2019 - തിരിഞ്ഞു നോക്കുമ്പോൾ

വായന തീരെ ശുഷ്കമായ ഒരു കൊല്ലമായിരുന്നു 2019. അഗതാ ക്രിസ്റ്റിയുടെ ചില നോവലുകൾ, ശശി തരൂരിന്റെ 2 പുസ്തകങ്ങൾ, ജെഫ്രി ആർച്ചറുടെ ഒന്ന് രണ്ട് പുസ്തകങ്ങൾ, എച്ച്മുക്കുട്ടിയുടെ ജീവിതമാണ്, ഹംഗർ ഗെയിംസ്  എന്നിവ കൂടാതെ കുറച്ച് ചിത്രകലാ സംബന്ധിയായ പുസ്തകങ്ങളേ ഇക്കൊല്ലം വായിച്ചിട്ടുള്ളു.

ബ്ലോഗുകളും വളരെക്കുറച്ച് വായിച്ച കൊല്ലമാണ് കടന്നു പോയത്. ചുരുക്കം ചിലത് വലപ്പോഴും വായിച്ചു.

നെറ്റ്ഫ്ലിക്സിൽ കുറേ സിനിമകൾ കണ്ടു. പിന്നെ ചിത്രം വരയുമായി ബന്ധപ്പെട്ട യുട്യൂബ് വീഡിയോകളാവും ഏറ്റവുമധികം കണ്ടത്.

ബ്ലോഗെഴുത്ത് ഇക്കൊല്ലം പരിതാപകരമായിരുന്നു. എഴുത്ത് കിതച്ചും നിന്നുമൊക്കെ നിരങ്ങി നീങ്ങി.  ഫേസ്ബുക്കിൽ ചിലത് കുറിച്ചു വെച്ചു. സ്കൂളിലെ പൂർവ്വകാല വിദ്യാർത്ഥി സംഗമത്തിൽ പങ്കുചേരാനായില്ലെങ്കിലും അതിനോടനുബന്ധിച്ചു പുറത്തിറക്കിയ സുവനിയറിൽ ഒരു ലേഖനം എന്റേതായി ഉൾപ്പെടുത്തിയത് ഏറെ ചാരിതാർത്ഥ്യം നല്കി.  2020-ൽ കുറച്ചു കൂടി വായന മെച്ചപ്പെടുത്തണമെന്നുണ്ട്. എഴുത്തും.

ബന്ധങ്ങളിലൊന്നും ഒരു കാര്യവുമില്ലെന്ന് ചിലർ ബോദ്ധ്യപ്പെടുത്തിയപ്പോൾ സ്നേഹം, വിശ്വാസം എന്നതിൽ കവിഞ്ഞതൊന്നും ജീവിതത്തിന് പിൻബലമായാവശ്യമില്ലെന്ന് മറ്റു ചിലർ കാണിച്ചു തന്നു. കാലമേൽപ്പിച്ച ചില മുറിവുകൾ ഉണങ്ങാൻ താമസമുണ്ടാവുമെങ്കിലും കാലം തന്നെ അവയെ കരിയിച്ചു കളയുമെന്നാശിക്കുന്നു...

ചില മരണങ്ങൾ നികത്താനാവാത്ത വിടവുകൾ സൃഷ്ടിച്ചപ്പോൾ ചില ജനനങ്ങൾ ജീവിത ചക്രത്തിന്റെ തുടർച്ചയെ ഓർമ്മിപ്പിച്ചു.

നാട്ടിൽ പോയപ്പോൾ വിചാരിച്ച പോലെ ഒരു കാര്യവും നടന്നില്ലെങ്കിലും വ്യക്തിപരമായ സന്തോഷങ്ങളിൽ വലുത് ബാബു കെ ജി എന്ന അനുഗ്രഹീത കലാകാരനെ നേരിൽ കാണാനും അല്പനേരം സംസാരിക്കാനും കഴിഞ്ഞതാണ്. അതു പോലെ തന്നെ വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ എച്ച്മുകുട്ടിയെ കാണാൻ സാധിച്ചതും ഇക്കൊല്ലത്തെ സന്തോഷങ്ങളിൽ പെടും.

ലതചേച്ചി, ജമാലിക്ക, റാഫിയേട്ടൻ, സാമേട്ടൻ, അഭി, ചിത്രൻ, സന്ദീപ്, സയീർ ഡോക്ടർ തുടങ്ങിയവരെയൊക്കെ ഒരു നോക്കു കാണാനായി.  ഋഷിയും ഉമയും അനയും കൂടി ഞങ്ങളെ കാണാൻ വന്നതും ഏറെ സന്തോഷിപ്പിച്ചു. തങ്ങളുടെ നൂറുകൂട്ടം തിരക്കുകൾക്കിടയിലും സംഗീതും അൽക്കയും എന്നെ കാണാൻ വന്നതാണ് വേറൊരു സന്തോഷം. 

കാണണമെന്ന് കരുതിയ പലരേയും കാണാൻ കഴിയാതെ നാട്ടിലെ അവധിക്കാലം കടന്നു പോയി.

പ്രിയപ്പെട്ട കൂട്ടുകാരി ജെയ്നി ഞങ്ങളെ സന്ദർശിച്ചതും ജെയ്നിയുടെ തന്നെ ഒരു ഫോട്ടോയുടെ ചിത്രം വരച്ച് സമ്മാനിക്കാനായതും ഇക്കൊല്ലത്തെ അവിസ്മരണീയ നിമിഷങ്ങളിൽ ഒന്നാണ്.

ഇക്കൊല്ലം കുറെയൊക്കെ യാത്രകൾ നടത്താനായി. ഇംഗ്ലണ്ടിനെ കുറച്ചു കൂടി അറിയാനായി. പക്ഷിനിരീക്ഷണത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ പഫിൻ, ബിയർഡഡ് ടിറ്റ് എന്നിവയെ കണ്ടതാണ്. എല്ലാ ബേർഡിങ്ങ് യാത്രകളും പ്രിയപ്പെട്ടതായിരുന്നു.

ക്രിക്കറ്റ് വേൾഡ് കപ്പ് മാച്ചുകളിൽ ചിലത് കാണാനായത്, ലയണൽ മെസ്സിയെ കൈ നീട്ടി തൊടാനാവുന്നത്ര അടുത്ത് കണ്ടത്, ലിവർപൂൾ ചാമ്പ്യൻസ് ലീഗ് വിജയിച്ചത്,  അതിനെത്തുടർന്നുളള വിക്റ്ററി പരേഡ് - ഇതൊക്കെ 2019 -ലെ മറക്കാനാവാത്ത സ്പോർട്ട്സ് ഓർമ്മകളാണ്.

ദിനേനയുളള വര മുടങ്ങാതെ കൊണ്ടു പോവാനായത് ഏറ്റവും വലിയ നേട്ടമായി കരുതുന്നു.

ഇതൊക്കെയാണെങ്കിലും വാണ്ടർസ്കേപ്സ് എന്ന ഞങ്ങളുടെ യൂട്യൂബ് ചാനൽ തന്നെയാണ് ഇക്കൊല്ലത്തെ ഏറ്റവും ശ്രദ്ധേയമായ നാഴികക്കല്ല്. വലിയ അവകാശ വാദങ്ങളൊന്നുമില്ല. വെറും നേരം കൊല്ലിയാവാതെ,  വ്യത്യസ്തമായ കാഴ്ചകൾക്കൊപ്പം കുറച്ച് അറിവുകൾ കൂടി പകരാനുള്ള ഒരെളിയ ശ്രമം. എങ്കിലും കുറെക്കൂടി ആളുകൾ അത് കണ്ടിരുന്നെങ്കിൽ എന്ന മോഹവും ഇല്ലാതില്ല...

ഒരു പാട് സംഘർഷങ്ങളും പലവിധ അസ്വസ്ഥതകളും നിറഞ്ഞു നിൽക്കുന്ന സമയമാണിതെന്നറിയാം. ചിലരെങ്കിലും നല്ലൊരു പുതുവർഷം ആശംസിക്കാൻ മടിക്കുന്നുമുണ്ടാവാം. എന്നാൽ ഏത് അന്ധകാരത്തിലും പ്രതീക്ഷയുടെ ഒരു കിരണം മനസ്സിലുണ്ടെങ്കിൽ ഇന്നല്ലെങ്കിൽ നാളെ ഒരു പൊൻ പുലരി നമ്മെത്തേടിയെത്തും എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. ആ ശുഭപ്രതീക്ഷ തന്നെയാണ് എന്നെ മുന്നോട്ട് നയിക്കുന്നതും. അതുകൊണ്ടു തന്നെ നിങ്ങൾക്കെല്ലാവർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ നല്ല ദിവസങ്ങൾ ഈ പുതുവത്സരം സമ്മാനിക്കട്ടെ എന്നാശംസിക്കുന്നു...

Comments

 1. പുതുവത്സരാശംസകൾ നിഷ. ഈ തിരിഞ്ഞു നോട്ടം ഒരാശ്വാസമാണ്...

  ReplyDelete
  Replies
  1. അതെ മുബീ.
   നല്ലൊരു പുതു വർഷം നേരുന്നു

   Delete
 2. ഫേസ്ബുക്കിൽ പറഞ്ഞത് ഇവിടെയും പറയട്ടെ. വരകളും വരികളും വിഡിയോകളും വിളങ്ങുന്ന ഒരു പുതുവർഷമാകട്ടെ കാത്തിരിക്കുന്നത്. <3

  ReplyDelete
  Replies
  1. നന്ദി മഹേഷ്... വായിക്കാനും അഭിപ്രായം പറയാനും ആളുണ്ടെങ്കിൽ എഴുതാനും രസമാണ്.

   Delete
  2. പുതുവത്സരാശംസകൾ - എല്ലാ നന്മകളും ഉണ്ടാവട്ടെ

   Delete
 3. 2020 ഐശ്വര്യമുള്ളതാവട്ടേ! ആശംസകൾ

  ReplyDelete
  Replies
  1. നന്ദി തങ്കപ്പേട്ടാ... തിരിച്ചും പുതുവത്സരാശംസകൾ നേരുന്നു

   Delete
 4. തിരിഞ്ഞുനോട്ടം..നന്നായി.
  നാട്ടിലെ ദിവസങ്ങൾക്ക് ദൈർഘ്യം പൊതുവെ കുറവാണ് ചേച്ചി.
  കഴിഞ്ഞുപോയിട്ടേ അറിയൂ.
  പുതുവല്സരങ്ങൾ അനവധി ആശംസിക്കുന്നു

  ReplyDelete
  Replies
  1. അതെ വളരെ ശരിയാണ്. പ്രത്യേകിച്ചും വല്ലപ്പോഴും നാട്ടിൽ പോകുന്നവർക്ക് ...

   മാധവനും പുതുവർഷത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു. നന്മകൾ ഉണ്ടാവട്ടെ.

   Delete
 5. മുകളിലെ പെയിന്റിങ് വേഴാമ്പൽ അല്ലെ??

  ReplyDelete
  Replies
  1. അതെ, കൂട്ടുകാരി എടുത്ത ഫോട്ടോവിന്റെ പെയിന്റിങ്ങ് ഞാൻ ചെയ്ത വേഴാമ്പൽ

   Delete

Post a Comment

Popular posts from this blog

സൗഹൃദം

സ്നേഹം

അമ്മയും മകളും