വേരുകൾ തേടി

ഏറെ കാലമായി കേട്ടിട്ടുള്ള, എന്നാൽ ഒരിക്കൽ പോകുമെന്ന് കരുതാതിരുന്ന ഒരു സ്ഥലത്തേയ്ക്ക് യാത്ര പോകുമ്പോൾ എന്തായിരിയ്ക്കും ഉള്ളിൽ? തീർച്ചയായും ആകാംക്ഷയും ആവേശവും സന്തോഷവും തന്നെയായിരിക്കും. എന്നാൽ ഇത്തവണ അതോടൊപ്പം ഒരല്പം സങ്കടവും നിരാശയും കൂടി ഉണ്ടായിരുന്നു എന്നതാണ് സത്യം!  ഇത്തവണത്തെ യാത്രയിൽ എൻ്റെ പ്രിയതമൻ ഇല്ല എന്നത് കൊണ്ടു തന്നെ! എത്രയോ കാലമായി, ഒരുപക്ഷേ ഈ ജീവിതം മുഴുവനുമെന്ന പോലെ, ഞങ്ങൾ ഒന്നിച്ചാണ് യാത്ര പതിവ് - ചെറുതും വലുതുമായ ഞങ്ങളുടെ യാത്രകൾ ഞങ്ങളെ തന്നെ തിരിച്ചറിയാനുതകുന്നവയായിരുന്നു. ഇത്തവണ ദിലീപ് ഇല്ലാതെ യാത്ര പുറപ്പെടുമ്പോൾ എല്ലാവരും ഉണ്ടായിട്ടും ഞാൻ ഒറ്റയ്ക്കായ ഒരു തോന്നലായിരുന്നു. എൻ്റെ ഏറ്റവും വലിയ ധൈര്യവും ശക്തിയും ഉന്മേഷവും കൂടെയില്ലാത്ത ഒരു തോന്നൽ. എങ്കിലും മറ്റു കുടുംബാംഗങ്ങളുടെ കൂടെയാണ് യാത്ര എന്നത് തീർച്ചയായും മനസ്സിന് ധൈര്യം പകർന്നു നൽകുന്നതായിരുന്നു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഭാരതത്തിലെ ഏറ്റവും ഭംഗിയേറിയ സ്ഥലങ്ങളിൽ ഒന്നാണെന്ന് കേട്ടിട്ടിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ യാത്രാപ്രേമികളിൽ മുൻപരായ  രാജേഷേട്ടനും മാലിനിയേടത്തിയും മുൻപ് അവിടെ പലയിടത്തും പോയിട്ടുണ്ട്. അവർ പറഞ്ഞ കഥകളിൽ നിന്നും ഒരു ഏകദേശ ചിത്രം ഉള്ളിലുണ്ടായിരുന്നു. പോരാത്തതിന് അവരും കൂടെയുണ്ട്.

കഴിഞ്ഞ തവണത്തെ പോലെ കുറെയധികം പ്രായമായവരും കുറച്ചു ചെറുപ്പക്കാരും രണ്ടു മൂന്നു കുട്ടികളും അടങ്ങുന്നതാണ് യാത്രാ സംഘം. എല്ലാവരും കൂടി പത്തു ദിവസത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചിലത് സന്ദർശിയ്ക്കുക . അതാണ് പരിപാടി. ഗോഹാട്ടി, ഷില്ലോങ്, ചിറാപുഞ്ചി, സേലാ പാസ്, തവാങ്, ബുംല പാസ് തുടങ്ങിയവയാണ് പ്രധാന ലക്ഷ്യം. സംഘത്തിലെ മിക്കവാറും എല്ലാവരും ബാംഗ്ലൂരിൽ  ഒത്തു കൂടിയ ശേഷം ഗോഹാട്ടിയിലേയ്ക്ക് വിമാനമാർഗ്ഗം പോയി. ബാക്കിയുള്ളവർ ബോംബെയിൽ നിന്നും ഗോഹാട്ടിയിൽ എത്തി. അവിടെ നിന്ന് എല്ലാവരും ഒരുമിച്ച് യാത്ര തുടങ്ങി.

സ്‌കൂളിൽ പഠിക്കുന്ന കാലത്തുമുതൽ സുപരിചിതമായ പേരാണ് ചിറാപുഞ്ചിയുടേത്. അവിടം എന്നെങ്കിലും സന്ദർശിക്കുമെന്ന് കുട്ടിക്കാലത്ത് ഒരിക്കൽ പോലും കരുതിയിരുന്നില്ല. ഈ യാത്രയിലെ പ്രധാനലക്ഷ്യങ്ങളിൽ ഒന്ന് ചിറാപുഞ്ചിയ്ക്കടുത്തുള്ള ഡബിൾ ഡെക്കർ റൂട്ട് ബ്രിഡ്ജ് കാണുക എന്നതായിരുന്നു. അതു കൊണ്ടു തന്നെ യാത്രയുടെ അവസാന ഘട്ടങ്ങളിൽ സന്ദർശിച്ച സ്ഥലമാണെങ്കിലും ഈ യാത്രാവിവരണത്തിന്റെ തുടക്കം അവിടെ നിന്നാവട്ടെ എന്നെനിക്ക് തോന്നി.. 

ഞങ്ങളുടെ യാത്രയുടെ ഒൻപതാം ദിവസം ഉച്ച കഴിഞ്ഞാണ് ഞങ്ങൾ ചിറാപുഞ്ചിയിൽ എത്തിയത്. ഞങ്ങളെ വരവേറ്റത് വിശ്വപ്രസിദ്ധമായ ചിറാപുഞ്ചിയിലെ മഴ തന്നെ ആയിരുന്നു എന്നതിൽ അതിശയിക്കേണ്ടതില്ലല്ലോ. ബസ്സിനു മുകളിൽ ടാർപോളിൻ വലിച്ചു കെട്ടിയിരുന്നെങ്കിലും എന്റെ പെട്ടി നന്നായി നനഞ്ഞിരുന്നു. ഉള്ളിലെ തുണികളൊക്കെ നനഞ്ഞിരുന്നതിനാൽ മുറിയിൽ അവിടവിടെയായി ഉണങ്ങാൻ വിരിച്ചിട്ടു. ചിറാപുഞ്ചിയിലെ സായാഹ്നത്തിൽ കൂട്ടിനു മഴയും അത്യാവശ്യം തണുപ്പും ഉണ്ടായിരുന്നു.

ഒന്ന് ഫ്രഷ് ആയ ശേഷം അവിടെ അടുത്തുള്ള ഒരു ഗുഹ കാണാൻ തയ്യാറായി. പനിപിടിച്ചു ചൂളിപ്പിടിച്ചിരിക്കുന്ന മൂത്തമകനെ ആ തണുപ്പത്ത് കൊണ്ടുപോകേണ്ട എന്ന തീരുമാനത്തിൽ എത്തി. മരുന്നും കൊടുത്ത് വിശ്രമിച്ചോളാൻ പറഞ്ഞ ശേഷം ഞാൻ പോകാൻ തയ്യാറായി. അപ്പോൾ ഇളയ മകൻ വരുന്നില്ല, ഏട്ടന് കൂട്ടിരിക്കുകയാണെന്നു പറഞ്ഞു. ഏട്ടനോടുള്ള സ്നേഹത്തിനേക്കാൾ ആരുടേയും ശല്യമില്ലാതെ ടി വി കാണാനുള്ള അവസരമാണ് അവനെ കൊതിപ്പിച്ചത് എന്നറിയാമെങ്കിലും നിർബന്ധിക്കാതെ അവനെയും മുറിയിൽ ഏട്ടന് കൂട്ടിരുത്തി ഞങ്ങൾ ഗുഹ സന്ദർശിച്ചു വന്നു. (അതേക്കുറിച്ച് പിന്നീടെഴുതാം എന്ന് കരുതുന്നു)

നേരം ഇരുട്ടാവുന്നതോടെ തിരിച്ചെത്തി പിറ്റേന്നുള്ള യാത്രയ്ക്ക് തയ്യാറെടുത്തു. മൊത്തം 5 പേരാണ് റൂട്ട് ബ്രിഡ്ജ് കാണാൻ പോകുന്നത്. രാജേഷ്, മാലിനി, സുദീപ്, പ്രിയ, ഞാൻ. കാർത്തിക്കും വരേണ്ടതായിരുന്നു. പനിയുടെ ക്ഷീണം മാറിയിട്ടില്ലാത്തതിനാൽ അയാളെ കൊണ്ടു പോകണ്ട എന്ന് തീരുമാനിച്ചു. ഞങ്ങൾ പോയ സമയത്ത്  ബാക്കിയുള്ളവർ ചിറാപുഞ്ചിയിലെ മറ്റു കാഴ്ചകൾ കാണും എന്നും തീരുമാനിച്ചു.

പിറ്റേന്ന് ആറ്-ആറര ആയപ്പോൾ ഞങ്ങൾക്ക് പോകാനുള്ള കാറ് വന്നു. ടൈർണ ഗ്രാമത്തിലെ പാർക്കിങ് ഏരിയയയിൽ നിന്നും  റൂട്ട് ബ്രിഡ്ജിലേയ്ക്ക്  മൂന്നു കിലോമീറ്റർ ദൂരമുണ്ട്.  ഏതാണ്ട് 3500-ഓളം പടവുകൾ ഇറങ്ങി  (2500 അടി താഴ്‌ചയിലേക്ക്) വേണം അവിടെയെത്താൻ. ഈ പടവുകൾ എല്ലാം ഒന്നിച്ചൊരു നിരയായല്ല എങ്കിലും വളരെ കുത്തനെയുള്ളതും വളഞ്ഞു പുളഞ്ഞു പോകുന്നതും ആയതിനാൽ യാത്ര അനായാസമാകില്ല എന്നെനിക്ക് അറിയാമായിരുന്നു. അല്പം ശങ്കയോടെ തന്നെയാണ് ആദ്യത്തെ പടവുകൾ ഇറങ്ങിത്തുടങ്ങിയത്.

നീണ്ടുകിടക്കുന്ന പടിക്കെട്ടുകൾ...
കയറ്റമാണെങ്കിൽ പറ്റില്ലെങ്കിൽ വേണ്ടെന്നു വെച്ച് പകുതിക്ക്  ഇറങ്ങിപ്പോരാം. എന്നാൽ ഇറങ്ങിച്ചെന്നാൽ കേറിപ്പോരുകയല്ലാതെ വേറെ നിവൃത്തിയൊന്നും ഇല്ല. ദിലീപ് കൂടെയില്ലാത്തതിനാൽ ഞാൻ മറ്റുള്ളവർക്ക് അധികം ഭാരമാകുമോ എന്ന ആശങ്കയും ഉള്ളിന്റെ ഉള്ളിൽ ഉണ്ട്. ആ കൂട്ടത്തിലെ ഏറ്റവും അൺഫിറ്റ്  ആയ വ്യക്തിയും ഞാനാണ് എന്ന ഉത്തമ ബോദ്ധ്യവും എനിക്കുണ്ട്. എന്തായാലും തുനിഞ്ഞിറങ്ങി. വരുന്നത് വരും പോലെ കാണാം എന്ന ധൈര്യത്തിൽ പടികൾ ഓരോന്നായ് ഇറങ്ങിത്തുടങ്ങി.ഒരിടത്തു ചെന്ന് തിരിഞ്ഞു നോക്കിയപ്പോൾ പേടി തോന്നി - എങ്ങനെ ഞാനിത് തിരിച്ചു കേറും എന്നാലോചിച്ച്!


വഴിക്കാഴ്ചകൾ 
കിതച്ചും നിന്നും ഫോട്ടോ എടുത്തും മനസ്സിന്റെ ആശങ്ക ഒട്ടും പുറത്തു കാണിക്കാതെയും അങ്ങനെ പതുക്കെ പടിയിറങ്ങി - ചുറ്റും ഒരു കാടിനെ അനുസ്മരിപ്പിക്കുന്ന ഗ്രാമാന്തരീക്ഷം. കാഴ്ചകൾ ആസ്വദിച്ചും ഇടയ്ക്കു ഫോട്ടോ എടുക്കാനെന്ന ഭാവത്തിൽ നിന്നും പടികൾ ഓരോന്നായ് .. .തിരിച്ചു കയറ്റം ഒരു വലിയ പേടിയായി മനസ്സിൽ ഇടം പിടിയ്ക്കാനൊരുങ്ങുമ്പോൾ പ്രകൃതിയിലേയ്ക്ക് നോക്കി അതിനെ ഓടിച്ചു വിടുവാൻ ശ്രമിച്ചു കൊണ്ടിരുന്നു.

അടയാളങ്ങൾ 
അങ്ങനെ കുറേദൂരം പോയപ്പോൾ ഞങ്ങൾ ലോങ്ങ് റൂട്ട് ബ്രിഡ്‌ജിന്റെ സമീപമെത്തി. റിറ്റിമെന്നിൽ (Ritymmen), ഡബിൾ റൂട്ട് ബ്രിഡ്‌ജിലേക്കുള്ള വഴിയിൽ നിന്നും ഒരല്പം മാറിയാണ് ലോങ്ങ് റൂട്ട് ബ്രിഡ്ജ്. അഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരം. അവിടെ പോയി ആ ബ്രിഡ്ജ് കണ്ട് അടുത്തുള്ള ഒരു വെള്ളച്ചാട്ടത്തിനു സമീപത്തിരുന്ന് കൂടെ കരുതിയ ബ്രഡ് കഴിച്ചു. അന്നത്തെ പ്രാതൽ... അല്‌പ നേരം അവിടെ ചിലവഴിച്ചു വീണ്ടും ഡബിൾ ഡെക്കർ ബ്രിഡ്ജ് ലക്ഷ്യമാക്കി നടത്തം തുടർന്നു.

ലോങ്ങ് റൂട്ട് ബ്രിഡ്ജ് 
ഒരു ചെറിയ ഗ്രാമമാണ് റിറ്റിമെൻ എന്ന് പറയാം. കുറച്ചു വീടുകൾ, ഒരു പള്ളി എന്നിവയൊക്കെ അവിടെ കണ്ടു. തികച്ചും വൃത്തിയും വെടിപ്പും ഉള്ള പരിസരങ്ങൾ. കാട്ടുവിഭവമെന്ന  പോലെ ചക്കയും മറ്റു ഫലങ്ങളും വിളഞ്ഞു  നിൽക്കുന്നു. കാട്ടുപൂക്കളും ചെടികളും ഒക്കെയായി മനം കുളിർപ്പിക്കുന്ന അന്തരീക്ഷം. അതിനകം യാത്രയിലെ ഏറ്റവും ചെങ്കുത്തായ ഭാഗം ഞങ്ങൾ പിന്നിട്ടിരുന്നു.

ലോങ്ങ് റൂട്ട് ബ്രിഡ്ജ് 

വഴിക്കാഴ്ചകൾ 
ഇത്രയധികം പടികൾ കയറി സ്‌കൂളിൽ പോകുന്ന കുട്ടി!! 
സ്‌കൂളിൽ പോകുന്ന ചില കുട്ടികൾ, തൂക്കുപാലം കണ്ടു മടങ്ങുന്ന യാത്രികർ, ചില ഗ്രാമവാസികൾ ഒന്നോ രണ്ടോ പട്ടികൾ എന്നിങ്ങനെയല്ലാതെ വേറെ അനക്കം ഒന്നുമില്ല. അങ്ങിങ്ങായി കിളികളുടെ ഒച്ച കേൾക്കാമെങ്കിലും അവയെല്ലാം വിദഗ്ദ്ധമായി മറഞ്ഞിരുന്നു....

ഇരുമ്പു പാലം 
അങ്ങനെ വളഞ്ഞും തിരിഞ്ഞും നടന്നിറങ്ങി ഒരു തൂക്കു പാലത്തിനടുത്തെത്തി. ഇത് ഇരുമ്പു കമ്പികൾ കൊണ്ട് നിർമിച്ചതാണ്. അത്യാവശ്യം നീളമുള്ള അതിനു താഴെ ഒരു പുഴ സാമാന്യം നല്ല ശക്തിയിൽ ഒഴുകുന്നു. ഓരോരുത്തരായി പതുക്കെ പാലത്തിന്റെ  അപ്പുറത്തേയ്ക്ക് നടന്നു തുടങ്ങി. ഓരോ ചെറിയ കാൽവെപ്പിലും ആ പാലം നന്നായി ആടുന്നുണ്ടായിരുന്നു... പതുക്കെ രണ്ടു വശത്തും പിടിച്ച് ഓരോ ചുവടും ശ്രദ്ധിച്ച് വെച്ച്  ആ പാലം കടന്നു. കുറച്ചു ദൂരം നടന്നു ഒരു ചെറിയ കയറ്റം കയറിയപ്പോൾ ഞങ്ങൾ നോങ്രിയാറ്റിൽ  എത്തിച്ചേർന്നു. ചില വീടുകളും മറ്റും കടന്ന് ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യ സ്ഥാനത്തെത്തി. ഏതാണ്ട് രണ്ടു മണിക്കൂർ സമയമെടുത്തു അവിടെ എത്തിച്ചേരാൻ!

ലക്ഷ്യത്തിലെത്തി 

ഡബിൾ ഡെക്കർ ബ്രിഡ്ജ്- കാഴ്ചകൾ 
ഡബിൾ റൂട്ട് ബ്രിഡ്ജ് കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി. ദിലീപ് കൂടെയുണ്ടായിരുന്നെങ്കിൽ എന്ന തോന്നലും തികട്ടി വന്നു. ഉള്ളിൽ സന്തോഷമുണ്ടെങ്കിലും അതിന് തിളക്കം ഇത്തിരി കുറവ് പോലെ. എന്തായാലും ആ പാലത്തിൽ കയറിയിറങ്ങി, അതിനെ സസൂക്ഷ്മം നിരീക്ഷിച്ചും അതിൻ്റെ അടിയിലൂടെ ഒഴുകുന്ന നദിയിലിറങ്ങി കാലും മുഖവും കഴുകി ചുറ്റുമുള്ള കാഴ്ചയും കണ്ട് കുറച്ചു നേരം ഇരുന്നു. വേണമെങ്കിൽ ആ വെള്ളത്തിലിറങ്ങി കുളിയ്ക്കാം, നീന്തിക്കളിയ്ക്കാം. ഞങ്ങൾ അതിനൊന്നും നിന്നില്ല. ആ നദിക്കരയിൽ പ്രകൃതിയുടെ ഭംഗി ആസ്വദിച്ചങ്ങനെ ഇരുന്നു.
ഇരുനില പാലം
മേഘാലയിലെ റൂട്ട് ബ്രിഡ്ജുകളുടെ പ്രത്യേകത എന്തെന്നാൽ അവ മരത്തിന്റെ വേരുകളാണ്. ജീവനുള്ള മരത്തിന്റെ ജീവനുള്ള വേരുകൾ. തദ്ദേശ്ശീയരായ ഖാസികളുടെ അറിവും കരവിരുതുമാണ് അവ. ഒരു പ്രത്യേക തരം റബ്ബർ മരത്തിന്റെ വേരുകളാണ് ഈ ജീവനുള്ള വേരുപാലത്തിന്റെ ജീവനാഡി. ഖാസികൾ ഈ വേരുകളെ തങ്ങൾക്ക് വേണ്ട രീതിയിൽ പടർത്തുന്നു. ചിലപ്പോൾ വള്ളികൾ ഉപയോഗിച്ചും മിക്കപ്പോഴും വേരുകൾ തന്നെ ഉപയോഗിച്ചും അവ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേയ്ക്ക് പടർത്തി വിടുന്നു. ചിലപ്പോൾ മുളചീന്തുകൾ ഉപയോഗിച്ച് അവ നിർദ്ദിഷ്ട രീതിയിൽ പടർത്തുന്നു. ഓരോ വേരുകളും കൃത്യമായി വേണ്ടപോലെ വളർന്നു പടരുമ്പോൾ വേരുകൾ കൊണ്ടുള്ള പാലം തയ്യാറാവുകയായി. ഒന്നോ രണ്ടോ ദിവസത്തെ പണിയല്ല ഇത്. ചുരുങ്ങിയത് 15 കൊല്ലമെങ്കിലും വേണം ഒരു വേരു പാലം തയ്യാറായി വരാൻ. വളരെയധികം അർപ്പണവും അദ്ധ്വാനവും വേണ്ട ഒരു കാര്യമാണിത്. തലമുറകളിൽ നിന്നും തലമുറകളിലേക്ക് ഖാസികൾ ഈ പാലം പണിയുടെ വിദ്യ കൈമാറിക്കൊണ്ടിരിക്കുന്നു.
ഡബിൾ ഡക്കർ ബ്രിഡ്ജ് 
മനുഷ്യ നിർമ്മിതമായ ഒരു വസ്തുവും ഇതിനുപയോഗിക്കുന്നില്ല എന്നാതാണ് മറ്റൊരു പ്രത്യേകത. എല്ലാം പ്രകൃതിയിൽ നിന്നും കിട്ടുന്നവ മാത്രം. നിർദ്ദിഷ്ട രീതിയിൽ വേരുകൾ വളർന്ന് പാലം തയ്യാറാവുമ്പോൾ നടവഴിയിൽ കല്ലും തടിക്കഷ്ണങ്ങളും ഉപയോഗിച്ച് നടക്കാനുള്ള സൗകര്യം ഒരുക്കുന്നു. തുടർച്ചയായ സംരക്ഷണവും ശക്തിപ്പെടുത്തലും ഓരോ പാലത്തിനും അവർ നല്കിപ്പോരുന്നു. പുതിയ വേരുകൾ പഴയ വേരുകൾക്കൊപ്പം ചേർന്നു പാലങ്ങൾക്ക് ദൃഢത നൽകുന്നു.

വേരുപാലങ്ങൾ മേഘാലയിൽ ഒരു തരത്തിൽ സർവ്വ സാധാരണമാണെന്ന് പറയാം.  നോങ്രിയാറ്റിലെ പാലം വ്യത്യസ്തമാകുന്നത് അതിന് രണ്ടു തട്ടുകൾ ഉള്ളതു കൊണ്ടാണ്. ഒരിക്കൽ വെള്ളപ്പൊക്കത്തിൽ പാലം മുങ്ങിപ്പോയപ്പോൾ അതിനു മുകളിലായി വേറെ ഒരു പാലം നിർമ്മിച്ചതാണ്. തങ്ങളുടെ ജീവിത സൗകര്യാർത്ഥം അവർ നിർമ്മിച്ച ആ മേൽപാലം ഒരു വലിയ അദ്‌ഭുതമായി ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകളെ ആ കൊച്ചു ഗ്രാമത്തിലേയ്ക്ക് എത്തിക്കുന്നു. മൂന്നാമതൊരു നിലകൂടി പണിയുന്ന കാര്യം പരിഗണനയിലുണ്ടത്രെ! അത് പക്ഷേ സന്ദർശകരെ ആകർഷിക്കാൻ  വേണ്ടി മാത്രമാണ് എന്നും പറഞ്ഞു കേൾക്കുന്നു. എന്തായാലും ഈ വേരുപാലങ്ങൾ മനുഷ്യനും പ്രകൃതിയും തമ്മിൽ ഇണങ്ങി ജീവിക്കാനാകും എന്നതിന്റെ ഉദാഹരണമായി തെളിഞ്ഞു നിൽക്കുന്നു.

ഗ്രാമക്കാഴ്ചകൾ 
കുറെ നേരം അവിടെ ഇരുന്ന ശേഷം അവിടെയുള്ള ഒരു ചെറിയ പെട്ടിക്കടയിൽ നിന്നും ചായ വാങ്ങിക്കുടിച്ചു ഞങ്ങൾ തിരിച്ചു നടക്കാൻ തുടങ്ങി. രാവിലത്തെ നടത്തത്തിന്റെ ക്ഷീണം ഒട്ടൊക്കെ മാറിയിരുന്നു. എങ്കിലും നടന്നു കയറാനുള്ള പടവുകൾ ഓർത്ത് മനസ്സിൽ വീണ്ടും പേടിയും ആശങ്കയും തല പൊക്കിത്തുടങ്ങി.  എനിക്ക് കഴിയും എന്ന് എന്നോട് തന്നെ ആവർത്തിച്ച് പതുക്കെ നടന്നു നീങ്ങി.

വിവിധ കാഴ്ചകൾ 
പത്തു പതിനഞ്ചു പടികൾ കയറുക, പിന്നെ അൽപ നേരം നിൽക്കുക, ചിലപ്പോഴെങ്കിലും വിശ്രമിക്കുന്നതിനു മുൻപ് ഒരു 30 പടികൾ ഒറ്റയടിക്ക് കയറുക എന്നിങ്ങനെ പല വിധത്തിൽ സ്വയം പ്രചോദിപ്പിച്ചു കൊണ്ട് കയറ്റം കയറി. കൂടെയുള്ളവർ കുറെ മുൻപിലാണ്.എനിക്ക് പറ്റുന്ന പോലെ സമയമെടുത്താണെങ്കിലും സാരമില്ല, സാവധാനം കയറി വരൂ എന്ന് പറഞ്ഞാണ് അവർ മുന്നിൽ പോയത്. കിതച്ചും ശ്വാസം മുട്ടിയും കാലിലെ വേദന അവഗണിച്ചും ഒച്ചിന്റെ വേഗതയിൽ ഞാൻ പടികൾ കയറി.

കുറെയങ്ങനെ കയറിയപ്പോൾ വയ്യാതാവുന്നത് പോലെ തോന്നി. കയ്യിൽ കരുതിയിരുന്ന വെള്ളവും ഏതാണ്ട് തീർന്ന മട്ടാണ്. ഒരഞ്ചു മിനിറ്റ് അരികിലെ ഒരു പാറയിൽ കുത്തിയിരുന്നു. കഴുത്തിൽ തൂക്കിയിരുന്ന ക്യാമറ ഊരി ബാക്ക് പാക്കിൽ നിക്ഷേപിച്ചു. ശ്വാസം വലിയ്ക്കാൻ ബുദ്ധിമുട്ടുന്ന വേളയിൽ എന്ത് പടമെടുക്കാൻ! കുറെ ദീർഘ ശ്വാസമെടുത്ത് അല്പം ആശ്വാസമായപ്പോൾ വീണ്ടും പടികൾ കയറിത്തുടങ്ങി. വടികുത്തി, സാവധാനം പടികൾ ഓരോന്നായ് കയറിക്കയറി ഒടുവിൽ കാല് കുഴഞ്ഞു ഞാൻ വീഴുമോ എന്ന് തോന്നിയ ഒരു വേളയിൽ പടിക്കെട്ടുകളുടെ അവസാനം കണ്ടു തുടങ്ങി.   

ഖാസി ജീവിതം 
അപ്പോഴേയ്ക്കും ദാഹം കൊണ്ടും വലഞ്ഞിരുന്നു. മുകളിലെത്തുന്നതിനു മുൻപുള്ള ഒരു കടയിൽ നിന്നും ശീതള പാനീയം വാങ്ങിക്കുടിച്ച് പതുക്കെ നടന്ന് എന്നെ കാത്തിരുന്നു മുഷിഞ്ഞ എൻ്റെ സഹയാത്രികരുടെ അടുത്തെത്തി. എന്തൊക്കെയായാലും  നിഷ തോറ്റു പിന്മാറാതെ ലക്‌ഷ്യം കാണുക തന്നെ ചെയ്യും എന്ന് ഞങ്ങൾക്കറിയാം എന്നവരിൽ ആരോ പറഞ്ഞത് കേട്ടപ്പോൾ ഏറ്റവും ഒടുവിലാണ് ഞാൻ എത്തിയതെങ്കിലും ഒന്നാമതെത്തിയ പ്രതീതി... അതിനേക്കാൾ അവരെയൊന്നും ബുദ്ധിമുട്ടിക്കാതെ ഇത്തിരി വൈകിയാണെങ്കിലും സ്വയം നടന്നു കയറിയതിന്റെ ആശ്വാസവും ചാരിതാർത്ഥ്യവും...

അവരോടൊപ്പം കാറിൽ കയറി താമസ സ്ഥലത്തേയ്ക്ക് തിരിച്ചു പോകുമ്പോൾ ഞാൻ ഉള്ളിൽ പറഞ്ഞു - ഒരിക്കൽ കൂടി ഞാൻ വരും, എന്റെ പ്രിയനൊപ്പം. ഇന്നു കാണാത്ത കാഴ്ചകളും അറിയാത്ത ആനന്ദവും അന്ന് ഞാൻ കാണും, അറിയും... അതു വരേയ്ക്കും ഈ വേരുകൾ വളർന്നു കൊണ്ടേയിരിക്കും - എന്നെ ഇവിടവുമായി പൂർവ്വാധികം ശക്തിയിൽ ബന്ധിപ്പിച്ചങ്ങനെ...
 
മടങ്ങി വരവും കാത്തിരിയ്ക്കുന്ന പടികൾ....

Comments

വളരെ നല്ല വിവരണം.വേര് പാലത്തെക്കുറിച്ച് കേട്ടിട്ടില്ലായിരുന്നു.

പ്രിയനുമൊത്ത് വീണ്ടും പോകാന്‍ ഇട വരട്ടെ.
M. Sadique said…
നിഷയുടെ യാത്രയിൽ കൂടെ നടക്കാൻ കഴിഞ്ഞ പ്രതീതി... ഇനിയിപ്പോ നേരിട്ടുപോയി കാണണമെന്ന് വല്യ നിർബന്ധമൊന്നുമില്ല!

പടവുകൾ എമ്പാടും കയറി കാഴ്ചകൾ കണ്ടു തിരിച്ചിറങ്ങുന്ന സ്ഥിരം ഏർപ്പാടിൽനിന്നും വ്യത്യസ്തമാണ് ഈ 1500 പടിയിറക്കം! ഇറങ്ങിപ്പോയില്ലേ, ഇനി തിരിച്ചു കയറിയല്ലേ പറ്റൂ .. ഹോ !
Cv Thankappan said…
ഫോട്ടോകള്‍ മനോഹരം!യാത്രാവിവരണം നന്നായി
ആശംസകള്‍
Nisha said…
വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ച് നമുക്ക് അധികം അറിയില്ല. അതു കൊണ്ട് പലതും നാമറിയാതെ പോകുന്നു.

വീണ്ടും പോകാനാവും എന്ന് തന്നെ കരുതുന്നു
Nisha said…
നേരിട്ട് പോകാൻ പറ്റിയാൽ തീർച്ചയായും പോവണം. ഒരു വേറിട്ട അനുഭവമായിരിക്കുമത്.

1500 അല്ല 3500 പടികൾ... ആരോഗ്യവന്മാരായവർക്ക് വലിയ പ്രശ്നമൊന്നും ഉണ്ടാവില്ല. ധൈര്യമായി ഇറങ്ങിക്കേറാം..
Nisha said…
നന്ദി തങ്കപ്പേട്ടാ! വായനയ്ക്കും അഭിപ്രായത്തിനും.
Unknown said…
Conclusion is really touching!!!
Writerp said…
മനോഹരം അത്ര മാത്രം 😁👌👍👏
Nisha said…
Thank You! :)

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം