ഒരു സ്വാദിന്റെ ഓർമ്മയിൽ
ബാലവാടിയെന്നു കേട്ടാൽ ആദ്യം ഓർമ്മ വരിക വേശുവേടത്തിയെ ആണ്. ഏടത്തിമാർ രണ്ടാളും വേശുവേടത്തിയുടെ ബാലവാടിയിൽ പോയിട്ടുണ്ട് (രണ്ടാമത്തെയാൾ പഠിയ്ക്കാനും മൂത്തയാൾ കൊണ്ടാക്കാനും കൊണ്ടു വരാനുമൊക്കെ). എനിക്കാ ഭാഗ്യം ഉണ്ടായിട്ടില്ല. എന്റെ ഔപചാരിക വിദ്യാഭ്യാസം തുടങ്ങിയത് പ്രസൻറേഷൻ മോൺടിസറിയിലാണ്. (ക്ലാസ്സുകൾ തുടങ്ങുന്നതിനു മുൻപ് തന്നെ അവിടെയൊരു ദിവസം പോയതും ചങ്ങലയിൽ തൂങ്ങുന്ന ചെറിയ കസേരയൂഞ്ഞാലിൽ ആടിയതും ബേബി സുധയെന്ന ആദ്യത്തെ കൂട്ടുകാരിയെ കിട്ടിയതും ഇപ്പോഴും നല്ല ഓർമ്മയുണ്ട്). അതു കൊണ്ട് ബാലവാടി എനിക്ക് കേട്ടറിഞ്ഞ ലോകമാണ്. സ്വയം അനുഭവിച്ചറിഞ്ഞതല്ല. ബാലവാടിക്കഥകൾ പലതും അയവിറക്കി ഏsത്തിമാർ രസിക്കുമ്പോൾ മൗനിയായി അതൊക്കെ കേട്ടു നിൽക്കാനേ പറ്റിയിട്ടുള്ളു. ബാലവാടിയിലെ ഉപ്പുമാവിന്റെ സ്വാദിനെക്കുറിച്ചവർ ചർച്ച ചെയ്യുമ്പോൾ എനിക്ക് കുശുമ്പ് തോന്നിയിട്ടുണ്ട്. അതൊന്നു രുചിച്ചു നോക്കാൻ പറ്റാത്തതിലുള്ള ഇച്ഛാഭംഗം വേറെ.. (അവധിക്കാലത്ത് അച്ഛൻ പെങ്ങളുടെയടുത്ത് താമസിയ്ക്കുമ്പോൾ അവിടെ അടുത്തുള്ള ബാലവാടിയിലെ ഉപ്പുമാവ് സതിയോപ്പോൾ വഴി കിട്ടിയിരുന്നു എന്ന് തോന്നുന്നു. അതിന്റെ ഓർമ്മ നന്നേ മങ്ങിയിരിയ്ക്കുന്നു). കൊല്ലങ