മതിലുകൾ പറയുന്ന കഥ - 2


കഴിഞ്ഞ ഡിസംബറിൽ ജർമനി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഒരു ഹ്രസ്വ സന്ദർശനം നടത്തുകയുണ്ടായി.
(ആ യാത്രയുടെ വിവരങ്ങൾ ചുരുക്കം ചില ബ്ലോഗ് പോസ്റ്റുകളിലൂടെ വായനക്കാരുമായി പങ്കു വെക്കുകയും ഉണ്ടായി. അവയുടെ ലിങ്ക് താഴെകൊടുക്കുന്നു.  

https://www.hrudayathaalangal.in/2019/01/blog-post_30.html
https://www.hrudayathaalangal.in/2019/02/blog-post.html 

കഴിയുമെങ്കിൽ എല്ലാവരും വായിക്കണം എന്നൊരപേക്ഷയുണ്ട്. എന്നാലേ ഒരു പക്ഷേ ഇനി എഴുതുന്നത് വായിക്കുമ്പോൾ പൂർണ്ണത കിട്ടൂ.)

പതിവിനു വിപരീതമായി വിനോദത്തേക്കാൾ ചരിത്രത്തെ അറിയാനുള്ള ഒരു യാത്രയായിരുന്നു അതെന്ന് കരുത്താനാണ് എനിക്കിഷ്ടം. യാത്ര കഴിഞ്ഞിട്ട് ഒരു കൊല്ലം ആവാറായെങ്കിലും ഇന്നും മനസ്സിനെ മഥിക്കുന്ന ചില കാര്യങ്ങൾ നിറഞ്ഞ യാത്രയായിരുന്നു അത്.

ബർലിൻ മതിലിനെപ്പറ്റിയും അത് ബർലിൻ നിവാസികളുടെ ജീവിതത്തെ മാറ്റി മറിച്ചതുമൊക്കെ മതിലുകൾ പറയുന്ന കഥ - 1ൽ ഞാൻ നിങ്ങളോട് പങ്കു  വെയ്ക്കുകയുണ്ടായി. ഇന്ന് അത്രത്തോളം അറിയപ്പെടാത്ത എന്നാൽ അതിനെപ്പോലെ ജീവിതങ്ങളെ കീറിമുറിച്ച വേറൊരു മതിലിനെ കുറിച്ചാണ് പറയുന്നത്. 

ഏത് സ്ഥലത്തു പോയാലും അവിടം കൂടുതലറിയാൻ വാക്കിങ് ടൂർ എടുക്കുകയാണ് പതിവ്. പോകുന്ന സ്ഥലത്തിൻ്റെ ഒരെകദേശ ധാരണ (ചരിത്രപരമായും ഭൂമിശാസ്ത്രപരമായും) കിട്ടാൻ രണ്ടുമൂന്നു മണിക്കൂറുകൾ നീളുന്ന ഇത്തരം ടൂറുകൾ ഏറെ സഹായകരമാണ്. മിക്ക യൂറോപ്യൻ നഗരങ്ങളിലും ഇത്തരം ടൂറുകൾ ലഭ്യമാണ് താനും.

ക്രാക്കോവ് നഗരത്തിൽ അത്തരം ഒരു ടൂറിനിടയിലാണ് വലിയ പ്രത്യേകതയൊന്നും അവകാശപ്പെടാനില്ലാത്ത ഈ മതിൽ ഞങ്ങളുടെ ടൂർ ഗൈഡ് കാണിച്ചു തരുന്നത്. കല്ലറയെ ഓർമ്മിപ്പിക്കുന്ന രൂപകല്പനയായിരുന്നു ആ മതിലിന്.  ജർമനിയുടെ പോളണ്ട് അധിനിവേശത്തിനു ശേഷം 1941 ൽ ജൂതന്മാരെ മാറ്റിപാർപ്പിച്ച ഘെറ്റോയുടെ മതിലായിരുന്നു അത്.      

1939-ൽ ക്രാക്കോവിൽ മാത്രം എണ്പത്തിനായിരത്തോളം ജൂതന്മാർ ഉണ്ടായിരുന്നു. 13ആം നൂറ്റാണ്ടു മുതൽ അവർ അവിടെയുണ്ടായിരുന്നു.  എന്നാൽ ജർമ്മൻ അധിനിവേശത്തിനു ശേഷം സമൂഹത്തിലെ വിവിധ മേഖലകളിൽ സജീവമായിരുന്ന അവരുടെ മേൽ നിയന്ത്രണങ്ങളുടെ കുരുക്കുകൾ ഓരോന്നോരോന്നായി മുറുകുവാൻ തുങ്ങിയിരുന്നു. ജൂതനാണെന്നു കാണിക്കാൻ കയ്യിൽ കൈപ്പട്ട ധരിക്കണമായിരുന്നു. 

1940 ഏപ്രിലിൽ 50000ത്തോളം ജൂതന്മാരെ അവരുടെ വാസസ്ഥലത്തു നിന്നും മാറ്റിപ്പാർപ്പിക്കാൻ ഉത്തരവിട്ടു. ആര്യന്മാരായ ജർമ്മൻകാർക്ക് താമസസൗകര്യമൊരുക്കാനായിരുന്നു അത്. ഡിസംബറോടെ 48000 ത്തോളം ജൂതന്മാർ ക്രാക്കോവ് നഗരത്തിൽ നിന്നു മാത്രം മാറിപ്പോകേണ്ടി വന്നു. ശേഷിച്ചവരെക്കൊണ്ട് സാമ്പത്തിക ലാഭം ഉണ്ടെന്നതു കൊണ്ടു മാത്രം അവരെ ജര്മ്മന്കാര് സഹിച്ചു. എന്തായാലും തത്ഫലമായി കുറെ ജൂതന്മാർ ക്രാക്കോവ് നഗരം വിട്ട് ഗ്രാമാന്തരങ്ങളിലേയ്ക്ക് ചേക്കേറി. എന്നാൽ പതിയെ പതിയെ അവിടെ നിന്നും അവർക്ക് പലായനം ചെയ്യുകയോ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് പോവുകയോ വേണ്ടിവന്നു. ബാക്കിയായവർക്ക് അവിടെ താമസിക്കാൻ അനുമതി പത്രം വേണമായിരുന്നു - അത് എല്ലാ മാസവും പുതുക്കുകയും വേണം. 

ഘെറ്റോ കെട്ടിടങ്ങളിൽ ഒന്ന് 
1941ലാണ് ഘെറ്റോ രൂപപ്പെട്ടത്. നഗരത്തിൽ ശേഷിച്ച ജൂതന്മാർക്കായി പ്രത്യേകമേഖല നീക്കിവെക്കപ്പെട്ടു. 320ഓളം വീടുകൾ ഉൾപ്പെടുന്ന ചെറിയൊരു സ്ഥലം. അതും നഗരത്തിന്റെ പ്രാന്തപ്രദേശത്ത്.  അവിടെ വലിയൊരു മതിലു പണിത്‌ (അല്ല, ജൂതരെക്കൊണ്ടു തന്നെ പണിയിപ്പിച്ച്) അവരെ വേർതിരിച്ചു നിർത്തി. തങ്ങളുടേതായി 25 കിലോ വരുന്ന സാധനങ്ങൾ മാത്രമേ അവർക്ക് അങ്ങോട്ട് കൊണ്ടുപോകാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. വീടും മറ്റനേകം വസ്തുവകകളും ഉപേക്ഷിച്ച് അവർക്ക് ആ ശോചനീയമായ, വൃത്തികെട്ട, ഇടുങ്ങിയ സ്ഥലത്തേയ്ക് പോകേണ്ടി വന്നു. അവരിൽ പലരും ധനവാന്മാരും അഭ്യസ്തവിദ്യരും കഴിവുള്ളവരും ആയിരുന്നു. ഘെറ്റോയിൽ നിന്നും ജർമ്മൻ വാസസ്ഥലങ്ങളിലേയ്ക്ക് തുറക്കുന്ന ജനാലകൾ എന്നന്നേയ്ക്കുമായി കൊട്ടിയടയ്ക്കപ്പെട്ടു. അല്ലെങ്കിൽ ആ ജാനാലകളിൽ നിന്നുമുള്ള കാഴ്ചകളും മണങ്ങളും ജർമ്മൻ ജനതയെ അശുദ്ധരാക്കുമെന്ന് അവർ ഭയപ്പെട്ടു.      
ഘെറ്റോയുടെ ചുറ്റും പണിത കൂറ്റൻ മതിൽ 
പതുക്കെപ്പതുക്കെ ഘെറ്റോയിൽ മറ്റു പലയിടങ്ങളിൽ നിന്നുമുള്ള ജൂതരെയും പാർപ്പിച്ചു തുടങ്ങി. 3000 ആളുകൾ താമസിച്ചിരുന്നിടത്ത് 15000 ആളുകളെ താമസിപ്പിച്ചു. അപ്പോഴേയ്ക്കും മറ്റു പല നഗരങ്ങളിലും ഘെറ്റോകൾ സാധാരണമായിത്തുടങ്ങിയിരുന്നു. എന്നാൽ ഘെറ്റോയിലല്ലാതെ അവർക്ക് സഞ്ചാര സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. പുറത്തു കണ്ടാൽ വെടിവെച്ചു കൊല്ലാനായിരുന്നു നിർദ്ദേശം. 'സ്റ്റാർ ഓഫ് ഡേവിഡ്' ധരിക്കാതെ പുറത്തിറങ്ങാൻ അനുവാദം ഉണ്ടായിരുന്നില്ല. അത് ധരിച്ചാൽ സ്വാഭാവികമായി ലഭിക്കേണ്ടുന്ന പല അവകാശങ്ങളും തീർത്തും നിഷേധിക്കപ്പെടുകയും ചെയ്യും. ഇത്തരക്കാരെ സഹായിക്കുന്നവർക്കും വെടിയുണ്ടയോ മരണമോ ആണ് ശിക്ഷ. 
മതിലിലെ ഫലകം ഇങ്ങനെ പറയുന്നു
“Here they lived, suffered and died at the hands of the German torturers. From here they began their final journey to the death camps.”
ജോലി ചെയ്‌താൽ കുറച്ചെന്തെങ്കിലും കൂലി കിട്ടും. എന്നാൽ ജോലി ചെയ്യണമെങ്കിൽ പ്രത്യേക അനുമതിപത്രവും മറ്റും വേണമായിരുന്നു. 1942 ആയപ്പോഴേയ്ക്കും ഘെറ്റോ A ഘെറ്റോ B എന്നിങ്ങനെ വേർതിരിവും ഉണ്ടായിരുന്നു. ആദ്യത്തേതിൽ ശാരീരിക ക്ഷമതയും ജോലിയെടുക്കാനുള്ള ആരോഗ്യവും ഉള്ളവരും മറ്റേതിൽ നിരാലംബരും. ഇവരിൽ ആദ്യം കോൺസൻട്രേഷൻ ക്യാമ്പുകളിൽ എത്തിച്ചേർന്നത് ആരാവുമെന്നു ഊഹിക്കാവുന്നതല്ലേ ഉള്ളൂ.     
ജൂതർക്കനുവദിച്ച ഭക്ഷണത്തിന്റെ തോത് - ഷിന്റിലേഴ്സ് മ്യൂസിയത്തിൽ നിന്നും പകർത്തിയത് 

അങ്ങനെ ഒരു വലിയ ദുരിതക്കടലിൽ അവർ ജീവിച്ചു - അല്ല, ഓരോ ദിവസവും അതിജീവിച്ചു- എങ്ങനെയൊക്കെയോ. ഒടുവിൽ പല ജീവിതങ്ങളും ഗ്യാസ് ചേമ്പറുകളിൽ ഒടുങ്ങിയെന്നത് ഇന്നും മനസ്സാക്ഷിയെ നോവിക്കുന്ന സത്യം. 

ഘെറ്റോ കെട്ടിടത്തിന്റെ വേറൊരു ദൃശ്യം 
ചുരുക്കം ചില ചെറുത്തു നില്പുകളും പോരാട്ടങ്ങളും ജൂത യുവത നടത്തിയെങ്കിലും പല പല കാരണങ്ങളാൽ അവ വിജയിച്ചില്ല. ജൂതസമൂഹത്തിലെ 25 മുതിർന്നവരടങ്ങുന്ന ഒരു കൌൺസിൽ ഈ ഘെറ്റോയിൽ ഉണ്ടായിരുന്നുവെങ്കിലും ക്രിയാത്മകമായ ചെറുത്തു നില്പിനോ വേണ്ട വിധം തങ്ങളുടെ ജനതയെ പിന്തുണയ്ക്കാനോ അവർക്ക് കഴിഞ്ഞില്ല എന്ന് വേണം പറയാൻ.  എന്തായാലും മറ്റിടങ്ങളിലെ ജൂതരെപ്പോലെ ക്രാക്കോവിലെ ജൂതരും കൂട്ടക്കൊലയ്ക്ക് വിധേയരായി. 

ജൂതസ്മാരകം - ഓരോ കസേരയും 1000 ജൂതരെ പ്രതിനിധീകരിക്കുന്നു 
അങ്ങനെ പറഞ്ഞാൽ തീരാത്ത ദുരിത കഥകൾ കേട്ട് മരവിച്ച മനസ്സുമായി ആ നഗരത്തിലൂടെ നടന്നു. നാടുകടത്തപ്പെട്ട ജൂതർക്കുള്ള സ്മാരകം കണ്ടു, താത്കാലിക ആശുപത്രിയായി പ്രവർത്തിച്ചു പല ജീവിതങ്ങളും രക്ഷപ്പെടുത്തിയ കെട്ടിടം കണ്ടു, സ്വന്തം ജീവൻ വകവെക്കാതെ മനുഷ്യത്വപരമായി പെരുമാറിയ ചിലയാളുകളുടെ കഥ കേട്ടു, കെട്ടുകഥയെന്നു തോന്നിക്കാവുന്ന പലതും യഥാർത്ഥത്തിൽ നടന്നവയാണെന്നു വീണ്ടും വീണ്ടും മനസ്സിലേയ്ക്ക് തറഞ്ഞു കയറി - ഒരു പഴുത്തസൂചി കയറുന്ന പോലെ.

ആശുപത്രിക്കെട്ടിടത്തിൻ്റെ ചുവരിൽ കണ്ട ഫലകം 
ഒക്കെ കഴിഞ്ഞു ഞങ്ങളുടെ ഗൈഡ് പറഞ്ഞ ഒരു കാര്യം പറയാതെ ഈ എഴുത്ത് പൂർണ്ണമാവില്ല - ഞങ്ങൾ പോളണ്ടുകാരോട് എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് - "ഇത്രയൊക്കെ ക്രൂരത കണ്ടിട്ടും നിങ്ങൾ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന്. അതിന് ഉത്തരം ഒന്നേയുള്ളു എന്ന് തോന്നുന്നു - ഞങ്ങളും നിങ്ങളുടെ പോലെ സാധാരണക്കാരാണ്. ഒരാളെ കുത്തിക്കൊല്ലണം എന്ന് പറഞ്ഞാൽ ഞങ്ങളെപ്പോലെ നിങ്ങളും പറ്റില്ലെന്ന് പറയുമായിരിക്കും. എന്നാൽ ഒരാളുടെ താടി മുറിക്കുന്നതും അയാളുടെ കോട്ട് ഊരുന്നതും കളിയാക്കി ചിരിക്കുന്നതും അയാളെ തെരുവിൽ നിന്ന് വിലക്കുന്നതും ഒരു പക്ഷേ കൂട്ടംകൂടി തല്ലുന്നതും ഞങ്ങളെപ്പോലെ നിങ്ങളും നിർവികാരമായി നോക്കി നിന്നിരിക്കാം. തമാശയെന്നോണം ഒരു പക്ഷേ ചിലരെങ്കിലും അതിൽ പങ്കു ചേർന്നിരിക്കാം. എന്നാൽ ഈ ചെറിയ തമാശകളും കൊച്ചു ക്രൂരതകളും കൈവിട്ട രീതിയിൽ വലിയൊരു തലത്തിൽ എത്തിയപ്പോൾ ഞങ്ങളും പ്രതികരണ ശേഷിയില്ലാത്തവരായി. ചൂട് പതുക്കെപ്പതുക്കെ കൂടി വന്ന് ഞങ്ങളെത്തന്നെ അത് വേവിച്ചു തുടങ്ങിയത് ഞങ്ങൾ ഏറെ വൈകിയാണ് തിരിച്ചറിഞ്ഞത്."

ഗൈഡ് കാര്യങ്ങൾ വിശദീകരിച്ചു തരുന്നു 
"അതു കൊണ്ട് തന്നെ എനിക്ക് പറയാനുള്ളത് അതിക്രമം, അത് എത്ര ചെറുതായാലും അതിനെ എതിർക്കുക. ഇന്ന് തമാശയായി തോന്നുന്നത് നാളെ വലിയൊരു ദുരിതമായി നിങ്ങളെത്തന്നെ വരിഞ്ഞു മുറുകില്ല എന്ന് ഉറപ്പു പറയാൻ ആവില്ല. അതിനാൽ അതിനെ വളരാൻ അനുവദിക്കാതിരിക്കുക. വളർന്നു കഴിഞ്ഞാൽ അതിനെ തടുക്കാൻ കഴിഞ്ഞെന്നു വരില്ല. ഞങ്ങൾക്ക് അതാണ് സംഭവിച്ചത്." 

സത്യത്തിൽ ആ യാത്രയിൽ നിന്നും കിട്ടിയ വലിയൊരു പാഠമായിരുന്നു ആ വാക്കുകൾ. ഇന്ന് നാട്ടിൽ നടക്കുന്ന പലതും എന്നെ ഭയചകിതയാക്കുന്നതും അസ്വസ്ഥയാക്കുന്നതും അതു കൊണ്ട് തന്നെയാണ്. ഒരു നാട്ടിലെ ജനതയെ ജാതി,മത,വർണ്ണ, വർഗ്ഗ,ഭേദത്തോടെ കാണാൻ തുടങ്ങുന്നത്, അല്ലെങ്കിൽ വേർത്തിരിക്കാൻ ശ്രമിക്കുന്നത് ഒരിക്കലും നല്ലതിനാവും എന്ന് കരുതാൻ എനിക്ക് കഴിയുന്നില്ല. എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും അത് നിഷ്കളങ്കമായി സമ്മതിച്ചു തരാൻ കഴിയില്ല - ക്രക്കോവും, ഔഷ്വിറ്റ്സും ബിർക്നൗവും ഒക്കെ കണ്ട ശേഷം അങ്ങനെ കരുതുന്നത് വിഡ്ഢിത്തരമാണ് എന്ന് മനസ്സ് പറയുന്നു. കാരണം മനുഷ്യന്റെ വെറുപ്പിനും ക്രൂരതയ്ക്കും ശത്രുതയ്ക്കും ഒരന്തവും ഇല്ലെന്നും ആ വികാരങ്ങൾക്ക് കീഴ്പ്പെട്ടാൽ പിന്നെ അവൻ കാണിച്ചു കൂട്ടുന്നതിനൊന്നും  ഒരു അതിർവരമ്പും ഉണ്ടാവില്ലെന്നും ഈ യാത്ര എനിക്ക് വ്യക്തമായി കാണിച്ചു തന്നിട്ടുണ്ട്. 

അതുകൊണ്ടു തന്നെ നാട്ടിൽ ഉയരുന്നുവെന്നു പറയപ്പെടുന്ന ഡിറ്റെൻഷൻ ക്യാമ്പുകളും തടവറകളും മറ്റു പൗരാവകാശഭേദഗതികളും എന്നെ വല്ലാത്തൊരു ആശങ്കയിലാണാഴ്ത്തുന്നത്. പ്രത്യാശയുടെ കിരണം ഉണ്ടെന്ന് വിശ്വസിക്കാൻ ശ്രമിക്കുമ്പോഴും ഉള്ളിന്റെ ഉള്ളിൽ ഒരു ഇരുട്ട് വന്നുമൂടുന്നതാണ് കാണുന്നത്. അതിനെ എങ്ങനെ തുരത്തണം എന്നാണ് ഇപ്പോൾ ഞാൻ വ്യാകുലപ്പെടുന്നത്.

'ചരിത്രപാഠങ്ങൾ മറക്കുന്ന ഓരോരുത്തരം അത് ആവർത്തിക്കാൻ നിയോഗിക്കപ്പെടുന്നു' എന്ന ജോർജ്ജ് സാന്റിയാനോയുടെ വാക്കുകളും ഉള്ളിൽ മുഴങ്ങിക്കേൾക്കുന്നു.  ഹോളോകോസ്റ്റ് പോലെയുള്ള ചരിത്രം ഒരിക്കലും ആവർത്തിക്കപ്പെടാതിരിക്കാൻ നാം ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്. ഇന്നത്തെ അവസ്ഥയിൽ ചുരുങ്ങിയ പക്ഷം  അല്പം ജാഗരൂകതയെങ്കിലും നാം കാണിക്കണം എന്ന തോന്നൽ  തന്നെയാണ് ഇന്ന് ഈ പോസ്റ്റ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. അന്ധകാരപ്പാടുകുഴിയിൽ നാം വീഴാതിരിക്കട്ടെ.... 

Comments

M. Sadique said…
Thanks for the share. again..... 'ചരിത്രപാഠങ്ങൾ മറക്കുന്ന ഓരോരുത്തരം അത് ആവർത്തിക്കാൻ നിയോഗിക്കപ്പെടുന്നു'. A warm warning!
Nisha said…
പറഞ്ഞിട്ട് കാര്യമുണ്ടോ എന്നറിയില്ല. എന്നാലും പറയുക തന്നെ.
വായനയ്ക്കും അഭിപ്രായത്തിനും നന്ദി!
എന്തു സംഭവിക്കും എന്നറിയില്ല .
നല്ലത് വരട്ടെ എന്നാഗ്രഹിക്കുന്നു .!!!!
മാധവൻ said…
ആദ്യമായാണ്.
ദിവ്യയാണ് ലിങ്ക് തന്നത്.
ഓര്മകളിലൂടെയുള്ളതെങ്കിലും..കൂടെ നടത്തിയ ടൂർ ഇഷ്ടപ്പെട്ടു..
സ്മാരകങ്ങളുടെ വേദന നിറഞ്ഞ വടുക്കൾ കണ്ടു.
അന്നിൽ നിന്ന് ഇന്നിലേക്ക്
വരുമ്പോൾ വീണ്ടും നമുടെ മണ്ണിൽ ചിലതിന്റെ പേടിപ്പിക്കുന്ന ലക്ഷണങ്ങൾ...
സത്യം തന്നെ...
വളരെ ഇഷ്ടപ്പെട്ടു എഴുത്ത്.
സലാം സുഹൃത്തേ.
ഫോളോ ചെയ്യാൻ കഴിയുന്നില്ല ട്ടാ
Geetha said…
Ashankayanu . Nisha nalla post
Ashamsakal
നോവിന്റെ എഴുത്തും ഈ മനസ്സും വളരെ ഇഷ്ടപ്പെട്ടു. എങ്ങനെയാണ് മനുഷ്യർക്ക് മനുഷ്യരോട് ഇങ്ങനെയൊക്കെ പെരുമാറാനാവുന്നത് എന്നു എത്ര ചിന്തിച്ചിട്ടും മനസ്സിലാക്കാനാവുന്നില്ല. നല്ലത്‌ സംഭവിക്കട്ടെ എന്നു പ്രാർത്ഥിക്കാം.
വായിച്ചിട്ട് മനസ്സ് പൊള്ളി.. ഈയിടെ അടുത്താണ് നെതർലാണ്ടിൽ ആൻഫ്രാൻങ്കിന്റെ അനെക്സിൽ പോയത്.. ജൂതർ അനുഭവിച്ച ദുരിതങ്ങൾ വായിച്ചറിഞ്ഞ ശേഷം ഇതൊക്കെ കാണുമ്പോൾ ഹൃദയം നുറുക്കിയ വേദനയാണ് .. നന്നായി എഴുതി നിഷാ..
Nisha said…
അതെ, ചിലപ്പോൾ തോന്നും കാര്യങ്ങൾ കൈവിട്ടു പോവുന്നു എന്ന്. മറ്റു ചിലപ്പോൾ തോന്നും എല്ലാം ശരിയാവുമെന്ന് . നല്ലത് വരട്ടെ എന്നാഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യാം.
Nisha said…
സന്തോഷം, ഈ വഴി വന്നതിൽ.

മറ്റുള്ളവരുടെ തെറ്റിൽ നിന്നും പാഠമുൾക്കൊണ്ടാൽ സ്വയം ആ തെറ്റ് ചെയ്യാതിരിക്കാനെങ്കിലും നമുക്കാവും എന്ന് കരുതുന്നു.

ഇടത്ത് വശത്ത് കൂട്ടു കൂടുന്നോ എന്ന് കാണുന്നില്ലേ?
മൊബൈലിൽ ആണോ നോക്കിയത്? എങ്കിൽ മുകളിൽ ഇടത്തു വശത്തായി മെനു ഉണ്ട്. അതിൽ ക്ലിക്ക് ചെയ്ത് താഴേക്ക് സ്ക്രോൾ ചെയ്താൽ ഫോളോ ചെയ്യാം.
ശ്രമിച്ചു നോക്കൂ.

വീണ്ടും കാണാം.
Nisha said…
അതെ, ആലോചിച്ചാൽ ആശങ്ക തന്നെയാണ്. ആലോചിക്കാതിരിക്കാനാവുന്നില്ല താനും...

നന്ദി, വായനയ്ക്കും അഭിപ്രായത്തിനും 🙏
Nisha said…
മനുഷ്യന്റെ കാര്യം ഒന്നും പറയാൻ പറ്റില്ല എന്ന് തന്നെയാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. നല്ലത് തോന്നാനും നല്ലത് വരാനും പ്രതീക്ഷ കൈവിടാതിരിക്കാം, അല്ലെ?
Nisha said…
ആ ദിവസങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ മനസ്സിൽ ഒരാന്തലാണ്. മനസ്സിൽ ഒരിരുട്ട് വന്നു മൂടുന്ന പോലെ...

ആൻ ഫ്രാങ്കിന്റെ വീട്ടിൽ പോകാൻ കഴിഞ്ഞില്ല. ഞങ്ങൾ പോയ കാലത്ത് അവിടെ റിനോവേഷൻ നടക്കുകയായിരുന്നു. ഇനി എപ്പോഴെങ്കിലും പറ്റുമോ എന്നറിയില്ല. എന്തായാലും തീവ്രമായ വേദനയാണ് ഓരോ യാതനയുടെ കഥയും മനസ്സിൽ നിറക്കുന്നത്. ചിലപ്പോൾ ആ വിഷാദത്തെ മറികടക്കാൻ പറ്റിയില്ലെങ്കിലോ എന്ന് ആശങ്ക തോന്നും. പിന്നെ അവരനുഭവിച്ച ദുരിതങ്ങളോളം വരില്ലല്ലോ നമ്മുടെ വേദന എന്ന് സ്വയം ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കും. അത്ര തന്നെ.
© Mubi said…
നിഷ, ചരിത്രത്തിൽ നിന്ന് നമ്മൾ ഒന്നും പഠിച്ചിട്ടില്ല.  ഇന്ന് ഞാനാണെങ്കിൽ നാളെ ആരാവും?? ഉറക്കം നടിക്കുന്നവർ വായിക്കേണ്ട പോസ്റ്റ്!!
മാധവൻ said…
കിട്ടി ട്ടാ.ഞാൻ ഫോളോ ചെയ്തു.
മൊബൈലിൽ ആണ് വായനയും എഴുത്തും.
ഇനിയും വരാം.
പുതിയ ടെംപ്ളേറ്റ്‌കൾ എനിക്ക് എപ്പഴും പ്രശ്‌നാ.
നമ്പരമുണർത്തുന്ന യാത്രാനുഭവങ്ങൾ ...

മനുഷ്യൻ മനുഷ്യനോട് ചെയ്തിരുന്ന കൊടും
ക്രൂരതയുടെ അവശിഷ്ട്ടങ്ങൾ 

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം