ഓര്‍മകളില്‍ ഒരു പെന്‍സില്‍ ബോക്സ്
പണ്ട് - അത്ര പണ്ടുപണ്ടൊന്നുമല്ലട്ടോ, ഒരു പത്തിരുപത്തെട്ടു കൊല്ലം മുന്‍പ് - സ്കൂളില്‍ പഠിക്കുന്ന കാലം... സ്കൂളില്‍ പല കുട്ടികളും ഗള്‍ഫിലുള്ള ബന്ധുക്കള്‍ കൊണ്ടു വന്ന സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കാലം. ഫെബെര്‍ കാസ്റ്റിലിന്റെ മഞ്ഞ നിറത്തിലുള്ള പെന്‍സില്‍, ഇരുപത്തിനാലോളം കളറുകള്‍ ഉള്ള ക്രയോണ്‍സിന്‍റെ പെട്ടി, മൂട്ടില്‍ റബ്ബറുള്ള പെന്‍സില്‍, പെന്‍സില്‍ കൂര്‍പ്പിക്കുമ്പോള്‍ അതിന്റെ അവശിഷ്ടങ്ങള്‍ പുറത്ത് വീഴാതിരിക്കാന്‍ അടപ്പുള്ള പെന്‍സില്‍ ഷാര്‍പ്ണര്‍, ഒരറ്റത്ത് റബ്ബറും (ഇറേസര്‍) മറ്റേ അറ്റത്ത് മായ്ക്കുമ്പോള്‍ ഉണ്ടാവുന്ന പൊടി തട്ടിക്കളയാനുള്ള ചെറിയ ബ്രഷുമുള്ള റബ്ബര്‍, കാന്തിക ശക്തിയാല്‍ അടയുന്ന അടപ്പുള്ള, രണ്ടു ഭാഗവും തുറക്കാവുന്ന പെന്‍സില്‍ ബോക്സ് എന്നിങ്ങനെ കൌതുകകരമായ പല സാമഗ്രികളും ക്ലാസ്സില്‍ മിക്കവാറും പേരുടെ കൈയ്യില്‍ കണ്ടിരുന്ന കാലം. ചില മഹാമനസ്കര്‍ അവയെല്ലാം തൊട്ടു നോക്കാനും ചിലപ്പോള്‍ ഉപയോഗിക്കാനും അനുവദിച്ചിരുന്നെങ്കിലും മിക്കപ്പോഴും അവയെല്ലാം ഒരു വിലപ്പെട്ട വസ്തുവിനെപ്പോലെ ഏറെ സൂക്ഷിച്ച് മറ്റാര്‍ക്കും നല്കാതെ വച്ചിരുന്നു. അവരുടെ പത്രാസ് കണ്ടപ്പോള്‍ നമ്മുടെയുള്ളില്‍ എന്തോ ഒരിത്!