ഓര്‍മകളില്‍ ഒരു പെന്‍സില്‍ ബോക്സ്‌

പണ്ട് - അത്ര പണ്ടുപണ്ടൊന്നുമല്ലട്ടോ, ഒരു പത്തിരുപത്തെട്ടു കൊല്ലം മുന്‍പ് - സ്കൂളില്‍ പഠിക്കുന്ന കാലം... സ്കൂളില്‍ പല കുട്ടികളും ഗള്‍ഫിലുള്ള ബന്ധുക്കള്‍ കൊണ്ടു വന്ന സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കാലം. ഫെബെര്‍ കാസ്റ്റിലിന്റെ മഞ്ഞ നിറത്തിലുള്ള പെന്‍സില്‍, ഇരുപത്തിനാലോളം കളറുകള്‍ ഉള്ള ക്രയോണ്‍സിന്‍റെ പെട്ടി, മൂട്ടില്‍ റബ്ബറുള്ള പെന്‍സില്‍, പെന്‍സില്‍ കൂര്‍പ്പിക്കുമ്പോള്‍ അതിന്റെ അവശിഷ്ടങ്ങള്‍ പുറത്ത് വീഴാതിരിക്കാന്‍ അടപ്പുള്ള പെന്‍സില്‍ ഷാര്‍പ്ണര്‍, ഒരറ്റത്ത് റബ്ബറും (ഇറേസര്‍) മറ്റേ അറ്റത്ത് മായ്ക്കുമ്പോള്‍ ഉണ്ടാവുന്ന പൊടി തട്ടിക്കളയാനുള്ള ചെറിയ ബ്രഷുമുള്ള റബ്ബര്‍, കാന്തിക ശക്തിയാല്‍ അടയുന്ന അടപ്പുള്ള, രണ്ടു ഭാഗവും തുറക്കാവുന്ന  പെന്‍സില്‍ ബോക്സ് എന്നിങ്ങനെ കൌതുകകരമായ പല സാമഗ്രികളും ക്ലാസ്സില്‍ മിക്കവാറും പേരുടെ കൈയ്യില്‍ കണ്ടിരുന്ന കാലം. ചില മഹാമനസ്കര്‍ അവയെല്ലാം തൊട്ടു നോക്കാനും ചിലപ്പോള്‍ ഉപയോഗിക്കാനും അനുവദിച്ചിരുന്നെങ്കിലും മിക്കപ്പോഴും അവയെല്ലാം ഒരു വിലപ്പെട്ട വസ്തുവിനെപ്പോലെ ഏറെ സൂക്ഷിച്ച് മറ്റാര്‍ക്കും നല്കാതെ വച്ചിരുന്നു. അവരുടെ പത്രാസ് കണ്ടപ്പോള്‍ നമ്മുടെയുള്ളില്‍ എന്തോ ഒരിത്!

അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ... ഞങ്ങളുടെ കുടുംബത്തിലുമുണ്ടല്ലോ ഒരു ഗള്‍ഫ്കാരന്‍. ഇതൊക്കെ നമുക്കും കിട്ടും എന്ന്‍ മനസ്സിലുറപ്പിച്ചു. ഞങ്ങളുടെ ഏട്ടനോട്‌ - വല്യച്ഛന്റെ മകന്‍ - പറഞ്ഞാല്‍ എനിക്കും ഇതൊക്കെ കിട്ടുമെന്നൊക്കെ കണക്കു കൂട്ടി. പക്ഷേ, കാര്യത്തോടടുത്തപ്പോള്‍ എനിക്കൊരു മടി... എല്ലാ കൊല്ലവും നാട്ടില്‍ വരുമ്പോള്‍ ഒന്നും ആവശ്യപ്പെടാതെ തന്നെ ഉടുപ്പ്, മിഠായി, ഫോറിന്‍ സോപ്പ്, പെര്‍ഫ്യൂം, ക്ലോക്ക്, ടൂ ഇന്‍ വണ്‍ ട്രാന്‍സിസ്ടര്‍ തുടങ്ങി പല പല സാധനങ്ങളും കുടുംബത്തിലെ എല്ലാവര്‍ക്കും കൊണ്ടു വരുന്ന ഏട്ടനോട് ഇതാവശ്യപ്പെടാന്‍ മനസ്സു വന്നില്ല. മൂട്ടില്‍ റബ്ബറുള്ള പെന്‍സിലുകളും ഹീറോ പെന്നുമൊക്കെ ആവശ്യപ്പെടാതെ തന്നെ കൊണ്ടുതന്നിട്ടുള്ള ഏട്ടനോട് പറയാമോ? അര്‍ഹിക്കാത്ത എന്തോ ഒന്ന്‍, തികച്ചും അനാവശ്യമായ ഒന്ന് ആഗ്രഹിക്കുകയാണ് എന്ന്‍ മനസ്സിലാരോ പറയുന്ന പോലെ. തല്‍ക്കാലം അതി മോഹം മനസ്സില്‍ തന്നെ കുഴിച്ചു മൂടാന്‍ തീരുമാനിച്ചു. എന്നാല്‍ ഓരോ ദിവസവും സ്കൂളിലെത്തുമ്പോള്‍ ആ തീരുമാനം ചഞ്ചലപ്പെട്ടു...

അങ്ങനെയിരിക്കേ ഏട്ടന്‍ നാട്ടില്‍ വരാറുള്ള സമയമടുക്കാറായി. ഒരിക്കല്‍ ഏട്ടന്‍ ഫോണ്‍ ചെയ്തപ്പോള്‍ പതിവിനു വിപരീതമായി എന്താ കൊണ്ടു വരേണ്ടത് എന്ന് ചോദിച്ചു. ഓര്‍ക്കാപ്പുറത്തുള്ള ചോദ്യമായതിനാല്‍ അന്തിച്ചു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. എന്താണ് വേണ്ടതെന്നു വെച്ചാല്‍ വല്യമ്മയോട് പറഞ്ഞാല്‍ മതി, വല്യമ്മ അത് ഏട്ടനുള്ള കത്തില്‍ എഴുതി അറിയിക്കും എന്ന ധാരണയില്‍ സംസാരം അവസാനിച്ചു. മനസ്സില്‍ വീണ്ടും യുദ്ധം - പറയണോ വേണ്ടയോ... എത്ര ആളുകള്‍ക്ക് എന്തൊക്കെ കൊണ്ടുവരാനുള്ളതാ... അതിനിടയില്‍ ഇതും... വേണ്ട, ഒന്നും പറയണ്ട എന്നു മനസ്സില്‍ തീരുമാനിച്ചു.

എന്നാല്‍ മനസ്സിന്റെ ഉള്ളിലെവിടെയോ ഒരു പെന്‍സില്‍ ബോക്സ്‌ - കാന്തിക ശക്തിയാല്‍ 'ടപ്പ്' എന്ന ചെറു ശബ്ദത്തോടെ അടയുന്ന ഒരു മനോഹരമായ പെന്‍സില്‍ ബോക്സ്‌ - എന്നെ വല്ലാതെ മോഹിപ്പിച്ചു കൊണ്ടേയിരുന്നു... ഒടുവില്‍ ആ പ്രലോഭനത്തില്‍ വീണ്, വല്യമ്മയോടു പറഞ്ഞു - 'ഏട്ടന്‍ വരുമ്പോള്‍ ഒരു പെന്‍സില്‍ ബോക്സ് കൊണ്ടത്തരാന്‍ എഴുതുമോ?'. 'അതിനെന്താ ആവാമല്ലോ' എന്ന്‍ വല്യമ്മയും. അതനുസരിച്ച് ഏട്ടനുള്ള പതിവു കത്തില്‍ എന്റെ ചെറിയ 'വലിയ' ആവശ്യവും  ഉള്‍പ്പെടുത്തി... കാത്തിരിപ്പിന്റെ നാളുകള്‍ ഉള്ളില്‍ ആകാംക്ഷയുടേയും പ്രതീക്ഷയുടെയും അലകള്‍ ഉയര്‍ത്തി. ഒടുവില്‍ ആ ദിവസവും എത്തി. ഏട്ടനും കുടുംബവും നാട്ടിലെത്തിയ വിവരമറിഞ്ഞ് അവരെക്കാണാന്‍ ഓടിയെത്തി.

ഏട്ടന്‍ വന്നാല്‍ പെട്ടി തുറക്കല്‍ ഒരു ഉത്സവം പോലെയാണ്. ചിലപ്പോള്‍ ഞങ്ങള്‍ സ്കൂളില്‍ നിന്നു വരുമ്പോഴേയ്ക്കും അത് കഴിഞ്ഞിരിക്കും. ചിലപ്പോള്‍ ആ അപൂര്‍വ നിമിഷങ്ങള്‍ക്ക് സാക്ഷിയാവാന്‍ സാധിക്കാറുമുണ്ട്. അന്ന്‍ ഞങ്ങള്‍ എത്തിയപ്പോഴേയ്ക്കും പെട്ടി തുറക്കലൊക്കെ കഴിഞ്ഞിരുന്നു എന്ന്‍ തോന്നുന്നു. എല്ലാവരും കൂടി വര്‍ത്തമാനം പറഞ്ഞിരിക്കുന്നു... ചെന്നയുടനെ വല്യമ്മ പതിവുപോലെ കൈനിറയെ കുറെ മിഠായി തന്നു. അതിന്റെ മധുരം നുകരുമ്പോഴും ഉള്ളില്‍ ബോക്സ്‌ കൊണ്ടു വന്നിട്ടുണ്ടാവുമോ എന്ന ആകാംക്ഷയായിരുന്നു. അതിനെക്കുറിച്ച് ചോദിക്കുന്നത് മര്യാദകേടാണെന്നു അറിയാം. ആകാംക്ഷയും ആശങ്കയും നിറഞ്ഞ കുറെ സമയത്തിനു ശേഷം വല്യമ്മയോ ഏടത്തിയോ പതിവുപോലെ അസ്സലൊരു ഉടുപ്പിന്‍റെ  തുണി കയ്യില്‍ തന്നു. (ഏറെ മിനുസമുള്ള ആ തുണി കൊണ്ട് തയ്ച്ച ഉടുപ്പ് എത്രയോ കാലം ഒരു കേടുപാടുമില്ലാതെ ഉപയോഗിച്ചു. എനിക്കത് പാകമാവാതെ ആയപ്പോള്‍ ബന്ധുവായ ഒരു അനിയത്തിക്കുട്ടിക്ക് അത് കൊടുത്തു. ഏടത്തിമാര്‍ ഇട്ട ഉടുപ്പുകള്‍ തങ്ങള്‍ക്ക് കിട്ടുമ്പോള്‍ അനിയത്തിമാര്‍ ഏറെ സന്തോഷിച്ചിരുന്ന ഒരു കാലമായിരുന്നു അത്.)

എന്തായാലും ഉടുപ്പും മിഠായിയും കിട്ടിയപ്പോള്‍ ഉറപ്പായി. ബോക്സ് ഇല്ല. ഏട്ടന്‍ മറന്നതാകുമോ? ഏയ്‌, അതാവില്ല.വല്യമ്മയുടെ കത്ത് അവിടെ സമയത്തിനു കിട്ടിയിട്ടുണ്ടാവില്ല. അങ്ങനെ ആശ്വസിച്ചു. ഉള്ളില്‍ തോന്നിയ നിരാശ മുഖത്ത് കാണിക്കാതെ സന്തോഷപൂര്‍വ്വം എല്ലാവരുടെയും കൂടെ കൂടി. കുറെ നേരം കഴിഞ്ഞ് തിരിച്ച് പോകാന്‍ ഒരുങ്ങുമ്പോഴാണ് ഏട്ടന്റെ വിളി... ഹൃദയം തുടികൊട്ടി... അത്യുത്സാഹത്തോടെ എട്ടന്റെയടുത്തെയ്ക്ക് ഓടി.. 'ഇതല്ലേ നിനക്ക് വേണ്ടിയിരുന്നത്' എന്ന് പറഞ്ഞ് ഒരു പൊതി കയ്യില്‍ തന്നു. ഹൃദയം സന്തോഷം കൊണ്ട് പൊട്ടിപ്പോകുമെന്ന അവസ്ഥ! (ഇന്നായിരുന്നെങ്കില്‍ മനസ്സില്‍ ലഡ്ഡു പൊട്ടി എന്ന് പറയാമായിരുന്നു)

പെരുമ്പറ കൊട്ടുന്ന ഹൃദയത്തുടിപ്പുകള്‍ അടക്കി പൊതിയഴിച്ചു - അതാ എന്റെ മുന്നില്‍ അതി ഗംഭീരമായ ഒരു ജ്യോമെട്രി ബോക്സ്‌ - മനസ്സ് കാറ്റു പോയ ബലൂണ്‍ പോലെയായി - ചിരിക്കണോ കരയണോ എന്നറിയാതെ അതും പിടിച്ചു നിന്നു ഒരു നിമിഷം. എന്താ സന്തോഷമായില്ലേ എന്ന് ചോദിക്കാതെ ചോദിച്ച ഏട്ടനെ നോക്കി കഴിയുന്നത്ര സന്തോഷം മുഖത്ത് വരുത്തി ചിരിച്ചുകൊണ്ട് ഞാന്‍ തിരിഞ്ഞു നടന്നു.

ജീവിതത്തില്‍ ഇച്ഛാഭംഗം എന്തെന്നറിഞ്ഞ നിമിഷങ്ങളില്‍ ഒന്നായത്. കാന്തത്തിന്റെ മോഹിപ്പിക്കുന്ന പെന്‍സില്‍ ബോക്സ് കാത്തിരുന്ന എനിക്ക് അത് കിട്ടിയില്ല. പകരം ഒരു വലിയ അറിവ് കിട്ടി - മറ്റുള്ളവരുടെ കയ്യിലുള്ള സാധനങ്ങള്‍ കണ്ട് മോഹിക്കരുത് എന്ന വലിയ പാഠം.

ഇന്നും കാന്തിക ശക്തികൊണ്ട് അടയുന്ന പെന്‍സില്‍ ബോക്സ് കണ്ടാല്‍ എനിക്ക് ഈ സംഭവം ഓര്‍മ്മ വരും. എന്റെ വിവരക്കേടോര്‍ത്ത് ഞാന്‍ ചിരിക്കും. എന്റെ ധാരണ ഗള്‍ഫിലൊക്കെ പെന്‍സില്‍ ബോക്സ്‌ എന്ന് പറഞ്ഞാല്‍ അങ്ങനത്തെ ബോക്സ് ആണെന്നായിരുന്നു. അതിനാല്‍ എന്റെ ആവശ്യം കൃത്യമായി പറഞ്ഞതുമില്ല. ഏട്ടന്‍ കരുതിക്കാണും അനിയത്തി വലിയ ക്ലാസ്സിലേക്ക് പാസാവുമ്പോള്‍ അവള്‍ക്ക് ഒരു നല്ല ജ്യോമെട്രി ബോക്സ്‌ തന്നെ ഇരുന്നോട്ടെന്ന്‍! പാവം ഏട്ടന്‍, ഇന്നു വരെ അദ്ദേഹത്തിനറിയില്ല ഈ പെന്‍സില്‍ ബോക്സിന്റെ പിന്നിലെ കഥ! അന്ന് പെന്‍സില്‍ ബോക്സ്‌ വേണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചത്‌ എന്താണെന്ന്‍ അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞെങ്കില്‍ എനിക്ക് വേണ്ടി ഒരുഗ്രന്‍ ബോക്സ്‌ കൊണ്ടുവന്നേനെ... അതെനിക്കുറപ്പാണ്.


Comments

നല്ല നിറവാർന്ന ഓർമ്മകൾ!!

ഓർമ്മകൾ മങ്ങാതെ മായാതെ ബൂലോകത്ത്‌ ഷെയർ ചെയ്തോളൂ!!!!
Manoj Vellanad said…
:) :) നല്ല ഓര്‍മ്മകള്‍
naveen s said…
Well put.... Write on... 👍🏻
Shahid Ibrahim said…
മറ്റുള്ളവരുടെ കയ്യിലുള്ള സാധനങ്ങള്‍ കണ്ട് മോഹിക്കരുത്

വലിയൊരു അറിവ് തന്നെ
ഓര്‍മ്മകള്‍ മരിക്കുന്നില്ല
പഴയ കാലത്തിലേക്കൊരു എത്തി നോട്ടം..
എത്തി നോക്കാനല്ലേ ആവൂ.. ഒടിചെല്ലാനാവില്ലല്ലൊ..
ആശംസകളോടെ
ആ പെൻസിൽ ബോക്സ് ആശിച്ചപോലെ തന്നെ കിട്ടിയിരുനെങ്കിൽ ഇപ്പോഴും അക്കാര്യം മനസ്സിൽ മായാതെ കിടക്കുമായിരുന്നോ...? നന്നായി എഴുതി
Cv Thankappan said…
പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുതകുന്ന അനുഭവങ്ങള്‍...
ആശംസകള്‍
Sangeeth K said…
നല്ലോർമ്മകൾ... :)

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം