Posts

Showing posts from 2019

2019 - തിരിഞ്ഞു നോക്കുമ്പോൾ

Image
വായന തീരെ ശുഷ്കമായ ഒരു കൊല്ലമായിരുന്നു 2019. അഗതാ ക്രിസ്റ്റിയുടെ ചില നോവലുകൾ, ശശി തരൂരിന്റെ 2 പുസ്തകങ്ങൾ, ജെഫ്രി ആർച്ചറുടെ ഒന്ന് രണ്ട് പുസ്തകങ്ങൾ, എച്ച്മുക്കുട്ടിയുടെ ജീവിതമാണ്, ഹംഗർ ഗെയിംസ്  എന്നിവ കൂടാതെ കുറച്ച് ചിത്രകലാ സംബന്ധിയായ പുസ്തകങ്ങളേ ഇക്കൊല്ലം വായിച്ചിട്ടുള്ളു. ബ്ലോഗുകളും വളരെക്കുറച്ച് വായിച്ച കൊല്ലമാണ് കടന്നു പോയത്. ചുരുക്കം ചിലത് വലപ്പോഴും വായിച്ചു. നെറ്റ്ഫ്ലിക്സിൽ കുറേ സിനിമകൾ കണ്ടു. പിന്നെ ചിത്രം വരയുമായി ബന്ധപ്പെട്ട യുട്യൂബ് വീഡിയോകളാവും ഏറ്റവുമധികം കണ്ടത്. ബ്ലോഗെഴുത്ത് ഇക്കൊല്ലം പരിതാപകരമായിരുന്നു. എഴുത്ത് കിതച്ചും നിന്നുമൊക്കെ നിരങ്ങി നീങ്ങി.  ഫേസ്ബുക്കിൽ ചിലത് കുറിച്ചു വെച്ചു. സ്കൂളിലെ പൂർവ്വകാല വിദ്യാർത്ഥി സംഗമത്തിൽ പങ്കുചേരാനായില്ലെങ്കിലും അതിനോടനുബന്ധിച്ചു പുറത്തിറക്കിയ സുവനിയറിൽ ഒരു ലേഖനം എന്റേതായി ഉൾപ്പെടുത്തിയത് ഏറെ ചാരിതാർത്ഥ്യം നല്കി.  2020-ൽ കുറച്ചു കൂടി വായന മെച്ചപ്പെടുത്തണമെന്നുണ്ട്. എഴുത്തും. ബന്ധങ്ങളിലൊന്നും ഒരു കാര്യവുമില്ലെന്ന് ചിലർ ബോദ്ധ്യപ്പെടുത്തിയപ്പോൾ സ്നേഹം, വിശ്വാസം എന്നതിൽ കവിഞ്ഞതൊന്നും ജീവിതത്തിന് പിൻബലമായാവശ്യമില്ലെന്ന് മറ്

മതിലുകൾ പറയുന്ന കഥ - 2

Image
കഴിഞ്ഞ ഡിസംബറിൽ ജർമനി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഒരു ഹ്രസ്വ സന്ദർശനം നടത്തുകയുണ്ടായി. (ആ യാത്രയുടെ വിവരങ്ങൾ ചുരുക്കം ചില ബ്ലോഗ് പോസ്റ്റുകളിലൂടെ വായനക്കാരുമായി പങ്കു വെക്കുകയും ഉണ്ടായി. അവയുടെ ലിങ്ക് താഴെകൊടുക്കുന്നു.   https://www.hrudayathaalangal.in/2019/01/blog-post_30.html https://www.hrudayathaalangal.in/2019/02/blog-post.html   കഴിയുമെങ്കിൽ എല്ലാവരും വായിക്കണം എന്നൊരപേക്ഷയുണ്ട്. എന്നാലേ ഒരു പക്ഷേ ഇനി എഴുതുന്നത് വായിക്കുമ്പോൾ പൂർണ്ണത കിട്ടൂ.) പതിവിനു വിപരീതമായി വിനോദത്തേക്കാൾ ചരിത്രത്തെ അറിയാനുള്ള ഒരു യാത്രയായിരുന്നു അതെന്ന് കരുത്താനാണ് എനിക്കിഷ്ടം. യാത്ര കഴിഞ്ഞിട്ട് ഒരു കൊല്ലം ആവാറായെങ്കിലും ഇന്നും മനസ്സിനെ മഥിക്കുന്ന ചില കാര്യങ്ങൾ നിറഞ്ഞ യാത്രയായിരുന്നു അത്. ബർലിൻ മതിലിനെപ്പറ്റിയും അത് ബർലിൻ നിവാസികളുടെ ജീവിതത്തെ മാറ്റി മറിച്ചതുമൊക്കെ മതിലുകൾ പറയുന്ന കഥ - 1ൽ ഞാൻ നിങ്ങളോട് പങ്കു  വെയ്ക്കുകയുണ്ടായി. ഇന്ന് അത്രത്തോളം അറിയപ്പെടാത്ത എന്നാൽ അതിനെപ്പോലെ ജീവിതങ്ങളെ കീറിമുറിച്ച വേറൊരു മതിലിനെ കുറിച്ചാണ് പറയുന്നത്.  ഏത് സ്ഥലത്തു പോയാലും അവിടം കൂടുതലറിയാൻ വാക്കിങ

നിത്യാഭ്യാസി ആനയെ എടുക്കും

Image
നിത്യാഭ്യാസി ആനയെ എടുക്കും  അങ്ങനെ വീണ്ടുമൊരു 'സ്വയംപൊക്കൽ' ദിവസം വന്നെത്തിയിരിക്കുന്നു. ഇന്ന് എന്റെ നിത്യേനയുള്ള ചിത്രംവര യജ്ഞത്തിന്റെ രണ്ടാം വാർഷിക മഹാമഹമാണ് :)  രണ്ടായിരത്തിപതിനേഴാമാണ്ട് നവംബർ പതിനെട്ടാം തിയതി 'ഇന്ന് മുതൽ ഞാൻ എല്ലാ ദിവസവും വരയ്ക്കും' എന്ന് തീരുമാനിച്ചപ്പോൾ ഞാൻ കരുതിയതല്ല ആ തീരുമാനം എന്റെ ജീവിതത്തെ ഇത്രയധികം മാറ്റിമറയ്ക്കുമെന്ന്.  ഇക്കൊല്ലം തുടക്കത്തിൽ ഇങ്ങനെ ആയിരുന്നു  ആദ്യത്തെ കൊല്ലത്തെ എന്റെ ശ്രമങ്ങളെക്കുറിച്ച് ഞാൻ കഴിഞ്ഞ കൊല്ലം എഴുതിയിരുന്നല്ലോ. ഇക്കൊല്ലം എന്റെ ശ്രമം താരതമ്യേനെ എളുപ്പമായിരുന്നുവെങ്കിലും 'സമയം കണ്ടെത്തൽ' ഒരു വലിയ പ്രശ്നമായിരുന്നു.   പിന്നീട് കുറച്ചൊക്കെ മെച്ചപ്പെട്ടു  ചിലരെങ്കിലും എന്റെ ശ്രമങ്ങളെ കുറച്ചു കാട്ടാൻ ശ്രമിച്ചതായി എനിക്കറിയാം. അവരുടെ വാദങ്ങൾ വിചിത്രമായിരുന്നു - ഓ, അവൾക്ക് ജോലിയൊന്നും ഇല്ലല്ലോ, അവളുടെ മക്കളൊക്കെ വലുതായില്ലേ അതോണ്ട് അവരുടെ കാര്യമൊന്നും നോക്കണ്ട, ഇഷ്ടം പോലെ സമയമുള്ളതിനാൽ എന്തും ചെയ്യാം... ഇങ്ങനെ നീണ്ടു പോകുന്ന ആക്ഷേപങ്ങളെ കേട്ടില്ലെന്നും അറിഞ്ഞില്ലെന്നും നടിക്കുകയായിരുന്നു പതിവ്.

കാലങ്ങൾക്കപ്പുറത്തു നിന്നുമുള്ള ചിത്രങ്ങൾ...

Image
ഒരു ദിവസം പതിവില്ലാതെ രാവിലെ തന്നെ മൊബൈലിൽ  മെസഞ്ചറിന്റെ മണികിലുക്കം.  പുതിയ സന്ദേശമുണ്ടെന്ന അറിയിപ്പ് കേട്ട് ആരാണാവോ എന്ന് കരുതി  നോക്കിയപ്പോൾ കപ്ലിങ്ങാട്ടെ  വീണ(അമ്മയുടെ കസിന്റെ മകന്റെ ഭാര്യ)യാണ്.  മെസേജ് തുറന്നപ്പാേൾ നാലഞ്ച് രേഖാചിത്രങ്ങളാണ് ... മുത്തശ്ശന്റെ (കപ്ലിങ്ങാട്ടെ കുട്ടമ്മാമൻ)  പെട്ടി തുറന്നു നോക്കിയപ്പോൾ അദ്ദേഹം സൂക്ഷിച്ചു വെച്ച സാധനങ്ങളുടെ കൂടെയുണ്ടായിരുന്നതാണ് എന്നും വീണ എഴുതിയിരിയ്ക്കുന്നു.  വളർത്തു നായ?  ആ ചിത്രങ്ങൾ നോക്കി കുറേ നിമിഷങ്ങൾ വല്ലാത്തൊരവസ്ഥയിൽ ഇരുന്നു പോയി. ചിത്രങ്ങൾക്ക് കീഴെ കെ കെ നമ്പൂതിരിപ്പാട് എന്ന കൈയ്യൊപ്പ് കണ്ടപ്പോൾ സന്തോഷം കൊണ്ടാണോ  സങ്കടം കൊണ്ടാണോ അതോ രണ്ടും കൂടിയതാണോ എന്നറിയില്ല, കണ്ണ് നിറഞ്ഞ് ഒന്നും കാണാൻ പറ്റാതെയായി.  അതിമനോഹരമായ ആ ചിത്രങ്ങൾ എന്റെ അമ്മാത്തെ മുത്തശ്ശൻ വരച്ചവയാണ്.  അമ്മാത്തെ മുത്തശ്ശനെക്കുറിച്ച് കേട്ടുകേൾവി തന്നെ കുറവാണ് - അമ്മയ്ക്ക് ഏഴോ എട്ടോ വയസ്സേ ആയിരുന്നുള്ളൂ അദ്ദേഹം മരിയ്ക്കുമ്പോൾ. അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും ഞാൻ കണ്ടിട്ടുമില്ല. അമ്മയ്ക്കോ അമ്മാമൻമാർക്കോ അദ്ദേഹത്തിന്റെ രൂപമോ ഛായയാേ കൃത്യമായി ഓർമ്മയിൽ സൂക്ഷിയ്

ജീവിതം എഴുതുന്നവൾ

Image
എച്ച്മുകുട്ടിയെ വായിക്കാൻ തുടങ്ങിയത് എന്നു മുതലാണെന്ന് കൃത്യമായി  ഓർമ്മയില്ല. കുറച്ചു കൊല്ലങ്ങളായിക്കാണും... ബ്ലോഗിങ്ങിൽ സജീവമായിരുന്ന കാലത്ത് എച്ച്മുവിന്റെ കഥകൾ സ്ഥിരം വായിച്ചിരുന്നു. ഇടയ്ക്കൊക്കെ മെസഞ്ചർ വഴി അങ്ങോട്ടുമിങ്ങോട്ടും സംവദിച്ചിരുന്നു. 'അമ്മീമക്കഥകൾ' വായിച്ച ശേഷമാവണം ഒരാത്മബന്ധം തോന്നിത്തുടങ്ങിയത്. എന്നാൽ പോകെപ്പോകെ എച്ച്മുവിനെ ഞാൻ വായിക്കാതെയായി. ആ കഥകളിലെ ദു:ഖവും കഥാപാത്രങ്ങളുടെ വേദനയും എന്നെ വല്ലാതെ ശ്വാസം മുട്ടിച്ചു തുടങ്ങിയപ്പോഴാണത്. എങ്കിലും ഇടയ്ക്കൊക്കെ എച്ച്മുവിനോട് കുശലം ചോദിക്കാതിരുന്നിട്ടില്ല. അമ്മ പോയെന്നറിഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നി. അപ്പോൾ ഒന്നു കാണണമെന്നും ഒന്നും പറയാതെ കെട്ടിപ്പിടിയ്ക്കണമെന്നും അതിയായ ആഗ്രഹം തോന്നി.  പിന്നെ ഞാൻ എച്ച്മുവിനെ തുടർച്ചയായി വായിച്ചത് ഫേസ്ബുക്കിലൂടെ സ്വന്തം ജീവിതകഥ പറയാൻ തുടങ്ങിയപ്പോഴാണ്. എനിയ്ക്ക് സങ്കല്പിയ്ക്കാൻ പോലുമാകാത്തത്ര ദുരിതവും ദു:ഖവും താണ്ടിയാണ് അവർ ഇവിടെയെത്തി നിൽക്കുന്നത് എന്നറിഞ്ഞപ്പോൾ തരിച്ചിരുന്നു. പലപ്പോഴും അവരെഴുതിയത് വായിച്ച് കണ്ണുനിറഞ്ഞ്, ഹൃദയം വിങ്ങി ഒന്നും പറയാനാവാതെ ഇരുന്നുപോയി. ഒന്നോ

വീട്ടിലെ കിളികൾ: 3 - കാക്ക

Image
കാക്ക മലയാളിയുടെ ജീവിതവുമായി അഭേദ്യബന്ധമുള്ള ഒരു പക്ഷിയാണെന്ന് കുട്ടിക്കാലത്ത് തന്നെ ധരിച്ചു വെച്ചിരുന്നു. മുത്തശ്ശന്റെയും മുത്തശ്ശിയുടേയും ശ്രാദ്ധത്തിന് ബലിയിട്ടാൽ കുട്ടികളൊക്കെ കൈ കൊട്ടി കാക്കയെ വിളിക്കാൻ കൂടും. കാക്ക വന്ന് ബലിച്ചോറ് കഴിച്ചില്ലെങ്കിൽ എന്താണാവോ അവർ വരാത്തത് എന്ന് സങ്കടപ്പെടുന്ന അച്ഛൻ പെങ്ങളുമാരുടെ സങ്കടം കാണുമ്പോൾ കൂടുതൽ ശക്തിയോടെ കൈ കൊട്ടി നോക്കും. കാക്ക വന്നാൽ സന്തോഷിക്കും. ഇതാണ് എന്റെ ഏറ്റവും പഴക്കമുള്ള കാക്കയോർമ്മ. ക്രമേണ ശ്രാദ്ധവും മറ്റും ഏറ്റവും ചുരുങ്ങിയ രീതിയിൽ ബലിയിടൽ മാത്രമായി മാറുന്നതിനു മുൻപ് തന്നെ കാക്കകൾ ചുറ്റുവട്ടത്ത് അസുലഭ കാഴ്ച്ചകളായി മാറിയിരുന്നു. കാക്കയ്ക്ക് പകരം അണ്ണാനും മറ്റു കിളികളും ബലിച്ചോറുണ്ടു. കേരളത്തിൽ രണ്ടു തരം കാക്കകളാണ് കാണപ്പെടുന്നത് - ബലിക്കാക്കയും പേനക്കാക്കയും - എന്ന് ആദ്യമായി പറഞ്ഞു തരുന്നത് യാമിനിയാണ്. അവയുടെ വ്യത്യാസങ്ങളും അന്ന് യാമിനി പറഞ്ഞുവെന്നാണ് എന്റെ ഓർമ്മ. പ്രായം എന്നെക്കാളും കുറവാണെങ്കിലും ഇത്തരം കാര്യങ്ങളിൽ യാമിനിയ്ക്ക് നല്ല അറിവായിരുന്നു. യാമിനിയുടെ അച്ഛൻ നാരായണേട്ടൻ വലിയൊരു സഞ്ചാര പ്രിയനാണെന്ന് മാത്രമല്ല, കാടുകളാണ്

മഴയെ പ്രണയിച്ചവൾ

Image
പണ്ടൊരു പെൺകുട്ടിയുണ്ടായിരുന്നു - മഴ പെയ്താൽ മനം തുള്ളുന്ന ഒരുവൾ. മഴത്തുള്ളികളെ പ്രണയിച്ചവൾ. മുറ്റത്ത് ആർത്തലച്ചു പെയ്യുന്ന മഴയിലേയ്ക്ക് ഓടിയിറങ്ങി മഴയിൽ കുതിർന്ന് ആനന്ദപുളകിതയായവൾ... നടവഴിയിലെ പടവുകളിലൂടെ മുറ്റത്തേയ്ക്ക് ഒലിച്ചിറങ്ങുന്ന മഴവെള്ളത്തിൽ മറ്റാരും കാണാത്ത വെള്ളച്ചാട്ടങ്ങളെ കണ്ടവൾ. മഴത്തുള്ളികൾ 'ബ്ലും' 'ബ്ലും' എന്ന ശബ്ദത്തിൽ ഭൂമിയിൽ വന്നു പതിയ്ക്കുമ്പോൾ ഹൃദയത്തിൽ പെരുമ്പറ കൊട്ടിയിരുന്നവൾ... മഴ വെളളത്തിൽ എത്ര കളിച്ചാലും മതിവരാത്തവൾ. ചെളിവെള്ളം തെറുപ്പിച്ചാനന്ദിച്ച  അനുസരണക്കേടിന്റെ സമ്മാനം തുടയിൽ തിണർപ്പായി,  കണ്ണിൽ നിന്നും കണ്ണീരായി ഒലിച്ചിറങ്ങുമ്പോഴും ഉള്ളിൽ ആഹ്ലാദം തൂകിയവൾ... ഇടിനാദം മുഴക്കിയും മിന്നൽക്കൊള്ളി മിന്നിച്ചും ആകാശം പേടിപ്പെടുത്താൻ നോക്കുമ്പോൾ രാത്രിമഴയോട് കിന്നാരം പറഞ്ഞ് ചിരിച്ചവൾ. വീടുറങ്ങുമ്പോൾ രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു വരുന്ന രാമഴയുടെ കിളിക്കൊഞ്ചൽ കേട്ടുറക്കത്തിൽ നിന്നുണർന്ന് ജനലിലൂടെ കൈ നീട്ടിയവളെ കൊഞ്ചിച്ചവൾ... ഒരു ചെറിയ ചാറ്റൽ മഴയുടെ കാലൊച്ച കേൾക്കുമ്പോൾ പതുങ്ങിച്ചെന്നവളുടെ പെയ്ത്ത് ശക്തിയാർജ്ജിയ്ക്കുന്നതും നോക്കിയിരുന്നിട്ടു

വേനലും മഴയും

Image
കുട്ടിക്കാലത്തെ വേനലോർമ്മകളിൽ പ്രധാനം അടുക്കളക്കിണറിലെ വെള്ളം കുറയുന്നതോടെ (പാറ കണ്ടു തുടങ്ങിയാൽ ആധിയാണ് - വെള്ളം വറ്റുമോ എന്ന്) ചെപ്പുകുടങ്ങളും ബക്കറ്റുമായി ഭൂതത്താൻ കിണറ്റിലേയ്ക്ക് വെള്ളം കോരാൻ പോകുന്നതാണ്. എല്ലാവരും അവരവരുടെ വലുപ്പവും ശക്തിയും അനുസരിച്ച് ബക്കറ്റുകളും കുടങ്ങളും തിരഞ്ഞെടുക്കും. അവധിക്കാലമാഘോഷിയ്ക്കാൻ ഇല്ലത്തു വരുന്ന മരുമക്കളും മറ്റു ബന്ധുക്കളുമൊക്കെ ഇതിൽ പങ്കാളികളായേ പറ്റൂ. രാവിലെയും വൈകുനേരവും തൊടിയിൽ അല്പ ദൂരെ സ്ഥിതി ചെയ്യുന്ന ഭൂതത്താൻ കിണറ്റിൽ നിന്നും വെള്ളം കോരിക്കൊണ്ടു വന്ന് അടുക്കളയിലെ ചരക്കിലോ (സദ്യയ്ക്ക് പായസമൊക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വലിയ ഓട്ടുരുളി) ചെമ്പിലോ നിറയ്ക്കണം. ആൾമറയില്ലാത്ത ഭൂതത്താൻ കിണറ്റിൽ വേനൽക്കാലമാവുമ്പോഴേയ്ക്കും പുതിയ കയറ്റും വെള്ളം കോരാനുള്ള ബക്കറ്റും ഒക്കെ തയ്യാറായിട്ടുണ്ടാവും. രണ്ടു മരക്കാലുകൾ കിണറ്റിലേയ്ക്ക് അല്പം ചാരി നിൽക്കുന്നതിൽ അവയ്ക്കു കുറുകെ മുകളിലായി ഒരു മരക്കാല് കെട്ടിയുറപ്പിച്ചിരിയ്ക്കും. അതിൻമേലാണ് കപ്പി തൂക്കിയിടുക.     ഒരു വക്കത്ത് ഇട്ടിരിയ്ക്കുന്ന തടിക്കഷ്ണത്തിൽ ചവുട്ടി കാലുറപ്പിച്ച് വേണം വെള്ളം കോരാൻ (ആ പലകകൾക്കി

മതിലുകൾ പറയുന്ന കഥ -1

Image
കഴിഞ്ഞ വർഷം അവസാനത്തിൽ ഞാൻ രണ്ടു മതിലുകൾ കാണാനിടയായി - അവയെക്കുറിച്ചു പറയാതെ വയ്യ! ആദ്യത്തേത് ഒരുപക്ഷേ എല്ലാവരും കേട്ടിരിക്കാൻ ഇടയുള്ള 'ബെർലിൻ മതിൽ'  ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ പരിസമാപ്തിയ്ക്കു ശേഷം ജർമനി രണ്ടായി വിഭജിക്കപ്പെട്ടു. പശ്ചിമ ജർമനി (ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനി-FRG)  സഖ്യകക്ഷികളായ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ മേൽനോട്ടത്തിൽ  ആയപ്പോൾ കിഴക്കൻ ജർമനി (ജർമൻ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക്-GDR) എന്നറിയപ്പെട്ട പ്രവിശ്യ സോവിയറ്റ് യൂണിയന്റെ കീഴിലായി. ബർലിൻ മതിൽ - ഒരു പനോരമ (നടുവിൽ കാണുന്ന കോൺക്രീറ്റ് ഫലകങ്ങളാണ് മതിൽ) പശ്ചിമ ജർമനിയിൽ പാർലിമെന്ററി ജനാധിപത്യവുംക്യാപിറ്റലിസവും ലേബർ യൂണിയനുകളും സർക്കാരിന്റെ കൈകടത്തലുകൾ ഇല്ലാത്ത സ്വതന്ത്രപള്ളികളും (free church) ഉണ്ടായപ്പോൾ താരതമ്യേനെ ചെറുതായ കിഴക്കൻ ജർമ്മനി സോഷ്യലിസ്റ്റ് യൂണിറ്റി പാർട്ടി ഓഫ് ജർമനി (SED) യുടെ കീഴിൽ  മാർക്സിസ്റ്റ്-ലെനിനിസ്റ്റ്-സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്ന പേരിൽ സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലായി എന്ന് പറയാം.  മതിൽ ബർലിനെ വിഭജിച്ച കഥ പറയുന്ന ഗൈഡ്  ഭൂമിശാസ്ത്രപരമായി ബെ