അമ്മിണിക്കുട്ടിയുടെ ലോകം #16 - ചില സ്കൂൾ പുരാണങ്ങൾ
അമ്മിണിക്കുട്ടിയുടെ ലോകം #16 - ചില സ്കൂൾ പുരാണങ്ങൾ മഴക്കാലത്ത് സ്കൂളിൽ പോവുക വലിയ ബുദ്ധിമുട്ടുള്ള പണിയാണ്. സ്കൂൾ ബസ് കേറാൻ റോഡ് വരെ കുറെ ദൂരം നടക്കണം. ഇല്ലത്ത് പ്രധാന വഴി പടികളും മറ്റുമായതിനാൽ അതിലൂടെ വാഹനങ്ങൾക്ക് വരാൻ പറ്റില്ല. പക്ഷേ തെക്കുഭാഗത്ത്, പത്തായപ്പുരയുടെ അരികിലൂടെ കഷ്ടിച്ച് ഒരു കാറിന് പോവാനുള്ള വഴിയുണ്ട്. അവിടെ ഒരു ഗേറ്റ് വെച്ചിട്ടുണ്ട്. അതിലൂടെയാണ് വല്ലപ്പോഴും ഇല്ലത്തേക്ക് വരാറുള്ള കാറുകൾ അച്ഛന്റെ ബുള്ളറ്റ് തുടങ്ങിയവയുടെ പോക്കും വരവുമൊക്കെ. പടിഞ്ഞാട്ടിറങ്ങി പറമ്പിന്റെ ഒരുഭാഗം ചുറ്റിവളഞ്ഞു പൊവേണ്ട എന്നതുകൊണ്ട് അമ്മിണികുട്ടിയും ഏടത്തിമാരും സ്കൂളിലേയ്ക്ക് പോക്കും വരവുമൊക്കെ അതിലൂടെയാണ്. മഴക്കലമായാൽ മുറ്റം മുഴുവനും വെള്ളം നിറയും. മഴ പെയ്തൊഴിഞ്ഞാലും വെള്ളമങ്ങനെ ഒരു കുഞ്ഞു തടാകം പോലെ മുറ്റത്ത് പലയിടങ്ങളിൽ കെട്ടിക്കിടക്കും. ഇടയ്ക്ക് അതിൽ മത്സ്യക്കുഞ്ഞുങ്ങളേയും മറ്റും കാണാം. വഴി മുഴുവൻ ഉറവ് വെള്ളവുമാവും. പല ചാലുകളായി ഉറവ് വെള്ളം ഒലിച്ചു വന്ന് ഏതെങ്കിലും ഒരു കുട്ടിത്തടാകത്തിൽ ചെന്നു ചേരും. പിന്നെ അത് നിറഞ്ഞു കവിഞ്ഞ് വലിയൊരു ചാലായി ഒഴുകി കുളത്തിൽ ചെന്നു വീഴും - അല്ലെങ്കിൽ തൊടിയ