സ്നേഹത്തിൽ പൊതിഞ്ഞ പത്തിരികൾ
നോമ്പ് കാലമായാൽ ഓർമ്മ വരിക മാണിക്കന്റെ ഉമ്മയെയാണ്. മാണിക്കൻ ഇല്ലത്തെ ഒരു കാര്യസ്ഥനായിരുന്നു. ഓർമ്മകൾ തുടങ്ങുന്ന കാലത്ത് കുറച്ചപ്പുറത്തുള്ള തെങ്ങിൻ തോപ്പിന്റെ മേൽനോട്ടമായിരുന്നു മാണിക്കന്റെ പ്രധാന പണി (അല്ലെങ്കിൽ ഞാൻ അങ്ങനെയാണ് ധരിച്ചു വച്ചിരിക്കുന്നത്). മാണിക്കന്റെ ഉമ്മ എന്നു പറയുന്നത് അദ്ദേഹത്തിന്റെ അമ്മയല്ല, ഭാര്യയാണ് ട്ടോ! ഇത്തിരി തടിച്ച്, തലയിലൊരു തട്ടവും നീളൻ കൈയ്യുള്ള ഒരു കുപ്പായവും നിറപ്പകിട്ടുള്ള ലുങ്കിയുമുടുത്ത് അരയിൽ ഒരു സ്റ്റീലിന്റെ അരപ്പട്ടയുമൊക്കെയായി അന്നത്തെ കാലത്ത് പ്രചാരമുണ്ടായിരുന്ന മുസ്ലീം വേഷത്തിൽ മുഖത്ത് സദാ പുഞ്ചിരിയുമായി ഞങ്ങളെ കാണാൻ വരാറുണ്ടായിരുന്ന ഉമ്മ! ഇടയ്ക്കൊക്കെ അവർ ഇല്ലത്ത് വരും. ഞങ്ങൾ സന്തോഷപൂർവ്വം സംസാരിച്ചിരിക്കും. നോമ്പ് കാലത്ത് വരുമ്പോൾ ഞങ്ങൾക്കായി നല്ല സ്വാദുള്ള പത്തിരിയുമായാണുമ്മ വരിക. നല്ല നേർമ്മയുള്ള സ്വാദിഷ്ടമായ പത്തിരി. മുത്തശ്ശിയുള്ള കാലത്ത് മറ്റുള്ളവരിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കുന്നത് അവർക്കത്ര പഥ്യമായിരുന്നില്ലെന്നു വേണം കരുതാൻ! എന്നാൽ അച്ഛനുമമ്മയും ഒരു മടിയുമില്ലാതെ ഞങ്ങളെ ഇത് കഴിക്കാൻ സമ്മതിച്ചിരുന്നു. ഉമ്മ ഞങ്ങൾക്കായി പ്രത്യേകം തയ്യ