ബസ്സ് യാത്ര!
രംഗം ഒന്ന്:
നാൽപത്-നാൽപ്പത്തഞ്ചു വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ അതിവേഗം പട്ടണമായിക്കൊണ്ടിരിക്കുന്ന ഒരു ഗ്രാമപ്രദേശത്തിലെ ബസ് സ്റ്റോപ്പ്. വരേണ്ട സമയമായിട്ടും എത്താത്ത ബസ്സിനേയും കാത്ത് അക്ഷമാരായ ഒരു കൂട്ടം യാത്രക്കാർ. മിക്കവരും സ്ഥിരമായി ആ സമയത്ത് ആ ബസ്സിൽ പോകുന്നവരാണ്. മുതിർന്നവർ എല്ലാവരും തന്നെ ജോലിസ്ഥലത്തേക്കുള്ള യാത്രയിലാണ്. ഒരുപറ്റം കുട്ടികൾ സ്കൂളിലേക്കും. അതിനിടയിൽ ഒന്നോ രണ്ടോ യാത്രക്കാർ മറ്റാവശ്യങ്ങൾക്കായി തൊട്ടടുത്ത പട്ടണത്തിലേക്കോ അതോ അല്പമകലെയുള്ള നഗരത്തിലേക്കോ പോവുകയാവും.
ബസ്സ് കാത്തു നിൽക്കുന്ന ഓരോ നിമിഷത്തിനും മണിക്കൂറുകളുടെ ദൈർഘ്യം.. അപ്പോഴതാ ദൂരെ നിന്നും ഒരു ബസ്സ് വരുന്നതിന്റെ ശബ്ദം കേൾക്കാം. അവിടെയവിടെയായി പതുങ്ങി നിന്നിരുന്ന യാത്രക്കാരെല്ലാം ജാഗരൂകരായി ബസ്സിൽ കേറാൻ തയ്യാറായി നിലക്കും. ബസ്സ് കുറച്ചപ്പുറത്ത് എത്തുമ്പോഴേക്കും മനസ്സിലാവും അത് അവർക്കുള്ള ബസ്സിനു പിന്നിൽ വരാറുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ആണെന്ന്. അതാണെങ്കിൽ ഈ സ്റ്റോപ്പിൽ നിറത്തുകയുമില്ല. നിരാശയുടെ ഒരു കൂട്ട നിശ്വാസം ബസ്സ് സ്റ്റോപ്പിൽ നിന്നുയരും.
ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ശരവേഗത്തിൽ സ്റ്റോപ്പ് കടന്നു പോകവേ അതിലെ യാത്രക്കാർ സ്റ്റോപ്പിൽ നില്ക്കുന്നവരെ നോക്കി സ്വന്തം സീറ്റിൽ ഒന്നു കൂടി ഞെളിഞ്ഞിരിക്കും. കാത്തു നിൽപ്പുകാരാകട്ടെ നിരാശയോടെ റോഡിന്റെ അറ്റത്തേയ്ക്ക് കണ്ണും നട്ട് കാത്തിരിപ്പ് തുടരും. ബസ്സ് എത്താൻ വൈകുന്ന ഓരോ നിമിഷവും മനസ്സുകളിൽ തീ കോരിയിടും - സ്കൂളിൽ വൈകിയത്തിയാൽ കിട്ടിയേക്കാവൂന്ന ശിക്ഷകളും ജോലിസ്ഥലത്ത് വൈകിയെത്തിയാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളും ആലോചിച്ച് വിവിധ നെടുവീർപ്പുകൾ ആ പരിസരത്തിലുയരും...
കാത്തിരിപ്പനങ്ങനെ നീളുന്ന വേളയിൽ ചക്രവാളസീമയിൽ ഒരു പൊട്ടു പോലെ ബസ്സിൻ്റെ രൂപം പ്രത്യക്ഷപ്പെടും. ബസ്സ് സ്റ്റോപ്പിൽ വീണ്ടും ആളനക്കവും ഉത്സാഹവും പരക്കും. ഒപ്പം സമയം വൈകിയതിനാൽ ബസ്സ് നിർത്താതെ പോവുമോ എന്ന ആശങ്കയും മനസ്സുകളിൽ ഇരുട്ടു പടർത്തും. ചീറിപ്പാഞ്ഞു വരുന്ന ബസ്സിന് ചില ധീരർ കൈകാണിക്കും - റോഡിലേക്ക് അല്പം കയറി നിൽക്കുന്ന അവർ ഏതു നിമിഷവും വശത്തേക്ക് തിരിച്ചു ചാടാനായ് തയ്യാറെടുത്താവും നില്പ്.
വൈക്കോൽ തുറു കുത്തിക്കേറ്റി കൊണ്ടു പോവുന്ന ചരക്കുലോറി കണക്കെ പരിധിയിലധികം ആളുകളെ കുത്തിനിറച്ച് പാഞ്ഞടുക്കുന്ന ബസ്സിൻ്റെ വാതിലിൽ തൂങ്ങിയാടുന്ന 'കിളി' ഏറെ വിദഗ്ദ്ധമായി ഒരു സിംഗിൾ ബെല്ലോ ഡബിൾ ബെല്ലോ അടിക്കും. അതനുസരിച്ച് ഡ്രൈവർ വണ്ടി പൂർവ്വാധികം വേഗത്തിലോടിക്കുകയോ അതിശക്തമായി ബ്രേക്കിടുകയോ ചെയ്യും.
രണ്ടാമത്തേതാണെങ്കിൽ വണ്ടി നിൽക്കുബോഴേക്കും ബസ്സിൽ ഫുട്ബോൾ കളിക്കാനുള്ള ഇടം ഉണ്ടായിരിക്കും. ബസ്സിലുള്ളവർക്ക് കൈകാലുകളുടെ ശക്തി കൂട്ടാനും ദേഹസന്തുലനത്തിനുള്ള സൗജന്യ പരിശീലനവും ഇതുവഴി ലഭിക്കും. ശക്തിയും സന്തുലനവും ഇല്ലാത്തവർ സീറ്റുകളിലോ കമ്പികളിലോ മുന്നിൽ നിൽക്കുന്ന ആൾക്കാരുടെ മേലോ വീണ് പരിക്കുകളോടെയോ അല്ലാതെയോ ഈ സൗജ്യന പരിശീലനം നേടും.
സ്റ്റോപ്പിലുണ്ടായിരുന്നവരാകട്ടെ അപ്പോഴേക്കും ചെറിയ വാം അപ്പ് ചെയ്തു കൊണ്ട് ബസ്സിനടുത്തേക്ക് എത്തും. കാരണം, ബസ്സ് സ്റ്റോപ്പ് കഴിഞ്ഞ് ഒരു പത്തിരുപത്തഞ്ച് മീറ്റർ മുന്നിലാവും നിന്നിട്ടുണ്ടാവുക. ബസ്സിൽ കയറിക്കഴിഞ്ഞാൽ അടുത്ത സ്റ്റോപ്പിലെത്തുമ്പോൾ വീണ്ടും ബോഡി ബിൽഡിംഗ് പരിശീലനം ഉണ്ടാവുമല്ലോ.
ബസ്സിൽ കയറിപ്പറ്റുന്നതും ചില്ലറ വ്യായാമമല്ല. റോക്ക് ക്ലൈംബിങ്ങിന് പരിശീലിക്കുന്നവർക്കും പുഷ് അപ്പ് പരിശീലിക്കുന്നവർക്കുമൊക്കെ വളരെ ഉപകാരപ്രദമാവും ബസ്സ് കയറ്റം. അരമീറ്റർ ഉയരത്തിലുള്ള പടിയിലേക്ക് കാലെടുത്തു വെക്കാൻ ചില്ലറ അഭ്യാസമൊന്നും പോര. അതിന് കഷ്ടപ്പെടുന്നവരെ യാത്രക്കാർ വലിച്ചും 'കിളി' ഉന്തിയും സഹായിക്കും. സഹകരണത്തിൻ്റെ എത്ര സുന്ദരമായ കഥകളാണ് എല്ലാ ദിവസവും ഓരോ ബസ്സ് സ്റ്റാേപ്പുകളിലും അരങ്ങേറിയിരുന്നത്!!! അകത്ത് കയറിയാലും പിന്നെയും പരിശീലനങ്ങൾ തന്നെ - ഠ വട്ടത്തിൽ ഒതുങ്ങി നിൽക്കാനും ഒരിഞ്ചു സ്ഥലത്തിൻ്റെ വിടവിലൂടെ ഊഴ്ന്ന് കയറാനുമാെക്കെ ബസ്സ് യാത്രികർക്ക് നിത്യേന പരിശീലനം കിട്ടിയിരുന്നു. ഓരോ യാത്രയും ഒരു റോളർ കോസ്റ്റർ റൈഡുതന്നെയായിരുന്നു.
വേനലിൽ വിയർത്തൊട്ടിയും മഴക്കാലത്ത് നനഞ്ഞൊട്ടിയും മനുഷ്യശരീരങ്ങൾ ചന്തയിൽ വിൽക്കാൻ കൂട്ടിയിട്ട മത്സ്യങ്ങളെപ്പോലെ അട്ടിക്കൂടി ഓരോ ദിവസവും യാത്ര ചെയ്തു പോന്നു. സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമല്ലോ എന്ന ആശ്വാസം മറ്റെല്ലാ തോന്നലുകളേയും അടിച്ചമർത്തിയിരുന്നിരിക്കണം.
രംഗം രണ്ട്:
പരദേശത്തെ ഒരു ബസ്സ് സ്റ്റോപ്പ്.
യാത്രക്കാർക്ക് മഞ്ഞും മഴയും കൊള്ളാതെ ബസ്സ് കാത്തു നിൽക്കാനൊരിടം. അവിടെ രണ്ടു മൂന്നു പേർക്കിരിക്കാനുള്ള സൗകര്യമുണ്ട്. എങ്കിലും ആ കാത്തിരപ്പ് കേന്ദ്രം മിക്കപ്പോഴും വിജനമാണ്. വല്ലപ്പോഴും ഒന്നോ രണ്ടോ യാത്രക്കാർ ഉണ്ടെങ്കിലായി. അവർ മിക്കവരും പുറത്ത് ബസ്സു വരുന്നതും കാത്ത് നിൽക്കുകയാണ് പതിവ്. പ്രത്യേകിച്ചും അധികം കാറ്റും മഴയും മഞ്ഞുമൊന്നുമില്ലെങ്കിൽ!
യാത്രക്കാർ മിക്കവരും ആപ്പിൽ ബസ്സിന്റെ സമയം നോക്കി ബസ്സ് സ്റ്റോപ്പിലെത്തുന്ന നേരം കണക്കാക്കിയേ വരാറുള്ളൂ. ബസ്സിന് കാത്തു നിൽക്കാനുള്ള സമയമൊന്നും പൊതുവേ ആർക്കുമില്ല. ഇനി അല്പം നേരത്തെ വന്നാൽ തന്നെ മൊബൈലിൽ നോക്കി സമയം കളയുകയാണ് മിക്കവരും പതിവ്. എന്നും കാണുന്നവരോ തദ്ദേശീയരോ ആണെങ്കിൽ ചെറിയ ചില കൊച്ചു വർത്തമാനങ്ങൾ ഉണ്ടാവും. അല്ലാത്ത പക്ഷം ഒരു ചിരിയിലോ ഗുഡ് മോർണിങ്ങിലോ ഒതുങ്ങും കുശലം. ഇതിനൊരപവാദം അല്പം പ്രായമായവരാണ്. അവർ മിക്കപ്പോഴും എന്തെങ്കിലുമൊക്കെ സംസാരിക്കാൻ താത്പര്യം പ്രകടിപ്പിക്കാറുണ്ട്. മിക്കവാറും കാലാവസ്ഥയോ കൊച്ചുമക്കളെ നോക്കേണ്ടി വരുമ്പോഴത്തെ ചില ബുദ്ധിമുട്ടുകളോ മറ്റോ ആവും അവരുടെ സംസാരവിഷയം.
ചിലപ്പോൾ ബസ്സ് വരുമ്പോൾ അവർ പറയും - ഓ എനിക്ക് ബസ്സിൽ കേറാനുള്ള സമയം ആയില്ല. നിങ്ങൾ പോയ്ക്കോളൂ എന്ന്. സീനിയർ സിറ്റിസൺസിനുള്ള കൺസഷൻ സമയം തുടങ്ങുക 9.30ക്കാണ്. ചില ഡ്രൈവർമാർ ആ സമയം പാലിക്കുന്നതിൽ കണിശക്കാരാണ്. അതാണ് കാരണം. ചിലർ 9.25 ആണെങ്കിലും കേറിക്കൊള്ളാൻ പറയും. അങ്ങനെയെങ്കിൽ അവർ കയറും അല്ലെങ്കിൽ ശുഭദിനം ആശംസിച്ച് അവർ നമ്മെ യാത്രയാക്കും.
അങ്ങനെ കാത്തു നിൽക്കുമ്പോൾ മുൻപത്തെ സ്റ്റോപ്പ് കഴിഞ്ഞ് ബസ്സ് പതുക്കെ വരുന്നത് കാണാം. (മിക്കവാറും എല്ലാ 150-200 മീറ്റർ കഴിയുമ്പോഴും ഒരു സ്റ്റോപ്പ് ഉണ്ടാവും). കൈ കാണിച്ചാൽ ഡ്രൈവർ കൃത്യം സ്റ്റോപ്പിനു മുന്നിൽ തന്നെ നിർത്തും. ആരെങ്കിലും ഇറങ്ങാനുണ്ടെങ്കിൽ അതു കഴിഞ്ഞ് നമുക്ക് കയറാം. രണ്ടാളേ ഉള്ളുവെങ്കിലും കൃത്യമായി വരി പാലിച്ചേ കയറൂ.
ഉന്തും തള്ളുമില്ല. ബസ് സ്റ്റോപ്പിൽ ആദ്യമെത്തിയ ആൾക്ക് വരിയിൽ മുൻഗണനയുണ്ട്. സ്ത്രീകളായ സഹയാത്രികർക്കും പുരുഷന്മാർ പലപ്പോഴും മുൻഗണന നല്കാറുണ്ട്.
ബസ്സിൽ കയറി ട്രാവൽ കാർഡ് സ്വൈപ് ചെയ്ത് / ടിക്കറ്റ് വാങ്ങി സീറ്റിൽ ഇരുന്ന ശേഷമേ മിക്കവാറും ഡ്രൈവർ ബസ്സ് മുന്നോട്ടെടുക്കൂ... പ്രത്യേകിച്ചും മുതിർന്ന യാത്രക്കാരാണെങ്കിൽ. അംഗപരിമിതിയുള്ളവർ ആരെങ്കിലും വീൽ ചെയറിലാണ് യാത്രയെങ്കിൽ ഡ്രൈവർ തൻ്റെ സീറ്റിൽ നിന്നുമിറങ്ങി വന്ന് റാമ്പ് വെച്ച് അവരെ അകത്ത് കയറാൻ സഹായിക്കും. എല്ലാ ബസ്സിലും വീൽ ചെയർ യാത്രക്കാർക്കുള്ള സൗകര്യമുണ്ട്. കൂടാതെ കുഞ്ഞുങ്ങളെ സ്ട്രോളറിൽ കൊണ്ടു പോകുന്നവർക്കും ബസ്സിൽ സ്ഥലമുണ്ട്.
ഡബിൾ ഡക്കർ ബസ്സാണ് മിക്കതും. താഴത്തെ നിലയിൽ നാലോ അഞ്ചോ യാത്രക്കാരുണ്ടാവും. മുകളിലത്തെ നിലയിൽ രാവിലെ മിക്കപ്പോഴും ഒന്നോ രണ്ടോ ആളുകൾ ഉണ്ടെങ്കിലായി. (ശരിക്കും ഫുട്ബോൾ കളിക്കാനുള്ള ഇടമുണ്ട്). എല്ലാവരും ചെവിയിൽ ഇയർഫോണും തിരുകി അവരവരുടെ ലോകത്ത് ലയിച്ചിരിക്കുകയാവും. ഇഷ്ടമുള്ള സീറ്റിലിരുന്ന്, കാഴ്ചകൾ കണ്ടോ, ഒന്ന് മയങ്ങിയോ, ദിവാസ്വപ്നം കണ്ടോ, പാട്ടു കേട്ടോ, ഫോൺ ചെയ്തോ സുഖമായി യാത്ര ചെയ്യാം.. ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തുമ്പോൾ സീറ്റിനരികിലെ ബട്ടൺ അമർത്തിയാൽ ഡ്രൈവർക്ക് ആളിറങ്ങാനുണ്ടെന്ന സന്ദേശമെത്തും. ബസ്സ് നിർത്തിയിട്ട് സാവധാനം ഇറങ്ങിയാൽ മതി.
ചില ദിവസം രാവിലെ ബസ്സിൻ്റെ മുകൾത്തട്ടിൽ തനിയെ ഇരുന്ന് യാത്ര ചെയ്യുമ്പോൾ പഴയ ബസ്സ് യാത്ര ഓർമ്മ വരും. നാട്ടിലെ ബസ്സ് യാത്രക്കാരുടെ സ്ഥിതി മെച്ചപ്പെട്ടോ ആവോ! കാറും സ്കൂട്ടിയും ഓട്ടോറിക്ഷകളും ഒക്കെയായി രാവിലത്തെ തിരക്ക് കുറഞ്ഞുവോ? അതോ ഇപ്പോഴും ബസ്സ് യാത്ര ഒരു ഭഗീരഥയത്നമായി തുടരുന്നുണ്ടാവുമോ? എന്തായാലും അന്നത്തെപ്പോലെയാവില്ല ഇന്ന് എന്നതുറപ്പാണ്. കാലത്തിൻ്റെ കൈ
കയ്യൊപ്പ് അതിലും പതിക്കാതെ തരമില്ലല്ലോ...
Comments