Posts

Showing posts with the label പലവക

അലയുന്ന ആത്മാക്കൾ

Image
ആഴവും പരപ്പുമില്ലാതൊഴുകുന്ന, ഒരു ചെറു വേനൽ വന്നാൽ വറ്റിപ്പോകുന്ന പുഴയാണത്രെ ഞാൻ. കാളിന്ദിയോളം ആഴമില്ലാത്ത എന്നിലെങ്ങനെ നീന്തിത്തുടിയ്ക്കാനാണെന്ന ചോദ്യം നിന്റെ മൗനത്തിൽ നിന്നും വായിച്ചെടുത്തു ഞാൻ. ഒരു തിരയായ് വന്നെന്നെ ആഴക്കടലിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ ആശിച്ചാലും കരവിട്ടുവരാനെനിയ്ക്ക് കഴിയില്ല. കരയ്ക്കൊരിക്കലും കടലിന്നാഴം കാണാനാവില്ലെന്നു പറയാതെ പറഞ്ഞപ്പോൾ കടലാഴത്തിന് ആകാശപ്പരപ്പും കാണാനാവില്ലെന്നു ഞാൻ തർക്കിച്ചു. കൈനീട്ടിയെന്നെ കെട്ടിപ്പിടിയ്ക്കാൻ നോക്കുന്ന കാറ്റിൽ നിന്നും മുഖം തിരിച്ചു നടന്നു ഞാനെൻ പടിവാതിൽ കൊട്ടിയടച്ചു. ഇരമ്പുന്ന കനത്ത  ശബ്ദത്തിൽ കാറ്റെന്തോ പറഞ്ഞെങ്കിലും കേൾക്കുവാൻ ചെവിവട്ടം പിടിച്ചതേയില്ല. പാട്ടിൻ വരികൾ മൂളിയെൻ ഹൃദയത്തിലൊരു പാൽക്കടൽ തീർക്കാമെന്ന് വ്യാമോഹിക്കണ്ട -ശ്രുതിയുമീണവും മാത്രമല്ല,  എനിക്കിനിയഗ്നിപർവ്വതത്തിൻ പൊട്ടിത്തെറികൾ പോലും കേൾക്കില്ല.  വള്ളിയായ് വരിഞ്ഞെന്നിൽനിന്നുമകലാതെ കെട്ടിപ്പിടിച്ചു നിൽക്കാമെന്ന് കരുതേണ്ട. പടർന്നു കയറാനോരു  മരമല്ല  ഞാൻ, വെറുമൊരിതൾ മാത്രമാണിന്നല്ലെങ്കിൽ നാളെ പൊഴിഞ്ഞു വീഴുമവനിയിൽ... ഞാനെന്ന സ്വപ്ന സങ്കല്പവും നീയെന്ന സുന്

അമ്മിണിക്കുട്ടിയുടെ ലോകം 18 - അമ്മിണിക്കുട്ടിയും മൂന്ന് അമ്മമാരും

Image
അമ്മിണിക്കുട്ടിയുടെ ലോകം 18 - അമ്മിണിക്കുട്ടിയും മൂന്ന് അമ്മമാരും അമ്മിണിക്കുട്ടിയുടെ ലോകത്തിന് ഭംഗിയേകുന്നത് അവൾക്കു ചുറ്റുമുള്ള ആളുകളാണ് എന്നവൾക്ക് അറിയാം. അതിൽ അമ്മയുമച്ഛനും ഏടത്തിമാരും മുത്തശ്ശിയും മറ്റു ബന്ധുക്കളും മാത്രമല്ല. പാറുവമ്മയും ഭാസ്കരൻനായരും ശങ്കുണ്ണ്യാരും മാണിക്കനും ചാത്തൻകുട്ടിയും ഒക്കെയുണ്ട്. പിന്നെ പല കാര്യങ്ങൾ കൂടിയാലോചിക്കുന്നതിനായി അച്ഛനെ കാണാൻ വരുന്നവരും  നാട്ടുകാരും എല്ലാം കൂടി ഓരോ ദിവസവും ചെറിയൊരു ആഘോഷം പോലെയാണ് അമ്മിണിക്കുട്ടിക്ക് തോന്നാറ്. പൂമുഖത്ത് ആരെങ്കിലും വന്നെന്ന് അറിഞ്ഞാൽ ഓടിച്ചെല്ലും. അവിടെയൊക്കെ ചുറ്റിപ്പറ്റി നിൽക്കും. ചിലപ്പോൾ സന്ദർശകർക്കുള്ള ചായ, സംഭാരം, വെള്ളം തുടങ്ങി പലതും പൂമുഖത്തേക്ക് എത്തിക്കാൻ അമ്മയെ  സഹായിക്കും. ഗൌരവമുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യുന്നതെങ്കിൽ അവിടെ അധികം ചുറ്റിപ്പറ്റി നിൽക്കാറില്ല. അല്ലെങ്കിൽ വരുന്ന ആളുകളുടെ നാട്യവും ഭാവവും ഒക്കെ നോക്കി നിൽക്കും.    എന്നും കാണുന്ന ചിലരൊക്കെ ബന്ധുക്കൾ അല്ലെങ്കിൽ പോലും അമ്മിണിക്കുട്ടിയുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവരാണ്. എല്ലാവർക്കും എപ്പോൾ വേണമെങ്കിലും കടന്നു വരാവുന്ന തറവാട്ടിലാണ് താമസമെന്നതു കൊണ

കോറോണക്കാല ജീവിതം

Image
കോറോണയും ലോക്ക്ഡൌണും ജീവിതത്തോട് ചെയ്തത് ..    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനസ്സിൽ ഒരു പിടിവലി നടക്കുകയാണ്. എഴുതണോ വേണ്ടയോ എന്ന്. ആദ്യം വിചാരിച്ചു എഴുതാം. പിന്നെ തോന്നി എന്ത് എഴുതാനാണ് - എല്ലാവരും ഒരേ തോണിയിൽ തന്നെ ആയിരുന്നല്ലോ എന്ന്. പക്ഷേ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചിലരുമായി നടത്തിയ സംഭാഷണങ്ങളും പൊതുവേയുള്ള മനോവ്യാപാരങ്ങളും എന്നെക്കൊണ്ട് എഴുതിക്കുകയാണ്. ഇത് എത്ര നീണ്ടു പോകുമെന്നോ, വായനക്കാരെ എത്രത്തോളം മുഷിപ്പിക്കുമെന്നോ എനിക്കറിയില്ല. കഴിഞ്ഞു പോയ കാലത്തിനെ ചെറുതായയെങ്കിലും അക്ഷരങ്ങളിൽ അടയാളപ്പെടുത്തി വെക്കണമെന്ന് തോന്നിയത് കൊണ്ട് എഴുതുകയാണ്.  നിങ്ങൾ എന്നാണ് അവസാനമായി കുടുംബത്തിലെ മറ്റ് അംഗങ്ങളോടൊപ്പം കൊച്ചു വർത്തമാനം പറഞ്ഞിരുന്നത്? ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ  മുഖത്തോടുമുഖം കണ്ട്  സംസാരിച്ചത്? അവസാനമായി നിങ്ങളുടെ വീട്ടിൽ ഒരതിഥി വരികയോ നിങ്ങൾ ആരുടെയെങ്കിലും വീട്ടിൽ പോയതോ എന്നാണ്? ഒന്നും വേണ്ട, നിങ്ങളുടെ കൂടെത്തന്നെ താമസിക്കുന്നവരല്ലാത്ത ഒരാളോടൊപ്പം അവസാനമായി നിങ്ങൾ ചായ കുടിച്ചത് എന്നാണ്? ഇന്നലെ? മിനിയാന്ന്? അതോ കഴിഞ്ഞയാഴ്ചയോ കഴിഞ്ഞ മാസമോ? ആലോചിച്ചു നോക്കൂ..  ഞങ്ങളുടെ ജീവിതത്തിൽ

അമ്മിണിക്കുട്ടിയുടെ ലോകം #12 - ചെറു പിണക്കങ്ങൾ

Image
അമ്മിണിക്കുട്ടിയുടെ  ലോകം #12  - ചെറു പിണക്കങ്ങൾ  സ്വതേ അമ്മിണിക്കുട്ടിയും കുഞ്ഞേടത്തിയും വല്യ കൂട്ടാണ്. കുഞ്ഞേടത്തിയുടെ വാലിൽ തൂങ്ങിയേ നടക്കൂ എന്ന് പലരും അവളെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട് - കുഞ്ഞേടത്തിയ്ക്ക് വാലില്ലല്ലോ പിന്നെന്താ എല്ലാരും അങ്ങനെ പറയുന്നത് എന്നായിരുന്നു അവളുടെ സംശയം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുഞ്ഞേടത്തിയാണ് അവളുടെ ഏറ്റവും വലിയ കൂട്ട്. എന്നാൽ ഇടയ്ക്ക് അമ്മിണിക്കുട്ടിയും കുഞ്ഞേടത്തിയും തമ്മിൽ പിണങ്ങും. അതിന് അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും വേണമെന്നില്ല. കളിക്കാൻ വിളിച്ചപ്പോൾ വന്നില്ല, കളിക്കാൻ കൂട്ടിയില്ല, വിളിച്ചപ്പോൾ വിളികേട്ടില്ല തുടങ്ങി ചെറിയ കാരണങ്ങൾ മതി പിണങ്ങാൻ. രണ്ടാളും പിണങ്ങിയാൽ പിന്നെ പരസ്പരം നോക്കുക കൂടിയില്ല. രണ്ടാളും വല്യേടത്തിയുടെ ശ്രദ്ധ കിട്ടാൻ വേണ്ടിയാവും മത്സരം.  വല്യേടത്തിയാണെങ്കിൽ ആ അവസരം നന്നായി വിനിയോഗിക്കും. രണ്ടാളെക്കൊണ്ടും സൂത്രത്തിൽ ചില പണികളൊക്കെ എടുപ്പിക്കും. വല്യേടത്തി കാപ്പി കുടിച്ച ഗ്ലാസ്സ് കഴുകി വെയ്ക്കുക, കുടിക്കാൻ വെള്ളം കൊണ്ടു കൊടുക്കുക തുടങ്ങിയ പിണ്ടിപ്പണികളാണ് മിക്കവാറും കിട്ടുക. വേറെ നിവൃത്തിയില്ലാത്തതിനാൽ രണ്ടാളും അതൊക്ക

അമ്മിണിക്കുട്ടിയുടെ ലോകം 10 - ഊണും ഉറക്കവും

Image
അമ്മിണിക്കുട്ടിയുടെ ലോകം # 10 - ഊണും ഉറക്കവും ഭാഗം 9 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക   പകൽ സമയത്തെ കളികളും വൈകുന്നേരം കുളത്തിലെ നീന്തലും ഒക്കെയായി രാത്രി ആയപ്പോഴേയ്ക്കും അമ്മിണിക്കുട്ടി ആകെ തളർന്നിരുന്നു. അതു കൊണ്ടു തന്നെ സ്ലേറ്റിലെ കുത്തിവര അവൾക്ക് വേഗം മടുത്തു.  എന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോൾ കിഴക്കിണിയിൽ നിന്നും മുത്തശ്ശിയുടെ വർത്തമാനം കേട്ടു. ഇത്തിരുവമ്മയോടാണോ അമ്മയോടാണോ സംസാരം എന്നവൾക്ക് മനസ്സിലായില്ല. മൂത്തശ്ശിക്ക് രാത്രി എന്തെങ്കിലും സഹായം വേണ്ടി വന്നാൽ സഹായിക്കാനാണ് പാറുവമ്മയുടെ അമ്മ ഇത്തിരുവമ്മ ഹാജരായിട്ടുള്ളത്. മുൻപൊക്കെ പകലും മുഴുവൻ സമയവും അവർ ഉണ്ടാവുമായിരുന്നു. പാറുവമ്മ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ അവർ പകൽ വല്ലപ്പോഴുമേ വരാറുള്ളൂ. സന്ധ്യയാവുന്നതോടെ വന്ന് രാവിലെ മടങ്ങുകയാണ് ഇപ്പോൾ പതിവ്.  ഇത്തിരുവമ്മയുടെ നീണ്ട ചെവി പിടിച്ചു വിരലുകളക്കിടയിൽ ഇട്ടു തിരിച്ചു നോക്കാൻ അമ്മിണിക്കുട്ടിയ്ക്ക് നല്ല ഇഷ്ടമാണ്. ചിലപ്പോൾ ചെവിയിലെ നീണ്ട ഓട്ടയിൽ വിരൽ കടത്തി വിരലുകൾ കൊണ്ട് പൂജ്യം ഉണ്ടാക്കി നോക്കും. ആദ്യമൊക്കെ അവൾ കരുതിയത് വയസ്സായാൽ തന്നെത്താനെ പല്ലൊക്കെ പോയി, ചെവിയൊക്കെ തൂങ്ങും എന്ന

അവരും ഞാനും

അവരുടെ നഷ്ടം കടുകുമണിയോളവും എന്റെ നഷ്ടം കുന്നോളവുമാണ്; അവരുടെ കണ്ണീർ നാടകവും എന്റെ കണ്ണീർ ഹൃദയരക്തവുമാണ്; അവരുടെ നേട്ടം കുന്നിക്കുരുവോളവും എന്റേത് കൊടുമുടിയോളവുമാണ്; എന്റെ ശരികൾ ശരിക്കുമുള്ളതും അവരുടേത് അത്ര ശരിയല്ലാത്തതുമാണ്; എന്റെ ചിത്രങ്ങൾ മിഴിവേറിയതും അവരുടേത് നരച്ചുമങ്ങിയതുമാണ്; എന്റെ കാഴ്ചപ്പാടുകൾ പുരോഗമനവും അവരുടേത് പ്രാകൃതവുമാണ്; എന്റെ ചിരികൾ സുന്ദരവും അവരുടേത് വിരൂപവുമാണ്; അവരൊന്നുമല്ലെന്ന തോന്നലിലും ഞാനെല്ലാമാണെന്ന ഭാവമാണ്; അവർ വൃഥാ ചിന്തിച്ചു കൂട്ടുന്നു എന്റെ ചിന്ത ഭാവനാസമൃദ്ധമാണ്; ഞാൻ അവരെന്ന് വിളിക്കുന്നവർ എന്നെ വിളിക്കുന്നത് അവരെന്നാണ്, കാപട്യത്തിന്റെ മൂടുപടമണിഞ്ഞ് അവരും ഞാനുമെന്നും മത്സരത്തിലാണ്, എങ്കിലും ചിലപ്പോൾ ഞാൻ അവരാണ്, അവർ ചിലപ്പോൾ ഞാനുമാണ്- എന്നിട്ടും അവരും ഞാനുമങ്ങനെ നിരന്തരം യുദ്ധത്തിലാണ് ...

അമ്മിണിക്കുട്ടിയുടെ ലോകം # 8 - അല്പം കളി, അല്പം കാര്യം

Image
അമ്മിണിക്കുട്ടിയുടെ ലോകം #8 - അല്പം കളി, അല്പം കാര്യം ഭാഗം 7 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക      കുറച്ചു നേരം കാത്തിരുന്നപ്പോൾ കുഞ്ഞേടത്തിയും കളിക്കാനുള്ള ഉത്സാഹത്തിലായി. രണ്ടാളും കൂടി എന്ത് കളിക്കണം എന്ന ചർച്ചയായി. ഒളിച്ചു കളിക്കാം - അതാവുമ്പോൾ അധികം വിഷമമില്ല. ഒരു സ്ഥലത്ത് പതുങ്ങി ഇരുന്നാൽ മതിയല്ലോ. ആരാദ്യം എണ്ണും എന്നായി അടുത്ത സംശയം.  'അമ്മിണിക്കുട്ടി ഒളിച്ചോളൂ ഞാൻ എണ്ണാം' എന്ന് കുഞ്ഞേടത്തി. നാലിറയത്തെ തൂണിന് മുന്നിൽ നിന്ന് 'ട്വെന്റി വരെ എണ്ണും. അപ്പഴ്യ്ക്കും ഒളിക്കണം ട്ടോ' എന്നും പറഞ്ഞു എണ്ണാൻ തുടങ്ങി. 'വൺ, ടൂ.. ത്രീ..' കുഞ്ഞേടത്തി എണ്ണിതുടങ്ങിയപ്പോഴേക്കും അമ്മിണിക്കുട്ടിയ്ക്ക് പരിഭ്രമമായി. എവിടെ ഒളിക്കും?  കൂടുതൽ ആലോചിക്കാൻ സമയമില്ല. തെക്കിണിയിൽ കയറാൻ ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും വലിഞ്ഞു കയറി, വലിയ തൂണിന് പിന്നിൽ ഒളിച്ചിരുന്നു. ചുറ്റും നല്ല ഇരുട്ടാണ്. കോസറിയും പായയും തലയിണയുമൊക്കെ മടക്കി വെച്ചിരിക്കുന്ന മൂലയിലേക്ക് നോക്കിയാൽ പേടിയാവും. ആരോ അവിടെ പേടിപ്പിക്കാൻ നിലയ്ക്കുന്നത് പോലെ.. കണ്ണിറുക്കിയടച്ച് അവൾ ശ്വാസമടക്കി നിന്നു.  'നയൻറ്റീൻ, ട്വെന്റി!.. എന്

അമ്മിണിക്കുട്ടിയുടെ ലോകം #7 - വൈകുന്നേരത്തെ വിശേഷങ്ങൾ

Image
അമ്മിണിക്കുട്ടിയുടെ ലോകം #7 - വൈകുന്നേരത്തെ വിശേഷങ്ങൾ  ഭാഗം 6 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക   അമ്മിണിക്കുട്ടി ഓടി അടുക്കളയിലെത്തിയപ്പോഴേക്കും മുത്തശ്ശിയ്ക്ക് പാലുംവെള്ളവും നാലുമണി പലഹാരവും കൊടുത്തശേഷം അമ്മയും അടുക്കളയിലെത്തിയിരുന്നു. അവളുടെ മുഖത്തെ പരിഭ്രമം കണ്ട് - 'എന്താ? എന്തെങ്കിലും വികൃതി ഒപ്പിച്ചിട്ടാണോ വരുന്നത്' എന്ന് മട്ടിൽ അമ്മയൊന്ന് ശ്രദ്ധിച്ചു നോക്കി.. വേവലാതിപ്പെടേണ്ട ഒന്നും അവൾ ചെയ്തിട്ടില്ലെന്ന് മനസ്സിലായപ്പോൾ അമ്മ തന്റെ ജോലികൾ തുടർന്നു.  'അമ്മിണിക്കുട്ടിക്ക്  പലഹാരം കഴിയ്ക്ക്യാറായോ?' അമ്മ ചോദിച്ചു. 'ഇല്ല' എന്നവൾ തലയിളക്കി. 'ഹ്മം... ഏടത്തിമാർ ഇപ്പോ വരും. അവര് വന്നിട്ടാവാം, അല്ലേ?'  'ആയിക്കോട്ടെ' എന്ന് അവൾ തലകുലുക്കി. മനസ്സിൽ നിന്ന് അപ്പോഴും ആന കുത്താൻ വരുമോ എന്ന ആധി മുഴുവനായും മാറിയില്ലായിരുന്നു. 'എന്നാൽ അമ്മിണിക്കുട്ടി പോയി പാറുവമ്മയോട് ചായണ്ടായി എന്ന് പറയൂ'  അത് കേട്ടതും അവൾ വടക്കേ വാതിൽ തുറന്ന് പുറത്തിറങ്ങി. അടുക്കളയുടെ വടക്കേ വാതിലിന് ഉയരം നന്നേ കുറവാണ്. അതുകൊണ്ടു തന്നെ വല്യോർക്കൊക്കെ തല നല്ലോണം കുനിച്ചേ അത് കടക്കാൻ പറ

യോർക്ക് മിൻസ്റ്റർ

Image
യോർക്കിലെ സുപ്രധാന ആകർഷണങ്ങളിൽ യോർക്ക് മിൻസ്റ്റർ തന്നെയാവും മുൻപന്തിയിൽ. വടക്കൻ യൂറോപ്പിലെ തന്നെ വലിയ പള്ളികളിൽ ഒന്നായ ഈ കത്തീഡ്രൽ ഗോഥിക്ക് മാതൃകയിലാണ് പണിതിട്ടുള്ളത്. 1200കളിലാണ് ഇവിടെ ഈ പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 250 ലധികം കൊല്ലം കഴിഞ്ഞ് 1470 കളിലാണ് നിർമ്മാണം പൂർത്തിയായത്.  എന്നാൽ ഇപ്പോഴുള്ള ഈ പള്ളി വരുന്നതിനും എത്രയോ മുൻപ് തന്നെ ഈ സ്ഥലത്ത് പള്ളിയും ആരാധനാകേന്ദ്രങ്ങളും ഒക്കെയുണ്ടായിരുന്നു എന്നാണ് അറിഞ്ഞത്.    യോർക്കിനെ ഒരു നഗരമായി സ്ഥാപിച്ചത് റൊമാക്കാരാണ്. ഏതാണ്ട് എഡി 70-ൽ യോർക്കിനെ അവരുടെ ശക്തികേന്ദ്രമാക്കിയപ്പോൾ ഇന്നത്തെ യോർക്ക് മിൻസ്റ്റർ നിലനില്ക്കുന്ന സ്ഥലത്ത് അവരുടെ ആസ്ഥാനമായ എബോർക്കം (Eboracum) അഥവാ കോട്ട സ്ഥിതി ചെയ്തിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ പള്ളിയുടെ അടിത്തറയുടെ കീഴിൽ നിന്നും അടുത്ത കാലത്ത് കണ്ടെത്തിയിരുന്നു.  പള്ളിയുടെ undercroft(നിലവറക്കുണ്ട്?)-ൽ ആ അവശിഷ്ടങ്ങളുടെ ഒരു എക്സിബിഷൻ നമുക്ക് കാണാം. പഴയ റോമൻ കെട്ടിടത്തിന്റെ അവശേഷിപ്പുകൾ തീർച്ചയായും കാണേണ്ടവ തന്നെയാണ്.  ഏതാണ്ട് 627 ലാണ് ഈ സ്ഥലത്ത് ആദ്യത്തെ ക്രിസ്ത്യൻ പള്ളി നിലവിൽ വരുന്നത്. 732-ൽ മാർപാപ്പ ആദ്യത്

അമ്മിണിക്കുട്ടിയുടെ ലോകം # 6 - കാത്തിരിപ്പിന്റെ വിരസത

Image
അമ്മിണിക്കുട്ടിയുടെ ലോകം #6 - കാത്തിരിപ്പിന്റെ വിരസത ഭാഗം അഞ്ചു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക   ഏടത്തിമാരെ കാത്തു കാത്തിരുന്ന് അമ്മിണിക്കുട്ടിയ്ക്ക് മുഷിഞ്ഞു. അപ്പോഴേക്കും അമ്മ പയ്യിനെ കറന്നശേഷം കുട്ടിയെ കെട്ടഴിച്ചു വിട്ടു. അത് ആർത്തിയോടെ പാൽ കുടിക്കാൻ തള്ളപയ്യിന്റെ അടുത്തേയ്ക്ക് ഓടിയത് അമ്മിണിക്കുട്ടി പൂമുഖത്തു നിന്നും കണ്ടു. അമ്മ, കറന്നെടുത്ത പാൽ ഒരു വലിയ തൂക്കുപാത്രത്തിലാക്കി  കൊണ്ടുവരുന്നുണ്ട്. പാറുവമ്മ പിന്നാലെ തന്നെയുണ്ട്. എന്തൊക്കെയോ സംസാരിച്ചു കൊണ്ടാണ് അവർ വരുന്നത്.  അമ്മിണിക്കുട്ടി ഒന്നും മിണ്ടാതെ അവരെ നോക്കിയിരുന്നു. കൈയും കാലും നന്നായി ഉരച്ചു കഴുകിയ ശേഷം പാലിന്റെ തൂക്കുപാത്രവും കൊണ്ട് അമ്മ അടുക്കളയിലേയ്ക്ക് നടന്നു. അതിനും മുൻപ് തന്നെ പാറുവമ്മ തന്റെ പണികൾ തീർക്കാൻ തിരക്കിട്ട് പോയിരുന്നു. ഇനി കുറച്ചു നേരം അമ്മയും തിരക്കിലായിരിക്കും. പാൽ അളന്ന് വെവ്വേറെ പാത്രങ്ങളിലാക്കും - ഉരി, നാഴി, ഇരുന്നാഴി അങ്ങനെ ഓരോരുത്തർക്കും കൊടുക്കാനുള്ള പാലിന്റെ കണക്കുകൾ ഉണ്ട്. അതിനൊക്കെ പ്രത്യേകം പാത്രങ്ങളും ഉണ്ട്. അതൊക്കെ അളന്നൊഴിച്ച് നിരനിരയായി വടക്ക്വോർത്ത് വെയ്ക്കും. പാറുവമ്മയാവും മിക്കവാറും