Saturday, 11 June 2016

വിട പറയാത്ത ഓര്‍മ്മകള്‍

ചിലയാളുകള്‍ വിട പറഞ്ഞു പോയാലും അവരുടെ ഓര്‍മ്മകള്‍ നമ്മോടു കൂടെയുണ്ടായിരിക്കും. അവര്‍ അകാലത്തില്‍ പോയി എന്നറിഞ്ഞപ്പോള്‍ എനിക്ക് വലിയ ആശ്ചര്യമോ വേദനയോ തോന്നിയില്ല എന്നതാണ് സത്യം. അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്നും തന്നെ ആശയ്ക്ക് വക നല്‍കിയിരുന്നില്ല എന്നതു കൊണ്ടാവാം അങ്ങനെ ഒരു പ്രതികരണം. എന്നിരുന്നാലും കുറച്ചു കാലം മുന്‍പ് അവരുടെ ഏറ്റവും പ്രിയപ്പെട്ടയാളുകളോട് 'ഏയ്‌ കുഴപ്പമൊന്നും ഉണ്ടാവില്ല; എല്ലാം ശരിയാവും' എന്ന പൊള്ള വാക്കുകള്‍ പറയാന്‍ ഞാന്‍ മടിച്ചില്ല.

ഏറെ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം അവര്‍ മരിച്ച വിവരം അറിഞ്ഞപ്പോള്‍ ഒരു നിസ്സംഗതയാണ് ആദ്യം തോന്നിയത് - എല്ലാം വരുത്തി വെച്ചതല്ലേ? ഒരളവു വരെ സ്വയം വരുത്തിവെച്ച മരണം! അതില്‍ പരിതപിക്കുന്നത് എന്തിനാണ്? ആര്‍ക്ക് വേണ്ടിയാണ്? അറിയില്ല. അവര്‍ക്ക് ചുറ്റുമുള്ളവര്‍ക്കും ഒരു തരം വേദനിപ്പിക്കുന്ന ശ്വാസംമുട്ടലില്‍ നിന്നുള്ള രക്ഷയായിരിക്കാം ഈ മരണം - അറിയില്ല. അല്ലെങ്കിലും അതെക്കുറിച്ചൊക്കെ അഭിപ്രായം പറയാന്‍ ഞാനാര്???

നിര്‍വികാരതയോടെയാണ് ആ മരണ വാര്‍ത്ത ശ്രവിച്ചതെങ്കിലും ഇപ്പോള്‍, ആഴ്ചകളും മാസങ്ങളും കഴിഞ്ഞപ്പോള്‍,  എന്റെ മനസ്സിലേക്ക് ഓര്‍മകളുടെ വേലിയേറ്റമാണ്. മരണ ശേഷമാണോ മനുഷ്യര്‍ മറ്റുള്ളവരെ കൂടുതല്‍ ഓര്‍മ്മിക്കുക? ആണെന്ന് തോന്നുന്നു. അവരെക്കുറിച്ചുള്ള സമിശ്രമായ ആ ഓര്‍മ്മകള്‍ക്കാകട്ടെ, ഒരു അടുക്കും ചിട്ടയും ഇല്ല. അതിങ്ങനെ തോന്നും പോലെ വന്നും പോയും ഇരുന്നു...

അവരെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യത്തെ ഓര്‍മയെന്താണ്? സ്നേഹപൂര്‍വ്വം അനിയത്തിക്കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കുന്ന ഒരു മൂത്ത ചേച്ചി... അതേ, ഒരു തരം നിസ്സംഗതയുടെയും ദേഷ്യത്തിന്റെയും കവചം അവര്‍ അണിയുന്നതിനു മുന്‍പ് അവര്‍ക്ക് അങ്ങനെ ഒരു മുഖമുണ്ടായിരുന്നു. എന്‍റെ ആദ്യകാല ഓര്‍മകളിലേക്ക് എത്തി നോക്കിയപ്പോള്‍ അവര്‍ വളരെ തരളിതമായ ഒരു മനസ്സിന്റെ ഉടമയായിരുന്നു എന്നറിയുന്നു... അവര്‍ പറഞ്ഞു തന്നിരുന്ന ഉണ്ണിയുടെയും ഗുരുവായൂരപ്പന്റെയും ഉണ്ടന്റേയും ഉണ്ടിയുടേയുമൊക്കെ കഥകള്‍ ആവോളം ആസ്വദിച്ചു രസിച്ച ഒരു ബാല്യമല്ലേ എന്റേത്?

അന്നും അവര്‍ അവരുടേതായ ഒരു ലോകം തന്‍റെയുള്ളില്‍ സൂക്ഷിച്ചിരുന്നു എന്ന് തോന്നുന്നു. അമ്മയുടെ ലാളനകള്‍ അവരെ യാഥാര്‍ഥ്യത്തില്‍ നിന്നും അകറ്റിയിരുന്നുവോ എന്ന് പലപ്പോഴും സംശയിച്ചിട്ടുമുണ്ട്. നിഗൂഢമായ മനസ്സും പേറി നടന്ന അവരെ ശരിക്കും മനസ്സിലാക്കാന്‍ ആര്‍ക്കും തന്നെ കഴിഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ തോന്നുന്നു.

എന്റെ വിവാഹത്തിനു ശേഷം വല്ലപ്പോഴുമൊക്കെയേ അവരെ കണ്ടിരുന്നുള്ളൂ. കുറെ കാലം കഴിഞ്ഞ് അവരെ കണ്ടപ്പോള്‍ തോന്നിയത് കാലം അവരെ വേറെ ഒരാളാക്കി തീര്‍ത്തു എന്നതാണ് - ഇനിയിപ്പോള്‍ അതിന്റെ കാരണങ്ങള്‍ ചികഞ്ഞിട്ട്‌ എന്ത് കാര്യം? അവരുടെ ലോകം എന്നും ഒരു സങ്കല്പലോകമായിരുന്നു എന്ന് തോന്നുന്നു. അവിടുത്തെ ശരിയും തെറ്റും നിര്‍വചിക്കാന്‍ ഞാന്‍ ആളല്ല. പലതും മറിച്ചായിരുന്നെങ്കില്‍ ഇന്ന്‍ ഇതെഴുതേണ്ടി വരില്ലായിരുന്നു. പറഞ്ഞിട്ടെന്ത് കാര്യം?

കഥ പറഞ്ഞു തന്നിരുന്ന, കണ്ടാല്‍ അധികമൊന്നും  മിണ്ടിയില്ലെങ്കിലും തീര്‍ച്ചയായും ഒരു ചിരി സമ്മാനിക്കുമായിരുന്ന, ഇടക്കെങ്കിലും സുഖവിവരങ്ങള്‍ തിരക്കുമായിരുന്ന ഒരാളില്‍ നിന്നും അവര്‍ ഇങ്ങനെ മാറിപ്പോകണമായിരുന്നുവോ? ഒടുവില്‍ എപ്പോഴോ കണ്ടപ്പോള്‍ വര്‍ത്തമാനകാലവുമായി ഒരു ബന്ധവുമില്ലാത്ത ചില ചോദ്യങ്ങള്‍ അവര്‍ ചോദിച്ചത് ഉള്ളില്‍ ഒരു നീറ്റല്‍ പോലെ ഇന്നും എരിഞ്ഞു കിടക്കുന്നു - ഇന്നും അതേക്കുറിച്ചാലോചിക്കുമ്പോള്‍ അറിയുന്നു, ആ ചോദ്യങ്ങള്‍ സൃഷ്ടിച്ച ഞെട്ടലിന്റെ അലകള്‍ ഇതുവരെ അടങ്ങിയിട്ടില്ല എന്ന്!

തിരിഞ്ഞു നോക്കുമ്പോള്‍ അറിയുന്നുണ്ട് - ആര്‍ക്കും പ്രത്യേകിച്ചൊന്നും  ചെയ്യാന്‍ കഴിയില്ലായിരുന്നു - അല്ലെങ്കില്‍ ചെയ്യേണ്ട സമയത്ത് അത് ചെയ്യാനുള്ള ധൈര്യമോ അറിവോ ഉണ്ടായിരുന്നില്ലായിരിക്കാം... ഏത് ബന്ധങ്ങളിലും പാലിക്കപ്പെടേണ്ട ചില അതിര്‍ വരമ്പുകള്‍ അവര്‍ക്കും ഞങ്ങള്‍ക്കും ഇടയില്‍ അദൃശ്യമായ, എന്നാല്‍ ശക്തമായ പ്രതിരോധം സൃഷ്ടിച്ചിരുന്നിരിക്കണം. ഒരു പക്ഷേ, അവര്‍ക്കും ആരോടും തന്റെ മനസ്സുതുറക്കാന്‍ കഴിയാതെ പോയിരിക്കണം.

എന്തായാലും ആ ഇതളും ജീവിത്തില്‍ നിന്ന് കൊഴിഞ്ഞു പോയിരിക്കുന്നു - മെലിഞ്ഞ ശരീരവും പ്രത്യേകതയുള്ള ശബ്ദവും അവര്‍ക്ക് മാത്രം നല്‍കാന്‍ കഴിയുന്ന ഒരു തരം ചിരിയും കുറെ കഥകള്‍ കൊണ്ട് സമ്പുഷ്ടമാക്കിയ ബാല്യവും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ തന്ന് അവര്‍ യാത്രയായി - എന്നും അവരോടൊപ്പമുണ്ടായിരുന്ന ഒരു തരം വാശിയുടെ പിന്‍ബലത്തില്‍... ബാക്കി വെക്കാന്‍ ഏറെയൊന്നും ഉണ്ടായിരുന്നില്ല. അകലെയുള്ള ഒരു ലോകത്ത് തന്റെ അമ്മയുടെ അരികിലിരുന്ന് അവര്‍ ചിരിക്കുന്നുണ്ടാവാം - തന്‍റെ വാശി തന്നെ ജയിച്ചു എന്നര്‍ത്ഥത്തില്‍ ഒരു ഗൂഢമന്ദഹാസം ആ മുഖത്ത് എനിക്ക് കാണാം... അവിടെയെങ്കിലും അവര്‍ക്ക് സ്വസ്ഥത ലഭിക്കട്ടെ എന്നാശിക്കുന്നു!


4 comments:

 1. സത്യമാണ്.
  മണ്‍മറഞ്ഞാലും ചിലര്‍ നമ്മുടെ മനസ്സിനുള്ളില്‍ നിറംമങ്ങാതെ തിളങ്ങിനില്‍ക്കുന്നു!
  ആശംസകള്‍

  ReplyDelete
 2. നമസ്കാരം,

  ഇതേപോലെ ഓർമ്മകളെക്കുറിച്ച് എഴുതുന്ന ഒരാളുടെ ബ്ലോഗ്‌ ഇതാ. അദ്ദേഹം ഹരിയാനയിൽ അദ്ധ്യാപകനായി ജോലിചെയ്‌ യുന്ന മലയാളിയാണ്.

  http://anilnambudiripad.blogspot.com/

  ഡി. കെ. എം. കർത്താ

  ReplyDelete
 3. ഓര്‍മ്മകള്‍ക്ക് മരണമില്ലല്ലോ...

  ReplyDelete
 4. മരണം അനിവാര്യമായ സത്യമാണ് . ഓർമ്മകൾ മാത്രം ശേഷിക്കും . നല്ല എഴുത്ത് .. ആശംസകൾ

  ReplyDelete