Posts

Showing posts from May, 2024

അമ്മിണിക്കുട്ടിയുടെ ലോകം 19 – സത്യ വരുന്നു

Image
അമ്മിണിക്കുട്ടിയുടെ ലോകം – സത്യ വരുന്നു ഒരു ദിവസം സ്കൂൾ വിട്ടു വന്നപ്പോഴാണ് അമ്മിണിക്കുട്ടി ആ വിവരം അറിയുന്നത്. അടുത്ത ദിവസം സത്യ വരുന്നുണ്ടത്രേ! അത് കേട്ടതും അമ്മിണിക്കുട്ടി അല്പം ചിന്തയിലായി. അമ്മയും ഏടത്തിമാരും പാറുവമ്മയും ഒക്കെ പറയുന്നത് സത്യയാണ് അമ്മിണിക്കുട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരാൾ എന്നാണ്. ഒരു കാലത്ത് അത് ശരിയായിരുന്നു താനും. പക്ഷേ ഇപ്പോൾ അമ്മിണിക്കുട്ടിയ്ക്ക് സത്യയുടെ മുഖം പോലും ശരിക്ക് ഓർമ്മയില്ല എന്നതാണ് സത്യം. എന്നാൽ അതാരോടും പറയാനും വയ്യ – അവരൊക്കെ അറിഞ്ഞാൽ അവളെ കളിയാക്കാനേ അവർക്ക് നേരമുണ്ടാവൂ. അതാണ് അമ്മിണിക്കുട്ടിയുടെ മൌഢ്യത്തിന് പിന്നിലെ രഹസ്യം.        സത്യ ആരാണെന്നല്ലേ? ഒരു കാലത്ത് അമ്മിണിക്കുട്ടിയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്ന ആളാണ് സത്യ. ഇല്ലത്ത് പണ്ടു മുതല്ക്കേ കുട്ടികളെ നോക്കാൻ പലരും ഉണ്ടായിരുന്നു. ചില പ്രത്യേക കുടുംബങ്ങൾക്ക് അതൊരു അവകാശം പോലെയാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതെന്തായാലും അമ്മിണിക്കുട്ടി കുഞ്ഞുവാവ ആയിരുന്നത് മുതൽ സത്യയായിരുന്നു അവളുടെ ‘ആയ’. രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നത്/ഉറക്കുന്നത് വരെ – അമ്മിണിക്കുട്ടിയെ കുളിപ്പിക്കുന്നതും കള