ഗോമുഖിലേയ്ക്ക് - 2

പിറ്റേന്ന് കണ്ണു തുറന്നത് ഇരുണ്ട ഒരു പ്രഭാതത്തിലേയ്ക്കായിരുന്നു. ഒന്നു കിടന്നതേയുള്ളൂ - അപ്പോഴേയ്ക്കും എഴുന്നേൽക്കാറായ പോലെ! രജായിയുടെ ഊഷ്മളതയിൽ നിന്നും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന തണുപ്പിലേയ്ക്ക് ഇറങ്ങാൻ മടി! പക്ഷേ സമയബന്ധിതമായി നീങ്ങിയില്ലെങ്കിൽ ഞങ്ങളുടെ യാത്ര ഇനിയും നീണ്ടുപോകും. അതിനാൽ പുതച്ചു മൂടിക്കിടക്കാനുള്ള അതിയായ ആഗ്രഹത്തെ കീഴടക്കി പതുക്കെ പ്രഭാത കർമ്മങ്ങളിൽ മുഴുകി. തണുത്തുറഞ്ഞ വെള്ളം തൊട്ടപ്പോൾ പല്ല്  തേയ്‌ക്കേണ്ട എന്നു വരെ തോന്നി. എന്നാലും ആ തോന്നലിനെ നിഷ്കരുണം തള്ളിക്കളഞ്ഞ് പല്ലുതേപ്പും മുഖം കഴുകലും ഒക്കെ കഴിഞ്ഞ് ഗോമുഖിലേയ്ക്ക് പോകാൻ തയ്യാറായി.

സ്വർണ്ണ മല 

രാവിലെ അഞ്ചേ കാലോടെ താമസസ്ഥലത്തിനു പുറത്തെത്തി. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു പുലരിയിലേക്കാണ് ഞാനന്ന് കാലെടുത്തു വെച്ചത്. മുന്നിൽ തലയുയർത്തി നിൽക്കുന്ന പർവ്വതനിര. ഉദയസൂര്യകിരണങ്ങൾ ഏറ്റു വാങ്ങി സ്വർണ്ണപ്രഭയിൽ മുങ്ങി നിൽക്കുന്ന ഗിരിശൃംഗങ്ങൾ! കാണുന്ന കാഴ്ച്ച സത്യമാണോ എന്ന് വിസ്മയിച്ചു പോയ നിമിഷങ്ങൾ... സ്വർണ്ണവും വെള്ളിയും കരിനിറങ്ങളും മാറിമാറി പ്രദർശിപ്പിച്ചു കൊണ്ട് അവയങ്ങനെ വിലസി നിന്നു. കൂട്ടത്തിലുള്ളവർ എത്തി ചേരാൻ അല്പ സമയമെടുത്തതിനാൽ ആ സുന്ദരദൃശ്യങ്ങൾ മതിവരുവോളം കാണാൻ കഴിഞ്ഞു.
മാറുന്ന ഭാവങ്ങൾ 
ഗംഗോത്രിയിൽ നിന്നും പുറപ്പെട്ട 12 പേരിൽ മൂന്നു കുട്ടികളും രണ്ടു മുതിർന്നവരും ഗോമുഖിലേയ്ക്ക് വരുന്നില്ല. മുതിർന്നവർ ദേഹാസ്വാസ്ഥ്യം കാരണം മാറി നിന്നപ്പോൾ കുട്ടികളോട്  ഇത്ര നേരത്തെ എഴുന്നേറ്റ് വരേണ്ടതില്ല എന്ന് പറഞ്ഞു - ഗോമുഖിലേയ്ക്കും തിരിച്ചും ഉള്ള 8 കിലോമീറ്റർ കൂടാതെ തിരിച്ചു ഗംഗോത്രിയിലേക്കുള്ള 16  കിലോമീറ്ററും അന്ന് നടക്കാനുള്ളതു കൊണ്ടാണ് അവരോട് വരേണ്ട എന്ന് പറഞ്ഞത്.

ഐസ് പുതച്ച കല്ലുകൾ 
ബാക്കി 7  പേരും ഭീമും കൂടി ആറു മണിയ്ക്കു മുൻപ് ഗോമുഖിലേയ്ക്ക് യാത്ര തിരിച്ചു. അവിടങ്ങളിൽ സൂര്യോദയം വളരെ നേരത്തെയാണ്. അതു കൊണ്ടുതന്നെ വഴിയിൽ വെളിച്ചക്കുറവ് ഒട്ടും ഉണ്ടായിരുന്നില്ല. ഇന്നലെ സഞ്ചരിച്ച വഴികളെല്ലാം മിക്കവാറും മൺ പാതകളായിരുന്നല്ലോ. ഇന്ന് മിക്കതും പാറകളാണ്. തലേന്നു രാത്രി പെയ്ത മഞ്ഞിന്റെ പാളികൾ ഉരുകാതെ ഈ പാറകളിൽ പറ്റിപ്പിടിച്ചിരുന്നു. കണ്ടാൽ നിരുപദ്രവകരമെന്നു തോന്നുമെങ്കിലും കണ്ണാടിച്ചില്ലുപോലെയുള്ള ഈ പാളികളാണ് ഏറെ അപകടകാരികൾ. അവയിൽ ചവുട്ടി വഴുക്കി വീഴാൻ എളുപ്പമാണ്. ഏറെ ശ്രദ്ധിച്ചു വേണം ഓരോ ചുവടും വെക്കാൻ.

വഴിയിൽ പലയിടത്തും മഞ്ഞുപാളികളും കട്ടകളുമുണ്ട്. ഇടയ്ക്കൊരിടത്ത് ഒരു ചെറിയ മരപ്പാലം (മരത്തടി) കടന്നു പോകണമായിരുന്നു. അവിടെയെത്തിയപ്പോഴാണെന്നു തോന്നുന്നു കൂട്ടത്തിൽ ഒരാൾ അടിതെറ്റി ആ വെള്ളത്തിൽ കാലുകുത്തി. ഭാഗ്യത്തിന് വേറെ അപകടം ഒന്നും ഉണ്ടായില്ല. എന്നാലും മരം കോച്ചുന്ന ആ തണുപ്പത്ത് നനഞ്ഞ ഷൂസും സോക്‌സുമായി യാത്ര പൂർത്തിയാക്കാൻ ആ പാവം കഷ്ടപ്പെട്ടു.

വിജയശ്രീലാളിതൻ 
കുറച്ചു ദൂരം നടന്നപ്പോൾ പതിവു പോലെ ഞാൻ പിന്നിലായി. ഇന്നലത്തെ നടത്തത്തിന്റെ വേദനയുണ്ട് കാലിൽ. ഇതു വരെ എത്തിയിട്ട് ഗോമുഖിൽ പോകാതെ തിരിച്ചു പോകാൻ പറ്റില്ല എന്ന ഒരു വാശിയുടെ ബലത്തിലാണ് ഞാൻ നടക്കുന്നത്. ചുറ്റുമുള്ള കാഴ്ച കണ്ടും അത്യാവശ്യം ചിത്രങ്ങൾ പകർത്തിയും യാത്ര തുടർന്നു. എപ്പോഴത്തെയും പോലെ ദിലീപ് താങ്ങായ് തണലായ്‌ കൂടെത്തന്നെയുണ്ട്.

പണ്ട് ഗോമുഖ് ഇവിടെയായിരുന്നത്രെ!
അല്പ ദൂരം ചെന്നപ്പോൾ പണ്ട് ഗോമുഖ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് എത്തിച്ചേർന്നു. ആഗോളതാപനം മൂലമോ മറ്റു കാരണങ്ങൾ കൊണ്ടോ എന്നറിയില്ല, ഹിമായാളത്തിലെ മഞ്ഞ് അതിവേഗം ഉരുകിക്കൊണ്ടിരിക്കുകയാണത്രെ! 1891-ൽ ഉള്ളതിനേക്കാൾ 2 കിലോമീറ്ററോളം ഉൾവലിഞ്ഞിരിക്കുന്നു ഗംഗയുടെ ഉദ്ഭവസ്ഥാനം. പരിസ്ഥിതിയിൽ നാം വരുത്തുന്ന നാശത്തിന്റെ ഭീകരത എത്രത്തോളം ഉണ്ടെന്നു കണ്ടറിഞ്ഞ നിമിഷമായിരുന്നു അത്.

അമ്പലം 
അങ്ങനെ നടന്നു നടന്നു ഒരു ചെറിയ അമ്പലത്തിന്റെ അടുത്തെത്തി. അവിടെ ഒരു സ്വാമി ഉണ്ടാവാറുണ്ടത്രെ. ഞങ്ങൾ ചെന്ന സമയത്ത് അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. ചെറിയൊരു ശിവലിംഗവും നന്ദിയുടെ പ്രതിമയും ഒക്കെയായി ആ അമ്പലത്തിന്റെ മുന്നിൽ ഒരു നിമിഷം കണ്ണടച്ചു നിന്നു. വീണ്ടും നടത്തം തുടർന്നു. കുറച്ചു ദൂരം ചെന്നപ്പോൾ മുന്നിൽ ആരെയും കാണാനില്ല. ഒരു മഞ്ഞു നിര മാത്രം. അതിന്റെ അപ്പുറത്താവും മറ്റുള്ളവർ എന്നൂഹിച്ച് അതിനു കുറുകെ നടന്നു. അത്യന്തം ക്ലേശകരമായിരുന്നു ആ നടത്തം. മഞ്ഞിനു മുകളിൽ നടക്കുമ്പോൾ വഴുക്കാതെ നോക്കണം. കയ്യിലെ വടിയും കുത്തി ഓരോ ചുവടും സശ്രദ്ധം മുന്നോട്ട് വെച്ച് പതുക്കെ നടന്നു. ആ ഒരു മല കടന്നപ്പോഴേയ്ക്കും ഭീം വീണ്ടും ഞങ്ങളെ തേടിയെത്തി. മറ്റുള്ളവർ അപ്പോഴേയ്ക്കും ഗോമുഖിൽ എത്തിയിരുന്നു.

ഗോമുഖിൽ സന്തോഷപൂർവ്വം 
ഗോമുഖിനെ കുറിച്ച് എനിക്കെന്ത് സങ്കല്പമാണ് ഉണ്ടായിരുന്നതെന്നറിയില്ല. എന്തായാലും  ഞാൻ അന്നവിടെ കണ്ടതല്ല അതെന്ന് അറിയാം. പ്രകൃതിയുടെ ഭംഗി നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല, പലപ്പോഴും. എനിക്കന്നു സംഭവിച്ചതും അത് തന്നെയാണ്. ഗോമുഖിന് അഭിമുഖമായി നിന്ന ആ നിമിഷങ്ങൾ എന്നിലുണർത്തിയതെന്ത് എന്ന് നിർവ്വചിയ്ക്കാൻ കഴിയില്ല. ഈ വലിയ ഭൂമിയിൽ ഞാൻ എന്തൊക്കെയോ ആണെങ്കിലും ഒന്നുമല്ല എന്നൊരു തോന്നൽ. മനസ്സിൽ സന്തോഷം നിറഞ്ഞു തുളുമ്പി. മരവിച്ചു പോകുന്ന തണുപ്പ് (താപ നില -4  ആയിരുന്നു എന്ന് തോന്നുന്നു), ഹുങ്കാരത്തോടെ വീശിയടിക്കുന്ന കാറ്റ്... മലക്കൾക്കു നടുവിൽ ഒരല്പം പരപ്പ്. അവിടെ കല്ലും മഞ്ഞും മൂടിയ പ്രതലം. ഒരു വശത്തുകൂടെ ഗംഗ ഒഴുകുന്നു. മുന്നിൽ ഏതാണ്ട് അര കിലോമീറ്ററോളം ദൂരത്ത് ഗോമുഖ് എന്ന ഗംഗയുടെ ഉദ്ഭവസ്ഥാനം. അത് കണ്ടു നിർവൃതിപൂണ്ടു.

ഗോമുഖ് 
ഏറ്റവും പാവനമായ, പരിശുദ്ധ നദിയെന്ന് ഖ്യാതിയുള്ള ഗംഗയിൽ കണ്ണാടി പോലെ തെളിഞ്ഞ വെള്ളമാവും എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ ഈ യാത്രയിലുടനീളം ഗംഗ തെളിഞ്ഞൊഴുകുന്നത് കണ്ടില്ല. ഹിമാലയത്തിലെ അയവുള്ള നനഞ്ഞ മണ്ണും വഹിച്ചുകൊണ്ടാണവൾ താഴേയ്ക്കൊഴുകുന്നത്. ദൂരെ താഴ്വാരത്തിലെവിടെയോ വെച്ചാണവൾ തെളിഞ്ഞ രൂപം കൈവരിയ്ക്കുന്നത്. അതു വരെ കലങ്ങിയാണവൾ ഒഴുകിയിറങ്ങുന്നത്. (ഞാൻ ആവശ്യപ്പെട്ട പ്രകാരം ഭീം ഗംഗോത്രിയിൽ വെച്ച് ഒരു കുപ്പിയിൽ ഗംഗാജലം നിറച്ചു തന്നു. കലങ്ങി മറിഞ്ഞ ആ വെള്ളം എന്തിനു കൊണ്ടു പോവുന്നു എന്ന് കാണുന്നവർക്ക് സംശയമുണ്ടായേക്കാം. പക്ഷേ, വീട്ടിലെത്തി അൽപനേരം ഇളക്കാതെ വെച്ചപ്പോൾ വെള്ളത്തിലുണ്ടായിരുന്ന മൺ തരികൾ കുപ്പിയ്ക്കടിയിൽ അടിഞ്ഞു കൂടി ആ ജലം തെളിഞ്ഞു ശുദ്ധമായി). 

ഗോമുഖിൻ്റെ തൊട്ടടുത്തു വരെ പോകാൻ അനുവാദമില്ല. എപ്പോൾ വേണമെങ്കിലും സംഭവിച്ചേയ്ക്കാവുന്ന മഞ്ഞുമലയിടിച്ചിൽ (avalanche)  ആ പ്രദേശത്തെ അപകടകരമാക്കുന്നു. ഗോമുഖിൻ്റെ അരികിലേയ്ക്ക് പോകരുതെന്ന മുന്നറിയിപ്പ് അവിടെയുണ്ട്. എന്നാൽ അത് വക വെയ്ക്കാതെ പലരും അവിടേയ്ക്ക് പോകാറുണ്ടെന്നും ചിലപ്പോൾ അപകടത്തിൽ പെടാറുണ്ടെന്നും ഭീം പറഞ്ഞു. തണുപ്പും കാറ്റും ഒക്കെയായി അവിടെ അധിക നേരം തങ്ങാൻ പറ്റില്ല. അതു കൊണ്ട് വേഗം തന്നെ ഫോട്ടോ (ഒന്നിച്ചും ഒറ്റയ്ക്കും) എടുത്ത് ഞങ്ങൾ തിരിച്ചു പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ഫോട്ടോ എടുക്കാനായി കയ്യുറയിൽ നിന്നും സ്വതന്ത്രമാക്കിയ  കൈപ്പത്തി മരവിച്ചു തുടങ്ങിയത് നിമിഷങ്ങൾക്കുള്ളിലായിരുന്നു. കയ്യിൽ കരുതിയ ചോക്ലേറ്റ് എല്ലാവർക്കുമായി വീതിച്ചു നൽകിയിട്ട് ഒരിക്കൽ കൂടി അവിടുത്തെ അസുലഭ കാഴ്ച മനസ്സിൽ ആവാഹിച്ച് തിരിച്ചു നടന്നു.


ക്യാമറയിലെ ബാറ്ററി അപ്പോഴേയ്ക്കും തീർന്നിരുന്നു. അതിനാൽ ഫോട്ടോയെടുക്കൽ വല്ലപ്പോഴും മൊബൈലിൽ മാത്രമായി. അതിന്റെ ബാറ്ററിയും കഴിയാറായിത്തുടങ്ങിയിരുന്നു. പതുക്കെ ഭോജ്‌ബാസ ലക്ഷ്യമാക്കി നടന്നു. എപ്പോഴത്തെയും പോലെ ഏറ്റവും പിന്നിലായി ഞങ്ങൾ. നടന്നും ഇരുന്നും നിന്നുമൊക്കെ ഭോജ്‌ബാസയിൽ എത്തിയപ്പോഴേയ്ക്കും സംഘത്തിലെ ബാക്കിയെല്ലാവരും ഭക്ഷണം കഴിച്ചു കഴിയാറായിരുന്നു. ചൂടോടെ ആലു പറാൻഥ കഴിച്ച് അല്പ നേരം വിശ്രമിച്ച്, ഉച്ചയ്ക്കുള്ള ഭക്ഷണമായി കുറെ പരാൻഥകൾ  പൊതിഞ്ഞു കെട്ടി അവരവരുടെ ഭാണ്ഡവും തൂക്കി ഞങ്ങൾ തിരിച്ചു യാത്ര തുടങ്ങി.

അങ്ങോട്ട് പോകുമ്പോൾ ഞങ്ങളെ വലച്ച കുന്നിൻ ചെരുവ് ഇപ്പോൾ ശാന്തമാണ്. എന്നാലും ആ വഴികൾ ദുർഘടം തന്നെ. ഒരു ചെരുവിലെ ഇറക്കമിറങ്ങുമ്പോൾ കൂട്ടത്തിലെ ഒരാൾ അടിതെറ്റി താഴേയ്ക്ക് വീഴാൻ പോയി. ഭീം തക്കസമയത്ത് പിടിച്ചത് കൊണ്ട് വലിയയൊരു ദുരന്തം ഒഴിവായി. ആ രംഗം കണ്ടപ്പോൾ ഏതാനും നിമിഷങ്ങൾക്ക് ഹൃദയം നിലച്ച പോലെ തോന്നി.  എന്തായാലും കൂടുതൽ ശ്രദ്ധയോടെ എലാവരും നടന്നു. കയറിയ കയറ്റങ്ങൾ ഇറങ്ങിയും ഇറങ്ങിയവ കയറിയും പാലങ്ങൾ കടന്നും പാറകൾ കയറിറങ്ങിയും ചീർബാസയിൽ എത്തി. ഇത്തവണ പതിവിനു വിപരീതമായി ഞാനായിരുന്നു ഏറ്റവും മുന്നിൽ.

ഇടയ്ക്കിരുന്നും...
ഇടയ്ക്ക് നിന്നും ...
അവിടെ പാറക്കൂട്ടത്തിനു മുകളിൽ വിശ്രമിച്ച് ഭക്ഷണവും കഴിച്ച് വീണ്ടും യാത്ര തുടങ്ങി. മുന്നിൽ പോയിത്തുടങ്ങിയ ഞാൻ ദിലീപ് പിന്നിലാണെന്ന് കണ്ട് വേഗം കുറച്ചു തുടങ്ങി. വീണ്ടും ഞങ്ങൾ ഒപ്പമെത്തി. ശ്വാസതടസ്സം നേരിട്ടു തുടങ്ങിയതിനാൽ ആളുടെ നടത്തം അല്പം ആയാസകരമായി തുടങ്ങിയിരുന്നു. പതുക്കെ പതുക്കെ പരസ്പരം ഉത്സാഹിപ്പിച്ച് ഞങ്ങൾ നടന്നു. അല്പ ദൂരം നടക്കുക. കുറച്ചു നേരമിരിക്കുക, പിന്നെയും നടക്കുക. അതായിരുന്നു ഞങ്ങൾ ചെയ്തത്. അങ്ങനെ ഇഴഞ്ഞിഴഞ്ഞു നീങ്ങുമ്പോൾ ഭീം വീണ്ടും ഞങ്ങളുടെ അടുത്തെത്തി. ദിലീപിൻ്റെ ബാഗ് വാങ്ങി സ്വന്തം ബാഗ് അതിനുള്ളിലാക്കി ആ ബാഗ് ഏറ്റി നടന്നു - പതുക്കെ വന്നാൽ മതിയെന്ന് പറഞ്ഞ്... ഭാരം പോയപ്പോൾ നടക്കാൻ അല്പം ആശ്വാസം കിട്ടി.

എന്നാലും കൂടെയുള്ളവരേക്കാൾ ഏറെ പിന്നിലായിരുന്നു ഞങ്ങൾ. കാഴ്ച കണ്ടും ചിലപ്പോൾ ഫോട്ടോയെടുത്തും വിശ്രമിച്ചും യാത്ര തുടർന്നു. ഇപ്പോൾ ക്ഷീണവും വേഗതക്കുറവും എനിക്കാണ്. അങ്ങനെ ഒരിടത്തിരുന്നു വിശ്രമിച്ച ശേഷം ഞാൻ മുന്നിൽ നടന്നു. വിജനമായ പാത - വലതു വശത്ത് മണ്ണും കല്ലും ഒക്കെയുള്ള കുന്ന്. മുന്നിലെ മനോഹരമായ നീലാകാശവും ഇടത്തു വശത്തെ കരിംപാറക്കൂട്ടങ്ങളും അവയ്ക്കിടയിലൂടെ ഒഴുകുന്ന പുഴയും കണ്ടങ്ങനെ നടക്കുമ്പോഴാണ് എന്റെ കാലിൽ ഒരു നാരങ്ങാ വലുപ്പത്തിലുള്ള ഒരു കല്ല് വന്നു കൊണ്ടത്. ഒരു നിമിഷം കാലിടറി വീഴാൻ പോയെങ്കിലും ഭാഗ്യത്തിന് നില തെറ്റിയില്ല. ഒന്നു രണ്ടു കുഞ്ഞിക്കല്ലുകൾ കൂടി അപ്പോഴേയ്ക്കും എന്റെ മേൽ വന്നു തട്ടി. മണ്ണും കല്ലും കൂടി ഇളകി വരുന്നത് കണ്ടപ്പോൾ വേഗം മുന്നിലേയ്ക്ക് നടന്ന് ഒരു സുരക്ഷിത സ്ഥാനം നോക്കി ഒതുങ്ങി നിന്നു.


മലയിടിച്ചിലാണോ - ദിലീപിനോട് അവിടെ തന്നെ നിന്നാൽ മതി എന്ന് പറയണോ എന്നൊക്കെ ചിന്ത പോയി. പൊടി ഒന്നടങ്ങിയപ്പോഴാണ് കണ്ടത് - മലമുകളിലൂടെ ഭരാൽ (മലയാട്) ഓടിയപ്പോൾ അവയുടെ കാലുകൊണ്ട് ഉരുണ്ടു വീണ കല്ലുകളാണ് എന്നെ ഭയപ്പെടുത്തിയത് എന്ന്. ആശ്വാസത്തോടെ ഒരു നെടുവീർപ്പിട്ടു. എന്റെ മേൽ വന്നു തട്ടിയത് അല്പം കൂടി വലിയ കല്ലായിരുന്നുവെങ്കിൽ ഞാനും അതിനോടൊപ്പം താഴെ മലയിടുക്കിലേയ്ക്ക് വീണേനെ... ഇതിപ്പോൾ നല്ല വേദനയുണ്ടെന്നേയുള്ളൂ...

അപ്പോഴേയ്ക്കും ദിലീപും എൻ്റെയൊപ്പം എത്തി. ആടുകൾ ഓടുന്നത് എന്റെ പിന്നിലായി വരുന്നവർ കണ്ടിരുന്നത്രെ. ഞാൻ ആ ഭാഗം കടന്നു പോയിട്ടുണ്ടാവും എന്നായിരുന്നു ദിലീപിൻ്റെ നിഗമനം. പറയത്തക്ക അപകടങ്ങൾ ഒന്നും ഉണ്ടായില്ലല്ലോ എന്ന് ആശ്വസിച്ച് കുറച്ചു നേരം അവിടെ വിശ്രമിച്ചു. വീണ്ടും ഞങ്ങൾ ഒന്നിച്ചു നടന്നു തുടങ്ങി.


ഇരുണ്ടയാകാശം 
കുറെ ദൂരം അങ്ങനെ പോയപ്പോൾ ഇരുട്ടുകുത്തി കാർമേഘങ്ങൾ  ഉരുണ്ടു കൂടിത്തുടങ്ങി. അടുത്ത വേവലാതി അതായി - മഴ പെയ്താൽ നനയുകയല്ലാതെ മാർഗ്ഗമൊന്നുമില്ല. റൈൻ കോട്ടും മറ്റും ഭീമിന്റെ കയ്യിലുള്ള ബാഗിലാണ്. ഭീം എത്ര മുന്നിലാണെന്ന് അറിയില്ല.  മലമുകളിൽ പ്രകൃതിയുടെ നിറം മാറുന്നത് നിമിഷ നേരം കൊണ്ടാണ്. നീലനിറത്തിൽ കണ്ണിനു കുളിർമ്മ നൽകിയ ആകാശം ഇപ്പോൾ കറുത്തിരുണ്ട് പേടിപ്പിയ്ക്കുന്ന മുഖത്തോടെ നിൽക്കുന്നു. ഗംഗോത്രിയിലേക്ക് ഇനിയും ഏറെ ദൂരമുണ്ട്.

മഴ പെയ്യരുതേ ഭഗവാനെ എന്ന് ഉള്ളിൽ പ്രാർത്ഥിച്ചു കൊണ്ട് നടന്നു. എൻ്റെ കാലിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം. കല്ല് കൊണ്ടതിന്റെ വേദന നന്നായുണ്ട്. കൂടാതെ ഇത്ര ദൂരം നടന്നതിന്റെ വേദന വേറെയും. കാലിലെ ഷൂവിനു കനം കൂടിയോ? കാൽപാദം വീർത്തിരിക്കുന്നുണ്ടോ? കണങ്കാലിൽ മുറിവുണ്ട് - തീർച്ച. ഇനിയും കുറെ ദൂരം നടക്കണം. ഇല്ലാത്ത ശക്തിയും ധൈര്യവും സംഭരിച്ചു നടന്നു നീങ്ങി. മഞ്ഞുമല കയറിയിറങ്ങിയപ്പോൾ ആശ്വാസം - ഇനി അധികം ദൂരമില്ല. പക്ഷേ കാല് പൊങ്ങാതെയായ പോലെ. ഇരുന്നാൽ എണീക്കാൻ പറ്റില്ലെങ്കിലോ എന്ന് പേടിച്ച് വിശ്രമം നിന്നായി. അങ്ങനെയങ്ങനെ ഒരു വിധം നാഷണൽ പാർക്കിന്റെ കവാടത്തിലെത്തി. അവിടെ ഭീം ഞങ്ങളെയും കാത്തിരിപ്പുണ്ട്.


അയാളെ കണ്ടപ്പോൾ ആശ്വാസം തോന്നി. നടക്കാൻ കിലോമീറ്ററുകൾ ഇനിയുമുണ്ടെങ്കിലും ഗംഗോത്രിയിലെത്താൻ ഇനി അധികം വൈകില്ല എന്ന തോന്നലുണ്ടായി. ബാക്കിയുള്ളവർ മിക്കവരും ഹോട്ടലിൽ എത്തി എന്ന് ഭീം പറഞ്ഞു. ഞങ്ങളും പതുക്കെപ്പതുക്കെ ഗംഗോത്രിയുടെ അരികിലെത്തിത്തുടങ്ങി. ഒടുവിൽ, കുന്നിറങ്ങി, അമ്പലവും കടന്ന്, പാലം കയറിയിറങ്ങി ഹോട്ടലിനടുത്തെത്താറായപ്പോൾ കുറേനേരമായി ഞങ്ങളെ കാത്തു നിന്നിരുന്ന ചെറിയ മകൻ വിടർന്ന മുഖവുമായി ഓടി വന്ന് കെട്ടിപ്പിടിച്ചു. ബാക്കിയെല്ലാവരും തിരിച്ചെത്തിയിട്ടും അച്ഛനുമമ്മയും മാത്രം തിരിച്ചെത്താത്തതിൽ ആ കുഞ്ഞു മനസ്സിൽ നിറഞ്ഞ ആകുലത അവൻ പറയാതെ തന്നെ ഞാൻ തിരിച്ചറിഞ്ഞു. ഞങ്ങളെ കണ്ടതിന്റെ സന്തോഷം ഏറ്റവുമധികം പ്രകടമായതും ആ മുഖത്താണ്. അവസാനമായാണെങ്കിലും വലിയ കുഴപ്പമൊന്നുമില്ലാതെ തിരിച്ചെത്തിയപ്പോൾ എല്ലാവരും അഭിനന്ദനങ്ങൾ കൊണ്ടുമൂടി. സ്നേഹാധിക്യത്താൽ മനസ്സു നിറഞ്ഞ മുഹൂർത്തങ്ങൾ!

കാലിന്റെ അവസ്ഥ 
മുറിയിൽ എത്തിയതും ഷൂ ഊരിമാറ്റി കട്ടിലിലേക്ക് വീഴുകയായിരുന്നു. ദേഹം മുഴുവൻ വേദന. കാൽ നീര് വന്ന് വീർത്തിരിക്കുന്നു. കണങ്കാലിലും പാദങ്ങളുടെ  വശങ്ങളിലും കുമിളകൾ വീർത്തിരിക്കുന്നു. വേറെയൊന്നും വേണ്ട, ഉറങ്ങിയാൽ മതി എന്ന തോന്നൽ. വേദനയ്ക്കിടയിലും ദുർഘടമായ (എന്നെ  സംബന്ധിച്ചിടത്തോളം) യാത്ര വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കിയതിന് ചാരിതാർത്ഥ്യം ! അതല്ലാതെ അന്നത്തെ കാര്യങ്ങൾ ഒന്നും ഇപ്പോൾ ഓർമ്മയില്ല.

പിറ്റേന്ന് മടക്കയാത്ര - പകൽ നേരത്തെ തന്നെ ഹിമാലയൻ സാനുക്കളോട് വിടപറഞ്ഞു. അർദ്ധരാത്രി കഴിഞ്ഞ്, പുലർച്ചയുടെ ആദ്യയാമങ്ങളിൽ ഡൽഹിയിൽ എത്തിച്ചേർന്നു. സുരക്ഷിതമായി തിരിച്ചെത്തിച്ചതിനു ഡ്രൈവറോട് നന്ദി പറഞ്ഞ്‌ ആദ്യ ഹിമാലയ യാത്രയുടെ അസുലഭനിമിഷങ്ങളെ നെഞ്ചോട് ചേർത്ത് വീണ്ടും തിരക്കേറിയ പതിവു ജീവിതത്തിലേയ്ക്ക് തിരിച്ചു കയറി!

വീഡിയോ കടപ്പാട്: ദിലീപ് പൊൽപ്പാക്കര 

യാത്രാക്കുറിപ്പിന്റെ  ആദ്യഭാഗങ്ങള്‍ വായിക്കാന്‍
ഭാഗം 1 ഹിമവാന്റെ മടിത്തട്ടിലേയ്ക്ക് ഒരു യാത്ര
ഭാഗം 2  യമുനോത്രിയിലേയ്ക്ക്
ഭാഗം 3  ഗംഗോത്രിയിലേയ്ക്ക്
ഭാഗം 4 ഗോമുഖിലേയ്ക്ക് - 1 

Comments

Geo said…
നാട്യങ്ങളേതുമില്ലാതെ ചമയങ്ങളൊന്നുമണിയിക്കാതെ ഒരെഴുത്ത്. എഴുത്തല്ല.
വർത്തമാനം പറയുകയാണ്. പറഞ്ഞു പറഞ്ഞങ്ങു കൂട്ടാവുകയാണ്.
വല്ലാത്തൊരു ഇന്റിമസി തോന്നിപ്പിക്കുന്ന വർത്തമാനം.
നല്ലെഴുത്ത്.
© Mubi said…
ഒപ്പം ഞാനുമുണ്ടായിരുന്നത് പോലെ... നല്ല വായനാനുഭവമായിരുന്നു നിഷ.
Nisha said…
Thank you! എഴുത്ത് ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.
Nisha said…
താങ്ക്യു മുബീ. യാത്രയിൽ ഒപ്പം കൂടിയതിനും ആസ്വദിച്ചതിനും :)
M. Sadique said…
ഏതൊക്കെയോ യാത്രകള്‍ ഉള്ളിലൂടെ കടന്നു പോയി.
ഇത്തരം ട്രെക്കിംഗ് കുറിപ്പുകള്‍ എഴുതുന്നവര്‍ക്ക് ഈ ഒരെണ്ണം വളരെ സഹായകമാണ്. ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍, അവനവന്റെ യാത്രാ കുറിപ്പാക്കി മാറ്റാം.. ഹ ഹ,

അത്രയും തന്മയത്വത്തോടെ എഴുതി എന്ന് സാരം!

മനോഹരമായിരിക്കുന്നു :)
Nisha said…
വളരെ നന്ദി! വായനക്കാർക്ക് ഇഷ്ടമാവുന്ന രീതിയിൽ എഴുതാൻ കഴിയുന്നത് ഭാഗ്യം. ഓരോ യാത്രയും വ്യത്യസ്തമാണ്. ഓരോരുത്തർക്കും വേറിട്ട അനുഭവങ്ങൾ ലഭിക്കുന്നു. അതാണല്ലോ യാത്രയുടെ മനോഹാരിതയും...
അതിമനോഹരം......! കൂടെ യാത്ര ചെയ്ത അനുഭൂതി. Thank you so much for sharing your experience.

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം