Posts

Showing posts from March, 2018

വേരുകൾ തേടി

Image
ഏറെ കാലമായി കേട്ടിട്ടുള്ള, എന്നാൽ ഒരിക്കൽ പോകുമെന്ന് കരുതാതിരുന്ന ഒരു സ്ഥലത്തേയ്ക്ക് യാത്ര പോകുമ്പോൾ എന്തായിരിയ്ക്കും ഉള്ളിൽ? തീർച്ചയായും ആകാംക്ഷയും ആവേശവും സന്തോഷവും തന്നെയായിരിക്കും. എന്നാൽ ഇത്തവണ അതോടൊപ്പം ഒരല്പം സങ്കടവും നിരാശയും കൂടി ഉണ്ടായിരുന്നു എന്നതാണ് സത്യം!  ഇത്തവണത്തെ യാത്രയിൽ എൻ്റെ പ്രിയതമൻ ഇല്ല എന്നത് കൊണ്ടു തന്നെ! എത്രയോ കാലമായി, ഒരുപക്ഷേ ഈ ജീവിതം മുഴുവനുമെന്ന പോലെ, ഞങ്ങൾ ഒന്നിച്ചാണ് യാത്ര പതിവ് - ചെറുതും വലുതുമായ ഞങ്ങളുടെ യാത്രകൾ ഞങ്ങളെ തന്നെ തിരിച്ചറിയാനുതകുന്നവയായിരുന്നു. ഇത്തവണ ദിലീപ് ഇല്ലാതെ യാത്ര പുറപ്പെടുമ്പോൾ എല്ലാവരും ഉണ്ടായിട്ടും ഞാൻ ഒറ്റയ്ക്കായ ഒരു തോന്നലായിരുന്നു. എൻ്റെ ഏറ്റവും വലിയ ധൈര്യവും ശക്തിയും ഉന്മേഷവും കൂടെയില്ലാത്ത ഒരു തോന്നൽ. എങ്കിലും മറ്റു കുടുംബാംഗങ്ങളുടെ കൂടെയാണ് യാത്ര എന്നത് തീർച്ചയായും മനസ്സിന് ധൈര്യം പകർന്നു നൽകുന്നതായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഭാരതത്തിലെ ഏറ്റവും ഭംഗിയേറിയ സ്ഥലങ്ങളിൽ ഒന്നാണെന്ന് കേട്ടിട്ടിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ യാത്രാപ്രേമികളിൽ മുൻപരായ  രാജേഷേട്ടനും മാലിനിയേടത്തിയും മുൻപ് അവിടെ പലയിടത്തും പോയിട്ടുണ്ട്. അവർ

എൻ്റെ കൂട്ടുകാരികൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ എന്റെ ഫ്രണ്ട് ലിസ്റ്റിലുള്ള സ്ത്രീകളെക്കുറിച്ചങ്ങനെ ആലോചിക്കുകയായിരുന്നു. അവരില്‍ വളരെക്കുറച്ചു പേരെ മാത്രമേ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളൂ. എന്നിരുന്നാലും ഇന്റര്‍നെറ്റ് എന്ന വിശാല ലോകത്തില്‍ അവരെ ഞാന്‍ കാണാതെ കണ്ടു. അവരുമായി സംവദിച്ചു, അവരെക്കുറിച്ചോര്‍ത്ത് അഭിമാനിച്ചു. അവരുടെ സന്തോഷത്തില്‍ സന്തോഷിച്ചു. അവരുടെ ദു:ഖത്തില്‍ വേദനിച്ചു. അവരോടൊപ്പം ചിരിക്കാനും ചിലപ്പോൾ കരയാനും നെടുവീർപ്പിടാനും അവരെ മനസ്സുകൊണ്ട് ചേർത്തു പിടിയ്ക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്റെ ചുറ്റിലുമുള്ള അവരിൽ നിന്നും ഞാൻ ഏറെ കാര്യങ്ങൾ പഠിക്കുന്നുണ്ട്. അവരുടെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. പല മേഖലയിലും അവർ തിളങ്ങുന്നത് കാണുമ്പോൾ എന്റെ മനസ്സും എന്തെന്നില്ലാത്ത സന്തോഷം കൊണ്ട് നിറയും.  പേരെടുത്തു പറയാൻ ഒത്തിരിപ്പേരുണ്ട്...നല്ലൊരു ഫോട്ടോഗ്രഫറും  പക്ഷി നിരീക്ഷകയും ഒരനിയത്തിയോടെന്ന പോലെ വാത്സല്യവും തോന്നുന്ന സംഗീതയെ പറ്റിയാവട്ടെ ആദ്യം. ഞങ്ങളൊരുമിച്ചു പോയിട്ടുള്ള യാത്രകൾ വളരെക്കുറവാണ്. എങ്കിലും സംഗീതയുമൊന്നിച്ചുള്ള യാത്രകൾ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. സംഗീതയുടെ ഫോട്ടോകൾ മിക്കതും പ്രത്യ

പീറ്റർ റാബ്ബിറ്റും ബീയട്രിക്സ് പോട്ടറും

Image
ബീയട്രിക്സ്  പോട്ടർ! ബിബിസിയിലെ ഒരു ഡോക്യൂമെന്ററിയിലാണ് ആദ്യമായി ഞാൻ ആ പേര് കേട്ടത്. ലേയ്ക് ഡിസ്ട്രിക്ട് എന്ന സ്ഥലത്ത് നാഷണൽ ട്രസ്റ്റിനു വേണ്ടി  അവർ തൻ്റെ സ്വത്തുക്കളെല്ലാം സംഭാവന ചെയ്തു. അവരുടെ ആ മഹാമനസ്‌കത കൊണ്ടാണ് ലേയ്ക് ഡിസ്ട്രിക്ട് നാഷണൽ പാർക്കും മറ്റു പ്രകൃതി-പരിസ്ഥിതി പ്രവർത്തനങ്ങൾ ഒക്കെ ഇന്നും നന്നായി നടത്താൻ കഴിയുന്നത് എന്നൊക്കെയായിരുന്നു ആ ഡോക്യൂമെന്ററിയിൽ. ബീയട്രിക്സ്  പോട്ടറുടെ വീടും അവർ ജീവിച്ച പ്രദേശങ്ങളുമൊക്കെ ആ പരിപാടിയിൽ കാണിച്ചിരുന്നു. വേറെന്തോ പണി ചെയ്യുന്നതിനിടയിലാണ് ആ ഡോക്യുമെന്ററി കണ്ടത് എന്നതു കൊണ്ട് അതിൽ പ്രതിപാദിച്ച മറ്റു കാര്യങ്ങൾ ഓർമ്മയില്ല. ബീയട്രിക്സ്  പോട്ടർ എന്ന പേരു മാത്രം മനസ്സിലുടക്കി നിന്നു. ഇതു കഴിഞ്ഞ് ഒന്ന് രണ്ടു മാസം കഴിഞ്ഞ്, കൃത്യമായി പറഞ്ഞാൽ 2018 ജനുവരി ഒന്നാം തിയതി ഏറെ കാലമായി പോവണം എന്ന് കരുതിയിരുന്ന ലേയ്ക് ഡിസ്ട്രിക്ടിലേയ്ക്ക്  ഞങ്ങൾ യാത്ര പോയി. വിൻഡർമിയർ തടാകക്കരയായിരുന്നു പ്രധാന ലക്‌ഷ്യം. ലിവർപൂളിൽ നിന്നും ഏതാണ്ട് 90 മൈൽ  ദൂരമുണ്ട് അവിടേയ്ക്ക്. ഉച്ചയ്ക്കുള്ള ഭക്ഷണവും പൊതിഞ്ഞു കെട്ടി ഞങ്ങൾ ഒരു പത്തു മണിയോടെ പുറപ്പെട്ടു. ഏതാണ്ട് ഒരു

മോഹം

വീണ്ടുമൊരു കുഞ്ഞായ് അമ്മ തൻ  മടിയിൽ ചാഞ്ഞുറങ്ങാൻ മോഹം മുടിയിഴകളിലൂടെയമ്മ വിരലോടിയ്ക്കുമ്പോൾ നിർവൃതിയോടെ കണ്ണു ചിമ്മാൻ മോഹം കൈയ്യിലൊരു മിഠായിപ്പൊതിയുമായെത്തുന്ന അച്ഛനേയോടിച്ചെന്നു കെട്ടിപ്പിടിയ്ക്കാൻ മോഹം ആ മാറിൽ തല ചായ്ച്ചുറങ്ങിയ കുഞ്ഞിപ്പൈതലാവാൻ മോഹം ഉച്ചയൂണു കഴിഞ്ഞാ നാലിറയത്തിൻ തണുപ്പിൽ  ഏടത്തി തൻ പാട്ടു കേട്ടിരിയ്ക്കാൻ മോഹം കാലിൽ ചിലങ്ക കിലുക്കിയാനന്ദ നൃത്തമാടുമേടത്തിയോടൊത്തു ചെറു ചുവടുകൾ വെക്കാൻ മോഹം വളകൾ കിലുക്കി കമ്മലും കുണുക്കി  പാടവരമ്പിലൂടെയോടാൻ മോഹം വാനിൽ വിരിയും നക്ഷത്രക്കുഞ്ഞുങ്ങളെ നോക്കി  പായാരം പറഞ്ഞു കളിയ്ക്കുവാൻ മോഹം ഉഷസ്സിൻ ചുവപ്പിൽക്കുളിച്ചു പാടും  കിളികളോടൊത്തു പാടാനും മോഹം ബാല്യമെന്ന സുവർണ്ണകാലമൊരിയ്ക്കൽ കൂടി ജീവിച്ചു തീർക്കാനെന്തു മോഹം !!!

ഫേസ്ബുക്ക് കുറിപ്പുകൾ

നിൻ മൗനമട്ടഹാസത്തേക്കാളു- ച്ചത്തിലുള്ളിൽ അലയ്ക്കുന്നു, കേൾക്കാനുണ്ടേറെ ശബ്ദമെങ്കിലും ഉയർന്നു കേൾക്കുന്നതാ മൗനം മാത്രം ചെവിയോർത്തിരിയ്ക്കുന്നു ഞാനാ മൗനമുടയുന്ന വേളയ്ക്കായ് നിൻ സ്വനമൊരു സുന്ദരരാഗമായെൻ ഹൃദയത്തിലലിഞ്ഞു ചേരാൻ... ************************************************* പുറത്തെയിരുട്ടുള്ളിലേയ്ക്കു പകരും മുൻപേ അമർത്തിയടയ്ക്കട്ടെ ജാലകപ്പഴുതുകൾ എന്നിട്ടുമുള്ളിൽ നിറയുന്നന്ധകാരത്തെയകറ്റാൻ കത്തിച്ചു വെക്കട്ടെ ഒരു കൈത്തിരി വീശിയടിയ്ക്കും കാറ്റതിനെയൂതിക്കെടുത്താതിരിയ്ക്കാൻ കൊട്ടിയടയ്ക്കട്ടെ വാതിലുകളുമോരോന്നായ് എന്നിട്ടുമെന്നെച്ചൂഴ്ന്നു കൊണ്ടോടുവാൻവെമ്പുന്ന കാറ്റിൻ മുരൾച്ച കേൾക്കാതിരിക്കാൻ ചെവിയടച്ചിരിക്കട്ടെ... ഉളളിലൊഴു ചുഴിയായ് വന്നെന്നെ വിഴുങ്ങുവാനൊരുങ്ങുന്നു ചിന്തകൾ ഇല്ല അവയിൽ നിന്നൊരു രക്ഷയെന്നറികെപ്പിന്നെയെന്തു ചെയ്‌വൂ; കണ്ണും കാതുമിറുകെയടച്ചു ഞാനെന്നെത്തന്നെ വട്ടം പിടിച്ചു, ഇറുകെപ്പിടിച്ചിരിപ്പായ് ഘോരാന്ധകാരമകറ്റുമിത്തിരിവെട്ടം മനസ്സിൽ കൊളുത്തിയങ്ങനെ! *************************************************** വരികളും വരകളും ചിത്രങ്ങളും വരച്ചിടുന്നിതാർക്കുവേണ്ടി? ഒരു

സൗഹൃദങ്ങൾ

ചില സൗഹൃദങ്ങൾ അപ്പൂപ്പൻ താടി പോലെയാണ്. എവിടെ നിന്നെന്നറിയാതെ പറന്നു വരും. ലാഘവത്തോടെ ജീവിതത്തെ സ്പർശിച്ച് സന്തോഷം നൽകി എങ്ങോട്ടോ യാത്രയാവും. നാമാകട്ടെ ഒരു കുട്ടിയുടെ മനസ്സുമായി അപ്പൂപ്പൻ താടിയെ കാത്തിരിയ്ക്കും ... വേറെ ചില സൗഹൃദങ്ങൾ ഗുൽമോഹർ പോലെയാണ്. വരണ്ടതും വിവർണ്ണവുമായ ജീവിതത്തിൽ അരുണിമയേറ്റി പെട്ടെന്നൊരു ദിവസം അവർ ജീവിതത്തെ നിറത്തിൽ കുളിപ്പിയ്ക്കും. ഒടുവിൽ പൊഴിഞ്ഞു വീണ ഗുൽമോഹർ പൂവിതളുകൾ വഴിയിൽ ചുവന്ന പരവതാനി വിരിച്ചിടുന്ന പോലെ സൗഹൃദത്തിന്റെ പരവതാനി വിരിച്ചവർ യാത്രയാവും, അ ടുത്ത വേനലിൽ വീണ്ടും പൂത്തുലയാൻ. ചില സൗഹൃദങ്ങളാകട്ടെ അഗ്നിപർവ്വതം പോലെ ഉള്ളിലങ്ങനെ പുകഞ്ഞുകൊണ്ടിരിയ്ക്കും. ലാവയായ് പുറത്തു ചീറ്റി വന്ന് അത് എന്നെയും നിന്നെയും ഉരുക്കിക്കളയും... മറ്റു ചില സൗഹൃദങ്ങൾ മഞ്ഞു പോലെയാണ്. മനസ്സിൽ ഒരു തണുപ്പുമായ് അവ പെയ്തിറങ്ങും. ഒടുവിൽ നാം പോലുമറിയാതെ അലിഞ്ഞില്ലാതെയാകും... കുളിർനിലാവു പോലെ പരന്നു നില്ക്കുന്ന സൗഹൃദങ്ങളുണ്ട്. അവയെ വർണ്ണിക്കാൻ വാക്കുകൾ പോരാ! വേനലിലെ സൂര്യനെപ്പോലെ ചുട്ടുപൊള്ളിയ്ക്കുന്ന സൗഹൃദങ്ങളുമുണ്ട്. എത്ര വേനൽ മഴ പെയ്താലും ഒട്ടും കുറയാത്ത ചൂടു പോലെ അതങ്ങനെ നില്

ഓർമ്മകൾ

ചില ഓർമ്മകൾ വികലമാണ്; അപൂർണ്ണവും. ഞാനെന്ന ബിന്ദുവിൽ തുടങ്ങി അവസാനിക്കുന്നവ അതിലുള്ളതും ഞാനു,മെന്റെ ചിന്തകളും മാത്രം. അതെന്റെതാണ്, തെറ്റാണെങ്കിലും ശരിയാണെങ്കിലും. അതു നിന്റേതു കൂടിയാവണമെന്ന് ശഠിക്കരുത്. അന്ന്, ആ ഓർമ്മകളിലൊന്നും നീയില്ലായിരുന്നു... പൊട്ടിയ കണ്ണാടിച്ചില്ല് പോലുള്ള ഓർമ്മ പെറുക്കി മനസ്സിൽ മുറുക്കിക്കെട്ടിയപ്പാേൾ കീറി മുറിഞ്ഞതും അവയെ വലിച്ചെറിഞ്ഞപ്പോൾ അകം പൊള്ളിയതും എൻറേതു മാത്രമായ എന്തോ ചിലതായിരുന്നു... അവയെ പങ്കുവെയ്ക്കണമെന്ന് പറയരുതിനിയും അതെൻേറതു മാത്രമാണ്; അതു പങ്കിട്ടെടുക്കാനില്ല.

മൗനത്തിന്നാഴങ്ങൾ

നിന്റെ മൗനത്തെയെനിയ്ക്കു വായിക്കാനാവുന്നില്ല,  അതിന്നാഴങ്ങളിലേയ്ക്കിറങ്ങാൻ  എന്തേ നീയെന്നെയനുവദിയ്ക്കാത്തൂ ?  എന്തു പറയണമിനി ഞാൻ, അതോ  ഒന്നും മിണ്ടാതെയാ ചാരത്തു നില്‌ക്കണോ? നിൻ മൗനത്തിൻ മുൾ സൂചികളെൻ ഹൃത്തിൽ തറച്ചു കേറുന്നു ഇറ്റിറ്റു വീഴുന്നത് ചോരയല്ലെൻ ജീവനതു തന്നെയെന്നറിയാത്തതെന്തേ? കാഴ്ച്ച മങ്ങുന്നു, കേൾവി കുറയുന്നു, കൈകാലുകൾ കുഴഞ്ഞു ഞാൻ വീഴുന്നു... ഹൃദയത്തുടിപ്പുകൾ നേർത്തു നേർത്തു പോകവേ നിന്റെ മൗനമൊന്നുടഞ്ഞെങ്കിലെന്നു ഞാനാശിച്ചു വെറുതേ...

വിശപ്പിനാൽ കൊല്ലപ്പെട്ടവൻ

ഒരിയ്ക്കൽ പോലും വിശപ്പറിഞ്ഞിട്ടില്ലാത്ത ദുർമേദസ്സുകളായിരിക്കണം വിശന്നുവലഞ്ഞൊരുത്തനെ തല്ലിക്കൊന്നാഹ്ലാദിച്ചത്... തൊലിപ്പുറത്തെ സൗന്ദര്യമല്ല മാന്യതയുടെ അടയാളമെന്ന് മറന്നു പോയവരുണ്ടെങ്കിൽ കാപാലികർ ഇന്നതു കാട്ടിത്തന്നു വെളുത്ത തൊലിയും കറുത്ത മനസ്സുമായവരെക്കൊണ്ടു നിറഞ്ഞു നാട്ടകം ... കണ്ണട വെച്ചിട്ടും ഇല്ലവർക്കു നേർക്കാഴ്ച്ച നോവും ഹൃത്തിനെ തൊട്ടറിയാൻ ഇല്ലവർക്കുൾക്കാഴ്ച്ചയൊട്ടും. വെളുക്കെച്ചിരിച്ചുന്മത്തരായ് നില്ക്കു- മവർക്കു പിന്നിൽ നിസ്സഹായനായൊരു ജീവൻ... മായുന്നില്ലെൻ മനസ്സിൽ നിന്നുമാ ചിത്രമെത്ര ദയനീയം... കൂട്ടം കൂടിയാപ്പാവത്തെ തച്ചു കൊന്നാ രക്തം കുടിച്ചിട്ടാടിത്തിമർപ്പവർ ഇതോ പ്രബുദ്ധകേരള,മിതോ കൈരളീ നിൻ സുന്ദര സമത്വം? ലജ്ജിയ്ക്കുന്നു ഞാനിന്നീ പിശാചുക്കൾ  പിറന്നതിവിടെയെന്നോർത്ത്, പ്രാണൻ പിടഞ്ഞു മരിച്ചൊരാ ജീവനെ യോർത്തു വീഴ്ത്തട്ടെ ഒരിറ്റു കണ്ണീർ ! പശിയടക്കാനാവാതെ കുഞ്ഞുങ്ങൾ മരിച്ചുവീഴുമീ മണ്ണിൽ കൈ കെട്ടി മൗനമാചരിയ്ക്കും നമുക്ക് നല്കില്ല കാലമൊരിയ്ക്കലും മാപ്പ്!