അമ്മിണിക്കുട്ടിയുടെ ലോകം # 6 - കാത്തിരിപ്പിന്റെ വിരസത
അമ്മിണിക്കുട്ടിയുടെ ലോകം #6 - കാത്തിരിപ്പിന്റെ വിരസത ഭാഗം അഞ്ചു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഏടത്തിമാരെ കാത്തു കാത്തിരുന്ന് അമ്മിണിക്കുട്ടിയ്ക്ക് മുഷിഞ്ഞു. അപ്പോഴേക്കും അമ്മ പയ്യിനെ കറന്നശേഷം കുട്ടിയെ കെട്ടഴിച്ചു വിട്ടു. അത് ആർത്തിയോടെ പാൽ കുടിക്കാൻ തള്ളപയ്യിന്റെ അടുത്തേയ്ക്ക് ഓടിയത് അമ്മിണിക്കുട്ടി പൂമുഖത്തു നിന്നും കണ്ടു. അമ്മ, കറന്നെടുത്ത പാൽ ഒരു വലിയ തൂക്കുപാത്രത്തിലാക്കി കൊണ്ടുവരുന്നുണ്ട്. പാറുവമ്മ പിന്നാലെ തന്നെയുണ്ട്. എന്തൊക്കെയോ സംസാരിച്ചു കൊണ്ടാണ് അവർ വരുന്നത്. അമ്മിണിക്കുട്ടി ഒന്നും മിണ്ടാതെ അവരെ നോക്കിയിരുന്നു. കൈയും കാലും നന്നായി ഉരച്ചു കഴുകിയ ശേഷം പാലിന്റെ തൂക്കുപാത്രവും കൊണ്ട് അമ്മ അടുക്കളയിലേയ്ക്ക് നടന്നു. അതിനും മുൻപ് തന്നെ പാറുവമ്മ തന്റെ പണികൾ തീർക്കാൻ തിരക്കിട്ട് പോയിരുന്നു. ഇനി കുറച്ചു നേരം അമ്മയും തിരക്കിലായിരിക്കും. പാൽ അളന്ന് വെവ്വേറെ പാത്രങ്ങളിലാക്കും - ഉരി, നാഴി, ഇരുന്നാഴി അങ്ങനെ ഓരോരുത്തർക്കും കൊടുക്കാനുള്ള പാലിന്റെ കണക്കുകൾ ഉണ്ട്. അതിനൊക്കെ പ്രത്യേകം പാത്രങ്ങളും ഉണ്ട്. അതൊക്കെ അളന്നൊഴിച്ച് നിരനിരയായി വടക്ക്വോർത്ത് വെയ്ക്കും. പാറുവമ്മയാവും മിക്കവാറും