Posts

Showing posts with the label കവിത

ജീവിതം

Image
കാലം തെറ്റിയതെങ്ങോ  പോയൊരു കുറിമാനം കാറ്റിൻ കരങ്ങളിലങ്ങനെ കറങ്ങുന്നുണ്ടാവണം കിളിവാതിൽ തുറന്നു ഞാൻ നോക്കിയപ്പോൾ കേട്ടില്ല കേൾക്കാൻ കൊതിച്ച സ്വനങ്ങളൊന്നും കണ്ടില്ല സുന്ദര ദൃശ്യങ്ങളേതും വന്നില്ല തെന്നലും നിശബ്ദനിശ്ചല പ്രകൃതിയും മുഖം തിരിച്ചു നിൽപ്പൂ ... കിളിവാതിലടച്ചു, കരളിൻ വാതിലുമടച്ചു ഞാൻ - കണ്ണുമിറുകെപ്പൂട്ടിയെൻ ഏകാന്തതയിലലിഞ്ഞു .. കെട്ടിപ്പിടിച്ചു ഞാനെന്നെ - ത്തന്നെയാെരുമാത്ര ഉള്ളിൽ നിറച്ചു സുന്ദരസ്വപ്ന - ങ്ങളായിരങ്ങൾ നിറമേകിയതിനാവോളം,  മനസ്സിൽ നിറയും വർണ്ണങ്ങൾക്കൊണ്ടൊരു നിമിഷത്തിൽ ജീവിതം മോഹനമാണെന്നാരോ മന്ത്രിച്ച പോൽ... കൺ തുറന്നു ഞാനോതി,യതെ, ജീവിതമെത്രമോഹനം! 

മോഹം

വീണ്ടുമൊരു കുഞ്ഞായ് അമ്മ തൻ  മടിയിൽ ചാഞ്ഞുറങ്ങാൻ മോഹം മുടിയിഴകളിലൂടെയമ്മ വിരലോടിയ്ക്കുമ്പോൾ നിർവൃതിയോടെ കണ്ണു ചിമ്മാൻ മോഹം കൈയ്യിലൊരു മിഠായിപ്പൊതിയുമായെത്തുന്ന അച്ഛനേയോടിച്ചെന്നു കെട്ടിപ്പിടിയ്ക്കാൻ മോഹം ആ മാറിൽ തല ചായ്ച്ചുറങ്ങിയ കുഞ്ഞിപ്പൈതലാവാൻ മോഹം ഉച്ചയൂണു കഴിഞ്ഞാ നാലിറയത്തിൻ തണുപ്പിൽ  ഏടത്തി തൻ പാട്ടു കേട്ടിരിയ്ക്കാൻ മോഹം കാലിൽ ചിലങ്ക കിലുക്കിയാനന്ദ നൃത്തമാടുമേടത്തിയോടൊത്തു ചെറു ചുവടുകൾ വെക്കാൻ മോഹം വളകൾ കിലുക്കി കമ്മലും കുണുക്കി  പാടവരമ്പിലൂടെയോടാൻ മോഹം വാനിൽ വിരിയും നക്ഷത്രക്കുഞ്ഞുങ്ങളെ നോക്കി  പായാരം പറഞ്ഞു കളിയ്ക്കുവാൻ മോഹം ഉഷസ്സിൻ ചുവപ്പിൽക്കുളിച്ചു പാടും  കിളികളോടൊത്തു പാടാനും മോഹം ബാല്യമെന്ന സുവർണ്ണകാലമൊരിയ്ക്കൽ കൂടി ജീവിച്ചു തീർക്കാനെന്തു മോഹം !!!

ഓർമ്മകൾ

ചില ഓർമ്മകൾ വികലമാണ്; അപൂർണ്ണവും. ഞാനെന്ന ബിന്ദുവിൽ തുടങ്ങി അവസാനിക്കുന്നവ അതിലുള്ളതും ഞാനു,മെന്റെ ചിന്തകളും മാത്രം. അതെന്റെതാണ്, തെറ്റാണെങ്കിലും ശരിയാണെങ്കിലും. അതു നിന്റേതു കൂടിയാവണമെന്ന് ശഠിക്കരുത്. അന്ന്, ആ ഓർമ്മകളിലൊന്നും നീയില്ലായിരുന്നു... പൊട്ടിയ കണ്ണാടിച്ചില്ല് പോലുള്ള ഓർമ്മ പെറുക്കി മനസ്സിൽ മുറുക്കിക്കെട്ടിയപ്പാേൾ കീറി മുറിഞ്ഞതും അവയെ വലിച്ചെറിഞ്ഞപ്പോൾ അകം പൊള്ളിയതും എൻറേതു മാത്രമായ എന്തോ ചിലതായിരുന്നു... അവയെ പങ്കുവെയ്ക്കണമെന്ന് പറയരുതിനിയും അതെൻേറതു മാത്രമാണ്; അതു പങ്കിട്ടെടുക്കാനില്ല.

മൗനത്തിന്നാഴങ്ങൾ

നിന്റെ മൗനത്തെയെനിയ്ക്കു വായിക്കാനാവുന്നില്ല,  അതിന്നാഴങ്ങളിലേയ്ക്കിറങ്ങാൻ  എന്തേ നീയെന്നെയനുവദിയ്ക്കാത്തൂ ?  എന്തു പറയണമിനി ഞാൻ, അതോ  ഒന്നും മിണ്ടാതെയാ ചാരത്തു നില്‌ക്കണോ? നിൻ മൗനത്തിൻ മുൾ സൂചികളെൻ ഹൃത്തിൽ തറച്ചു കേറുന്നു ഇറ്റിറ്റു വീഴുന്നത് ചോരയല്ലെൻ ജീവനതു തന്നെയെന്നറിയാത്തതെന്തേ? കാഴ്ച്ച മങ്ങുന്നു, കേൾവി കുറയുന്നു, കൈകാലുകൾ കുഴഞ്ഞു ഞാൻ വീഴുന്നു... ഹൃദയത്തുടിപ്പുകൾ നേർത്തു നേർത്തു പോകവേ നിന്റെ മൗനമൊന്നുടഞ്ഞെങ്കിലെന്നു ഞാനാശിച്ചു വെറുതേ...

യാത്ര

Image
ഏറെ നാൾ പൂട്ടിയിട്ടയെൻ കിളിവാതിലിൻ മറയൊന്നു നീക്കിയെത്തിനോക്കി ഞാൻ; കണ്ടു മാറാലമൂടിയതിന്നിടയി- ലൂടെയൊരു വിശാലമായാ- മാനത്തിൻ നീലക്കീറങ്ങനെ; കേൾപ്പായെൻ കാതുകളിൽ പക്ഷിച്ചിലപ്പുകളായിരങ്ങൾ മങ്ങിയ കണ്ണുകൾ വെളിച്ച- ത്തിൻ പൊരുൾ തേടിയുഴറവേ അറിഞ്ഞു ഞാനെൻ ജാലകപ്പുറ- ത്തുണ്ടൊരു മായാലോകമെന്നും... അറിഞ്ഞില്ല ഞാനീ മാധുര്യമൊന്നു- മൊരു സംവത്സരം കൊഴിഞ്ഞു പോയ് മൗനമൊരു കൂട്ടായെൻ കർണ്ണങ്ങളിൽ നിറഞ്ഞിരുന്നതു ഞാനറിഞ്ഞതേയില്ല; ഇന്നിതു കേൾക്കുമ്പോഴാനന്ദ ലഹരിയിൽ ഞാനലിവൂ ... കൺ തുറന്നപ്പോൾ കാണായെൻ  ജാലകപ്പുറത്ത് നിറഞ്ഞു നില്ക്കും  ഹരിതാഭയങ്ങനെ കൺകുളുർക്കെ... ഹൃദയത്തിലാസ്നിഗ്ദ്ധതയാവാഹിച്ചു ഞാൻ യാത്രയാവട്ടെ ഇല കൊഴിഞ്ഞ ശിശിരത്തിൻ മടിത്തട്ടിലേയ്ക്ക്...  

കേരള ഭൂമി

Image
കേരള ഭൂമി , എന്‍ പ്രിയ ജന്മഭൂമി... നീയൊരു പച്ചപ്പട്ടുടുത്ത രാജകുമാരി നിന്‍ ചിത്രമെന്‍ മനസ്സില്‍ വിരിഞ്ഞനേരം കടലുകള്‍ താണ്ടി , കുന്നുകള്‍ കയറി , മനസ്സൊരു വണ്ടായ് പറന്നുയര്‍ന്നു മലയാളമാം മധു നുകരാനെത്തി.. മാമലകള്‍ കാവല്‍ നില്‍ക്കും കൈരളി , യിതൊരു പൊന്‍പുഴകള്‍   നിറഞ്ഞൊഴുകും  സുന്ദരഭൂമി നിന്‍മടിയിലൊളിച്ചു നില്‍പ്പൂ ആമ്പല്‍പ്പൂഞ്ചോല, വെണ്‍തിരയിളകും അറബിക്കടലലകളുമെങ്ങും  ചിരിച്ചുനില്‍ക്കും  പൂക്കള്‍ നിറഞ്ഞപുല്‍മേടും  കുളിര്‍ മഞ്ഞല ചൂടിയ പുഞ്ചപ്പാടവുമീ നാട്ടില്‍ കേരമരത്തിന്‍ തലയോളം വളര്‍ന്നു നില്‍ക്കും സ്നേഹം, കേളികൊട്ടിന്‍ താളലയങ്ങളുയരും പൂരപ്പറമ്പിലുടനീളം... മനുഷ്യരെല്ലാം ഒന്നായ്‌  വാഴും   സുകൃതമേറും ഭൂമി മതങ്ങളല്ലാ മാനവനന്മയാണുത്തമമെന്നോതും ഭൂമി... ജീവിതമൊരുപിടി കനവിന്‍ ചൂടാല്‍ പടുത്തുയര്‍ത്തും ജനങ്ങള്‍ തന്‍ സ്വര്‍ഗ്ഗഭൂമി , ഇതെന്‍  കൈരളിയാം  അമ്മ തന്‍ഭൂമി....  എന്‍ജന്മഭൂമി പ്രിയ കേരള ഭൂമി.... കഥകളിമേളവുമോട്ടന്തുള്ളലു,മൊപ്പം ദഫുമുട്ടിന്‍ താളവും, വള്ളംകളിപ്പാട്ടിനൊപ്പം പള്ളിമണിക്കിലുക്കവും കേള്‍ക്ക

ഉണ്ണിയ്ക്കായ് ....

Image
നാരായണനാമ മുഖരിതമാം തൃസന്ധ്യയില്‍ ഉണ്ണീ നീ പിറന്നപ്പോളൊരമ്മയും ജനിച്ചു; പിഞ്ചു പൈതലെ മാറോടണച്ചവളിതു- വരെയറിയാതിരുന്നൊരു നിര്‍വൃതിയറിഞ്ഞു. ഉറക്കമില്ലാത്ത രാവുകളില്‍ സ്വസ്ഥമാ- യുറങ്ങും നിന്‍ ചെറുചിരിയവള്‍ കണ്ടിരുന്നു... അമ്മിഞ്ഞപ്പാലിനൊപ്പം നീ നുകര്‍ന്നത് നന്മതന്‍ മാധുര്യമെന്നുമവളെന്നും നിനച്ചു കാലത്തിന്‍ ചക്രമൊരിടപോലും നിന്നിടാതെ, ആരെയും കാക്കാതെ, വേഗമങ്ങുരുണ്ടു പോയ്‌; നിയതി തന്‍ നിശ്ചയം പോലെയുണ്ണി വളര്‍ന്നു അമ്മതന്‍ തോളോടു തോള്‍ ചേര്‍ന്നല്ലോ പുഞ്ചിരിപ്പൂ... കൌമാരത്തിന്‍ പടിവാതിലിലവന്‍ പകച്ചിടാതെ, അടിയൊന്നുപോലുമവനു പിഴച്ചിടാതെ, ജീവിതയാന- ത്തിലവനെന്നും മുന്നേറിടാന്‍ - അനുനിമിഷമമ്മ തന്‍ ചുണ്ടിലും ഹൃത്തിലും പ്രാര്‍ത്ഥനതന്‍ അലയടികള്‍; ആരോരുമറിയാതെയവ മൌനമായ് എന്നുമവന്റെ ചുറ്റിലും ഒരു ചെറു കവചമായ് വിളങ്ങിടുമോ??? കാലമേറെ കഴിഞ്ഞാലു,മേറെ നീ വളര്‍ന്നാലും അമ്മതന്‍ ഉള്ളില്‍ ചെറുകുഞ്ഞായ് നീയെഴും.. ദൂരെ നീ പോകിലും അമ്മ തന്‍ ഹൃത്തിലെന്നു- മകലാതെ,യൊളിമങ്ങാതെ നീ ജ്വലിച്ചു നില്‍ക്കും... നല്‍കുന്നു ഞാനെന്നോമലേ നിനക്കായെന്നും ആയുരാരോഗ്യസൌഖ്യത്തി

സ്നേഹ നമസ്കാരം!

Image
ഓര്‍മ്മകള്‍ പതിറ്റാണ്ടുകള്‍ പിന്നിലേക്കു പാഞ്ഞപ്പോള്‍ കാണ്മായ് ഞങ്ങള്‍ തന്‍ ബാല്യത്തിന്‍ മോഹന ദൃശ്യങ്ങള്‍ സ്നേഹവായ്പ്പോടന്നു ഞങ്ങളെ മാറോടണച്ചമ്മയോളം മമതയോടൂട്ടിയുമുറക്കിയും കാത്തു പോന്നു വല്ല്യമ്മ... അച്ഛനുമമ്മയുമല്ലാതൊരു ശരണമുണ്ടെങ്കിലന്നവര്‍ മാത്രം വളര്‍ന്നിടും ഞങ്ങള്‍ക്കേറെ പാഠങ്ങള്‍ പകര്‍ന്നു നല്‍കി നന്മ തന്‍ വഴികള്‍, നല്ല തത്ത്വങ്ങള്‍, അമ്മയില്ലാത്ത നേരം അമ്മയെപ്പോലെ കരുതല്‍, വേവലാതികള്‍  ഞങ്ങളെച്ചൊല്ലി; യാത്രയില്‍ കൂട്ടുമെന്നും, എത്ര ദൂരെത്തേക്കെങ്കിലും, കൈ വിടാതെ കണ്ണു തെറ്റാതെയാ സ്നേഹത്തണലില്‍ കാത്തു വെച്ചു ഞങ്ങളെ... ഞങ്ങള്‍ തന്‍ കളിചിരികള്‍ മനം നിറഞ്ഞാസ്വദിച്ചവര്‍ - ഒരിക്കലു- മൊരു നോക്കു കൊണ്ടുപോലും നോവിച്ചില്ലന്നു ഞങ്ങളെ... ദൂരദിക്കില്‍ നിന്നുമേട്ടന്‍ വരുമ്പോള്‍ കൊണ്ടുവരും വര്‍ണ്ണ മിഠായി- പ്പൊതികള്‍ പാത്തുവെക്കാതെ കൈ നിറയെ വാരി നല്‍കിയെന്നും; മധുരവും സ്നേഹവും ചേര്‍ത്തെത്രയോ വട്ടം പായസമുണ്ണാന്‍ വല്യമ്മ ഞങ്ങളെ കാത്തു കാത്തു കണ്‍നട്ടിരുന്നിരുന്നുവന്ന്‍...

നില്‍ക്കുകയാണിപ്പോഴും...

Image
നാടു ഭരിക്കുമാലയത്തിനു മുന്നിലായ് ന്യായമാം നീതി തന്‍  പ്രസാദത്തിന്നായ് നില്‍ക്കുവാന്‍ തുടങ്ങിയിട്ടേറെ നാളായ് നിസ്സഹായരാം പ്രാണന്മാര്‍ രാപ്പകലുകളായ്... ദിനരാത്രങ്ങള്‍ മാറിമറിഞ്ഞു, ഋതുക്കളും പതിവിന്‍ പടി മാറി വരുന്നുണ്ടിവിടെ മാറ്റമില്ലാത്തതൊന്നു മാത്രമിന്നുമീയ- ശരണരുടെ രോദനം കേള്‍ക്കാത്ത കാതുകള്‍ വേണ്ടയിവര്‍ക്കു മണി മന്ദിരങ്ങള്‍, വേണ്ട- തില്ലയൊട്ടും പച്ച നോട്ടിന്‍ പടപടപ്പ്‌; വേണ്ടതൊന്നുമാത്രം - അമ്മയാം ഭൂമിതന്‍ തണലില്‍ തലചായ്ക്കാനുള്ള സുകൃതം! കാലുകള്‍ കഴയ്ക്കുന്നു, കുഴയുന്നു.... കൂട്ടത്തിലിണ്ടിവിടെ നില്‍ക്കുന്നു പിഞ്ചു കാലുകള്‍, തളര്‍ന്നെങ്കിലും വീര്യമൊട്ടും ചോര്‍ന്നിടാതെ... ഈ നില്പു കാണുവാന്‍ കണ്ണില്ലാത്തവരേറെ ഈ രോദനം കേള്‍പ്പാന്‍ ചെവിയില്ലാത്തവര്‍ നിന്നുനിന്നവര്‍ കുഴഞ്ഞു വീഴുമെന്ന വ്യാമോഹമോ സപ്രമഞ്ചത്തില്‍ വാഴുന്നവര്‍ക്കുള്ളില്‍??? കാടിന്‍റെ മക്കളെന്നു പേരു നല്‍കിയെന്നാകിലും, ഈ നാടിന്‍റെ മക്കള്‍ താന്‍  ഇവരുമെന്നു നാം മറക്കേ... കഴയ്ക്കുന്ന കാലും തളരാത്ത മനസ്സും പേറി ഇവര്‍ ഇപ്പോഴും നില്‍ക്കുന്നുണ്ടവിടെ, നീതിയ്ക്കായ് സഹജീവികളെച

പിന്‍വിളിയില്ലാതെ....

Image
അകന്നു നീ പോകിലുമിപ്പോള്‍ ഓര്‍മയായ്‌ എന്നില്‍ നിറഞ്ഞിടും ഒന്നിച്ചു നാം ചിരിച്ച ചിരികളും ഒഴുക്കിയ കണ്ണീരിന്‍ നനവും എന്നുള്ളില്‍ മങ്ങാതെ, മായാതെ- യെന്നുമുണ്ടാം കാലം കഴിവോളം സ്നേഹത്തിന്‍ ആഴമളന്നതില്ല ഞാന്‍ പകരമൊരു ചിരി പോലും ചോദിച്ചുമില്ല മൌനത്തിന്‍ കനത്ത പുതപ്പും ചൂടി നീ കാണാമറയത്ത് പോകവേ, നിനക്കായ് വ്യര്‍ത്ഥമായ് മാറുമൊരു പിന്‍ വിളി പോലുമെന്നില്‍ നിന്നുയര്‍ന്നതില്ല... ദൂരെയൊരിടത്ത് നീയെത്തുമ്പോള്‍ പുതിയ കൂട്ടരുമൊത്തു നടക്കുമ്പോള്‍ എന്നെക്കുറിച്ചു നീയോര്‍ത്തില്ലെങ്കിലും എന്‍റെയോര്‍മകളില്‍ നീയുണര്‍ന്നിരിക്കും നീ വിട്ടുപോയൊരെന്‍ ഹൃദയവുമെന്തിനെ- ന്നറിയാതെ തുടിച്ചു കൊണ്ടേയിരിക്കും... Picture courtesy: Google Images 

എണ്ണമറ്റ ചോദ്യങ്ങള്‍

Image
രക്തത്തിന് കടുപ്പം വെള്ളത്തെക്കാള്‍ ഏറുമത്രേ പിന്നെന്തേ രക്തബന്ധങ്ങള്‍ വെള്ളം പോലെയൊലിച്ചു പോയ്‌? സത്യത്തിന് തിളക്കം  പൊന്നിനെക്കാള്‍ കൂടുമത്രേ പിന്നെന്തേ നിത്യസത്യങ്ങള്‍ നിറം മങ്ങിയില്ലാതാവുന്നു? പാരമ്പര്യത്തേക്കാള്‍ വലിയ സ്വത്തില്ലന്നത്രേ പിന്നെന്തേ നല്ല പാരമ്പര്യങ്ങളൊന്നും കാത്തു സൂക്ഷിക്കാത്തൂ ? സ്ത്രീയാണ് വീടിന്റെ വിളക്കെന്നുദ്ഘോഷിക്കുന്നത്രേ പിന്നെന്തേ പെണ്ണ് പിറന്നാല്‍ മനസ്സിലിരുട്ടു കയറുന്നു? സ്നേഹമാണഖില സാരമൂഴിയില്‍ എന്നത്രേ പ്രമാണം പിന്നെന്തേ പണത്തിനു മീതെ പരുന്തും പറക്കാത്തൂ? കുട്ടികള്‍ ദൈവത്തിന്‍ പ്രതിരൂപമാണെന്നത്രേ പിന്നെന്തേ അവരെ കശക്കിയെറിയുന്നു ചിലര്‍ ? ബാല്യകാല സഖ്യത്തിനേറും മധുരൊമായിരം മടങ്ങത്രേ പിന്നെന്തേ പഴയ കൂട്ടുകാരിന്നു ശത്രുക്കളായി? എന്നുമെന്റെ കൂടെയുണ്ടാവുമെന്നോതിയത് നീയത്രേ പിന്നെന്തേ ഇന്നെന്നെ എകാകിനിയാക്കി നീ നടന്നകന്നൂ? ഒന്നുമാശിക്കരുതെന്നു ഞാനെന്‍ മനസ്സിനെ പഠിപ്പിച്ചതത്രേ, പിന്നെന്തേ ഇന്നറിയാതൊരാശാഭംഗമെന്നെ തളര്‍ത്തിടുന്നു? ചോദ്യങ്ങളിങ്ങനെ ഇനിയുമിനിയുമനസ്സില്‍ പൊട്ടിവിടരുന്നതെത്ര എന്നിട്ടുമെന്തേ ഉത്തരങ്ങള്‍ ഒരിക്കല്‍ പോലും പ

പതിവ്...

Image
നിന്നെയും കാത്തിരിക്കലൊരു പതിവായെനിക്ക്: സന്ധ്യ മയങ്ങുന്ന നേരത്തെന്നുമെന്‍ പടിവാതിലില്‍ നിന്‍ നിഴല്‍ ഞാന്‍ തിരയും; കേള്‍ക്കുന്ന സ്വനങ്ങളൊക്കെ നിന്റേതെന്നു ഞാന്‍ വെറുതെയാശിച്ചിരിക്കും... ഒടുവിലാ സൂര്യന്‍ മറയുന്നനേരമെത്തു- മിരുട്ടെന്നെയും മൂടവേ, കഴയ്ക്കും കണ്ണുകള്‍ പതുക്കെയടച്ചു ഞാന്‍ നിന്നെയെന്നുള്ളില്‍ കാണും..  നനുത്തൊരോര്‍മ്മയായ് പടര്‍ന്നു നീ,  നിനവായ്, കനവായ് എന്നുള്ളില്‍ നിറയവേ... തപ്തമാമെന്‍ മനസ്സിന്‍ വിങ്ങലുകള്‍  കുളിര്‍തെന്നലേറ്റപോലകന്നൊടുങ്ങും; ശാന്തമാം മാനസസരസ്സിന്‍ ഓളങ്ങളില്‍ നീഹാരബിന്ദു പോല്‍ നീ തിളങ്ങും... ഇനി നീ വരില്ലെന്നു ഞാനറിയുന്നെങ്കിലും സഖേ, നിനക്കായ് കാതോര്‍ത്തിരിക്കുന്നു നിത്യം!  ചിത്രത്തിനു കടപ്പാട് - ഗൂഗിള്‍ ഇമേജ്

പ്രണയ ശിശിരം

Image
എന്നെയാണേറെയിഷ്ടമെന്നു നീയോതി എക്കാലവും അങ്ങനെ തന്നെയെന്നു ഞാന്‍ കരുതി, മുഖ പുസ്തകത്താളില്‍ തെളിഞ്ഞു കത്തും പച്ച വെളിച്ചത്തില്‍ ഞാനെന്‍ ആനന്ദമൊതുക്കി... രാവും പകലുമെന്നില്ലാതെ നിനക്കായ് കാതോര്‍ത്തു, പച്ച വെളിച്ചത്തിന്‍ പ്രഭയിലാകെ മുഴുകി നിന്നു. കാലം പോയപ്പോള്‍ മറവിയാം കയത്തിലെന്നെ മുക്കിത്താഴ്ത്തി നീ; അതറിയാതെ ഞാന്‍ കാത്തിരുന്നു... ചിരിക്കുടുക്കകള്‍ എന്നെ നോക്കി കോക്രി കാട്ടവേ എന്‍ കണ്ണുകള്‍ തിരഞ്ഞിരുന്നു ആ സ്നേഹ ചിത്രത്തിനായ് മാലാഖക്കുഞ്ഞുങ്ങളൊന്നും വന്നില്ല, എങ്കിലും നീയെനിക്ക് നല്‍കി പുഞ്ചിരിക്കും പിശാചിന്‍ ചുവന്ന ചിത്രം! വ്യര്‍ത്ഥമാം കാത്തിരിപ്പില്‍ നിമിഷങ്ങള്‍ പൊഴിയവേ വ്യഗ്രത പൂണ്ടു ഞാനിരുന്നു, നിന്‍ ചെറു സന്ദേശത്തിനായ് 'ലൈക്കും പോക്കും' നീ കൊടുക്കുന്നെല്ലാര്‍ക്കും വാരിക്കോരി, നല്‍കുന്നില്ലൊരു വക്രിച്ച മുഖം പോലുമെനിക്കായിപ്പോള്‍ കരളുരുകിയൊലിച്ച രക്തവര്‍ണ്ണത്തില്‍ മഞ്ഞച്ചു പോയൊരാ  പച്ചയെന്‍ ജീവിതത്തെ ശിശിരകാല മരത്തിന്‍ നിഴലാക്കി... ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ്

പുനര്‍ജ്ജനി

Image
നിങ്ങളില്‍ നിന്നെല്ലാം ദൂരെയായ് ഇന്നൊ- രല്പനേരം ഞാനൊന്നു മാറിയിരിക്കട്ടെ കണ്ണു തുറന്നാല്‍ കണ്മുന്നില്‍ കാണുന്ന അക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കട്ടെ; കാതോര്‍ത്താല്‍ കേള്‍ക്കുന്ന ഏങ്ങലടികള്‍ കേട്ടില്ലെന്നും നടിക്കട്ടെയൊരു മാത്ര നേരം... ചുറ്റിനും പരക്കുന്ന ദുര്‍ഗന്ധത്തിന്‍ കുത്തലിന്നു- നേരെയൊരു നിമിഷം മൂക്കു പൊത്തട്ടെ! ആള്‍ക്കൂട്ടത്തില്‍ നിന്നുമറിയാത്തപോലെന്‍ നേരെ നീളുന്ന സ്പര്‍ശനമറിയാതെ പോട്ടെ നാക്കിന്‍ തുമ്പത്ത് വിടരുന്ന വാക്കുകള്‍ കയ്പ്പോടെയെങ്കിലും കുടിച്ചിറക്കട്ടെ... എന്നിട്ടുവേണം എനിക്കെന്നിലെ ശക്തിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ - എന്നേയ്ക്കുമായ്... അപ്പോഴെന്‍ കണ്ണില്‍ നിന്നു വമിക്കുമഗ്നിജ്വാല നിന്നെ ദഹിപ്പിച്ചേക്കാമൊരു നിമിഷാര്‍ദ്ധത്തില്‍ ; എന്നട്ടഹാസത്തില്‍ വിറച്ചു പോം നിന്നേങ്ങലടികള്‍ കേള്‍ക്കാതെ പോകുമീ ലോകമെല്ലാമെന്നോര്‍ക്കുക, പനിനീരില്‍ കുളിച്ചാലും ദുര്‍ഗന്ധം വമിക്കുന്ന നിന്‍ ദേഹവും മനസ്സുമൊരു കൊടുങ്കാറ്റായ് പിഴുതെറിയും, നിന്‍ ദുഷിച്ച കരങ്ങള്‍ കൊയ്തെറിയുവാന്‍  ഞാന്‍ ഇരുതല മൂര്‍ച്ചയേറുന്നൊരു ഖഡ്ഗമായ് മാറും... എന്‍ നാക്കില്‍ നി

മരണമെത്തുമ്പോള്‍

Image
പാതിജീവന്‍ മിടിക്കുമെന്‍ ഹൃത്തിലുയരും പുത്ര ദു:ഖമറിയാഞ്ഞതെന്തേ നീ? മരണമെന്നരികില്‍ വന്നണഞ്ഞ വേളയില്‍ എന്തിനെന്നെ വിട്ടകന്നു പോയ്‌ നീ? രോഗമെന്‍ മേനിയെ കാര്‍ന്നു തിന്നെങ്കിലും നിനക്കായെന്‍ ഹൃദയം ഞാന്‍ കാത്തു വെച്ചു; വേദനകളെന്നസ്ഥിയില്‍ തുളഞ്ഞിറങ്ങുമ്പോഴും നിന്‍ മുഖമോര്‍ത്തു ഞാന്‍ പുഞ്ചിരിച്ചിരുന്നു.... ഇനിയെന്നെക്കാണാന്‍ നീ വരില്ലെന്നറികിലും, നിന്നെയൊരു നോക്കു കണ്ടീടുവാന്‍ വ്യര്‍ത്ഥമാ- യെന്‍ മനം കൊതിപ്പൂ; നിന്നെക്കാണാതിന്നു ഞാന്‍ മരിക്കിലെന്നാത്മാവിനു ശാന്തിയില്ലെന്നോതുന്നു ചിലര്‍ ... എങ്കിലുമോമനേ നീ കരയേണ്ട; കുഞ്ഞിളം പൈതലായി പുഞ്ചിരി തൂകി നില്‍പ്പൂ നീയെന്നുള്ളിലിപ്പോള്‍ ; ആ ചിരിയെന്നുള്ളില്‍ നിറഞ്ഞിരിക്കും കാലമത്രയും ഒരു ചിതയുമെന്നെ പൊള്ളിക്കുകയില്ല - ഞാന്‍ മരിച്ചാലും.... ജീവന്‍ നല്‍കി ഞാന്‍ നിനക്കെന്നാകിലും, സ്വപ്നം കാണാന്‍ കരുത്തേകിയെന്നാകിലും പിച്ച വെച്ചു നിന്നെ ഞാന്‍ നടത്തിയെന്നാകിലും ഉച്ചിയില്‍ കൈവച്ചനുഗ്രഹിച്ചീടുമെന്നാളുമെങ്കിലും, ഇനി ഞാന്‍ മരിച്ചെന്നു കേട്ടാലും നീ വന്നിടേണ്ട കണ്ണീര്‍ക്കയങ്ങള്‍ തീര്‍ത്തതില്‍ മുങ്ങിടേണ്ട; നിന്‍

ഇനിയൊന്നുറങ്ങണം...

Image
ഇനിയൊന്നുറങ്ങണമെനി- ക്കൊരിക്കലും ഉണരാതിരിക്കാന്‍..... പൊട്ടിവിടരും പുലരിയുടെ നിശ്ശബ്ദത കവരും ഘടികാര- ത്തിന്നലര്‍ച്ച കേട്ടിനിയെനിക്ക് ഉണരേണ്ടൊരു പുലരിയിലും... രാവും പകലുമില്ലാതെയോടി- ത്തളര്‍ന്നോരെന്‍ മനസ്സും ദേഹവും നിത്യമാമുറക്കത്തിലേക്കൊന്നു വഴുതി വീണീടുന്ന നേരം, വിളിച്ചുണര്‍ത്തരുതെന്നെ നിങ്ങള്‍ വീണ്ടുമീയവനിയില്‍ കിടന്നുഴറുവാന്‍.... ... വ്യാകുല ചിന്തകളേതുമില്ലാതെ, വ്യസനം പകരും സ്വപ്നങ്ങളില്ലാതെ, ഇനിയൊന്നുറങ്ങണമെനി- ക്കൊരിക്കലും ഉണരാതിരിക്കാന്‍......... എന്നെയുണര്‍ത്താതിരിക്കൂ നീയുണ്ണീ നിന്‍ കിളിക്കൊഞ്ചലാല്‍; വേണ്ട പ്രിയനേ, നീയിനിയെന്‍ മൂര്‍ദ്ധാവില്‍ ചുംബിച്ചുണര്‍ത്തീടേണ്ടാ... ഇനി ഞാനൊന്നുറങ്ങീടട്ടെ നിന്‍ ബലിഷ്ഠമാം കരങ്ങളിലൊതുങ്ങി സീമന്തരേഖയില്‍ മായാതുറങ്ങുന്ന സിന്ദൂരപ്പൊട്ടുപോലെ ഞാനുറങ്ങട്ടെ... ഇനിയും ഉണരാതിരിക്കാന്‍ ഒരിക്കല്‍ ഞാനുറങ്ങിടട്ടെ!!! ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ ഇമേജ്  

ഓര്‍മ്മകള്‍

Image
ദു:ഖത്തിന്‍ കരിമുകിലുകള്‍ പേമാരിയായ് പെയ്തിറങ്ങി; നേരത്തോടുനേരമിരമ്പിയലറി, പെയ്തിട്ടും പെയ്തിട്ടുമൊഴിയുന്നില്ല... കൊള്ളിയാന്‍ മിന്നിയതാ- കാശത്തോപ്പിലല്ലീ മനസ്സില്‍ ; ഇടിയല്ലത് നിങ്ങള്‍ കേട്ടതീ നെഞ്ചിന്‍ വിങ്ങലുകളത്രേ! കാലമെത്ര കഴിഞ്ഞാലും  മാരിയെത്ര പൊഴിഞ്ഞാലും അണയാത്ത ജ്വാലയായ് കാറ്റിലുലയാതെ നില്‍ക്കും ദഹിപ്പിക്കാനാവില്ലയീയോര്‍മ്മകളെ അഗ്നിപര്‍വ്വതത്തോളം വളര്‍ന്ന, വിസ്മൃതിയില്‍ കരിഞ്ഞുണങ്ങാത്ത, കാരിരുമ്പ് പോലുള്ളോര്‍മകളെ... നേര്‍ത്തുപോകുമെന്‍ ശ്വാസ- ഗതികളൊരുന്നാളെങ്കിലും പേര്‍ത്തു പോകില്ലയുള്ളില്‍ നിന്നുടെ സൗരഭ്യം പരത്തും ഓര്‍മ്മകള്‍ .... ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ് 

കൂട്ടുകാരെയോര്‍ത്ത്

Image
അറിയാത്തൊരു നൊമ്പരത്തില്‍ നെഞ്ചകം നുറുങ്ങുന്നു, ഇതു വരെ കാണാത്തൊരു കൂട്ടിനെയോര്‍ത്ത്... മനസ്സിലൊരു മഴവില്‍ വിരിയുന്നു, മാംഗല്യത്തിന്‍ മധുരം നുകരുവാനൊരുങ്ങുമിരു ജീവനെയോര്‍ത്ത്... ആശങ്ക തന്‍ ചിറകടിയൊച്ചകള്‍ മുഴങ്ങുന്നുവെന്നുള്ളില്‍ നിനച്ച സന്ദേശം കിട്ടാത്തതോര്‍ത്ത്... കരളില്‍ കദനം നിറയുന്നു, അകലെ നിന്നെത്തിയൊരു സ്നേഹത്തിന്റെ സൗഖ്യമറിയാത്തതോര്‍ത്ത്... കണ്ണുകള്‍ നിറയുന്നു, കൂട്ടത്തില്‍ കളിപറഞ്ഞു നടന്നവര്‍ തിണ്ണം കൊമ്പുകള്‍ കോര്‍ത്തതോര്‍ത്ത്... ഹൃദയം നിറയുന്നു ചുറ്റിലും സ്നേഹത്തിന്‍ പാലാഴി വിതറും മനസ്സുകളെയോര്‍ത്ത്... മോദത്താല്‍ തുടിക്കുന്നെന്‍ ഹൃദന്തം സ്നേഹാദരങ്ങള്‍ നല്കിയൊരീ കൂട്ടിന്‍ ഭാഗമെന്നോര്‍ത്ത്... ആഹ്ലാദിക്കുന്നു ഞാന്‍ ഒരമ്മതന്‍ മക്കളായ്‌ പിറന്നില്ലെങ്കിലും എന്റേതായി മാറിയവരെയോര്‍ത്ത്... നമിക്കുന്നു ശിരസ്സാദരാല്‍ ഞാനെന്‍ജീവനഴകേകിയ സര്‍വ്വശക്തി തന്‍ കാരുണ്യമോര്‍ത്ത്...

സൗഹൃദം

Image
കേട്ടുമറന്നോരീണമെന്‍ മനസ്സാം തംബുരുവില്‍ നിന്നു താനെയുയരവേ,  എന്തിനെന്നറിയാതെയെന്‍ മിഴി- കളൊരുമാത്ര സജലങ്ങളായ്! കാലരഥമേറി ഞാനേറെ ദൂരം പോയ്‌ കാണാകാഴ്ചകള്‍ തന്‍ മാധുര്യവുമായ്; ഒടുവിലൊരു പന്ഥാവിന്‍ മുന്നിലെത്തിയന്തിച്ചു-  നില്‍ക്കേ കേട്ടു,ഞാനായീണം വീണ്ടും. നിന്നോര്‍മ്മകളെന്നില്‍ നിറഞ്ഞ നേരം നിന്‍ പുഞ്ചിരിയെന്നില്‍ വിടര്‍ന്ന നേരം കൌമാരത്തിന്‍ കൈപിടിച്ചിന്നു ഞാന്‍ കാലത്തിന്‍ വഴികളിലൂടൊന്ന്‍ തിരിഞ്ഞു നടന്നു... ഇല്ലില്ല കോലാഹലമൊന്നുപോലുമവിടെ, വീണില്ല സൌഹൃദത്തേന്‍മരത്തിന്‍ ചില്ല ആയിരം കൈനീട്ടി വിടര്‍ന്നു നില്‍പ്പൂണ്ടിപ്പോഴും സ്നേഹാമൃതം തൂകി സുഹൃത്താമൊരരയാല്‍ !!! ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ ഇമേജ്

ഉണ്ണിയ്ക്കായ്

Image
ഉണ്ണീ നീയുണര്‍ന്നീടുക വേഗമിപ്പോള്‍  ഇന്നു നിന്റെയാട്ടപ്പിറന്നാളല്ലോ കര്‍ക്കിടകക്കാറുകള്‍ നീങ്ങിയാ മാനത്ത് അര്‍ക്കനിതായിപ്പോള്‍ പുഞ്ചിരിപ്പൂ... സ്നാനത്തിനാശു ഗമിച്ചീടുക നീയ്യെന്നിട്ടാ- ത്തേവരെയും പോയ്‌ വണങ്ങി വരൂ! നെറ്റിയില്‍ ചന്ദനക്കുറിയോടൊപ്പമമ്മ നല്കിടാം ഉമ്മകളായിരങ്ങള്‍ ; മാറോടുചേര്‍ത്തു പുണര്‍ന്നീടാം നിന്നെ ഞാന്‍ ഓമനയാമുണ്ണീ നീയോടിവായോ.. നിന്‍ കണ്ണില്‍ വിടരുന്നോരാനന്ദപ്പൂത്തിരി- യെന്നുള്ളില്‍ സ്നേഹക്കടലായ് മാറി, നെറുകയില്‍ കൈവെച്ചു ഞാനിതാ നേരുന്നു ആയൂരാരോഗ്യ സൗഭാഗ്യങ്ങളും നന്മതന്‍ നിറകുടമായ് വാഴുകയെന്നുടെ- യോമനക്കുട്ടാ നീയെന്നുമെന്നും പാരിലെ പീഡകള്‍ നിന്നെ വലയ്ക്കാതെ പാരം ഞാന്‍ കാത്തീടാമാവുവോളം... സദ്‌ബുദ്ധിയെന്നും നിന്‍ മതിയിലുണരുവാന്‍ സച്ചിതാനന്ദനെ വണങ്ങിടുന്നു... ഉണ്ണീ നീ വാഴ്കയാമോദമോടെന്നാളും ഉള്ളം നിറഞ്ഞു ഞാനനുഗ്രഹിപ്പൂ...