ആപ്പിള്‍ - ആസ്വാദനക്കുറിപ്പ്
പുസ്തക പ്രകാശനവും (അതിനെക്കുറിച്ച് ഇവിടെ പറഞ്ഞിട്ടുള്ളതിനാല്‍ ആവര്‍ത്തിക്കുന്നില്ല) കഴിഞ്ഞ്, പുസ്തകത്താളില്‍ കഥാകാരന്റെ ഒപ്പും വാങ്ങി വിടപറഞ്ഞിറങ്ങിയപ്പോള്‍ സിയാഫ്ക്ക പറഞ്ഞ 'വായിച്ചു കഴിഞ്ഞ് ഒരവലോകനവും വേണം' എന്ന വാക്കുകള്‍ എന്നെ വിടാതെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു ഇത്രയും ദിവസം. വായന പല പല കാരണങ്ങളാല്‍ തട്ടിയും മുട്ടിയുമാണ് മുന്നോട്ട് നീങ്ങിയത്. വായന നടക്കാതെ പോയ ഓരോ ദിവസവും മനസ്സിനുള്ളില്‍ ഒരു ഭാരമായിരുന്നു... ഇന്നിപ്പോള്‍ 'ആപ്പിള്‍ ' വായിച്ചു കഴിഞ്ഞപ്പോള്‍ ഒരാശ്വാസം! ആപ്പിളിനെ കുറച്ചു വാക്കുകളില്‍ വിവരിക്കുക അസാദ്ധ്യം തന്നെ! കഷ്ടി തൊണ്ണൂറോളം പേജുള്ള ഈ പുസ്തകത്തില്‍ വായനക്കാര്‍ക്കായുള്ളത് പതിനഞ്ചു വ്യത്യസ്ത കഥകളാണ്. എല്ലാം സ്വന്തമായി വ്യക്തിത്വമുള്ള കഥകള്‍ ! (കഥകള്‍ക്കും വ്യക്തിത്വമുണ്ടാവുമോ എന്ന് ചോദ്യമുണര്‍ന്നേക്കാം - ഉവ്വ് എന്നു തന്നെയാണ് ഉത്തരം). എല്ലാ കഥകളും വ്യത്യസ്തത കൊണ്ട് വേറിട്ടു നില്‍ക്കുന്നു. അവയെല്ലാം ഒരാള്‍ തന്നെയാണോ എഴുതിയത് എന്ന്‍ ഒരു വേള നാം ആശ്ചര്യപ്പെട്ടേയ്ക്കാം... അത്രയധികം വൈവിദ്ധ്യം അവ വായനക്കാരന് നല്‍കുന്നു. 'ആപ്പിള്‍ ' എന്ന ക...