ഉണ്ണിയ്ക്കായ്
ഉണ്ണീ നീയുണര്‍ന്നീടുക വേഗമിപ്പോള്‍ ഇന്നു നിന്റെയാട്ടപ്പിറന്നാളല്ലോ കര്‍ക്കിടകക്കാറുകള്‍ നീങ്ങിയാ മാനത്ത് അര്‍ക്കനിതായിപ്പോള്‍ പുഞ്ചിരിപ്പൂ... സ്നാനത്തിനാശു ഗമിച്ചീടുക നീയ്യെന്നിട്ടാ- ത്തേവരെയും പോയ് വണങ്ങി വരൂ! നെറ്റിയില്‍ ചന്ദനക്കുറിയോടൊപ്പമമ്മ നല്കിടാം ഉമ്മകളായിരങ്ങള്‍ ; മാറോടുചേര്‍ത്തു പുണര്‍ന്നീടാം നിന്നെ ഞാന്‍ ഓമനയാമുണ്ണീ നീയോടിവായോ.. നിന്‍ കണ്ണില്‍ വിടരുന്നോരാനന്ദപ്പൂത്തിരി- യെന്നുള്ളില്‍ സ്നേഹക്കടലായ് മാറി, നെറുകയില്‍ കൈവെച്ചു ഞാനിതാ നേരുന്നു ആയൂരാരോഗ്യ സൗഭാഗ്യങ്ങളും നന്മതന്‍ നിറകുടമായ് വാഴുകയെന്നുടെ- യോമനക്കുട്ടാ നീയെന്നുമെന്നും പാരിലെ പീഡകള്‍ നിന്നെ വലയ്ക്കാതെ പാരം ഞാന്‍ കാത്തീടാമാവുവോളം... സദ്‌ബുദ്ധിയെന്നും നിന്‍ മതിയിലുണരുവാന്‍ സച്ചിതാനന്ദനെ വണങ്ങിടുന്നു... ഉണ്ണീ നീ വാഴ്കയാമോദമോടെന്നാളും ഉള്ളം നിറഞ്ഞു ഞാനനുഗ്രഹിപ്പൂ...