സൗഹൃദങ്ങൾ
ചില സൗഹൃദങ്ങൾ അപ്പൂപ്പൻ താടി പോലെയാണ്. എവിടെ നിന്നെന്നറിയാതെ പറന്നു വരും. ലാഘവത്തോടെ ജീവിതത്തെ സ്പർശിച്ച് സന്തോഷം നൽകി എങ്ങോട്ടോ യാത്രയാവും. നാമാകട്ടെ ഒരു കുട്ടിയുടെ മനസ്സുമായി അപ്പൂപ്പൻ താടിയെ കാത്തിരിയ്ക്കും ...
വേറെ ചില സൗഹൃദങ്ങൾ ഗുൽമോഹർ പോലെയാണ്. വരണ്ടതും വിവർണ്ണവുമായ ജീവിതത്തിൽ അരുണിമയേറ്റി പെട്ടെന്നൊരു ദിവസം അവർ ജീവിതത്തെ നിറത്തിൽ കുളിപ്പിയ്ക്കും. ഒടുവിൽ പൊഴിഞ്ഞു വീണ ഗുൽമോഹർ പൂവിതളുകൾ വഴിയിൽ ചുവന്ന പരവതാനി വിരിച്ചിടുന്ന പോലെ സൗഹൃദത്തിന്റെ പരവതാനി വിരിച്ചവർ യാത്രയാവും, അടുത്ത വേനലിൽ വീണ്ടും പൂത്തുലയാൻ.
ചില സൗഹൃദങ്ങളാകട്ടെ അഗ്നിപർവ്വതം പോലെ ഉള്ളിലങ്ങനെ പുകഞ്ഞുകൊണ്ടിരിയ്ക്കും. ലാവയായ് പുറത്തു ചീറ്റി വന്ന് അത് എന്നെയും നിന്നെയും ഉരുക്കിക്കളയും...
മറ്റു ചില സൗഹൃദങ്ങൾ മഞ്ഞു പോലെയാണ്. മനസ്സിൽ ഒരു തണുപ്പുമായ് അവ പെയ്തിറങ്ങും. ഒടുവിൽ നാം പോലുമറിയാതെ അലിഞ്ഞില്ലാതെയാകും...
കുളിർനിലാവു പോലെ പരന്നു നില്ക്കുന്ന സൗഹൃദങ്ങളുണ്ട്. അവയെ വർണ്ണിക്കാൻ വാക്കുകൾ പോരാ!
വേനലിലെ സൂര്യനെപ്പോലെ ചുട്ടുപൊള്ളിയ്ക്കുന്ന സൗഹൃദങ്ങളുമുണ്ട്. എത്ര വേനൽ മഴ പെയ്താലും ഒട്ടും കുറയാത്ത ചൂടു പോലെ അതങ്ങനെ നില്ക്കും ഏറ്റക്കുറച്ചിലില്ലാതെ...
മഴയായ് പെയ്തിറങ്ങുന്ന സൗഹൃദങ്ങൾ കണ്ണീരിനെ ഒഴുക്കിക്കളഞ്ഞ് പുതുജീവൻ നല്കുന്നു. വരണ്ട മനസ്സിനും ജീവനും പുത്തനുണർവ്വ് നല്കുന്നു... ഇടവപ്പാതിയായും തുലാവർഷമായും പെയ്തിറങ്ങി നമ്മെ നാമായ്ത്തന്നെ നിലനിർത്തുന്നു.
വേറെ ചില സൗഹൃദങ്ങൾ വേനലിലെ കാറ്റുപോലെയാണ്. വീശിയാലും ഇല്ലെങ്കിലും അത് മനസ്സിനെ വലച്ചു കൊണ്ടിരിയ്ക്കും ... ഇടയ്ക്ക് അശ്വാസമായും മറ്റു ചിലപ്പോൾ വേവലാതിയായും അതങ്ങനെ കറങ്ങി നില്പുണ്ടാവും.
ചില സൗഹൃദങ്ങൾ വായുവിനെ പോലെയാണ്. കാണാൻ കഴിയില്ലെങ്കിലും അതെപ്പോഴും കൂടെയുണ്ടാകും. ഈ സൗഹൃദമില്ലാതായാൽ നാമും ഇല്ലാതാവും. ജീവിതം തന്നെ നിലനിർത്തുന്ന ഇത്തരം സൗഹൃദങ്ങളത്രേ എന്നെയും നിന്നെയും കൂട്ടിയിണക്കി നിർത്തുന്നത് - ശ്വാസവും ജീവനും പോലെ!
Comments