വീട്ടിലെ കിളികൾ -2


കുട്ടിക്കാലത്തെ ഓർമ്മകളുടെ അവിഭാജ്യഘടകമാണ് ഇല്ലത്തെ കുളം. മഴക്കാലത്ത് നിറഞ്ഞു നില്ക്കുന്ന  വെള്ളത്തിൽ ചാടിത്തിമർത്തും മുങ്ങാംകൂഴിയിട്ടും നീന്തിക്കളിച്ചും മണിക്കൂറുകളാണ് കുളത്തിൽ ചിലവിട്ടിട്ടുള്ളത്. കുളിമുറിയെന്നത് പേരിനു മാത്രം ഉണ്ടായിരുന്ന ആ കാലത്ത് കുളത്തിനോട് അല്പം അനിഷ്ടം തോന്നിയിരുന്നത് തിരുവാതിരക്കാലത്താണ്. കുളിരുള്ള പ്രഭാതത്തിൽ നീരാവി വെള്ളത്തിൽ നിന്നും മൂടൽ മഞ്ഞു പോലെ ഉയർന്നു പൊങ്ങുന്ന കാഴ്ച തണുപ്പിന്റെ ആധിക്യം കൂട്ടിയതേ ഉള്ളു. അതിനാൽ അവധി ദിവസങ്ങളിൽ നല്ലവണ്ണം വെയിൽ പരന്നാലേ കുളത്തിൽ പോയിരുന്നുള്ളു.

കുളത്തിന്റെ ഏതാണ്ട് പകുതിയിലായി ഭിത്തിയോട് ചേർന്ന് ഒരു മരമുണ്ടായിരുന്നു. വളഞ്ഞു പുളഞ്ഞ് ഒരു ശിഖരം വെള്ളത്തിലേയ്ക്ക് തള്ളി നിൽക്കുന്ന ഒരു ചെറു മരം. മഴക്കാലത്ത് ആ ശിഖരത്തിനൊപ്പം  വെള്ളമെത്തുമ്പോൾ നീന്തിച്ചെന്ന് ഇലകൾക്കിടയിലൂടെ ഊഴ്ന്ന് (നീർക്കോലിയില്ലെന്നുറപ്പിച്ച്‌) ആ കൊമ്പിൽ പോയിരിക്കാറുണ്ട്. വെള്ളം കുറയുമ്പോൾ അതിന്റെ മുകളിൽ കയറി വെള്ളത്തിലേയ്ക്ക് മലക്കം മറിയും. എന്നാൽ തിരുവാതിരക്കാലമാവുമ്പോഴേയ്ക്കും വെള്ളം ഒരുപാട് താഴ്ന്നിട്ടുണ്ടാവും. അപ്പോൾ ആ കൊമ്പിന്റെ അവകാശികൾ കിളികളും അണ്ണാറക്കണ്ണനും ഒക്കെയാവും.

അങ്ങനെ ഒരു കാലത്താണ് ഞാനവനെ ആദ്യമായി കാണുന്നത്.

സ്കൂളില്ലാത്ത ഒരു ദിവസം ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറാതെ കുളക്കടവിലെത്തിയപ്പോഴാണ് സ്വപ്ന സദൃശമായ ഒരു കാഴ്ച്ച കണ്ടത്. എന്റെ പ്രിയപ്പെട്ട മരക്കൊമ്പിൽ നിന്നും ഒരു വെൺകിളി പറന്നുയരുന്നു... ഒരു ടിപ്പിക്കൽ സ്ലോമോഷൻ കാഴ്ച്ച പോലെ എനിക്കത് ഇപ്പോഴും കാണാം. അധികം വലുപ്പമില്ലാത്ത ഒരു പക്ഷി. തൂവെള്ള നിറം. എന്നാൽ എന്നെ ആകർഷിച്ചത് അതൊന്നുമല്ല - ആ കിളിയെക്കാൾ വലുപ്പത്തിലുള്ള അതിന്റെ വാലുകളായിരുന്നു. പറക്കുമ്പോൾ ആ വാലുകൾ അവർണ്ണനീയമായ ഒരു സൗന്ദര്യത്തോടെ, അത്യന്തം സുഖകരമായ കുളിർ കാറ്റേറ്റ് വായുവിൽ ഒഴുകി നടക്കുന്ന പോലെ ഒരു തോന്നൽ. ആ കാഴ്ച്ച എന്നെ ഹർഷപുളകിതയാക്കി. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ച്ച കണ്ട ഞാൻ സ്വയം മറന്നിരുന്നു. എന്നെ ഒരു മാസ്മരിക ലോകത്തേയ്ക്ക് തള്ളിവിട്ട് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആ കിളി അവിടെ നിന്നും പറന്നകന്നു.


ആദ്യദർശനാനുരാഗം എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു മിഥ്യയല്ലാതായത് അന്നാവണം. അന്ന്, ആ കുറച്ച് നിമിഷങ്ങളിൽ ഒരു മരക്കൊമ്പിൽ നിന്നും പറന്നുയർന്ന് എവിടെയോ അപ്രത്യക്ഷമായ ആ കിളി വന്നത് സ്വർഗ്ഗത്തിൽ നിന്നാണെന്ന് തോന്നി. ഇരട്ടവാലൻ എന്ന ഓമനപ്പേർ നല്കി ഞാനതിനെ ഹൃദയത്തിൽ സൂക്ഷിച്ചു. പിന്നെ എപ്പോൾ കുളത്തിൽ പോയാലും എന്റെ കണ്ണുകൾ അവനെ തേടുകയായി.

അവനെ കാണാതിരുന്നപ്പോൾ ഞാൻ കണ്ട കാഴ്ച്ച ഒരു സ്വപ്നമായിരുന്നോ എന്നു സംശയിച്ചു തുടങ്ങി. ഇത്ര വ്യക്തമായ സ്വപ്നമോ എന്ന് സ്വയം ചോദിക്കുകയുമുണ്ടായി. എന്തായാലും ആ ദർശന സൗഭാഗ്യം പിന്നെയുണ്ടായില്ല. കുറച്ച് ദിവസം പിന്നിട്ടപ്പോൾ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കാതായി.


കാലം പിന്നെയുമുരണ്ടു... അടുത്ത തിരുവാതിരക്കാലത്ത് നിനച്ചിരിക്കാതെ ദാ ആ കിളി വീണ്ടും പ്രത്യക്ഷനായിരിക്കുന്നു. ഇത്തവണ എന്തോ അത് പെട്ടന്ന് പറന്നു പോയില്ല. ചില ദിവസങ്ങളിൽ കുളക്കടവിൽ ദർശനം നല്കി. അപ്പോൾ കഴിയുന്നത്ര നേരം അതിനെ നോക്കിയിരുന്ന് ഞാനും സമയം കളഞ്ഞു ... ക്രമേണെ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന ആ ഇരട്ടവാലൻ കിളിയും എന്റെ ജീവിതത്തിന്റെ ഒരു സാധാരണ ഭാഗമായി. അതിനെ കാണുമ്പോൾ സന്തോഷിച്ചിരുന്നെങ്കിലും വളരെ കൗതുകം തോന്നാതായി.

കാലം കുറച്ചു കൂടി കഴിഞ്ഞപ്പോൾ കുളത്തിലെ കുളി വിശേഷ ദിവസങ്ങളിൽ മാത്രമായി ചുരുങ്ങി. തണുപ്പുകാലത്ത് അനുഭവപ്പെട്ടിരുന്ന ശ്വാസംമുട്ട് കുളത്തിലെ തണുത്ത വെള്ളത്തിൽ നിന്നുമെന്നെ അകറ്റി കുളിമുറിയിലെ ചൂടുവെള്ളത്തിന്റെ ഊഷ്മളതയിലേയ്ക്ക് നയിച്ചു. കിളികളും അണ്ണാനുമൊക്കെ കുട്ടിക്കാലത്തിന്റെ ശേഷിപ്പുകളായി... കിളിനാദങ്ങൾക്കു പകരം അന്നത്തെ ഹിറ്റ് പാട്ടുകൾ ചെവിയിൽ സദാ മുഴങ്ങി.


പതിറ്റാണ്ടുകൾക്കിപ്പുറം പക്ഷി നിരീക്ഷണം എനിക്ക് വെറുമൊരു സമയം കൊല്ലിയോ ആകസ്മിതയോ അല്ലാതായ സമയം... ഡിസംബറിൽ ഒരവധിക്കാലത്ത് ഇല്ലത്ത് എത്തിയപ്പോൾ വീണ്ടും ആ കുളപ്പടവിലെത്തി. അന്നവിടെ ഒരു ചെറിയ പക്ഷിയെ കണ്ടു. ബ്രൗൺ നിറത്തിൽ തലയിൽ ഒരു കറുത്ത പൂവൊക്കെയായി... ഓർമ്മയുടെ താളുകളിൽ ഒരു മിന്നൽ... എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്. കുട്ടിക്കാലത്തെ ഓർമ്മകൾ ചികഞ്ഞപ്പോൾ കണ്ടു - എന്റെ പ്രിയപ്പെട്ട ഇരട്ടവാലന്റ കൂടെ മിക്കപ്പോഴും ഉണ്ടായിരുന്നു ഇയാളെന്ന്. അതോടെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു തിരയിളക്കം.. കുറച്ചു നേരം കാത്തിരുന്ന് നിരാശയോടെ മടങ്ങി.


ഇല്ലത്തെത്തി കൈയ്യിലുള്ള പക്ഷികളുടെ ഗൈഡിൽ പരതിയപ്പോൾ കണ്ടു - രണ്ടാളെയും. ഏഷ്യൻ പാരഡൈസ് ഫ്ലൈക്യാച്ചർ എന്ന പേരും!!! അന്നാണ് ആ കിളികളുടെ പേരും അവ രണ്ടും വെവ്വേറെ തരമല്ല ഒരേ പക്ഷിയുടെ ആൺ-പെൺ വർഗ്ഗമാണ് എന്ന തിരിച്ചറിവുമുണ്ടായത്. ശൈത്യകാലത്ത് വടക്കേ ഇന്ത്യയിൽ നിന്നും തെക്കേ ഇന്ത്യയിലേയ്ക്ക് ദേശാടനം നടത്തുന്ന ഇവയെ ചിലപ്പോൾ മാത്രം കണ്ടിരുന്നതിന്റെ രഹസ്യവും അന്നാണ് മനസ്സിലായത്. എന്റെ പ്രിയപ്പെട്ട ഇരട്ടവാലൻ വളർച്ചയെത്തിയ ആൺപക്ഷിയാണെന്നും താരതമ്യേന ഭംഗിയും വലുപ്പവും കുറഞ്ഞ ബ്രൗൺ നിറത്തിലുള്ളത് പെൺകിളിയും അതേ നിറത്തിൽ നീണ്ട വാലുകൾ ഉള്ളവ വളർച്ചയെത്താത്ത ആൺകിളിയുമാണെന്ന് അറിയാൻ വീണ്ടും കുറേ ദിവസമെടുത്തു. അതിന്റെ മലയാളം പേര് നാകമോഹൻ എന്നാണെന്നും പഠിച്ചത് അക്കാലത്തെപ്പോഴോ ആവണം.


പിന്നീട് അവ വരുന്ന കാലമായാൽ എപ്പോഴും അവയ്ക്കു വേണ്ടി കണ്ണും കാതും തുറന്നു വെച്ചിരുന്നുവെങ്കിലും ഒരിയ്ക്കലും ആ ഇരട്ടവാലനെ കാണുകയുണ്ടായില്ല. പെൺകിളിയെയും ചെറിയ ആൺകിളിയേയും പിന്നീട് പലപ്പോഴും കണ്ടിട്ടുണ്ട്. പക്ഷേ വെള്ളത്തൂവൽ വിടർത്തി വെള്ളവാൽ മനോഹരമായി ചലിപ്പിച്ച് പറന്നുയരുന്ന വെളുത്ത നാകമോഹനെ ഇല്ലത്തു വെച്ച് കണ്ടിട്ടില്ല. ഇനി എന്നാണ് അങ്ങനെയൊരു ദർശന സൗഭാഗ്യം ലഭിയ്ക്കുക എന്നുമറിയില്ല. വീണ്ടും ആ കാഴ്ച്ച കാണാൻ ഉള്ളു തുടിയ്ക്കുന്നുണ്ടെങ്കിലും മനസ്സിൽ അന്നത്തെ കാഴ്ച്ച ഒട്ടും ഒളിമങ്ങാതെ കിടക്കുന്നതിതാൽ നഷ്ടബോധം തോന്നുന്നില്ല, ഒട്ടും.

പിൻകുറിപ്പ്:
ഇവിടെ വന്നതിനു ശേഷം ബേഡ്സ് ഓഫ് പാരഡൈസിനെ കുറിച്ചുള്ള ചില വീഡിയോകളും അവയെക്കുറിച്ച് ഡേവിഡ് ആറ്റൻബറോയുടെ ഡോക്യുമെൻററികളും കാണുകയുണ്ടായി. അതിൽ കാണിച്ച ഓരോ പക്ഷികളും ഒന്നിനൊന്ന് സുന്ദരമാരായിരുന്നു. അദ്ഭുതവും സന്തോഷവും അവയെക്കാണാനുള്ള ആഗ്രഹവുമൊക്കെ മനസ്സിൽ നിറയുമ്പോഴും ഹൃദയത്തിനകത്ത് ഒരു വെൺ കിളി പറന്നുയരും - ഞാനെവിടെയും പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട് എന്നെന്നെ ഓർമ്മിപ്പിക്കാനെന്നവണ്ണം. ആ ചിത്രം മനസ്സിൽ വിരിയുമ്പോൾ അതിന്റെ ചിറകേറി ഞാനും സ്വർഗ്ഗത്തിലെത്തിയപ്പോലെ തോന്നുമെനിക്ക് - അല്ലാതെ ഹൃദയം ഇത്ര തുടികൊള്ളേണ്ടതില്ലല്ലോ ...




Comments

M. Sadique said…
പൂർണവളർച്ചയെത്തിയ നാകമോഹനെ ആദ്യമായി കാണുന്ന ഏതൊരാൾക്കും താൻ കാണുന്നത് സ്വപ്നത്തിലെ പക്ഷിയാണോ , ഇങ്ങനെ പ്രകൃതിയിൽ ഒരു തിരമാല പോലെ ഒഴുകി നടക്കുന്ന പാൽനിറമുള്ള പക്ഷി നമ്മുടെ വീടിനടുത്തൊക്കെ വരുമോ എന്നൊക്കെ ഏതൊരാളും അതിശയിച്ചു പോകും.
കുട്ടിക്കാലം മുതൽ കാണാൻ തുടങ്ങിയിട്ടുണ്ടെങ്കിലും 2012 ൽ മാത്രമാണ് ഈ പക്ഷിയുടെ biography മനസ്സിലായത്.
ഇപ്പോഴും ഈ പക്ഷിയുടെ ചിത്രം എക്സിബിഷനിലോ, പഠന ക്‌ളാസ്സുകളിലോ male paradise fly catcher ന്റെ ചിത്രം കാണിക്കുമ്പോൾ കുട്ടികൾ അത്ഭുതത്തോടെ അവിശ്വസനീയതയോടെ ചോദിക്കാറുണ്ട്:
"ഇത്രയും മനോഹരമായ പക്ഷിയൊക്കെ തിരുന്നാവായയിൽ വരുന്നുണ്ടോ?"
അത് കേൾക്കുമ്പോ. .. ഈ സ്വർഗത്തിലെ പക്ഷിയെ ആദ്യമായി തൊടിലെ മൂവാണ്ടൻമാവിൽ കണ്ട് അന്തം വിട്ട ഒരു എട്ടാം ക്ലാസുകാരനെ ഓർമ്മവരും.
കണ്ണുകൾ ഇറുകിയടക്കും.
Nisha said…
Thanks for sharing your experience. Paradise flycatcher is definitely a bird of extraordinary beauty.

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം