അമ്മിണിക്കുട്ടിയുടെ ലോകം #13 സ്കൂൾ എന്ന വലിയ ലോകത്തിലേയ്ക്ക്

അമ്മിണിക്കുട്ടിയുടെ ലോകം #13 - സ്കൂൾ എന്ന വലിയ ലോകത്തിലേയ്ക്ക് കാത്തു കാത്തിരുന്ന് അമ്മിണിക്കുട്ടിയ്ക്ക് സ്കൂളിൽ പോകേണ്ട ദിവസം വന്നെത്തി. അച്ഛന്റെയുമമ്മയുടെയും ഒപ്പം ബൈക്കിൽ നഴ്സറിയുടെ മുന്നിൽ ചെന്നിറങ്ങി. ആദ്യമായല്ല അവൾ അവിടെ പോകുന്നത് എന്നത് കൊണ്ട് പുതിയ ഒരു സ്ഥലത്ത് പോകുന്നതിന്റെ പരിഭ്രമമൊന്നും ഒട്ടും തോന്നിയില്ല. സ്കൂളിലെ പ്രധാന ഗേറ്റ് കടന്ന് കുറച്ചു ദൂരം നേരെ പോയി നഴ്സറിയുടെ ഭാഗത്തേക്കുള്ള ഗെയ്റ്റ് കൂടി കടന്നാൽ ആദ്യം കാണുക കളിക്കാനുള്ള സ്ഥലമാണ്. അവിടെ ചെറിയ ചില ഊഞ്ഞാലുകൾ, ഉരുസിക്കളിക്കാനുള്ള സ്ഥലം, സീസോ തുടങ്ങി പലതും ഉണ്ട്. അതൊക്കെ കണ്ടപ്പോൾ തന്നെ അമ്മിണിക്കുട്ടിയ്ക്ക് ഉത്സാഹമായി. കുഞ്ഞേടത്തി അതിനെക്കുറിച്ചൊക്കെ പറയുന്നത് കൊതിയോടെ കേട്ടിട്ടുള്ള അവൾക്ക് അതിലൊക്കെ കളിക്കാൻ ധൃതിയായി. പക്ഷേ സ്കൂളിൽ എത്തിയാൽ തോന്നിയപോലെ ഓടി നടക്കാനൊന്നും പാടില്ല. സിസ്റ്റർമാർ പറയുന്നത് കേട്ട് നല്ല കുട്ടിയായി ഇരിക്കണം, ചോദ്യങ്ങൾക്ക് നാണിക്കാതെ മിടുക്കിയായി ഉത്തരം പറയണം എന്നൊക്കെ അവളോട് ആദ്യമേ തന്നെ അച്ഛനും അമ്മയും പറഞ്ഞിരുന്നു. അത് ഓർമ്മ വന്നതോടെ അവൾ അതിലൊക...