Thursday, 9 July 2015

കുടുംബത്തിന്റെ ശ്രീ

കുറച്ചു കാലങ്ങളായി വിഡ്ഢിപ്പെട്ടിയുടെ മുന്നില്‍ ചിലവഴിക്കുന്ന സമയം വളരെ കുറഞ്ഞിരിക്കുന്നു. മുന്‍പൊക്കെ സിനിമയും മറ്റും കണ്ടിരുന്നുവെങ്കിലും ഇപ്പോള്‍ അതൊക്കെ വിരളമായിരിക്കുന്നു. രാത്രിയിലത്തെ ഇംഗ്ലീഷ് വാര്‍ത്തയും അതിനു ശേഷം മലയാളം ചാനലുകളില്‍ ഏതെങ്കിലുമൊന്നില്‍ വരുന്ന തമാശകളുമായി ചുരുങ്ങിയിരുന്നു ടിവിയുമായുള്ള ബന്ധം. എന്നാല്‍ ന്യൂസ് അവര്‍ ആര്‍ണബ് ഗോസ്വാമിയുടെ അലറല്‍ അവര്‍ ആയി മാറിയപ്പോള്‍ പ്രൈം ടൈം ന്യൂസും അവഗണിക്കാന്‍ തുടങ്ങി. അടുക്കളയില്‍ അന്നന്നത്തെ പണികള്‍ അവസാനിപ്പിക്കാനുള്ള തിരക്കിനിടയിലും പാത്രങ്ങളുടെ കലപിലയ്ക്കിടയിലും ടിവിയില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന ഉച്ചത്തിലുള്ള ശബ്ദകോലാഹലങ്ങളെ ഒരു പാട്ടിലോ അല്ലെങ്കില്‍ എന്തെങ്കിലും ചിന്തയിലോ മുക്കിക്കളയുകയാണ് പതിവ്. പത്തു മണിക്ക് ഹിസ്റ്ററി ചാനലില്‍ വരുന്ന പരിപാടി രസകരം എന്ന് തോന്നിയാല്‍ കാണും. അതും നല്ല പാതിക്കൊപ്പം മാത്രം. അദ്ദേഹം സ്ഥലത്തില്ലാത്ത ദിവസങ്ങളില്‍ വൈകുന്നേരം കുട്ടികള്‍ കുറച്ചു നേരം ടി വി കണ്ടു കഴിഞ്ഞാല്‍ അതിനു വിശ്രമം നല്‍കുകയാണ് പതിവ്.

ഇന്നലെ പതിവിനു വിപരീതമായി പത്തരകഴിഞ്ഞും എന്തൊക്കെയോ തമാശകള്‍ കണ്ടു രസിച്ചിരുന്നു. ഒടുവില്‍ പതിനൊന്നു മണി കഴിഞ്ഞ് ടി വി ഓഫ് ആക്കുന്നതിനു മുന്പ് വെറുതേ ചാനലുകളൊക്കെ ഒന്ന് ഓടിച്ചു നോക്കി. അപ്പോഴാണ്‌ ദൂരദര്‍ശനില്‍ കുടുംബശ്രീയുമായി ബന്ധപ്പെട്ട ഒരു പരിപാടി കാണാന്‍ ഇടയായത്. ഏറ്റവും നല്ല കുടുംബശ്രീ സി ഡി സി (കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റി) ഏതാണ് എന്നതിനുള്ള ഒരു മത്സരത്തിന്റെ ഭാഗമായിരുന്നു ആ ഷോ (ഇനി ഞങ്ങള്‍ പറയാം എന്ന സോഷ്യല്‍ റിയാലിറ്റി ഷോ) എന്ന് തോന്നുന്നു. ജഡ്ജിംഗ് പാനലിനു മുന്നില്‍ ഒരു കുടുംബശ്രീ  സി ഡി സിയുടെ അംഗങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നു.


ഏതോ തീരദേശത്ത് പ്രവര്‍ത്തിക്കുന്ന സി ഡി സിയിലെ അംഗങ്ങളാണ് അവരെന്ന് അവരുടെ സംസാരത്തില്‍ നിന്നും ഊഹിക്കാന്‍ കഴിഞ്ഞു. (പരിപാടിയുടെ അവസാനത്തിലാണ് 'കൂട്ടുകാര്‍' എന്നാണ് അവരുടെ കൂട്ടായ്മയുടെ പേര്‍ എന്ന് മനസ്സിലായത്). പനയോല കൊണ്ട് കൌതുക വസ്തുക്കള്‍ ഉണ്ടാക്കുക, സ്വയം കൃഷി ചെയ്തുണ്ടാക്കിയ കായ കൊണ്ട് ചിപ്സ്, വാഴയ്ക്കപ്പൊടി തുടങ്ങിയ സാധനങ്ങള്‍ ഉണ്ടാക്കി വില്‍ക്കുക, ചക്ക ചിപ്സ്, കപ്പ ചിപ്സ്, പപ്പടം എന്നിങ്ങനെയുള്ളവ ഉണ്ടാക്കി വില്‍ക്കുക, എന്നിങ്ങനെ സാധാരണ കുടില്‍ വ്യവസായം പോലെയുള്ള കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുണ്ട്. മിക്കവാറും പേര്‍ക്ക് അവരവരുടേതായ യൂണിറ്റുകളില്‍ നിന്നും പ്രതിമാസം പതിനായിരമോ അതിലധികമോ ലാഭം കിട്ടുന്നു. പലരും ആ വരുമാനത്തിന്റെ ബലത്തില്‍ സ്വന്തം കുടുംബത്തിന്റെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയിരിക്കുന്നു.

എന്നാല്‍ അതിനേക്കാളുമൊക്കെ അഭിനന്ദനീയമായി തോന്നിയത് അവര്‍ സമൂഹത്തില്‍ കൊണ്ടു വന്ന മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞപ്പോഴാണ്. വീടിന്റെ അകത്തളങ്ങളില്‍ പൊട്ടക്കിണറ്റിലെ തവളകളെപ്പോലെ കഴിഞ്ഞരുന്ന ആ സ്ത്രീകള്‍ ഇന്ന്‍ സ്വാശ്രയശീലരായിരിക്കുന്നു. അവരുടെ തന്നെ വാക്കുകളില്‍ "പണ്ട് ബസ്സില്‍ കയറിയാല്‍ ടിക്കറ്റ് പോലും എടുക്കാന്‍ അറിയാതിരുന്നവര്‍ ഇന്ന്‍ എവിടെ വേണമെങ്കിലും പോകാനും തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും പേടിയോ പരിഭ്രമമോ ഇല്ലാതെ സംസാരിക്കാനും സമൂഹത്തില്‍ ഇടപഴുകാനും പ്രാപ്തരായിരിക്കുന്നു." വീട്ടില്‍ അടുക്കളയുടെ കരിയിലും പുകയിലും പിന്നെ വൈകുന്നേരം സീരിയലുകളിലും മുങ്ങിപ്പോയിരുന്ന അവര്‍ ഇപ്പോള്‍ ഏറെ അഭിമാനത്തോടെ കുടുംബകാര്യങ്ങളില്‍ സജീവ പങ്കാളികളാകുന്നു.

അവര്‍ തങ്ങളുടെ പരിസരത്ത് മദ്യം വാറ്റിയിരുന്നവരെ അതില്‍ നിന്നു പിന്തിരിപ്പിച്ചു. മദ്യത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് കുട്ടികളിലും അവബോധം സൃഷ്ടിച്ചു. വരുമാനത്തിനായി വാറ്റ് പോലെയുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളെ മറ്റു കൈത്തൊഴിലുകള്‍ പഠിപ്പിച്ച് അതില്‍ നിന്നും പിന്തിരിപ്പിച്ചു. പാന്‍ പരാഗ് പോലെയുള്ള വസ്തുക്കള്‍ വില്ക്കുന്നതില്‍ നിന്നും കടക്കാരെ പിന്തിരിപ്പിച്ചു. സ്കൂളില്‍ പോകാതെ കടപ്പുറത്ത് കറങ്ങി നടക്കുന്ന കുട്ടികളെ സ്കൂളുകളിലേക്ക് എത്തിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പഠിക്കുന്നതിനാവശ്യമായ സാമഗ്രികള്‍ വാങ്ങിച്ചു കൊടുത്തു. വീടില്ലാത്തവര്‍ക്ക് വീട് വെച്ചു കൊടുത്തു. ടൂറിസം മേഖലയിലുള്ള പ്രദേശമായതിനാല്‍ ചിലപ്പോള്‍ കുട്ടികള്‍ ചൂഷണത്തിന് ഇരയാവുന്നു എന്നറിഞ്ഞ് അവര്‍ക്ക് അത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കാനുള്ള അവബോധം ഉണ്ടാക്കികൊടുക്കുന്നു. കുട്ടികളുടെ മേല്‍ മാതാപിതാക്കളുടെ ശ്രദ്ധയുണ്ടായിക്കേണ്ടതിന്റെ ആവശ്യകത മാതാപിതാക്കളെ ബോദ്ധ്യപ്പെടുത്തിക്കൊടുത്തു.... അങ്ങനെ അവര്‍ ചെയ്ത, ഇപ്പോഴും ചെയ്യുന്ന കാര്യങ്ങള്‍ വളരെ വലുതാണ്‌.

ഞാന്‍ പ്രത്യേകം ശ്രദ്ധിച്ച ഒരു കാര്യം ആ സ്ത്രീകളുടെയൊക്കെ കണ്ണില്‍ തിളങ്ങി നിന്ന ആത്മാഭിമാനത്തിന്‍റെ നക്ഷത്രങ്ങളാണ്. അവരുടെ ഓരോ വാക്കുകളിലും ആ ഭാവം നിറഞ്ഞു നിന്നിരുന്നു. ഒരു പക്ഷേ വീട്ടുകാരാല്‍ പോലും വിലകല്പിക്കാതിരുന്ന ഒരു ഇന്നലെയില്‍ നിന്ന് ഇന്നത്തെ ഈ നേട്ടങ്ങളില്‍ എത്തി നില്‍ക്കുമ്പോള്‍ അവരുടെയുള്ളില്‍ നിന്നും സ്ഫുരിക്കുന്ന സന്തോഷത്തിന്റെ അംശമാവാം ആ തെളിച്ചം. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത അവര്‍ ഏറെ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും സംസാരിക്കുന്നത് കേട്ടപ്പോള്‍ എനിക്കും ഉള്ളില്‍ സന്തോഷം തോന്നി. നന്നായി പഠിച്ച ഒരാളെ പോലെതന്നെ  ഇംഗ്ലീഷ് വാക്കുകളും ഒട്ടും തെറ്റാതെ അവര്‍ കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു.


വാസ്തവത്തില്‍ ഇതല്ലേ ശരിക്കും സ്ത്രീശാക്തീകരണം? പലരും ഘോരഘോരം പ്രസംഗിച്ചു നടക്കുന്നതിനേക്കാള്‍ എത്രയോ അധികം കാര്യങ്ങള്‍ ഈ സഹോദരിമാര്‍ നിശബ്ദം ചെയ്യുന്നു. അവര്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ എത്രയോ കുടുംബങ്ങളുടെ  വിളക്കാവുന്നു. അവരുടെ ഈ നേട്ടങ്ങളിലും സമൂഹനന്മയ്ക്ക് വേണ്ടി അവര്‍ ചെയ്യുന്ന ഓരോ കാര്യങ്ങളിലും അഭിമാനം തോന്നി. ഇതിന്റെ പത്തിലൊന്നു പ്രതിബദ്ധത നാടു ഭരിക്കുന്ന ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ഈ നാട് എന്നേ 'ദൈവത്തിന്റെ സ്വന്തം നാടാ'യേനെ!

'കുടുംബശ്രീ' എന്ന സംരംഭത്തിലൂടെ വളരെയധികം സ്ത്രീകള്‍ തങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞിരിക്കുന്നു. ഒരു സ്ത്രീ ശക്തിപ്പെടുമ്പോള്‍ സമൂഹമാകമാനം ശക്തമാവുന്നു എന്നര്‍ത്ഥം വരുന്ന ഒരു വാക്യം എവിടെയോ കേട്ടിട്ടുണ്ട്. അത് ശരിയാണെന്ന് ഇത്തരം ആളുകള്‍ തെളിയിക്കുന്നു. എന്തായാലും പരിപാടിയുടെ ജഡ്ജിമാര്‍ അവര്‍ക്ക് നൂറില്‍ എഴുപത്തിയേഴ് മാര്‍ക്കാണ് കൊടുത്തത്. എന്നാല്‍ ഞാന്‍ അവര്‍ക്ക് നൂറില്‍ നൂറു മാര്‍ക്കും നല്‍കുന്നു. തങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കുറവുകളും പരിമിതികളും കീഴടക്കി അവര്‍ നേടിയ ഓരോ നേട്ടങ്ങളും പത്തരമാറ്റുള്ളവയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

അവസാനമായി ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ - അവരുടെ കൂട്ടത്തിലെ നിരാലംബരായവര്‍ക്ക് വീടുവെച്ചു കൊടുക്കാനും വിദ്യാര്‍ഥികള്‍ക്ക് പഠനസാമഗ്രികളും യൂണിഫോമും മറ്റും വാങ്ങാനുമെല്ലാം അവര്‍ പണം കണ്ടെത്തിയത് അവരുടെ ഇടയില്‍ നിന്നു തന്നെയാണ്. ഓരോ മാസത്തിലും അവര്‍ തങ്ങളാലാവുന്ന പോലെ അതിലേക്ക് സംഭാവന ചെയ്യും. അയ്യായിരത്തിലധികം തുക പിരിഞ്ഞു കിട്ടാറുണ്ട്‌ എന്ന്‍ പറഞ്ഞു കേട്ടപ്പോള്‍ എനിക്ക് അത്ര ആശ്ചര്യമൊന്നും തോന്നിയില്ല. മിക്കപ്പോഴും ഇല്ലാത്തവന്‍ എന്ന്‍ നമ്മള്‍ കരുതുന്നവരാണ് ഉള്ളവരേക്കാള്‍ അധികം മറ്റുള്ളവര്‍ക്ക് നല്‍കുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഞാനടക്കം പലരും 'ആ ചിലവുണ്ട്, ഈ ചിലവുണ്ട് അല്ലെങ്കില്‍ ഭാവിയില്‍ ചിലവുണ്ടായേക്കാം' എന്ന തോന്നലില്‍ സഹായിക്കാതെ സ്വാര്‍ത്ഥതയില്‍ പിന്‍ വലിയുമ്പോള്‍ ഒരു നേരത്തെ അന്നത്തിനു കഷ്ടപ്പെടുന്ന ആളുകള്‍ ഒന്നും നോക്കാതെ തങ്ങളുടെ കയ്യിലുള്ളത് യാതൊരു സങ്കോചവും കൂടാതെ മറ്റുള്ളവരെ സഹായിക്കുവാന്‍ നല്‍കുന്നു. അത്തരം മനസ്സുകള്‍ക്ക് ഒരു വലിയ കൂപ്പുകൈ!  

കുടുംബശ്രീയെക്കുറിച്ച് കൂടുതലറിയാന്‍ http://www.kudumbashree.org/ എന്ന സൈറ്റ് സന്ദര്‍ശിക്കുക

Monday, 6 July 2015

കൈമുക്കല്‍

കിള്ളിക്കുറിശ്ശിമംഗലത്തു നിന്നിരു വിപ്രര്‍
ഏറെ പെരുമയെഴും ശുകപുരത്തെത്തി;
ദക്ഷിണാമൂര്‍ത്തിയെ ഭജിക്കുവാനായാ
സോദരര്‍ കുളിയും ജപവുമായ് പാര്‍ത്തു വന്നു..

ചാരെയെഴുന്നോരില്ലത്തു വാഴുന്നൊരു കൊച്ചു
പെണ്‍കിടാവിന്‍ സ്പര്‍ശനത്താലന്നൊരിക്കല്‍
പാതിത്യം വന്നു ഭവിച്ചെന്നു നിശ്ചയിച്ചു മറ്റുള്ളോര്‍
ചാക്യാരായിക്കൊള്‍കിനിയെന്നോതിയ നേരം

സാത്വികനാകിയ ജ്യേഷ്ഠസോദരന്‍ തന്നുടെ
നിരപരാധമുറപ്പിക്കാന്‍ 'കൈമുക്കല്‍ 'തന്നെ
യുപാധിയെന്നങ്ങുറച്ചു; സംശയം തീരാതിരുന്നൊ-
രനിയന്‍ ചാക്യാരാകാമെന്നുമങ്ങുറപ്പിച്ചു നൂനം!

സത്യം തെളിയാതിരിക്കുകില്‍ നായടിയായിപ്പോവാതെ
ചാക്യാരായ് കാലം കഴിച്ചു കൊള്ളാമെന്നു നിനച്ചു പാവം
ഓത്തിനു വന്നൊരു ബ്രാഹ്മണശ്രേഷ്ഠനങ്ങനെ
കൂത്തറിയാത്തൊരു ചാക്യാരായതും കാലത്തിന്‍ കളി!

കൈമുക്കി സത്യം തെളിയിക്കുവാനായി രാജാവിന്‍
സമ്മതം കാത്തു നിന്നാ ജേഷ്ഠസോദരനേറെക്കാലം
ഒടുവില്‍ ശുചീന്ദ്രത്തു പോയിട്ടാ സന്നിദ്ധിയില്‍
സത്യം തെളിയിക്കേണ്ട കാലമാഗതമായ്

സാക്ഷീ ഗണപതി തന്‍ചാരെ, തിളയ്ക്കുന്ന നെയ്യില്‍
കിടന്നു തിളങ്ങും വെള്ളിക്കാളയെ തന്‍ കരം കൊണ്ടു
വെള്ളത്തില്‍ നിന്നെന്നപോലെയാ വിപ്രോത്തമന്‍
കൈയ്യൊട്ടും പൊള്ളാതെയെടുത്തുവത്രേ!

ഇക്കഥ കേട്ടങ്ങു വിസ്മയചിത്തനായ് പദ്മനാഭദാസനാ-
മരചന്‍ പട്ടും വളയും നല്കിയാ വിപ്രനെ ആദരിച്ചാള്‍ ;
തന്നുടെ സത്യം തെളിയിച്ചൊരാ ദ്വിജനും ഏറെ സമ്മതനായ്
തന്നുടെ നാട്ടിൽ തിരിച്ചേറെ പെരുമയോടെ വന്നനേരം

സ്വത്തുക്കൾ കൈവിട്ടു പോയെന്നു നിരൂപിച്ചേറ്റം
ദു:ഖാർത്തമാം മനസ്സോടെ ദക്ഷിണാമൂർത്തിയെ
വണങ്ങി നൂനം; ബ്രാഹ്മണോത്തമന്റെ  സ്വത്തുക്കളഹോ
സ്ഥാനി നായർ ദാനമായ്‌ നല്കിയതുമിന്നു ചരിത്ര സത്യം!

വേരറ്റു പോകാതെ നൂറ്റാണ്ടു രണ്ടെണ്ണം വിപ്രോത്തമൻ തന്നുടെ
സന്തതികളീ ഭൂലോകം തന്നിലോ വാണരുളി; ഓത്തുകൾ ചൊല്ലീട്ടും
മേൽശാന്തിയായിട്ടും വാസ്തുകല,യാട്ടക്കഥയെന്നിവ കൂടാതെയവർ
നാടിനെ മാറ്റീടും വിപ്ലവങ്ങളും നെഞ്ചിലേറ്റിയിന്നിലെത്തിയിപ്പോള്‍...

ഏറ്റം പെരുമയേറുമീ തറവാട്ടിൽ വന്നുചേര്‍ന്ന  ഞാനഹോ
കാലത്തിൻ കളികളെയോർത്തു ചിന്തിച്ചു നിന്നു പോയ്‌...
സത്യത്തിൻ ശക്തിയതൊന്നു താനീത്തറവാട്ടിൻ നിലനില്പി-
ന്നാധാരമെന്നറികേ, അസത്യം പെരുകുമീ മന്നിൽ വാഴ്കെ;

അറിയുന്നു ഞാനിപ്പോള്‍ ഇനിയുണ്ടാവില്ലിവിടെയധികമാളുകള്‍
സത്യത്തിന്‍ പാതയില്‍ സഞ്ചരിച്ചീടുവാന്‍; നാടു വാഴുന്നോരും
നാട്ടില്‍ വാഴുന്നോരും ധര്‍മം വിട്ടര്‍ത്ഥത്തെ കാമിക്കയാല്‍, ഇനി-
യൊരു കൈമുക്കലുണ്ടായാല്‍ പൊള്ളിപ്പോം കൈകളായിരങ്ങള്‍!


കൈമുക്ക് 
ശുചീന്ദ്രം ക്ഷേത്രത്തിൽ നമ്പൂതിരിമാർക്കുവേണ്ടി ഏർപ്പെടുത്തിയിരുന്ന സത്യപരീക്ഷയായിരുന്നു കൈമുക്ക്. ഒരുപാത്രത്തിൽ തിളച്ചുകൊണ്ടിരിക്കുന്ന പശുവിൽനെയ്യിൽ ചെറിയൊരു ലോഹ വിഗ്രഹം ഇടുന്നു. തിളയ്ക്കുന്ന നെയ്യിൽ കൈമുക്കി വിഗ്രഹം എടുക്കണം. തുടർന്ന് കൈ ഒരു വസ്ത്രംകൊണ്ട് പൊതിഞ്ഞു കെട്ടുന്നു. നിശ്ചിത ദിവസത്തിനു ശേഷം കെട്ടഴിക്കുമ്പൊൾ കൈ പൊള്ളിയില്ലെങ്കിൽ ഉത്തമ ബ്രാമണരുടെ കൂട്ടത്തിൽപ്പെടുത്തി ആദരിക്കുന്നു. കൈ പൊള്ളിയാൽ ജാതിഭ്രഷ്ട് കല്പിക്കും. (കടപ്പാട്: മലയാളം വിക്കിപീഡിയ)

പിന്‍ കുറിപ്പ്: കൊല്ല വര്‍ഷം 1802-ല്‍ കിള്ളിക്കുറിശ്ശിമംഗലത്തെ (ലക്കിടി, പാലക്കാട് ജില്ല) പൊല്പാക്കര മനയിലെ നാരായണന്‍ നമ്പൂതിരിപ്പാട് ശുചീന്ദ്രത്ത് പോയി കൈമുക്കിയതായി ചരിത്ര രേഖകള്‍ ഉണ്ടത്രേ! അതായിരുന്നുവത്രേ ഏറ്റവും അവസാനത്തെ വിജയകരമായ കൈമുക്കല്‍.  ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന പൊല്പാക്കര മന കുടുംബയോഗത്തിനോടനുബന്ധിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ അറിഞ്ഞ  കുടുംബചരിത്ര കഥയാണ് മുകളിലെ വരികള്‍ക്കാധാരം. 
,