നേഴ്സറി കുട്ടികൾ
കൂടുതൽ പഠിക്കണമെന്ന ആഗ്രഹമുണ്ടായിട്ടും ജീവിതസാഹചര്യങ്ങൾ മൂലം അധികം പഠിക്കാൻ കഴിയാതെ പോയ മാതാപിതാക്കളുടെ ആഗ്രഹമായിരുന്നു മക്കൾക്ക് എറ്റവും നല്ല വിദ്യാഭ്യാസം കൊടുക്കുക എന്നത്. അടുത്തു തന്നെ ഒരു സ്കൂൾ ഉണ്ടായിരുന്നുവെങ്കിലും പട്ടണത്തിൽ സിസ്റ്റർമാർ നടത്തുന്ന കോൺവെന്റ് സ്കൂളിലായിരുന്നു ഞങ്ങളെ ചേർത്തത്. പ്രസന്റേഷൻ സിസ്റ്റർമാർ ആ സ്കൂൾ തുടങ്ങി ഏറെക്കാലമാവുന്നതിനു മുൻപ് തന്നെ ഏടത്തി അവിടത്തെ വിദ്യാർത്ഥിനിയായതോടെ സ്വാഭാവികമായും അനിയത്തിമാരായ ഞങ്ങളെയും അവിടെ തന്നെ ചേർത്തു. അന്ന് അത്രയൊക്കെ പൈസ ചിലവാക്കി ഞങ്ങളെ അവിടെ പഠിപ്പിയ്ക്കുന്നത് പലർക്കും അത്ര സ്വീകാര്യമായിരുന്നില്ല എന്ന് പിന്നീട് എനിയ്ക്ക് തോന്നിയിട്ടുണ്ട്. സ്കൂൾ ഫീസ്, യൂണിഫോമിനും പുസ്തകങ്ങൾക്കുമുള്ള ചിലവുകൾ, പോയ് വരാനുള്ള ചിലവ് വേറെ എന്നിങ്ങനെ എടുത്താൽ പൊന്താത്ത ഭാരം തലയിൽ കയറ്റിയതിനോളം അബദ്ധം വേറൊന്നുമില്ല എന്ന രീതിയിൽ തെളിഞ്ഞും മറഞ്ഞും അഭിപ്രായങ്ങൾ ഉണ്ടായിരുന്നു എന്ന് പിന്നീടെപ്പോഴോ യാദൃശ്ചികമായി ഞാൻ മനസ്സിലാക്കുകയുണ്ടായി. പെൺകുട്ടികളെ ഇങ്ങനെയൊക്കെ പഠിപ്പിക്കുന്നതിലും വലിയ മണ്ടത്തരം വേറെ എന്തുണ്ട് എന്ന ചിന്...