താങ്ക് യു!
ജീവിതത്തില്‍ മറക്കാനാവാത്ത പല അനുഭവങ്ങളും നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കും. ചില വിഷമ സന്ധികളില്‍ പെട്ടുഴലുമ്പോള്‍ , എവിടെന്നിന്നെന്നറിയാതെ, ദൈവത്തെപ്പോലെ പ്രത്യക്ഷപ്പെട്ട്, നമ്മുടെ വിഷമങ്ങള്‍ തരണം ചെയ്യാന്‍ നമ്മെ സഹായിച്ച്, യാതൊരു ഫലേച്ഛയും ഇല്ലാതെ, വന്നത് പോലെ തന്നെ തിരിച്ചു പോകുന്ന പുണ്യാത്മാക്കള്‍ നമ്മില്‍ ചിലരുടെയെങ്കിലും മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ടാവാം - അവരുടെ ചിത്രം ദൈവത്തിന്‍റെ ചിത്രത്തിനൊപ്പം തന്നെ നമ്മുടെ മനസ്സുകളില്‍ സ്ഥാനം നേടിയിട്ടുമുണ്ടാകാം. കൃതാര്‍ത്ഥയോടെയല്ലാതെ അവരെ നമുക്ക് ഓര്‍ക്കാനും കഴിയില്ല. മനസ്സു കൊണ്ടെങ്കിലും നാം അവരോട് നിത്യവും 'താങ്ക് യു' എന്ന്‍ പറയുന്നുണ്ടാവും, അല്ലെ? എന്‍റെ ജീവിതത്തിലും പല വിഷമ ഘട്ടങ്ങളുണ്ടായിട്ടുണ്ട് - അവയെല്ലാം തരണം ചെയ്യാന്‍ എന്നെ പലരും സഹായിച്ചിട്ടുമുണ്ട്. പക്ഷേ ഇന്നിപ്പോള്‍ ഞാനിവിടെ പറയാനുദ്ദേശിക്കുന്നത് അവരെ കുറിച്ചൊന്നുമല്ല - മറിച്ച് നിത്യ ജീവിതത്തില്‍ ഞാന്‍ കണ്ടു മുട്ടാറുള്ള ചില മുഖങ്ങളെക്കുറിച്ചാണ്. കടയില്‍ പച്ചക്കറിയും സാമാനങ്ങളും എടുത്ത് തരുന്നവര്‍, ഓട്ടോ ഡ്രൈവര്‍, പരിചയമില്ലാത്ത സ്ഥലത്ത് വഴി അറിയാതെ സ...