സ്വപ്നചിറകുകള്‍!

അപ്പുറത്തെ കൂട്ടിലെ, എപ്പോഴും സങ്കടം തുളുമ്പുന്ന മുഖവുമായി ദൂരേക്ക് നോക്കി നില്‍ക്കുന്ന മയിലമ്മാവനെ കാണുമ്പോള്‍ കുഞ്ഞിക്കിളിക്ക് എന്തൊരു സങ്കടമാണെന്നോ? അമ്മാവന്‍റെ മുഖത്ത് എന്താണാവോ എപ്പോഴും ഇത്ര വിഷമം? കാരണം ചോദിക്കണമെന്നുണ്ടെങ്കിലും മയിലമ്മാവന്റെ മുഖം കാണുമ്പോള്‍ അവന്‍റെ ധൈര്യമൊക്കെ ചോര്‍ന്നു പോകും... അന്നൊരിക്കല്‍ എന്തോ കാര്യത്തിന് അമ്മാവന്‍റെ അരികിലെത്തിയ കുഞ്ഞുമയിലിനെ കടിച്ചുകീറാന്‍ പോയതൊന്നും അത്ര പെട്ടെന്ന് കുഞ്ഞിക്കിളി മറക്കില്ല - പാവം തന്റെ കൂട്ടുകാരന്‍ മയിലന്‍ കുഞ്ഞ്! പിന്നെ കുറേക്കാലം അവന്‍ ആരോടും ഒന്നും മിണ്ടാറില്ലായിരുന്നു...

"വേണ്ട; മയിലമ്മാവന്‍ ഒരു ദുഷ്ടനാ... ദേഷ്യം വന്നാല്‍ ചിലപ്പോള്‍ ആ കൂട് പൊളിച്ചു വന്ന്  തന്നെയും കടിച്ചു കീറും! ഹോ! ആലോചിചിട്ട് തന്നെ പേടിയാവുന്നു!!!" കുഞ്ഞിക്കിളിക്ക് ശരീരം മുഴുവനും വിറയ്ക്കുന്ന പോലെ തോന്നി!

കൂട്ടിലെ മറ്റു കൂട്ടുകാരോടൊത്ത് കളിക്കാം, അതാ നല്ലത്! കുഞ്ഞിക്കിളി ചിന്തിച്ചു. കൂട്ടുകാരുടെ അടുത്തേയ്ക്ക് പറക്കുന്നതിന് മുന്പ് ഒരിക്കല്‍ കൂടി അവന്‍ തിരിഞ്ഞു നോക്കി... അയ്യോ! അതെന്താ മയിലമ്മാവന്റെ കണ്ണില്‍ വെള്ളം നിറഞ്ഞ പോലെ??? കുഞ്ഞിക്കിളിക്ക് പാവം തോന്നി...

അവനറിയാതെ, തന്റെ കൂടിന്റെ അറ്റത്ത് പോയി നിന്ന് അല്പം പേടിയോടെ വിറയ്ക്കുന്ന ശബ്ദത്തില്‍ പതുക്കെ വിളിച്ചു : മയിലമ്മാവാ, എന്തിനാ കരയണേ? വിശന്നിട്ടാ? അതോ വയറു വേദനിച്ചിട്ടാ?

ഏതോ ചിന്തയില്‍ മുഴുകി നിന്ന മയില്‍ പെട്ടന്ന് ഒരൊച്ച കേട്ടപ്പോള്‍ ഞെട്ടിത്തിരിഞ്ഞു നോക്കി - ആദ്യ നോട്ടത്തില്‍ ആരേയും കണ്ടില്ല. വീണ്ടും സൂക്ഷിച്ചു നോക്കിയപ്പോള്‍, അടുത്ത കൂട്ടിലെ ഇത്തിരിക്കുഞ്ഞനാണ്. ഏറെ ആശങ്കയോടെ തന്നെ നോക്കി നില്‍ക്കുന്ന അവനെ കണ്ടപ്പോള്‍ മയിലച്ചന് കൌതുകവും ചിരിയുമാണ് തോന്നിയത്. ഈ കുസൃതിക്കുഞ്ഞന്‍ ഇടക്കൊക്കെ തന്നെ നോക്കി നില്‍ക്കാറുള്ളത് മയിലച്ചന് അറിയാവുന്നതുമാണ്.

പൊതുവേ കുഞ്ഞുങ്ങളുടെ വികൃതിയും ചോദ്യങ്ങളും തന്നെ ദേഷ്യം പിടിപ്പിക്കുകയാണ് പതിവ് - എന്നാല്‍ ഈ ഇത്തിരിക്കുഞ്ഞനെ എങ്ങനെ ചീത്ത പറയാനാ? അവന്റെ ഓമനത്തം തുളുമ്പുന്ന കണ്ണുകള്‍ കാണുമ്പോള്‍ അവനെ ചിറകിനടിയില്‍ ഒതുക്കി ആ തൂവലുകള്‍ മാടിയൊതുക്കാനാണ് തോന്നുന്നത്...

"മയിലമ്മാവാ... എന്താ പറ്റ്യേ?" ഇത്തിരിക്കുഞ്ഞന്റെ ഇടറിയ ഒച്ച വീണ്ടും...

"ഒന്നുമില്ല മോനേ.. ഞാന്‍... എന്റെ കുട്ടിക്കാലം ഓര്‍ത്തപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു വന്നതാ..."

മയിലമ്മാവന്റെ ഉത്തരം കേട്ടപ്പോള്‍ അവനു സന്തോഷവും നടുക്കവും ഒരേപോലെ തോന്നി. അമ്മാവന്‍ സംസാരിച്ചതില്‍ സന്തോഷം; ആ ഗംഭീര ശബ്ദം കേട്ടപ്പോള്‍ നടുക്കം. എന്നാല്‍ കുഞ്ഞിക്കിളിക്ക് അതിലേറെ ആശ്ചര്യമായി!

"മയിലമ്മാവന്‍ കുഞ്ഞായിരുന്നോ? അതെപ്പോ? കുട്ടിക്കാലം ഓര്‍ത്താല്‍ കരയാനുണ്ടോ?" അവന്റെ മനസ്സില്‍ നൂറുനൂറു ചോദ്യങ്ങള്‍ ഓടിക്കളിച്ചു..

"അതിന് കരയണെന്തിനാ??? കുട്ടിക്കാലത്ത് എല്ലാരും പാറിക്കളിച്ചു നടക്കുകയല്ലേ ചെയ്യാ! സന്തോഷമല്ലേ അപ്പോള്‍ തോന്ന്വാ? ഇവര്‍ തരുന്ന ഭക്ഷണോം കഴിച്ച്, കൂട്ടുകാരോട് കൂട്ടു കൂടി, അമ്മേടേം അച്ഛന്റേം കൂടെ സുഖായിട്ട് ജീവിക്കാലോ!" കുഞ്ഞിക്കിളി ഇല്ലാത്ത ധൈര്യം നടിച്ച് ചോദിച്ചു.

"ഹും, ഇതൊരു ജീവിതമാണോ!" മയിലച്ചന്റെ ഒച്ചയില്‍ അമര്‍ഷവും നിരാശയും ഉണ്ടായിരുന്നു. "നിനക്കതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല. ഈ കൂടുകള്‍ക്ക് വെളിയിലുള്ള ലോകം നീ കണ്ടിട്ടേയില്ലല്ലോ. അതാണ്‌."

"കൂടിനു വെളിയിലെ ലോകമോ!" കുഞ്ഞിക്കിളി അമ്പരന്നു! "അതേത് ലോകം???"

"അതാണ്‌ ശരിയായ ലോകം! ഇവിടെ ഈ മനുഷ്യര്‍ നമ്മെ അവരുടെ വിനോദത്തിനും ആഹാരത്തിനും വേണ്ടി തടവിലിട്ടതല്ലേ! നമ്മുടെ ജീവിതം ശരിക്കും ഈ കൂടുകളില്‍ അല്ല വേണ്ടത്. കാടിന്റെ പച്ചപ്പിലും മരങ്ങളുടെ മുകളിലും ഏറെ സ്വാതന്ത്ര്യത്തോടെ പറന്നു നടക്കേണ്ടവരാണ് നാം!"

"സ്വാതന്ത്ര്യമോ? അതെന്താ? നമ്മള്‍ ഇപ്പോഴും പറന്നു നടക്കുന്നില്ലേ? കൂടിന്റെ ഈ അറ്റത്തൂന്ന് മറ്റേ അറ്റം വരെ പറക്കുമ്പോഴേക്കും എന്റെ ചിറക് തളരും! ഞാന്‍ ഇത് വരെ അങ്ങേയറ്റത്ത് താമസിക്കുന്ന കുട്ടന്‍ കുരുവിയുടെ വീട്ടില്‍ പോയിട്ടില്ല, അറിയ്വോ അമ്മാവന്?"

"ഇതൊന്നും നിന്റെ കുറ്റമല്ല കുഞ്ഞേ... നീ ഈ കൂട്ടിലെ ജീവിതമേ കണ്ടിട്ടുള്ളൂ. എന്നാല്‍ നമ്മുടെ ശരിയായ വീട് ഇതല്ല. മുകളില്‍ ആകാശവും താഴെ ഭൂമിയും... പറന്നു നടക്കാന്‍ ഇഷ്ടം പോലെ സ്ഥലം. കുടിക്കാന്‍ നദികളിലെ വെള്ളം. തിന്നാന്‍ വിവിധയിനം കായ്കനികളും പുഴുക്കളും..." മയിലച്ചന്‍ എന്തോ ഓര്‍ത്ത് വീണ്ടും മിണ്ടാതായി...

കായ്കനികളും പുഴുക്കളും എന്ന് കേട്ടപ്പോള്‍ കുഞ്ഞിക്കിളിയുടെ വായില്‍ വെള്ളം വന്നു. അവന്‍ വളരെ കുറച്ചു തവണ മാത്രമേ പഴങ്ങളും പുഴുക്കളും തിന്നിട്ടുള്ളൂ... ഹാ!... എന്താ അതിന്റെ ഒരു സ്വാദ്! ഈ അരിക്കും നെല്മണിക്കുമൊന്നും അത്ര സ്വാദില്ല.

"അതായിരുന്നു ജീവിതം..." മയിലച്ചന്‍ തുടര്‍ന്നു. "ഇഷ്ടം പോലെ ഭക്ഷണം; ഇഷ്ടം പോലെ നടക്കാം പറക്കാം..." "മഴ വരുമ്പോള്‍ പീലി നിവര്‍ത്തി മതി വരുവോളം നൃത്തം ചെയ്യാം.. മഴ നനയാം. മറ്റു കിളികളുമായി ഉല്ലസിച്ചു നടക്കാം...." മയിലച്ചന്റെ ശബ്ദത്തില്‍ ഇത് വരെ കേള്‍ക്കാത്ത ഒരു ആവേശം നിറഞ്ഞു. കണ്ണുകളില്‍ പതിവില്ലാത്ത തിളക്കം!

"കേള്‍ക്കാനൊക്കെ രസം തന്നെ! പക്ഷേ മഴ നനഞ്ഞാല്‍ വയ്യാണ്ടാവില്ലേ? പറന്നു നടന്നാല്‍ ചിറക് തളരില്ലേ?" കിളിക്കുഞ്ഞ്‌ ആശങ്കപ്പെട്ടു!

"ഈ കൂട്ടില്‍ വളര്‍ന്നതിന്റെ കുഴപ്പമാ നിനക്ക്!" മയിലമ്മാവന്‍ വേവലാതിപ്പെട്ടു. "യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ച് നിനക്കെന്തറിയാം! അതൊന്നും പറഞ്ഞാല്‍ നിനക്ക് മനസ്സിലാവില്ല കുഞ്ഞേ..." മയില്‍ തുടര്‍ന്നു.

"കാടും മരങ്ങളുമാണ് നമ്മുടെ ശരിക്കും വീട്. അവിടെ എന്നെയും നിന്നെയും പോലെ നൂറുക്കണക്കിന് പക്ഷികളുണ്ട്. ഈ കൂട്ടില്‍ കിടക്കുന്ന പോലെയുള്ള തരങ്ങള്‍ അല്ലാതെ - കാക്ക, കുട്ടുറുവന്‍, തീക്കാക്ക, തേന്‍ കിളി, കൊക്ക്, മൂങ്ങ, കുയില്‍, ചക്കിപ്പരുന്ത്, മഞ്ഞക്കിളി, വേഴാമ്പല്‍, കഴുകന്‍..."

"അയ്യയ്യോ! ഇത്രേം പക്ഷികളോ!" കുഞ്ഞിക്കിളിക്ക് ആശ്ചര്യം അടക്കാനായില്ല. ഒപ്പം ഒരു പേടിയും അവനെ പിടികൂടി. "കഴുകനും പരുന്തുമൊക്കെ എന്നെ പിടിച്ചു തിന്നില്ലേ? അന്നാളൊരിക്കല്‍ അമ്മയും അപ്പര്‍ത്തെ കൂട്ടിലെ അമ്മായിയും പറയണ കേട്ടല്ലോ ഇവിടെ പരുന്തിനേം കഴുകനേം ഒന്നും പേടിക്കാതെ സുഖായി ജീവിക്കാലോ എന്ന്‍!"

"ഹും! ഈ പെണ്ണുങ്ങള്‍ അല്ലേലും ചില നേരത്ത് അങ്ങനെയാ... പേടിത്തൂറികള്‍! അവര്‍ക്ക് എപ്പോഴും സുരക്ഷയെക്കുറിച്ചുള്ള ചിന്ത മാത്രമേയുള്ളൂ.. ഈ കൂട്ടിനകത്ത്‌ പോലും നിന്റെയമ്മ നിന്നോട് പറയാറില്ലേ, 'അവിടെ പോകരുത്, അത് തൊടരുത്' എന്നൊക്കെ! ഇവിടെ നിനക്ക് പ്രത്യേകിച്ച് ഒരു ആപത്തും ഇല്ലെന്ന്‍ അവര്‍ക്കറിയാം. എന്നാലും പറഞ്ഞു കൊണ്ടിരിക്കും!"

അത് ശരിയാണല്ലോ എന്ന മട്ടില്‍ കുഞ്ഞിക്കിളി തലയിളക്കി.

മയിലച്ചന്‍ തുടര്‍ന്നു: "അവര്‍ക്ക് നമ്മോടുള്ള സ്നേഹം കൊണ്ടാണ് അതൊക്കെ പറയുന്നത്. എന്നാലും..." "പിന്നെ, നിന്റെ അമ്മയ്ക്കും കാടെന്താണ് എന്നറിയില്ല. അവള്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ ഈ കൂട്ടിനുള്ളില്‍ തന്നെയല്ലേ... അവളെ പറഞ്ഞിട്ടും കാര്യമില്ല".

മയിലച്ചന്‍ കാടിനെക്കുറിച്ചു വാ തോരാതെ സംസാരിച്ചു. മഴയും മഴവില്ലും നീലാകാശവും കാട്ടാറുമൊക്കെ കുഞ്ഞിക്കിളിക്ക് പറഞ്ഞു കൊടുത്തു. അവന്‍ അതിലങ്ങനെ ലയിച്ചിരിക്കുമ്പോഴാണ് കൂട്ടുകാരുടെ വിളി വന്നത്. മറ്റു കിളികളുടെ ഒച്ച കേട്ടതോടെ മയിലച്ചന്റെ ഭാവം മാറി; സംസാരം നിര്‍ത്തി തന്റെ കൂടിന്റെ മറ്റേ അറ്റത്തേയ്ക്ക് പതുക്കെ നടന്നകന്നു...

കണ്ണുകളില്‍ പതിവില്ലാത്ത തിളക്കവുമായി കുഞ്ഞിക്കിളി കൂട്ടുകാരുടെ അടുത്തേയ്ക്ക് പറന്നു നീങ്ങുമ്പോള്‍ അവന്റെയുള്ള് ഇതു വരെ അറിയാത്ത സ്വാതന്ത്ര്യത്തെ സങ്കല്‍പ്പിക്കുകയായിരുന്നു. അവന്റെ മനസ്സില്‍ ഒരു മഴാവില്ല് വിരിഞ്ഞു. കാറുമൂടിയ ആകാശത്തിനു കീഴെ മയിലമ്മാവന്‍ പീലി നിവര്‍ത്തിയാടുന്ന ചിത്രം കണ്ട് അവന്‍ ആഹ്ളാദത്തോടെ പാടിത്തുടങ്ങി..


Comments

Cv Thankappan said…
ഈ കൊച്ചുബാലക്കഥയിലൂടെ സ്വാതന്ത്ര്യത്തിന്‍റെ അനുഭൂതി അനുവാചകനിലേക്ക് ആവാഹിക്കാന്‍ കഴിയുന്നു!
ആശംസകള്‍

നല്ലൊരു കുട്ടിക്കഥ..
Nisha said…
നന്ദി തങ്കപ്പേട്ടാ

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം