ട്യൂലിപ് പൂക്കളെത്തേടി
ആംസ്റ്റർഡാമിലേയ്ക്ക് ഒരു യാത്ര കുറച്ചു കാലമായി ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നെങ്കിലും അതിന് ഒരു തീരുമാനമായത് ഒന്നുരണ്ടു മാസങ്ങൾക്ക് മുൻപാണ്. ആംസ്റ്റർഡാമിൽ താമസിക്കുന്ന കൂട്ടുകാരൻ കുറെ കാലമായി ഞങ്ങളെ അങ്ങോട്ട് വിളിക്കുന്നതാണ്. പലപല കാരണം കൊണ്ട് യാത്ര വൈകി. ശൈത്യത്തിനൊരു ശമനമുണ്ടാകും എന്ന ധാരണയിൽ മാർച്ച് അവസാനം ഏപ്രിൽ ആദ്യം എന്ന രീതിയിൽ ഈസ്റ്ററിനോടനുബന്ധിച്ച അവധിക്കാലത്ത് ഞങ്ങൾ ലിവർപൂളിൽ നിന്നും ആംസ്റ്റർഡാമിലേയ്ക്ക് വിമാനം കയറി. ആംസ്റ്റർഡാം ലിവർപൂളിൽ നിന്നും മാർച്ച് മുപ്പതാം തിയ്യതി രാവിലെ ഇറങ്ങി, യൂറോപ്യൻ സമയം 9.30യോടെ ഞങ്ങൾ ആംസ്റ്റർഡാം ഷിപ്പോൾ എയർപോർട്ടിൽ ലാൻഡ് ചെയ്തു. ബാഗുകൾ അവിടെയുള്ള ലഗ്ഗെയ്ജ് റൂമിൽ സൂക്ഷിക്കാൻ ഏല്പിച്ച് ഞങ്ങൾ ഞങ്ങളുടെ ആതിഥേയരെ കാത്തു നിൽപ്പായി. അധികം താമസിയാതെ അവർ എത്തിച്ചേർന്നു. രാജേഷും ദിലീപും ഏതാണ്ട് 10-18 വർഷങ്ങൾക്ക് ശേഷമാണ് നേരിൽ കാണുന്നത്. അതിന്റെ സന്തോഷം അവർ പങ്കുവെക്കുമ്പോഴേയ്ക്കും ഞാൻ നോർവേയിൽ നിന്നും എത്തിയ നവദമ്പതികൾ അമൃതയേയും രവിയേയും കണ്ട സന്തോഷത്തിലായിരുന്നു. നാട്ടിൽ ഇല്ലാത്തതിനാൽ എനിക്ക് പങ്കെടുക്കാൻ പറ്റാതെ പോയ വിവാഹമായിരുന്നു അവരുടേ...