അമ്മിണിക്കുട്ടിയുടെ ലോകം #15 - മഴക്കാല വികൃതികൾ
അമ്മിണിക്കുട്ടിയുടെ ലോകം 15 - മഴക്കാല വികൃതികൾ മഴ അമ്മിണിക്കുട്ടിയ്ക്ക് വളരെ ഇഷ്ടമാണ് - പ്രതേകിച്ചും സ്കൂളിൽ പൊവേണ്ടാത്ത ദിവസങ്ങളിൽ മഴ പെയ്യുന്നത്. സ്കൂളുള്ള ദിവസം മഴ പെയ്താൽ ഒരു രസവുമില്ല. ഒന്നാമത്തെ കാര്യം സ്കൂളിലേക്ക് പോവുമ്പോൾ മഴക്കോട്ടും തൊപ്പിയും കുടയും ഒക്കെ ഏറ്റി വേണം പോവാൻ. എന്നാലും സ്കൂളിൽ എത്തുമ്പോഴേക്കും കുറച്ചൊക്കെ നനയും. നനഞ്ഞ കുടയും മഴക്കോട്ടും സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് പോരാഞ്ഞ് ഈർപ്പമുള്ള ബെഞ്ചിൽ അതിലും ഈർപ്പമുള്ള ഉടുപ്പുമിട്ട് മണിക്കൂറുകളോളം ഇരിക്കണം. സ്കൂളിൽ പോയാൽ ഏറ്റവും രസം കൂട്ടുകാരൊത്ത് പുറത്ത് കളിക്കുന്നതാണ്. അവരൊടൊപ്പം ഊഞ്ഞാലാടാനും സീസോ മുകളിലേക്കുയർത്താനും താഴേക്കുവലിക്കാനും ഇടയ്ക്ക് കളിമുറ്റത്തെ സ്ലൈഡറിൽ ഉരുസിക്കളിക്കാനും എന്ത് രസമാണെന്നോ! സ്കൂളിലെ ഏറ്റവും രസകരമായ നിമിഷങ്ങൾ അതൊക്കെയാണ്. എന്നാൽ മഴയുള്ള ദിവസം ഇതൊന്നും നടക്കില്ല. പഠിത്തം കഴിഞ്ഞ് ഇടയ്ക്ക് നഴ്സറിയിലെ കളിമുറിയിലിരുന്ന് കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കാം. അത്ര മാത്രം. കളിമുറിയിലെ കളിപ്പാട്ടങ്ങൾ ആദ്യത്തെ ദിവസം കൊണ്ടു തന്നെ അമ്മിണിക്കുട്ടിയ്ക്ക് മതിയായിരുന...