലും ആരും അറിയാതെ പോകുമായിരുന്ന ഒരു കഥ!

ഈ നോവലിന്‍റെ ജനനവും വളരെ അസാധാരണമായ ഒന്നാണ് എന്ന് പറയേണ്ടിയിരിക്കുന്നു. യാദൃച്ഛികമായി ഒരാള്‍ക്ക് ഒരു ഓര്‍മക്കുറിപ്പിന്‍റെ ചില ഭാഗങ്ങള്‍ കിട്ടുകയും ഇതുവരെയും പരിചയമില്ലാത്ത ഒരാളുമായി അത് പങ്കുവെക്കുകയും അയാളോട് അത് വെച്ച് ഒരു നോവല്‍ എഴുതാന്‍ പറയുകയും ആ എഴുത്തുകാരന്‍ അതിന് തയ്യാറാവുകയും ചെയ്യുക! എത്ര വിചിത്രമായ കാര്യമാണിത്! എന്നാല്‍ 'ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി' ജനിക്കുന്നത് ഇങ്ങനെത്തന്നെയാണ്.

ബ്ലോഗില്‍ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവലിന് വായനക്കാര്‍ ഏറെയായിരുന്നു. അവര്‍ ഓരോ ഭാഗത്തിനായി എത്ര അക്ഷമയോടെയായിരുന്നിരിക്കും കാത്തിരുന്നതെന്ന് ഈ പുസ്തകം വായിച്ചു കഴിഞ്ഞു ഞാന്‍ ആശ്ചര്യപ്പെട്ടു.

അരുണ്‍ ആര്‍ഷ എന്ന എഴുത്തുകാരന്‍ വലിയൊരു സാഹസമാണ് ഈ നോവലിന്‍റെ കാര്യത്തില്‍ ചെയ്തത് എന്നതില്‍ സംശയമില്ല. ചരിത്രവുമായി കൂടിക്കുഴഞ്ഞ ഒരു കഥാതന്തുവിനെ വികസിപ്പിച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് രണ്ടാം ലോകമഹായുദ്ധം, നാസി-ജൂത യുദ്ധങ്ങള്‍ എന്നിങ്ങനെയുള്ള സങ്കീര്‍ണ്ണ വിഷയങ്ങള്‍ കഥയുടെ കാതലായി മാറുമ്പോള്‍ . എന്നാല്‍ ഈ വിഷയം ഇത്ര കൈയടക്കത്തോടെ കൈകാര്യം ചെയ്യാം എന്ന് അരുണ്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു - ഈ നോവലിലൂടെ.

ജൂതന്മാരെ കൊന്നൊടുക്കിയാല്‍ മാത്രമേ ജര്‍മ്മനിക്ക് രക്ഷയുള്ളൂ എന്ന ഹിറ്റ്ലറുടെ പൈശാചികമായ ആജ്ഞ നടപ്പിലാക്കുന്ന നാസിപ്പട. ഈ അവസ്ഥയില്‍ സ്വന്തം നാട്ടില്‍ ജീവിക്കണമെങ്കില്‍ ഹിറ്റ്ലര്‍ മരിച്ചേ തീരൂ എന്ന സത്യം തിരിച്ചറിഞ്ഞ ചില ജൂത യുവാക്കള്‍ മഞ്ഞപ്പോരാളി എന്ന സംഘടനയില്‍ ചേര്‍ന്ന്‍ ഫ്യൂററെ വധിക്കാന്‍ പദ്ധതിയിടുന്നു. ഇന്നല്ലെങ്കില്‍ നാളെ ഗെസ്റ്റപ്പോയുടെ പിടിയിലാവുകയും ഓഷ്വിറ്റ്സിലെ തടങ്കല്‍ പാളയത്തില്‍ ജീവിതം അവസാനിക്കുകയും ചെയ്യും എന്ന യാഥാര്‍ത്ഥ്യത്തെ മറികടക്കുന്നതിന് അവര്‍ കണ്ടെത്തുന്ന വഴി ഹിറ്റ്ലറെ വധിക്കുക, ജൂതന്മാരെ രക്ഷിക്കുക എന്നതായിരുന്നു. എന്നാല്‍ അവര്‍ അതില്‍ പരാജയപ്പെടുകയും ചിലര്‍ കൊല്ലപ്പെടുകയും ചിലര്‍ പിടിക്കപ്പെടുകയും ചെയ്യുന്നു.

റെഡ്വിന്‍ എന്ന യുവാവും ഈ സംഘത്തിലെ അംഗമായിരുന്നു. കൂട്ടാളികളില്‍ ചിലര്‍ കൊല്ലപ്പെടുകയും ചിലര്‍ പിടിക്കപ്പെടുകയുമാണ് ഉണ്ടായതെങ്കിലും അയാള്‍ അവിടെ നിന്നും എങ്ങനെയോ രക്ഷപ്പെട്ട് സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്നു. പക്ഷേ, അയാളുടെ ബന്ധുക്കളെയും മറ്റും ഗെസ്റ്റപ്പോ അറസ്റ്റു ചെയ്യുമ്പോള്‍ അയാളും പിടിയിലാകുന്നു - ഓഷ്വിറ്റ്സിലേക്ക് അയക്കപ്പെടുന്നു. തുടര്‍ന്ന് റെഡ്വിന്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും മറ്റു ചിലരുമായി ചേര്‍ന്ന് അയാള്‍ നടത്തുന്ന വിപ്ലവവും അതിന്റെ പരാജയവും അയാളുടെ വീണ്ടുമുള്ള രക്ഷപ്പെടലുമൊക്കെ നമ്മുടെ മനസ്സില്‍ ഉദ്വേഗമുണര്‍ത്തുന്ന സന്ദര്‍ഭങ്ങളാണ്. പിന്നീട് വീണ്ടും പിടിക്കപ്പെടുമ്പോള്‍ ക്രൂര മര്‍ദ്ദനങ്ങള്‍ക്കും മറ്റും വിധേയനാക്കിയ ശേഷം അര്‍ദ്ധപ്രാണനാക്കി എക്സ്ടെര്‍മിനേഷന്‍ ചേംബറില്‍ അടക്കുകയും ചെയ്യുന്നു. ആയുസ്സിന്‍റെ ബലവും ഭാഗ്യവും കൊണ്ടുമാത്രം രക്ഷപ്പെടുന്ന അയാളുടെ ഓര്‍മക്കുറിപ്പിന്‍റെ രൂപത്തിലാണ് ഈ കഥ വികസിച്ചു വരുന്നത്.

ഓഷ്വിറ്റ്‌സ് - ബര്‍ക്ക്നൌ
എന്നാല്‍ കഥ വായിക്കുന്ന ആര്‍ക്കും ഇത് വെറും ഭാവനയില്‍ നിന്നും വിടര്‍ന്നു വന്ന ഒരു കഥയാണ് എന്ന്‍ തോന്നാത്തവിധം യാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിച്ചാണ് ചുവന്ന പോരാളി തന്റെ ഓര്‍മകള്‍ പങ്കു വെക്കുന്നത്. അക്കാലത്ത് യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന മോറിസ് ബൌഡ്, ആല ഗാര്‍ട്ടര്‍, റോസാ റോബോട്ട, എന്നിങ്ങനെയുള്ളവരുമായി ഈ കഥ ബന്ധിപ്പിച്ചു കൊണ്ടുപോകുന്ന വിധം അഭിനന്ദനീയം തന്നെ. അതുപോലെ തന്നെ ചരിത്ര സംഭവങ്ങളും മറ്റും ഇതില്‍ വളരെ ഇഴുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ഇതിനു വേണ്ടി കഥാകാരന്‍ വളരെയധികം ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തം! ഇതിനെല്ലാം പുറമേ, താന്‍ ജീവിച്ചിരിപ്പുണ്ടെന്നത് പോലും രഹസ്യമാക്കി വെച്ച റെഡ്വിന്‍ പിന്നീട് എന്തിനാണ് ആ രഹസ്യങ്ങളുടെ ചുരുളഴിച്ചതെന്നും എങ്ങനെയാണ് അയാളുടെ കുറിപ്പുകള്‍ നോവലിസ്റ്റിന്‍റെ സുഹൃത്തിന്റെ കൈയ്യില്‍ എത്തിപ്പെടുന്നതെന്നും പറയാതെ പറയുന്നുണ്ട് ഈ കഥയില്‍. ഒരു ചോദ്യത്തിന് മാത്രമേ ഇതില്‍ ഉത്തരം ലഭിക്കാതെ പോകുന്നുള്ളൂ. 'അത് വെളിപ്പെടുത്താന്‍ എനിക്ക് അനുവാദമില്ല' എന്ന് ഞാനും ആവര്‍ത്തിക്കട്ടെ! അതല്ലാതെ  ഒരറ്റവും പൂരിപ്പിക്കാതെ വിട്ടിട്ടില്ല എന്നത് വായനക്കാരെ സംബന്ധിച്ചിടത്തോളം ഹൃദ്യമായ ഒരനുഭവം തന്നെ!

കഥാസന്ദര്‍ഭത്തെക്കുറിച്ച് ചെറിയൊരു ധാരണയുണ്ടായിരുന്നതിനാല്‍ സ്വാഭാവികമായും നാസി ക്രൂരതയുടെ കഥകള്‍ വിശദമായി ഇതിലുണ്ടാവും എന്ന്‍ തോന്നിയിരുന്നു. എന്നാല്‍ കഥയില്‍ അവയെക്കുറിച്ച് വളരെ സൂക്ഷ്മമായി പറയുന്നില്ലെങ്കിലും, അത് വായനക്കാരുടെ കരളലിയിക്കുന്ന വിധത്തില്‍ തന്നെയാണ് പറഞ്ഞിട്ടുള്ളത്! അത്തരം സന്ദര്‍ഭങ്ങളില്‍ കഥാപാത്രത്തിന്‍റെ വേദനയും ആശങ്കയും നമ്മിലേക്കും പകരുന്നു. എന്നാല്‍ ഇവയൊന്നും വായനക്കാരില്‍ വല്ലാത്ത ഒരു അറപ്പോ, ഇത് വായിക്കേണ്ടിയിരുന്നില്ല എന്ന തോന്നലോ സൃഷ്ടിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഒരു നീറ്റലും വിങ്ങലും ഉള്ളില്‍ കുരുത്തുവരുമെങ്കിലും അവയൊന്നും കഥയുടെ ഒഴുക്കിനെ ബാധിക്കുന്നില്ല.

നാസി തടങ്കല്‍പ്പാളയമായ ബര്‍ക്ക്നൌവില്‍ 1944 ഒക്ടോബര്‍ 7 ന് നടന്ന കലാപത്തിന്‍റെ സൂത്രധാരന്മാര്‍ ആരെന്ന് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല - എന്നാല്‍ ഈ കഥ വായിച്ചാല്‍ ഇതില്‍ പറഞ്ഞപോലെതന്നെയാണ് കാര്യങ്ങള്‍ നടന്നതെന്ന് നമുക്ക് തോന്നും. അത്രത്തോളം വിശ്വാസ്യതയും യാഥാര്‍ത്ഥ്യവും ഈ കഥയില്‍ അനുഭവിച്ചറിയാം. അരുണ്‍ ആര്‍ഷ എന്ന കഥാകാരന്‍റെ കന്നി നോവലാണ്‌ ഇതെന്ന് വിശ്വസിക്കുവാന്‍ പ്രയാസമാണ് - തഴക്കവും പഴക്കവും വന്ന ഒരു എഴുത്തുകാരന്‍റെ കൈയടക്കവും മേന്മയും ഈ നോവലില്‍ ആകമാനം അനുഭവവേദ്യമാകുന്നു. മലയാള നോവലുകളില്‍ സാധാരണ എനിക്കനുഭവപ്പെടാത്ത ഒരു വ്യഗ്രത ഈ നോവല്‍ വായിക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്നുവന്നതും പ്രത്യേകം പറയാന്‍ ആഗ്രഹിക്കുന്നു. പുസ്തകം താഴെവെക്കാതെ ഓരോ താളുകളും മറിച്ച് കഥ മുഴുവനും ഒറ്റയിരിപ്പിനു വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്‍ ഈ കഥയിലുണ്ട്! 

അരുണ്‍ ആര്‍ഷ
ബ്ലോഗെഴുത്തില്‍ നിന്നും ഊർജ്ജമുള്‍ക്കൊണ്ട് മുഖ്യധാരയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് എന്തുകൊണ്ടും അരുണിനെ ഒരു മാതൃകയാക്കാവുന്നതാണ്. ഇത്രയും പ്രതിഭാധനനായ ഒരു എഴുത്തുകാരന്‍ ഒരു ബ്ലോഗര്‍ എന്ന ലേബലില്‍ മാത്രം ഒതുങ്ങിപ്പോവാതെ മലയാളികളുടെയെല്ലാം പ്രിയപ്പെട്ട, അറിയപ്പെടുന്ന ഒരു എഴുത്തുകാരനായി മാറട്ടെ എന്നാശംസിക്കുന്നു! 

ഒപ്പം തന്നെ, ഇത്രയും നല്ല ഒരു കൃതി മലയാളത്തില്‍ മാത്രം ഒതുങ്ങാതെ ഇംഗ്ലീഷ് പോലെയുള്ള ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും എന്നും പ്രത്യാശിക്കുന്നു.

ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച 'ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി'യുടെ വില 160/- രൂപയാണ്. പരമ്പരാഗതമായ രീതിയില്‍ ബുക്ക് സ്റ്റാളുകളില്‍ നിന്നും ലഭിക്കുന്ന ഈ പുസ്തകം, ഈ-ബേ പോലുള്ള ഓണ്‍ലൈന്‍ വിപണനകേന്ദ്രങ്ങളില്‍ നിന്നും വാങ്ങാവുന്നതാണ്. 184 പേജുള്ള ഈ പുസ്തകം തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകര്‍ന്നു നല്‍കും എന്ന്‍ നിസ്സംശയം പറയാം. തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണ്  'ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി' എന്നും അടിവരയിട്ടു പറയേണ്ടിയിരിക്കുന്നു.  

ചിത്രങ്ങള്‍ക്ക് കടപ്പാട് : അരുണ്‍ ആര്‍ഷ, ഗൂഗിള്‍ ഇമേജ്