കാണാതെ കാണുമ്പോള്‍

ഏറെ നേരമായി ഈ നടത്തം തുടങ്ങിയിട്ട്... എവിടെയെങ്കിലും ഒന്നിരിക്കാനായെങ്കില്‍ ! – അയാള്‍ ചിന്തിച്ചു... തന്റെ കൈയ്ക്കുള്ളില്‍ , സാന്ത്വനസ്പര്‍ശമായ ഒരു കുഞ്ഞു കൈത്തണ്ട അയാള്‍ ചേര്‍ത്തു പിടിച്ചിരുന്നു. ആ കൈ അയാള്‍ക്ക് വെറുമൊരു വഴികാട്ടി മാത്രമല്ല, സ്വന്തം ജീവന്‍ തന്നെയായിരുന്നു. ഇരുള്‍ മൂടിയ ലോകത്ത് വെളിച്ചത്തിലേയ്ക്കു നയിക്കുന്ന വഴിവിളക്കായിരുന്നു ആ കൊച്ചു കൈ. അയാളുടെ അവശത മനസ്സിലാക്കിയെന്നോണം ആ കൈ അയാളെ നയിച്ചത് വഴിവക്കില്‍ കണ്ട പണിതീരാത്ത ഒരു അരമതിലിലേയ്ക്കായിരുന്നു. ക്ഷീണിച്ച കാലുകളും തളര്‍ന്ന മനസ്സുമായി അയാള്‍ അവിടെയിരുന്നു – ദൂരെ ആകാശത്തിലേയ്ക്ക് കണ്ണും നട്ട്!

കാഴ്ചയില്ലാത്ത അയാളുടെ കണ്ണുകള്‍ക്കു മുന്നില്‍ അപ്പോള്‍ ഒരായിരം കാഴ്ചകള്‍ മിന്നി മറഞ്ഞുവോ? കുഞ്ഞിന് താങ്ങായ് തന്‍റെ ചുമലുകള്‍ കൊടുത്ത്, മുഷിഞ്ഞ സഞ്ചി തോളിലിട്ട്‌, സന്തതസഹചാരിയായ വടിയും കുത്തിപ്പിടിച്ച് അയാളിരുന്നു – ജീവിതത്തിന്‍റെ കയ്പും മധുരവും അയവിറക്കിക്കൊണ്ട്! അകക്കണ്ണില്‍ അയാള്‍ കണ്ട കാഴ്ച്ച തെളിമയാര്‍ന്നതായിരുന്നു. ഒരു കുഞ്ഞിന്‍റെ  വാത്സല്യം തുളുമ്പുന്ന മുഖവും, തന്നെ കാണുമ്പോള്‍ ആ മുഖത്തു വിരിയുന്ന സന്തോഷവും തന്‍റെ അരികില്‍ വരുമ്പോള്‍ ആ മുഖത്തെ ആശ്വാസവും, അപരിചിതരെ കാണുമ്പോള്‍ പൊട്ടിമുളയ്ക്കുന്ന ആശങ്കയും ഒക്കെ അയാള്‍ വ്യക്തമായി തന്നെ കണ്ടു.



അപ്പോള്‍ ആ മനസ്സില്‍ ഒരു നനുത്ത സ്നേഹത്തിന്‍റെ നറുമണം പടര്‍ന്നു... കാഴ്ചയില്ലാത്ത കണ്ണുകളിലും ആശയുടെ ഒരു സ്ഫുരണമുണ്ടായി; തന്‍റെ ദയനീയാവസ്ഥയില്‍ ഈ കുരുന്നിനെ കൂട്ട് തന്ന ദൈവത്തെ അയാള്‍ മനസ്സാ നമിച്ചു!

ആരോരുമില്ലാത്ത രണ്ടു ജീവിതങ്ങള്‍ പരസ്പര പൂരകങ്ങളായി. വഴികാട്ടിയും സംരക്ഷകനുമായി; ജന്മംകൊണ്ടല്ലെങ്കിലും കര്‍മ്മം കൊണ്ടു പിതാവും പുത്രിയുമായി – ഈ അനുഗ്രഹം കാഴ്ചയില്ലാത്ത കണ്ണുകളും കണ്ടു. അപ്പോള്‍ കുരുടന്മാരായി മാറിയത്, എല്ലാം കണ്ടിട്ടും കാണാതെ പോകുന്ന കാഴ്ച്ചക്കാരായിരുന്നു!

പിന്‍ കുറിപ്പ് - മുന്‍പെപ്പോഴോ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് നടത്തിയ മിനിക്കഥ മത്സരത്തിനു വേണ്ടി എഴുതിയത്. 
ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ ഇമേജ്

Comments

alju sasidharan said…
ആശങ്കകള്‍ ഇല്ലാത്ത ജീവിതം അതൊരു മിഥ്യയല്ലേ ...
ajith said…
ഈ കഥ ഞാന്‍ കണ്ടിരുന്നില്ലെന്ന് തോന്നുന്നു
ജന്മം കൊണ്ടും കർമ്മം കൊണ്ടും പുത്രിയായാ ആ കുരുന്നിനോടുള്ള വാത്സല്യം.സീമാതീതം...നല്ല കഥ .......അപ്പോൾ കുരുടന്മാരായി മാറിയത് എല്ലാം കണ്ടിട്ടും കാണാതെ പോകുന്ന കാഴ്ചക്കാരായിരുന്നു..... ഈ നല്ല വരികൾക്ക് ഒരു നല്ല നമസ്കാരം കുഞ്ഞേ....
ചെറുതെങ്കിലും നല്ല കഥ,നിഷേ.ഇനിയും എഴുതൂ.
ചെറുത്‌...പക്ഷെ ആശയം വലുത് ........"കണ്മണി നീയെന്‍ കരം പിടിച്ചാല്‍ ......." എന്ന ഗാനം ഓര്‍മ്മ വരുന്നു
Cv Thankappan said…
നന്മ ചുറ്റും പ്രകാശം പരത്തുന്നു.
നന്നായിട്ടുണ്ട് കഥ
ആശംസകള്‍
asrus irumbuzhi said…
കണ്ടിട്ടും കാണാതെ പോകുന്നവര്‍ അവരാണ് ശരിക്കും ...

© Mubi said…
കണ്ടിട്ടും കാണാതെ പോകുന്ന കാഴ്ചക്കാര്‍.... നല്ല കഥ നിഷ...
Joselet Joseph said…
നന്മ.
നന്നായ് എഴുതി. വരികളുടെ മിതത്വമാണ് അതിന്‍റെ ഭംഗി.
മനസ്സില്‍ സ്നേഹം അവശേഷിക്കുന്നുവെങ്കില്‍ കാണേണ്ട കാഴ്ചകള്‍ കാണാതിരിക്കില്ല.
അവസാനത്തെ പാര ശെരിക്കും ചിന്തിപ്പിക്കുന്നു , നല്ലൊരു മിനിക്കഥ
Aarsha Abhilash said…
കണ്ണുണ്ടായാല്‍ പോര കാണണം!!
കഥ പങ്കിടുന്ന ആശയം വളരെ വലുത് .
ഇനിയും ചെറിയ കഥകളിലൂടെ വലിയ ആശയങ്ങള്‍ പങ്കുവെക്കൂ
കഥ നന്നായിരിക്കുന്നു.
pavamrohu said…
നന്നായിരിക്കുന്നു നിഷേ.... ചിലർ കണ്ടാലും കണ്ടില്ലെന്നു നടിക്കും
RAGHU MENON said…
ഇഷ്ടപ്പെട്ടു
Sangeeth K said…
ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് വലിയൊരാശയം പങ്കു വെച്ചു...കഥ ഇഷ്ടായി...
വീകെ said…
ഇപ്പോൾ എല്ലാവരും അവനവനിലേക്ക് ചുരുങ്ങുന്നതു കൊണ്ടാ‍യിരിക്കും ചുറ്റുപാടുകൾ കാണാൻ കഴിയാതെ പോകുന്നത്.
കഥ നന്നായിരിക്കുന്നു.
ആശംസകൾ...

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം