പീറ്റർ റാബ്ബിറ്റും ബീയട്രിക്സ് പോട്ടറും
ബീയട്രിക്സ് പോട്ടർ! ബിബിസിയിലെ ഒരു ഡോക്യൂമെന്ററിയിലാണ് ആദ്യമായി ഞാൻ ആ പേര് കേട്ടത്. ലേയ്ക് ഡിസ്ട്രിക്ട് എന്ന സ്ഥലത്ത് നാഷണൽ ട്രസ്റ്റിനു വേണ്ടി അവർ തൻ്റെ സ്വത്തുക്കളെല്ലാം സംഭാവന ചെയ്തു. അവരുടെ ആ മഹാമനസ്‌കത കൊണ്ടാണ് ലേയ്ക് ഡിസ്ട്രിക്ട് നാഷണൽ പാർക്കും മറ്റു പ്രകൃതി-പരിസ്ഥിതി പ്രവർത്തനങ്ങൾ ഒക്കെ ഇന്നും നന്നായി നടത്താൻ കഴിയുന്നത് എന്നൊക്കെയായിരുന്നു ആ ഡോക്യൂമെന്ററിയിൽ. ബീയട്രിക്സ് പോട്ടറുടെ വീടും അവർ ജീവിച്ച പ്രദേശങ്ങളുമൊക്കെ ആ പരിപാടിയിൽ കാണിച്ചിരുന്നു. വേറെന്തോ പണി ചെയ്യുന്നതിനിടയിലാണ് ആ ഡോക്യുമെന്ററി കണ്ടത് എന്നതു കൊണ്ട് അതിൽ പ്രതിപാദിച്ച മറ്റു കാര്യങ്ങൾ ഓർമ്മയില്ല. ബീയട്രിക്സ് പോട്ടർ എന്ന പേരു മാത്രം മനസ്സിലുടക്കി നിന്നു.
ഇതു കഴിഞ്ഞ് ഒന്ന് രണ്ടു മാസം കഴിഞ്ഞ്, കൃത്യമായി പറഞ്ഞാൽ 2018 ജനുവരി ഒന്നാം തിയതി ഏറെ കാലമായി പോവണം എന്ന് കരുതിയിരുന്ന ലേയ്ക് ഡിസ്ട്രിക്ടിലേയ്ക്ക് ഞങ്ങൾ യാത്ര പോയി. വിൻഡർമിയർ തടാകക്കരയായിരുന്നു പ്രധാന ലക്‌ഷ്യം. ലിവർപൂളിൽ നിന്നും ഏതാണ്ട് 90 മൈൽ ദൂരമുണ്ട് അവിടേയ്ക്ക്. ഉച്ചയ്ക്കുള്ള ഭക്ഷണവും പൊതിഞ്ഞു കെട്ടി ഞങ്ങൾ ഒരു പത്തു മണിയോടെ പുറപ്പെട്ടു.
ഏതാണ്ട് ഒരു മണിയോടെ വിൻഡർമിയറിൽ എത്തി. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് ന്യൂ ഇയർ പ്രമാണിച്ച് അവിടുത്തെ ടൂറിസ്റ്റ് ഇൻഫർമേഷൻ സെൻററും മറ്റനുബന്ധകാര്യങ്ങളും അന്ന് തുറന്നു പ്രവർത്തിക്കുന്നില്ല എന്ന്. എന്തായാലും അത്രയിടം എത്തിയ സ്ഥിതിയ്ക്ക് ഒന്ന് ചുറ്റി നടന്നു കണ്ടിട്ട് പോകാമെന്നു കരുതി. അവിടുത്തെ ബേർഡ് ഹൈഡിൽ കുറച്ചു നേരമിരുന്നു. റോബിൻ, വിവിധ (ഗ്രേറ്റ്, ബ്ലൂ) ടിറ്റുകൾ, ഷാഫിഞ്ച്, ബ്ലാക്ക് ബേർഡ്, നട്ടാച്ച്, ഡണ്ണക്ക് തുടങ്ങിയ സാധാരണ കണ്ടുവരുന്ന പക്ഷികളേയും രണ്ടു മാനുകളേയും അവിടെ കണ്ടു. കുറച്ചു നേരം അവിടെ ഇരുന്ന ശേഷം മഴ കൂടുന്നതിന് മുൻപ് കായൽ ഒന്ന് കണ്ടേക്കാം എന്ന് കരുതി കായൽക്കര ലക്ഷ്യമാക്കി നടന്നു.
അൽപനേരം കഴിഞ്ഞു കായൽക്കരയിൽ എത്തിയപ്പോഴേയ്ക്കും ചാറ്റൽ മഴ ശക്തി പ്രാപിച്ചിരുന്നു. തണുപ്പ് കുറേശ്ശെ ദേഹത്തരിച്ചു കയറാൻ തുടങ്ങിയിരുന്നു. മഴമേഘം മൂടിയ ആകാശത്ത് ഇടയ്‌ക്കെപ്പോഴോ സൂര്യൻ ഒന്നെത്തിനോക്കിയപ്പോൾ അകമ്പടിയായത് മഴവില്ലാണ് - ഒന്നല്ല രണ്ടെണ്ണം. അങ്ങനെ രണ്ടു മഴവില്ലുകൾ ഒന്നിച്ചു നിൽക്കുന്ന കാഴ്ച കണ്ടാസ്വദിച്ചു കുറച്ചു നേരം തടാകക്കരയിൽ ചിലവിട്ടു. കുറച്ചു ഫോട്ടോകളുമെടുത്ത ശേഷം (അതില്ലാത്ത യാത്രയോ!!) തിരിച്ചു വാഹനത്തിനടുക്കലേക്ക് മടങ്ങി.
അപ്പോഴേയ്ക്കും വിചാരിച്ച പോലെ കാര്യങ്ങൾ നടക്കില്ല എന്ന് ഏകദേശം ഉറപ്പായിരുന്നല്ലോ. ഇനി എന്തു വേണം എന്നായി ചിന്ത. വേർഡ്‌സ്വേർത്തിന്റെ കോട്ടേജ് ഉണ്ടെങ്കിലും അത് കണ്ടു പിടിച്ച് അവിടെ സമയത്തിന് എത്തുമെന്ന് ഉറപ്പില്ലായിരുന്നു. പിന്നെ ഉള്ളത് വേൾഡ് ഓഫ് ബീയട്രിക്സ് പോട്ടർ (ഓർമ്മയിൽ അന്നു കേട്ട ആ പേര് പൊന്തി വന്നു) ആണ്. അതെന്താണ് എന്ന് വലിയ വലിയ പിടിയൊന്നും ഇല്ലായിരുന്നുവെങ്കിലും അങ്ങോട്ട് പോയി നോക്കാം എന്ന് തീരുമാനിച്ചു. ലക്ഷ്യസ്ഥാനത്തെത്തി അതിനടുത്തുള്ള കാർ പാർക്കിൽ വണ്ടി പാർക്ക് ചെയ്ത ശേഷം കാറിലിരുന്ന് തന്നെ ലഞ്ച് കഴിച്ചു. അതിനു ശേഷം വേൾഡ് ഓഫ് ബീയട്രിക്സ് പോട്ടർ ലക്ഷ്യമാക്കി നടന്നു.
വേൾഡ് ഓഫ് ബീയട്രിക്സ് പോട്ടർ |
അവിടെയെത്തിയപ്പോൾ ഞങ്ങളെ എതിരേറ്റത് നീല കോട്ടിട്ട ഒരു മുയലിന്റെ പ്രതിമയാണ്. അതാണ് വിഖ്യാതനായ പീറ്റർ റാബ്ബിറ്റ്. അവിടെ റിസപ്‌ഷനിൽ അന്വേഷിച്ചപ്പോൾ വേൾഡ് ഓഫ് ബീയട്രിക്സ് പോട്ടർ- ലെ ആകർഷണങ്ങൾ കാണാൻ ടിക്കറ്റ് എടുക്കണം. ഒരു ചെറിയ ഷോ, ഏതാണ്ട് മുക്കാൽ മണിക്കൂറോളം എടുക്കാവുന്ന ഒരു എക്സിബിഷൻ എന്നിവയാണ് പ്രധാന ആകർഷണം. ഒരു കുട്ടിക്കഥ എഴുത്തുകാരിയെയും അവരുടെ കഥയേയും അറിയാൻ ടിക്കറ്റ് എടുക്കണോ എന്നായി പിന്നത്തെ ചിന്ത! എന്തായാലും വന്നതല്ലേ, വേറൊന്നും കാര്യമായി ചെയ്യാനും ഇല്ല എന്നതു കൊണ്ട് ടിക്കറ്റെടുത്തു അകത്തു കയറാൻ തീരുമാനിച്ചു.
ഒരല്പ നേരത്തെ കാത്തു നിൽപ്പിനു ശേഷം അകത്തേയ്ക്ക് കയറാനുള്ള സമയമായി. ബീയട്രിക്സ് പോട്ടറേയും അവരുടെ കഥകളെയും പരിചയപ്പെടുത്തുന്ന ഒരു അഞ്ചു മിനിറ്റ് സിനിമ കഴിഞ്ഞു ഞങ്ങൾ എക്സിബിഷൻ ഏരിയയിലേക്ക് എത്തി.
ശരിക്കും ഒരു മായാ ലോകത്ത് എത്തിയ പോലെയായിരുന്നു. ബീയട്രിക്സ് പോട്ടറുടെ കഥകളിലെ കഥാപാത്രങ്ങൾ ഒക്കെ അവിടെ ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു. ഏറ്റവും പ്രശസ്തനായ പീറ്റർ റാബ്ബിറ്റ്, അവൻ്റെ കസിൻ ബെഞ്ചമിൻ, അവരുടെ വികൃതികൾ, ബാക്കി കഥാപാത്രങ്ങളും കഥകളും ഒക്കെ രസകരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ജീവൻ തുളുമ്പുന്ന ശില്പങ്ങളും അവതരണവും. കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും ആവേശം കൊള്ളിപ്പിക്കുന്നവ.
അവർ എഴുതിയ കഥകളും മറ്റും വായിച്ചിട്ടില്ലെങ്കിലും ഓരോ നിമിഷവും ബീയട്രിക്സ് പോട്ടർ എന്ന വ്യക്തിയോട് ആരാധനയും ബഹുമാനവും കൂടി വന്നു. അവർ വെറുമൊരു കഥാകാരി മാത്രമായിരുന്നില്ല. വളരെ പ്രശസ്തയായ ഒരു ഇംഗ്ലീഷ് എഴുത്തുകാരിയായിരുന്നു അവർ എന്നതിൽ ഒരു സംശയവുമില്ല. കുട്ടികൾക്ക് വേണ്ടി അവർ വരച്ചെഴുതിയ പുസ്തകങ്ങൾ ഇന്നും ഇവിടുത്തെ കുട്ടികളുടെ പ്രിയപ്പെട്ട പുസ്തകങ്ങളാണ് എന്ന് പറയുന്നു. കുട്ടികൾക്ക് ഇഷ്ട്ടപ്പെടുന്ന രീതിയിൽ കഥ പറയുകയും വരക്കുകയും ചെയ്തിരുന്ന അവരുടെ കഥകൾ ഇഷ്ടമായില്ലെങ്കിലേ അദ്‌ഭുതമുള്ളൂ. അവരെക്കുറിച്ചുള്ള ഓരോ കുറിപ്പുകളും എൻ്റെ ഉള്ളിൽ അവരെക്കുറിച്ചുള്ള ആകാംക്ഷയും വർധിപ്പിച്ചു.
സമ്പന്നമായ ഒരു കുടുംബത്തിൽ ജനിച്ച ബീയട്രിക്സ് പോട്ടർക്ക് അന്നത്തെ സമ്പ്രദായമനുസരിച്ച് ഗവർണസ്സിനു കീഴിൽ വിദ്യാഭ്യാസം ലഭിച്ചു. ചിത്രകലയിൽ ചെറുപ്പം മുതൽക്കേ വൈദഗ്ദ്ധ്യം അവർക്കുണ്ടായിരുന്നു. മറ്റു കുട്ടികളുമായി സമ്പർക്കമില്ലാതെ വളർന്ന അവർ പ്രകൃതിയെയെയും മരങ്ങളെയും ചെടികളെയും മൃഗങ്ങളെയും വരച്ചു. കൗമാരകാലത്ത് അവർ സ്ഥിരമായി ലണ്ടൻ ആർട്ട് ഗ്യാലറി സന്ദർശിക്കുമായിരുന്നത്രെ! അവരുടെ കലാസപര്യയെ ഈ സന്ദർശനങ്ങൾ ഏറെ സഹായിച്ചിരുന്നു എന്നതിൽ തർക്കമില്ല.
അന്നത്തെ കാലത്ത് സ്ത്രീകൾക്ക് ഔപചാരിക വിദ്യാഭ്യാസത്തിനു ഏറെ പരിമിതികൾ ഉണ്ടായിരുന്നുവെങ്കിലും ബീയട്രിക്സ് കൂണുകൾ, കുമിളകൾ തുടങ്ങിയ ഫങ്കി (fungi)യുടെ ചിത്രങ്ങൾ വരയ്ക്കുകയും അവയെക്കുറിച്ചു പഠിക്കുകയും ചെയ്തു. ഏറെ താമസിയാതെ അവരെ അതിന്റെയൊക്കെ ഒരു വിദഗ്ദ്ധയായി കണക്കാക്കി തുടങ്ങിയിരുന്നു. എന്നിരുന്നാലും സ്ത്രീകൾക്ക് കോളേജ് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന ആ കാലത്ത് കഴിവും താല്പര്യവും ഉണ്ടായിട്ടും അവർക്കു മുന്നിൽ ശാസ്ത്രത്തിന്റെ വഴി കൊട്ടിയടയ്ക്കപ്പെടുകയായിരുന്നു.
മുയൽക്കുട്ടികളുടെ കഥ |
ആദ്യ പുസ്തകത്തിന്റെ കവർ ചിത്രത്തിന് കടപ്പാട്:വിക്കിപീഡിയ |
1900-ലാണ് ബീയട്രിക്സ് ആദ്യമായി പീറ്റർ റാബ്ബിറ്റിന്റെ കഥ പുസ്തക രൂപത്തിലാക്കിയത്. എന്നാൽ പുസ്തകം പ്രസിദ്ധീകരിക്കാൻ ആരും തയ്യാറായില്ല. ഒടുവിൽ സ്വന്തം ചിലവിൽ കൂട്ടുകാർക്കും കുടുംബക്കാർക്കും കൊടുക്കാനായി അവർ അത് സ്വയം പ്രസിദ്ധീകരിച്ചു. ബ്ളാക്ക് & വൈറ്റിൽ ആണത് അവർ പുറത്തിറക്കിയത്. കവർ മാത്രം നിറമുള്ളതായിരുന്നു. പിന്നീടത് ഫ്രെഡറിക് വോൺ & കമ്പനി എന്ന പ്രസാധകർ പ്രസിദ്ധീകരിയ്ക്കാൻ തയ്യാറായി. നിറമുള്ള ചിത്രങ്ങൾ തയ്യാറാക്കി ബീയട്രിക്സ് എഴുത്തുകാരിയാവാൻ തയ്യാറായി. 1902 ഒക്ടോബർ രണ്ടാം തിയ്യതി പുറത്തിറങ്ങിയ പുസ്തകം പെട്ടന്ന് തന്നെ പ്രസിദ്ധമായി, എല്ലാവര്ക്കും പ്രിയപ്പെട്ടതായി.
അതിന്റെ വിജയത്തിൽ ബീയട്രിക്സ് പുതിയ സാദ്ധ്യതകൾ കണ്ടു. 1903 -ൽ തന്നെ പീറ്റർ റാബ്ബിറ്റിന്റെ ബൊമ്മ ഉണ്ടാക്കുകയും അത് പേറ്റന്റ് ചെയ്യുകയും ചെയ്തു. ആ കഥാപാത്രത്തെ ആസ്പദമാക്കി ഒരു പാട് സാധനങ്ങൾ - വാൾ പേപ്പർ, പെയിന്റിങ് ബുക്കുകൾ, കുട്ടികളുടെ പുതപ്പ്, ചായക്കപ്പിന്റെ സെറ്റുകൾ, ബോർഡ് ഗെയിമുകൾ തുടങ്ങി പലതും അവർ രൂപ കൽപ്പന ചെയ്യുകയും വിജയകരമായി അവതരിപ്പിക്കുകയും ചെയ്തു.
എക്സിബിഷനിൽ നിന്നും |
നോർമന്റെ മരണ ശേഷം ബീയട്രിക്സ് വിൻഡർമിയറിൽ ഒരു വസ്തു വാങ്ങി - നോർമാനൊപ്പം അവധിക്കാല വസതിയാക്കാൻ കരുതിയിരുന്ന അതേ ഹിൽ ടോപ് ഫാം. അവിടെ വെച്ച് അവർ വില്യം ഹീലിസ്-നെ പരിചയപ്പെടുകയും അവരുടെ സൗഹൃദം വളരുകയും അയാൾ അവരെ വിവാഹം കഴിക്കാൻ താല്പര്യപ്പെടുകയും ചെയ്തു. തുടർന്ന് അവർ വിവാഹിതരായി. ഇതിനിടയിൽ ഹിൽ ടോപ് ഫാമിനെ ഒരു ലക്ഷണമൊത്ത ഫാമായി മാറ്റിയിരുന്നു. വില്യം സോളിസിറ്റർ എന്ന രീതിയിൽ പല കാര്യങ്ങളിലും അവർക്ക് തുണയായി.
എക്സിബിഷനിൽ നിന്നും |
ഹിൽ ടോപ് ഫാം വാങ്ങിയ ശേഷം ബീയട്രിക്സ് ആ പ്രദേശത്തെ തനതു ഇനമായ ഹെർഡ്‌വിക് (Herdwick) എന്നയിനം ചെമ്മരിയാടിൽ തല്പരയായി. അതിന്റെ പരിപാലനവും മറ്റും അവരുടെ ജീവിതലക്ഷ്യമായി. അതിൻ്റെ ഗവേഷണത്തിനും മറ്റുമായി അവർ ഒരു പഴയ മാൻപാർക്ക് വാങ്ങുകയും ഹെർഡ്‌വിക്ക് ചെമ്മരിയാടുകളുടെ വളർച്ചയ്ക്കും പരിപാലനത്തിനും വേണ്ടി അത് ഉഴിഞ്ഞു വെക്കുകയും ചെയ്തു. നൂതനമായ ചികിത്സാ രീതികൾ ഉപയോഗിച്ചും നല്ല ആട്ടിടയന്മാരെ നിയോഗിച്ചും നല്ല മാനേജർമാരെ നിയമിച്ചും വേണ്ട പോലെ ആടുകളെ പരിപാലിച്ചും അവർ മറ്റുള്ളവർക്ക് മാതൃകയായി.
നാഷണൽ ട്രസ്റ്റിന്റെ സ്ഥാപകാംഗം കാനൻ ഹാർഡ്‌വിക്ക് റോൻസ്‌ലേയുടെ ഒരു ആരാധികയും ശിഷ്യയുമായിരുന്നു ബീയട്രിക്സ്. നാഷ്ണൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെ അവർ എന്നും പിന്തുണച്ചരുന്നു. പ്രകൃതി രമണീയമായ സ്ഥലങ്ങൾ വികസനത്തിന്റെ പേരിൽ നശിപ്പിക്കാൻ അനുവദിക്കാതെ സംരക്ഷിക്കുന്നതിൽ നാഷ്ണൽ ട്രസ്റ്റ് ഒരു വലിയ പങ്കു വഹിച്ചിരുന്നു. നാഷ്ണൽ ട്രൂസ്റ്റുമായി ചേർന്ന് ബീയട്രിക്സ് പല ഫാമുകളുടേയും നടത്തിപ്പ് ഏറ്റെടുത്തു. പലപ്പോഴും ട്രസ്റ്റിന്റെ പക്കൽ പൈസയില്ലാതിരുന്നപ്പോൾ അവർക്കു വേണ്ടി സ്ഥലം വാങ്ങി ബീയട്രിക്സ് സഹായിച്ചു. ട്രുസ്ടിന്റെ കയ്യിൽ പൈസ വരുമ്പോൾ അവർ അത് അവരിൽ നിന്നും വാങ്ങും. കൊല്ലങ്ങളോളം ഈ രീതിയിൽ അവർ നാഷ്ണൽ ട്രസ്റ്റിനെ സഹായിച്ചിരുന്നത്രെ!
ബീയട്രിക്സിനും വില്യമിനും കുട്ടികൾ ഉണ്ടായിരുന്നില്ല.നീണ്ട മുപ്പതു കൊല്ലത്തെ ദാമ്പത്യത്തിൽ വില്യമിന്റെ കുടുംബത്തിലെ കുട്ടികളെയെല്ലാം അവർ സഹായിച്ചു പോന്നു - തങ്ങളാൽ വിധത്തിൽ എല്ലാം. 1943 -ൽ ന്യുമോണിയ ബാധിച്ച് ബീയട്രിക്സ് മരണപ്പെട്ടു. 4000 ഏക്കറോളം വരുന്ന അവരുടെ ഭൂസ്വത്ത്, 16 ഫാമുകൾ, കോട്ടേജുകൾ, ആടുകൾ തുടങ്ങിയ വസ്തുവകകൾ നാഷ്ണൽ ട്രസ്റ്റിനു നൽകിയാണ് അവർ യാത്രയായത്.
ലേയ്ക്ക് ഡിസ്ട്രിക്ട് ഇന്നത്തെ നിലയിൽ മനോഹരമായി നിലകൊള്ളുന്നത് അവരുടെ മഹാമനസ്കത കൊണ്ടാണെന്നു പറഞ്ഞാൽ അതിശയോക്തിയില്ല. വില്യമും മരണം വരെ ബീയട്രിക്സിന്റെ പ്രവർത്തനങ്ങൾ തുടർന്ന്. ഒടുവിൽ മരിക്കുമ്പോൾ ബാക്കിയുള്ള സ്വത്തും നാഷണൽ ട്രസ്റ്റിനു നൽകിയാണ് ആയാളും യാത്രയായത്.
വേൾഡ് ഓഫ് ബീയട്രിക്സ് പോട്ടർ കണ്ട്, മക് ഗ്രെഗറുടെ തോട്ടവും കണ്ട് യാതാർത്ഥ ലോകത്തിലേയ്ക്ക് തിരിച്ചിറങ്ങിയപ്പോൾ ഒരു അസാമാന്യ വ്യക്തിത്വത്തെ കുറച്ചെങ്കിലും അറിയാൻ കഴിഞ്ഞ ചാരിതാർത്ഥ്യമായിരുന്നു എൻ്റെ മനസ്സിൽ. ഒപ്പം ഒരു വലിയ ദുഃഖവും നിരാശയും - ഇത്രയും കഴിവും അറിവും ഉണ്ടായിരുന്ന അവരെ ഒരു സ്ത്രീയായത് കൊണ്ട് മാത്രം മാറ്റി നിർത്തിയത് കൊണ്ട് ഒരു പക്ഷേ അറിയാമായിരുന്ന പല അരിയൂവുകളുമല്ലേ സമൂഹത്തിനു നഷ്ടമായത്? അവരെ അംഗീകരിക്കാനും സ്വീകരിക്കാനും മടിച്ച സമൂഹത്തിനു വേണ്ടി തിരിച്ച് എല്ലാം നൽകാൻ അവർ തയ്യാറായത് ആ വലിയ മനസ്സിന്റെ വിശാലതയല്ലേ കാണിക്കുന്നത്?
ഇന്നും അവരെ കുറച്ചാലോചിയ്ക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സങ്കടം മനസ്സിൽ തോന്നുന്നു. ഒരു പക്ഷേ ഇന്നായിരുന്നു അവർ ജനിച്ചതെങ്കിൽ ഔപചാരിക വിദ്യാഭ്യാസവും മറ്റും നേടി ഒരു വലിയ കണ്ടുപിടുത്തമോ മറ്റോ അവർ നടത്തിയേനെ. സ്ത്രീയെന്നു പറഞ്ഞ് അവരെ മാറ്റി നിർത്തിയത് കൊണ്ട് ശാസ്ത്രത്തിന് വലിയൊരു നഷ്ടമാണുണ്ടായത് എന്നെനിക്ക് തോന്നുന്നു. ശാസ്ത്രത്തിന്റെ നഷ്ടം പ്രകൃതിയുടെ നേട്ടമെന്ന് ആശ്വസിക്കാൻ ശ്രമിച്ചാലും അവരോട് ചെയ്ത അനീതി മനസ്സിൽ ഒരു പോറലായി നില നിൽക്കുന്നു.
അന്നവിടെ നിന്നും തിരിച്ചെത്തിയ ശേഷവും ബീയട്രിക്സ് ഒരു ചെറിയ നൊമ്പരമായി എന്റെ ഉള്ളിലുണ്ട്. അവരുടെ കഴിവുകൾ അംഗീകരിക്കാനും അവർക്ക് വളരാനും സാഹചര്യം ഉണ്ടായിരുന്നെങ്കിൽ അവർ ഇന്നൊരു പക്ഷേ കൂടുതൽ ആളുകൾ അറിയുന്ന ബഹുമാനിക്കുന്ന ഒരാളായിരുന്നിരിക്കാം. കഥാകൃത്ത്, ചിത്രകാരി, പരിസ്ഥിതി പ്രവർത്തക, ദാനശീല എന്നതിലുപരി ഒരു ശാസ്ത്രജ്ഞ എന്ന നിലയിലും അവർ തിളങ്ങിയേനെ... ഇതു പോലും സാദ്ധ്യമാവാതിരുന്ന ആയിരക്കണക്കിന് പെൺജീവിതങ്ങളും അന്ന് പൊഴിഞ്ഞു പോയിട്ടുണ്ടാവും എന്നാലോചിക്കുമ്പോൾ മനസ്സിൽ ഒരു നീറ്റൽ...
അപ്പോൾ അറിയാതെ ആശിക്കുന്നു - പെണ്ണായ് പിറന്നു എന്നതു കൊണ്ടു മാത്രം ഈ ലോകം ആർക്കും അവസരങ്ങൾ നിഷേധിക്കാതിരിക്കട്ടെ... ഇപ്പോൾ കാര്യങ്ങൾക്കു കുറെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇന്നും ഒരുപാട് വിവേചനങ്ങൾ സ്ത്രീകൾ അനുഭവിക്കുന്നുണ്ട്. അടുത്തു തന്നെ അതും ഇല്ലാതാവും എന്നാശിക്കട്ടെ!!!
അന്നവിടെ നിന്നും തിരിച്ചെത്തിയ ശേഷവും ബീയട്രിക്സ് ഒരു ചെറിയ നൊമ്പരമായി എന്റെ ഉള്ളിലുണ്ട്. അവരുടെ കഴിവുകൾ അംഗീകരിക്കാനും അവർക്ക് വളരാനും സാഹചര്യം ഉണ്ടായിരുന്നെങ്കിൽ അവർ ഇന്നൊരു പക്ഷേ കൂടുതൽ ആളുകൾ അറിയുന്ന ബഹുമാനിക്കുന്ന ഒരാളായിരുന്നിരിക്കാം. കഥാകൃത്ത്, ചിത്രകാരി, പരിസ്ഥിതി പ്രവർത്തക, ദാനശീല എന്നതിലുപരി ഒരു ശാസ്ത്രജ്ഞ എന്ന നിലയിലും അവർ തിളങ്ങിയേനെ... ഇതു പോലും സാദ്ധ്യമാവാതിരുന്ന ആയിരക്കണക്കിന് പെൺജീവിതങ്ങളും അന്ന് പൊഴിഞ്ഞു പോയിട്ടുണ്ടാവും എന്നാലോചിക്കുമ്പോൾ മനസ്സിൽ ഒരു നീറ്റൽ...
പിൻകുറിപ്പ്:
പീറ്റർ റാബ്ബിറ്റും കൂട്ടരും ഉടൻ തന്നെ സിനിമയായി വരുന്നുണ്ട്. അതിൻ്റെ ട്രെയ്‌ലർ കണ്ടപ്പോൾ ഇത് വരെ ഒരു സിനിമയോടും തോന്നാത്ത ഒരിഷ്ടം മനസ്സിൽ തോന്നി - ഒരു പക്ഷേ ബീയട്രിക്സ് എന്ന അസാമാന്യ പ്രതിഭയോടുള്ള ആദരവാകാം....
കടപ്പാട്: ബീയട്രിക്‌സിന്റെ ജീവിതത്തിലെ ചില വിവരണങ്ങൾ വിക്കിപീഡിയയിൽ നിന്നുമാണ് എടുത്തിട്ടുള്ളത്. അതിന്റെ ലിങ്ക്: https://en.wikipedia.org/wiki/Beatrix_Potter
Comments