സ്നേഹത്തിൽ പൊതിഞ്ഞ പത്തിരികൾ

നോമ്പ് കാലമായാൽ ഓർമ്മ വരിക മാണിക്കന്റെ ഉമ്മയെയാണ്. മാണിക്കൻ ഇല്ലത്തെ ഒരു കാര്യസ്ഥനായിരുന്നു. ഓർമ്മകൾ തുടങ്ങുന്ന കാലത്ത് കുറച്ചപ്പുറത്തുള്ള തെങ്ങിൻ തോപ്പിന്റെ മേൽനോട്ടമായിരുന്നു മാണിക്കന്റെ പ്രധാന പണി (അല്ലെങ്കിൽ ഞാൻ അങ്ങനെയാണ് ധരിച്ചു വച്ചിരിക്കുന്നത്). മാണിക്കന്റെ ഉമ്മ എന്നു പറയുന്നത് അദ്ദേഹത്തിന്റെ അമ്മയല്ല, ഭാര്യയാണ് ട്ടോ! ഇത്തിരി തടിച്ച്, തലയിലൊരു തട്ടവും നീളൻ കൈയ്യുള്ള ഒരു കുപ്പായവും നിറപ്പകിട്ടുള്ള ലുങ്കിയുമുടുത്ത് അരയിൽ ഒരു സ്റ്റീലിന്റെ അരപ്പട്ടയുമൊക്കെയായി അന്നത്തെ കാലത്ത് പ്രചാരമുണ്ടായിരുന്ന മുസ്ലീം വേഷത്തിൽ മുഖത്ത് സദാ പുഞ്ചിരിയുമായി ഞങ്ങളെ കാണാൻ വരാറുണ്ടായിരുന്ന ഉമ്മ!

ഇടയ്ക്കൊക്കെ അവർ ഇല്ലത്ത് വരും. ഞങ്ങൾ സന്തോഷപൂർവ്വം സംസാരിച്ചിരിക്കും. നോമ്പ് കാലത്ത് വരുമ്പോൾ ഞങ്ങൾക്കായി നല്ല സ്വാദുള്ള പത്തിരിയുമായാണുമ്മ വരിക. നല്ല നേർമ്മയുള്ള സ്വാദിഷ്ടമായ പത്തിരി. മുത്തശ്ശിയുള്ള കാലത്ത് മറ്റുള്ളവരിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കുന്നത് അവർക്കത്ര പഥ്യമായിരുന്നില്ലെന്നു വേണം കരുതാൻ! എന്നാൽ അച്ഛനുമമ്മയും ഒരു മടിയുമില്ലാതെ ഞങ്ങളെ ഇത് കഴിക്കാൻ സമ്മതിച്ചിരുന്നു. ഉമ്മ ഞങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിക്കൊണ്ടു വരുന്നതാണതെന്ന് അവർക്കറിയാം. ആ നിഷ്കളങ്ക സ്നേഹത്തിനു മുന്നിൽ യാതൊരു വിധ അതിർവരമ്പുകളും അവർ നിശ്ചയിച്ചില്ല. എന്നാൽ പ്രായമായ മുത്തശ്ശിയുടെ വികാരങ്ങളെയും മാനിയ്ക്കാതെ തരമില്ലല്ലൊ!

അതു കൊണ്ട് ഉമ്മ കൊണ്ടുവരുന്ന പത്തിരിയ്ക്കുള്ള ഞങ്ങളുടെ കാത്തിരിപ്പ് പത്തായപ്പുരയിലാണ്. ഒടുവിൽ ഉമ്മ വരുമ്പോൾ ആർത്തിയോടെ പത്തിരി കഴിക്കുന്നതും പത്തായപ്പുരയുടെ പടിയിലിരുന്നാണ്. (ഒരിക്കൽ സ്കൂളിൽ നിന്നും സിസ്റ്റർമാർ ഹോം വിസിറ്റ്റിന് വന്നപ്പോഴും പത്തായപ്പുരയിലാണ് അവരെ സ്വീകരിച്ചിരുത്തിയതെന്ന് ഓർക്കുന്നു - എന്റെ ഓർമ്മയിലെ ആദ്യത്തെ ചായ സത്ക്കാരം! 'ഏയ്ജ്ഡ് ആയ ഗ്രാന്റ് മദറിന്റെ' വികാരങ്ങൾ അവർക്കുൾക്കൊള്ളാനായിരിക്കണം.) ഞങ്ങൾ കഴിക്കുന്ന കറിയൊന്നും നിങ്ങൾക്ക് പറ്റില്ലെന്ന് ഉമ്മ പറയും. പാലും പഞ്ചസാരയും കൂട്ടിയോ തേങ്ങാപ്പാൽ കൂട്ടിയോ ആണ് ഞങ്ങൾ പത്തിരി കഴിച്ചിരുന്നത്.

ഇല്ലത്ത് പത്തിരിയൊന്നും ഉണ്ടാക്കാറില്ല. കൊതി കൂടുമ്പോൾ വല്ലപ്പോഴും മാണിക്കനോട് പറഞ്ഞ് ഉമ്മയെക്കൊണ്ട് പത്തിരി ഉണ്ടാക്കിക്കും. ഞങ്ങളുടെ ആവശ്യമറിഞ്ഞാൽ സ്നേഹത്തിന്റെ ഇരട്ടി മധുരവുമായി ഉടനെ തന്നെ പത്തിരിയെത്തും... ഞങ്ങളത് ആസ്വദിച്ചു കഴിക്കുന്നതും നോക്കി ഉമ്മ അടുത്തു തന്നെ നില്പുണ്ടാവും.

ഇതെത്ര കാലം തുടർന്നുവെന്ന് ഓർമ്മയില്ല. ഒരു പക്ഷേ, മാണിക്കന്റെ മരണം വരെ! അതോ ഉമ്മയ്ക്ക് വയ്യാതാവുന്ന വരേയോ? അറിയില്ല. കാലം ഇത്തിരി കഴിഞ്ഞപ്പോഴേയ്ക്കും തെങ്ങിൻ തോപ്പൊക്കെ വിറ്റു പോയി. മാണിക്കന്റെ വീട്ടിൽ നിന്നും പത്തിരി വരാതെയായി. ഉമ്മയുടെ വിവരങ്ങളും വിശേഷങ്ങളും മക്കളിലൂടെ ഇടയ്ക്കൊക്കെ അറിയും. ഒടുവിൽ ഒരു ദിവസം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ഒരിയ്ക്കലും മറക്കാത്ത ഓർമ്മകൾ മാത്രം ബാക്കിയായി.

ഉമ്മയ്ക്ക് മുൻപും ഉമ്മയുടെ കാലശേഷവും ആരും ഞങ്ങൾക്ക് പത്തിരി കൊണ്ടു തന്നിട്ടില്ല. പത്തിരി കഴിച്ചിട്ടുള്ളതും വിരലിലെണ്ണാവുന്ന തവണ മാത്രം! ഒന്നു രണ്ടു തവണ പത്തിരിയുണ്ടാക്കി നോക്കിയെങ്കിലും അതിനൊന്നും മാണിക്കന്റെ ഉമ്മയുണ്ടാക്കിത്തന്ന പത്തിരിയുടെ സ്വാദുണ്ടായിരുന്നില്ല. അവരുടെ നിഷ്കളങ്ക സ്നേഹവും കരുതലുമായിരുന്നു അതിന് പ്രത്യേക സ്വാദു പകർന്നിരുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.

ഈദ് ആഘോഷിയ്ക്കുന്ന എല്ലാവർക്കും ആശംസകൾ!

Comments

നല്ല നിറമുള്ള ഓർമ്മകൾ. ആ പത്തിരിയുടെ രുചി വായനക്കാരിൽ എത്തിയ്ക്കാനായി..ആശംസകൾ









© Mubi said…
ഓർമ്മകളിൽ സ്നേഹത്തിന്റെ പത്തിരി വെണ്മ!!
Nisha said…
നന്ദി! ഓര്‍മ്മകള്‍ക്ക് ഒരു പ്രത്യേക നിറവും രുചിയുമാണ്...
Nisha said…
അതെ മുബീ, സ്നേഹത്തിന്റെ വെണ്മ തന്നെ!

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം