Thursday, 10 December 2015

ഓര്‍മകളില്‍ ഒരു പെന്‍സില്‍ ബോക്സ്‌

പണ്ട് - അത്ര പണ്ടുപണ്ടൊന്നുമല്ലട്ടോ, ഒരു പത്തിരുപത്തെട്ടു കൊല്ലം മുന്‍പ് - സ്കൂളില്‍ പഠിക്കുന്ന കാലം... സ്കൂളില്‍ പല കുട്ടികളും ഗള്‍ഫിലുള്ള ബന്ധുക്കള്‍ കൊണ്ടു വന്ന സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കാലം. ഫെബെര്‍ കാസ്റ്റിലിന്റെ മഞ്ഞ നിറത്തിലുള്ള പെന്‍സില്‍, ഇരുപത്തിനാലോളം കളറുകള്‍ ഉള്ള ക്രയോണ്‍സിന്‍റെ പെട്ടി, മൂട്ടില്‍ റബ്ബറുള്ള പെന്‍സില്‍, പെന്‍സില്‍ കൂര്‍പ്പിക്കുമ്പോള്‍ അതിന്റെ അവശിഷ്ടങ്ങള്‍ പുറത്ത് വീഴാതിരിക്കാന്‍ അടപ്പുള്ള പെന്‍സില്‍ ഷാര്‍പ്ണര്‍, ഒരറ്റത്ത് റബ്ബറും (ഇറേസര്‍) മറ്റേ അറ്റത്ത് മായ്ക്കുമ്പോള്‍ ഉണ്ടാവുന്ന പൊടി തട്ടിക്കളയാനുള്ള ചെറിയ ബ്രഷുമുള്ള റബ്ബര്‍, കാന്തിക ശക്തിയാല്‍ അടയുന്ന അടപ്പുള്ള, രണ്ടു ഭാഗവും തുറക്കാവുന്ന  പെന്‍സില്‍ ബോക്സ് എന്നിങ്ങനെ കൌതുകകരമായ പല സാമഗ്രികളും ക്ലാസ്സില്‍ മിക്കവാറും പേരുടെ കൈയ്യില്‍ കണ്ടിരുന്ന കാലം. ചില മഹാമനസ്കര്‍ അവയെല്ലാം തൊട്ടു നോക്കാനും ചിലപ്പോള്‍ ഉപയോഗിക്കാനും അനുവദിച്ചിരുന്നെങ്കിലും മിക്കപ്പോഴും അവയെല്ലാം ഒരു വിലപ്പെട്ട വസ്തുവിനെപ്പോലെ ഏറെ സൂക്ഷിച്ച് മറ്റാര്‍ക്കും നല്കാതെ വച്ചിരുന്നു. അവരുടെ പത്രാസ് കണ്ടപ്പോള്‍ നമ്മുടെയുള്ളില്‍ എന്തോ ഒരിത്!

അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ... ഞങ്ങളുടെ കുടുംബത്തിലുമുണ്ടല്ലോ ഒരു ഗള്‍ഫ്കാരന്‍. ഇതൊക്കെ നമുക്കും കിട്ടും എന്ന്‍ മനസ്സിലുറപ്പിച്ചു. ഞങ്ങളുടെ ഏട്ടനോട്‌ - വല്യച്ഛന്റെ മകന്‍ - പറഞ്ഞാല്‍ എനിക്കും ഇതൊക്കെ കിട്ടുമെന്നൊക്കെ കണക്കു കൂട്ടി. പക്ഷേ, കാര്യത്തോടടുത്തപ്പോള്‍ എനിക്കൊരു മടി... എല്ലാ കൊല്ലവും നാട്ടില്‍ വരുമ്പോള്‍ ഒന്നും ആവശ്യപ്പെടാതെ തന്നെ ഉടുപ്പ്, മിഠായി, ഫോറിന്‍ സോപ്പ്, പെര്‍ഫ്യൂം, ക്ലോക്ക്, ടൂ ഇന്‍ വണ്‍ ട്രാന്‍സിസ്ടര്‍ തുടങ്ങി പല പല സാധനങ്ങളും കുടുംബത്തിലെ എല്ലാവര്‍ക്കും കൊണ്ടു വരുന്ന ഏട്ടനോട് ഇതാവശ്യപ്പെടാന്‍ മനസ്സു വന്നില്ല. മൂട്ടില്‍ റബ്ബറുള്ള പെന്‍സിലുകളും ഹീറോ പെന്നുമൊക്കെ ആവശ്യപ്പെടാതെ തന്നെ കൊണ്ടുതന്നിട്ടുള്ള ഏട്ടനോട് പറയാമോ? അര്‍ഹിക്കാത്ത എന്തോ ഒന്ന്‍, തികച്ചും അനാവശ്യമായ ഒന്ന് ആഗ്രഹിക്കുകയാണ് എന്ന്‍ മനസ്സിലാരോ പറയുന്ന പോലെ. തല്‍ക്കാലം അതി മോഹം മനസ്സില്‍ തന്നെ കുഴിച്ചു മൂടാന്‍ തീരുമാനിച്ചു. എന്നാല്‍ ഓരോ ദിവസവും സ്കൂളിലെത്തുമ്പോള്‍ ആ തീരുമാനം ചഞ്ചലപ്പെട്ടു...

അങ്ങനെയിരിക്കേ ഏട്ടന്‍ നാട്ടില്‍ വരാറുള്ള സമയമടുക്കാറായി. ഒരിക്കല്‍ ഏട്ടന്‍ ഫോണ്‍ ചെയ്തപ്പോള്‍ പതിവിനു വിപരീതമായി എന്താ കൊണ്ടു വരേണ്ടത് എന്ന് ചോദിച്ചു. ഓര്‍ക്കാപ്പുറത്തുള്ള ചോദ്യമായതിനാല്‍ അന്തിച്ചു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. എന്താണ് വേണ്ടതെന്നു വെച്ചാല്‍ വല്യമ്മയോട് പറഞ്ഞാല്‍ മതി, വല്യമ്മ അത് ഏട്ടനുള്ള കത്തില്‍ എഴുതി അറിയിക്കും എന്ന ധാരണയില്‍ സംസാരം അവസാനിച്ചു. മനസ്സില്‍ വീണ്ടും യുദ്ധം - പറയണോ വേണ്ടയോ... എത്ര ആളുകള്‍ക്ക് എന്തൊക്കെ കൊണ്ടുവരാനുള്ളതാ... അതിനിടയില്‍ ഇതും... വേണ്ട, ഒന്നും പറയണ്ട എന്നു മനസ്സില്‍ തീരുമാനിച്ചു.

എന്നാല്‍ മനസ്സിന്റെ ഉള്ളിലെവിടെയോ ഒരു പെന്‍സില്‍ ബോക്സ്‌ - കാന്തിക ശക്തിയാല്‍ 'ടപ്പ്' എന്ന ചെറു ശബ്ദത്തോടെ അടയുന്ന ഒരു മനോഹരമായ പെന്‍സില്‍ ബോക്സ്‌ - എന്നെ വല്ലാതെ മോഹിപ്പിച്ചു കൊണ്ടേയിരുന്നു... ഒടുവില്‍ ആ പ്രലോഭനത്തില്‍ വീണ്, വല്യമ്മയോടു പറഞ്ഞു - 'ഏട്ടന്‍ വരുമ്പോള്‍ ഒരു പെന്‍സില്‍ ബോക്സ് കൊണ്ടത്തരാന്‍ എഴുതുമോ?'. 'അതിനെന്താ ആവാമല്ലോ' എന്ന്‍ വല്യമ്മയും. അതനുസരിച്ച് ഏട്ടനുള്ള പതിവു കത്തില്‍ എന്റെ ചെറിയ 'വലിയ' ആവശ്യവും  ഉള്‍പ്പെടുത്തി... കാത്തിരിപ്പിന്റെ നാളുകള്‍ ഉള്ളില്‍ ആകാംക്ഷയുടേയും പ്രതീക്ഷയുടെയും അലകള്‍ ഉയര്‍ത്തി. ഒടുവില്‍ ആ ദിവസവും എത്തി. ഏട്ടനും കുടുംബവും നാട്ടിലെത്തിയ വിവരമറിഞ്ഞ് അവരെക്കാണാന്‍ ഓടിയെത്തി.

ഏട്ടന്‍ വന്നാല്‍ പെട്ടി തുറക്കല്‍ ഒരു ഉത്സവം പോലെയാണ്. ചിലപ്പോള്‍ ഞങ്ങള്‍ സ്കൂളില്‍ നിന്നു വരുമ്പോഴേയ്ക്കും അത് കഴിഞ്ഞിരിക്കും. ചിലപ്പോള്‍ ആ അപൂര്‍വ നിമിഷങ്ങള്‍ക്ക് സാക്ഷിയാവാന്‍ സാധിക്കാറുമുണ്ട്. അന്ന്‍ ഞങ്ങള്‍ എത്തിയപ്പോഴേയ്ക്കും പെട്ടി തുറക്കലൊക്കെ കഴിഞ്ഞിരുന്നു എന്ന്‍ തോന്നുന്നു. എല്ലാവരും കൂടി വര്‍ത്തമാനം പറഞ്ഞിരിക്കുന്നു... ചെന്നയുടനെ വല്യമ്മ പതിവുപോലെ കൈനിറയെ കുറെ മിഠായി തന്നു. അതിന്റെ മധുരം നുകരുമ്പോഴും ഉള്ളില്‍ ബോക്സ്‌ കൊണ്ടു വന്നിട്ടുണ്ടാവുമോ എന്ന ആകാംക്ഷയായിരുന്നു. അതിനെക്കുറിച്ച് ചോദിക്കുന്നത് മര്യാദകേടാണെന്നു അറിയാം. ആകാംക്ഷയും ആശങ്കയും നിറഞ്ഞ കുറെ സമയത്തിനു ശേഷം വല്യമ്മയോ ഏടത്തിയോ പതിവുപോലെ അസ്സലൊരു ഉടുപ്പിന്‍റെ  തുണി കയ്യില്‍ തന്നു. (ഏറെ മിനുസമുള്ള ആ തുണി കൊണ്ട് തയ്ച്ച ഉടുപ്പ് എത്രയോ കാലം ഒരു കേടുപാടുമില്ലാതെ ഉപയോഗിച്ചു. എനിക്കത് പാകമാവാതെ ആയപ്പോള്‍ ബന്ധുവായ ഒരു അനിയത്തിക്കുട്ടിക്ക് അത് കൊടുത്തു. ഏടത്തിമാര്‍ ഇട്ട ഉടുപ്പുകള്‍ തങ്ങള്‍ക്ക് കിട്ടുമ്പോള്‍ അനിയത്തിമാര്‍ ഏറെ സന്തോഷിച്ചിരുന്ന ഒരു കാലമായിരുന്നു അത്.)

എന്തായാലും ഉടുപ്പും മിഠായിയും കിട്ടിയപ്പോള്‍ ഉറപ്പായി. ബോക്സ് ഇല്ല. ഏട്ടന്‍ മറന്നതാകുമോ? ഏയ്‌, അതാവില്ല.വല്യമ്മയുടെ കത്ത് അവിടെ സമയത്തിനു കിട്ടിയിട്ടുണ്ടാവില്ല. അങ്ങനെ ആശ്വസിച്ചു. ഉള്ളില്‍ തോന്നിയ നിരാശ മുഖത്ത് കാണിക്കാതെ സന്തോഷപൂര്‍വ്വം എല്ലാവരുടെയും കൂടെ കൂടി. കുറെ നേരം കഴിഞ്ഞ് തിരിച്ച് പോകാന്‍ ഒരുങ്ങുമ്പോഴാണ് ഏട്ടന്റെ വിളി... ഹൃദയം തുടികൊട്ടി... അത്യുത്സാഹത്തോടെ എട്ടന്റെയടുത്തെയ്ക്ക് ഓടി.. 'ഇതല്ലേ നിനക്ക് വേണ്ടിയിരുന്നത്' എന്ന് പറഞ്ഞ് ഒരു പൊതി കയ്യില്‍ തന്നു. ഹൃദയം സന്തോഷം കൊണ്ട് പൊട്ടിപ്പോകുമെന്ന അവസ്ഥ! (ഇന്നായിരുന്നെങ്കില്‍ മനസ്സില്‍ ലഡ്ഡു പൊട്ടി എന്ന് പറയാമായിരുന്നു)

പെരുമ്പറ കൊട്ടുന്ന ഹൃദയത്തുടിപ്പുകള്‍ അടക്കി പൊതിയഴിച്ചു - അതാ എന്റെ മുന്നില്‍ അതി ഗംഭീരമായ ഒരു ജ്യോമെട്രി ബോക്സ്‌ - മനസ്സ് കാറ്റു പോയ ബലൂണ്‍ പോലെയായി - ചിരിക്കണോ കരയണോ എന്നറിയാതെ അതും പിടിച്ചു നിന്നു ഒരു നിമിഷം. എന്താ സന്തോഷമായില്ലേ എന്ന് ചോദിക്കാതെ ചോദിച്ച ഏട്ടനെ നോക്കി കഴിയുന്നത്ര സന്തോഷം മുഖത്ത് വരുത്തി ചിരിച്ചുകൊണ്ട് ഞാന്‍ തിരിഞ്ഞു നടന്നു.

ജീവിതത്തില്‍ ഇച്ഛാഭംഗം എന്തെന്നറിഞ്ഞ നിമിഷങ്ങളില്‍ ഒന്നായത്. കാന്തത്തിന്റെ മോഹിപ്പിക്കുന്ന പെന്‍സില്‍ ബോക്സ് കാത്തിരുന്ന എനിക്ക് അത് കിട്ടിയില്ല. പകരം ഒരു വലിയ അറിവ് കിട്ടി - മറ്റുള്ളവരുടെ കയ്യിലുള്ള സാധനങ്ങള്‍ കണ്ട് മോഹിക്കരുത് എന്ന വലിയ പാഠം.

ഇന്നും കാന്തിക ശക്തികൊണ്ട് അടയുന്ന പെന്‍സില്‍ ബോക്സ് കണ്ടാല്‍ എനിക്ക് ഈ സംഭവം ഓര്‍മ്മ വരും. എന്റെ വിവരക്കേടോര്‍ത്ത് ഞാന്‍ ചിരിക്കും. എന്റെ ധാരണ ഗള്‍ഫിലൊക്കെ പെന്‍സില്‍ ബോക്സ്‌ എന്ന് പറഞ്ഞാല്‍ അങ്ങനത്തെ ബോക്സ് ആണെന്നായിരുന്നു. അതിനാല്‍ എന്റെ ആവശ്യം കൃത്യമായി പറഞ്ഞതുമില്ല. ഏട്ടന്‍ കരുതിക്കാണും അനിയത്തി വലിയ ക്ലാസ്സിലേക്ക് പാസാവുമ്പോള്‍ അവള്‍ക്ക് ഒരു നല്ല ജ്യോമെട്രി ബോക്സ്‌ തന്നെ ഇരുന്നോട്ടെന്ന്‍! പാവം ഏട്ടന്‍, ഇന്നു വരെ അദ്ദേഹത്തിനറിയില്ല ഈ പെന്‍സില്‍ ബോക്സിന്റെ പിന്നിലെ കഥ! അന്ന് പെന്‍സില്‍ ബോക്സ്‌ വേണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചത്‌ എന്താണെന്ന്‍ അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞെങ്കില്‍ എനിക്ക് വേണ്ടി ഒരുഗ്രന്‍ ബോക്സ്‌ കൊണ്ടുവന്നേനെ... അതെനിക്കുറപ്പാണ്.


Tuesday, 8 December 2015

ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ മുത്തശ്ശന്‍

ആമുഖം: കുറേക്കാലം മുന്‍പ് ഏറ്റവും വേണ്ടപ്പെട്ട ഒരു ബന്ധുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. അവിടുത്തെ പേരക്കുട്ടികള്‍ മുത്തശ്ശന്റെ പിറന്നാള്‍ കൊണ്ടാടുന്നതിന് എത്ര ഉത്സാഹത്തോടെയാണ് ഓരോ കാര്യങ്ങളും ചെയ്തതെന്നോ! അതു കണ്ടപ്പോള്‍, കുറേ നാളായി എന്റെ മനസ്സിലുണ്ടായിരുന്ന ഓര്‍മ്മകള്‍ അക്ഷരങ്ങളായി പ്രവഹിക്കുകയായിരുന്നു.

ആശകളാല്‍ പൂരിതമാണ് ജീവിതം. പല പല ആശകളും ആശാഭംഗങ്ങളും ഇല്ലാത്ത ജീവിതത്തിന് ഒരു നിറപ്പകിട്ടില്ല. പൊതുവേ ജീവിതത്തില്‍ അത്രയധികം നിരാശകളൊന്നും തോന്നാത്ത എനിക്കു പക്ഷേ ഒരു കാര്യത്തില്‍ മാത്രം വലിയ സങ്കടവും നിരാശയുമാണ്‌. എന്താണെന്നാവും, അല്ലേ? പറയാം!

കുട്ടിക്കാലത്ത്, അതായത് കഥകളും മറ്റും വായിച്ചു തുടങ്ങിയ കാലത്ത്, എന്നെ ഏറ്റവും ദു:ഖിപ്പിച്ചിട്ടുള്ള സത്യമാണ് ആ കഥകളില്‍ പറയുന്ന പോലെ കുട്ടിക്കാലത്തെ സുഹൃത്തായിരിക്കാന്‍ മുത്തശ്ശന്‍ ഇല്ലല്ലോ എന്നത്. എന്റെ അച്ഛന്റെ അച്ഛനെയോ അമ്മയുടെ അച്ഛനെയോ ഞാന്‍ കണ്ടിട്ടില്ല. അമ്മാത്തെ മുത്തശ്ശന്‍ (അമ്മയുടെ അച്ഛന്‍) എന്റെ അമ്മയുടെ കുട്ടിക്കാലത്തു തന്നെ അതിദാരുണമായി കൊല്ലപ്പെടുകയാണുണ്ടായത്രേ! അദ്ദേഹം മരിക്കുമ്പോള്‍ തീരെ കുഞ്ഞായിരുന്ന എന്റെ ചെറിയമ്മാമനു അദ്ദേഹത്തെ ഒരുപക്ഷേ ഓര്‍മ പോലും കാണില്ല. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ല താനും - അമ്മയ്ക്ക് വിഷമമാവണ്ട എന്നു കരുതി ഞങ്ങള്‍ ആരും ആ വിഷയം തന്നെ സംസാരിക്കാറില്ലായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഇത്രയൊക്കെയേ എനിക്ക് ഇന്നും അറിയൂ... ചരിത്രം തിരഞ്ഞു പോയാല്‍ ഒരു പക്ഷേ പലതും അറിയുമായിരിക്കും - അതില്‍ പല വേദനിപ്പിക്കുന്ന സത്യങ്ങളും കണ്ടേക്കാം. ഇപ്പോള്‍ നിലവിലുള്ള ഈ ശാന്തത നഷ്ടപ്പെടാതിരിക്കാന്‍ കൂടുതല്‍ ചികയാതിരിക്കുന്നതാണ് നല്ലതെന്നും തോന്നുന്നു...

എന്നാല്‍ ഇല്ലത്തെ മുത്തശ്ശനെക്കുറിച്ച് (അച്ഛന്റെ അച്ഛന്‍) ഞാന്‍ ചെറുപ്പം മുതലേ കേട്ട് വളര്‍ന്നതാണ്. അച്ഛന്‍ പലപ്പോഴും അദ്ദേഹത്തെക്കുറിച്ച് പറയുമായിരുന്നു - ഭയഭക്തി ബഹുമാനത്തോടെ! എങ്കിലും എന്റെ മനസ്സില്‍ മുത്തശ്ശന്‍ ഒരു കാലം വരെ അച്ഛന്റെ മുറിയിലെ ഫോട്ടോയിലെ നിറസാന്നിദ്ധ്യം മാത്രമായിരുന്നു - മുത്തശ്ശന്റെ വിശേഷേണയുള്ള സ്നേഹം എനിക്കും കൂടി പകര്‍ന്നു തരാന്‍ നില്‍ക്കാതെ അദ്ദേഹം യാത്രയായതില്‍ ചെറിയൊരു പരിഭവവും എന്റെ കുഞ്ഞുമനസ്സില്‍ ഉറഞ്ഞുകൂടിയിരുന്നോ? അറിയില്ല. എന്തായാലും ഏടത്തിയുടെ മനസ്സില്‍ മങ്ങിയ നിറത്തിലാണെങ്കിലും അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങള്‍ കല്‍ക്കണ്ട കഷ്ണങ്ങളായി മധുരിച്ചു നില്‍ക്കുന്നുണ്ട് എന്നറിഞ്ഞ നാള്‍ മുതല്‍ ആ കല്‍ക്കണ്ടത്തിന്റെ ഒരു തരിയെങ്കിലും എനിക്കും കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോയിട്ടുണ്ട് - ഒരിക്കലും നടക്കില്ലെന്ന് അറിഞ്ഞിട്ടും ഒരു വ്യാമോഹം!

കാലക്രമേണെ മുത്തശ്ശന്‍ എന്റെ മനസ്സില്‍ വലിയൊരു സ്ഥാനമലങ്കരിക്കാന്‍ തുടങ്ങി. അദ്ദേഹം മരിച്ചിട്ടിപ്പോള്‍ നാല് പതിറ്റാണ്ടായിക്കാണും. എന്നാല്‍ ഇന്നും മുത്തശ്ശനെക്കുറിച്ച് പറയുമ്പോള്‍ അച്ഛന്റെ വികാരങ്ങള്‍ എത്ര ശക്തമാണെന്നോ! അച്ഛന്‍ മുത്തശ്ശനെക്കുറിച്ച് പറയുന്നതില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓര്‍മ എന്താണെന്നോ? മുത്തശ്ശന്റെ വസ്ത്രങ്ങള്‍ കണ്ടുപിടിക്കാന്‍ അച്ഛന്‍ ചെയ്തിരുന്നത് അവ മണത്തു നോക്കുകയായിരുന്നുവത്രേ! അതില്‍ എന്താണ് ഇത്ര പ്രത്യേകത എന്നാവും! സാധാരണ എല്ലാവരുടെയും വിയര്‍പ്പിന് ദുര്‍ഗന്ധമല്ലേ ഉണ്ടാവുക? മുത്തശ്ശന്റെ വിയര്‍പ്പിന് എന്നും അപൂര്‍വമായ ഒരു സുഗന്ധമായിരുന്നുവത്രേ! എന്റെ ഭാവനയില്‍ ഞാന്‍ ആ സുഗന്ധം എത്ര തവണ നുകര്‍ന്നിരിക്കുന്നു. ഒരേ സമയം പരിചിതവും എന്നാല്‍ നിഗൂഢവുമായ ഒരു സുഗന്ധം!!!

ഇത് പോലെ മുത്തശ്ശനെക്കുറിച്ച് അച്ഛന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അനവധിയാണ്. കൌമാരകാലത്തിലാവണം മുത്തശ്ശനോട് എനിക്ക് ഒരല്പം പരിഭവം ഉള്ളില്‍ തോന്നിയിട്ടുള്ളത്. കാരണം വേറൊന്നുമല്ല, അതിയായ ആഗ്രഹമുണ്ടായിരുന്നിട്ടും അച്ഛനെ പഠിക്കാന്‍ വിടാതെ തറവാട്ടുകാര്യങ്ങള്‍ നോക്കാന്‍ പിടിച്ചു നിര്‍ത്തിയതിന്. അച്ഛന്‍റെ ഏട്ടനും അനിയന്മാരുമൊക്കെ പഠിക്കാനും അതിനു ശേഷം ഉദ്യോഗവും തേടിപ്പോയപ്പോള്‍ അച്ഛന്‍ മാത്രം തറവാടിന്‍റെ അതിര്‍ത്തിക്കുള്ളില്‍ ബന്ധിക്കപ്പെട്ടു എന്ന തോന്നല്‍ ശക്തമായപ്പോഴാവണം ആ വ്യര്‍ത്ഥചിന്ത എന്നില്‍ മുളച്ചത്. പണത്തിനു പലപ്പോഴും ബുദ്ധിമുട്ട് തോന്നിയിരുന്നപ്പോഴാണ് അച്ഛനും ജോലിയുണ്ടായിരുന്നെങ്കില്‍ ഈ പ്രാരാബ്ധമൊന്നും ഉണ്ടാവില്ലായിരുന്നല്ലോ എന്ന് ഞാന്‍ ചിന്തിച്ചത്. എന്നാല്‍ ഏത് സ്കൂളിലും കോളേജിലും പഠിച്ചാലും കിട്ടാത്തത്ര വലിയ അറിവും ഗുരുത്വവും ജീവിതദര്‍ശനവുമാണ് അച്ഛന് മുത്തശ്ശന്‍ വഴി പകര്‍ന്നു കിട്ടിയത് എന്ന തിരിച്ചറിവുണ്ടായപ്പോള്‍ ഞാന്‍ എത്ര ബാലിശമായാണ് ചിന്തിച്ചിരുന്നത് എന്ന്‍ മനസ്സിലായി. ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഘട്ടങ്ങളില്‍ പോലും മുത്തശ്ശന്‍ കൈവിടാതെ മുറുക്കെപ്പിടിച്ച സത്യധര്‍മ്മ ബോധങ്ങള്‍ ഇന്ന് അച്ഛനും മുറുകെ പിടിക്കുന്നത് കാണുമ്പോഴാണ് പൈതൃകം, പാരമ്പര്യം എന്ന വാക്കുകളുടെ യഥാര്‍ത്ഥ അര്‍ഥം ഞാന്‍ മനസ്സിലാക്കുന്നത്.

ഇത്രയൊക്കെ മുത്തശ്ശനെക്കുറിച്ച് പറയാന്‍ എന്ത് എന്നാവും, അല്ലേ? ഇതൊക്കെ ഏത് പേരക്കുട്ടിക്കും തന്റെ പിതാമഹനെക്കുറിച്ച് എഴുതാന്‍ കഴിയുമായിരിക്കും. എന്നാല്‍ അങ്ങനെയല്ല. കുടുംബത്തിനു വേണ്ടി ചെയ്തതിലുപരി സമൂഹത്തിനു വേണ്ടി അദ്ദേഹം ചെയ്തിട്ടുണ്ട്. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടം വളരെയധികം വിഷമങ്ങള്‍ നിറഞ്ഞതായിരുന്നു. നമ്പൂതിരി സമുദായത്തില്‍ മാറ്റത്തിന്റെ അലയടികള്‍ ഉയര്‍ന്നു വന്ന ആ കാലത്തില്‍ അദ്ദേഹത്തെ ഒരു യാഥാസ്ഥിതികനായ നമ്പൂതിരിയായാണ്‌ ചിത്രീകരിച്ചു കണ്ടിട്ടുള്ളത് - അയിത്തം, ശുദ്ധം തുടങ്ങിയ ആചാരങ്ങള്‍ക്കെതിരെ അദ്ദേഹം ഒന്നും പറഞ്ഞില്ല എന്നതാവാം കാരണം. അതിനാല്‍ തന്നെ ഞങ്ങളുടെ നാട്ടില്‍ അദ്ദേഹം തുടങ്ങിവെച്ച വിപ്ലവാത്മകമായ പല കാര്യങ്ങളെക്കുറിച്ചും ഇന്ന്‍ ഞങ്ങളുടെ കുടുംബത്തില്‍ ഉള്ളവര്‍ക്ക് പോലും അറിയില്ല എന്നതാണ് ദു:ഖ സത്യം! വലിയ ആദര്‍ശവും ദീനാനുകമ്പയും പ്രസംഗിച്ചു നടന്നവര്‍ ചെയ്തതിനേക്കാള്‍ നല്ല കാര്യങ്ങള്‍ അദ്ദേഹം നിശ്ശബ്ദം ചെയ്തിരുന്നു എന്ന അറിവ് എന്നെ അദ്ഭുതപ്പെടുത്തുന്നു.

മുത്തശ്ശന്റെ ജോലി എന്തായിരുന്നു എന്ന്‍ ചെറുപ്പത്തില്‍ അച്ഛനും അറിയില്ലായിരുന്നു. മുത്തശ്ശന്റെ വലം കൈയ്യായിരുന്ന ആളോട് ചോദിച്ചപ്പോള്‍ - "ഇബ്ടുന്നേ, ഇബ്ടുന്നിന്റെ അച്ഛന്‍ അസ്സസ്സര്‍ ആണ് - തുക്കിടി സായ് വ് കൊല്ലാന്‍ വിധിച്ച ആളെപ്പോലും വിട്ടയക്കാനുള്ള അധികാരമുള്ളയാള്‍" എന്നാണ് മറുപടി കിട്ടിയത് പോലും. ബ്രിട്ടീഷ്‌ ഭരണകാലത്ത് അസ്സസ്സര്‍ എന്നൊരു പദവിയുണ്ടായിരുന്നത്രെ! വളരെയധികം അധികാരമുള്ള ഒരു പദവിയായിരുന്നത്രേ അത്. സമൂഹത്തിലെ നീതിമാന്മാരായ വ്യക്തികളെയാണ് പോലും അതിനായി തിരഞ്ഞെടുത്തിരുന്നത്. ഇന്നത്തെ ജഡ്ജിയെപ്പോലെയുള്ള ഒരു സ്ഥാനമാണ് അതെന്നാണ്‌ എന്റെ എളിയ അറിവ്! (ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല). ഇത് കൂടാതെ പെരിന്തല്‍മണ്ണ സഹകരണ ബാങ്ക്, ആനമങ്ങാട് സര്‍വീസ് ബാങ്ക് തുടങ്ങിയ അക്കാലത്തെ സാമ്പത്തിക സ്ഥാപനങ്ങളുടെ ഫൌണ്ടര്‍ ഡയറക്ടര്‍, ഡയറക്ടര്‍ എന്നിങ്ങനെയുള്ള സ്ഥാനങ്ങള്‍ കുറേകാലം അദ്ദേഹം വഹിച്ചിട്ടുണ്ടെന്നാണ് അറിഞ്ഞിട്ടുള്ളത്.

വായനശാലകള്‍ പോലെയുള്ള പൊതു ഇടങ്ങള്‍ ഒട്ടും പ്രചാരമില്ലാതിരുന്ന അക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തിലെ ആദ്യത്തെ വായനശാല തുടങ്ങിയതും മുത്തശ്ശനാണ്. ഒരാഴ്ച്ചത്തെ പേപ്പര്‍ ഒന്നിച്ചാണ് അന്നൊക്കെ ടൌണില്‍ നിന്നും എത്തിയിരുന്നത്. അദ്ദേഹം അത് വായിക്കുകയും, ശേഷം വായനശാലയില്‍ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഹോം ലൈബ്രറി എന്ന ആശയം ഇല്ലാതിരുന്ന അക്കാലത്തും മുത്തശ്ശന്‍റെ ശേഖരത്തില്‍ കുറെ പുസ്തകങ്ങള്‍ - സംസ്കൃതത്തിലും മലയാളത്തിലും - ഉണ്ടായിരുന്നു. ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍, കാളിദാസന്‍, കേരളവര്‍മ്മ തുടങ്ങിയവരുടെ ക്ലാസിക്ക് പുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റെ കൈവശം ഉണ്ടായിരുന്നു. പലപ്പോഴും അവ വായിപ്പിച്ചും വ്യാഖ്യാനിച്ചു കൊടുത്തും  സ്വന്തം മക്കളില്‍ വായനാശീലം വളര്‍ത്താന്‍ അദ്ദേഹം പ്രത്യേക താല്പര്യമെടുത്തിരുന്നു എന്നും അച്ഛനില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. അതല്ലാതെ പുസ്തകങ്ങള്‍ എന്ന് പറയാന്‍ കാര്യമായി ഒന്നും അന്നില്ലായിരുന്നുവത്രേ! പിന്നീട് വായനശാലകള്‍ കൂടുതല്‍ ജനകീയവും സാധാരണവും ആയതോടെ മുത്തശ്ശന്‍ തുടങ്ങിയ വായനശാല അവിടെ നിന്ന് സ്ഥാനം മാറുകയും പതുക്കെപ്പതുക്കെ വായനശാലയുടെ വളര്‍ച്ചയില്‍ അദ്ദേഹം വഹിച്ച പങ്ക് വിസ്മൃതിയിലാവുകയും ചെയ്തു.

ഞങ്ങളുടെ ഗ്രാമത്തില്‍ ആദ്യമായി ഒരു കലാസമിതി രൂപികരിച്ചപ്പോള്‍ അതിന്റെ തലപ്പത്തുണ്ടായിരുന്നതും വേറാരുമല്ല - മുത്തശ്ശന്‍ തന്നെയാണ്. കലയ്ക്കും അദ്ദേഹം സജീവമായി പ്രോത്സാഹനം നല്‍കിയിരുന്നുവെന്നും കലാസമിതിയുടെ അദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്നു എന്നുമൊക്കെ ഞാന്‍ അറിഞ്ഞത് ഈയിടെയാണ് -  ഞങ്ങളുടെ ഗ്രാമമാസികയില്‍ നാട്ടിലെ അഭിവന്ദ്യനായ ഒരു മാഷ്‌ എഴുതിയ കലാസമിതി പ്രവര്‍ത്തനാവലോകന ലേഖനത്തില്‍ നിന്നാണ് ഈ അറിവ് എനിക്ക് ലഭിച്ചത്.

തികഞ്ഞ ദൈവഭക്തനും വിശ്വാസിയുമായിരുന്ന അദ്ദേഹം മറ്റു മതങ്ങളെയും മതസ്ഥരേയും മാനിച്ചിരുന്നു. ഇന്ന്‍ ഞങ്ങളുടെ നാട്ടിലുള്ള മദ്റസ നില്‍ക്കുന്ന സ്ഥലം അദ്ദേഹം സംഭാവന ചെയ്തതാണത്രേ! അദ്ദേഹത്തിന്റെ കാര്യസ്ഥന്റെ സ്ഥാനം വഹിച്ചിരുന്നതും ഒരു മുസല്‍മാനായിരുന്നു. അമ്പലത്തിലെ ഉത്സവത്തിന് കാവടി എഴുന്നള്ളിച്ചു മുത്തശ്ശന്‍ ഇല്ലത്ത് നിന്നും പോകുമ്പോള്‍ കൂടെ നടക്കുമായിരുന്ന ആ കാര്യസ്ഥന്റെ കഥ അയ്യപ്പന്‍റെയും വാവരുടെയും കഥയാണ് എന്നെ ഓര്‍മിപ്പിച്ചത്.

ഭൂസ്വത്ത് അത്യാവശ്യത്തിനുണ്ടായിരുന്ന അദ്ദേഹം പലപ്പോഴും നാട്ടിലെ പൊതു വഴികള്‍ക്കും മറ്റുമായി ധാരാളം സ്ഥലം വിട്ടു കൊടുത്തിട്ടുണ്ട്. ഇന്ന്‍ ആ വഴികളിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ക്കും അറിയില്ല അദ്ദേഹത്തിന്റെ വലിയ മനസ്സിന്റെ ഫലമാണ് സാമാന്യം വീതിയുള്ള റോഡുകളായി പരിണമിച്ചതെന്നുള്ള സത്യം!

ഞങ്ങളുടെ കുടുംബക്ഷേത്രമായ എരവിമംഗലം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാനായി ഏറെ കാലം (മരണം വരെ) സേവനമനുഷ്ഠിച്ച അദ്ദേഹം തികഞ്ഞ ഒരു ഭക്തനുമായിരുന്നു. ക്ഷേത്ര കാര്യങ്ങളില്‍ പാലിക്കേണ്ട നിഷ്കര്‍ഷകള്‍ കടുകിട തെറ്റിക്കാതെ കൊണ്ടുപോയിരുന്നതു കൊണ്ട് ഒരു പക്ഷേ ചിലരുടെയെങ്കിലും അപ്രീതിയും അദ്ദേഹം നേടിയിരിക്കാം. എന്നാലും തന്റെ മരണം വരെയും ഭഗവാനേയും സത്യത്തെയും അദ്ദേഹം മുറുകെപ്പിടിച്ചിരുന്നു. നിത്യവും ഭാഗവത പാരായണം നടത്തിയിരുന്ന, ഭക്തിയുടെ അനിര്‍വചനീയമായ ആനന്ദം അനുഭവിച്ചറിഞ്ഞ അദ്ദേഹത്തിന് മറിച്ചൊരു ചിന്ത വന്നെങ്കിലേ അദ്ഭുതമുള്ളൂ...

അക്കാലത്തെ പ്രമുഖരായ ഡോ. എം എസ് നായര്‍ , വക്കീലന്മാരായ കരുണാകര മേനോന്‍, രാഘവന്‍ നായര്‍  തുടങ്ങിയവരുമായി നല്ല ആത്മബന്ധമാണ് മുത്തശ്ശന് ഉണ്ടായിരുന്നത്. എന്നിരിക്കിലും ആ ബന്ധങ്ങള്‍ സ്വകാര്യ ലാഭത്തിനു വേണ്ടി ഉപയോഗിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ പോലും സത്യത്തിന്റെ ദുഷ്കരമായ പാതയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. അപ്പുറത്ത് അസത്യത്തിന്‍റെ എളുപ്പ വഴി മലര്‍ക്കെ തുറന്നു കിടക്കുന്നുണ്ടായിരുന്നുവെങ്കിലും... സത്യവും നീതിയും നാമമാത്രമായി ചുരുങ്ങിയ ഈ കാലത്ത് അദ്ദേഹത്തിന്റെ ഈ ധര്‍മബോധത്തെ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നു വരാം. എന്നാല്‍ "സത്യം പരം ധീമഹി" എന്ന ഭാഗവത വചനം ജീവിതത്തില്‍ പ്രായോഗികമാക്കിയ അദ്ദേഹം ഇന്നും അച്ഛന് (അച്ഛനിലൂടെ ഞങ്ങള്‍ മക്കള്‍ക്കും) തെളിഞ്ഞു കത്തുന്ന നിറദീപമായി ജ്വലിച്ചു നില്‍ക്കുന്നു.

അസത്യത്തിനു പല മുഖങ്ങള്‍ ഉണ്ടാകും എന്നാല്‍ സത്യം ഒന്നേയുള്ളൂ - അതിനെ മുറുകെപ്പിടിച്ചോളൂ എന്ന്‍ സ്വന്തം ജീവിതത്തിലൂടെയാണ് മുത്തശ്ശന്‍ അച്ഛന് പഠിപ്പിച്ചു കൊടുത്തത്. അദ്ദേഹത്തിന്റെ നിഴല്‍ പറ്റി നടന്ന ഏതാനും കൊല്ലങ്ങള്‍ അച്ഛന് നല്‍കിയ വിദ്യാഭ്യാസം ഏത് മുന്തിയ യൂണിവേര്‍സിറ്റിയില്‍ നിന്ന്‍ എന്ത് ഡോക്ട്രേറ്റ് എടുക്കുന്നതിനെക്കാളും വലിയതാണ് എന്ന്‍ ഞാന്‍ തിരിച്ചറിയുന്നു. ജീവിതത്തിന്റെ സര്‍ട്ടിഫിക്കറ്റ് എന്നെങ്കിലും ആരെങ്കിലും കൊടുക്കുന്നെങ്കില്‍ അച്ഛന്‍ അതില്‍ നൂറില്‍ നൂറു മാര്‍ക്കും വാങ്ങി ഡിസ്റ്റിങ്ങ്ഷനോടെ പാസാവും എന്നതും മുത്തശ്ശന്റെ ട്രെയിനിങ്ങിന്റെ മഹത്വം തന്നെ!

കുട്ടിത്തം വിടാത്ത പ്രായത്തില്‍, വെറും 16 വയസ്സുള്ളപ്പോള്‍, അച്ഛന്റെ വധുവായി ഇല്ലത്തേക്ക് വന്ന്, ഒരു വലിയ കുടുംബത്തിന്റെ ഭാരം മുഴുവനും പരാതികൂടാതെ ഏറ്റെടുത്ത എന്റെ അമ്മയോട് മുത്തശ്ശന് ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നുവെന്ന് അമ്മയുടെ വാക്കുകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. സ്നേഹ വാത്സല്യങ്ങള്‍ പ്രകടിപ്പിക്കാത്ത ഒരു കാലഘട്ടത്തില്‍, പ്രത്യേകിച്ചും പുത്രവധുക്കള്‍ക്ക് വലിയ പ്രാധാന്യമൊന്നുമില്ലാതിരുന്ന ആ കാലത്ത്, മുത്തശ്ശന്‍ അമ്മയ്ക്ക് നല്കിയത് വാത്സല്യത്തിന്‍റെ നിറവാണ്.

ഇനിയും പറയാനും അറിയാനും ഏറെയുണ്ട്. വിസ്താര ഭയത്താല്‍ അവയൊന്നും ഇവിടെ കുറിക്കുന്നില്ല. ചിലതെല്ലാം തികച്ചും വ്യക്തിപരമാണ് താനും. എന്നാലും മുത്തശ്ശന്റെ മരണത്തെക്കുറിച്ച് രണ്ടു വാക്ക് പറയാതെ വയ്യ. ഒരു വൈകുന്നേരം അദ്ദേഹം അച്ഛനെ അടുക്കല്‍ വിളിച്ച് തന്റെ താക്കോല്‍ക്കൂട്ടം ഏല്പിച്ചു - ഇനി ഒക്കെ നോക്കി നടത്തിക്കോളൂ എന്നു പറഞ്ഞ്. അന്ന് പതിവുപോലെ അത്താഴം കഴിച്ച് കിടക്കാന്‍ നേരത്ത് ഒരല്പം ഗംഗാജലവും സേവിച്ച്, കോടി മുണ്ടും ഉടുത്ത് അദ്ദേഹം ഉറങ്ങാന്‍ പോയി - നിത്യ ഉറക്കത്തിലേക്ക്!

മുന്‍പ് സൂചിപ്പിച്ച പോലെ പഴയ തലമുറയിലെ ചിലര്‍ക്ക് മാത്രം മുത്തശ്ശനെ അറിയാം. അവരുടെ എണ്ണം തുലോം കുറവാണ്. എന്റെ അച്ഛന്റെ തലമുറയില്‍ ഉള്ളവര്‍ക്കു പോലും ഇപ്പോള്‍ മുത്തശ്ശനെ ഓര്‍മ്മ കാണില്ല. അപ്പോള്‍ എന്റെ തലമുറയുടെ കാര്യം പറയാനുണ്ടോ? ഈ കുറിപ്പ് മുത്തശ്ശനോടുള്ള ആദരസൂചകം മാത്രമല്ല, ഒരു സാമൂഹ്യസേവകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അധികമാരും അറിയാത്ത ഒരു മുഖം കൂടി എല്ലാവര്ക്കും പരിചയപ്പെടുത്തലാണ്. ഇത്രയും മഹത്തായ പാരമ്പര്യത്തിലെ ഒരു ചെറിയ കണ്ണിയായ ഞാന്‍ അതെങ്കിലും ചെയ്തില്ലെങ്കില്‍ അനീതിയാവും.


കൂട്ടത്തില്‍ പറയട്ടെ... ഞങ്ങളുടെ നാട്ടിലെ വയോജനങ്ങള്‍ക്ക് വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ - അവരുടെ സായാഹ്നങ്ങള്‍ സുന്ദരമാക്കാന്‍, വിശേഷങ്ങള്‍ പങ്കു വെക്കാന്‍, - ഒരു സ്ഥലം വേണമെന്ന കൌണ്‍സിലറുടെ ആവശ്യപ്രകാരം അച്ഛന്‍ അവര്‍ക്ക് ഒരല്‍പം സ്ഥലം സൗജന്യമായി നല്‍കി - മുണ്ടേക്കാട് മനക്കല്‍ തുപ്പന്‍ നമ്പൂതിരിയുടെ സ്മരണയില്‍ എരവിമംഗലം ഗ്രാമത്തില്‍ ആ 'സൗഹൃദ ഭവനം' ഉയര്‍ന്നപ്പോള്‍ മുത്തശ്ശന്‍ കാഴ്ച്ചവെച്ച നിസ്വാര്‍ത്ഥത അച്ഛനിലൂടെ പുനര്‍ജനിക്കുകയായിരുന്നു എന്ന അറിവ് ഏറെ കൃതാര്‍ത്ഥത നല്‍കുന്നു. വാക്കുകളില്‍ കൂടിയാണെങ്കിലും മുത്തശ്ശനെ ഇത്രയെങ്കിലും അറിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യവും. ഒപ്പം ഉള്ളുരുകിയ പ്രാര്‍ത്ഥനയും - മുത്തശ്ശന്‍ നടന്ന പാത, ഇപ്പോള്‍ അച്ഛന്‍ നടക്കുന്ന പാത, അത് കഠിനമേറിയതാണെങ്കിലും, മുള്ളുകള്‍ നിറഞ്ഞതാണെങ്കിലും ജീവിത യാത്രയില്‍ ആ പാത തന്നെ പിന്തുടരാനുള്ള ധൈര്യവും വിശ്വാസവും എന്നും കൂടെയുണ്ടാവണേ എന്ന ഒരു പ്രാര്‍ത്ഥന!


NB: കാലം കുറെ കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു മുത്തശ്ശനെ കിട്ടി - എന്നെ പ്രത്യേക വാത്സല്യത്തോടെയും സ്നേഹത്തോടെയും കണ്ട, എപ്പോഴും  പുഞ്ചിരിക്കുന്ന ഒരു സുന്ദരന്‍ മുത്തശ്ശന്‍. എന്റെ നീണ്ട മുടിയില്‍ വാത്സല്യപൂര്‍വ്വം വിരലോടിച്ചു എന്നിലെ കുട്ടിയെ ഉണര്‍ത്തിയ ആ മുത്തശ്ശനെപ്പറ്റി പിന്നീടൊരിക്കല്‍ പറയാം :)Friday, 4 September 2015

ഉണ്ണിയ്ക്കായ് ....നാരായണനാമ മുഖരിതമാം തൃസന്ധ്യയില്‍
ഉണ്ണീ നീ പിറന്നപ്പോളൊരമ്മയും ജനിച്ചു;
പിഞ്ചു പൈതലെ മാറോടണച്ചവളിതു-
വരെയറിയാതിരുന്നൊരു നിര്‍വൃതിയറിഞ്ഞു.
ഉറക്കമില്ലാത്ത രാവുകളില്‍ സ്വസ്ഥമാ-
യുറങ്ങും നിന്‍ ചെറുചിരിയവള്‍ കണ്ടിരുന്നു...

അമ്മിഞ്ഞപ്പാലിനൊപ്പം നീ നുകര്‍ന്നത്
നന്മതന്‍ മാധുര്യമെന്നുമവളെന്നും നിനച്ചു
കാലത്തിന്‍ ചക്രമൊരിടപോലും നിന്നിടാതെ,
ആരെയും കാക്കാതെ, വേഗമങ്ങുരുണ്ടു പോയ്‌;
നിയതി തന്‍ നിശ്ചയം പോലെയുണ്ണി വളര്‍ന്നു
അമ്മതന്‍ തോളോടു തോള്‍ ചേര്‍ന്നല്ലോ പുഞ്ചിരിപ്പൂ...

കൌമാരത്തിന്‍ പടിവാതിലിലവന്‍ പകച്ചിടാതെ,
അടിയൊന്നുപോലുമവനു പിഴച്ചിടാതെ, ജീവിതയാന-
ത്തിലവനെന്നും മുന്നേറിടാന്‍ - അനുനിമിഷമമ്മ തന്‍
ചുണ്ടിലും ഹൃത്തിലും പ്രാര്‍ത്ഥനതന്‍ അലയടികള്‍;
ആരോരുമറിയാതെയവ മൌനമായ് എന്നുമവന്റെ
ചുറ്റിലും ഒരു ചെറു കവചമായ് വിളങ്ങിടുമോ???

കാലമേറെ കഴിഞ്ഞാലു,മേറെ നീ വളര്‍ന്നാലും
അമ്മതന്‍ ഉള്ളില്‍ ചെറുകുഞ്ഞായ് നീയെഴും..
ദൂരെ നീ പോകിലും അമ്മ തന്‍ ഹൃത്തിലെന്നു-
മകലാതെ,യൊളിമങ്ങാതെ നീ ജ്വലിച്ചു നില്‍ക്കും...
നല്‍കുന്നു ഞാനെന്നോമലേ നിനക്കായെന്നും
ആയുരാരോഗ്യസൌഖ്യത്തിന്‍ ചെറു വരം!Thursday, 9 July 2015

കുടുംബത്തിന്റെ ശ്രീ

കുറച്ചു കാലങ്ങളായി വിഡ്ഢിപ്പെട്ടിയുടെ മുന്നില്‍ ചിലവഴിക്കുന്ന സമയം വളരെ കുറഞ്ഞിരിക്കുന്നു. മുന്‍പൊക്കെ സിനിമയും മറ്റും കണ്ടിരുന്നുവെങ്കിലും ഇപ്പോള്‍ അതൊക്കെ വിരളമായിരിക്കുന്നു. രാത്രിയിലത്തെ ഇംഗ്ലീഷ് വാര്‍ത്തയും അതിനു ശേഷം മലയാളം ചാനലുകളില്‍ ഏതെങ്കിലുമൊന്നില്‍ വരുന്ന തമാശകളുമായി ചുരുങ്ങിയിരുന്നു ടിവിയുമായുള്ള ബന്ധം. എന്നാല്‍ ന്യൂസ് അവര്‍ ആര്‍ണബ് ഗോസ്വാമിയുടെ അലറല്‍ അവര്‍ ആയി മാറിയപ്പോള്‍ പ്രൈം ടൈം ന്യൂസും അവഗണിക്കാന്‍ തുടങ്ങി. അടുക്കളയില്‍ അന്നന്നത്തെ പണികള്‍ അവസാനിപ്പിക്കാനുള്ള തിരക്കിനിടയിലും പാത്രങ്ങളുടെ കലപിലയ്ക്കിടയിലും ടിവിയില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന ഉച്ചത്തിലുള്ള ശബ്ദകോലാഹലങ്ങളെ ഒരു പാട്ടിലോ അല്ലെങ്കില്‍ എന്തെങ്കിലും ചിന്തയിലോ മുക്കിക്കളയുകയാണ് പതിവ്. പത്തു മണിക്ക് ഹിസ്റ്ററി ചാനലില്‍ വരുന്ന പരിപാടി രസകരം എന്ന് തോന്നിയാല്‍ കാണും. അതും നല്ല പാതിക്കൊപ്പം മാത്രം. അദ്ദേഹം സ്ഥലത്തില്ലാത്ത ദിവസങ്ങളില്‍ വൈകുന്നേരം കുട്ടികള്‍ കുറച്ചു നേരം ടി വി കണ്ടു കഴിഞ്ഞാല്‍ അതിനു വിശ്രമം നല്‍കുകയാണ് പതിവ്.

ഇന്നലെ പതിവിനു വിപരീതമായി പത്തരകഴിഞ്ഞും എന്തൊക്കെയോ തമാശകള്‍ കണ്ടു രസിച്ചിരുന്നു. ഒടുവില്‍ പതിനൊന്നു മണി കഴിഞ്ഞ് ടി വി ഓഫ് ആക്കുന്നതിനു മുന്പ് വെറുതേ ചാനലുകളൊക്കെ ഒന്ന് ഓടിച്ചു നോക്കി. അപ്പോഴാണ്‌ ദൂരദര്‍ശനില്‍ കുടുംബശ്രീയുമായി ബന്ധപ്പെട്ട ഒരു പരിപാടി കാണാന്‍ ഇടയായത്. ഏറ്റവും നല്ല കുടുംബശ്രീ സി ഡി സി (കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റി) ഏതാണ് എന്നതിനുള്ള ഒരു മത്സരത്തിന്റെ ഭാഗമായിരുന്നു ആ ഷോ (ഇനി ഞങ്ങള്‍ പറയാം എന്ന സോഷ്യല്‍ റിയാലിറ്റി ഷോ) എന്ന് തോന്നുന്നു. ജഡ്ജിംഗ് പാനലിനു മുന്നില്‍ ഒരു കുടുംബശ്രീ  സി ഡി സിയുടെ അംഗങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നു.


ഏതോ തീരദേശത്ത് പ്രവര്‍ത്തിക്കുന്ന സി ഡി സിയിലെ അംഗങ്ങളാണ് അവരെന്ന് അവരുടെ സംസാരത്തില്‍ നിന്നും ഊഹിക്കാന്‍ കഴിഞ്ഞു. (പരിപാടിയുടെ അവസാനത്തിലാണ് 'കൂട്ടുകാര്‍' എന്നാണ് അവരുടെ കൂട്ടായ്മയുടെ പേര്‍ എന്ന് മനസ്സിലായത്). പനയോല കൊണ്ട് കൌതുക വസ്തുക്കള്‍ ഉണ്ടാക്കുക, സ്വയം കൃഷി ചെയ്തുണ്ടാക്കിയ കായ കൊണ്ട് ചിപ്സ്, വാഴയ്ക്കപ്പൊടി തുടങ്ങിയ സാധനങ്ങള്‍ ഉണ്ടാക്കി വില്‍ക്കുക, ചക്ക ചിപ്സ്, കപ്പ ചിപ്സ്, പപ്പടം എന്നിങ്ങനെയുള്ളവ ഉണ്ടാക്കി വില്‍ക്കുക, എന്നിങ്ങനെ സാധാരണ കുടില്‍ വ്യവസായം പോലെയുള്ള കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുണ്ട്. മിക്കവാറും പേര്‍ക്ക് അവരവരുടേതായ യൂണിറ്റുകളില്‍ നിന്നും പ്രതിമാസം പതിനായിരമോ അതിലധികമോ ലാഭം കിട്ടുന്നു. പലരും ആ വരുമാനത്തിന്റെ ബലത്തില്‍ സ്വന്തം കുടുംബത്തിന്റെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയിരിക്കുന്നു.

എന്നാല്‍ അതിനേക്കാളുമൊക്കെ അഭിനന്ദനീയമായി തോന്നിയത് അവര്‍ സമൂഹത്തില്‍ കൊണ്ടു വന്ന മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞപ്പോഴാണ്. വീടിന്റെ അകത്തളങ്ങളില്‍ പൊട്ടക്കിണറ്റിലെ തവളകളെപ്പോലെ കഴിഞ്ഞരുന്ന ആ സ്ത്രീകള്‍ ഇന്ന്‍ സ്വാശ്രയശീലരായിരിക്കുന്നു. അവരുടെ തന്നെ വാക്കുകളില്‍ "പണ്ട് ബസ്സില്‍ കയറിയാല്‍ ടിക്കറ്റ് പോലും എടുക്കാന്‍ അറിയാതിരുന്നവര്‍ ഇന്ന്‍ എവിടെ വേണമെങ്കിലും പോകാനും തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും പേടിയോ പരിഭ്രമമോ ഇല്ലാതെ സംസാരിക്കാനും സമൂഹത്തില്‍ ഇടപഴുകാനും പ്രാപ്തരായിരിക്കുന്നു." വീട്ടില്‍ അടുക്കളയുടെ കരിയിലും പുകയിലും പിന്നെ വൈകുന്നേരം സീരിയലുകളിലും മുങ്ങിപ്പോയിരുന്ന അവര്‍ ഇപ്പോള്‍ ഏറെ അഭിമാനത്തോടെ കുടുംബകാര്യങ്ങളില്‍ സജീവ പങ്കാളികളാകുന്നു.

അവര്‍ തങ്ങളുടെ പരിസരത്ത് മദ്യം വാറ്റിയിരുന്നവരെ അതില്‍ നിന്നു പിന്തിരിപ്പിച്ചു. മദ്യത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് കുട്ടികളിലും അവബോധം സൃഷ്ടിച്ചു. വരുമാനത്തിനായി വാറ്റ് പോലെയുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളെ മറ്റു കൈത്തൊഴിലുകള്‍ പഠിപ്പിച്ച് അതില്‍ നിന്നും പിന്തിരിപ്പിച്ചു. പാന്‍ പരാഗ് പോലെയുള്ള വസ്തുക്കള്‍ വില്ക്കുന്നതില്‍ നിന്നും കടക്കാരെ പിന്തിരിപ്പിച്ചു. സ്കൂളില്‍ പോകാതെ കടപ്പുറത്ത് കറങ്ങി നടക്കുന്ന കുട്ടികളെ സ്കൂളുകളിലേക്ക് എത്തിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പഠിക്കുന്നതിനാവശ്യമായ സാമഗ്രികള്‍ വാങ്ങിച്ചു കൊടുത്തു. വീടില്ലാത്തവര്‍ക്ക് വീട് വെച്ചു കൊടുത്തു. ടൂറിസം മേഖലയിലുള്ള പ്രദേശമായതിനാല്‍ ചിലപ്പോള്‍ കുട്ടികള്‍ ചൂഷണത്തിന് ഇരയാവുന്നു എന്നറിഞ്ഞ് അവര്‍ക്ക് അത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കാനുള്ള അവബോധം ഉണ്ടാക്കികൊടുക്കുന്നു. കുട്ടികളുടെ മേല്‍ മാതാപിതാക്കളുടെ ശ്രദ്ധയുണ്ടായിക്കേണ്ടതിന്റെ ആവശ്യകത മാതാപിതാക്കളെ ബോദ്ധ്യപ്പെടുത്തിക്കൊടുത്തു.... അങ്ങനെ അവര്‍ ചെയ്ത, ഇപ്പോഴും ചെയ്യുന്ന കാര്യങ്ങള്‍ വളരെ വലുതാണ്‌.

ഞാന്‍ പ്രത്യേകം ശ്രദ്ധിച്ച ഒരു കാര്യം ആ സ്ത്രീകളുടെയൊക്കെ കണ്ണില്‍ തിളങ്ങി നിന്ന ആത്മാഭിമാനത്തിന്‍റെ നക്ഷത്രങ്ങളാണ്. അവരുടെ ഓരോ വാക്കുകളിലും ആ ഭാവം നിറഞ്ഞു നിന്നിരുന്നു. ഒരു പക്ഷേ വീട്ടുകാരാല്‍ പോലും വിലകല്പിക്കാതിരുന്ന ഒരു ഇന്നലെയില്‍ നിന്ന് ഇന്നത്തെ ഈ നേട്ടങ്ങളില്‍ എത്തി നില്‍ക്കുമ്പോള്‍ അവരുടെയുള്ളില്‍ നിന്നും സ്ഫുരിക്കുന്ന സന്തോഷത്തിന്റെ അംശമാവാം ആ തെളിച്ചം. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത അവര്‍ ഏറെ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും സംസാരിക്കുന്നത് കേട്ടപ്പോള്‍ എനിക്കും ഉള്ളില്‍ സന്തോഷം തോന്നി. നന്നായി പഠിച്ച ഒരാളെ പോലെതന്നെ  ഇംഗ്ലീഷ് വാക്കുകളും ഒട്ടും തെറ്റാതെ അവര്‍ കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു.


വാസ്തവത്തില്‍ ഇതല്ലേ ശരിക്കും സ്ത്രീശാക്തീകരണം? പലരും ഘോരഘോരം പ്രസംഗിച്ചു നടക്കുന്നതിനേക്കാള്‍ എത്രയോ അധികം കാര്യങ്ങള്‍ ഈ സഹോദരിമാര്‍ നിശബ്ദം ചെയ്യുന്നു. അവര്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ എത്രയോ കുടുംബങ്ങളുടെ  വിളക്കാവുന്നു. അവരുടെ ഈ നേട്ടങ്ങളിലും സമൂഹനന്മയ്ക്ക് വേണ്ടി അവര്‍ ചെയ്യുന്ന ഓരോ കാര്യങ്ങളിലും അഭിമാനം തോന്നി. ഇതിന്റെ പത്തിലൊന്നു പ്രതിബദ്ധത നാടു ഭരിക്കുന്ന ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ഈ നാട് എന്നേ 'ദൈവത്തിന്റെ സ്വന്തം നാടാ'യേനെ!

'കുടുംബശ്രീ' എന്ന സംരംഭത്തിലൂടെ വളരെയധികം സ്ത്രീകള്‍ തങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞിരിക്കുന്നു. ഒരു സ്ത്രീ ശക്തിപ്പെടുമ്പോള്‍ സമൂഹമാകമാനം ശക്തമാവുന്നു എന്നര്‍ത്ഥം വരുന്ന ഒരു വാക്യം എവിടെയോ കേട്ടിട്ടുണ്ട്. അത് ശരിയാണെന്ന് ഇത്തരം ആളുകള്‍ തെളിയിക്കുന്നു. എന്തായാലും പരിപാടിയുടെ ജഡ്ജിമാര്‍ അവര്‍ക്ക് നൂറില്‍ എഴുപത്തിയേഴ് മാര്‍ക്കാണ് കൊടുത്തത്. എന്നാല്‍ ഞാന്‍ അവര്‍ക്ക് നൂറില്‍ നൂറു മാര്‍ക്കും നല്‍കുന്നു. തങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കുറവുകളും പരിമിതികളും കീഴടക്കി അവര്‍ നേടിയ ഓരോ നേട്ടങ്ങളും പത്തരമാറ്റുള്ളവയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

അവസാനമായി ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ - അവരുടെ കൂട്ടത്തിലെ നിരാലംബരായവര്‍ക്ക് വീടുവെച്ചു കൊടുക്കാനും വിദ്യാര്‍ഥികള്‍ക്ക് പഠനസാമഗ്രികളും യൂണിഫോമും മറ്റും വാങ്ങാനുമെല്ലാം അവര്‍ പണം കണ്ടെത്തിയത് അവരുടെ ഇടയില്‍ നിന്നു തന്നെയാണ്. ഓരോ മാസത്തിലും അവര്‍ തങ്ങളാലാവുന്ന പോലെ അതിലേക്ക് സംഭാവന ചെയ്യും. അയ്യായിരത്തിലധികം തുക പിരിഞ്ഞു കിട്ടാറുണ്ട്‌ എന്ന്‍ പറഞ്ഞു കേട്ടപ്പോള്‍ എനിക്ക് അത്ര ആശ്ചര്യമൊന്നും തോന്നിയില്ല. മിക്കപ്പോഴും ഇല്ലാത്തവന്‍ എന്ന്‍ നമ്മള്‍ കരുതുന്നവരാണ് ഉള്ളവരേക്കാള്‍ അധികം മറ്റുള്ളവര്‍ക്ക് നല്‍കുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഞാനടക്കം പലരും 'ആ ചിലവുണ്ട്, ഈ ചിലവുണ്ട് അല്ലെങ്കില്‍ ഭാവിയില്‍ ചിലവുണ്ടായേക്കാം' എന്ന തോന്നലില്‍ സഹായിക്കാതെ സ്വാര്‍ത്ഥതയില്‍ പിന്‍ വലിയുമ്പോള്‍ ഒരു നേരത്തെ അന്നത്തിനു കഷ്ടപ്പെടുന്ന ആളുകള്‍ ഒന്നും നോക്കാതെ തങ്ങളുടെ കയ്യിലുള്ളത് യാതൊരു സങ്കോചവും കൂടാതെ മറ്റുള്ളവരെ സഹായിക്കുവാന്‍ നല്‍കുന്നു. അത്തരം മനസ്സുകള്‍ക്ക് ഒരു വലിയ കൂപ്പുകൈ!  

കുടുംബശ്രീയെക്കുറിച്ച് കൂടുതലറിയാന്‍ http://www.kudumbashree.org/ എന്ന സൈറ്റ് സന്ദര്‍ശിക്കുക

Monday, 6 July 2015

കൈമുക്കല്‍

കിള്ളിക്കുറിശ്ശിമംഗലത്തു നിന്നിരു വിപ്രര്‍
ഏറെ പെരുമയെഴും ശുകപുരത്തെത്തി;
ദക്ഷിണാമൂര്‍ത്തിയെ ഭജിക്കുവാനായാ
സോദരര്‍ കുളിയും ജപവുമായ് പാര്‍ത്തു വന്നു..

ചാരെയെഴുന്നോരില്ലത്തു വാഴുന്നൊരു കൊച്ചു
പെണ്‍കിടാവിന്‍ സ്പര്‍ശനത്താലന്നൊരിക്കല്‍
പാതിത്യം വന്നു ഭവിച്ചെന്നു നിശ്ചയിച്ചു മറ്റുള്ളോര്‍
ചാക്യാരായിക്കൊള്‍കിനിയെന്നോതിയ നേരം

സാത്വികനാകിയ ജ്യേഷ്ഠസോദരന്‍ തന്നുടെ
നിരപരാധമുറപ്പിക്കാന്‍ 'കൈമുക്കല്‍ 'തന്നെ
യുപാധിയെന്നങ്ങുറച്ചു; സംശയം തീരാതിരുന്നൊ-
രനിയന്‍ ചാക്യാരാകാമെന്നുമങ്ങുറപ്പിച്ചു നൂനം!

സത്യം തെളിയാതിരിക്കുകില്‍ നായടിയായിപ്പോവാതെ
ചാക്യാരായ് കാലം കഴിച്ചു കൊള്ളാമെന്നു നിനച്ചു പാവം
ഓത്തിനു വന്നൊരു ബ്രാഹ്മണശ്രേഷ്ഠനങ്ങനെ
കൂത്തറിയാത്തൊരു ചാക്യാരായതും കാലത്തിന്‍ കളി!

കൈമുക്കി സത്യം തെളിയിക്കുവാനായി രാജാവിന്‍
സമ്മതം കാത്തു നിന്നാ ജേഷ്ഠസോദരനേറെക്കാലം
ഒടുവില്‍ ശുചീന്ദ്രത്തു പോയിട്ടാ സന്നിദ്ധിയില്‍
സത്യം തെളിയിക്കേണ്ട കാലമാഗതമായ്

സാക്ഷീ ഗണപതി തന്‍ചാരെ, തിളയ്ക്കുന്ന നെയ്യില്‍
കിടന്നു തിളങ്ങും വെള്ളിക്കാളയെ തന്‍ കരം കൊണ്ടു
വെള്ളത്തില്‍ നിന്നെന്നപോലെയാ വിപ്രോത്തമന്‍
കൈയ്യൊട്ടും പൊള്ളാതെയെടുത്തുവത്രേ!

ഇക്കഥ കേട്ടങ്ങു വിസ്മയചിത്തനായ് പദ്മനാഭദാസനാ-
മരചന്‍ പട്ടും വളയും നല്കിയാ വിപ്രനെ ആദരിച്ചാള്‍ ;
തന്നുടെ സത്യം തെളിയിച്ചൊരാ ദ്വിജനും ഏറെ സമ്മതനായ്
തന്നുടെ നാട്ടിൽ തിരിച്ചേറെ പെരുമയോടെ വന്നനേരം

സ്വത്തുക്കൾ കൈവിട്ടു പോയെന്നു നിരൂപിച്ചേറ്റം
ദു:ഖാർത്തമാം മനസ്സോടെ ദക്ഷിണാമൂർത്തിയെ
വണങ്ങി നൂനം; ബ്രാഹ്മണോത്തമന്റെ  സ്വത്തുക്കളഹോ
സ്ഥാനി നായർ ദാനമായ്‌ നല്കിയതുമിന്നു ചരിത്ര സത്യം!

വേരറ്റു പോകാതെ നൂറ്റാണ്ടു രണ്ടെണ്ണം വിപ്രോത്തമൻ തന്നുടെ
സന്തതികളീ ഭൂലോകം തന്നിലോ വാണരുളി; ഓത്തുകൾ ചൊല്ലീട്ടും
മേൽശാന്തിയായിട്ടും വാസ്തുകല,യാട്ടക്കഥയെന്നിവ കൂടാതെയവർ
നാടിനെ മാറ്റീടും വിപ്ലവങ്ങളും നെഞ്ചിലേറ്റിയിന്നിലെത്തിയിപ്പോള്‍...

ഏറ്റം പെരുമയേറുമീ തറവാട്ടിൽ വന്നുചേര്‍ന്ന  ഞാനഹോ
കാലത്തിൻ കളികളെയോർത്തു ചിന്തിച്ചു നിന്നു പോയ്‌...
സത്യത്തിൻ ശക്തിയതൊന്നു താനീത്തറവാട്ടിൻ നിലനില്പി-
ന്നാധാരമെന്നറികേ, അസത്യം പെരുകുമീ മന്നിൽ വാഴ്കെ;

അറിയുന്നു ഞാനിപ്പോള്‍ ഇനിയുണ്ടാവില്ലിവിടെയധികമാളുകള്‍
സത്യത്തിന്‍ പാതയില്‍ സഞ്ചരിച്ചീടുവാന്‍; നാടു വാഴുന്നോരും
നാട്ടില്‍ വാഴുന്നോരും ധര്‍മം വിട്ടര്‍ത്ഥത്തെ കാമിക്കയാല്‍, ഇനി-
യൊരു കൈമുക്കലുണ്ടായാല്‍ പൊള്ളിപ്പോം കൈകളായിരങ്ങള്‍!


കൈമുക്ക് 
ശുചീന്ദ്രം ക്ഷേത്രത്തിൽ നമ്പൂതിരിമാർക്കുവേണ്ടി ഏർപ്പെടുത്തിയിരുന്ന സത്യപരീക്ഷയായിരുന്നു കൈമുക്ക്. ഒരുപാത്രത്തിൽ തിളച്ചുകൊണ്ടിരിക്കുന്ന പശുവിൽനെയ്യിൽ ചെറിയൊരു ലോഹ വിഗ്രഹം ഇടുന്നു. തിളയ്ക്കുന്ന നെയ്യിൽ കൈമുക്കി വിഗ്രഹം എടുക്കണം. തുടർന്ന് കൈ ഒരു വസ്ത്രംകൊണ്ട് പൊതിഞ്ഞു കെട്ടുന്നു. നിശ്ചിത ദിവസത്തിനു ശേഷം കെട്ടഴിക്കുമ്പൊൾ കൈ പൊള്ളിയില്ലെങ്കിൽ ഉത്തമ ബ്രാമണരുടെ കൂട്ടത്തിൽപ്പെടുത്തി ആദരിക്കുന്നു. കൈ പൊള്ളിയാൽ ജാതിഭ്രഷ്ട് കല്പിക്കും. (കടപ്പാട്: മലയാളം വിക്കിപീഡിയ)

പിന്‍ കുറിപ്പ്: കൊല്ല വര്‍ഷം 1802-ല്‍ കിള്ളിക്കുറിശ്ശിമംഗലത്തെ (ലക്കിടി, പാലക്കാട് ജില്ല) പൊല്പാക്കര മനയിലെ നാരായണന്‍ നമ്പൂതിരിപ്പാട് ശുചീന്ദ്രത്ത് പോയി കൈമുക്കിയതായി ചരിത്ര രേഖകള്‍ ഉണ്ടത്രേ! അതായിരുന്നുവത്രേ ഏറ്റവും അവസാനത്തെ വിജയകരമായ കൈമുക്കല്‍.  ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന പൊല്പാക്കര മന കുടുംബയോഗത്തിനോടനുബന്ധിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ അറിഞ്ഞ  കുടുംബചരിത്ര കഥയാണ് മുകളിലെ വരികള്‍ക്കാധാരം. 
,

Tuesday, 5 May 2015

സ്നേഹ നമസ്കാരം!
ഓര്‍മ്മകള്‍ പതിറ്റാണ്ടുകള്‍ പിന്നിലേക്കു പാഞ്ഞപ്പോള്‍
കാണ്മായ് ഞങ്ങള്‍ തന്‍ ബാല്യത്തിന്‍ മോഹന ദൃശ്യങ്ങള്‍
സ്നേഹവായ്പ്പോടന്നു ഞങ്ങളെ മാറോടണച്ചമ്മയോളം
മമതയോടൂട്ടിയുമുറക്കിയും കാത്തു പോന്നു വല്ല്യമ്മ...

അച്ഛനുമമ്മയുമല്ലാതൊരു ശരണമുണ്ടെങ്കിലന്നവര്‍ മാത്രം
വളര്‍ന്നിടും ഞങ്ങള്‍ക്കേറെ പാഠങ്ങള്‍ പകര്‍ന്നു നല്‍കി
നന്മ തന്‍ വഴികള്‍, നല്ല തത്ത്വങ്ങള്‍, അമ്മയില്ലാത്ത നേരം
അമ്മയെപ്പോലെ കരുതല്‍, വേവലാതികള്‍  ഞങ്ങളെച്ചൊല്ലി;

യാത്രയില്‍ കൂട്ടുമെന്നും, എത്ര ദൂരെത്തേക്കെങ്കിലും, കൈ വിടാതെ
കണ്ണു തെറ്റാതെയാ സ്നേഹത്തണലില്‍ കാത്തു വെച്ചു ഞങ്ങളെ...
ഞങ്ങള്‍ തന്‍ കളിചിരികള്‍ മനം നിറഞ്ഞാസ്വദിച്ചവര്‍ - ഒരിക്കലു-
മൊരു നോക്കു കൊണ്ടുപോലും നോവിച്ചില്ലന്നു ഞങ്ങളെ...

ദൂരദിക്കില്‍ നിന്നുമേട്ടന്‍ വരുമ്പോള്‍ കൊണ്ടുവരും വര്‍ണ്ണ മിഠായി-
പ്പൊതികള്‍ പാത്തുവെക്കാതെ കൈ നിറയെ വാരി നല്‍കിയെന്നും;
മധുരവും സ്നേഹവും ചേര്‍ത്തെത്രയോ വട്ടം പായസമുണ്ണാന്‍
വല്യമ്മ ഞങ്ങളെ കാത്തു കാത്തു കണ്‍നട്ടിരുന്നിരുന്നുവന്ന്‍...

വല്യമ്മയുണ്ടാക്കും വിഭവങ്ങളെ വെല്ലാന്‍ ഒന്നുമില്ലെന്ന് ഞങ്ങളോതി,
സ്നേഹമാം മധുരമൊരു നുള്ളതിലധികം ചേര്‍ത്തതിനാലത്രേ സ്വാദ്!
ഉറക്കമിളച്ചിരുന്നു ഞങ്ങള്‍ കണ്ട സിനിമകള്‍ക്ക് കൂട്ട് വല്യമ്മ താന്‍
ഒടുവിലൊരു പരിഭവം പോലുമോതാതെ ഉഷസ്സിനെയവര്‍ വരവേറ്റു...

പറഞ്ഞാല്‍ തീരുകയില്ലത്രയും കഥകള്‍ ഇനിയുമോര്‍ത്തെടുത്തൊരു
പവിഴമാല തീര്‍ക്കാം; അതിന്റെ തിളക്കത്താല്‍ കണ്ണഞ്ചിടാതിരിക്കട്ടെ
അമ്മയോളമാവില്ലെങ്കിലും അമ്മ തന്‍ ചാരേതിളങ്ങും അമൂല്യമാം
സ്നേഹവായ്പായിരുന്നു വല്യമ്മ ഞങ്ങള്‍ക്കെന്നുംമെന്നറിയുന്നു...

കാലമൊരു പ്രവാഹമായ്; ഞങ്ങളിന്നു കുട്ടികളല്ലാതായ്, ഞങ്ങളില്‍
പലരുമിന്നൊരു വല്ല്യമ്മയായെങ്കിലും അറിയുന്നു ഞങ്ങളിപ്പോള്‍;
ഇന്നില്ല ഞങ്ങളെ ബന്ധിച്ച സ്നേഹത്തിന്‍ സുവര്‍ണ്ണ നൂലുകള്‍
കാലപ്പഴക്കം വന്നവയും തിളക്കമില്ലാത്തോട്ടുനൂല്‍ പോലെയായ്

എങ്കിലും ഓര്‍മ്മകള്‍ക്കിപ്പോഴും പൊന്‍ തിളക്കം; ആ ഓര്‍മകളില്‍
തെളിയും ബാല്യത്തിനുമേറെ മിഴിവ്, രണ്ടമ്മമാര്‍ നല്‍കിയ സ്നേഹം
ഉള്ളില്‍ തെളിഞ്ഞു നില്ക്കും നിറദീപം പോലെ, നിശയില്‍ ലേഖനം
ചെയ്യാനുതകും പൊന്നൊളി പോലെയ്തുള്ളില്‍ നിറഞ്ഞു നില്‍പ്പൂ...

സ്നേഹാദരങ്ങള്‍ മനസ്സില്‍ നിറച്ചേറെ ഭാവ്യരായ് വീണ്ടുമെത്തി
ഞങ്ങളാ സവിധത്തില്‍; അശീതി തന്‍ നിറവില്‍ പുഞ്ചിരിക്കേ
വല്യമ്മയ്ക്ക് നല്‍കട്ടെ ഞങ്ങള്‍ സ്നേഹത്തില്‍ പൊതിഞ്ഞൊരു
നിറനമസ്കാര,മൊരായുസ്സില്‍ പറഞ്ഞു തീരാത്ത നന്ദിയോടെ!

വല്യമ്മയും അമ്മയും - ഒരു പഴയകാല ചിത്രം 
വാല്‍കഷ്ണം: വല്യമ്മയുടെ എണ്‍പതാം പിറന്നാളിന്  ഏടത്തിമാരുമൊത്ത്‌ വല്യമ്മയ്ക്ക് നല്‍കിയ സമ്മാനമാണ് ഈ വരികള്‍ ...


Thursday, 16 April 2015

തുഞ്ചന്‍പറമ്പ് ബ്ലോഗ്‌ മീറ്റ്‌ - ഒരു പിടി നല്ല ഓര്‍മ്മകള്‍

ഇതാദ്യമായാണ് ഞാന്‍  ഒരു ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്തത്. മീറ്റിന് പോകുമ്പോള്‍ അവിടെ കണ്ടുമുട്ടാവുന്ന പലരേയും പേര് പറഞ്ഞാലെങ്കിലും ഞാന്‍ തിരിച്ചറിയും എന്ന ഒരു തോന്നലുണ്ടായിരുന്നു. ബ്ലോഗിംഗ് രംഗത്ത് അത്ര സജീവമല്ലെങ്കിലും ചുരുക്കം ചില ചര്‍ച്ചകളിലും മറ്റും പങ്കു ചേരാനും പലരുമായി സംവദിക്കാനും കഴിഞ്ഞിട്ടുണ്ട്. ജോലിത്തിരക്കും മറ്റുമായപ്പോള്‍ എഴുത്ത് നന്നേ കുറഞ്ഞു. വായനയും... അതില്‍ നിന്നെല്ലാം ഒരു മാറ്റം വരണം, എഴുതണം, അതിലേറെ വായിക്കണം എന്നൊക്കെ നിനച്ചിരിക്കുന്ന നേരത്താണ് തുഞ്ചന്‍ പറമ്പിലെ മീറ്റിന്റെ കാര്യങ്ങള്‍ അറിയുന്നതും കഴിയുമെങ്കില്‍ പങ്കെടുക്കണം എന്ന്‍ തീരുമാനിക്കുകയും ചെയ്തത്. എന്നാലും  മീറ്റിന് ഏതാനും ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ വരെ ഒരു തീരുമാനത്തിലെത്താന്‍ എന്തുകൊണ്ടോ മടിച്ചിരുന്നു. മീറ്റിന് മൂന്നാലു ദിവസങ്ങള്‍ ബാക്കി നില്‍ക്കേ സാബു (കൊട്ടോട്ടി) വിളിക്കുകയും തീര്‍ച്ചയായും വരണം എന്ന്‍ ഒരിക്കല്‍ കൂടി നിര്‍ബന്ധിക്കുകയും ചെയ്തപ്പോള്‍ അന്നത്തെ എറണാകുളം യാത്ര വൈകീട്ടത്തേയ്ക്ക് മാറ്റുകയും രാവിലെ തുഞ്ചന്‍ പറമ്പില്‍ എത്തുകയും ചെയ്തു.

അന്‍വര്‍ ഇക്കാക്കും അബ്സാറിനുമൊപ്പം 
അവിടെ എത്തിയപ്പോള്‍ ആദ്യം കണ്ടത് ‘അബസ്വരനെ’ തന്നെ! രണ്ടുമൂന്നു കൊല്ലങ്ങളായി ഓണ്‍ലൈനില്‍ സ്ഥിരം ആശയവിനിമയം നടത്താറുണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് നേരില്‍ കാണുന്നത്. അപരിചിതത്വം ഒട്ടുമില്ലെങ്കിലും ഔപചാരികമായി പരിചയപ്പെട്ടു. പിന്നെ കണ്ടത് ഷെരിഫ് ഇക്കയെ ആണ്. ഓണ്‍ലൈനില്‍ കണ്ടു പരിചയിച്ച മുഖങ്ങളില്‍ ഒന്ന് – ശകലം ശങ്കയോടെയാണ് ആള്‍ അത് തന്നെയല്ലേ എന്ന് പറഞ്ഞത്. രജിസ്ട്രേഷന്‍ ഡെസ്കില്‍ എത്തിയപ്പോള്‍ പലരെയും കണ്ടു – മിക്കവരും പരിചയമില്ലാത്തവര്‍. അപ്പോഴാണ്‌ അന്‍വര്‍ ഇക്ക അവിടെ എത്തിയത്. പല തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും ഇക്കയെ നേരിട്ട് കാണുന്നത് ഇതാദ്യം! സന്തോഷത്തോടെ ഹസ്തദാനം ചെയ്ത് സൌഖ്യം അന്വേഷിച്ചു. അതിനിടയില്‍ സുധര്‍മ്മ ടീച്ചര്‍ വന്നു മനസ്സിലായില്ലേ എന്ന് ചോദിച്ചപ്പോള്‍ ‘.... ആളല്ലേ’ എന്ന്‍ ചോദിച്ചു. ‘അല്ല ഞാന്‍ സുധര്‍മ്മയാണ്’ എന്ന്‍ ടീച്ചര്‍ പറഞ്ഞപ്പോള്‍ ദിവസവും കാണുന്ന മുഖങ്ങളില്‍ ഒന്ന് മനസ്സിലാകാതെ പോയതിലെ ജാള്യത എന്റെ മുഖത്ത്!

കാര്യപരിപാടികള്‍ ലളിതമായിരുന്നു. അകാലത്തില്‍ നമ്മെ വിട്ടുപോയ ബ്ലോഗര്‍മാരെ, പ്രത്യേകിച്ചും പലര്‍ക്കും പ്രിയങ്കരനായിരുന്ന മനോരാജിനെ ഓര്‍മ്മിച്ചു കൊണ്ട് പരിചയപ്പെടുത്തല്‍ തുടങ്ങി. എല്ലാവരും സ്വയം പരിചയപ്പെടുത്തി. പേരുകളും മുഖങ്ങളും ഒരുമിച്ചപ്പോള്‍ മനസ്സിലെ പല രൂപങ്ങളും കൂടുതല്‍ തെളിഞ്ഞു. ഒപ്പം എത്ര കുറച്ച് ആളുകളെ മാത്രമേ എനിക്കറിയൂ എന്ന സത്യവും! എന്റെ ഊഴം വന്നപ്പോള്‍ എന്ത് പറയണം എന്നറിയില്ലായിരുന്നു... ഒടുവില്‍ ഇ-മഷിയുടെ കാര്യം പറഞ്ഞപ്പോള്‍ സ്വന്തം കാര്യം പറയാനും സ്വന്തം ബ്ലോഗിന്‍റെ കാര്യം പറയാനും ഞാന്‍ മറന്നു! എന്‍റെ അടുത്തിരുന്നിരുന്ന രൂപ പറഞ്ഞപ്പോഴാണ് ഇക്കാര്യങ്ങളൊക്കെ ഞാന്‍ പറയാതെ ബാക്കിവെച്ചു എന്ന്‍ അറിഞ്ഞത്! 

ഒന്നിലും പതറാതെ ...
എന്നാല്‍ ജയചന്ദ്രന്‍ മാഷ്‌ തന്റെ അനുഭവം പറഞ്ഞപ്പോഴും, അന്‍വര്‍ബാബു തന്റെ കാര്യം പറഞ്ഞപ്പോഴും ഓണ്‍ലൈന്‍ കൂട്ടായ്മകളുടെ ശക്തിയും വ്യാപ്തിയും എത്രത്തോളം ഉണ്ട് എന്ന് ആശ്ചര്യപ്പെടാതിരിക്കാന്‍ കഴിഞ്ഞില്ല. മാലിയിലെ ജയിലില്‍ നിന്ന് മോചിതനാവുന്നതില്‍ സോഷ്യല്‍ മീഡിയ വഹിച്ച പങ്കിനെക്കുറിച്ച് മാഷ്‌ പറഞ്ഞപ്പോള്‍ അതിന്റെ ഒരു ചെറിയ അംശമാണല്ലോ ഞാനും എന്ന് തോന്നി. വിവിധ കൂട്ടായ്മകളുടെ സഹായത്തോടെ വീട് വെക്കാനും ചികിത്സിക്കാനും ഒക്കെ കഴിഞ്ഞ കാര്യങ്ങള്‍ അന്‍വര്‍ പറഞ്ഞപ്പോള്‍ ആ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ഒരു ചെറിയ വര്‍ണ്ണപ്പൊട്ട് എന്റെ വകയും ഉണ്ടായിരുന്നല്ലോ എന്ന തോന്നല്‍ ചാരിതാര്‍ത്ഥ്യം പകര്‍ന്നു. അന്‍വറിനെ കണ്ടതാണ് ഈ മീറ്റിലെ നല്ല നിമിഷങ്ങളില്‍ ഒന്ന്! സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ കൂട്ടായ്മകളും വെറും നേരംപോക്ക് മാത്രമല്ല, നമ്മുടെ ജീവിതത്തിനു അര്‍ത്ഥം പകരുന്ന പല കാര്യങ്ങളും അതിലൂടെ നടക്കും എന്നതിന് തെളിവാണ് ഈ രണ്ടു പേരും എന്ന് എനിക്ക് തോന്നുന്നു.

ഉവ്വ്, ഇത്തരം വേദികളില്‍ പരസ്പരം പഴിചാരലും ആരോപണങ്ങളും അടിപിടികളും വിവാദങ്ങളും എല്ലാം ഉണ്ട് – ശരിയാണ്. എന്നാല്‍ അത് മാത്രമല്ല ഇവിടെയുള്ളത്. നമ്മുടെ കയ്യിലുള്ള ഒരു മാദ്ധ്യമത്തെ നല്ലതായോ ചീത്തയായോ നമുക്ക് ഉപയോഗിക്കാം എന്നേ പറയാനുള്ളൂ. അമിതമായ ഗ്രൂപ്പിസം സ്പര്‍ദ്ധ വളര്‍ത്തും എന്നത് ശരിയാണ്. എന്നാല്‍ മിക്കപ്പോഴും ഗ്രൂപ്പുകള്‍ തമ്മിലുള്ള ആരോഗ്യപരമായ മത്സരം എഴുത്തിനേയും മറ്റും മെച്ചമാക്കിയിട്ടുണ്ട് താനും. പലപ്പോഴും വ്യക്തിപരമായി തീരുന്നിടത്താണ് ഈ മത്സരങ്ങള്‍ അസഹനീയവും അതിര് വിട്ടതും ആയി മാറുന്നത്.

എന്തായാലും ഔപചാരികമായ പരിചയപ്പെടലിനു ശേഷം ഫോട്ടോ സെഷനും ഊണിനും മുന്‍പുള്ള വളരെ ചെറിയ ഒരിടവേളയില്‍ ചിലരുമായി വിശദമായ പരിചയപ്പെടല്‍ തരപ്പെട്ടു... ബഷീര്‍ സി. വി, ബീന ചേച്ചി, നിരക്ഷരന്‍, മനു നെല്ലായ, ഷാജി ഷാ, ശ്രുതി, പ്രിയ അങ്ങനെ പലരുമായി സംസാരിക്കാന്‍ സാധിച്ചു. മനോജേട്ടനെ ഇത് രണ്ടാം വട്ടമാണ് കാണുന്നത്. ഇതിനു മുന്പ് വിഡ്ഢിമാന്‍റെ പുസ്തകപ്രകാശനത്തിന് പോയപ്പോള്‍ കണ്ടിരുന്നെങ്കിലും പരിചയപ്പെടാന്‍ കഴിഞ്ഞില്ല. ഇത്തവണ എന്തായാലും അതിനു സാധിച്ചു. അതു പോലെ തന്നെ വിധു ചോപ്ര കണ്ണൂര്‍, ഉസ്മാന്‍ പള്ളിക്കരയില്‍ എന്നിവരെയും പരിചയപ്പെട്ടു.

മീറ്റില് പങ്കെടുത്തവര്‍

സംഗീതും സംഗീതും ഉട്ടോപ്യനും
കൂടാതെ ദക്ഷിണേന്ത്യയിലെ മുന്തിയ വിഎഫ്എക്സ്-കാരനായ പിള്ളേച്ചന്‍, പല്ലുഡോക്ടറാണെങ്കിലും മികച്ച ഫോട്ടോഗ്രാഫര്‍ എന്നറിയപ്പെടുന്ന ഉട്ടോപ്യനും, മലയാളം ബ്ലോഗേഴ്സ് അഡ്മിന്‍ ആയിരുന്ന ബെഞ്ചിയുമായും ഒക്കെ സംസാരിക്കുവാന്‍ സാധിച്ചു. തമാശപറഞ്ഞും മറ്റും ആ നിമിഷങ്ങള്‍ സുന്ദരങ്ങളായി... എല്ലാവരേയും ഒന്നിച്ചു നിര്‍ത്തി ഫോട്ടോ എടുത്തു. അതുപോലെ തന്നെ ചെറിയ ചെറിയ കൂട്ടങ്ങളും പലയിടത്തും പല പോസുകളിലും ഫോട്ടോകള്‍ എടുത്തുകൊണ്ടിരുന്നു... ഉച്ചയൂണ്‍ തയ്യാറായി എന്ന അറിയിപ്പു കിട്ടിയതോടെ എല്ലാരും ഊട്ടുപുര ലക്ഷ്യമാക്കി നടന്നു.

അന്‍വര്‍ ഇക്കയും സാബുവും ഡോ ആര്‍ കെ തിരൂരും സംഗീതുമാരും ബാസിയും റഫീക്കും മുനീറുമെല്ലാം വിളമ്പാനും മറ്റും ഉല്സാഹത്തോടെ ഓടി നടക്കുന്നുണ്ടായിരുന്നു. ആദ്യത്തെ പന്തിയില്‍ തന്നെ വിഭവസമൃദ്ധമായ സദ്യ കഴിച്ച് മടങ്ങാന്‍ ഒരുങ്ങി – നിറഞ്ഞ മനസ്സോടെ! എല്ലാവരോടും യാത്ര പറഞ്ഞു മടങ്ങുമ്പോള്‍ ഏറെ കാലമായി കാണാതിരുന്ന ചിലരെ വീണ്ടും കണ്ട സംതൃപ്തിയായിരുന്നു എന്റെയുള്ളില്‍. കൂട്ടിനു വന്ന പ്രിയതമനും ഒട്ടും വിരസത അനുഭവപ്പെടാത്ത ഒരു നല്ല അനുഭവമായിരുന്നു ഈ മീറ്റ്‌.

തിരിച്ചെത്തി ഫേസ്ബുക്കില്‍ നോക്കിയപ്പോള്‍ മീറ്റ്‌ പരാജയമാണ് നഷ്ടമാണ് എന്നൊക്കെയുള്ള ധ്വനിയില്‍ ചില പോസ്റ്റുകളും മറ്റും കണ്ടു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും മാത്രമല്ല, ഇതിലൊന്നും പങ്കെടുക്കാത്ത ആളുകളുടെ വക കമന്റുകളും. സത്യത്തില്‍ അതൊക്കെ കണ്ടപ്പോള്‍ സങ്കടം തോന്നി. അതില്‍ പങ്കെടുത്ത ആളുകള്‍ക്ക് സന്തോഷത്തിന്‍റെ കുറെ നിമിഷങ്ങള്‍ പ്രദാനംചെയ്ത മീറ്റ്‌ പരാജയമാണ് പ്രഹസനമാണ് എന്നൊക്കെ വിധിയെഴുതാന്‍ ചിലരെങ്കിലും ധൃതി കാണിച്ചില്ലേ? കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ആളുകള്‍ കുറവാണ്, നടത്തിപ്പുകാര്‍ക്ക് നഷ്ടം വന്നു എന്നൊക്കെയാണ് അവരുടെ ചില വാദങ്ങള്‍. വരാമെന്ന് ഉറപ്പു പറഞ്ഞ ആളുകള്‍ വന്നില്ലെങ്കില്‍ അതിനു സംഘാടകര്‍ എന്ത് പിഴച്ചു?

ബെഞ്ചി, അന്‍വര്‍ ഇക്ക, അബ്സാര്‍ എന്നിവരോടൊപ്പം
തുഞ്ചന്‍ പറമ്പില്‍ മീറ്റില്‍ പങ്കെടുത്ത ആള്‍ എന്ന നിലയില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. ഏറെ കാലമായി കാണണം, പരിചയപ്പെടണം എന്ന്‍ കരുതിയ കുറെ ആളുകളെ കാണാനും അവരുമായി അല്‍പ നേരം പങ്കുവയ്ക്കാനും കഴിഞ്ഞു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. മീറ്റില്‍  പങ്കെടുത്ത ബഹുഭൂരിഭാഗം ആളുകള്‍ക്കും മീറ്റിനെ കുറിച്ചാലോചിക്കുമ്പോള്‍ ഉള്ളില്‍ സന്തോഷം തന്നെയാവും തോന്നുക എന്നാണ് എനിക്ക് തോന്നുന്നത്. എന്‍റെ ഒരേയൊരു സങ്കടം അവിടെ വെച്ച് കാണാമെന്ന് കരുതിയ പലരെയും കാണാന്‍ കഴിഞ്ഞില്ല എന്നതാണ്. പിന്നെ മുഴുവന്‍ സമയവും മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല എന്നതും ഒരു നിരാശയായി മനസ്സില്‍ അവശേഷിക്കുന്നു. അതിനാല്‍ തന്നെ അടുത്ത തവണ ഒരു മീറ്റുണ്ട് എന്നറിഞ്ഞാല്‍ ഒരു വിധം നിവൃത്തിയുണ്ടെങ്കില്‍ ഞാന്‍ അവിടെ എത്തിയിരിക്കും എന്ന്‍ പറയേണ്ടിയിരിക്കുന്നു.


ഇത്തരം ഒരു സംരഭത്തിന് മുന്‍കൈയെടുത്ത സാബുവിന് നന്ദി! ഒപ്പം ഈ മീറ്റിന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ച ആര്‍ കെ തിരൂര്‍, അബ്സാര്‍, മുനീര്‍ എന്നിവര്‍ക്കും. ബ്ലോഗിലേക്ക് മടങ്ങുവാന്‍ ഒരു ചെറിയ പ്രചോദനം കാത്തിരിക്കുന്ന പലര്‍ക്കും ഈ മീറ്റ്‌ പ്രോത്സാഹനമാവുമെന്നാണ് എനിക്ക് തോന്നിയത്. അങ്ങനെയെങ്കില്‍ ബ്ലോഗില്‍ വായനക്കാരും എഴുത്തുകാരും സജീവമാകുന്ന നാളുകള്‍ വിദൂരമല്ല എന്ന പ്രത്യാശയോടെ ഞാനും ബ്ലോഗിലേക്ക് തിരച്ചു വരുന്നു... 

Sunday, 15 March 2015

ഹൃദയം വീണ്ടും മിടിക്കുമ്പോള്‍...

ഇവിടെ എന്തെങ്കിലും കുത്തിക്കുറിച്ചിട്ട് നാളുകള്‍ ഏറെയായി. എഴുതാന്‍ ഒന്നും ഇല്ലാതിരുന്നതു കൊണ്ടായിരുന്നില്ല മൌനം... മറിച്ച്, എന്തെഴുതണം എന്നൊരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്തതായിരുന്നു ഈ നീണ്ട ഇടവേളയ്ക്ക് കാരണം. ഈ നാലഞ്ചു മാസം പലതും എഴുതാന്‍ തുടങ്ങുകയും അവ പാതി വഴിയില്‍ നിര്‍ത്തുകയും, അവയില്‍ തന്നെ പലതും അപ്രസക്തമായിമാറിയതിനാല്‍ ഡിലീറ്റ് ചെയ്യുകയും ഉണ്ടായി. അങ്ങനെ, പ്രസിദ്ധീകരണത്തിനു തയ്യാറാവാത്ത കുറെ ചിന്തകളുടെ ഭാരവുമേന്തി, കനത്ത മൌനവും പേറി ഈ ബ്ലോഗ്‌ ഇങ്ങനെ ബൂലോകത്ത് മറഞ്ഞു കിടന്നു. ഈ മൌനം എന്നെ ഏറെ അലോസരപ്പെടുത്തിയിരുന്നെങ്കിലും പ്രധാനപ്പെട്ട മറ്റു പല കാര്യങ്ങളിലേക്കും ശ്രദ്ധ തിരിച്ചതോടെ ആ അലോസരം മനസ്സിന്റെ അടിത്തട്ടിലേക്ക് താഴ്ത്തപ്പെട്ടു.

എഴുത്തിനെ പ്രോത്സാഹിപ്പിച്ചിരുന്ന സുഹൃത്തുക്കള്‍ പലരേയും ഇതിനിടയില്‍ ഓണ്‍ലൈന്‍ എഴുത്തിടങ്ങളില്‍ കാണാതായി; ഇഷ്ടപ്പെട്ട വായനകളും കുറഞ്ഞു. സജീവമായ കൂട്ടായ്മകള്‍ പലതും പരസ്പരം പഴിചാരലിന്റെയും അഹംഭാവത്തിന്റെയും അലകളില്‍പ്പെട്ട് ഉലഞ്ഞപ്പോള്‍ അവയില്‍ നിന്നെല്ലാം മാറി നിന്ന്, ജീവിതത്തിലെ മറ്റു പല കാര്യങ്ങളിലും വ്യാപൃതയായി. ജോലി, കുടുംബം, വീട്, എന്നിവയിലേക്ക് പലപ്പോഴും ഒതുങ്ങിക്കൂടിയപ്പോഴും ചില സൗഹൃദങ്ങളും സ്നേഹങ്ങളും ഒരു ചെറു ചിരിയോ സന്ദേശമോ ആയി മുഖപുസ്തകത്തിലോ മൊബൈലിലോ പ്രത്യക്ഷപ്പെട്ടിരുന്നു. അവ മനസ്സിനേകിയ കുളിര്‍മ്മ പറഞ്ഞറിയിക്കാനാവില്ല.

ഇപ്പോള്‍ വീണ്ടും ഇവിടെയ്ക്ക് എന്നെ പിടിച്ചു വലിക്കുന്നതും അതു തന്നെ! വലിയൊരു എഴുത്തുകാരിയല്ലെങ്കിലും, എഴുതുന്നത് വലിയ വലിയ തത്വങ്ങളോ അറിവുകളോ ഒന്നുമല്ലെങ്കിലും എന്റെ എഴുത്തില്‍ ചില നന്മകളൊക്കെയുണ്ടെന്നു പറയുന്ന അവരാണ് എന്നെ വീണ്ടും ഇവിടെ എത്തിച്ചത്. അവരോടുള്ള എന്റെ നന്ദിയും സ്നേഹവും ഈ തിരിച്ചു വരവിലൂടെ ഞാന്‍ അറിയിക്കുന്നു.

കൊച്ചുകൊച്ചു കാര്യങ്ങളും ചിന്തകളും തോന്നലുകളും ഒക്കെയായി ഞാന്‍ ഇവിടെയുണ്ടാവും എന്ന പ്രതീക്ഷയിലാണ് ഞാന്‍... കൂട്ടിന് ലോകം മുഴുവനും വേണ്ട, ഇത് വായിച്ച് ഒരല്പം സന്തോഷം തോന്നുന്ന ഒരു മനസ്സെങ്കിലും ഉണ്ടെങ്കില്‍ അത് മതിയെനിക്ക്... (അതുണ്ടെന്ന് അറിയുന്നതാണ് എന്റെ ധൈര്യവും!)

സജീവമായ എഴുത്തിലൂടെ, മറഞ്ഞിരിക്കുന്ന ചില സൌഹൃദങ്ങളെയെങ്കിലും തിരിച്ചു കൊണ്ടുവരാനാവും എന്ന പ്രത്യാശയില്‍ ഞാനിരിക്കുന്നു...