Wednesday, 14 June 2017

ഓര്‍മകളുടെ അറകള്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ മനസ്സില്‍ തള്ളിത്തിരക്കി വന്നു കൊണ്ടിരിയ്ക്കുകയാണ്. ഇപ്പോളിങ്ങനെ ഓര്‍മ്മകള്‍ അലയടിയ്ക്കാന്‍ പ്രത്യേകിച്ച് കാരണം ഒന്നും തോന്നുന്നില്ല. പ്രവാസം എന്ന പലരും പറഞ്ഞും അവരുടെ വാക്കുകളിലൂടെയും വരികളിലൂടെയും അറിഞ്ഞ ഒരു പ്രതിഭാസം അനുഭവിച്ചറിയുന്നതു കൊണ്ടാണോ ഗൃഹാതുരതയുടെ മുഖംമൂടിയണിഞ്ഞു ഈ ഓര്‍മ്മകള്‍ എന്നെ അലോസരപ്പെടുത്തുന്നത്? അതോ എന്നുമെന്നും എവിടെപ്പോയാലും മനസ്സിന്‍റെയുള്ളിലെ പച്ചത്തുരുത്തായി, ജീവന്‍റെ അംശമായി ഉള്ളില്‍ തെളിഞ്ഞു നില്‍ക്കുന്ന ജന്മഗൃഹത്തിന്റെ മോഹിപ്പിയ്ക്കുന്ന അകത്തളങ്ങളോ? അറിയില്ല...ഓര്‍മ്മകള്‍ പിന്നോട്ട് പായുമ്പോള്‍ കാണുന്നത് ഒരു സാദാ നമ്പൂതിരി ഗൃഹമാണ് - എട്ടുകെട്ടുകളുടെ പ്രൌഢിയോ ഗംഭീരമായ നാലുകെട്ടിന്‍റെ തലയെടുപ്പോ വലുപ്പമോ ഒന്നും ഇല്ലാത്ത ഒരു സാധാരണ ഇല്ലം. മണ്ണെണ്ണ വിളക്കിന്റെയും കമ്പിറാന്തലിന്റെയും നരച്ച വെളിച്ചത്തില്‍ തെളിഞ്ഞു കാണുന്ന ബാല്യം. ചാണകം മെഴുകിയ നിലങ്ങളും നരിച്ചീറുകള്‍ തൂങ്ങിയാടുന്ന തട്ടുകളും പെരുച്ചാഴി, ചേര, പാമ്പ് തുടങ്ങിയ ജീവികള്‍ യഥേഷ്ടം വിഹരിച്ചിരുന്ന അകത്തളങ്ങളും കാലമിത്ര കഴിഞ്ഞിട്ടും ഓര്‍മയില്‍ ഉണ്ട്.

പഴയ ഇല്ലങ്ങളില്‍ എല്ലാമുള്ള പോലെ ഒരു 'അറ' അവിടെയും ഉണ്ട്. വടക്കേക്കെട്ടിന്റെ ഭാഗമായി, കാറ്റും വെളിച്ചവും അധികം കയറാത്ത, ഇരുട്ടിന്‍റെ കൂട്ടിഷ്ടമുള്ള ഒരറ. ഞാന്‍ പിറന്നു വീണതവിടെയാണ്. ഇല്ലത്ത് എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത ഭാഗവും അതാണ്‌! ഒരുപക്ഷേ അമ്മയില്‍ നിന്നും കേട്ടറിഞ്ഞ, അമ്മയുടെ ഗര്‍ഭകാലങ്ങളുടെ കഷ്ടതയും പ്രസവത്തിന്‍റെ നോവുകളും അച്ഛനമ്മമാര്‍ക്ക് നഷ്ടമായ ഒരു കുഞ്ഞു ജീവിതത്തിന്‍റെ ഓര്‍മ്മയുമൊക്കെ ആ ചുമരുകള്‍ക്കിടയില്‍ കുരുങ്ങിക്കിടപ്പുള്ളതു കൊണ്ടാവാം ആ അറ എന്നെ ഇപ്പോഴും വീര്‍പ്പുമുട്ടിയ്ക്കുന്നത്.

കുറച്ചു കാലം മുത്തശ്ശി അവിടെയാണ് കിടന്നിരുന്നത് എന്ന് തോന്നുന്നു - അതും ആ അറയെ ഇഷ്ടപ്പെടാതിരിക്കാന്‍ ഒരു കാരണമായോ? അറിയില്ല.  മുത്തശ്ശിയുടെ മുഖമോ സ്വരമോ ഒന്നും ഓര്‍മ്മയില്ല. എനിക്ക്  അഞ്ചാറു വയസ്സുള്ളപ്പോള്‍  എന്നെ അവര്‍ക്ക് ഇഷ്ടമല്ല എന്നൊരു തോന്നല്‍ മാത്രം എന്നന്നേയ്ക്കും ഓര്‍ക്കാന്‍ ബാക്കിയാക്കിയാണ് അവര്‍ പോയത്. ഒരിക്കല്‍ പോലും ലാളിച്ചതായോ  സ്നേഹിച്ചതായോ ഉള്ള ഓര്‍മയില്ല. പ്രായവും വയ്യായ്കയുമൊക്കെ തളര്‍ത്തിയാല്‍ ഒരുപക്ഷേ ആരും അങ്ങനെയാവുമായിരിക്കും. അന്നത്തെ ഒരു യാഥാസ്ഥിതിക അന്തര്‍ജ്ജനത്തെ ഇന്നത്തെ അളവുകോല്‍ വെച്ച് നോക്കുന്നത് ശരിയല്ലല്ലോ. എന്നാലും എന്നോട് ഒരനിഷ്ടമാണ് ആ മനസ്സില്‍ മുഴച്ചു നിന്നിരുന്നതെന്ന് തോന്നുന്നു - അത്യാവശ്യം വികൃതിയും കുരുത്തക്കേടും കൈമുതലായുണ്ടായിരുന്നതിനാല്‍ ഞാന്‍ തന്നെയാവാം അതിനു കാരണക്കാരി എന്നും ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നു.

പടിഞ്ഞാറ്റിയുടെ മുകളില്‍ വടക്കേ അറയില്‍ ഏടത്തിമാരുമൊത്ത് ഉറക്കം. നിലത്ത് കോസറി വിരിച്ചാല്‍ തുടങ്ങും ഞാന്‍ - എന്‍റെ കോസറി തൊടരുത്, എന്‍റെ അടുത്തേയ്ക്ക് വരരുത് എന്നൊക്കെ... കിഴക്കോട്ട് തലവെച്ചു കിടന്നയാള്‍ ചിലപ്പോള്‍ പടിഞ്ഞാട്ടു തലയായാവും രാവിലെ കണ്ണു തുറക്കുക. അല്ലെങ്കില്‍ അപ്പുറത്ത് ഏടത്തിയുടെ കോസറിയില്‍ എത്തിയിട്ടുണ്ടാവും. പല ദിവസങ്ങളിലും കിടക്കയില്‍ മൂത്രമൊഴിക്കുക എന്ന ലജ്ജാകരമായ കര്‍മ്മവും നടന്നിരിക്കും. പിന്നെ കോസറി ഉണങ്ങാന്‍ വെയിലത്തിടുക, വിരിപ്പും പുതപ്പും തിരുമ്പുക എന്ന ഭാരിച്ച ജോലികള്‍... ഇല്ലത്ത് അതിഥികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കോസറി അവര്‍ക്ക് കൊടുക്കേണ്ടി വരും. അപ്പോള്‍ പായയിലാണ് കിടപ്പ്. രണ്ടുപേരും ഒരേ പായില്‍ കിടക്കേണ്ടി വരുമ്പോള്‍ പുതപ്പിനാണ് അടികൂടുക. പുതപ്പ് അങ്ങോട്ട്‌ വലിയ്ക്കലും ഇങ്ങോട്ട് വലിയ്ക്കലും ഒക്കെയാണ് രാത്രിയിലെ കലാപരിപാടികള്‍.  മൂത്ത ഏടത്തി കോളേജ് ഹോസ്റ്റലിലേയ്ക്ക് പോകുന്ന വരെ കുഞ്ഞേടത്തിയും ഞാനും ഇങ്ങനെ അടി കൂടിക്കൊണ്ടിരുന്നു - തുടക്കം എപ്പോഴും എന്‍റെ വകയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

എന്നും രാവിലെ എഴുന്നേല്‍ക്കാന്‍ മടിയാണ്. ഏടത്തിമാരും അമ്മയും തോല്‍ക്കുന്നിടത്ത് അച്ഛന്റെ ഒരു വിളി മാത്രം മതി ചാടിയെണീറ്റ് കോസറി മടക്കി വെച്ച് അന്നത്തെ ദിവസം ആരംഭിയ്ക്കാന്‍. കുട്ടിക്കാലത്തെ പല പ്രഭാതങ്ങളും തുടങ്ങിയിരുന്നത് ഇങ്ങനെയായിരുന്നു. അല്പം മുതിര്‍ന്നപ്പോള്‍ സ്ഥിതി അല്പം മെച്ചമായെങ്കിലും രാവിലെ ഉണര്‍ന്ന് പാതി മയക്കത്തില്‍ ദിവാസ്വപ്നം കണ്ടു കിടക്കുന്നത് എനിക്കെന്നും ഇഷ്ടമായിരുന്നു...

അമ്മമ്മയില്‍ നിന്നുമാണോ അച്ഛന്‍പെങ്ങളില്‍ നിന്നുമാണോ എന്നറിയില്ല, ഓര്‍മ്മ വെച്ച കാലം മുതലേ നല്ല ഉള്ളുള്ള മുടിയുണ്ടായിരുന്നു. മുടിയുടെ ഭംഗി കാരണം എന്‍റെ തല മാത്രം മൊട്ടയടിച്ചിട്ടില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാലും സ്കൂള്‍ ജീവിതത്തിന്റെ ആദ്യ ഘട്ടത്തില്‍ മുടി ഒരു വലിയ ഭാരമായിരുന്നു. തന്നത്താന്‍ പിന്നിക്കെട്ടാന്‍ അറിയില്ല. അമ്മയ്ക്ക് എപ്പഴും തിരക്ക് - രാവിലെ തന്നെ എല്ലാം ഒരുക്കേണ്ടതുണ്ട്; അച്ഛന് തേവാരത്തിനുള്ള കാര്യങ്ങള്‍ ഒരുക്കുക, പശു, പണിക്കാര്‍, എന്നിങ്ങനെ നൂറുകൂട്ടം പണികള്‍ക്കിടയില്‍ എന്‍റെ ചികുരഭാരം ഒരു വലിയ ഭാരം തന്നെയായിരുന്നു. ഒന്ന് കെട്ടിത്തരുമോ എന്ന് പറഞ്ഞ് കുഞ്ഞേടത്തിയുടെ അടുത്ത് ചെന്നാല്‍ എന്‍റെ മുടി കയ്യില്‍ ഒതുങ്ങാത്തതിനുള്ള ചീത്ത കേള്‍ക്കും. ഇത് ഒരു പതിവായപ്പോള്‍ ഒരു ദിവസം ഞാന്‍ ശപിച്ചു: കുഞ്ഞേടത്തിയ്ക്ക് ഒരു മകളാണുണ്ടാവുകയെന്നും അവള്‍ക്ക് എന്നെക്കാള്‍ ഇരട്ടി മുടി ഉണ്ടാവുമെന്നും അന്ന് എന്നെ ചീത്ത പറഞ്ഞതിന് പശ്ചാത്തപിക്കുമെന്നും.. (എന്തായാലും മനസ്സറിഞ്ഞു ശപിച്ച ആ ശാപം ഫലിച്ചതേയില്ല എന്ന് ഈ അവസരത്തില്‍ പറയാതെ വയ്യ!) ഒടുവില്‍ അഞ്ചിലോ ആറിലോ പഠിയ്ക്കുമ്പോഴാണ് സ്വയം തലമുടി പിന്നി, മടക്കിക്കെട്ടാന്‍ വശമായത്. അതോടെ രാവിലെത്തെ ബഹളം ഒന്ന് കുറഞ്ഞു.

പ്രാതല്‍ മിക്കപ്പോഴും ദോശയാണ്. അത് കഴിഞ്ഞാല്‍ അഷ്ടചൂര്‍ണ്ണത്തിന്‍റെ ഒരു ഉരുള പതിവായിരുന്നു. പ്രായത്തിനനുസരിച്ച് ഉരുളയുടെ വലുപ്പവും വ്യത്യസ്തമായിരിക്കും. വല്യേടത്തിക്ക് വലിയ ഉരുള, കുഞ്ഞേടത്തിയ്ക്ക്‌ അതിലും ചെറിയ ഉരുള. എനിക്ക് ഏറ്റവും ചെറുത്. അവര്‍ക്ക് അഷ്ടചൂര്‍ണ്ണത്തിന്‍റെ സ്വാദ് ഇഷ്ടമല്ലാത്തതിനാല്‍ വലിയ ഉരുളകളോട് പരിഭവം. എനിക്ക് ആ സ്വാദ് ഏറെ ഇഷ്ടമായതിനാല്‍ ചെറിയ ഉരുളയോട് പരിഭവം.

ഉച്ചയൂണ് തൂക്കുപാത്രത്തിലാണ് കൊണ്ടു പോയിരുന്നത്. വല്യേടത്തിയ്ക്ക് രണ്ടു തട്ടുള്ള ഒരു ടിഫിന്‍ കാര്യര്‍ ഉണ്ടായിരുന്നു. അതിലെ തട്ടുകളും തട്ടിനെ ബന്ധിപ്പിച്ച കമാനം പോലെയുള്ള ഭാഗവും സ്പൂണും ഒക്കെ ഒരു അതിമോഹമായി മനസ്സില്‍ ഉണ്ടായിരുന്നു. ഒരു തവണയെങ്കിലും അതില്‍ ചോറ് കൊണ്ടുപോവണം എന്ന മോഹം - കാരണം ഞങ്ങള്‍ രണ്ടുപേര്‍ക്കും (കുഞ്ഞേടത്തിയ്ക്കും എനിക്കും) തൂക്കുപാത്രത്തിലാണ് ചോറ്. കുറച്ചു വലുതായപ്പോള്‍ തൂക്കു പാത്രത്തില്‍ ചോറ് കൊണ്ടു പോകുന്നത് കുറച്ചിലായി തോന്നിത്തുടങ്ങി. വട്ടത്തിലുള്ള സ്റ്റീല്‍ ചോറ്റുപാത്രങ്ങള്‍  സഹപാഠികള്‍ക്കിടയില്‍ പ്രചരിച്ചു തുടങ്ങിയിരുന്നു. അത് ഞങ്ങളുടെ ബാഗില്‍ സ്ഥലം പിടിയ്ക്കാന്‍ പിന്നെയും രണ്ടുമൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്നു തോന്നുന്നു. ഇതിനിടയില്‍ വല്യേടത്തിയുടെ ചോറ്റുപാത്രത്തില്‍ ചോറ് കൊണ്ടുപോകണമെന്ന മോഹസാഫല്യം ദുരന്തത്തിലാണ് കലാശിച്ചത്. അത് നേരാംവണ്ണം അടയ്ക്കാന്‍ പറ്റാതെ പാത്രം തുറന്ന്  ചോറ് നിലത്ത് വീണ് പോയതു മൂലം വിശന്നിരിക്കേണ്ടി വന്നിട്ടുണ്ട്. അതോടെ ആ പാത്രത്തിനോടുള്ള കൊതി തീര്‍ന്നു.

സ്കൂള്‍ ഇല്ലാത്ത ദിവസങ്ങള്‍ ആഘോഷമാണ്. കുളത്തില്‍ മണിക്കൂറുകളോളം നീന്തിക്കുളി, തൊടിയില്‍ കറങ്ങി നടത്തം, മേലെല്ലത്ത് പോയി വല്യമ്മ ഉണ്ടാക്കിത്തരുന്ന (മിക്കവാറും ഉണ്ടാക്കിപ്പിക്കുകയാണ് പതിവ്) കാപ്പി കുടിക്കുക, അവിടുത്തെ തൊടിയില്‍ കറങ്ങി നടക്കുക, ചിലപ്പോള്‍ അവിടെ നിന്ന് തന്നെ ഊണു കഴിക്കുക, ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് എല്ലാവരും മയങ്ങുമ്പോള്‍ മാവിന്‍ ചുവട്ടില്‍ പോയിരുന്ന് കിനാവു കാണുക, പൂക്കളോടും കിളികളോടും മരങ്ങളോടും സല്ലപിയ്ക്കുക തുടങ്ങിയ വട്ടന്‍ പരിപാടികള്‍ തന്നെ. കുളക്കരയിലിരുന്നു  കുളക്കോഴിക്കുടുംബത്തെ നോക്കി രസിച്ചതും പൊന്മയെ കാത്തിരുന്നതും വെള്ളനിറത്തില്‍ മോഹിപ്പിക്കുന്ന രൂപവുമായി കുളത്തിലേയ്ക്ക് ചാഞ്ഞു നില്‍ക്കുന്ന മരക്കമ്പില്‍ വന്നിരുന്നിരുന്ന നാകാമോഹന്‍റെ (അന്നതിനെ വലിയ വാലന്‍ കിളി എന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്) ഭംഗിയും തുന്നാരന്‍റെ കൂട് കണ്ടു പിടിച്ചപ്പോള്‍ ഉണ്ടായ സന്തോഷവും ഒക്കെ എന്നിലെ പക്ഷിനിരീക്ഷകയുടെ ജനനമായിരുന്നുവോ?

പകല്‍ മുഴുവനും തൊടിയില്‍ കറങ്ങിത്തിരിഞ്ഞ് സങ്കല്പ ലോകത്തെ രാജ്ഞിയായി വാണ് വൈകുന്നേരം അമ്മയുണ്ടാക്കി തരുന്ന പലഹാരവും കാപ്പിയും അകത്താക്കി വീണ്ടും ഒന്ന് കറങ്ങിത്തിരിഞ്ഞ് സന്ധ്യയോടെ കുളികഴിഞ്ഞു വന്ന് അന്തിത്തിരി കൊളുത്തി നാമം ജപിച്ച് ആകാശത്ത് നക്ഷത്രങ്ങളെ നോക്കി നില്‍ക്കും. നടുമുറ്റത്തു നിന്നാല്‍ ആകാശത്ത് അനേകായിരം നക്ഷത്രങ്ങള്‍ കണ്ചിമ്മി നില്‍ക്കുന്നതു കാണാം. അതും കഴിഞ്ഞ് അല്‍പനേരം പഠിച്ച് അത്താഴം കഴിഞ്ഞ് കോസറി വിരിക്കുമ്പോള്‍ ജനലരികില്‍ സ്ഥാനം പിടിയ്ക്കാന്‍ തുടങ്ങി. വല്യേടത്തി കോളേജില്‍ പോയപ്പോള്‍ മുറിയിലെ കട്ടിലിന്മേല്‍ കുഞ്ഞേടത്തി അവകാശം സ്ഥാപിച്ചു. അതിനാല്‍ ജനലരികിലെ ആകാശവിസ്മയം എനിക്ക് സ്വന്തം! (അപ്പോഴേയ്ക്കും കോസറിയുടെ മേല്‍ ആധിപത്യം സ്ഥാപിയ്ക്കുന്നതിനുള്ള അടിയൊക്കെ പഴങ്കഥയായിട്ടുണ്ടായിരുന്നു)

ഇനിയും എത്രെയെത്ര ഓര്‍മ്മകള്‍ എന്നിലേക്ക് കുതിച്ചെത്തുന്നുവെന്നോ!!! ഒരു മഴക്കാലത്ത് തോരാമഴയത്ത് മഴവെള്ളത്തിലും ചളിയിലും കളിച്ചു തിമര്‍ക്കുമ്പോള്‍ മഴയത്ത് നിന്നും കേറിപ്പോരാന്‍ അച്ഛന്‍ പറഞ്ഞത് അനുസരിയ്ക്കാതിരുന്നപ്പോള്‍ അച്ഛന്‍റെ കയ്യില്‍ നിന്നു കിട്ടിയ അടിയുടെ തിണര്‍പ്പ് തുടയില്‍ ഇപ്പഴും എനിക്ക് കാണാം. ടൌണില്‍ നിന്നും അച്ഛന്‍ വരുന്നത് കാത്തിരുന്ന് അച്ഛന്‍റെ ബുള്ളറ്റിന്‍റെ ഒച്ച ദൂരെ നിന്നും കേള്‍ക്കുമ്പോള്‍ പൂമുഖത്തേയ്ക്ക് ഓടി ചെന്ന് 'എന്തെങ്കിലും കൊണ്ടു വന്നിട്ടുണ്ടോ അച്ഛാ?' എന്ന ചോദ്യത്തിന് 'ഉണ്ടോ?' എന്ന മറുചോദ്യത്തില്‍ ഉണ്ടെന്ന ഉത്തരം ഒളിപ്പിച്ചുവെച്ച വാത്സല്യനിധിയായ അച്ഛന്‍റെ സ്നേഹവും കുട്ടിക്കാലത്തെന്ന പോലെ ഇപ്പോഴും എനിക്കനുഭവിച്ചറിയാം.

തലയില്‍ എണ്ണ തേക്കാതെ, കുളി കഴിഞ്ഞാല്‍ നന്നായി തോര്‍ത്താതെ മുടി വേറെടുത്ത് കെട്ടി വെക്കാതെ, വലിച്ചു വാരി കെട്ടി വെക്കുന്ന വികൃതിപ്പെണ്ണിനെ നോക്കി ആശങ്കപ്പെട്ടിരുന്ന അമ്മയുടെ മുഖത്തിന് അന്നത്തേക്കാള്‍ വ്യക്തത ഇന്നാണോ? പുസ്തക വായന തുടങ്ങിയാല്‍ പരിസരം മറന്നുപോകുന്ന, ടി വിയിലെ ക്രിക്കറ്റ് കളി കാണാന്‍ ഊണും ഉറക്കവും വേണ്ടെന്ന് വെച്ചിരുന്ന കളിപ്രാന്തിയായ ആ പെണ്‍കുട്ടി അമ്മയുടെ മനസ്സിലുണ്ടാക്കിയ ആന്തലുകള്‍ ഇന്നാണ് തെളിഞ്ഞു കാണാന്‍ കഴിയുന്നത്. മരം കയറിയും വെയിലത്തും മഴയത്തും തൊടിയിലലഞ്ഞും നാട് മുഴുവനും സൈക്കിളോടിച്ചും നടന്ന അവള്‍ ഒരു ദിവസം 'അമ്മേ ഞാന്‍ ഒഴിവായി' എന്നു ചെറിയൊരു പരിഭ്രമത്തോടെ വന്ന് പറഞ്ഞപ്പോള്‍ അമ്മയുടെ മനസ്സില്‍ നിന്നും ഉയര്‍ന്ന ആശ്വാസത്തിന്‍റെ നെടുവീര്‍പ്പ് ഇന്നാണ് ഞാന്‍ ശരിക്കും കേള്‍ക്കുന്നത്.


ഒരു ടിപ്പിക്കല്‍ 'പെങ്കിടാവാ'യി, സമൂഹം വരച്ച വൃത്തത്തില്‍ ഒതുങ്ങിക്കൂടാന്‍ അച്ഛനുമമ്മയും ഒരിക്കലും  നിര്‍ബന്ധിച്ചിട്ടില്ല എന്നതാണ് എന്‍റെ ബാല്യത്തിന്‍റെ ഏറ്റവും വലിയ മാധുര്യം. ഏടത്തിമാരെ പോലെ ഡാന്‍സിലും പാട്ടിലുമൊന്നും (പഠിത്തത്തിലും) മികവു കാണിക്കാതിരുന്നപ്പോഴും അച്ഛനുമമ്മയും പറഞ്ഞിട്ടില്ല ഏടത്തിമാരെ കണ്ടു പഠിക്കൂ, അവരെപ്പോലെയാവൂ എന്ന്... ഞാനെന്ന പൂമ്പാറ്റയെ അവര്‍ പറക്കാന്‍ അനുവദിച്ചു - എനിക്ക് പറന്നെത്താവുന്നിടത്തെല്ലാം ഞാന്‍ പറന്നെത്തി - ഇപ്പോള്‍ കൂട്ടുകാരന്‍റെ ചിരകേറി ഇവിടെയും...  എന്നെ പറക്കാനയച്ചപ്പോള്‍ അവര്‍ക്കറിയുമായിരുന്നിരിക്കണം എവിടെപ്പോയാലും എത്ര പറന്നാലും ചിറകു തളരുമ്പോള്‍ തിരിച്ച് ഞാനെത്തുക അവിടെ തന്നെയായിരിക്കുമെന്ന്. എവിടെപ്പോയാലും എന്‍റെ ഉള്ളില്‍ മങ്ങാതെ എന്‍റെ ബാല്യവും ഇല്ലവും ആ കാലവും ഉണ്ടാവുമെന്ന് എന്നെക്കാള്‍ നന്നായി അവരറിഞ്ഞിട്ടുണ്ടാവും. അത് കൊണ്ടാണല്ലോ ഇന്നത്തെ മഴയില്‍ നടുമുറ്റത്ത് വെള്ളം നിറഞ്ഞപ്പോള്‍ ഇവിടെയിരുന്ന് എന്‍റെ മനസ്സ് കുളിരണിയുന്നത് അവരെ അദ്ഭുതപ്പെടുത്താതത്...Sunday, 16 April 2017

സ്വപ്നങ്ങള്‍ !

കഴിഞ്ഞ കുറെ നാളുകളായി സ്വപ്‌നങ്ങള്‍ തന്നെ വല്ലാതെ അലട്ടുന്നുവെന്നാണ് ഹിമ പറയുന്നത്. ഒക്കെ വിചിത്രമായ സ്വപ്‌നങ്ങള്‍! പഠിച്ചിറങ്ങിയിട്ടു മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും (പേടിസ്വപ്നം പോലെ) കോഴ്സ് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഈ വയസ്സ് കാലത്ത് ആ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വേണ്ടി അവിടെ വീണ്ടും ചെല്ലുന്നതും തുടര്‍ന്നുണ്ടാവുന്ന ദുരനുഭവങ്ങളുമൊക്കെ അവള്‍ മൂന്നാല് മിനിട്ടു കൊണ്ട് എങ്ങനെ കണ്ടു തീര്‍ക്കുന്നു എന്നതാണ് എന്റെ സംശയം!

സ്കൂളിലെ വാര്ഷികോത്സവത്തിനു കാണികളുടെ മുന്നില്‍ വെച്ച് പ്രസംഗം മറന്നു പോയി, അതിനു ടീച്ചര്‍ വഴക്ക് പറഞ്ഞു എന്നൊക്കെയായിരുന്നു കഴിഞ്ഞയാഴ്ച്ചയിലെ സ്വപ്ന വിശേഷങ്ങള്‍! എന്തായാലും പുരോഗതിയുണ്ട് - സ്കൂളില്‍ നിന്നും കോളേജില്‍ എത്തിയല്ലോ - അധികം വൈകാതെ റിട്ടയര്‍മെന്റ് ജീവിതവും അവളെ സ്വപ്നമായി വന്ന് പേടിപ്പിച്ചേക്കാം. അതിനു മുന്പ് ഈ സ്വപ്നങ്ങള്‍ക്ക് ഒരറുതി വന്നെങ്കില്‍ രക്ഷപ്പെട്ടു!

ഒന്നാലോചിച്ചാല്‍ സ്വപ്നം കാണുന്നത് തന്നെ ഒരു വലിയ കഴിവാണെന്ന് തോന്നുന്നു. ഹിമയുടെ സ്വപ്നങ്ങളെക്കുറിച്ച് കേട്ടിരുന്നപ്പോള്‍ അറിയാതെ ലീന ചേച്ചിയെ ഓര്‍ത്തുപോയി... ചെറുപ്പത്തില്‍ ലീനചേച്ചിയുടെ സ്വപ്ന വിവരണം കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നതിനു കണക്കില്ല. ആവശ്യമുള്ള സ്വപ്നങ്ങള്‍ മാത്രം കാണാനുള്ള ഒരു അപൂര്‍വ കഴിവ് ചേച്ചിക്കുണ്ടായിരുന്നു. ചേച്ചിയുടെ സ്വപ്നങ്ങളില്‍ എപ്പോഴും ചേച്ചി ആഗ്രഹിക്കുന്നവര്‍ മാത്രമേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ...

"മരിച്ചു പോയ ഒരമ്മാവന്‍, മുത്തശ്ശി, അയല്‍ക്കാരന്‍ ശങ്കുണ്ണി നായര്‍, ചെറുപ്പത്തിലെ കൂട്ടുകാരി മീന' എന്നിങ്ങനെ ചേച്ചിയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടാനുള്ള സ്വാതന്ത്ര്യം ചിലര്‍ക്കു മാത്രമായിരുന്നു. ചേച്ചിയുടെ സ്വപ്നങ്ങള്‍ക്ക് അതിരു തീര്‍ക്കാന്‍ മരണത്തിനു പോലും കഴിഞ്ഞിരുന്നില്ല. മരിച്ചവരോട് സംവദിക്കണമെങ്കില്‍ ചേച്ചിയുടെ സ്വപ്നത്തിലൂടെ അത് സാധിക്കും എന്നു വരെ കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു... ആ വിശ്വാസത്തിനറെ ബലത്തിലാണ് അകാലത്തില്‍ പിരിഞ്ഞു പോയ അമ്മയോട് എന്തിനാണ് എന്നെ തനിച്ചാക്കി പോയത് എന്ന ചോദ്യം ചോദിയ്ക്കാന്‍ ഞാന്‍ ചേച്ചിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ എന്റെ ചോദ്യത്തിന് ചേച്ചി വലിയ വില കല്പിച്ചില്ലെന്നു മാത്രമല്ല, അതോടെ തന്‍റെ സ്വപ്‌നങ്ങള്‍ എന്നോട് പങ്കുവെക്കലും നിര്‍ത്തി!

"ഓ..അത്ര വലിയ പോസാണെങ്കില്‍ എനിക്ക് കേള്‍ക്കണ്ട നിങ്ങളുടെ സ്വപ്നമൊന്നും. വലുതാവുമ്പോ ഞാനും കാണുമല്ലോ സ്വപ്നങ്ങള്‍" എന്ന്  പറഞ്ഞ് ലീന ചേച്ചിയോട് പിണങ്ങി നടന്ന കാലവും ഓര്‍മയിലേക്ക് വന്നു...

pic courtesy:google
പക്ഷേ, തന്റെ സ്വപ്നങ്ങള്‍ എന്നും പേടിസ്വപ്നങ്ങളായിരുന്നു - ചിതലരിച്ചു ബലം കുറഞ്ഞ വീടിന്റെ മേല്‍ക്കൂര കാറ്റിലും മഴയിലും തകര്‍ന്നു വീഴുന്നതും ആ അവശിഷ്ടങ്ങളില്‍ നിന്നും ഒരു രാക്ഷസന്‍ പിടിക്കാന്‍ വരുന്നതുമൊക്കെയായിരുന്നു തന്റെ സ്വപ്ന വിശേഷം! ചിലപ്പോഴെകിലും ഉറക്കം വരല്ലേ എന്ന്‍ പ്രാര്‍ഥിച്ചു കിടന്നിട്ടുണ്ട് - അമ്മ ചൊല്ലിത്തന്നിരുന്ന അര്‍ജ്ജുന നാമങ്ങളും, ഹനുമാന്‍ മന്ത്രങ്ങളും നിഷ്ഫലമായ വേളകളില്‍ അമ്മ അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന്‍ മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. അമ്മയ്ക്കായി എത്ര ഉറക്കം വേണമെങ്കിലും കളയാന്‍ ഒരുക്കമായിരുന്നു...

കൌമാരകാലത്തും നിറമുള്ള സ്വപ്നങ്ങള്‍ ഒന്നും തന്നെത്തേടി വരികയുണ്ടായില്ല... പഠിക്കാനുള്ള വക സ്വയം ഉണ്ടാക്കണമെന്ന ഗതി വന്നപ്പോള്‍ കിട്ടിയ പണികളെല്ലാം ചെയ്തു - പകലന്തിയോളം അദ്ധ്വാനിച്ചു ക്ഷീണിച്ചു വന്നിട്ട് പായില്‍ വീഴുന്നതേ ഓര്‍മ്മ കാണൂ - പിന്നെ കണ്ണ് തുറക്കുന്നത് അടുത്ത ദിവസത്തെ ജോലിഭാരവും കൊണ്ടാണ്... ദു:സ്വപ്നങ്ങള്‍ കാണാതെയുറങ്ങാന്‍ കഴിയുന്നുണ്ടല്ലോ എന്ന ആശ്വാസം മാത്രമേ അന്നൊക്കെ തോന്നിയിരുന്നുള്ളൂ. എന്നാലും ഒന്ന് രണ്ടു തവണ ആ രാക്ഷസന്‍ വീണ്ടും സ്വപ്നത്തില്‍ വരികയും ഞാന്‍ അലറിവിളിക്കുകയും ഉണ്ടായി എന്നത് മറക്കാനാവില്ല.

"നിന്റെ കരച്ചില്‍ കേട്ട് ഞാന്‍ പേടിച്ചു പോയി" എന്ന് കൂടെ താമസിച്ചിരുന്നയാള്‍ പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട്.

അങ്ങനെ സ്വപ്നങ്ങളെയെല്ലാം അകറ്റി നിര്‍ത്തി സമാധാനത്തോടെ കഴിയുമ്പോഴാണ് ഹിമയുടെ സ്വപ്‌നങ്ങള്‍ എന്നെ വീണ്ടും അസ്വസ്ഥതയിലേക്ക് നയിക്കുന്നത്... അവളോട് സ്വപ്നങ്ങള്‍ കാണരുതെന്ന് പറയാനാകുമോ? കണ്ട സ്വപ്‌നങ്ങള്‍ പറയാതിരിക്കാന്‍ പറയാം - പക്ഷേ, അത് പങ്കുവെക്കാന്‍ അവള്‍ക്ക് ഞാനല്ലാതെ ആരാണ്???

സ്വപ്നങ്ങള്‍ പലതിന്റെയും സൂചനകളാണ് പോലും - എന്ത് സൂചന? കഴിഞ്ഞു പോയ കാര്യങ്ങള്‍, ഇനി ഒരിക്കലും മാറ്റാന്‍ കഴിയാത്ത സംഗതികള്‍ ഒക്കെ സ്വപ്നത്തില്‍ കാണുന്നത് എന്തിന്റെ സൂചനയാവും? സ്വപ്നങ്ങള്‍ ഒന്നും കാണാത്തവരോ - അവര്‍ക്ക് ഒരു സൂചനയും വേണ്ടെന്നാണോ! സ്വപ്നവിശകലനമെന്നും പറഞ്ഞു ആളുകളെ പറ്റിക്കാനുമുണ്ട് ഒരു കൂട്ടം!

എന്തായാലും എനിക്ക് സ്വപ്നങ്ങള്‍ ഒന്നും കാണണ്ട - തുറന്ന കണ്ണുകളുമായി ഞാന്‍ കണ്ട സത്യങ്ങളാണ് എന്നെ ഇന്നിവിടെ എത്തിച്ചത് - അല്ലാതെ ഉറക്കത്തില്‍ കണ്ട വിഡ്ഢിത്തങ്ങളല്ല.. സ്വപ്നം കാണുന്നതിലല്ല, സത്യസന്ധമായി പ്രവര്‍ത്തിക്കുന്നതിലാണ് കാര്യം.

എനിക്കു വേണ്ടി ഹിമ സ്വപ്നങ്ങള്‍ കണ്ടു കൊള്ളട്ടെ... അവളുടെ വിഡ്ഢിസ്വപ്‌നങ്ങള്‍ ഒരു നേരമ്പോക്കായി കണ്ട് ഉറക്കത്തിലേക്ക് വഴുതി വീഴും മുന്‍പ് അവ മറക്കാനുള്ള കഴിവ് മാത്രം മതി എനിക്ക്... 

Saturday, 25 February 2017

ആത്മ ബന്ധങ്ങള്‍

പരസ്പരം കാണാത്ത ആളുകള്‍ തമ്മില്‍ പോലും ഒരു ഹൃദയബന്ധം തോന്നുക, ദിനേനയുള്ള ഓണ്‍ലൈന്‍ ഇടപെടലുകള്‍ (ചിലപ്പോള്‍ ഗൌരവമേറിയ ചര്‍ച്ചയും മിക്കപ്പോഴും തമാശകളും ഇടയ്ക്കൊക്കെ അടികൂടലുമൊക്കെയായി) പതുക്കെപ്പതുക്കെ നിര്‍വചിക്കാനാവാത്ത ഒരു ആത്മബന്ധത്തിലേയ്ക്ക് നയിക്കുക - ഇതൊന്നും എല്ലായിടത്തും സംഭവിക്കുന്നതല്ല എന്നെനിക്ക് തോന്നുന്നു.

മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ചേര്‍ന്നപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല ‍അതെന്‍റെ ജീവിതത്തില്‍ ഒരു വലിയ മാറ്റം കൊണ്ടുവരുമെന്ന്. ഒരുപാട് ബ്ലോഗ്ഗര്‍മാരെ പരിചയപ്പെടാനും അവരുടെ കൃതികള്‍ വായിച്ചാസ്വദിക്കാനും എന്‍റെ എഴുത്തിന് അല്പം കൂടി ഗൌരവം കൊണ്ടുവരാനും ഒക്കെ ഈ ഗ്രൂപ്പാണ് കാരണം. പിന്നീടെപ്പോഴോ ഇതിന്റെ അഡ്മിന്‍ സ്ഥാനത്തെത്തി. ഇ-മഷി, വിവിധതരം മത്സരങ്ങള്‍ തുടങ്ങി ഗ്രൂപ്പ് വളരെ സജീവമായി തന്നെ പോയിക്കൊണ്ടിരുന്നു. അംഗബലം കൂടിയപ്പോഴും വലിയ പൊട്ടിത്തെറികള്‍ ഒന്നുമില്ലാതെ അങ്ങനെ പോയിക്കൊണ്ടിരുന്നു.

ഇതിനിടയില്‍ എപ്പോഴോ കാര്യങ്ങള്‍ മന്ദഗതിയിലായി. എഴുതാനും വായിക്കാനുമല്ലാതെ ലൈക്കാനും ഷെയറാനും ആളുകള്‍ കൂടുതല്‍ താല്പര്യം പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ ബ്ലോഗിലെ എഴുത്തുകള്‍ എഫ് ബിയിലേക്ക് പറിച്ചു നടപ്പെട്ടു. ഗ്രൂപ്പ് നിര്‍ജ്ജീവമായി തുടങ്ങി. ചര്‍ച്ചകളും തമാശകളും വഴക്കുകളും പഴംകഥകളായി മാറി. ഓരോ മണിക്കൂറിലും ഗ്രൂപ്പിലെത്തിനോക്കിയിരുന്ന ഞാന്‍ പതുക്കെപ്പതുക്കെ വല്ലപ്പോഴും മാത്രം ഇവിടെ വരുന്നു എന്ന സ്ഥിതിയായി - മാറിയ ജീവിത സാഹചര്യങ്ങളും ഒരു കാരണമായി എന്നത് വിസ്മരിക്കുന്നില്ല. ഊണും ഉറക്കവും ഉപേക്ഷിച്ചു പോലും ഇ-മഷിക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന അവസ്ഥയില്‍ നിന്നും അതിനു വേണ്ടി ഒന്നും ചെയ്യാത്ത ഒരാളായി മാറി...

എന്നിരുന്നാലും പൂര്‍വാധികം ശക്തിയോടെ എന്നോടൊപ്പം ഒന്നുണ്ടായിരുന്നു - ഇവിടെ നിന്നും കിട്ടിയ ബന്ധങ്ങള്‍. പേരിനപ്പുറം ഒന്നുമറിയാതിരുന്ന ആളുകളില്‍ നിന്നും അവര്‍ക്ക് ഞാന്‍ 'ചേച്ചി'യും അനിയത്തിയും ഒക്കെയായി മാറി. സ്നേഹം വാരിതന്ന അനിയന്മാര്‍, അറിവിലും പ്രായത്തിലും മുതിര്‍ന്നവരില്‍ നിന്നു ലഭിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഏത് തിരക്കിനിടയിലും ഒരാവശ്യമുണ്ടായാല്‍ പരസ്പരം വിളിക്കാനും സഹായിക്കാനും മനസ്സുള്ളവര്‍. ഇതൊക്കെ ഇവിടെ നിന്ന് കിട്ടിയ പോലെ വേറെ ഒരിടത്തും കിടിയിട്ടില്ല - ഇനി കിട്ടുകയും ഇല്ല.

ഇപ്പോള്‍ ഇതൊക്കെ പറയാന്‍ കാരണം കൂട്ടത്തില്‍ ഒരാള്‍ക്ക് ഒരപകടം പറ്റിപ്പോള്‍ നാടിന്‍റെ നാനാഭാഗത്തുനിന്നും ഓടിയെത്തിയ കൂട്ടുകാരുടെ സ്നേഹം തന്നെ. ഉട്ടോയ്ക്കുണ്ടായ അപകടത്തെക്കുറിച്ച് സംഗീത് (വിനായകന്‍) അറിയിച്ചപ്പോള്‍ മുതല്‍ മനസ്സില്‍ പ്രാര്‍ത്ഥനയായിരുന്നു. ഗ്രൂപ്പില്‍ പ്രവീണും മഹേഷും റഫീക്കുമൊക്കെ വിവരങ്ങള്‍ അറിയിച്ചു കൊണ്ടിരുന്നു.  ഞാന്‍ മെസ്സേജ് അയക്കുന്നതിനു മുന്‍പ് തന്നെ എന്നും ഉട്ടോയുടെ വിവരങ്ങള്‍ സംഗീത് (കുന്നിന്മേല്‍) തന്നു കൊണ്ടേയിരുന്നു. അവര്‍ക്കൊക്കെ ഉട്ടോ അടുത്ത സുഹൃത്തായിരുന്നുവെങ്കില്‍ എനിക്ക് ഒരിക്കല്‍ മാത്രം നേരിട്ടു കണ്ടിട്ടുള്ള, ഏറെ പ്രതിഭാധനനായ ഒരു കലാകാരനും ഫോട്ടോഗ്രാഫറുമായ ഒരനിയനായിരുന്നു. തുഞ്ചന്‍ പറമ്പ് മീറ്റില്‍ കണ്ടു പരിചയപ്പെട്ട ഏതാനും മണിക്കൂറുകള്‍ എന്റെയുള്ളില്‍ സദാ ചിരിക്കുന്ന ഒരു മുഖം മങ്ങാതെ നിറച്ചു വച്ചു.

അത്യധികം വേദനാജനകമായ ഒരു ഘട്ടത്തിലാണ് ഉട്ടോയിപ്പോള്‍ - എന്നാല്‍ മാനസികമായും ശാരീരികമായും തളര്‍ന്ന ഈ അവസ്ഥയിലും താങ്ങായി കൂട്ടുകാര്‍ ഉണ്ട്. സൌഹൃദമെന്നാല്‍ അടിച്ചു പൊളിച്ചു കറങ്ങി നടക്കുകയല്ല, കൂട്ടത്തിലൊരാള്‍ തളര്‍ന്നു പോകുമ്പോള്‍ താങ്ങായും തണലായും കൂടെ നില്‍ക്കുകയാണ് വേണ്ടതെന്നു ലോകത്തിനു കാണിച്ചു കൊടുത്ത എന്റെ അനിയന്മാരെക്കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമാണ്. നിങ്ങളെപ്പോലെയുള്ള ചെറുപ്പക്കാര്‍ പ്രതീക്ഷ നല്‍കുന്നു. നിങ്ങളുടെയൊപ്പം ഈ ഗ്രൂപ്പിന്‍റെ ഒരു ഭാഗമായത് എന്‍റെയും ഭാഗ്യം തന്നെ.

ഇവിടെ വച്ചു പരിചയപ്പെട്ട് നല്ല സുഹൃത്തുക്കളായി മാറിയ ഒത്തിരി പേരുണ്ടിവിടെ. അതു പോലെ തന്നെ പരസ്പരം സഹായിക്കുന്ന ഒരുപാട് പേരും ഇവിടെയുണ്ട്. അവരെല്ലാം നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെയും സൌഹൃദത്തിന്റെയും പ്രതീകങ്ങള്‍ തന്നെ. പരസ്പരം കടിച്ചു കീറാനൊരു കാരണം കിട്ടാന്‍ കാത്തു നില്‍ക്കുന്ന പുറം ലോകത്തിന് നിങ്ങള്‍ സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും മാതൃകയാവട്ടെ എന്നാശിക്കുന്നു. 

Thursday, 16 February 2017

ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരിയസി

കേടായ ഷോപ്പിങ്ങ് ബാഗ് മാറ്റിക്കിട്ടാനായി കടയിൽ പോയതായിരുന്നു. മാറിക്കിട്ടിയ ഷോപ്പിങ്ങ് ബാഗ് അവിടെ വെച്ചു തന്നെ പുറത്തെടുത്ത് ചക്രങ്ങളൊക്കെ പിടിപ്പിച്ച് റെഡിയാക്കുന്നതിനിടയിലാണ് അപ്പുറത്തിരുന്ന സ്ത്രീ പറഞ്ഞത്: 'ഇത് വളരെ നല്ല ഒരുത്പന്നമാണ്. എന്റെയടുക്കലും ഉണ്ട് ഇതേ പോലൊരെണ്ണം. സാധനങ്ങൾ കൊണ്ടുപോകാൻ വളരെ സൗകര്യപ്രദം.' പതിവില്ലാത്തവണ്ണം ഒരാൾ അഭിപ്രായം പറയുന്നത് കേട്ടപ്പോൾ ആശ്ചര്യം തോന്നിയെങ്കിലും അവർക്കുള്ള മറുപടിയായി ഒരു ചിരിയും, 'അതേയല്ലേ' എന്നൊരു വാക്കും പറഞ്ഞ് ഞാൻ വീണ്ടും എന്റെ പണി തുടർന്നു. അവർ ഇവിടത്തുകാരിയല്ല. ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത് അവർ ഒരു മുസ്ലീം ആണെന്നത് മാത്രമാണ്. കാണുന്ന മാത്രയിൽ തന്നെ ആളുകൾ എവിടത്തുകാരാണെന്നൂഹിക്കാൻ കഴിവുള്ളവർ കാണും. ഞാൻ അക്കൂട്ടത്തിൽ പെടില്ല. ഒരാളെ സൂക്ഷ്മമായി നോക്കുന്നത് അപമര്യാദയാണല്ലോ... അതിനാൽ ആ സാഹസത്തിന് മുതിരാതെ ചെയ്തു കൊണ്ടിരിക്കുന്ന പണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

എന്നാൽ അവർ മിണ്ടാതിരുന്നില്ല. സംസാരിക്കാൻ വെമ്പി നിൽക്കുന്ന പോലെ അവർ തുടർന്ന് ചോദിച്ചു: 'നിങ്ങൾ ഇന്ത്യയിൽ നിന്നാണല്ലേ ? ഇന്ത്യ മനോഹരമായ ഒരു സ്ഥലമാണല്ലേ ?' 'അതേ, ഞാൻ ഇന്ത്യയിൽ നിന്നാണ്. ഇന്ത്യ തീർച്ചയായും  ഒരു മനോഹരമായ സ്ഥലമാണ്. നിങ്ങൾ എവിടെ നിന്നാണ് ?'

'ഞാൻ ഇറാഖിൽ നിന്നാണ്. ഇവിടെ വന്നിട്ട് നാലു വർഷമായി. ഒരു കൊല്ലം കൂടി കഴിഞ്ഞാൽ തിരിച്ചുപോകണം.'

'ഓഹോ! അതു ശരി! അപ്പോൾ നിങ്ങൾ ഇവിടെ ജോലിക്കായ് വന്നതാണോ?'

'അല്ല, ഭർത്താവ് ഇവിടെ കംപ്യൂട്ടർ സയൻസ് പഠിക്കുകയാണ്. എനിക്ക് ഇറാഖിൽ നല്ല ശമ്പളമുള്ള ജോലിയുണ്ടായിരുന്നു. പക്ഷേ, അവിടെ സ്വസ്ഥതയില്ല. എനിക്ക് ഭയമാണ് അവിടേക്ക് തിരിച്ചു പോകാൻ.'

ഒരൽപം ആശ്ചര്യത്തോടെ ഞാനവരെ നോക്കിയപ്പോൾ അവർ തുടർന്നു: 'ഞങ്ങളുടെ നാട്ടിൽ ആകെ പ്രശ്നമാണ്. എന്നും യുദ്ധവും ബോംബിടലും ഒക്കെ... ആ കുരുതിക്കളത്തിലേക്ക് തിരിച്ചു പോകാൻ ധൈര്യമില്ല.'

'ഉം... ഇറാഖ് - കുവൈറ്റ് യുദ്ധത്തിനു ശേഷം അവിടെ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയായിരുന്നുവല്ലോ! ഞങ്ങളുടെ നാട്ടുകാർ പലരും അവിടെ നിന്ന് പലായനം ചെയ്തതായി പത്രങ്ങളിൽ വായിച്ചിരുന്നു.'

'ഇപ്പോൾ സ്ഥിതി അതിലും കഷ്ടമാണ്. തിരിച്ച് അവിടെ പോകാതെ ദുബായ്ലോ മറ്റോ പോകാനാവുമോ എന്ന ചിന്തയിലാണ് ഞങ്ങൾ. പക്ഷേ, ഈ ഇറാഖി പാസ്പോർട്ട് വലിയ ഒരു പ്രശ്നമാണ്. ഇതിന് സ്വീകാര്യത വളരെ കുറവാണ്. മറ്റു രാജ്യങ്ങളിലെ വിസ കിട്ടാൻ വല്യ പാടാണ്. നിങ്ങളുടേത് ബ്രിട്ടീഷ് പാസ്പോർട്ട് ആണോ?'

'ഏയ്, അല്ല. ഇന്ത്യൻ പാസ്പോർട്ട് തന്നെ.'  മറ്റൊരു സാധനം വാങ്ങിയതിന്റെ ബില്ലടയ്ക്കാനായി വരിനില്ക്കുന്ന എന്റെയാളെ എത്തിനോക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.

'നിങ്ങൾ നന്നായി ഇംഗ്ലിഷ് സംസാരിക്കുന്നുണ്ടല്ലോ' എന്ന അവരുടെ വാക്കുകൾക്ക് പുഞ്ചിരിച്ചു കൊണ്ട് നന്ദി പറഞ്ഞു. അപ്പോഴേയ്ക്കും ഷോപ്പിങ്ങ് ബാഗ് റെഡിയായിക്കഴിഞ്ഞു. അത് അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടി എല്ലാം ശരിയല്ലേ എന്ന് പരിശോധിച്ചു.

'കുട്ടികളുണ്ടോ?' വീണ്ടും ചോദ്യം. 'ഉവ്വ് രണ്ടു മക്കളുണ്ട്. അവർ പഠിക്കുന്നു' എന്ന് ഞാൻ.

'ഭാഗ്യവതി! എനിക്ക് ആ ഭാഗ്യവും ഉണ്ടായിട്ടില്ല. ഒൻപതു പ്രാവശ്യം ഗർഭമലസിപ്പോയി. ഇനി അടുത്തു തന്നെ IVF ശ്രമിക്കണം. എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്നു.'

അവരുടെ മുഖത്ത് തെളിഞ്ഞു കണ്ട നിസ്സഹായതയും ദയനീയതയും എന്റെ മനസ്സിൽ എവിടയോ തറച്ചു കയറിയ പോലെ... എന്നു പറയണമെന്നറിയാതെ ഇരിക്കുമ്പോൾ അവരുടെ ഭർത്താവ് ബില്ലടച്ചു കഴിഞ്ഞ് അവരെ തേടി എത്തി... യാത്ര പറഞ്ഞ് അവർ പോകുംമ്പോൾ ' നല്ലതു മാത്രം സംഭവിക്കട്ടെ ' എന്നാശംസിച്ചു ഞാൻ.

അവർ പോയിക്കഴിഞ്ഞിട്ടും അവർ പറഞ്ഞ കാര്യങ്ങൾ എന്നെ അലട്ടിക്കൊണ്ടിരുന്നു. അവർ പറഞ്ഞത് ശരിയാണ്. തിരിച്ചു പോകാനൊരു നാടും തങ്ങളുടെ വരവും കാത്തിരിക്കുന്ന വീട്ടുകാരും കൂട്ടുകാരും ഒക്കെയുള്ളയാളുകൾ ഭാഗ്യം ചെയ്തവർ തന്നെ!  എന്തൊക്കെ കുറവുകളും കുറ്റങ്ങളും പറഞ്ഞാലും പിറന്ന നാട്ടിലേക്ക് തിരിച്ചു പോകാൻ പറ്റുന്നത് വലിയൊരു ജീവിത സൗഭാഗ്യം തന്നെ! ജന്മനാടിന്റെ മണ്ണും മണവും നെഞ്ചിലേറ്റി നടക്കുന്ന ഓരോ പ്രവാസിയും തിരിച്ചു പോകാൻ ഒരിടമുണ്ടെന്ന ഒറ്റ കാരണത്താൽ മാത്രം ലോകത്തിലെ ലക്ഷോപലക്ഷം ആളുകളെക്കാൾ ഭാഗ്യവാന്മാർ തന്നെ!