ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി - ആസ്വാദനക്കുറിപ്പ്‌

പുസ്തകത്തിന്‍റെ മുന്‍ കവര്‍
'ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി' ബ്ലോഗില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഞാന്‍ വായിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പുസ്തകരൂപത്തില്‍ ഈ കഥ പുറത്തിറങ്ങിയപ്പോള്‍ ഒരു പുത്തന്‍ വായനാനുഭവമാണ് അത് പകര്‍ന്നു നല്‍കിയത്. പുസ്തകത്തെക്കുറിച്ച് വിശദമായി പറയുന്നതിനു മുന്‍പ് ഗ്രന്ഥകര്‍ത്താവിന് പ്രത്യേക നന്ദി രേഖപ്പെടുത്തട്ടെ - സ്വന്തം കയ്യൊപ്പോടെ ഈ പുസ്തകം എനിക്ക് സമ്മാനിച്ചതിന്!

പുസ്തകം കയ്യില്‍ കിട്ടിയതിനു ശേഷം പത്തു പന്ത്രണ്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് വായന തുടങ്ങിയത്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരേടിലെ വരികള്‍ വായിക്കുവാന്‍ പ്രത്യേക സമയം കണ്ടെത്തേണ്ടതുണ്ട് എന്നതിനാല്‍ വായന നീണ്ടു പോയി - അതിനിടയില്‍ പുസ്തകം ഒന്ന് മറിച്ചു നോക്കാനുള്ള അഭിനിവേശത്തെ മന:പൂര്‍വ്വം നിയന്ത്രിച്ചു - വായന തുടങ്ങിയാല്‍ അതവസാനിച്ചല്ലാതെ പുസ്തകം താഴെവെക്കാന്‍ കഴിയില്ല എന്നറിയാവുന്നതുകൊണ്ടുതന്നെ!

ഒടുവില്‍ അക്ഷമയോടെ കാത്തിരുന്ന ആ ദിനം വന്നെത്തി - മുന്‍പ് സൂചിപ്പിച്ച പോലെതന്നെ വായിക്കാന്‍ തുടങ്ങിയപ്പോള്‍ കഥയോടൊപ്പം സഞ്ചരിച്ചുകൊണ്ടേയിരുന്നു... അവസാന പേജും വായിച്ചവസാനിച്ചപ്പോള്‍ ഈ യാത്ര ഇത്രവേഗം കഴിഞ്ഞല്ലോ എന്ന സങ്കടം!

കഥാകാരന്റെ കയ്യൊപ്പോടെ
'ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി' - പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നാസി ഭരണത്തിനെതിരെ ജൂതന്‍മാര്‍ നടത്തിയ പോരാട്ടത്തിന്‍റെ കഥയിലെ ഒരു ചെറിയ അദ്ധ്യായം മാത്രമാണ് എന്ന് പറയാം. ഒരിക്കലും ആരും അറിയാതെ പോകുമായിരുന്ന ഒരു കഥ!

ഈ നോവലിന്‍റെ ജനനവും വളരെ അസാധാരണമായ ഒന്നാണ് എന്ന് പറയേണ്ടിയിരിക്കുന്നു. യാദൃച്ഛികമായി ഒരാള്‍ക്ക് ഒരു ഓര്‍മക്കുറിപ്പിന്‍റെ ചില ഭാഗങ്ങള്‍ കിട്ടുകയും ഇതുവരെയും പരിചയമില്ലാത്ത ഒരാളുമായി അത് പങ്കുവെക്കുകയും അയാളോട് അത് വെച്ച് ഒരു നോവല്‍ എഴുതാന്‍ പറയുകയും ആ എഴുത്തുകാരന്‍ അതിന് തയ്യാറാവുകയും ചെയ്യുക! എത്ര വിചിത്രമായ കാര്യമാണിത്! എന്നാല്‍ 'ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി' ജനിക്കുന്നത് ഇങ്ങനെത്തന്നെയാണ്.

ബ്ലോഗില്‍ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവലിന് വായനക്കാര്‍ ഏറെയായിരുന്നു. അവര്‍ ഓരോ ഭാഗത്തിനായി എത്ര അക്ഷമയോടെയായിരുന്നിരിക്കും കാത്തിരുന്നതെന്ന് ഈ പുസ്തകം വായിച്ചു കഴിഞ്ഞു ഞാന്‍ ആശ്ചര്യപ്പെട്ടു.

അരുണ്‍ ആര്‍ഷ എന്ന എഴുത്തുകാരന്‍ വലിയൊരു സാഹസമാണ് ഈ നോവലിന്‍റെ കാര്യത്തില്‍ ചെയ്തത് എന്നതില്‍ സംശയമില്ല. ചരിത്രവുമായി കൂടിക്കുഴഞ്ഞ ഒരു കഥാതന്തുവിനെ വികസിപ്പിച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് രണ്ടാം ലോകമഹായുദ്ധം, നാസി-ജൂത യുദ്ധങ്ങള്‍ എന്നിങ്ങനെയുള്ള സങ്കീര്‍ണ്ണ വിഷയങ്ങള്‍ കഥയുടെ കാതലായി മാറുമ്പോള്‍ . എന്നാല്‍ ഈ വിഷയം ഇത്ര കൈയടക്കത്തോടെ കൈകാര്യം ചെയ്യാം എന്ന് അരുണ്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു - ഈ നോവലിലൂടെ.

ജൂതന്മാരെ കൊന്നൊടുക്കിയാല്‍ മാത്രമേ ജര്‍മ്മനിക്ക് രക്ഷയുള്ളൂ എന്ന ഹിറ്റ്ലറുടെ പൈശാചികമായ ആജ്ഞ നടപ്പിലാക്കുന്ന നാസിപ്പട. ഈ അവസ്ഥയില്‍ സ്വന്തം നാട്ടില്‍ ജീവിക്കണമെങ്കില്‍ ഹിറ്റ്ലര്‍ മരിച്ചേ തീരൂ എന്ന സത്യം തിരിച്ചറിഞ്ഞ ചില ജൂത യുവാക്കള്‍ മഞ്ഞപ്പോരാളി എന്ന സംഘടനയില്‍ ചേര്‍ന്ന്‍ ഫ്യൂററെ വധിക്കാന്‍ പദ്ധതിയിടുന്നു. ഇന്നല്ലെങ്കില്‍ നാളെ ഗെസ്റ്റപ്പോയുടെ പിടിയിലാവുകയും ഓഷ്വിറ്റ്സിലെ തടങ്കല്‍ പാളയത്തില്‍ ജീവിതം അവസാനിക്കുകയും ചെയ്യും എന്ന യാഥാര്‍ത്ഥ്യത്തെ മറികടക്കുന്നതിന് അവര്‍ കണ്ടെത്തുന്ന വഴി ഹിറ്റ്ലറെ വധിക്കുക, ജൂതന്മാരെ രക്ഷിക്കുക എന്നതായിരുന്നു. എന്നാല്‍ അവര്‍ അതില്‍ പരാജയപ്പെടുകയും ചിലര്‍ കൊല്ലപ്പെടുകയും ചിലര്‍ പിടിക്കപ്പെടുകയും ചെയ്യുന്നു.

റെഡ്വിന്‍ എന്ന യുവാവും ഈ സംഘത്തിലെ അംഗമായിരുന്നു. കൂട്ടാളികളില്‍ ചിലര്‍ കൊല്ലപ്പെടുകയും ചിലര്‍ പിടിക്കപ്പെടുകയുമാണ് ഉണ്ടായതെങ്കിലും അയാള്‍ അവിടെ നിന്നും എങ്ങനെയോ രക്ഷപ്പെട്ട് സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്നു. പക്ഷേ, അയാളുടെ ബന്ധുക്കളെയും മറ്റും ഗെസ്റ്റപ്പോ അറസ്റ്റു ചെയ്യുമ്പോള്‍ അയാളും പിടിയിലാകുന്നു - ഓഷ്വിറ്റ്സിലേക്ക് അയക്കപ്പെടുന്നു. തുടര്‍ന്ന് റെഡ്വിന്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും മറ്റു ചിലരുമായി ചേര്‍ന്ന് അയാള്‍ നടത്തുന്ന വിപ്ലവവും അതിന്റെ പരാജയവും അയാളുടെ വീണ്ടുമുള്ള രക്ഷപ്പെടലുമൊക്കെ നമ്മുടെ മനസ്സില്‍ ഉദ്വേഗമുണര്‍ത്തുന്ന സന്ദര്‍ഭങ്ങളാണ്. പിന്നീട് വീണ്ടും പിടിക്കപ്പെടുമ്പോള്‍ ക്രൂര മര്‍ദ്ദനങ്ങള്‍ക്കും മറ്റും വിധേയനാക്കിയ ശേഷം അര്‍ദ്ധപ്രാണനാക്കി എക്സ്ടെര്‍മിനേഷന്‍ ചേംബറില്‍ അടക്കുകയും ചെയ്യുന്നു. ആയുസ്സിന്‍റെ ബലവും ഭാഗ്യവും കൊണ്ടുമാത്രം രക്ഷപ്പെടുന്ന അയാളുടെ ഓര്‍മക്കുറിപ്പിന്‍റെ രൂപത്തിലാണ് ഈ കഥ വികസിച്ചു വരുന്നത്.

ഓഷ്വിറ്റ്‌സ് - ബര്‍ക്ക്നൌ
എന്നാല്‍ കഥ വായിക്കുന്ന ആര്‍ക്കും ഇത് വെറും ഭാവനയില്‍ നിന്നും വിടര്‍ന്നു വന്ന ഒരു കഥയാണ് എന്ന്‍ തോന്നാത്തവിധം യാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിച്ചാണ് ചുവന്ന പോരാളി തന്റെ ഓര്‍മകള്‍ പങ്കു വെക്കുന്നത്. അക്കാലത്ത് യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന മോറിസ് ബൌഡ്, ആല ഗാര്‍ട്ടര്‍, റോസാ റോബോട്ട, എന്നിങ്ങനെയുള്ളവരുമായി ഈ കഥ ബന്ധിപ്പിച്ചു കൊണ്ടുപോകുന്ന വിധം അഭിനന്ദനീയം തന്നെ. അതുപോലെ തന്നെ ചരിത്ര സംഭവങ്ങളും മറ്റും ഇതില്‍ വളരെ ഇഴുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ഇതിനു വേണ്ടി കഥാകാരന്‍ വളരെയധികം ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തം! ഇതിനെല്ലാം പുറമേ, താന്‍ ജീവിച്ചിരിപ്പുണ്ടെന്നത് പോലും രഹസ്യമാക്കി വെച്ച റെഡ്വിന്‍ പിന്നീട് എന്തിനാണ് ആ രഹസ്യങ്ങളുടെ ചുരുളഴിച്ചതെന്നും എങ്ങനെയാണ് അയാളുടെ കുറിപ്പുകള്‍ നോവലിസ്റ്റിന്‍റെ സുഹൃത്തിന്റെ കൈയ്യില്‍ എത്തിപ്പെടുന്നതെന്നും പറയാതെ പറയുന്നുണ്ട് ഈ കഥയില്‍. ഒരു ചോദ്യത്തിന് മാത്രമേ ഇതില്‍ ഉത്തരം ലഭിക്കാതെ പോകുന്നുള്ളൂ. 'അത് വെളിപ്പെടുത്താന്‍ എനിക്ക് അനുവാദമില്ല' എന്ന് ഞാനും ആവര്‍ത്തിക്കട്ടെ! അതല്ലാതെ  ഒരറ്റവും പൂരിപ്പിക്കാതെ വിട്ടിട്ടില്ല എന്നത് വായനക്കാരെ സംബന്ധിച്ചിടത്തോളം ഹൃദ്യമായ ഒരനുഭവം തന്നെ!

കഥാസന്ദര്‍ഭത്തെക്കുറിച്ച് ചെറിയൊരു ധാരണയുണ്ടായിരുന്നതിനാല്‍ സ്വാഭാവികമായും നാസി ക്രൂരതയുടെ കഥകള്‍ വിശദമായി ഇതിലുണ്ടാവും എന്ന്‍ തോന്നിയിരുന്നു. എന്നാല്‍ കഥയില്‍ അവയെക്കുറിച്ച് വളരെ സൂക്ഷ്മമായി പറയുന്നില്ലെങ്കിലും, അത് വായനക്കാരുടെ കരളലിയിക്കുന്ന വിധത്തില്‍ തന്നെയാണ് പറഞ്ഞിട്ടുള്ളത്! അത്തരം സന്ദര്‍ഭങ്ങളില്‍ കഥാപാത്രത്തിന്‍റെ വേദനയും ആശങ്കയും നമ്മിലേക്കും പകരുന്നു. എന്നാല്‍ ഇവയൊന്നും വായനക്കാരില്‍ വല്ലാത്ത ഒരു അറപ്പോ, ഇത് വായിക്കേണ്ടിയിരുന്നില്ല എന്ന തോന്നലോ സൃഷ്ടിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഒരു നീറ്റലും വിങ്ങലും ഉള്ളില്‍ കുരുത്തുവരുമെങ്കിലും അവയൊന്നും കഥയുടെ ഒഴുക്കിനെ ബാധിക്കുന്നില്ല.

നാസി തടങ്കല്‍പ്പാളയമായ ബര്‍ക്ക്നൌവില്‍ 1944 ഒക്ടോബര്‍ 7 ന് നടന്ന കലാപത്തിന്‍റെ സൂത്രധാരന്മാര്‍ ആരെന്ന് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല - എന്നാല്‍ ഈ കഥ വായിച്ചാല്‍ ഇതില്‍ പറഞ്ഞപോലെതന്നെയാണ് കാര്യങ്ങള്‍ നടന്നതെന്ന് നമുക്ക് തോന്നും. അത്രത്തോളം വിശ്വാസ്യതയും യാഥാര്‍ത്ഥ്യവും ഈ കഥയില്‍ അനുഭവിച്ചറിയാം. അരുണ്‍ ആര്‍ഷ എന്ന കഥാകാരന്‍റെ കന്നി നോവലാണ്‌ ഇതെന്ന് വിശ്വസിക്കുവാന്‍ പ്രയാസമാണ് - തഴക്കവും പഴക്കവും വന്ന ഒരു എഴുത്തുകാരന്‍റെ കൈയടക്കവും മേന്മയും ഈ നോവലില്‍ ആകമാനം അനുഭവവേദ്യമാകുന്നു. മലയാള നോവലുകളില്‍ സാധാരണ എനിക്കനുഭവപ്പെടാത്ത ഒരു വ്യഗ്രത ഈ നോവല്‍ വായിക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്നുവന്നതും പ്രത്യേകം പറയാന്‍ ആഗ്രഹിക്കുന്നു. പുസ്തകം താഴെവെക്കാതെ ഓരോ താളുകളും മറിച്ച് കഥ മുഴുവനും ഒറ്റയിരിപ്പിനു വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്‍ ഈ കഥയിലുണ്ട്! 

അരുണ്‍ ആര്‍ഷ
ബ്ലോഗെഴുത്തില്‍ നിന്നും ഊർജ്ജമുള്‍ക്കൊണ്ട് മുഖ്യധാരയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് എന്തുകൊണ്ടും അരുണിനെ ഒരു മാതൃകയാക്കാവുന്നതാണ്. ഇത്രയും പ്രതിഭാധനനായ ഒരു എഴുത്തുകാരന്‍ ഒരു ബ്ലോഗര്‍ എന്ന ലേബലില്‍ മാത്രം ഒതുങ്ങിപ്പോവാതെ മലയാളികളുടെയെല്ലാം പ്രിയപ്പെട്ട, അറിയപ്പെടുന്ന ഒരു എഴുത്തുകാരനായി മാറട്ടെ എന്നാശംസിക്കുന്നു! 

ഒപ്പം തന്നെ, ഇത്രയും നല്ല ഒരു കൃതി മലയാളത്തില്‍ മാത്രം ഒതുങ്ങാതെ ഇംഗ്ലീഷ് പോലെയുള്ള ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും എന്നും പ്രത്യാശിക്കുന്നു.

ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച 'ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി'യുടെ വില 160/- രൂപയാണ്. പരമ്പരാഗതമായ രീതിയില്‍ ബുക്ക് സ്റ്റാളുകളില്‍ നിന്നും ലഭിക്കുന്ന ഈ പുസ്തകം, ഈ-ബേ പോലുള്ള ഓണ്‍ലൈന്‍ വിപണനകേന്ദ്രങ്ങളില്‍ നിന്നും വാങ്ങാവുന്നതാണ്. 184 പേജുള്ള ഈ പുസ്തകം തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകര്‍ന്നു നല്‍കും എന്ന്‍ നിസ്സംശയം പറയാം. തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണ്  'ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി' എന്നും അടിവരയിട്ടു പറയേണ്ടിയിരിക്കുന്നു.  

ചിത്രങ്ങള്‍ക്ക് കടപ്പാട് : അരുണ്‍ ആര്‍ഷ, ഗൂഗിള്‍ ഇമേജ്

Comments

Sangeeth K said…
പുസ്തകം വായിച്ചിട്ടില്ല...വായിക്കണം...
പുസ്തകപരിചയം ഇ-മഷിയില്‍ വായിച്ചിരുന്നു. നന്നായി എഴുതി. ആശംസകള്‍... :-)
Nisha said…
നന്ദി സംഗീത്!
പുസ്തകം തീര്‍ച്ചയായും വായിക്കണം. ഒരു നല്ല വായന ഉറപ്പാണ്. :)
asrus irumbuzhi said…
വിശദായി വായിച്ചു അതു മറ്റുള്ളവര്‍ക്ക് ആസ്വാദനകുറിപ്പായി നല്‍ക്കുക എന്നത് ഒരു നല്ല കാര്യവും അതിലേറെ അവലോകന മികവും ആവിശ്യമുള്ള കാര്യമാണ് . അതില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു ,കാരണം ഈ പുസ്തകം എനിക്ക് വാങ്ങി വായിക്കാന്‍ തോന്നുന്നത് തന്നെ !
നല്ല ആശംസകള്‍
@srus..
Nisha said…
നല്ല വാക്കുകള്‍ക്ക് നന്ദി അസ്രുസ്!
ഈ പുസ്തകം തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ് എന്ന്‍ മാത്രം പറയുന്നു.
ബ്ലോഗില്‍ വായിച്ചുതുടങ്ങിയിരുന്നെങ്കിലും തുടര്‍ച്ച നഷ്ടപ്പെട്ടതുകൊണ്ട് പിന്നീട് വായിക്കാന്‍ കഴിഞ്ഞില്ല. നിഷയുടെ പരിചയപ്പെടുത്തല്‍ നന്നായിരിക്കുന്നു. പുസ്തകം വായിക്കണം.
പേരിലെന്തോ പ്രത്യേകത .... വായിക്കാൻ കൊതിപ്പിക്കുന്ന പേര് ആശംസകൾ വിലയിരുത്തലിനും പരിചയപ്പെടുത്തലിനും
ബ്ലോഗില്‍ മൂന്നില്‍ രണ്ടു ഭാഗവും വായിച്ചിരുന്നു. അവസാനം വായിക്കാന്‍ കഴിഞ്ഞില്ല. ഇനി അത് പുസ്തകത്തിലൂടെ ആകാം.
പരിചയപ്പെടുത്തല്‍ വായിച്ചപ്പോള്‍ പരിചയമുള്ളത് പറയുന്നത് പോലെ തോന്നി.
നന്നായി.
Nisha said…
ഇത്രയും ആകാംക്ഷാഭരിതമായ ഒരു കഥ എങ്ങനെ വായനക്കാര്‍ ക്ഷമയോടെ കാത്തിരുന്നു വായിച്ചു എന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു.
ഇലഞ്ഞി പറഞ്ഞ പോലെ ചിലര്‍ക്കെങ്കിലും തുടര്‍ച്ച നഷ്ടപ്പെട്ടപ്പോലെ തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ആശ്വാസമാണ് ഇപ്പോള്‍ "പോരാളി" പുസ്തകരൂപത്തില്‍ എത്തിയിരിക്കുന്നത്.
Nisha said…
വായിച്ച് അഭിപ്രായം പറയൂ
Nisha said…
നന്ദി റാംജി!
മുടങ്ങിപ്പോയ വായന ഇനി പുസ്തകരൂപത്തിലൂടെ പുനരാരംഭിക്കാമല്ലോ!
Manoj Vellanad said…
പുസ്തകം ഇറങ്ങി ഉടനെ തന്നെ വായിക്കുകയും ചെയ്തു. ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്തു, രാവിലെ മൂന്നു മണി വരെയിരുന്ന്‍.. വായിച്ചു തുടങ്ങിയതില്‍ പിന്നെ തീര്‍ത്തിട്ടെ സമാധാനം ഉണ്ടയോള്ളൂ..

അവലോകനവും നന്നായി.. ഇതെല്ലാം കൂടുതല്‍ എഴുതാന്‍ പ്രചോദനം ആകട്ടെ..
Akakukka said…
മുഴുവന്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ല.
പുസ്തകം താമസിയാതെ എത്തും..
ഇങ്ങിനെയൊരു പരിചയപ്പെടുത്തല്‍ കൂടിയായപ്പോള്‍
ഭയങ്കര ആകാംക്ഷ..

താങ്ക്യൂ....
Cv Thankappan said…
ബ്ലോഗിലും അതിനുശേഷം പുസ്തകം ഇറങ്ങിയപ്പോള്‍ അതും വായിച്ചു.
അവലോകനം നന്നായിരിക്കുന്നു
തീര്‍ച്ചയായും ആകാക്ഷയോടെ വായിക്കുന്നവര്‍ക്ക്‌ ഈ പുസ്തകം നിരാശപ്പെടുത്തില്ല.
ആശംസകള്‍
Promodkp said…
ചില ഭാഗങ്ങള്‍ വായിച്ചിരുന്നു....ഇനി പുസ്തകം വാങ്ങി വായിക്കണം .ഈ ആസ്വാധന കുറിപ്പ് അതിനു എന്നെ ഒരുക്കുന്നു .ആശംസകള്‍
biju wayanad said…
ആസ്വാദനക്കുറിപ്പിന്റെ സ്വാദ് പോകും മുമ്പ് പുസ്തകം എവിടെകിട്ടുമെന്ന് നോക്കട്ടെ..
© Mubi said…
ബ്ലോഗില്‍ തുടര്‍ച്ചയായി വായിച്ചതാണ്. അവലോകനം നന്നായിട്ടുണ്ട് നിഷ
നല്ല ആസ്വാദനം,നിഷേ !
Echmukutty said…
ബ്ലോഗില്‍ വേണ്ട മാതിരി വായിച്ചില്ല.. കുറെ മുടങ്ങി തുടര്‍ച്ച പോയി..ബുക്ക് വാങ്ങണം.. അടുത്താഴ്ച പറ്റും എന്നു കരുതുന്നു. നിഷ കേമമായി എഴുതീട്ടുണ്ട്.. അഭിനന്ദനങ്ങള്‍..
ബ്ലൊഗില്‍ വായിച്ചിട്ടില്ല. പക്ഷെ നിഷയുടെ ആസ്വാദനക്കുറിപ്പ് കണ്ടപ്പോള്‍ പുസ്തകം വാങ്ങണമെന്ന് തോന്നി. നല്ല വിലയിരുത്തല്‍
DevadasKarur said…
"ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി " തൃശ്ശൂര്‍ ഗ്രീന്‍ബുക്സില്‍ നിന്നു ഒരാഴ്ച മുമ്പു വാങ്ങി. ഇന്ന് ഒറ്റ ഇരുപ്പില്‍ത്തന്നെ വായിച്ചു. കുറെ കാലങ്ങള്‍ക്കു ശേഷമാണ് ഒരു പുസ്തകം ഇങ്ങനെ വായിക്കുന്നത്. നല്ല ഒരു വായന സമ്മാനിച്ച ' അരുണ്‍ ആര്‍ഷ ' ക്കും വായനക്കു പ്രചോദനം നല്‍കിയ അവലോകനത്തിനും വളരെ നന്ദി..

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം