ഒരു സ്വാദിന്റെ ഓർമ്മയിൽ

ബാലവാടിയെന്നു കേട്ടാൽ ആദ്യം ഓർമ്മ വരിക വേശുവേടത്തിയെ ആണ്. ഏടത്തിമാർ രണ്ടാളും വേശുവേടത്തിയുടെ ബാലവാടിയിൽ പോയിട്ടുണ്ട് (രണ്ടാമത്തെയാൾ പഠിയ്ക്കാനും മൂത്തയാൾ കൊണ്ടാക്കാനും കൊണ്ടു വരാനുമൊക്കെ). എനിക്കാ ഭാഗ്യം ഉണ്ടായിട്ടില്ല. എന്റെ ഔപചാരിക വിദ്യാഭ്യാസം തുടങ്ങിയത് പ്രസൻറേഷൻ മോൺടിസറിയിലാണ്. (ക്ലാസ്സുകൾ തുടങ്ങുന്നതിനു മുൻപ് തന്നെ അവിടെയൊരു ദിവസം പോയതും ചങ്ങലയിൽ തൂങ്ങുന്ന ചെറിയ കസേരയൂഞ്ഞാലിൽ ആടിയതും ബേബി സുധയെന്ന ആദ്യത്തെ കൂട്ടുകാരിയെ കിട്ടിയതും ഇപ്പോഴും നല്ല ഓർമ്മയുണ്ട്). അതു കൊണ്ട് ബാലവാടി എനിക്ക് കേട്ടറിഞ്ഞ ലോകമാണ്. സ്വയം അനുഭവിച്ചറിഞ്ഞതല്ല.
ബാലവാടിക്കഥകൾ പലതും അയവിറക്കി ഏsത്തിമാർ രസിക്കുമ്പോൾ മൗനിയായി അതൊക്കെ കേട്ടു നിൽക്കാനേ പറ്റിയിട്ടുള്ളു. ബാലവാടിയിലെ  ഉപ്പുമാവിന്റെ സ്വാദിനെക്കുറിച്ചവർ ചർച്ച ചെയ്യുമ്പോൾ എനിക്ക് കുശുമ്പ് തോന്നിയിട്ടുണ്ട്. അതൊന്നു രുചിച്ചു നോക്കാൻ പറ്റാത്തതിലുള്ള ഇച്ഛാഭംഗം വേറെ.. (അവധിക്കാലത്ത് അച്ഛൻ പെങ്ങളുടെയടുത്ത് താമസിയ്ക്കുമ്പോൾ അവിടെ അടുത്തുള്ള  ബാലവാടിയിലെ ഉപ്പുമാവ് സതിയോപ്പോൾ വഴി കിട്ടിയിരുന്നു എന്ന് തോന്നുന്നു. അതിന്റെ ഓർമ്മ നന്നേ മങ്ങിയിരിയ്ക്കുന്നു).
കൊല്ലങ്ങൾ കുറെ കഴിഞ്ഞു. അപ്ഫന്റെ മകൾക്ക് ബാലവാടിയിൽ പോകാനുള്ള പ്രായമായി. അതു പ്രകാരം അടുത്തുള്ള അംഗനവാടിയിൽ ചേർത്തു. കുട്ടിയ്ക്ക് നല്ല ഇഷ്ടമായി അവിടം - പാട്ടും കളിയും ചിരിയും പുതിയ കൂട്ടുകാരുമൊക്കെയായി ഉത്സാഹത്തോടെ ബാലവാടിയിൽ പോയ് വരും.
ഞാൻ വൈകുന്നേരം സ്കൂൾ വിട്ടു വരുമ്പോൾ അന്നത്തെ വിശേഷങ്ങളുമായ് പത്തായപ്പുരയുടെ ഉമ്മറത്ത് അവളിരിക്കുന്നുണ്ടാവും. വിശപ്പ് അസഹ്യമായ ദിവസങ്ങളിൽ മുഴുവനും കേൾക്കാൻ നിക്കില്ല. പിന്നെ കേൾക്കാമെന്ന് പറഞ്ഞ് ഇല്ലത്തെ അടുക്കളയിലേയ്ക്കോടും. അമ്മ എന്തെങ്കിലും ഉണ്ടാക്കി വെച്ചിട്ടുണ്ടാവും (അല്ലെങ്കിൽ ചിലപ്പോൾ സാധനങ്ങൾ ഇന്നന്നയിടത്തുണ്ട് ഉണ്ടാക്കിക്കോളു എന്ന് പറയും). ശർക്കരയുരുക്കിയതിൽ പഴം നുറുക്കിയിട്ടത്, അവിലു കുഴച്ചത്, ചിലപ്പോൾ ബിസ്ക്കറ്റ്, ചില ദിവസം സ്പെഷ്യൽ (പഴം പൊരി, ബജ്ജി, അട) എന്നിങ്ങനെ എന്തെങ്കിലും ഉണ്ടാവും കാപ്പിയ്ക്കൊപ്പം. വേറെ ഒന്നും ഇല്ലെങ്കിൽ ദോശയെങ്കിലും ഉണ്ടാക്കി കഴിയ്ക്കും, അല്ലെങ്കിൽ ചോറ് ഉപ്പുമാവാക്കും.
സ്പെഷ്യൽ എന്തെങ്കിലും ഉണ്ടാക്കിയാൽ ഒരു പങ്ക് പത്തായപ്പുരയിലേയ്ക്കു കൊടുക്കാൻ മാറ്റിവെക്കും. (അവിടെ എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കിയാൽ ഞങ്ങൾക്കും ഒരു പങ്ക് കരുതി വെക്കും).  ഒരു ദിവസം അങ്ങനെ എന്തോ ഉണ്ടായിരുന്നതും കൊണ്ട് പത്തായപ്പുരയിലേയ്ക്ക് പോയതാണ്.
അവിടെയെത്തിയപ്പോൾ അടുക്കളയിൽ നിന്നും ഒരു പ്രത്യേക ഗന്ധം... എന്താ ചെറ്യേമ്മേ സ്പെഷ്യൽ എന്ന് ചോദിച്ചപ്പോൾ സ്പെഷ്യൽ ഒന്നുമല്ല അംഗനവാടിയിൽ നിന്നും കൊടുത്തയച്ച ഉപ്പുമാവ് ആണെന്ന് പറഞ്ഞു. അത് കേട്ടതും എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി! അംഗനവാടിയിലെ ഉപ്പുമാവ്... എത്ര കാലായി കാത്തിരിയ്ക്കുന്നു...
എനിയ്ക്ക് വേണം എന്ന് പറഞ്ഞ് പ്ലെയിറ്റുമെടുത്ത് അനിയത്തിയുടെയടുത്ത് നിലത്തിരുന്നു. ചൂടാക്കിയ ഉപ്പുമാവിന്റെ ഒരു പങ്ക് ചെറിയമ്മ എനിക്ക് വിളമ്പി. വിശപ്പൊന്നും ഉണ്ടായിരുന്നില്ലെങ്കിലും  ആർത്തിയോടെ ഞാനത് കഴിച്ചു. അതിന്റെയത്ര സ്വാദുള്ള വേറൊരു വിഭവമില്ലെന്ന് അന്നെനിക്ക് തോന്നി. കുട്ടിയ്ക്ക് വലിയ മോഹമൊന്നും ഇല്ലായിരുന്നു കഴിയ്ക്കാൻ - എന്നും കഴിയ്ക്കുന്നതല്ലേ! ഞാനത് സ്വാദോടെ കഴിയ്ക്കുന്നത് കണ്ട് ചെറിയമ്മ അന്തം വിട്ടിരുന്നു.
ഒരു സാദാ ഗോതമ്പുപ്പുമാവിന് ഇത്ര സ്വാദുവരാൻ എന്താണാവോ കാരണം? അതിൽ പ്രത്യേകിച്ചൊന്നും ചേർത്തിരുന്നില്ല. കടുകു വറുത്തിട്ടിരുന്നോ എന്നു പോലും സംശയമാണ്. എന്നാലും ആ സാദാ ഉപ്പുമാവിന് മറക്കാനാവാത്ത ഒരു സ്വാദായിരുന്നു. ഇപ്പോഴും ആ രുചി എന്റെ നാവിൻ തുമ്പത്തുള്ള പോലെ!
എന്തായാലും അതിനു ശേഷം അംഗനവാടിയിൽ നിന്നും ഉപ്പുമാവെത്തുന്ന ദിവസങ്ങളിൽ ഞാൻ പത്തായപ്പുരയിലെ അടുക്കളയിൽ പ്രത്യക്ഷപ്പെടും. ഉപ്പുമാവുള്ള ദിവസങ്ങളിൽ സ്കൂളിൽ നിന്നും വരുന്ന വഴി തന്നെ ചെറിയമ്മ അറിയിക്കും. കാപ്പി കുടിച്ച്, ചിലപ്പോൾ വൈകുന്നേരത്തെ കളിയും കഴിഞ്ഞ്, ആ ഉപ്പുമാവ് ഞാനാസ്വദിച്ചു കഴിയ്ക്കും. അനിയത്തിയുടെ ബാലവാടിക്കാലം കഴിയുന്നവരെ ഇത് തുടർന്നു.
പിന്നീട് പലയിടത്തു നിന്നും ഗോതമ്പുപ്പുമാവ് കഴിച്ചിട്ടുണ്ട്, സ്വയം ഉണ്ടാക്കിയിട്ടുമുണ്ട്. എന്നാലും അന്നത്തെ ആ ഉപ്പുമാവിന്റെ സ്വാദിനെ വെല്ലുന്ന ഗോതമ്പുപ്പുമാവ് പിന്നെ കഴിച്ചിട്ടില്ല.
ഇപ്പോൾ ഇതൊക്കെ ഓർക്കാൻ കാരണം? ഇവിടുത്തെ ഈ തണുപ്പിൽ, പൊട്ടിയ  പൂളക്കായയിൽ നിന്നും പാറിപ്പറന്നു നടക്കുന്ന പഞ്ഞികഷ്ണങ്ങളെ പോലെ, മഞ്ഞു പൂക്കൾ പാറിയിറങ്ങി ഭൂമിയെ കൂടുതൽ തണുപ്പിയ്ക്കുമ്പോൾ ഇന്നുച്ചയ്ക്കുണ്ടാക്കിയ ബ്രൗൺ റൈസിന് പണ്ടത്തെ ഉപ്പുമാവിന്റെ രുചിയുടെ നനുത്ത ചൂടുള്ളതുപോലെ തോന്നി.... ഓർമ്മകൾക്ക് മാധുര്യം മാത്രമല്ല ഹൃദയസ്പർശിയായ ഊഷ്മളതയും ഉണ്ടെന്ന് തോന്നുന്നു....

Comments

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം