ഗോമുഖിലേയ്ക്ക് - 2
പിറ്റേന്ന് കണ്ണു തുറന്നത് ഇരുണ്ട ഒരു പ്രഭാതത്തിലേയ്ക്കായിരുന്നു. ഒന്നു കിടന്നതേയുള്ളൂ - അപ്പോഴേയ്ക്കും എഴുന്നേൽക്കാറായ പോലെ! രജായിയുടെ ഊഷ്മളതയിൽ നിന്നും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന തണുപ്പിലേയ്ക്ക് ഇറങ്ങാൻ മടി! പക്ഷേ സമയബന്ധിതമായി നീങ്ങിയില്ലെങ്കിൽ ഞങ്ങളുടെ യാത്ര ഇനിയും നീണ്ടുപോകും. അതിനാൽ പുതച്ചു മൂടിക്കിടക്കാനുള്ള അതിയായ ആഗ്രഹത്തെ കീഴടക്കി പതുക്കെ പ്രഭാത കർമ്മങ്ങളിൽ മുഴുകി. തണുത്തുറഞ്ഞ വെള്ളം തൊട്ടപ്പോൾ പല്ല് തേയ്‌ക്കേണ്ട എന്നു വരെ തോന്നി. എന്നാലും ആ തോന്നലിനെ നിഷ്കരുണം തള്ളിക്കളഞ്ഞ് പല്ലുതേപ്പും മുഖം കഴുകലും ഒക്കെ കഴിഞ്ഞ് ഗോമുഖിലേയ്ക്ക് പോകാൻ തയ്യാറായി. സ്വർണ്ണ മല രാവിലെ അഞ്ചേ കാലോടെ താമസസ്ഥലത്തിനു പുറത്തെത്തി. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു പുലരിയിലേക്കാണ് ഞാനന്ന് കാലെടുത്തു വെച്ചത്. മുന്നിൽ തലയുയർത്തി നിൽക്കുന്ന പർവ്വതനിര. ഉദയസൂര്യകിരണങ്ങൾ ഏറ്റു വാങ്ങി സ്വർണ്ണപ്രഭയിൽ മുങ്ങി നിൽക്കുന്ന ഗിരിശൃംഗങ്ങൾ! കാണുന്ന കാഴ്ച്ച സത്യമാണോ എന്ന് വിസ്മയിച്ചു പോയ നിമിഷങ്ങൾ... സ്വർണ്ണവും വെള്ളിയും കരിനിറങ്ങളും മാറിമാറി പ്രദർശിപ്പിച്ചു കൊണ്ട് അവയങ്ങനെ വിലസി നിന്നു. കൂട്ടത്തിലുള്ള...